Monday, June 13, 2011

യേശുവിന്റെ രണ്ടാം വരവ്

യേശുക്രിസ്തു രാജാവായി കിരീടധാരണം ചെയ്യപ്പെടുമെന്നുള്ള അനുയായികളുടെ മധുരപ്രതീക്ഷകൾക്ക് വിപരീതമായി അവൻ ക്രൂശിതനായി. അവർ ഏറെക്കുറെ അശരണരും നിരാശരുമായിത്തീർന്നു. എന്നാൽ അവന്റെ പുനരുത്ഥാനം അവരുടെ ഭയാശങ്കകളെ തെല്ലൊന്നു ദുരീകരിച്ചു. അവരുടെ അണഞ്ഞു പോയ ആശാകിരണം വീണ്ടും തെളിയാൻ തുടങ്ങി. അപ്പോഴിതാ അവരുടെ സർവ്വസ്വവുമായ ഗുരുവിന്റെ ചിരകാല വിയോഗത്തെ കുറിക്കുന്ന സ്വർഗ്ഗാരോഹണം ആസന്നമാകുന്നു. ഈ സംഭവം അവർക്ക് ദുസ്സഹമായിരിക്കുമെന്ന് അവനറിയാം. ആ കൂരിരുളിൽ ശിഷ്യവത്സലനായ ഗുരു കൊളുത്തിയ വെള്ളിനക്ഷത്രമാണു അവന്റെ പുനരാഗമന വാഗ്ദാനം. യേശുക്രിസ്തു ആളത്വേന ഭൂമിയിൽ പ്രത്യാഗതനായി അവൻ എവിടെയോ ആ സ്വർഗ്ഗത്തിൽ അവനൊരുമിച്ച് വസിക്കത്തക്കവിധം ശിഷ്യവൃന്ദത്തെ സ്വസമക്ഷം ചേർത്തു കൊള്ളുമെന്ന് അവർക്കു വാഗ്ദാനം നൽകി(യോഹ 14:3;17:24)

വർത്തമാനയുഗത്തിലെ വേല

പലരും ധരിച്ചിരിക്കുന്നതു പോലെ ക്രിസ്തുവിന്റെ രണ്ടാം വരവിനു മുൻപ് ലോകത്തെ മനം തിരിക്കുക എന്ന ലക്ഷ്യം ദൈവത്തിനില്ല. അങ്ങനെയെങ്കിൽ വർത്തമാനയുഗത്തിൽ ദൈവത്തിന്റെ പ്രവർത്തനമെന്ത് എന്നൊരു ചോദ്യമുണ്ടാകാം. എല്ലാ ജനസമുദായങ്ങളിൽ നിന്നും "തന്റെ നാമത്തിനായി ഒരു ജനത്തെ വേർതിരിക്കുക" എന്നതാണത്. ഇപ്രകാരം ഒരു ന്യൂനപക്ഷത്തെ എന്തിനു തിരഞ്ഞെടുക്കുന്നു?" സഹസ്രാബ്ദ വാഴ്ച്ചയിൽ ക്രിസ്തുവിനോട് കൂടെ ഭൂമിയുടെ ഭരണഭാരം നിർവ്വഹിക്കുന്നതിനു തന്നെ. വെളി 5:9,10; അപ്പൊ പ്ര 15:14; 17:31 ;വെളി 3:21; 20:4,6; മത്താ 19:28; 1 കൊരി 6:2

ക്രിസ്തുവിന്റെ രണ്ടാം വരവിൽ ലോക ജനാവലിയുടെ അവസ്ഥ

ക്രിസ്തു പുനരാഗമനത്തിൽ മഹാശക്തി ധരിച്ച് ഭൂമിയുടെ ഭരണാധികാരം കയ്യേൽക്കുമ്പോൾ എന്തായിരിക്കും അതിന്റെ അവസ്ഥ? അന്നത്തേയ്ക്ക് ലോകജനാവലി ഒന്നാകെ മനസാന്തരപ്പെട്ടു കഴിഞ്ഞിരിക്കുമെന്നും അവർ അവനെ തങ്ങളുടെ രാജാധിരാജനായി സ്വാഗതം ചെയ്യുമെന്നും വിചാരിക്കാൻ ന്യായമുണ്ടോ? ഇല്ല. പ്രത്യുത ലോകരാഷ്ട്രങ്ങൾ അന്നു ഒരു പ്രക്ഷുബ്ധാവസ്ഥയിലായിരിക്കും. തീർച്ചയായും ഇതു മാനസാന്തരലക്ഷണമല്ലല്ലൊ. 'മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം (യഥാർത്ഥ സുവിശേഷം - ഗ്രീക്ക് മൂലത്തിലെ സൂചന) കണ്ടെത്തുമോ' എന്ന ചോദ്യം ഇതാണു തെളിയിക്കുന്നത് (ലൂക്കോ 18:8 ; 1 തിമോ 4:1; 2 തിമോ 3:1-8,13; 2 പത്രോ 3:3,4; സങ്കീ 2, വെളി 2:26 ,27; 11:17-19;11-21)

ഒന്നാം വരവിന്റെ ഉദ്ദേശ്യം

ലോകത്തിന്റെ ഭരണഭാരം ഏറ്റെടുക്കുന്നതിനും ലോകക്ഷേമം സാധിക്കുന്നതിനുമായിട്ടല്ലായിരുന്നെങ്കിൽ ക്രിസ്തു ഒന്നാമത് വന്നത് എന്തിനായിരുന്നു.? ആദാമിനെയും അവന്റെ കടിപ്രദേശത്ത് അന്തർഭവിച്ചിരുന്ന അവന്റെ വർഗ്ഗത്തെയും വീണ്ടെടുക്കുകയായിരുന്നു ഒന്നാമത് വേണ്ടിയിരുന്നത്. ഇതിനു ഒരു പരിപൂർണ്ണ മനുഷ്യജീവന്റെ ബലി ആവശ്യമായിരുന്നു. ക്രിസ്തു തന്റെ ഒന്നാം വരവിൽ ലോകത്തിന്റെ രാജാവായി അഭിഷിക്തനാകയും സിംഹാസനത്തിൽ അവരോധിതനാകുകയും ചെയ്തിരുന്നെങ്കിൽ ഹീനമായ കൊലമരത്തിൽ ലോകത്തിന്റെ വീണ്ടെടുപ്പർത്ഥമായി ജീവാർപ്പണം ചെയ്യുന്ന യാഗപുരുഷനാകാൻ അവനു കഴിയുമായിരുന്നോ? ഇങ്ങനെ ഒന്നാം വരവിൽ ലോകത്തിനു വേണ്ടി സ്വയം യാഗവസ്തുവായി എന്നതിനു പുറമേ തന്റെ ശരീരമായ സഭയ്ക്ക് അമർത്യതയിലേക്കും ദിവ്യപ്രകൃതിയിലേയ്ക്കുമുള്ള ഒരു പുതുവഴി താൻ തുറക്കുകയും ചെയ്തു. (മത്താ 20:28; മക്കൊ 10:45; റോമ 5:12-21; 1 തിമോ 2:5,6; ഹോശ 13:14; യോഹ 14:1-6; 2 തിമോ 1:10; എബ്രാ 3:1;10:19,20; 2 പത്രോ 1:4)

രണ്ടാം വരവിൽ നിർവ്വഹിക്കുന്ന വേലകൾ


ക്രിസ്തുവിന്റെ രണ്ടാംവരവിലെ ആയിരമാണ്ട് കാലഘട്ടത്തിൽ ഒന്നാമതായി അവന്റെ കാന്തയായി വിളിച്ചു വേർതിരിക്കപ്പെട്ട സഭയെ ഉന്നതസ്ഥാനാരൂഢയാക്കുന്നു. (1 കൊരി 15:50-54; 1 തെസ്സ 4:15-17; 2 തിമോ 4:8) പിന്നീട് "അവളുടെ തോഴിമാരായ കന്യകമാർ" എന്ന നിലയിൽ മഹാപുരുഷാരവും (സങ്കീ 45:14,15; വെളി 7:9-17) തുടർന്ന് തിരഞ്ഞെടുപ്പുഗണങ്ങളിൽ അവശേഷിക്കുന്നവരും (സങ്കീ 45:16; യെശ 32:1; ലൂക്കോ 13:28) ഉയർത്തപ്പെടും. ഒടുവിലായി തിരഞ്ഞെടുപ്പിൽ ഉൾപ്പെടാതെ മാനവകുടുമ്പത്തിൽ പെടുന്ന "ശേഷിപ്പി" നെ അനുഗ്രഹിക്കുന്ന വേലയിൽ അവൻ വ്യാപൃതനാകും. മരിച്ചവരുടെ ഉയർത്തെഴുന്നേല്പ്പും ഇതിൽ ഉൾപ്പെടും. (യോഹ 5:28,29; ദാനി 12:2) "ലോകാരംഭം മുതൽ ദൈവം തന്റെ വിശുദ്ധ പ്രവാചകന്മാർ മുഖാന്തിരം അരുളിച്ചെയ്ത എല്ലാറ്റിന്റെയും യഥാസ്ഥാപനത്തിനുള്ള കാലങ്ങൾ എന്നു പറയുന്നത്" ഇതിനെപ്പറ്റിയാണു. (അപ്പോ പ്ര 3:19-24; 15:16,17; യെശ 35)


സഭ നിർവ്വഹിക്കുന്ന വേല


സഭ അബ്രഹാമ്യസന്തതിയുടെ ഒരു ഭാഗമെന്ന നിലയിലും ക്രിസ്തുവിനോട് കൂടെ കൂട്ടവകാശി എന്ന നിലയിലും ആസന്നമായ യഥാസ്ഥാപനകാലങ്ങളിൽ "ഇച്ഛിക്കുന്നവർക്കെല്ലാം ജീവജലം സൗജന്യമായി" പകർന്നു കൊടുത്ത് കൊണ്ട് "ഭൂഗോത്രങ്ങളെയാകെയനുഗ്രഹിക്കുന്നതിൽ ക്രിസ്തുവിന്റെ സഹപ്രവർത്തകയായിരിക്കും. (റോമ 8:17; ഉല്പ 12:3;22:18 അപ്പോ പ്ര 3:25; ഗലാം 3:8,16 29; വെളി 22:17)

ഏവർക്കും ഒരവസരം


നിത്യജീവൻ പ്രാപിക്കുന്നതിനു ആദാമ്യകുടുമ്പത്തിൽപെട്ട എല്ലാവർക്കും ഒരവസരം പരിപൂർണ്ണമായും നൽകപ്പെടുന്നതാണു. പക്ഷെ രണ്ടാമതൊരവസരം പ്രതീക്ഷിച്ചു കൂടാ. ഈ ആയുസ്സിൽ ഈ അവസരം ലഭിക്കാത്തവർക്ക് യഥാസ്ഥാപന കാലങ്ങളിൽ അതു നൽകപ്പെടും. കാരണം ക്രിസ്തു എല്ലാവർക്കും വേണ്ടിയാണു മരണം ആസ്വദിച്ചത്. കൂടാതെ സുവിശേഷം എന്നാൽ "എല്ലാവർക്കും" ഉണ്ടാകുവാനുള്ള സന്തോഷത്തിന്റെ സദ്വർത്തമാനമാണു. (എബ്രാ 2:9; ലൂക്ക്പ്പ് 2:10,32; 3:6; യോഹ 1:9,29;12:32; 1 തിമോ 4:10; 1 യോഹ 2:2)


സഹസ്രാബ്ദവാഴ്ച എന്തിനു?


സകല ശത്രുക്കളെയും കാൽക്കീഴാക്കുക എന്ന ലക്ഷ്യം വരിക്കുന്നതിനാണു സഹസ്രാബ്ദ വാഴ്ച. ഇങ്ങനെ അന്തിമമായി ഉന്മൂലനം ചെയ്യപ്പെടുന്ന മഹാശത്രു ആദാമ്യമരണമായിരിക്കും. (1 കൊരി 15:24,26; വെളി 21:4)

പുനരുത്ഥാനശേഷം ക്രിസ്തു ആത്മജീവി


ലോകത്തിന്റെ ജീവനുവേണ്ടി (യോഹ 6:51) ക്രിസ്തു ജഡത്തിൽ മരണശിക്ഷ അനുഭവിച്ചു. എന്നാൽ അവൻ മരിച്ചവരിൽ നിന്നു പുനരുത്ഥാന പുത്രനായി ഉണർത്തപ്പെട്ടത് മനുഷ്യനായിട്ടല്ല ആത്മജീവിയായിട്ടാണു. (1 കൊരി 15:20; കൊലോ 1:18;1 പത്രഓ 3:18; 1 കൊരി 15:45,50; 2 കൊരി 3:17; 5:16) അപ്പോൾ അവൻ ദൈവദൂതന്മാരിലും ഉന്നതനായിത്തീർന്നു. (എഫെ 1:20-22; ഫിലി 2:8-11) പിതാവിന്റെ സാക്ഷാൽ പ്രതിമയും (എബ്രാ 1:3-5) മനുഷ്യ ചക്ഷുസുകൾക്ക് അദൃശ്യനുമായി. ആ നിലയിൽ അവനെ ആരും കണ്ടിട്ടില്ല, കാണ്മാൻ കഴിയുകയുമില്ല. (1 തിമോ 6:16; 1:17; യോഹ 1:18; 5:37) അദൃശ്യനായിവർത്തിക്കാനും എവിടെയും വരാനും പോകാനുമുള്ള അവന്റെ കഴിവിനെ കാറ്റിനോട് ഉപമിക്കാം. (യോഹ 3:8)


ആത്മജീവികൾ മനുഷ്യവേഷത്തിൽ


ആത്മജീവികൾ സാധാരണഗതിയിൽ മനുഷ്യചക്ഷുസുകൾക്ക് അദൃശ്യരാണെങ്കിലും അവർക്ക് മനുഷ്യ ശരീരം സ്വീകരിച്ച് പ്രത്യക്ഷരാവാനും പിന്നീട് അതുമാറ്റി അപ്രത്യക്ഷരാവാനും സാധിക്കും. അബ്രഹാമിനും ഗിദിയോനും മറ്റും ദൈവദൂതന്മാർ പ്രത്യക്ഷപ്പെട്ടത് ഇതിനു തെളിവാണു. (ഉല്പ 18:2; ന്യായ 6:12,21)

ക്രിസ്തുവിന്റെ പ്രത്യക്ഷതകൾ


മേല്പറഞ്ഞ പ്രകാരം പുനരുത്ഥാനശേഷം ക്രിസ്തു ഒരു ആത്മജീവി എന്ന നിലയിൽ തന്റെ അനുയായികൾക്ക് വ്യത്യസ്തമായ ജഡശരീരങ്ങൾ ധരിച്ചു പ്രത്യക്ഷനായിട്ടുണ്ട്. (മർക്കോ 16:12) ഈ അവസരങ്ങളിൽ അവൻ ഉപയോഗിച്ച വസ്ത്രങ്ങൾ സന്ദർഭത്തിനു യോജിക്കുന്ന വിധം തൽക്കാലം സൃഷ്ടിച്ചവയായിരുന്നു. കാരണം അവന്റെ യഥാർത്ഥ വസ്ത്രങ്ങൾ പടയാളികൾ പങ്കിട്ടെടുത്തിരുന്നു.(മത്താ 27:35) ഒരിക്കൽ തോട്ടക്കാരനെപ്പോലെയും (യോഹ 20:11-18) പിന്നൊരിക്കൽ പരദേശിയായ ഒരു വഴിപ്പോകനെപോലെയും അവൻ പ്രത്യക്ഷപ്പെട്ടു. എമ്മവുസിലേക്ക് പോയ ശിഷ്യന്മാർക്ക് അവനെ തിരിച്ചറിയാൻ കഴിഞ്ഞത് അവൻ അവരോട് ഒരുമിച്ച് അപ്പം മുറിച്ചപ്പോൾ മാത്രമാണു. (ലൂക്കൊ 24:13-35) പ്രസ്തുത സംഭവത്തിനു ശേഷം അവൻ എടുത്ത ജഡശരീരം മൂലപദാർത്ഥങ്ങളിൽ ലയിപ്പിക്കുകയും തൽഫലമായി അവൻ തിരോഭൂതനാകയും ചെയ്തു. ഇനിയുമൊരിക്കൽ അവൻ കൈകളിൽ ആണിപ്പഴുതുകളോടെയും മറ്റൊരിക്കൽ മീൻ ചോദിച്ചു കൊണ്ടും കാണപ്പെട്ടു. (യോഹ 20:25-29;21:1-14; മത്താ 28:16,17)


ആത്മജീവിയുടെ സിദ്ധികൾ


യഹൂദന്മാരെ ഭയന്ന് വാതിൽ അടച്ച് ശിഷ്യന്മാർ ഇരുന്ന മുറിക്കുള്ളിൽ പ്രവേശിക്കാൻ ക്രിസ്തുവിനു കഴിഞ്ഞു. ആത്മജീവി എന്ന നിലയിലാണു ഇത് സാധിച്ചത്. മുറിക്കുള്ളിൽ പ്രവേശിച്ച ശേഷം തത്ക്കാല സൃഷ്ടമായ ഒരു ജഡശരീരത്തിൽ അവൻ ശിഷ്യന്മാർക്ക് കാണപ്പെട്ടു. അബ്രഹാമിന്റെ നാളുകളിൽ എന്ന പോലെ അവൻ അപ്പോൾ ഭൗതീകാഹാരം കഴിച്ചു. (ഉല്പ 18:8) സ്വശരീരം സ്പർശിച്ചു നോക്കാൻ അവൻ ശിഷ്യന്മാരെ അനുവദിച്ചു. ആത്മാവിനു (ആത്മജീവിക്കു) അവനിൽ കാണുന്നതു പോലെ മാംസവും അസ്ഥിയും ഇല്ലല്ലൊ എന്നു അവരോട് പറഞ്ഞു. പുനരുത്ഥാനവേള മുതൽ അവൻ അപ്രകാരമുള്ള ഒരു ആത്മാവായിരുന്നു. (2 കൊരി 3:17) എന്നാൽ ഈ സന്ദർഭത്തിൽ അവൻ അവർക്ക് പ്രത്യക്ഷനാവാൻ വേണ്ടി മാംസരക്തങ്ങളോട് കൂടിയ ജഡശരീരം താത്കാലികമായി സൃഷ്ടിക്കയായിരുന്നു. കാരണം മാംസരക്തപ്രകൃതിയോട് കൂടിയ ജഡശരീരത്തിനു അടച്ചിരിക്കുന്ന മുറിയിൽ പ്രവേശിക്കാൻ കഴിയുന്നതല്ല. ജഡശരീരാദി പ്രതിബന്ധങ്ങളില്ലാത്ത ആത്മശരീരത്തിനു അതു കഴിയുകയും ചെയ്യും (യോഹ 3:8 ) അങ്ങനെ അവന്റെ സാന്നിദ്ധ്യം തെളിയിക്കാൻ അവനെടുത്ത ആ ജഡശരീരം ഉപയുക്തമായി.

ക്രിസ്തുവിന്റെ ആത്മശരീരം


ക്രിസ്തു പൗലോസിനു പ്രത്യക്ഷനായത് ഇപ്രകാരം ജഡശരീരത്തിലല്ല. അവന്റെ ആത്മശരീരത്തിൽ നിന്നു പുറപ്പെട്ട പ്രഭാപൂരം പൗലോസിനെ അന്ധനാക്കാൻ മതിയാകുന്നതായിരുന്നു. അവന്റെ നഷ്ടപ്പെട്ട കാഴ്ച ഭാഗികമായി വീണ്ടെടുക്കാൻ തന്നെ ഒരു അത്ഭുതവരശക്തി ആവശ്യമായി വന്നു. (ഫിലി 3:21; അപ്പോ പ്ര 9:1-18; 2 കൊരി 12:7; ഗലാ 4:13-15)


രണ്ടാം വരവിന്റെ ആദ്യഘട്ടം - പറൂസിയ


ക്രിസ്തുവിന്റെ രണ്ടാംവരവിന്റെ പ്രഥമഘട്ടം ലോകത്തിനു അജ്ഞാതമായ ഒരു രഹസ്യവസ്തുതയായിരിക്കും. "രാത്രിയിൽ കള്ളൻ എന്നപോലെയായിരിക്കും" ഇത് (വെളി 16:15; ലൂക്കോ 21:34-36; 2 പത്രോ 3:10) ഗ്രീക്ക് മൂലത്തിൽ ഈ ഘട്ടത്തിനു പറൂസിയ എന്നാണു നാമകരണം ചെയ്തിരിക്കുന്നത്. പറൂസിയ എന്ന പദത്തിനു സാന്നിദ്ധ്യം എന്നാണർത്ഥം. ഈ ഘട്ടം ലോകത്തിനു പൊതുവിൽ തന്നെ തിരിച്ചറിയാൻ പ്രയാസമായ ഒന്നാണു. (ലൂക്കോ 17:26-30; മത്താ 24:37-39) സാന്നിദ്ധ്യം എന്നർത്ഥമായ പറൂസിയ എന്ന ഗ്രീക്ക് പദം പ്രകൃത വേദഭാഗങ്ങളിൽ വരവ് എന്നു തെറ്റായി പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഇംഗ്ലീഷു പരിഷ്കൃത ഭാഷാന്തരത്തിന്റെ മാർജിൻ കുറിപ്പ് നോക്കുക. ദൈവത്തിന്റെ യഥാർത്ഥ ജനം ഇതിനെപറ്റി ഇരുളിലായിരിക്കയില്ല. വേദകാലക്കണക്കുകളും പ്രവചനനിവൃത്തികളും കാലലക്ഷണങ്ങളും വഴി അവരുടെ ബുദ്ധിക്ക് ഈ വസ്തുത തെളിവായി വരും. (1 തെസ്സ 5:1-5)

രണ്ടാം വരവിന്റെ വിധം.


അവൻ സ്വർഗ്ഗാരോഹണവേളയിൽ ശിഷ്യവൃന്ദത്തെ വിട്ടു പിരിഞ്ഞ പ്രകാരം തന്നെ തിരികെ വരുമെന്ന് ബൈബിൾ പറയുന്നു. (അപ്പോ പ്ര 1:11) എങ്ങനെയായിരുന്നു അവന്റെ സ്വർഗ്ഗാരോഹണം ? ശബ്ദകോലാഹലമോ പ്രകടമായി മറ്റെന്തെങ്കിലുമോ ഉണ്ടായിരുന്നോ? ഇല്ല. നിശ്ശബ്ദവും ലോകത്തിനു അജ്ഞാതവുമായിരുന്നു ആ സംഭവം. അവന്റെ വിശ്വാസ്താനുയായികൾ മാത്രം അതിനു ദൃക്സാക്ഷികളായി. പ്രകൃത വാക്യം ഇതേ പ്രകാരം എന്നല്ലാതെ ഇതേ രൂപത്തിൽ, ഇതേ ശരീരത്തിൽ എന്നൊന്നും പറയുന്നില്ല എന്നതു ശ്രദ്ധിക്കുക.


ക്രിസ്തു എന്നേക്കും അദൃശ്യൻ


"ഇനി അല്പകാലം കഴിഞ്ഞിട്ടു ലോകം എന്നെ കാണുകയില്ല" എന്നു യേശു തന്റെ ക്രൂശീകരണത്തിനു മുൻപ് പറഞ്ഞു. (യോഹ 14:19) അതു കൊണ്ട് ലോകം തങ്ങളുടെ മാംസചക്ഷുസുകൾ കൊണ്ട് അവനെ ഇനി ഒരിക്കലും കാണുകയില്ല. എന്നാൽ അവൻ മഹാശക്തിയോടും തേജസ്സോടും കൂടി മേഘാരൂഢനായി വരുന്നത് അവർ കാണുമെന്ന് ബൈബിൾ പറയുന്നുണ്ടല്ലോ എന്ന് ചിലർ സംശയിച്ചേക്കാം. ഇതു മാംസചക്ഷുസു കൊണ്ടല്ല മാനസികദൃഷ്ടി കൊണ്ടുള്ള കാഴ്ചയാണു. ഇതു നടക്കുന്നത് രണ്ടാം വരവിന്റെ രണ്ടാംഘട്ടത്തിലാണു. ഗ്രീക്കിൽ ഈ രണ്ടാം ഘട്ടത്തിനു എപ്പിപ്പനി അഥവാ അപ്പോകാലുപ്സിസ് എന്നു പറയുന്നു. എപ്പിപ്പനി എന്നതിനു പ്രത്യക്ഷത എന്നും അപ്പോക്കാലുപ്സിസ് എന്നതിനു വെളിപ്പാട് എന്നും അർത്ഥം. അവൻ വെളിപ്പെടുന്ന മേഘവും ലക്ഷ്യാർത്ഥത്തിലുള്ളതാണു. മഹോപദ്രവനാളുകളിലെ തീവ്രയാതനകളെ ഇതു കുറിക്കുന്നു. (ലൂക്കോ 21:27; മത്താ 24:21,30)

ഏതു കണ്ണും അവനെ കാണും


ക്രിസ്തു രണ്ടാം വരവിൽ ലോകത്തിനു വെളിപ്പെടുമ്പോൾ ഏതു കണ്ണും അവനെ കാണുമെന്ന് എഴുതപ്പെട്ടിരിക്കുന്നു. എങ്ങനെയാണു ലോകം അവനെ കാണുന്നത്.? ജ്ഞാനദൃഷ്ടികൊണ്ട് അവന്റെ സാന്നിദ്ധ്യം ഗ്രഹിക്കുന്നതു കൊണ്ട് തന്നെ. സാത്താന്യ സാമ്രാജ്യത്തിന്റെ സ്ഥാനഭ്രംശവും ഭൂമിയിൽ ക്രിസ്തുവിന്റെ രാജ്യത്തിന്റെ സ്ഥാപനവും കൊണ്ട് അവന്റെ ശക്തിയും സാന്നിദ്ധ്യവും അധികാരവും ലോകരുടെ ബുദ്ധിക്ക് തെളിവായി വരും (2 തെസ്സ 1:6,7; വെളി 1:7)


പ്രവചന വെളിച്ചത്തിൽ നമ്മുടെ കാലം


ബൈബിളിലെ പ്രവചനങ്ങൾ, കാലക്കണക്കുകൾ, കാലലക്ഷ്യങ്ങൾ ഇവ നാം "അന്ത്യകാലത്താ"ണെന്നു തെളിയിക്കുന്നു, ജ്ഞാനത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ച, അഭൂതപൂർവ്വമായ സഞ്ചാരവേഗം, മുൻപ് ലോകം ദർശിച്ചിട്ടില്ലാത്തവിധം ഉഗ്രതരമായ ഉപദ്രവകാലം ഇവയെല്ലാം ഈ വസ്തുത വിളിച്ചറിയിക്കുന്നു. (ദാനി 12:1,4,9,10; ലൂക്കോ 21:25-27; യാക്കോ 5:1-8)

ഈ രാജാക്കന്മാരുടെ നാളുകളിൽ


ദാനിയേൽ പ്രവചനത്തിൽ ഈ ലോകരാജ്യങ്ങളുടെ നിദ്രദർശനമായി ഒരു ഭീമാകാരമായ മാനുഷ ബിംബത്തിന്റെ വസ്തുത രേഖപ്പെടുത്തിയിട്ടുണ്ട്; ആ ബിംബത്തിന്റെ പത്തു കാൽ വിരലുകൾ കൊണ്ട് കാണിക്കുന്ന ഏതൽക്കാല ഭരണകൂടങ്ങളാകുന്ന " ഈ രാജാക്കന്മാരുടെ നാളുകളിൽ ദൈവം സാത്താന്യ വാഴ്ചയ്ക്ക് വിരാമമിടും. തത്സ്ഥാനത്ത് അവന്റെ നീതിയുടെ രാജ്യം അധികാരത്തിൽ വരും. (ദാനി 2:35,44; സങ്കീ 46; സെഫ 1:15-18;3:8,9; 2 പത്രൊ 3:7-13)


രാജ്യത്തിന്റെ സുവിശേഷം


രാജ്യത്തിന്റെ സുവിശേഷം ലോകവ്യാപകമായ നിലയിൽ ഘോഷിക്കപ്പെടണമെന്ന പ്രവചനവും നിറവേറിയിരിക്കുന്നു. ഇത് കേവലം സാക്ഷ്യത്തിനായിട്ടാണു. ലോകത്തെയാകമാനം തിരിക്കാൻ വേണ്ടിയല്ല. ഈ പ്രവചനവും നിവൃത്തിയായിരിക്ക കൊണ്ട് നാം യുഗത്തിന്റെ പരിസമാപ്തിയിൽ എത്തിയിരിക്കുന്നുവെന്ന് സംശയാതീതമായി പറയാം. (മത്താ 24:14; 13:39)


യിസ്രായേലിന്റെ തിരിച്ചു വരവ്


യേശുവിന്റെ പുനരാഗമനത്തെയും അവന്റെ സമാധാന ഭരണത്തെയും വിളിച്ചറിയുക്കുന്ന നിരവധി സംഭവവികാസങ്ങളിൽ ഒന്ന് യിസ്രായേലിന്റെ സ്വദേശത്തേക്കുള്ള തിരിച്ചു വരവാണു. ഇത് അവർ മശിഹായെ അംഗീകരിക്കുവാനും തത്ഫലമായി അവരും ലോകജനാവലിയും അനുഗ്രഹിക്കപ്പെടുവാനും പോകുന്നതിന്റെ പ്രാരംഭമായിരിക്കും. (സെഖ 8; 12:9.10' 14:16-21; മത്താ 23:39; യെശ 2:2-4; യിരെ 23:5-8;24:6,7;30:7-11,18-24;31:8-12,27-34;ആമോ 9:11-15; റോമ 11:25-29)