Tuesday, July 12, 2011

ഞങ്ങളുടെ പ്രസ്ഥാനത്തെക്കുറിച്ച് ഒരു വാക്ക്

ലോകസുവിശേഷീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ക്രൈസ്തവ സംഘടനകളുടെ എണ്ണം പ്രതിദിനം പെരുകിക്കൊണ്ടിരിക്കയാണല്ലോ. ഞങ്ങളുടെ പ്രവർത്തനത്തിനു ഇവയിൽ നിന്നുള്ള വ്യത്യാസമെന്ത് എന്ന അന്വേഷണം പലരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണു ഈ വിശദീകരണം പ്രസിദ്ധപ്പെടുത്തുന്നത്. മേല്പ്പറഞ്ഞ സഭാവിഭാഗങ്ങളെല്ലാം ബൈബിൾ വസ്തുനിഷ്ഠ്മായും നിഷ്പക്ഷമായും നിരൂപണബുദ്ധിയോടെയും പഠിക്കാതെ പരമ്പരാഗതമായ വിശ്വാസാചാരങ്ങളെ അന്ധമായി വിഴുങ്ങി വിദേശ ധനസഹായത്തിനും വരുമാനത്തിനും വേണ്ടി മനുഷ്യന്റെ മതബോധത്തെ ഉപകരണമാക്കുന്ന ഒരു കച്ചവടസംസ്ക്കാരത്തിന്റെ വക്താക്കളായി അധഃപതിച്ചിരിക്കുന്നു. കുറ്റബോധം കൊണ്ടും രോഗദാരിദ്ര്യാതി നാനാദുഃഖങ്ങൾ കൊണ്ടും മനഃശാന്തി നഷ്ടപ്പെട്ട മനുഷ്യന്റെ ദൗർബ്ബല്യങ്ങളെ ചൂഷണം ചെയ്ത് സാധാരണക്കാരുടെ വിശ്വാസവും പണവും ആർജ്ജിക്കുന്ന നിന്ദ്യമായ മാർഗ്ഗത്തിനു മാന്യത കൈവരാൻ ബൈബിളും ദൈവനാമവും ഉപയോഗിക്കപ്പെടുന്നു. അത്ഭുതരോഗശാന്തിയും അമാനുഷസിദ്ധികളും അവകാശപ്പെട്ട് സംഗീതവിരുന്നിന്റെയും ശബ്ദകോലാഹലങ്ങളുടെയും അകമ്പടിയോടെ ദുർബലമനസ്സുകളുടെ സമനില തെറ്റിച്ച് വിചാരം വികാരത്തിനു വഴിമാറുന്ന ഉന്മാദാവസ്ഥ സൃഷ്ടിക്കുന്ന വേദിയാകാനുള്ള ദുര്യോഗം 'സുവിശേഷ മഹായോഗങ്ങൾക്ക്' നേരിട്ടിരിക്കുന്നു.

നിലവിലിരിക്കുന്ന മതഭേദങ്ങളും വർണ്ണവർഗ്ഗവ്യത്യാസങ്ങളും വിശാലവീക്ഷണത്തിൽ അപ്രധാനമാണു. പ്രപഞ്ചകർത്താവായ ദൈവം ഏകനാണു. ആ ഏകദൈവത്തിന്റെ വാത്സല്യഭാജനങ്ങളായ സന്താനങ്ങൾ എന്ന നിലയിൽ മനുഷ്യരാശി ഒന്നാണു. ദൈവം എല്ലാവരുടെയും പിതാവും രക്ഷിതാവുമായിരിക്കെ ദൈവനിശ്ചിതമായ രക്ഷാപദ്ധതി സകലമനുഷ്യരെയും ഉൾക്കൊള്ളുന്നതായിരിക്കണം. ദൈവത്തിന്റെ പിതൃത്വവും മാനവരാശിയുടെ സാഹോദര്യവും ഉയർത്തിപ്പിടിക്കുന്നതാകണം യഥാർത്ഥമതദർശനം. വിശ്വമതഗ്രന്ഥങ്ങളുടെ താരതമ്യപഠനം വഴി വേണം ഈ വിഷയത്തിൽ ബൈബിളിന്റെ സന്ദേശവും സ്ഥാനവും വിലയിരുത്താൻ.

'ദൈവം ഒരുവൻ' (1 തിമൊ 2:5) 'അവൻ ഒരുവനിൽ നിന്ന് മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി' (അപ്പൊ 17:26)'ആദാമിൽ എല്ലാവരും മരിക്കുന്നതു പോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും' (1 കൊരി 15:22) എന്നിങ്ങനെയുള്ള നിരവധി സൂക്തങ്ങളിൽ നിന്ന് ഒരു സനാതനമതദർശനം ഉൾക്കൊള്ളുന്ന വിശ്വോത്തര രചനയാണു ബൈബിൾ എന്നു വ്യക്തമാകുന്നു. ബൈബിളിലെ പ്രതിപാദ്യത്തിന്റെ സാർവ്വജനീനതയ്ക്ക് തെളിവാണു ക്രിസ്തുവിന്റെ ജനനത്തെ സകലജനങ്ങൾക്കുമുള്ള സന്തോഷവാർത്ത എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. (ലൂക്കോ 2:10) ദുഃഖനിമഗ്നമായ ലോകത്തിനു സന്തോഷത്തിലും വലിയ എന്ത് വരമാണു വേണ്ടത്? ആ സന്തോഷമാകട്ടെ വർണ്ണവർഗ്ഗദേശകാലങ്ങളുടെ പരിമിതികളില്ലാത്തതും അത് കൊണ്ട് തന്നെ സാർവ്വജനീനവുമാണു. മനുഷ്യൻ വിഭാവനം ചെയ്യുന്ന ഏതു പദ്ധതിയും ബഹുഭൂരിപക്ഷത്തെ അവഗണിക്കുന്നതും ന്യൂനപക്ഷക്ഷേമം മാത്രം ലക്ഷ്യമാക്കുന്നതുമായിരിക്കെ 'ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും' (ഗലാ 3:8) എന്ന വചനത്തിലൂടെ ബൈബിൾ വിളംബരം ചെയ്യുന്ന സദ്വാർത്തമാനം 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന പ്രാർത്ഥനയുടെ സാക്ഷാത്കാരത്തിലേക്കു വിരൽ ചൂണ്ടുന്നു.

ദൈവത്തേയും മതത്തേയും മനുഷ്യജീവിതത്തേയും സംബന്ധിച്ച് ഉറക്കം കെടുത്തുന്ന എത്രയെത്ര ചോദ്യങ്ങൾ- ഒന്നിനെങ്കിലും ഉത്തരം കണ്ടെത്താൻ ആരെങ്കിലും മിനക്കെടാറുണ്ടോ?
ഇതാ ഏതാനും ചോദ്യങ്ങൾ:-

  • ജ്ഞാനിയും സ്നേഹവാനുമായ ദൈവം എന്ത് കൊണ്ട് അനർത്ഥങ്ങൾ തടയുന്നില്ല?
  • യേശുവിലുള്ള വിശ്വാസമാണു ഏകരക്ഷാമാർഗ്ഗമെങ്കിൽ തങ്ങളുടേതല്ലാത്ത വീഴ്ചകൊണ്ട് അതിനു അവസരം കിട്ടാതെ മരണമടഞ്ഞ ജനകോടികളുടെ അവസ്ഥ എന്ത് ?
  • മനുഷ്യൻ നേരിട്ടിരിക്കുന്ന ശിക്ഷ എന്ത് എന്ന അറിവിന്റെ അഭാവത്തിൽ 'നിങ്ങൾ രക്ഷിക്കപ്പെട്ടോ' എന്ന മതോപദേഷ്ടാക്കളുടെ സ്ഥിരം ചോദ്യം അസ്ഥാനത്തല്ലേ?
  • പാപത്തിന്റെ ശിക്ഷ മരണമോ നരകാഗ്നിയിലുള്ള നിത്യദണ്ഡനമോ?
  • നിത്യനരകദണ്ഡനം എന്ന കിരാതമായ ശിക്ഷാസമ്പ്രദായം ബൈബിൾ പഠിപ്പിക്കുന്നുണ്ടോ?
  • നരകം എന്ന പദം കൊണ്ട് ബൈബിൾ വിവക്ഷിക്കുന്നതെന്ത്?
  • രക്ഷാമാർഗ്ഗത്തിനവസരം കിട്ടാതെ മരണമടഞ്ഞവരെ നിത്യമായി ദണ്ഡിപ്പിക്കുന്നത് ദൈവഭാഗത്ത് നീതിയോ അധികാരദുർവിനിയോഗമോ?
  • മരണം വഴി വേർപ്പെട്ടു പോയ പ്രിയപ്പെട്ടവരെ സംബന്ധിച്ച ദോഷികളായ മനുഷ്യർക്കുള്ള സഹതാപം പോലും സൃഷ്ടാവിനില്ലെന്നോ? ഈ വിഷയത്തിനു നേർക്ക് കണ്ണടച്ചിരുട്ടാക്കിയാൽ മതിയോ?
  • ദൈവം തന്റെ കരവിരുത് കൊണ്ട് വാസയോഗ്യമാക്കിയ ഭൂമി ചുട്ടെരിക്കാനുള്ളതോ? ലോകാവസാനം എന്നാൽ എന്ത്, എങ്ങനെ?
  • ബൈബിൾ ദിവ്യവെളിപ്പാടോ ഭാവനാശാലികളുടെ തൂലികാ സൃഷ്ടിയോ?

മനഃശാന്തി ഭഞ്ജിക്കുന്ന ഇത്തരം ചോദ്യങ്ങൾക്ക് ബൈബിൾ അവഗാഢമായി പഠിച്ച് ഉത്തരം കണ്ടെത്തി ജന്മസാഫല്യം നേടാൻ ജിജ്ഞാസുക്കളെ സഹായിക്കുന്നതിനു രൂപം കൊടുത്തിരിക്കുന്ന സന്മനസുള്ളവരുടെ ഒരു കൂട്ടായ്മയാണു ഞങ്ങളുടേത്. ലാഭേച്ഛ കൂടാതെ സത്യത്തിന്റെ പ്രചാരണത്തിനു എളിയ സേവനം കാഴ്ചവെയ്ക്കുന്ന നിസ്സ്വാർത്ഥമതികളുടെ ഈ കൂട്ടായ്മ ഏതെങ്കിലും മതവിഭാഗത്തിന്റെയോ നേതാക്കളുടെയോ നിയന്ത്രണത്തിനു വിധേയമല്ല. നിഷ്പക്ഷമായ വേദപഠനത്തിനും സംശയനിവാരണത്തിനു ആരെയും സഹായിക്കുവാനും ആരോടും സഹകരിക്കുവാനും ഇതിന്റെ പ്രവർത്തകർ സന്നദ്ധരാണു.

Friday, July 8, 2011

ധനവാനും ലാസറും - അവസാന ഭാഗം

4) അക്ഷരിക വ്യാഖ്യാനം സാത്താന്യ വ്യാജകഥനത്തിൽ അടിസ്ഥാനപ്പെട്ടത്

പിശാച ആദിമുതൽ ഭോഷ്ക്കു പറയുന്നു. (യോഹ 8:44) നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൽ നിന്നു തിന്നരുത് തിന്നുന്ന നാളിൽ നീ നിശ്ചയമായും മരിക്കും എന്നു ദൈവം ആദാമിനോട് അരുളി ചെയ്തു. (ഉല്പ 2:17) സാത്താൻ പ്രത്യക്ഷത്തിൽ തന്നെ അതിനൊരു വെല്ലുവിളി എന്നവണ്ണം ഹവ്വായോട് പറഞ്ഞു "നിങ്ങൾ നിശ്ചയമായും മരിക്കുകയില്ല. നിങ്ങൾ ദൈവത്തേപ്പോലെ ആയി നന്മ തിന്മകൾ തിരിച്ചറിയാൻ ശക്തരാകും എന്നു ദൈവം അറിയുന്നു. (ഉല്പ 3:4-5) സാരാംശത്തിൽ സാത്താന്റെ വാക്കുകളുടെ അർത്ഥം എന്ത്? അവർ നിശ്ചയമായും എന്നു വെച്ചാൽ യഥാർത്ഥത്തിൽ മരിക്കയില്ല. മരണം എന്നത് ഒരു തോന്നൽ മാത്രമായിരിക്കും. മരണാനന്തരവും ജീവിതം പ്രാകാരാന്തരേണ തുടരും. അതായത് അവർ മനുഷ്യാവസ്ഥവിട്ട് ദേവാവസ്ഥ പ്രാപിക്കും. ആത്മജീവികളായ ദേവന്മാർ(ദൈവങ്ങൾ) ആയി തീരും. പറഞ്ഞ പ്രകാരം ചെയ്യുന്ന പക്ഷം മരണശേഷം അവർക്കു സൗഭാഗ്യം (നന്മ) അനുഭവപ്പെടും. അല്ലാത്തപക്ഷം തിന്മ അഥവ ദണ്ഡനമായിരിക്കും ഫലം. മരിച്ചവർ ഒന്നും അറിയുന്നില്ല എന്ന വേദസിദ്ധാന്തത്തിനു നേർവിരുദ്ധമല്ലേ ഈ ദണ്ഡനവാദം. ഏറെക്കുറെ ലോകജനാവലിയെ ആകെത്തന്നെ വഴിതെറ്റിക്കാൻ സാത്താൻ ആയുധമാക്കിയിരിക്കുന്ന അവന്റെ ആദിമഭോഷ്കാണിത്. ഈ വലയിൽ കുടുങ്ങാത്തവർ വളരെ ചുരുക്കം.

5)അക്ഷരിക വ്യാഖ്യാനം ഉപമകളുടെ പ്രതിരൂപാത്മക സ്വഭാവത്തിനു ചേർന്നതല്ല

ഉപമകൾ സംഭവകഥകളല്ല. കേവലം അന്യോപദേശ കഥനങ്ങളാണു. കർത്താവ് നാലിനം മണ്ണിനെപ്പറ്റി പ്രസ്താവിച്ചപ്പോൾ ദൈവവചനമാകുന്ന വിത്തു വിതയ്ക്കപ്പെടുന്ന നാലിനം മനസ്സിനേയാണു അക്ഷരാർത്ഥത്തിലുള്ള മണ്ണിനേയല്ല വിവക്ഷിച്ചത്. വഴിയരിക് കഠിനചിത്തത്തെ കാണിക്കുന്നു. കഠിനചിത്തർ സത്യം സ്വീകരിക്കുന്നില, ആകാശത്തിലെ പറവകൾ ദുരാത്മാക്കളെയും വ്യാജോപഭേഷ്ഠാക്കളെയും കാണിക്കുന്നു. അവർ ഹൃദയത്തിൽ നിന്നു ദൈവവചനം അപഹരിച്ചു കളയുന്നു. ഇനിയും ഗോതമ്പിന്റെയും കളയുടെയും ഉപമ പരിശോധിക്കുക. (മത്താ 13:24-30) ഇതും ഉപമകൾക്കു അക്ഷരാർത്ഥമല്ല വിവക്ഷിതം എന്നു തെളിയിക്കുന്നു. അക്ഷരാർത്ഥത്തിലുള്ള ഗോതമ്പോ കളയോ അല്ലല്ലൊ വിതയ്ക്കപ്പെട്ടത്. ഗോതമ്പ് യഥാർത്ഥ ദൈവജനം കളയാകട്ടെ ദൈവജനങ്ങളുടെ കപടാനുകരണം. ധനവാനും ലാസറും എന്നതും ഉപമസാധാരണമായ പ്രതിരൂപാർത്ഥത്തിൽ തന്നെ വ്യാഖ്യാനിക്കണം.

6) അക്ഷരിക വ്യാഖ്യാനം ശിക്ഷയുടെ പ്രമാണത്തിനു വിരുദ്ധം

ധനവാനിൽ യാതൊരു കുറവും ആരോപിച്ചിട്ടില്ല. ധനവാനായിരിക്കുന്നതു കുറ്റമാണോ? അങ്ങനെയാണെങ്കിൽ ദൈവവും പൂർവ്വപിതാവായ അബ്രഹാമും ആയിരിക്കും ഏറ്റവും വലിയ കുറ്റവാളികൾ. അബ്രഹാം മഹാധനികനായിരുന്നു, ദൈവമാകട്ടെ അപ്രമേയധനവാനും. ഇനിയും ധനവാന്റെ മൃഷ്ടഭോജനം അനാരോഗ്യകരമല്ലങ്കിൽ അതിലുമില്ല പാപം. പട്ടുവസ്ത്രം ധരിച്ചു എന്നതാണു ഇനി ഒന്നു. അതും പാപകരമെന്ന് കരുതികൂടാ. യാചകനു അപ്പക്കഷ്ണങ്ങൾ നൽകിയതാകുമോ പാപം.? ധനവാൻ അങ്ങനെ ചെയ്തിരിക്കും അല്ലാത്തപക്ഷം ലാസർ അവിടെ സ്ഥിരവാസം ചെയ്യുമായിരുന്നില്ലല്ലോ. ഇമ്മാതിരി കാര്യങ്ങൾ അവനെ നിത്യദണ്ഡനാർഹനാക്കുമെങ്കിൽ നമ്മിൽ അനേകർക്കും ആശക്കുവകയില്ല. നാം വിലപ്പെട്ട വസ്ത്രങ്ങളും ഇഷ്ടഭോജ്യങ്ങളും അമ്പേ വർജ്ജിക്കണം. (ഉല്പ 13:2)

7) അക്ഷരിക വ്യാഖ്യാനം രക്ഷയുടെ പ്രമാണത്തിനും വിരുദ്ധം

ലാസർ എന്തെങ്കിലും സൽകർമ്മം ചെയ്തതായി പറയുന്നില്ല. ലാസർ ആകെക്കൂടി ചെയ്തതെന്താണു, കടുത്തപട്ടിണി അനുഭവിച്ചു. ഒരു കുബേരന്റെ പടിയ്ക്കൽ യാചകവൃത്തി അനുഷ്ഠിച്ചു വ്രണിതഗാത്രനായി ജീവിതം നയിച്ചു നായ്ക്കളെ വ്രണങ്ങൾ നക്കാൻ അനുവദിച്ചു. ഇതിലൊക്കെ എന്തു പുണ്യമാണുള്ളത് ? ഇതാണു മോക്ഷലാഭാപായമെങ്കിൽ നാം യാചകവൃത്തി അവലംബിച്ച് ഏതെങ്കിലും കോടീശ്വരന്റെ വീട്ടുപടിക്കൽ ക്ഷുല്പീഡിതരായി അയാളുടെ മേശയിൽ നിന്ന് വീഴുന്ന അപ്പക്കഷണങ്ങളിൽ കണ്ണിട്ടു കഴിയണം. ദേഹം നിറയെ വൃണങ്ങൾ വേണം. ആ വ്രണങ്ങൾ നക്കാൻ നായ്ക്കളെ അനുവദിക്കണം. ഇതു കൊണ്ടൊക്കെ അക്ഷരഭാക്ഷ്യം വർജ്ജ്യം എന്നു വരുന്നു.

8) അക്ഷരിക വ്യാഖ്യാനം അസാദ്ധ്യവും വിഡ്ഡിത്തവും

അക്ഷരാർത്ഥത്തിൽ ആണെങ്കിൽ അബ്രഹാമിന്റെ മടിയിൽ എത്ര പേർക്കിരിക്കാം.? അല്ലെങ്കിൽ ലാസറിന്റെ വിരൽ തുമ്പത്തേ വെള്ളത്തെപ്പറ്റി ചിന്തിക്കുക. നരകത്തിലെ തീജ്വാല തട്ടുമ്പോൾ ആ ജലാംശംവരണ്ട് പോകയില്ല? എരിതീയിൽ വരണ്ടനാവിനു ഒരു തുള്ളി വെള്ളം കൊണ്ട് എന്ത് പ്രയോജനം? ഒരു മഹാസമുദ്രം തന്നെയായാൽ മതിയാകുമോ? ഇതു പോലെ മറ്റൊരു വിഡ്ഡിത്തമല്ലേ ആ പിളർപ്പ്. "ഇവിടെ നിന്ന് അങ്ങോട്ട് കടന്നു വരാൻ വിചാരിക്കുന്നവർക്ക് സാദ്ധ്യമല്ല," എന്നു പറയുമ്പോൾ ആനന്ദനിർവൃതിയുടെ ആ സ്ഥാനത്തു നിന്ന് ദുസ്സഹദുഃഖത്തിന്റെ ഘോരനരകത്തിലേക്ക് കടക്കാൻ ആരു ശ്രമിക്കും.? മാത്രമല്ല ആത്മജീവികൾക്ക് അതും മഹാശക്തരായ ദൈവദൂതന്മാർക്ക് ഒരു പിളർപ്പ് എങ്ങനെ കടന്നു കൂടാത്തതാകും ?

9) ആത്മാവിനെ സംബന്ധിച്ച നരകവാദികളുടെ ധാരണയ്ക്ക് എതിരാണു അക്ഷരിക വ്യാഖ്യാനം

ആത്മാവ് സൂക്ഷ്മവും, അദൃശ്യവും അവിഭാജ്യവും അനശ്വരവും ആണെന്നാണു അവരുടെ വിശ്വാസം. അവരുടെ കണക്കിൽ ആത്മാവിനു അകം പുറമില്ല. ലക്ഷക്കണക്കിനു എണ്ണങ്ങളെ ഒരു ചെറിയ ചെപ്പിലൊതുക്കാം. മരണത്തിനു മുൻപും പിൻപും ശരീരത്തിന്റെ തൂക്കം നോക്കിയിട്ട് ആത്മാവിനു ഭാരമില്ല എന്ന നിഗമനത്തിൽ വരെ അവർ എത്തിയിരിക്കുന്നു. ഈ ധാരണക്കെല്ലാമെതിരാണു ധനവാനും ലാസറും അവയവങ്ങളോട് കൂടിയവരാണെന്നു പറയുന്നത്. ധനവാനു ദാഹിച്ചു വരളുന്ന നാവുണ്ട്, അബ്രഹാമിനു മടിയുണ്ട്, ലാസറിനു ആ മടിയിലിരിക്കാൻ പുഷ്ടകായമുണ്ട്, വെള്ളം മുക്കി എടുക്കാൻ വിരൽ തുമ്പുകളുണ്ട്.

10) അക്ഷരിക വ്യാഖ്യാനം ദൈവനിർണ്ണയത്തിന്റെ ലക്ഷ്യത്തിനു വിരുദ്ധം.

ദൈവത്തിന്റെ കർമ്മപരിപാടികളുടെ ലക്ഷ്യം ഒന്നാമതു ദൈവത്തിനും രണ്ടാമതു ക്രിസ്തുവിനും മഹത്വം വരുക എന്നതാണു. മൂന്നാമതായി ഭൂഗോത്രങ്ങൾക്കെല്ലാം അനുഗ്രഹം കൈവരിക എന്നതുമാണു. മനുഷ്യനെ മരണത്തിന്റെ ഉത്തരക്ഷണം മുതൽ ദണ്ഡിപ്പിക്കാൻ തുടങ്ങിയാൽ അവമതി അല്ലാതെ എന്തു മഹത്വമാണു അതു കൊണ്ട് ഉണ്ടാവുക? ദൈവത്തിന്റെ സ്നേഹം, ജ്ഞാനം, നീതി, ശക്തി ഈ നാലു സ്വഭാവലക്ഷണങ്ങൾക്കും എതിരായിരിക്കും ഇത്. ദൈവത്തിന്റെ ഭവനത്തിനാകെ കാര്യവിചാരകനായ ക്രിസ്തുവിന്റെ നാമത്തിനും അപമാനകരമായിരിക്കും അത്. മാനവകുടുമ്പത്തെ യഥാകുലം അനുഗ്രഹിക്കുക എന്ന ലക്ഷ്യത്തിനും എതിരായിരിക്കും ഇത്. അബ്രഹാമ്യ സന്തതിയിൽ ഭൂഗോത്രങ്ങളൊക്കെ അനുഗ്രഹിക്കപ്പെടും എന്ന വാഗ്ദാനം (ഉല്പ 22:18) ഇതു മൂലം സഫലമാകാതെ വരും.

11) അക്ഷരിക വ്യാഖ്യാനം കൊണ്ട് അബ്രഹാമിന്റെ വാക്കുകൾ കള്ളമെന്നു വരുന്നു.

മോശയെയും പ്രവാചകന്മാരെയും വിശ്വസിക്കാത്തപക്ഷം മരിച്ചവരിൽ നിന്ന് ഒരുവൻ എഴുന്നേറ്റ് ചെന്നാലും പ്രയോജമില്ലെന്ന അബ്രഹാമിന്റെ വാക്കുകൾ അക്ഷരാർത്ഥത്തിൽ ശരിയല്ല. ക്രിസ്തുവിന്റെയും അപ്പസ്തോലന്മാരുടെയും സന്ദേശം ആദ്യം നിഷേധിച്ചവർ പിന്നീട് പത്രോസ് തബീഥായെ ഉയർപ്പിച്ചപ്പോൾ വിശ്വസിച്ചതായി ബൈബിൾ രേഖപ്പെടുത്തുന്നു. (അപ്പോ 9:42) അങ്ങനെ ക്രിസ്തുവും ലാസറേ മരിച്ചവരിൽ നിന്നു ഉയർപ്പിച്ചപ്പോൾ ചിലർ വിശ്വസിക്കുകയുണ്ടായി. (യോഹ 11:45) ഈ രണ്ട് സംഭവങ്ങളും അബ്രഹാമിന്റെ വാക്കുകൾ അക്ഷരാർത്ഥത്തിലായാൽ കള്ളമെന്ന് തെളിയിക്കുന്നു.

12) അക്ഷരിക വ്യാഖ്യാനം സന്ദർഭവിരുദ്ധം.

ഭാഷയിൽ പദങ്ങളുടെ അർത്ഥം നിർണ്ണയിക്കുന്ന ഘടകങ്ങളിൽ മുഖ്യമാണു സന്ദർഭം. ഈ ഉപമ പറയാനുണ്ടായ സന്ദർഭം പരിശോധിക്കാം. ക്രിസ്തുവിന്റെ നാളുകളിൽ ശാസ്ത്രിമാരും പരീശന്മാരും മോശീയ നിയമപ്രകാരം അധികാരത്തിലിരുന്നമതോപദേഷ്ടാക്കൾ ആയിരുന്നു. അതു കൊണ്ട് ന്യായപ്രമാണത്തിൽ അവർ ഉപദേശിക്കുന്നത് അനുസരിക്കാൻ ക്രിസ്തു അവരെ ഉപദേശിച്ചു. (മത്താ 23:2,3) എന്നാൽ എല്ലാ മതോപദേഷ്ടാക്കളിലും മഹാനും ദൈവനിയുക്തനുമായിരുന്ന ക്രിസ്തുവിനെ അവർ നിഷേധിച്ചു. അതുകൊണ്ട് അവനോടുള്ള അവരുടെ മനോഭാവം എന്തെന്നും അവർ മോശയുടെ വക്താക്കളായി പെരുമാറുന്നത് എങ്ങനെയെന്നും ഗ്രഹിച്ചിട്ട് അവൻ അവരോട് പറഞ്ഞു. (15 വാക്യം) "നിങ്ങൾ മനുഷ്യരുടെ മുമ്പാകെ നിങ്ങളെത്തന്നെ നീതീകരിക്കുന്നവരാകുന്നു." മനുഷ്യരുടെ മുമ്പാകെ നീതിമാന്മാരായി എണ്ണപ്പെടാൻ അവർ ആഗ്രഹിച്ചു, എന്നാൽ അവരുടെ ഹൃദയം യഥാർത്ഥത്തിൽ ഈശ്വരദൃഷ്ടിയിൽ മലിമസമായിരുന്നു. കാരണം അവർ തിന്മയുടെ മൂർത്തീകരണമായിരുന്നു. ഉപദേഷ്ടാക്കൾക്ക് ആവശ്യം വേണ്ട വിനയത്തിനു പകരം അവരിൽ കുടികൊണ്ടിരുന്നത് അഹന്തയും ദുഷ്ടതയുമായിരുന്നു. യേശുക്രിസ്തു തുടർന്ന് ഇങ്ങനെ പറഞ്ഞു. (വാക്യം 16) "ന്യായപ്രമാണവും പ്രവാചകന്മാരും യോഹന്നാൻ വരെ ആയിരുന്നു." മിശിഹായെ യഹൂദജനസമക്ഷം അവതരിപ്പിച്ച സ്നാപക യോഹന്നാന്റെ കാലം വരെയാണു ന്യായപ്രമാണം അധികാരത്തിൽ ഇരുന്നത്. അന്നുമുതൽ ദൈവരാജ്യം പ്രസംഗിക്കപ്പെടുന്നു. ആളുകൾ അതിൽ ബലാൽക്കാരേണ കടക്കുന്നു. അതായതു അന്നുമുതൽ സുവിശേഷയുഗമെന്ന ഒരു പുതിയ വ്യവസ്ഥാകാലം ആരംഭിച്ചു.

ആ രാജ്യത്തിൽ പങ്കാളികളാകുക ശ്രമസാദ്ധ്യമാണു എന്നു സാരം. പിന്നീട് ന്യായപ്രമാണത്തിലെ വള്ളിപുള്ളികൾ അസ്ഥാനത്താകുന്നതിലും ആകാശഭൂമികൾ നീങ്ങിപോകുന്നത് എളുപ്പം എന്നു കർത്താവ് അരുളിചെയ്തു, അതായത് ന്യായപ്രമാണത്തിലെ നിസ്സാര വസ്തുതകൾക്കുപോലും നിവൃത്തി ഉണ്ടാകും. ദൈവമാണു അതിന്റെ കർത്താവ് ദൈവം തന്റെ പ്രവൃത്തിയിൽ ഒന്നിലും പരാജയപ്പെടുന്നില്ല. (യെശ 14:27) പ്രകൃതത്തിൽ കർത്താവ് വിവാഹസംബന്ധമായ വലിയൊരു പ്രാമാണം നൽകുന്നു. "ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുവളെ വിവാഹം ചെയ്താൽ അവൻ വ്യഭിചാരം ചെയ്യുന്നു." ഭർതൃപരിത്യക്തയായവളെ പരിണയിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു. പ്രകൃതത്തിൽ കർത്താവ് ഇതു പറഞ്ഞതിനുള്ള പ്രസക്തിയെന്ത് ? റോമ 7:1-6 പരിശോധിക്കാം. ഈ സുവിശേഷയുഗത്തിൽ ഏതെങ്കിലും യഹൂദൻ മോശയെ ഉപേക്ഷിച്ച് ക്രിസ്തുമതമൊഴികെ മറ്റേതിനോടെങ്കിലും ബന്ധപ്പെട്ടാൽ അവൻ വ്യഭിചാരിയായി എണ്ണപ്പെടും. കാരണം ന്യായപ്രമാണം അവൻ തള്ളിക്കളയുന്നു. അപ്പോൾ തന്നെ വിശ്വസിക്കുന്ന ഏവർക്കും നീതിക്കായി ന്യായപ്രമാണത്തിന്റെ അവസാനമായ ക്രിസ്തുവിനോട് അവൻ ബന്ധപ്പെടുന്നുമില്ല. എന്നാൽ അവൻ ക്രിസ്തുവിൻ മണവാട്ടി ഗണത്തിൽ ഉൾപ്പെടുന്ന പക്ഷം വ്യഭിചാരിയായി ഗണിക്കപ്പെടുകയില്ല. ക്രിസ്തു ന്യായപ്രമാണം നിവർത്തിച്ചതു കൊണ്ട് അവന്റെ പ്രവൃത്തി ദൈവവ്യവസ്ഥാനുസരണമായിരിക്കും. ഈ ഉപമ ന്യായപ്രമാണയുഗത്തിൽ നിന്ന് കൃപായുഗമായ സുവിശേഷയുഗത്തിലേക്കുള്ള മാറ്റത്തേ കുറിക്കാനാണു കർത്താവ് പറഞ്ഞതെന്നു സ്പഷ്ടം. ഇങ്ങനെ സന്ദർഭവും അക്ഷരിക വ്യാഖ്യാനത്തിന്റെ അനൗചിത്യം തെളിയിക്കുന്നു. അക്ഷരികമായി വ്യാഖ്യാനിക്കുന്ന പക്ഷം ഈ സന്ദർഭം അപ്രസക്തവും അംഗതവും എന്നുവരും.

ഉപമയുടെ പൊരുൾ

ധനവാൻ യഹൂദജാതിയുടെ അഥവാ ജഡപ്രകാരമുള്ള യിസ്രായേലിന്റെ പ്രതിരൂപമാണു. ധനവാന്റെ മരണം യഹൂദയുഗത്തിന്റെ അറുതിയെ കുറിക്കുന്നു. മരണാനന്തരമുള്ള ധനവാന്റെ അവസ്ഥ ക്രിസ്തീയ യുഗത്തിൽ യഹൂദജനതയുടെ സ്ഥിതി ചിത്രീകരിക്കുന്നു. യഹൂദ ജനതക്ക് അവർ ദൈവവുമായുള്ളാ ഉഭയസമ്മതം അഭംഗം പാലിക്കുമെങ്കിൽ ഒരു പുരോഹിത രാജകുലമായിരിക്കുമെന്ന് (പുറ 19:5,6) വാഗ്ദാനം നൽകപ്പെട്ടിരുന്നു. ധനവാൻ ധരിച്ച പട്ടും ധൂമ്രവസ്ത്രങ്ങളും ഈ വസ്തുത കാണിക്കുന്നു. പട്ട് പൗരോഹിത്യചിഹ്നവും ധൂമവസ്ത്രം രാജകീയ ചിഹ്നവുമാണു. അവർക്ക് നൽകപ്പെട്ട ന്യായപ്രമാണവും പ്രവാചകങ്ങളുമാണു ധനവാന്റെ മൃഷ്ടഭോജ്യം. ഇവ മറ്റൊരു ജാതിക്കും നൽകപ്പെട്ടിരുന്നില്ല. (റോമ 3:1,2:9:4) ധനവാന്റെ മരണം കാണിക്കുന്നത് ക്രിസ്തുവിനെ തിരസ്കരിച്ചതോടെ യഹൂദൻ ദൈവത്തിന്റെ ജനമല്ലാതായി തീർന്നതത്രെ. ദൈവ ജനമെന്ന പദവിയിൽ നിന്ന് അവർ തള്ളപ്പെട്ടു. (മത്താ 23:38; 21:43) എന്നാൽ ഇത് എന്നേക്കുമായിട്ടല്ല. പൗലോസ് അപ്പസ്തോലൻ പറയുന്ന പ്രകാരം അവർ സഹസ്രാബ്ദത്തിൽ അവന്റെ ജനമായി വീണ്ടും അംഗീകരിക്കപ്പെടും. എന്നാൽ സുവിശേഷയുഗത്തിൽ ദൈവജനമെന്ന നിലയിൽ ഒരു ജാതിയായി അവർ തിരസ്കൃതരായിരിക്കുന്നു. ഈ തിരസ്ക്കാരത്തേയാണു ധനവാന്റെ മരണവും പാതാളത്തിലുള്ള അടക്കവും തുടർന്നുള്ള പീഡനവും കാണിക്കുന്നത്.

ലാസറാകട്ടെ ദൈവഭയമുള്ള യഹൂദേതര ജനതയെ കാണിക്കുന്നു. യഹൂദ യുഗത്തിൽ ഇവർ ധനവാന്റെ പടിക്കൽ ലാസർ എന്നവണ്ണം ഇസ്രയേലിനു മാത്രമായിരുന്ന ദൈവീക സത്യങ്ങളും, അരുളപ്പാടുകളും വാഗ്ദത്തങ്ങളുമായ വിഭവങ്ങളുടെ ഓഹരിക്ക് വേണ്ടി ആഗ്രഹിച്ചിരുന്നു. (യോശു 2:14; 1 രാജ 10:3,13; 2 രാജാ 5:9,10; ദാനി 2:47; മർക്കോ 7:25-30) ലാസറിന്റെ വ്രണങ്ങൾ നക്കിയ നായ്ക്കളാകട്ടെ സോക്രട്ടീസ്, പ്ലോറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയ ജാതീയ ദാർശനീകന്മാരെ കുറിക്കുന്നു. ഈ തത്വജ്ഞാനികൾ തങ്ങളുടെ തത്വശാസ്ത്രസിദ്ധാന്തങ്ങൾ കൊണ്ട് മാനവ കുടുമ്പത്തിനു വീഴ്ചയുടെ ഫലമായി സംഭവിച്ചിരിക്കുന്ന ക്ഷതങ്ങളുടെയും വ്രണങ്ങളുടെയും വേദന കഴിവതും ലഘൂകരിക്കാൻ ശ്രമിച്ചു. പക്ഷെ അതു വേണ്ടത്ര ഫലിച്ചില്ല. ഇസ്രയേൽ പൗരത്വത്തോട് ബന്ധമില്ലാതെ വാഗ്ദത്തത്തിന്റെ നിയമങ്ങൾക്ക് അന്യരും പരദേശികളുമായി പ്രത്യാശയില്ലാത്തവരുമായ ജാതികൾ എന്ന നിലക്ക് വന്ന മാറ്റമാണു ലാസറിന്റെ മരണം കുറിക്കുന്നത്. (എഫേ 2:12,13) ദൂതന്മാർ ലാസറിനേ അബ്രഹാമിന്റെ മടിയിലേക്ക് കൊണ്ട് പോയതോ ? ആരാണു ഈ ദൂതന്മാർ ? യേശുക്രിസ്തുവും അപ്പോസ്തോലന്മാരും അവരുടെ കാലശേഷം ദൈവത്തിന്റെ സന്ദേശവാഹകന്മാരായിരുന്നിട്ടുള്ളവരുമത്രേ. ഈ ചിത്രത്തിൽ അബ്രഹാം പിതാവായ ദൈവത്തേയും അബ്രഹാമിന്റെ മടി ദൈവത്തിന്റെ പിതൃത്വത്തേയും കാണിക്കുന്നു. അങ്ങനെ ജാതികൾ ദൈവത്തിന്റെ പുത്രന്മാരും അവന്റെ കൃപക്ക് പാത്രങ്ങളുമായി.( റോമ 4:11-17)

മരണത്തിന്റെയും അടക്കലിന്റെയും ഈ പ്രതിരൂപങ്ങളെ തുടർന്ന് കർത്താവ് മറ്റൊന്നു കൂടി ഉപയോഗിച്ചു. പാതാളത്തിലെ (നരകം=ഹേഡീസ്) യാതന. പാതാളത്തിൽ (ഗ്രീക്ക് മൂലം ഹേഡീസ്) യാതന അനുഭവിക്കുമ്പോൾ അവൻ മേലോട്ട് നോക്കി. ദൂരത്ത് അബ്രഹാമിനെ കണ്ടു. ഒരു ജനതയെന്ന നിലയിൽ നാശം ഭവിച്ചിട്ട് ജാതികളുടെ മദ്ധ്യേ അടക്കപ്പെട്ട നിലയിൽ ചിതറിപ്പോയ ശേഷം ഇസ്രായേലിനു വലിയ ഒരു പീഡാകാലം നേരിടുമെന്നാണു പാതാള യാതന കാണിക്കുന്നത്. അതിക്രമങ്ങളിലും പാപങ്ങളിലും മരിച്ചു കിടക്കുന്ന ജാതികളുടെ മദ്ധ്യേ ചിതറിപ്പോയിട്ട് ലോകദൃഷ്ടിയിൽ നിന്ന് അപ്രത്യക്ഷമാകുന്ന അവസ്ഥയെ അടക്കലിനോട് സാദൃശ്യപ്പെടുത്തുന്നത് എത്ര ചേർച്ചയായിരുക്കുന്നു. അബ്രഹാമിന്റെ മടിയിൽ ലാസറിനെ കാണുന്നതാകട്ടെ ജാതികൾ ക്രിസ്തുവിലൂടെ ദൈവപുത്രത്വത്തിലേക്കു പ്രവേശിച്ചിരിക്കുന്നു എന്നും തങ്ങൾ ദൈവകൃപയിൽ നിന്നും തിരസ്കൃതരായിരിക്കുന്നു എന്നും യഹൂദജനത മനസ്സിലാക്കുന്നതിനേ കുറിക്കുന്നു.

ലാസർ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി തന്റെ നാവു തണുപ്പിക്കുന്നതിനു ധനവാൻ ആഗ്രഹിച്ചു. കരുണക്കായി യാചിച്ചു. ക്രിസ്ത്യാനികൾ എന്നു പേരെടുത്തിരിക്കുന്നവരിൽ നിന്നാണല്ലോ യഹൂദജനം സഹായം പ്രതീക്ഷിച്ചത്. വിരലിന്റെ അറ്റത്തേ വെള്ളത്തുള്ളി ക്രൈസ്തവമണ്ഡലത്തിൽ നിന്നു പ്രതീക്ഷിച്ച ആശ്വാസജനകമായ നടപടികളെ അവ എത്ര നിസ്സാരമായ തോതിലായാലും കുറിക്കുന്നു. വെള്ളം ദൈവവചനത്തെ കാണിക്കുന്നു. (യോജ 1:53, എഫേ 5:26) നാവിനെ തണുപ്പിക്കുന്ന വെള്ളം ദൈവവചനത്തിൽ നിന്നു ലോകസമക്ഷം പ്രഘോഷിപ്പിക്കപ്പെടുന്നതിനായി നൽകപ്പെടുന്ന സന്ദേശം തന്നെ. യാതനയുടെ ലഘൂകരണത്തിനുള്ള പ്രാർത്ഥന, സുവിശേഷയുഗത്തിന്റെ ദീർഘമായ കാലാന്തരാളത്തിൽ തങ്ങളെ അഭിമുഖീകരിച്ചിരുന്ന യാതനകളിൽ നിന്നു ഭാഗീകമായിട്ടെങ്കിലും മോചനത്തിനായി യഹൂദ ജനത പ്രകടിപ്പിച്ചു പോന്ന ആഗ്രഹത്തേ കുറിക്കുന്നു. കാരണം ക്രൈസ്തവരുൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളും അവരെ നിഷ്കരുണം പീഡിപ്പിച്ചിരുന്നു. സുവിശേഷ യുഗത്തിൽ തങ്ങൾക്ക് നേരിട്ടിരുന്ന നിശിതമായ കദനഭാരങ്ങളിൽ നിന്നുള്ള മോചനത്തിനായി അവർ നിർവ്വഹിച്ചു വന്ന പ്രാർത്ഥനയ്ക്കു അവരുടെ പ്രാർത്ഥനാ പുസ്തകങ്ങൾ തെളിവാണു.

അബ്രഹാം ധനവാന്റെ യാചനക്കു ദ്വിമുഖമായ ഒരുത്തരമാണു നൽകിയത് (വാക്യം 35,35) മകനേ എന്നാണു അബ്രഹാമിന്റെ സംബോധന. ന്യായപ്രമാണപുത്രന്മാരാണല്ലോ യഹൂദജനം. ആ ന്യായപ്രമാണ ഉദയസമ്മതത്തിന്റെ ലംഘനത്തിനുള്ള ഫലമായ ശിക്ഷകളാണു (ലേവ്യർ 26) അവർക്ക് നേരിട്ടിരിക്കുന്ന പീഡകളും ദുരിതങ്ങളുമെന്നത്രെ അബ്രഹാം ഒന്നാമതു പറയുന്നത്. രണ്ടാമതായി ഇരുകക്ഷികൾക്കുമിടയിലുള്ള ഒരു പിളർപ്പിനെപ്പറ്റി പറയുന്നു. സുവിശേഷസഭയും യഹൂദസഭയും തമ്മിലുള്ള അന്തരമാണു ഈ പിളർപ്പ്. ഇതാകട്ടെ ദുസ്തരമാണു. ക്രിസ്തുവിൽ കൂടെയല്ലാതെ ആർക്കും ദൈവപൈതൽ ആകാൻ സാദ്ധ്യമല്ല. സുവിശേഷയുഗം സംബന്ധിച്ച ദൈവവ്യവസ്ഥയെ യാതൊരു യഥാർത്ഥ ദൈവപൈതലും ലംഘിക്കാൻ മുതിരുകയില്ല. ക്രിസ്തുവിനെ അംഗീകരിക്കാത്ത ഏതെങ്കിലും യഹൂദനു സുവിശേഷത്തിൽ നിന്നുള്ള സാന്ത്വനം വാഗ്ദാനം ചെയ്യുന്നവൻ ഈ വ്യവസ്ഥയെ ലംഘിക്കുകയായിരിക്കും. അതു കൊണ്ട് ദൈവത്തിനോ അവന്റെ പക്ഷത്തുള്ള ലാസർ പക്ഷത്തിനോ യഹൂദൻ എന്ന നിലയിൽ അവരെ തുണക്കാൻ സാദ്ധ്യമല്ല.

അടുത്തതായി ധനവാൻ തന്റെ സഹോദരന്മാരെ സഹായിക്കാനായി അപേക്ഷ. ആരാണു ഈ സഹോദരന്മാർ? ബാബിലോണിയ പ്രവാസത്തിൽ നിന്ന് മടങ്ങി വന്ന യഹൂദ, ബന്യാമിൻ എന്ന രണ്ട് ഗോത്രങ്ങളെയാണു ഇവിടെ ധനവാൻ എന്നു പറയുന്നത്. ആനിലേക്ക് അഞ്ചു സഹോദരന്മാർ പ്രവാസികളായി അശൂരിലേക്ക് പോകയും ചുരുക്കം പേരൊഴികെ ആരും മടങ്ങി വരാൻ ഇടയാകാതെ വരികയും ചെയ്തു. ശേഷിച്ച പത്തു ഇസ്രായേല്യഗോത്രങ്ങളാണു. "ഇസ്രായേലിലെ കാണാതെ പോയ പത്തു ഗോത്രങ്ങൾ" എന്നാണു ഇവർ സാധാരണയായി അറിയപ്പെടുന്നത്. യഹൂദജനത സുവിശേഷയുഗത്തിൽ ഈ ദശഗോത്രങ്ങളുടെ സഹായത്തിനായി ആരെയെങ്കിലും എഴുന്നേല്പ്പിക്കണമേ എന്നു ദൈവത്തോട് പ്രാർത്ഥിച്ചു വരുന്നു. അവർക്കു മോശയും പ്രവാചകന്മാരുമുണ്ടെന്നും അവർ അവരുടെ വാക്കുകൾ അംഗീകരിക്കട്ടെയെന്നും അബ്രഹാം പറഞ്ഞു. ഇതിൽ അവാസ്തവമൊന്നുമില്ല. യിസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങൾക്കല്ലാതെ മോശയും പ്രവാചകന്മാരും നൽകപ്പെട്ടിട്ടില്ല. അതു കൊണ്ട് ഇവിടെ കാണാതെ പോയ പത്തു ഗോത്രങ്ങളെയാണു വിവക്ഷിക്കുന്നത് എന്നു സ്പഷ്ടം.

എന്നാൽ യഹൂദജനം തങ്ങളുടെ അഭ്യർത്ഥന മറ്റൊരു രൂപത്തിൽ അവതരിപ്പിച്ചു. ഒരുവൻ മരിച്ചവരിൽ നിന്ന് എഴുന്നേറ്റ് ചെന്ന് സാക്ഷ്യം നൽകുന്ന പക്ഷം അവർ വിശ്വസിക്കും എന്ന്. പാപത്തിലുള്ള സാദൃശ്യാർത്ഥ മരണത്തിൽ നിന്നാണല്ലോ ലാസർ വർഗ്ഗം ജീവനിലേക്കു വന്നിരിക്കുന്നത്. (എഫേ 2:1; കൊല 2:12,13; 3:1) ഇസ്രായേൽ മോശയേയും പ്രവാചകന്മാരെയും അവിശ്വസിക്കുന്ന പക്ഷം സുവിശേഷയുഗത്തിൽ പാപമരണത്തിൽ നിന്ന് മോചനം പ്രാപിച്ച ജാതികൾ വഴിയായി നൽകപ്പെടുന്ന സാക്ഷ്യവും അവഗണിക്കപ്പെടുമെന്നാണു അബ്രഹാം നൽകുന്ന മറുപടി. ഇങ്ങനെ അബ്രഹാം നൽകുന്ന ദ്വിമുഖമായ ഉത്തരം ദൈവനിർണ്ണയങ്ങളോട് പൊരുത്തപ്പെട്ടതും തദ്വാര ദൈവത്തിനു പ്രസാദകരവും ആയിരുന്നു എന്നു നാം കാണുന്നു. മറ്റെല്ലാ ഉപമകളും പോലെ ഈ ഉപമയും അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിക്കേണ്ടതല്ലെന്നും ഈ ഉപമയിൽ അന്തർഭവിച്ചിരിക്കുന്ന പ്രതിരൂപാർത്ഥമെന്തെന്നും കണ്ട് കഴിഞ്ഞല്ലോ.

ഇനിയും ധനവാൻ എന്നെങ്കിലും പാതാളത്തിൽ നിന്ന് വിമുക്തനാകുമോ? ഏതാനും തിരുവെഴുത്തുകൾ പരിശോധിക്കാം. യിരെമ്യാ 16:14-16 "ഇസ്രായേൽ മക്കളെ മിസ്രയിമിൽ നിന്നു വിടുവിച്ച യഹോവ ജീവിക്കുന്നു." എന്നിങ്ങനെ യിസ്രയേൽ യഹോവയുടെ നാമം ചൊല്ലി ആണയിട്ടിരുന്നു എന്നു നമുക്കറിയാം. മിസ്രയിമിൽ നിന്നുള്ള പുറപ്പാടിനേയാണു ഇവിടെ വിവക്ഷിക്കുന്നത്. ഭാവിയിലാകട്ടെ "ഉത്തരദിക്കിൽ നിന്നും യഹോവ അവരെ ചിതറിച്ചു കളഞ്ഞ എല്ലാ ദേശങ്ങളിൽ നിന്നും യിസ്രയേൽ മക്കളെ വീണ്ടെടുത്ത യഹോവ ജീവിക്കുന്നു" എന്നായിരിക്കും ഈ ശപഥവാക്യം. ഇവിടെ പരാമർശിക്കുന്ന ഉത്തരദിക്ക് റഷ്യയാണു യൂറോപ്പ്പ്യൻ, ഏഷ്യൻ, ആഫ്രിക്കൻ നാടുകളാണു മറ്റ് ദിക്കുകൾ. സുവിശേഷയുഗത്തിൽ യഹൂദജാതി ചിതറിപ്പാർത്ത ദേശങ്ങളാണിവ. വിശുദ്ധനാട്ടിലേക്ക് അവരെ മടക്കി കൊണ്ട് വരുമെന്ന് കൂടെ ദൈവത്തിന്റെ വാഗ്ദത്തമുണ്ട്. ഈ പ്രവചനം നമ്മുടെ കണ്മുമ്പാകെ നിവർത്തിച്ചു കൊണ്ടിരിക്കുന്നു. അവർ ഒരു സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. "ഞാൻ അനേകം മീൻപിടുത്തക്കാരെ വരുത്തും, അവൻ അവരെ പിടിക്കും എന്നു കർത്താവ് അരുളി ചെയ്യുന്നു. ആരാണു ഈ മീൻപിടുത്തക്കാർ? സീയോനിസമെന്ന ആകർഷകമായ ഇരകാണിച്ച് മത്സ്യങ്ങളെ എന്ന പോലെ ഇസ്രയേൽ ജനതയേ സ്വദേശത്തേക്ക് വശീകരിച്ചവരാണവർ. പിന്നീട് ദൈവം പറയുന്നു." അതിനുശേഷം ഞാൻ അനേകം നായാട്ടുകാരെ വരുത്തും. അവർ അവരെ എല്ലാ പർവ്വതങ്ങളിൽ നിന്നും നായാടിപിടിക്കും." ഇവിടെ പർവ്വതം ഭരണാധികാരികളെയും കുന്ന് ജനായത്തവാഴ്ചകളെയും പാറയുടെ വിടവുകൾ ചിതറിപോയ കാലത്ത് അവർക്ക് അഭയം നൽകിയിരുന്ന വിവിധ സ്ഥാപനങ്ങളെയും കുറിക്കുന്നു. ഈ നായാട്ടുകാർക്ക് നല്ലൊരുദാഹരണമാണു ജർമ്മൻ‍കാർ. ഹിറ്റ്ലറുടെ ഉരുക്കുമുഷ്ടിയാൽ മറ്റേതൊരു ജനതയിലും ക്രൂരമായി മർദ്ദിക്കപ്പെട്ട ജനവിഭാഗമാണു യഹൂദൻ. 50 ലക്ഷം യഹൂദരെ തടങ്കൽ പാളയങ്ങളിൽ പാർപ്പിച്ച് നിന്ദ്യവും നീചവുമായ മർദ്ദന മുറകൾ അവർക്കെതിരെ പ്രയോഗിച്ച മനുഷ്യാധമനാണു ഹിറ്റ്ലർ. ശ്വാസം മുട്ടിച്ച് കൊല്ലുന്നതുൾപ്പെടെ പലഹീനമായ നടപടികളും അയാൾ അവർക്കെതിരെ കൈകൊണ്ടു. എന്നാൽ ജർമ്മൻ‍കാർ മാത്രമല്ല യഹൂദനെതിരെ ഇപ്രകാരം ക്രൂരമർദ്ദനസമ്പ്രദായങ്ങൾ അവലംബിച്ചത്. 1881ൽ റഷ്യയിൽ ആരംഭിച്ച് റുമേനിയ, ആസ്ത്രിയ, പോളണ്ട് എന്നിങ്ങനെ ഒന്നിനു പിന്നാലെ ഒന്നായി യഹൂദനെ പീഡിപ്പിക്കുന്നതിൽ രാഷ്ട്രങ്ങൾ അഹമഹമികയാ മുമ്പോട്ട് വന്നു. നിസ്സഹായരായ വേട്ട മൃഗങ്ങളെ എയ്തുവീഴ്ത്താൻ വേണ്ടി നായാട്ടുകാരെന്നവണ്ണം ഈ രാഷ്ട്രങ്ങൾ യഹൂദനെ ലക്ഷീകരിക്കാൻ തുടങ്ങി. യഹൂദനു ദൈവകൃപ വീണ്ടും ലഭിക്കേണ്ട ഈ കാലഘട്ടത്തിൽ അവനെ സ്വദേശത്ത് മടക്കി കൊണ്ട് വരികയെന്ന ദിവ്യ നിർണ്ണയം സഫലമാകാൻ തന്നെയാണു ഇങ്ങനെ സംഭവിച്ചത്.

യെഹസ്കിയേൽ 36:24-28 ജാതീയമായി നേരിട്ട നാമാവശേഷാവസ്ഥയായ ഹേഡീസിൽ നിന്ന് ധനവാൻ വർഗ്ഗം വീണ്ടെടുക്കപ്പെടുമെന്ന് ഈ വേദഭാഗം തെളിയിക്കുന്നു. ഈ വാക്യങ്ങൾ സ്വദേശത്തേക്കുള്ള അവരുടെ ഇക്കാലത്തെ മടങ്ങിവരവിനെ മാത്രമല്ല, സഹസ്രാബ്ദത്തിൽ അവർക്ക് കൈവരാനിരിക്കുന്ന അവസ്ഥയെയും കാണിക്കുന്നു.

യെഹ 37:21-25 ജഡീക ഇസ്രയേലിനു ദൈവകൃപ പൂർണ്ണമായി വീണ്ടും കിട്ടുമെന്ന് ഈ വേദഭാഗവും തെളിയിക്കുന്നു. യുഗത്തിന്റെ അന്ത്യത്തിൽ ഈ സന്ദേശം ഇസ്രായേലിനു നൽകണമെന്ന് ദൈവം തന്റെ സുവിശേഷയുഗാനുയായികളോട് അനുശാസിക്കുന്നു. ഈ വാക്യങ്ങളുടെ നിവൃത്തി സഹസ്രാബ്ദയുഗത്തിലാണു. അന്ന് പൊരുളിലെ ദാവീദായ ക്രിസ്തുവിനും സഭയ്ക്കും കീഴിൽ ഇസ്രായേൽ ഏകരാഷ്ട്രമായി പുനഃസംഘടിപ്പിക്കപ്പെടും.

ലൂക്കാ 2:34 "പിന്നെ ശിമയോൻ അവരെ അനുഗ്രഹിച്ചു അവന്റെ അമ്മയായ മറിയയോട് അനേകഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിനു ഇവനെ ഇസ്രായേലിൽ പലരുടെയും വീഴ്ചക്കും എഴുന്നേല്പ്പിനും മറുത്തു പറയുന്ന അടയാളത്തിനുമായി വെച്ചിരിക്കുന്നു." ശിമയോൻ മറിയയോട് ക്രിസ്തുവിനെ സംബന്ധിച്ച് പറയുന്ന ഈ പ്രവചനത്തിൽ അവൻ ഇസ്രായേലിനു ഇടർച്ചക്ക് ഒരു മുഖാന്തരമായിരിക്കുമെന്നും പലർക്കും വീഴ്ചഭവിക്കുമെന്നും എന്നാൽ അവർ സഹസ്രാബ്ദയുഗത്തിൽ വീണ്ടും അവൻ മൂലം എഴുന്നേല്പ്പിക്കപ്പെടുമെന്നും പറഞ്ഞിരിക്കുന്നു. അന്നു അവൻ അവരുടെ രക്ഷകനും കർത്താവും ആയിരിക്കും. സഹസ്രാബ്ദഭൂമി അവൻ അവർക്കു ഭവനമായി നൽകുകയും ചെയ്യും. സുവിശേഷയുഗത്തിലുടനീളം അവൻ അവർക്ക് മറുത്തു പറയുന്ന ഒരു അടയാളമായിരുന്നു, കാരണം അവനിൽ ആഗ്രഹിക്കത്തക്ക സൗന്ദര്യമൊന്നും കണ്ടെത്താൻ കഴിയാതെ അവർ അവനെ തിരസ്കരിച്ചു കളഞ്ഞു.

യെഹ 16:46-63 ധനവാൻ അഥവ യഹൂദജാതി എന്നാളും പാതാളത്തിൽ ആയിരിക്കയില്ലെന്ന് ഈ വേദഭാഗവും തെളിയിക്കുന്നു. സഹോദരിമാർ എന്ന നിലക്ക് ഇസ്രയേലിനെ ശമർ‍യ്യയോടും സോദോമിനോടും താരതമ്യപ്പെടുത്തുന്നു. അധികതരമായ വെളിച്ചത്തിനെതിരെ പാപം ചെയ്തവളെന്ന നിലയിൽ അവളെ മൂവരിൽ ഏറ്റവും അപരാധിനിയായി പരിഗണിക്കുകയും ചെയ്യുന്നു. (വാ 46-52) മൂത്ത സഹോദരിയായ ശമരിയും അവളുടെ പുത്രിമാരോട് കൂടി ദശഗോത്ര രാജ്യത്തേ അവളുടെ ആശ്രിതവിഭാഗങ്ങളെക്കൂടെ പ്രതിനിധീകരിക്കുന്നു. ഇസ്രയേലിയ രാജാവായ ഒമ്രിയുടെ കാലത്ത് ശമര്യാപട്ടണം ഈ രാജ്യത്തിന്റെ തലസ്ഥാനമായി തീർന്നു. അങ്ങനെ ആ നഗരനാമം മുഴുവൻ രാജ്യത്തിന്റെയും പേരായിതീർന്നു. സോദോമും പുത്രിമാരും ലോത്തിന്റെ കാലത്ത് നശിപ്പിക്കപ്പെട്ട സോദോമിനെയും അവളുടെ ആശ്രിതരാജ്യങ്ങളെയും കുറിക്കുന്നു. പ്രവാചകൻ ഇങ്ങനെ തുടരുന്നു. "നീ അവർക്ക് ആശ്വാസമായി നിന്റെ ലജ്ജവഹിക്കേണ്ടതിനും നീ ചെയ്തിട്ടുള്ള എല്ലാവറ്റേയും കുറിച്ച് ലജ്ജിക്കേണ്ടതിനു ഞാൻ സോദോമിനെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും (ദാസത്വം, അടിമത്വം) അവരുടെ നടുവിലുള്ള നിന്റെ പ്രവാസികളുടെ (അടിമകളുടെ) സ്ഥിതിയും (ദാസത്വം) മാറ്റും. ഇവിടെ പറയുന്ന ദാസത്വം മരണത്താൽ ഉള്ള അവരുടെ ദാസത്വം അല്ലെങ്കിൽ അടിമത്വം ആണു. അവർ അപ്പോൾ മരിച്ചവരായിരുന്നല്ലോ. ശവക്കുഴിയുടെ വാതിൽ തുറക്കുവാനാണല്ലോ ക്രിസ്തുവന്നത്. അങ്ങനെ അടിമകളെ അഥവാ ദാസന്മാരെ സ്വതന്ത്രരാകുന്നു. (യെശ 61:1;സെഖ 9:11) നിന്റെ സഹോദരിയായ സോദോമും അവളുടെ പുത്രിമാരും, ശമര്യയും അവളുടെ പുത്രിമാരും, നീയും നിന്റെ പുത്രിമാരും നിങ്ങളുടെ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങി വരും. ആദാമും ഹവ്വയും പാപത്താൽ അധഃപതിക്കുന്നതിനു മുമ്പുള്ള ഏദേന്യ അവസ്ഥയിലേക്കും ജീവനിലേക്കും എല്ലാവർക്കും യഥാസ്ഥാനപ്പെടുവാൻ കഴിയും. ഇത് യേശുവിന്റെ മറുവിലയാഗത്താൽ സാദ്ധ്യമാക്കിയിരിക്കുകയാണു. ആദാമിന്റെ പുത്രിമാരും അവളുടെ ചുറ്റുമുള്ളവരൊക്കെയും നിന്റെചുറ്റും നിന്ന് നിന്നെ നിന്ദിക്കുന്ന ഫെലിസ്ത്യ പുത്രിമാരും നിന്നെ നിന്ദിച്ച കാലത്തു എന്ന പോലെ നിന്റെ ദുഷ്ടതവെളിപ്പെടുന്നതിനു മുമ്പേ നിന്റെ ഗർവ്വത്തിന്റെ നാളിൽ നിന്റെ സഹോദരിയായ സോദോമിന്റെ പേരുപോലും നീ ഉച്ചരിച്ചിട്ടില്ല. നിന്റെ ദുഷ്കർമ്മവും നിന്റെ മ്ലേഛതകളും നീ വഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട് (ആകയാൽ യഹോവ തന്റെ നീതിയാൽ അവരെ ശിക്ഷിച്ചു. അതു തക്കസമയത്ത് അവർക്കുണ്ടായി) യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു. നിയമം ലംഘിച്ച (സീനായിൽ വച്ച് അവർ ചെയ്ത നിയമം) സത്യം തുഛീകരിക്കുന്ന നീ ചെയ്തതു പോലെ ഞാൻ നിന്നോടും ചെയ്യും. എങ്കിലും നിന്റെ യൗവ്വനകാലത്ത് നിന്നോടുള്ള എന്റെ നിയമം ഞാൻ ഓർത്ത് ഒരു ശാശ്വത നിയമം നിന്നോട് ചെയ്യും. (ദൈവം അവരോട് ഉടമ്പടി ചെയ്ത സന്ദർഭത്തിൽ അവർ അവന്റെ നിയമ അനുസരിക്കുന്ന പക്ഷം അവർക്ക് പുരോഹിത രാജത്വം അവൻ വാഗ്ദാനം ചെയ്തിരുന്നു. (പുറ 19:5,6) അവർ അതു ലംഘിച്ചു എങ്കിലും അവനത് മറക്കാൻ കഴിഞ്ഞില്ല.) നിന്റെ ജേഷ്ടത്തിമാരും അനുജത്തിമാരുമായ സഹോദരിമാരെ നീ കൈക്കൊളുമ്പോൾ, അന്നു നീ നിന്റെ വഴികളെ ഓർത്തു നാണിക്കും ഞാൻ അവരെ നിനക്കു പുത്രിമാരായു തരും (യഥാസ്ഥാപന അനുഗ്രഹങ്ങളാൽ അബ്രഹാമിന്റെ ജഡീക സന്നതി ആയി അവർ ഇസ്രായേലിലേക്ക് വരും) നിന്റെ നിയമപ്രകാരം അല്ലതാനും. (ന്യായപ്രമാണത്താലല്ല) ഞാൻ നിന്നോട് നിയമം ചെയ്യും. ഞാൻ യഹോവ എന്നു നീ അറിയും, "ഈ പ്രവചനം അനുസരിച്ച് ജഡിക ഇസ്രയേൽ പൂർണ്ണഹൃദയത്തോടെ ദൈവത്തിങ്കലേക്ക് തിരിയുമ്പോൾ അവൻ അവരുമായി ഈ ഉഭയസമ്മതത്തിൽ പ്രവേശിക്കും. ദൈവം എക്കാലത്തേയ്ക്കും അവരുടെ ദൈവം ആയിരിക്കും. "നീചെയ്തതൊക്കെയും ഞാൻ നിന്നോട് ക്ഷമിക്കുമ്പോൾ നീ ഓർത്ത് ലജ്ജിച്ച് നാണം നിമിത്തം ഇനി ഒരിക്കലും വായ് തുറക്കാതിരിക്കേണ്ടതിനും അവർ അവനെ അറിയേണ്ടതിനും അവൻ അവരോട് തന്റെ നിയമം ചെയ്യും." അബ്രഹാമ്യ ഉഭയസമ്മതത്തിന്റെ പേരിലായിരിക്കും ഇത്. കൂടാതെ ക്രിസ്തുവും സഭയും കൂടെ സോദോമിനും ഇതരനഗരങ്ങൾക്കും വേണ്ടി മാത്രമല്ല, അവയിലെല്ലാധികമായി അധർമ്മ ചാരിണീയായി തീർന്ന ദശഗോത്രരാജ്യമായ ഇസ്രായേലിനും വേണ്ടി കൂടിയും നിർവ്വഹിക്കുന്ന വേലയുടെ ഫലമായിട്ടായിരിക്കും ഇത്. ദൈവത്തിനു അവരില്ലെല്ലാം കരുണതോന്നുകയും താൻ അവരെയെല്ലാം അനുഗ്രഹിക്കുകയും ചെയ്യും. അങ്ങനെ സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവ് അവരുടെ നന്മയ്ക്ക് വേണ്ടതെന്നോ അതു പ്രവർത്തിച്ച് തനിക്കു തന്നെയും ക്രിസ്തുവിനു തന്നെയും മഹത്വം വരുത്തും. അവന്റെ യാഗപുണ്യം അവർക്കു വേണ്ടി പ്രവൃത്തി പഥത്തിലാകുന്ന കാലമാണത്.

ഇവിടെ ഉദ്ധരിച്ച വേദഭാഗങ്ങൾ ഇസ്രയേൽ ദൈവകൃപയിലേക്കും സ്വദേശത്തേക്കും മടങ്ങി വരുമെന്ന് സംശയലേശമെന്യേ തെളിയിക്കുന്നു. വേറെയും വേദഭാഗങ്ങൾ ചൂണ്ടികാണിക്കാൻ കഴിയും. ഉദാ റോമ 11 അങ്ങനെ ദൈവ നിയുക്തകാലത്ത് ഈ ഉപമയിലെ പ്രതിരൂപധനവാൻ ഹേഡീസിൽ (നരകം- പാതാളം) നിന്ന് മടങ്ങി വരും. ഉപമയുടെ പ്രതിരൂപസ്വഭാവമനുസരിച്ച് ഉചിതമായി വ്യാഖ്യാനിക്കുമ്പോൾ യഹൂദജനതയോടും യഹൂദേതര ജാതികളോടുമുള്ള ദൈവത്തിന്റെ ഇടപെടലുകളുടെ ഒരു അത്ഭുതചിത്രം ഈ ഉപമയിൽ ആവഷ്ക്കരിച്ചിരിക്കുന്നതായി കാണാം. വായനക്കാരെ തലകൾ ഉയർത്തുക. മനുഷ്യപുത്രന്മാരോട് സ്വർഗ്ഗസ്ഥപിതാവിന്റെ അപ്രമേയമായ ദയാവായ്പിനായി അവനോട് നമുക്ക് കൃതജ്ഞരായിരിക്കാം.

Monday, July 4, 2011

ധനവാനും ലാസറും (ലൂക്കാ 16:19-31) ഒന്നാം ഭാഗം

ധനവാൻ നരകത്തിൽ

അനേകരും വളരെയധികം തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു വിഷയമാണു നരകമെന്നത്. മരണാനന്തരം ദുഷ്ടന്മാരെ നിത്യമായി ദണ്ഡിപ്പിക്കുന്ന സ്ഥലമെന്നാണു നരകത്തെപ്പറ്റി പൊതുവേയുള്ള വിശ്വാസം. ധനവാനും ലാസറും എന്ന ഉപമ വിശ്വാസത്തെ സ്ഥിരീകരിക്കുന്നതായി പലരും ധരിച്ചിട്ടുണ്ട്. അതു കൊണ്ട് പ്രസ്തുത ഉപമയുടെ നിരൂപണത്തിൽ നരകം എന്ന വിഷയത്തെപ്പറ്റി ആമുഖമായി അല്പം പ്രതിപാദിച്ചു കൊള്ളട്ടെ.

നരകം എന്നാൽ എന്ത്?

നരകം എന്നു കേൾക്കുമ്പോൾ നിത്യദണ്ഡനത്തിന്റെ ഒരു അഗ്നികുണ്ഡം എന്ന ആശയമാണു പെട്ടെന്ന് മനസ്സിലുദിക്കുക. ഈ ചിന്താഗതിക്ക് വേദത്തിൽ യാതൊരു അടിസ്ഥാനവുമില്ല. ഇത് അന്ധകാരയുഗങ്ങൾ എന്നു അറിയപ്പെടുന്ന കാലഘട്ടത്തിന്റെ പ്രാരംഭത്തിൽ പുറജാതിമതത്തിൽ നിന്ന് ക്രിസ്തുമാർഗ്ഗത്തിൽ കടന്നു കൂടിയതാണു. അതു കൊണ്ട് ഇന്നു ക്രൈസ്തവ ലോകം വിശ്വസിക്കുന്നത് വേദം ഉപദേശിക്കുന്ന വിധമുള്ള നരകത്തിലല്ല അന്ധകാരയുഗങ്ങളിലെ സങ്കല്പവസ്തുവായ നരകത്തിലാണു.

ഷിയോൽ എന്നാൽ എന്ത്?

മരണത്തിന്റെ ശൂന്യവും അബോധപൂർവ്വവുമായ അഭാവസ്ഥിതിതന്നെ ഷിയോൽ. അതാണു ദുഷ്ടശിഷ്ട ഭേദംവിനാ എല്ലാവർക്കും മരണത്തിങ്കൽ വന്നുകൂടുന്ന ഗതി. പുനരുത്ഥാനത്തിൽ മരണനിദ്രയിൽ നിന്ന് ഉണരുന്നതു കൊണ്ടല്ലാതെ ആർക്കും അതിൽ നിന്നും മോചനം ലഭിക്കയില്ല.

ദുഷ്ടന്മാർ ഷിയോലിലേക്ക്

1 രാജാ 2:6,9;സങ്കീ 65:15; സദൃ 7:2; 9:18 മത്തായി 11:23 ഒത്തു നോക്കുക

ശിഷ്ടന്മാർ ഷിയോലിലേക്ക്

ഉല്പ 37:35;42:38; ജോബ് 14:13; 17:13; സങ്കീ 16:10; അപ്പോ 2:27-31 ഒത്തു നോക്കുക. സങ്കീ 86:13; 17:13

പുനരുത്ഥാനം വഴി വിമോചനം ആശിക്കാവുന്ന ഒരു അവസ്ഥയാണു ഈ അർത്ഥത്തിൽ ഷിയോൽ.

2)നന്മയിലേക്ക് മടങ്ങിവരാൻ അസാദ്ധ്യമായ മനഃപൂർവ്വദുഷ്ടന്മാരുടെ പരിപൂർണ്ണവും നിത്യവുമായ ഉന്മൂലനത്തിന്റെ അവസ്ഥ. സങ്കീ 37:38; 145:20; യെശ 1:28; 23:17; ഒബെ 16.

ഷിയോൽ = ഹേഡിസ്

പുതിയ നിയമത്തിലെ ഗ്രീക്കു മൂലപദത്തിൽ ഷിയോൽ എന്നതിനു സമാന്തരമായി വരുന്ന പദം ഹേഡിസ് എന്നത്രെ. ഇതു മുൻപറഞ്ഞ ആദാമ്യമരണാവസ്ഥയെ കുറിക്കുന്നു.

ഗിഹെന്ന

ഹേഡീസ് എന്നവണ്ണം പുതിയനിയമത്തിൽ നരകം എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മറ്റൊരു ഗ്രീക് മൂലപദമുണ്ട്. അതാണു ഗിഹെന്ന.

ഇതിനു തുല്യമായ പഴയനിയമ എബ്രയാ മൂലപദം ഗി-ഹെന്നോം എന്നാണു. ഇത് എന്തിനെ കുറിക്കുന്നു? ഈ പദത്തിനു ഹിന്നോമിന്റെ താഴ്വര എന്നർത്ഥം. ഇതു യെരുശലേമിനു വെളിയിലുള്ള ഒരുസ്ഥാനമാണു. നഗരത്തിലെ മലിനപദാർത്ഥങ്ങളും ജീർണ്ണശിഷ്ടങ്ങളും ഈ താഴ്വരയിലേയ്ക്കാണു നീക്കം ചെയ്തിരുന്നത്. അവിടെ അവ കൃമിച്ചോ ഗന്ധകം കലർന്ന തീയിൽ ഭസ്മീഭവിച്ചോ നശിച്ചിരുന്നു. അതു കൊണ്ടാണു അവിടെ അവരുടെ പുഴു ചാകുന്നില്ല, തീ കെടുന്നതുമില്ല എന്നു ഗീഹെന്നയെപ്പറ്റി (മർക്കോ 9:43-48) പറയുന്നത്. ഗീഹെന്നാ രണ്ടാം മരണത്തിന്റെ പ്രതീകമാണു. എന്ത് കൊണ്ട്? ഹിന്നോമിന്റെ താഴ്വരയിൽ തള്ളപ്പെടുന്ന വസ്തുക്കൾ കൃമിക്കിരയായോ വെന്തു വെണ്ണീറായോ നിശ്ശേഷം നശിച്ചു നാമാവശേഷമാകുന്നു. രണ്ടാം മരണത്തിന്റെ സർവ്വസംഹാരകമായസ്വഭാവം ഇതിലേറെ ഭംഗിയായി ചിത്രീകരിക്കുന്നതെങ്ങനെ? മറിച്ച് അക്ഷരാർത്ഥത്തിൽഹിന്നോമിന്റെ താഴ്വരയിൽ ചിരഞ്ജീവികളായ പുഴുക്കളും അക്ഷയമായ ചിതാഗ്നിയുമുണ്ടെന്നല്ല, ആ തീയും പുഴുക്കളും അവയ്ക്കിരയാകുന്ന വസ്തുക്കളുടെ സമ്പൂർണ്ണ നാശം സുനിശ്ചിതമാക്കുന്നപ്രകാരം രണ്ടാം മരണം വഴി ദുഷ്ടന്മാർ എന്നേയ്ക്കുമായി നിഗ്രഹിക്കപ്പെടുമെന്ന വേദോപദേശം ഈചിത്രത്തിലൂടെ ദുഢീഭവിക്കുന്നു .

ഉപമകൾ ലഷ്യാർത്ഥ കഥനങ്ങൾ

ബൈബിളിലുള്ള ചില ഉപമകളും ആലങ്കാരിക പ്രതിപാദനങ്ങളും അക്ഷരാർത്ഥത്തിൽ വിവക്ഷിച്ച് പാപത്തിന്റെ ശിക്ഷ നിത്യദണ്ഡനമാണെന്ന് ചിലർ ധരിക്കുന്നു. മാനവരാശിയുടെ ഉദ്ധാരണത്തിനുള്ള ഒരേയൊരുനാമമായ ക്രിസ്തുവിനെപ്പറ്റി (അപ്പോ 4:12; യോഹ 14:6) കേട്ടിട്ടില്ലാത്തവർ ഇൾപ്പെടെ ആയുസ്സിൽ പാപശാന്തി നേടാതെ മണ്മറഞ്ഞ ബഹുസഹസ്രം മനുഷ്യരേ മഹാദൈവം നരകാഗ്നിയിൽ നിത്യകാലം ദണ്ഡിപ്പിച്ചു കൊണ്ടിരിക്കുമത്രെ. നിത്യദണ്ഡനോപദേശത്തിനു തെളിവായി അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിച്ചു പോരുന്ന ഇങ്ങനെയുള്ള ഉപമകളിൽ പ്രധാനമാണു ധനവാനും ലാസറും. കഥയൊരു ഉപമയാണെന്ന് ബൈബിൾ തന്നെ പറയുന്നു. എന്തെന്നാൽ യേശു ജനത്തോട് ഉപമ കൂടാതെ ഒന്നും പറഞ്ഞില്ല. (മത്താ 13:34,35; ലൂക്കാ 8:10) ജനപ്രമാണികളും അസൂയ കോമരങ്ങളുമായ പരിശന്മാരോടാണു ഉപമ പറഞ്ഞത്. അവർ ന്യായപ്രമാണത്തിന്റെ അനുഷ്ഠാനത്തിലൂടെ മനുഷ്യരുടെ മുൻപാകെ തങ്ങളെത്തന്നെ നീതികരിക്കാൻ ശ്രമിച്ചിരുന്നു. ന്യായപ്രമാണയുഗമാകട്ടെ അതിന്റെ അന്ത്യഘട്ടത്തോട് അടുത്തു കഴിഞ്ഞിരുന്നു. സുവിശേഷയുഗത്തിനു മുൻപുള്ള പ്രവാചകന്മാരുടെ പരമ്പരയിലെ അവസാന കണ്ണിയായിരുന്നു യോഹന്നാൻ സ്നാപകൻ(ലൂക്കോ 16:14-16)

ഉപമകൊണ്ട് എന്തു വസ്തുതയാണു തെളിയിക്കുവാൻ യേശുക്രിസ്തു ആഗ്രഹിച്ചത്? ദൈവത്തിന്റെ പ്രത്യേക കൃപയിലേയ്ക്കുള്ള ജാതികളുടെ അംഗീകാരവും യഹൂദ ജനതയുടെ തിരസ്കാരവും ആസന്നമായിരിക്കുന്നു എന്ന വസ്തുത തന്നെ.

കഥാ സ്വരൂപം

ഉപമ അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിക്കുന്നവർ സങ്കല്പിക്കുന്ന കഥാ സ്വരുപം ഏതാണ്ടിപ്രകാരമാണു. സുഖലോലുപനായി ജീവിച്ചിരുന്ന ഒരു മഹാധനികൻ. കുബേരന്റെ പടിപ്പുരയ്ക്കൽ അയാളുടെ മേശയിൽ നിന്ന് വീഴുന്ന അപ്പക്കഷണങ്ങൾ പ്രതീക്ഷിച്ചു കിടന്നിരുന്ന ദരിദ്രനായ ലാസർ. അങ്ങനെയിരിക്കെ മരണം ലാസറിന്റെ ജീവിതത്തിനു വിരാമമിട്ടു. ദൈവദൂതന്മാർ അബ്രഹാമിന്റെ മടിയിലേക്ക് അയാളെ കൊണ്ട് പോയി. സ്വർഗ്ഗത്തിലേയ്ക്കെന്നാണു സങ്കല്പം. അനന്തരം ധനവാനും നിര്യാതനായി. അയാൾ ഹേഡീസിലേക്ക്-നരകം,പാതാളം-പോയി. അവിടെ അയാൾ ദണ്ഡനമനുഭവിക്കാൻ തുടങ്ങി. ദൂരത്ത് അബ്രഹാമിന്റെ മടിയിൽ ലാസർ ഇരിക്കുന്നത് അപ്പോൾ അയാളുടെ ദൃഷ്ടിയിൽപ്പെട്ടു. അബ്രഹാമിനോട് അയാൾ കരുണയാചിച്ചു വിരലിന്റെ അഗ്രം വെള്ളത്തിൽ മുക്കി ധനവാന്റെ നാവിനെ തണുപ്പിക്കാൻ ലാസറിനെ അയയ്ക്കണമെന്നായിരുന്നു അപേക്ഷ. അപേക്ഷ നിഷ്കരുണം തള്ളപ്പെട്ടു. ധനവാൻ അവന്റെ ആയുസ്സിൽ നന്മയും ലാസർ തിന്മയും അനുഭവിച്ചു എന്നും ഇരു കക്ഷികൾക്കുമിടയിൽ ദുസ്തരമായ് ഒരു പിളർപ്പുണ്ടെന്നുമുള്ള അടിസ്ഥാനത്തിലാണു അപേക്ഷ തിരസ്കരിക്കപ്പെട്ടത്. തന്റെ അഞ്ചു സഹോദരങ്ങൾക്കെങ്കിലും ദുരവസ്ഥ സംഭവിക്കാതിരിക്കാൻ അവരെ ഉപദേശിക്കുന്നതിനു ലാസറേ അയയ്ക്കണമെന്ന അപേക്ഷയും നിരസ്സിക്കപ്പെട്ടു. അവർ മോശയുടെയും പ്രവാചകന്മാരുടെയും വാക്കുകൾ കേൾക്കട്ടെ എന്നായിരുന്നു അബ്രഹാമിന്റെ മറുപടി. മരിച്ചവരിൽ നിന്ന് ഒരുവൻ ചെല്ലുന്ന പക്ഷം അവർ മനം തിരിയുമെന്നായിരുന്നു ധനവാന്റെ വാദം. മോശയുടെയും പ്രവാചകന്മാരുടെയും വാക്ക് വിഫലമാകുന്നിടത്ത് മരിച്ചവൻ എഴുന്നേറ്റ് ചെന്നാലും വിജയമുണ്ടാകില്ലെന്നായിരുന്നു അബ്രഹാം.

അക്ഷരിക വ്യാഖ്യാനം

1)
ദൈവസ്വഭാവത്തിനു വിരുദ്ധം

യിരെമ്യ 9:24 ദൈവസ്വഭാവം ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു. "യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു." ഇവിടെ ശക്തി, സ്നേഹം, ജ്ഞാനം, നീതി എന്നിങ്ങനെ ദൈവസ്വഭാവത്തിൽപ്പെട്ട നാലു ലക്ഷണങ്ങൾ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. എങ്ങനെയെന്നാൽ പ്രവൃത്തിയിൽ ശക്തിയുടെ വ്യാപാരം അന്തർഭവിക്കുന്നു. ദയയിൽ സ്നേഹവും ന്യായബോധത്തിൽ ജ്ഞാനവും ഉൾപ്പെടുന്നു. ദൈവത്തിന്റെ സ്വഭാവലക്ഷണങ്ങളെ വെളിപ്പെടുത്തുന്ന മറ്റു വേദഭാഗങ്ങളുമുണ്ട്. യെഹ 1:5-14; വെളി 4:6,7 ഇതിലേക്ക് എടുത്തു കാട്ടാം. ഇവിടെ കഴുകൻ ജ്ഞാനത്തേയും സിംഹം ശക്തിയേയും കാള നീതിയേയും മനുഷ്യമുഖം സ്നേഹത്തേയും കാണിക്കുന്നു. ജോബ് 37:23; ആവ 32:4 ആദിയായ വേദഭാഗങ്ങളുമുണ്ട്.

(a)
അക്ഷരിക വ്യാഖ്യാനം ദൈവത്തിന്റെ ജ്ഞാനത്തിനു വിരുദ്ധം. കാരണം ജ്ഞാനത്തിനു പ്രയോജനകരമായ ലക്ഷ്യങ്ങൾ നേടാനുപകരിക്കുന്ന മാർഗ്ഗങ്ങൾ ആവിഷ്ക്കരിക്കാൻ കഴിയും. ധനവാനെ എക്കാലവും ദണ്ഡിപ്പിച്ചു കൊണ്ടിരിക്കുന്നതു കൊണ്ട് എന്തു പ്രയോജനമാണുണ്ടാവുക?

(b)
നീതിക്കു വിരുദ്ധം. പാപത്തിന്റെ ശബളം മരണം (റോമ 6:23) എന്ന പ്രമാണമനുസരിച്ച് നീതി ആവശ്യപ്പെടുന്നത് പാപിയുടെ ജീവനാണു. "സകല ദുഷ്ടന്മാരെയും അവൻ നശിപ്പിക്കും" (സങ്കീ 145:20) എന്നു ദൈവത്തെപ്പറ്റി പറഞ്ഞിരിക്കുന്നു. അതു കൊണ്ട് പാപികളെ ഒടുക്കാതെ നിത്യകാലം ദണ്ഡിപ്പിച്ചു കൊണ്ടിരിക്കുന്നത് നീതിയുടെ സ്പഷ്ടമായ ലംഘനമാണു.

(c)
ദൈവ സ്നേഹത്തിനു നിരക്കാത്തത്. ദൈവസ്നേഹം വേണ്ട വണ്ണം അറിയുന്നവർ അവൻ തന്റെ സൃഷ്ടികളെ അവരുടെ സമാശ്വാസത്തിനായി വല്ലതും ചെയ്യാതെ അവരെ അവിരാമമായി ദണ്ഡിപ്പിച്ചു കൊണ്ടിരിക്കുമെന്ന് എങ്ങനെ വിശ്വസിക്കും?

(d)
ദൈവശക്തിക്കും വിരുദ്ധം. മനുഷ്യരാശിയുടെ നന്മയ്ക്ക് വേണ്ടിയുള്ള മാർഗ്ഗങ്ങൾ അവലംബിച്ചു നടപ്പാക്കാൻ കഴിയുന്നതാണു ശക്തി. (ഉല്പ 12:1-3) ആത്മനിയന്ത്രണവും ക്ഷമയും ശക്തിയുടെ സ്വഭാവമാണു. ജ്ഞാനം, നീതി, സ്നേഹം ഇവയോട് പൊരുത്തപ്പെടുന്ന നിലയിലേ ശക്തി പ്രവർത്തിക്കു. തന്മൂലം ധനവാനെ ദണ്ഡിപ്പിക്കുന്നത് ദൈവശക്തിയുടെയല്ല പൈശാചിക ശക്തിയുടെ പ്രയോഗമായിരിക്കും. ഇങ്ങനെ ചിന്തിക്കുമ്പോൾ അക്ഷരിക ഭാഷ്യം ദൈവസ്വഭാവത്തിന്റെ നാനമുഖമായ ഘടകങ്ങൾക്കും എതിരാണു.

2)
അക്ഷരിക വ്യഖ്യാനം മറുവിലയുടെ തത്വത്തിനു വിരുദ്ധം

മേൽ ചൂണ്ടികാണിച്ച പ്രകാരം പാപത്തിന്റെ ശമ്പളം മരണം ആണെന്നു ഉല്പ 2:17 തെളിയിക്കുന്നു. മരിച്ചയാതനയിലുള്ള നിത്യായുസ്സ് അല്ല. റോമ 6:23 ഒത്തു നോക്കുക. ആദാമിന്റെ ലംഘനം മൂലം അവന്റെ വർഗ്ഗമാകെ പാപത്തിലും അപൂർണ്ണതയിലും പതിച്ചിരിക്കുന്നു. തന്മൂലം അവരില്‍ ആർക്കും യതൊരുവിധത്തിലും തന്റെ സഹോദരനെ വീണ്ടു കൊൾവാനോ അവനു വേണ്ടി ദൈവത്തിനു വീണ്ടെടുപ്പ് വില കൊടുപ്പാനോ സാദ്ധ്യമല്ല. (സങ്കീ 49:7) അവരുടെ വീണ്ടെടുപ്പിനു ഒരു പരിപൂർണ്ണ മനുഷ്യജീവനാണു ദൈവനീതി ആവശ്യപ്പെടുന്നത്. കാരണം ആദാമിനും അവന്റെ വർഗ്ഗത്തിനും ഏദനിൽ നഷ്ടമായത് പരിപൂർണ്ണ മനുഷ്യജീവനാണു. ആദാമിനും അവൻ ലംഘനം ചെയ്യുമ്പോൾ അവന്റെ കടിപ്രദേശത്തുമുണ്ടായിരുന്ന വർഗ്ഗത്തിനും അപ്രകാരമുള്ളൊരു മറുവില അഥവ വീണ്ടെടുപ്പ് വില "എല്ലാവർക്കും വേണ്ടി തന്നെത്താൻ മറുവിലയായി കൊടുത്ത മനുഷ്യനാം ക്രിസ്തുയേശുവിൽ (1 തിമേ 2:5,6) നാം കണ്ടെത്തുന്നു. "അവൻ എല്ലാവർക്കും വേണ്ടി മരണം ആസ്വദിച്ചു" (എബ്ര 2:9 മത്താ 20:28; മർക്കോ 10:45) പൗലോസ് അപ്പസ്തോലൻ 1 കൊരി 15:3; താൻ പ്രാപിക്കുകയും പ്രഖ്യാപിക്കുകയും ചെയ്ത സുവിശേഷത്തിന്റെ പരമതത്വമെന്തെന്ന് പ്രസ്താവിക്കുന്നു." ക്രിസ്തു നമ്മുടെ പാപങ്ങൾക്ക് വേണ്ടി തിരുവെഴുത്തുകളിൻ (പഴയനിയമം) പ്രകാരം മരിച്ച് എന്നതാണു അത്.

മാനവരാശിക്കാകെ മറുവിലയാകേണ്ടതിൻ ക്രിസ്തു നിത്യദണ്ഡനമനുഭവിക്കയല്ല, മരിക്കുകയാണു വേണ്ടത് എന്നു പ്രസ്താവിക്കുന്ന പ്രവചന സ്വഭാവത്തിലുള്ള ഏതാനും പഴയ നിയമ തിരുവെഴുത്തുകൾ പരിശോധിക്കാം. 22 സങ്കീർത്തനം ക്രിസ്തു മരണം കൊണ്ടു ക്രൂശിലേമരണം കൊണ്ട് തന്നെ- മറുവിലയായി തീർന്നതിന്റെ വിശദമായ പ്രാവചനീക വിവരണമാണു. യെശ 53:4-12 "ജഡമായി തീർന്ന" ദൈവപുത്രനേ സംബന്ധിച്ച് ഇതേ സാക്ഷ്യം തന്നേ തരുന്നു. (യോഹ 1:14;3:16,17) നമുക്ക് വേണ്ടിയുള്ള പാപയാഗമെന്ന നിലക്ക് നമ്മുടെ ബലഹീനതകളെ അവൻ ചുമന്നു; നമ്മുടെ ദുഃഖങ്ങൾ അവൻ വഹിച്ചു. നമ്മുടെ ലംഘനങ്ങൾക്കു വേണ്ടി മുറിവേറ്റു. നമ്മുടെ അനീതികൾക്ക് വേണ്ടി തകർന്നു. നമ്മുടെ സമാധാനത്തിനുള്ള ശിക്ഷ അവന്റെ മേൽ ആയി (റോമ 5:1)അവന്റെ അടിപ്പിണരാൽ നമുക്ക് സൗഖ്യം ലഭിച്ചു. നമ്മുടെയെല്ലാവരുടെയും അകൃത്യം യഹോവ അവന്റെ മേൽ ചുമത്തി (യെശ 53:4-6) ജീവനുള്ളവരുടെ ദേശത്ത് നിന്ന് മിശിഹാതന്റെ മനുഷ്യാവസ്ഥയിൽ ഛേദിക്കപ്പെട്ടു. അവർ അവനു ദുഷ്ടന്മാരോട് കൂടി ശവക്കുഴി കൊടുത്തു. അവൻ തന്റെ മരണത്തിൽ സമ്പന്നന്മാരോട് കൂടിയായിരുന്നു. അവൻ തന്റെ പ്രാണനെ മരണത്തിനൊഴുക്കി കളഞ്ഞു. (യെശ 53:8-12) ദാനി 9:26 മിശിഹാ ഛേദിക്കപ്പെടുമെന്നു മുന്നെഴുതിയിരിക്കുന്നു.

പാപത്തിന്റെ ശിക്ഷ മരണമാണെന്ന് തിരുവെഴുത്തുകൾ ഇത്രവ്യക്തമായി പഠിപ്പിക്കെ ഉപമയുടെഅക്ഷരിക വ്യഖ്യാനം മറുവിലയുടെ തത്വത്തിനു എത്ര എതിരായിരിക്കുന്നു. പാപത്തിന്റെ ശിക്ഷനിത്യദണ്ഡനമാണെങ്കിൽ നാമെല്ലാം തീർച്ചയായും നിത്യദണ്ഡനം അനുഭവിക്കേണ്ടിവരും. കാരണംഅപ്രകാരമുള്ളൊരു ശിക്ഷയിൽ നിന്നു നമ്മേ മോചിപ്പിക്കുന്നതിനായി ക്രിസ്തു അങ്ങനെയുള്ളൊരുശിക്ഷ അനുഭവിച്ചിട്ടില്ല.

കൂടാതെ അക്ഷരിക വ്യഖ്യാനം ധനവാനോ ലാസറിനോ ജീവനുവേണ്ടിയുള്ള പരിശോധനയ്ക്ക് ഒരുഅവസരമുണ്ടെന്നുള്ള സത്യത്തിനു എതിരാണു. കാൽ‍വരിയിലെ ക്രൂശിൽഅപ്രകാരമുള്ളൊരവസരത്തിന്റെ വാഗ്ദാനമുണ്ട്. പരിശോധനയുടെ അവസരത്തിൽ ക്രിസ്തുനിയമലംഘികൾ എന്ന നിലയിൽ അവർക്കു വേണ്ടി ഇടനിൽക്കും. ക്രിസ്തുവിന്റെപ്രായശ്ചിത്തത്തിന്റെ പുണ്യം കൂടാതെ ആർക്കും നിത്യമായ അനുഗ്രഹത്തിനു അവകാശമില്ല. ഇതുകാൽ‍വരിക്കു ശേഷമേ സാധിക്കു. (അപ്പോ 4:12) അവൻ ദൈവകൃപയാൽ എല്ലാവർക്കും വേണ്ടിമരണം ആസ്വദിച്ചു. (എബ്ര 2:9;1 തിമോ 4:10;1 യോഹ 2:2) അതു കൊണ്ട് ക്രിസ്തുവിന്റെമരണത്തിനു മുൻപ് ഒരു അക്ഷരിക ധനവാനെ അക്ഷരിക ദണ്ഡനത്തിനു ശിക്ഷിക്കുന്നത് ധനവാൻകൂടി ഉൾപ്പെട്ട എല്ലാവർക്കും വേണ്ടിയുള്ള മറുവിലയുടെ നിഷേധം ആയിരിക്കും (1 തിമോ 2:6)

3) അക്ഷരിക വ്യഖ്യാനം നരകത്തെ (ഷിയോൽ) സംബന്ധിച്ച വേദസിദ്ധാന്തത്തിനു വിരുദ്ധം.

ഷിയോൽ (നരകം) ഒരു അബോധ ശൂന്യാവസ്ഥ. അന്യത്ര വിശദമാക്കിയ പ്രകാരം നരകം(ഷിയോൽ-ഹേഡീസ്-ഗീഹെന്ന) ബോധചിത്തവിചാരങ്ങളുടെ വിരാമത്തിൽ കലാശിക്കുന്ന മരണത്തിന്റെ അഭാവസ്ഥിതിയേ (ആസ്തക്യനാശത്തേ)കാണിക്കുന്നു. ഇതു ജീവന്റെ വിപരിതാവസ്ഥയാണു. ഷിയോലിലെ (ഹേഡീസ്) അബോധസ്ഥിതിയിൽ നിന്ന് പുനരുത്ഥാനത്തിൽ മനുഷ്യൻ ഉണർത്തപ്പെടും. എന്നാൽ ഗീഹെന്നായിൽ നിന്ന് പുനരുത്ഥാനം ലഭിക്കുന്നതല്ല. അത് ആസ്തക്യത്തിൽ നിന്നുള്ള നിത്യഛേദനത്തിന്റെ അവസ്ഥയാണു. ഇതു തന്നെ രണ്ടാം മരണം ( വെളി 20:14,15;21:8 ഈ ഭാഗങ്ങളിൽ പറയുന്ന അഗ്നി തടാകം ഇതത്രെ.) മത്താ 25:41,46; മർക്കോ 9:44,46,48; വെളി 20:10-15;21:8 രണ്ടാം മരണത്തെ പരാമർശിക്കുന്ന ഏതാനും വേദഭാഗങ്ങൾ ആണു. പഴയ ഇംഗ്ലീഷ് ഭാഷാന്തരത്തിൽ അനേക തവണ സന്ദർഭാനുസരണം ഷിയോൽ, ഹേഡീസ് ഇവ നരകമെന്നായാൽ അഥവ ശവക്കുഴിയെന്നു ശവക്കുഴിയെന്നായാൽ അഥവ നരകമെന്നും മാർജ്ജിനിൽ കുറിച്ചിരിക്കുന്നു. അതു കൊണ്ട് നരകം ശവക്കുഴി ഇവ തുല്യാർത്ഥമെന്നു വരുന്നു. അതായത് മരണത്തിൽ സംഭവിക്കുന്ന ഇല്ലായ്മയുടെ അവസ്ഥ. (സങ്കീ 49:15; 55:15; 86:13; യെശ 14:9; യോനാ 2:2; 1 കൊരി 15:55 ഇവയുടെ മാർജ്ജിൻ കുറിപ്പ് നോക്കുക ഇംഗ്ലീഷ് ഭാഷാന്തരം AV)

നരകം (ഷിയോൽ) മരണത്തിന്റെ നാസ്തിത്വത്തേയും ജീവന്റെ വിപരിതാവസ്ഥയെയും കുറിക്കുന്നു എന്നു തെളിയിക്കുന്ന ഇതര വേദഭാഗങ്ങൾ ചിലതു പരിശോധിക്കാം.

1: ശമു 2:6 "യഹോവ കൊല്ലുന്നു" എന്ന വാക്യത്തിനു സമാന്തരമായി ശവക്കുഴിയിൽ (ഷിയോൽ) ഇറങ്ങുമാറാക്കുന്നു എന്ന പ്രയോഗം വരുന്നു. "ജീവിപ്പിക്കുന്നു" എന്നതിനു സമാന്തരമാണു "എഴുന്നേല്പ്പിക്കുന്നു" എന്നത്. ഈ ഇരട്ട സമാന്തരപ്രയോഗം മരണത്തിനാൽ നാം ഷിയോലിൽ പ്രവേശിക്കുകയും മരിച്ചവരുടെ പുനരുത്ഥാനത്തിൽ അതിൽ നിന്നു വിമോചനം വരുകയും ചെയ്യുന്നു എന്നു തെളിയിക്കുന്നു, അതു കൊണ്ട് അവിടെ ബോധമോ, യാതനയോ ആനന്ദമോ അനുഭവപ്പെടുകയില്ല. ശവകുടീരത്തിലെ അബോധനിദ്രാവസ്ഥയിൽ നിന്ന് പുനരുത്ഥാനത്തിൽ ഉണർത്തപ്പെടും വരെ മരിച്ചവർ ഇല്ലായ്മ പ്രാപിക്കുകയാണു.

ജോബു 14:21 "അവന്റെ പുത്രന്മാർക്ക് ബഹുമാനം വരുന്നത് അവൻ അറിയുന്നില്ല. അവർക്ക് താഴ്ചഭവിക്കുന്നത് അവൻ ഗ്രഹിക്കുന്നില്ല." പരേതരായ പിതാക്കൾ സന്തതികളുടെ സുഖദുഃഖാനുഭവങ്ങളെപ്പറ്റി അജ്ഞാതരായിരിക്കും. അവരുടെ ശ്രയോലാഭത്തിൽ അവർക്ക് ആനന്ദമോ ശ്രയോഹാനിയിൽ ദുഃഖമോ ഉണ്ടാകുന്നില്ല. അവർ ഒട്ടും ബോധവാന്മാർ അല്ല. ജോബ് 14:13;17:13 ഇവ ഷിയോലിന്റെ അന്ധകാരനിഗൂഡമായ അവസ്ഥയെപ്പറ്റി പറയുന്നു. ഈ വിവരണം സൗഭാഗ്യത്തിന്റെയോ നിത്യ ദൗർഭാഗ്യത്തിന്റെയോ സ്ഥലത്തിനല്ല. മൃതിയുടെ ശൂന്യലോകത്തിനേ യോജിക്കു.

സങ്കീ 6:5 "മരണത്തിൽ നിന്നെക്കുറിച്ച് ഓർമ്മയില്ല, പാതാളത്തിൽ (ഷിയോൽ, ശവക്കുഴി) ആർ നിനക്കു സ്തോത്രം ചെയ്യും? നീതിമാനായ ദാവീദ് നിശ്ചയമായും മരണാനന്തരം യാതനയിൽ തള്ളപ്പെടുകയില്ല. അഥവ ഷിയോലിൽ ആനന്ദത്തിന്റെ ഒരു സ്ഥാനമുണ്ടെങ്കിൽ അവൻ അവിടെ യഹോവയെ സ്തുതിക്കാതിരിക്കുമോ? എന്നാൽ ഈ വാക്യം എന്താണു തെളിയിക്കുന്നത്. മരണമൂലം ദൈവത്തേ ഓർക്കാൻ കഴിയുകയില്ല. ഷിയോലിൽ ആകയാൽ അവനെ സ്തുതിക്കുന്നതിനു അശക്തനുമായിരിക്കും. അങ്ങനെയെങ്കിൽ മൃതിയുടെ അബോധ നിദ്രാവസ്ഥയിൽ ആയിരിക്കണം ദാവീദ്. ഈ സ്ഥിതിയിൽ പുനരുത്ഥാനത്തിൽ ഉണരും വരെ ആ മരണ നിദ്രയിൽ കഴിയേണ്ടി വരും.

സങ്കീ 30:3 ഇവിടെ കുഴി എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഷിയോൽ എന്ന എബ്രയാപദമാണു. കുഴിയിൽ ഇറങ്ങുക എന്നാൽ മരിക്കുക എന്നർത്ഥം. കുഴിയിൽ ആകാതെ കാക്കുക എന്നുവെച്ചാൽ ജീവനോടിരിക്കുക എന്നു തന്നെ. ഇതേ ആശയം സങ്കീ 89:48 ലും കാണാം.

സങ്കീ 31:17 ദുഷ്ടന്മാർ ഷിയോലിൽ (ശവക്കുഴി) മൗനമായിരിക്കട്ടെ. ഷിയോൽ സൗഭാഗ്യത്തിന്റെ ഭവനമെങ്കിൽ ദുഷ്ടന്മാർക്കവിടെ പ്രവേശനമുണ്ടായിരിക്കില്ല. മറിച്ച് ദണ്ഡനത്തിന്റെ സ്ഥാനമെങ്കിൽ ആരും വാവിട്ടു നിലവിളിച്ചു പോകയില്ലോ പിന്നെ മൗനം പാലിക്കുന്നതെങ്ങിനെ.? ഷിയോൽ അബോധാവസ്ഥയെങ്കിൽ മാത്രമേ ഈ വേദവാക്യം ശരിയാകു. സങ്കീ 115:17 "മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും യഹോവയെ സ്തുതിക്കുന്നില്ല." മരണാനന്തരയാതനാ സിദ്ധാന്തത്തിനു എതിരല്ലേ ഈ വാക്യം? കാരണം മൃതിയുടെ നിശ്ശബ്ദലോകത്തിൽ മൗനത്തില്ലാതെ യാതനയുടെ ഫലമായ നിലവിളിക്ക് സ്ഥാനമില്ല. ഇനിയും ഇവിടെ വിഷയം നീതിമാന്മാരുടെ സൗഭാഗ്യവസതിയായ പറുദീസായാണെന്നു വിചാരിക്കാനും നിവൃത്തിയില്ല. അങ്ങനെയെങ്കിൽ അവിടെ യഹോവയുടെ അപദാന സങ്കീർത്തനം മുഴങ്ങിക്കൊണ്ടിരിക്കണമല്ലോ. അതു കൊണ്ട് മൃതിയുടെ മൂകലോകത്തിൽ മരിച്ചവർ ബോധവാന്മാർ അല്ലെന്നു സ്പഷ്ടം.

സങ്കീ 146:3,4 "പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്, മനുഷ്യപുത്രന്മാരിൽ ശരണപ്പെടരുത്... അവന്റെ ശ്വാസം പോകുന്നു അവൻ മണ്ണിലേക്കു മടങ്ങുന്നു. അന്നു തന്നെ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു." നമ്മുടെ ആശ്രയം ദൈവത്തിലും ക്രിസ്തുവിലും ആയിരിക്കണം. മനുഷ്യരിലായിരിക്കരുത്. കാരണം അവന്റെ ജീവശ്വാസം അവസാനിക്കുകയും അവൻ മണ്ണിലേയ്ക്ക് തിരിയുകയും ചെയ്യും. അന്നു തന്നെ അവന്റെ വിചാരശേഷി നശിക്കുന്നു. പിന്നെ അവൻ ബോധവാനല്ല. അവനു പിന്നെ സുഖദുഃഖങ്ങൾ അനുഭവപ്പെടുന്നത് എങ്ങനെ?

സഭാപ്രസംഗി 9:5,6,10 "ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്നറിയുന്നു. മരിച്ചവരോ ഒന്നും അറിയുന്നില്ല. അവർക്കു മേലാൽ ഒരു പ്രതിഫലവുമില്ല. അവരെപ്പറ്റിയുള്ള ഓർമ്മ (ഏറിയകൂറും) വിട്ടു പോകുന്നുവല്ലോ. അവരുടെ സ്നേഹവും ദേഷ്വവും അസൂയയും നശിച്ചു പോയി. സൂര്യനു കീഴെ നടക്കുന്ന ഒന്നിലും അവർക്ക് ഇനി ഒരിക്കലും (എബ്രയാ മൂലത്തിൽ ദീർഘമായ ഒരു അനിശ്ചിതകാലം) ഓഹരിയില്ല." "നീ ചെല്ലുന്ന ശവക്കുഴിയിൽ (ഷിയോൽ = പാതാളം) പ്രവൃത്തിയോ, സൂത്രമോ അറിവോ ജ്ഞാനമോ ഇല്ല. ജീവിച്ചിരിക്കുന്നവർ കുറഞ്ഞപക്ഷം ആദാമ്യശാപം നിമിത്തം മരിക്കേണ്ടവരാണെന്ന സത്യമെങ്കിലും അറിയുന്നു. മരിച്ചവരാകട്ടെ ഷിയോലിൽ അതായത് മൃതിയുടെ ലോകത്തിൽ ബോധരഹിതരായിരിക്കുന്നു. അതു കൊണ്ട് മനുഷ്യനു മരണാനന്തരം സുഖദുഃഖങ്ങൾ സങ്കല്പിക്കുന്നത് അബദ്ധം. മരിച്ചവർക്ക് അറിവുണ്ടെങ്കിൽ സുഖദുഃഖജ്ഞാനമുണ്ടായിരിക്കും. മരിച്ചവർക്ക് സ്നേഹദ്വേഷാദിവികാരങ്ങൾ നശിച്ചിരിക്കുന്നു. നീതിമാന്മാർ പറുദീസായിൽ സന്തോഷിക്കുന്ന പക്ഷം അവർ തുടർന്നും സ്നേഹിക്കേണ്ടതാണു. ദുഷ്ടന്മാരാണെങ്കിൽ ദ്വേഷിക്കയും അസൂയപ്പെടുകയും ചെയ്യേണ്ടതാണു. തങ്ങളെ പീഡിപ്പിക്കുന്ന ദൈവത്തോട് കടുത്ത ദദ്വേഷവും നന്മ അനുഭവിക്കുന്ന നീതിമാന്മാരോട് ദുസ്സഹമായ അസൂയയും ഉണ്ടായിരിക്കേണ്ടതാണു. അതു കൊണ്ട് നരകം (ഷിയോൽ) എന്നത് അബോധാവസ്ഥ തന്നെ.

യെശ 63:16 "നീയല്ലോ ഞങ്ങളുടെ പിതാവ്, അബ്രഹാം ഞങ്ങളെ അറിയുന്നില്ല. ഇസ്രയേലിനു ഞങ്ങളെ തിരിയുന്നതുമില്ല, നീയോ യഹോവേ ഞങ്ങളുടെ പിതാവ് ആകുന്നു." യെശയ്യാവ് ഇത് എഴുതുന്ന കാലത്ത് അബ്രഹാമും യാക്കോബും നിര്യാതരും തങ്ങളുടെ പിൻതലമുറകളെപ്പറ്റി അജ്ഞരുമാണെന്ന് ഈ വാക്യം തെളിയിക്കുന്നു. അതു കൊണ്ട് അക്ഷാർത്ഥത്തിലുള്ള ഒരു ധനവാനോട് അക്ഷരാർത്ഥത്തിലുള്ള അബ്രഹാം അക്ഷരാർത്ഥത്തിൽ തന്നെ സംസാരിച്ചു എന്ന് ഈ ഉപമയിൽ നിന്ന് ധരിക്കുന്നത് അനുചിതം തന്നെ. കാരണം അബ്രഹാം മരിക്കുകയും അവന്റെ മനോവൃത്തികൾക്ക് വിരാമം ഭവിക്കുകയും ചെയ്തു.

പ്രേതാത്മവാദത്തേ തീർത്തും നിഷേധിക്കുന്നതാണു മേൽവാക്യങ്ങൾ എന്നു സന്ദർഭവശാൽ പറഞ്ഞു കൊള്ളട്ടെ. പ്രേതാന്മവാദികൾ പരേതരായ ബന്ധുമിത്രാദികൾക്ക് നാമുമായി സമ്പർക്കം പുലർത്താൻ കഴിയുമെന്നാണല്ലോ വാദിക്കുന്നത്. പ്രേതാന്മാക്കളുമായുള്ള സമ്പർക്കം തോന്നിപ്പിക്കുന്ന അനുഭവങ്ങളിൽ ഭൂരിഭാഗവും വെറും തട്ടിപ്പാണു. അമ്മാതിരി സന്ദർഭങ്ങളിൽ മദ്ധ്യവർത്തികൾ നമ്മളെ വഞ്ചിക്കുകയാണു. എന്നാൽ ഈ അനുഭവങ്ങളിൽ ഒരു ഭാഗം യാഥാർത്ഥമാണു. പക്ഷെ പ്രേതാത്മവാദികൽ സിദ്ധാന്തിക്കുന്നത് പോലെ മരിച്ചു പോയവരുടെ ആത്മാക്കളല്ല ജീവിച്ചിരിക്കുന്നവരുമായി സംഭാഷിക്കുന്നത്. പരേതരായ ബന്ധുക്കളും സുഹൃത്തുക്കളും ആയി അഭിനയിക്കുന്ന ദുഷ്ടാത്മാക്കളാണു അപ്രകാരം പെരുമാറുന്നത്. നമ്മുടെ ജീവിതരഹസ്യങ്ങൾ അവർക്ക് അറിയാം. നമ്മുടെ വിചാരഗതികൾ അവർക്കൊരു തുറന്ന പുസ്തകമാണു. അങ്ങനെ നാമോ നമ്മുടെ പരേതസുഹൃത്തുക്കളോ ഒഴികേ വേറാരും ഗ്രഹിച്ചിട്ടില്ലെന്നു നാം കരുതുന്ന കാര്യങ്ങൾ അവർ വിളിച്ചു പറയുന്നു. ഈ അറിവിനെ ആയുധമാക്കി നമ്മോടു സംഭാഷിക്കുന്നത് കഥാവശേഷരായ നമ്മുടെ ബന്ധു മിത്രാദികളാണെന്ന് നമ്മെ ബോദ്ധ്യപ്പെടുത്താൻ അവർ ശ്രമിക്കുന്നു. മരിച്ചവർ ഇല്ലായ്മ പ്രാപിക്കുന്നു എന്ന വേദസത്യം അറിയാത്തവർ ശത്രുവിന്റെ വഞ്ചനയിൽ അകപ്പെട്ട് അവന്റെ സ്വാധീനവലയത്തിൽ അമരാൻ ഇടവരുന്നു.

മരണം നിദ്രയോടു സദൃശ്യം. മരണാവസ്ഥയെ വിശദമാക്കാൻ ബൈബിൾ ഉപയോഗ്ഗിക്കുന്ന സാദൃശ്യങ്ങളിൽ ഒന്നാണു നിദ്ര. കാരണം ഒരാൾ സ്വപ്നാതീതമായ ഗാഡനിദ്രയിൽ ആയിരിക്കുമ്പോൾ ചുറ്റുപാടും നടക്കുന്ന സംഭവങ്ങളെ സംബന്ധിച്ച് ഒട്ടും ബോധവാനല്ല.

ദാനിയേൽ 12:2 "ഭൂമിയിലെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവനായും ചിലർ ലജ്ജയ്ക്കും നിത്യനിന്ദക്കുമായും ഉണരും." ഇവിടെ മൃതന്മാർ ഭൂമിയിലെ പൊടിയിൽ നിദ്രകൊള്ളുന്നതായി പറയുന്നു, എന്നാൽ മിശിഹാ ലോകത്തിന്റെ ഭരണകർത്താവായി വരുമ്പോൾ തക്കസമയത്ത് അവർ ഉണർത്തപ്പെടും. അതു കൊണ്ട് മരണത്തിൽ ഇരിക്കും കാലത്തോളം അവർ ബോധവാന്മാരല്ല. അവർക്ക് സുഖമോ ദുഃഖമോ അനുഭവപ്പെടുന്നില്ല. നന്മ ചെയ്തവർ ജീവനിലേക്ക് മടങ്ങി വരുന്നതായി പറയുന്നത് കൊണ്ട് പുനരുത്ഥാനം വരെ അവർക്ക് ജീവനില്ലെന്നു തെളിയുന്നു.

യോഹ 11:11 "നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു." ഞാൻ അവനെ നിദ്രയിൽ നിന്നു ഉണർത്താൻ പോകുന്നു." എന്ന് യേശു പറഞ്ഞു. ക്രിസ്തു തന്റെ സ്നേഹിതനായ ബഥാനിയായിലെ ലാസറിന്റെ മരണത്തെ ആലങ്കാരികമായി നിദ്ര എന്നു വ്യവഹരിക്കുന്നു.ശിഷ്യന്മാർ ഈ വാക്കുകൾ തെറ്റിദ്ധരിച്ച് ലാസറിന്റെ രോഗനില ഭേദപ്പെടുന്നു എന്നാണു വിചാരിച്ചത്. അപ്പോൾ യേശു സ്പ്ഷ്ടമായി പറഞ്ഞു. "ലാസർ മരിച്ചു പോയി, ഞാൻ അവനെ നിദ്രയിൽ നിന്ന് ഉണർത്താൻ പോകുന്നു." ബഥാനിയായിൽ അവൻ വന്ന വിവരം ഒന്നാമതായി അറിയുന്നത് മാർത്തയാണു. ഉത്തരക്ഷണം അവൾ ഗുരുവിന്റെ അടുത്തേക്ക് ഓടി. "നീ ഇവിടെ ഉണ്ടായിരുന്നുവങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു." എന്നാണു അവൾക്ക് പറയാൻ ഉണ്ടായിരുന്നത്. (വാക്യം 21) ക്രിസ്തുവിന്റെ സ്നേഹിതനായ ലാസർ ഒരു നല്ല മനുഷ്യൻ ആയിരുന്നിരിക്കണം. അതു കൊണ്ട് അയാൾ ദണ്ഡനസ്ഥലത്തേക്ക് പോയിരിക്കുകയില്ല. ഉപമ അക്ഷരീകമായി വ്യാഖ്യാനിക്കുന്നവരുടെ അഭിപ്രായത്തിൽ ബഥാനിയായിലെ ലാസർ സ്വർഗ്ഗത്തിൽ ആയിരുന്നിരിക്കണം മരണശേഷം. അങ്ങനെയെങ്കിൽ യേശു കണ്ണുകളുയർത്തി ഒരു വശത്ത് സ്വർഗ്ഗത്തിൽ ഭാഗ്യശാലികളുടെ മദ്ധ്യേ ലാസറിനേയും, മറുവശത്ത് ഭൂമിയിൽ ദുഃഖാർത്തരായ മാർത്തയേയും മറിയയേയും കണ്ടിട്ട് ഏതാണ്ടിങ്ങനെ പറഞ്ഞിരിക്കും. "ലാസറെ ഇറങ്ങി വരുക, നിന്റെ സഹോദരികൾ എത്ര ദുഃഖാർത്തരായിരിക്കുന്നു. അവരെ ശോക സാഗരത്തിൽ ആഴ്ത്തികൊണ്ട് നിനക്ക് സ്വർഗ്ഗസുഖമനുഭവിക്കാൻ സാദ്ധ്യമല്ല. അവരുടെ സമാശ്വാസത്തിനായി നിന്നെ ശാപഗ്രസ്തമായ ഈ ഭൂമിയിലേയ്ക്ക് പുനരാനയിക്കാൻ ഞാൻ നിർബന്ധിതനായിരിക്കുന്നു." എന്നാൽ ഇങ്ങനെ വല്ലതും അവൻ പറയുകയുണ്ടായോ? മരിച്ച് ഭൂമിയുടെ അധോതലങ്ങളിലേക്ക് കണ്ണുകൾ തിരിയിച്ചിട്ട് ഇങ്ങനെ പറഞ്ഞുമില്ല. "ലാസറെ അങ്ങകലെ നരകാഗ്നിയിൽ കിടന്ന് നീ വേദന കൊണ്ട് പുളയുന്നത് ഞാൻ എങ്ങനെ സഹിക്കും. ദുരാത്മാക്കളെ നിങ്ങളുടെ അഗ്നിക്കൊടിലുകൾ താഴെയിടുക." ലാസറേ കയറി വരുക എന്നോ ഇറങ്ങി വരുക എന്നോ അല്ല. പുറത്തു വരിക എന്നു മാത്രമാണു പറഞ്ഞത്. മരിച്ചവൻ പുറത്ത് വന്നു. മരിച്ചവൻ എന്ന പ്രയോഗം ശ്രദ്ധേയമാണു. നരകത്തിൽ യാതനയിലോ സ്വർഗ്ഗത്തിൽ സുഖാനുഭൂതിയിലോ ബോധവാനായി കഴിയുന്നവനല്ല; കേവലം മരിച്ചവനാണു ലാസർ. യഹൂദസമ്പ്രദായപ്രകാരം ചരമ വസ്ത്രങ്ങൾ കൊണ്ട് കൈകാലുകൾ ബന്ധിക്കപ്പെട്ടവനായി മരിച്ചവൻ പുറത്ത് വന്നു. അവന്റെ കെട്ടഴിപ്പിൻ അവൻ പോകട്ടെ എന്നു യേശു പറഞ്ഞു. (വാക്യം 43,44) അങ്ങനെ ചെയ്യപ്പെട്ടു.

ഇങ്ങനെ ചിന്തിക്കുമ്പോൾ ലാസർ വാസ്തവമായി മരിച്ചിരുന്നു. അവൻ നഷ്ടപ്രജ്ഞനായി മരണ നിദ്രയിലായിരുന്നു. ക്രിസ്തുവിന്റെ മഹാശക്തിമത്തായ ആജ്ഞയിങ്കൽ അവൻ പുറത്ത് വന്നു. വിസ്മയസ്തബധരായ അവന്റെ സഹോദരികൾക്ക് അവനെ ജീവനുള്ളതായി തിരികെ കിട്ടി. അവൻ മൃത്യുഗ്രസ്തനായിക്കഴിഞ്ഞ മൂന്നുനാലു ദിവസത്തേ വിചിത്രാനുഭവങ്ങളെപ്പറ്റി അവനൊന്നും പറയാനുണ്ടായിരുന്നില്ല. സ്വർഗ്ഗദർശനത്തിന്റെ ഒരു വർണ്ണന നമുക്ക് സ്വഭാവികമായും പ്രതീക്ഷിക്കാമായിരുന്നു, ദൈവവും, ദൈവദൂതന്മാരുമൊക്കെ എങ്ങനെ കാണപ്പെട്ടു എന്നും മറ്റും വർണ്ണിച്ചു കേൾക്കാൻ നാം ആഗ്രഹിക്കയില്ലയോ, എന്നാൽ സ്വർഗ്ഗമഹത്വങ്ങളെപ്പറ്റി അവൻ മൗനം പാലിക്കുകയാണു, നരകത്തെപ്പറ്റിയും ഭയാനകമായ പലകഥകളും നാം പ്രതീക്ഷിക്കുന്നുണ്ടാകും, അതിനേകുറിച്ചു, ലാസറിനു ഒന്നും പറയാനില്ല. കൊമ്പും, കുളമ്പും ചുരുണ്ടവാലും പിളർന്നനാവുമായി ത്രിശൂലപാണികളും തീകൊണ്ട് പൊള്ളാത്തവരുമായ പിശാചുക്കളെപ്പറ്റിയുള്ള ബീഭത്സവൃത്താന്തങ്ങളൊന്നും നാം കേൾക്കുന്നില്ല. ഇമ്മാതിരി പേക്കിനാക്കളെല്ലാം അന്ധകാരയുഗത്തിലേ കണ്ട് പിടുത്തമാണു. ലാസർ വാസ്തവമായും മരിച്ചു പോയിരിക്കുന്നു.

"മരിച്ചവർ ഒന്നും അറിയുന്നില്ല." ഇങ്ങനെ തന്നെ പ്രഥമ ക്രിസ്തീയ രക്തസാക്ഷിയായ സ്തേഫാനോസിനെപ്പറ്റി നാം വായിക്കുന്നു. "കർത്താവേ ഈ പാപം അവർക്ക് കണക്കിടരുതേ" എന്നവൻ ഉച്ചത്തിൽ നിലവിളിച്ചു. പിന്നെ അവൻ നിദ്രകൊണ്ടും(അപ്പോ 7:60) യാതനയുടെ സ്ഥാനത്തേക്കോ പറുദീസായിലേയ്ക്കോ പോകുന്നതായിട്ടല്ല, കേവലം നിദ്രാധീനനാകുന്നതായിട്ടാണു ഇവിടെ വിവരിക്കുന്നത്. അപ്പോ 13:36ൽ പൗലോസ് ഇങ്ങനെ പറയുന്നു. "ദാവീദ് നിദ്രപ്രാപിച്ചു പിതാക്കന്മാരോട് ചേർന്നു." ദ്രവത്വം കണ്ടു ദാവീദ് സ്വർഗ്ഗത്തിലേക്ക് പോയതായിട്ടല്ല (അപ്പോ 2;34) മരണ നിദ്രയിൽ പതിച്ചതായിട്ടത്രെ പറയപ്പെട്ടിരിക്കുന്നത്. സങ്കീ 16:10നോട് ഈ വേദഭാഗം പൊരുത്തപ്പെടുന്നില്ലെന്നു ചിലർ വിചാരിച്ചേക്കാം. എന്നാൽ അപ്പോ 2:25-32ൽ കാണിച്ചിരിക്കുന്നതു പോലെ ഇവിടെ ദാവീദ് ക്രിസ്തുവിനെപ്പറ്റി പ്രാവചനീകമായിപ്പറയുകയാണെന്ന് മനസ്സിലാക്കണം. 1 കൊരി 15:17,18 ഉം നോക്കുക ക്രിസ്തു ഉയർത്തിട്ടില്ലെങ്കിൽ ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചു പോയി. എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരിൽ നിന്നു ഉയർത്തിരിക്കുന്നു. മരണത്തിൽ ക്രിസ്തു നിദ്രാവസ്ഥയിൽ ആയിരുന്നു. അവൻ മരിച്ചവരിൽ നിന്ന് ഉയർക്കാതിരുന്നെങ്കിൽ ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചു പോയേനെ. ഈ അവസ്ഥ എന്നാളും തുടരുമായിരുന്നു. തീർച്ചയായും ഈ അവസ്ഥയാതനയിലോ ആനന്ദത്തിലോ ഉള്ള നിദ്രയുടെ രൂപമാകയില്ലല്ലോ.

(തുടരും)