Saturday, October 1, 2011

ദൈവം നിങ്ങളെ സ്നേഹിക്കുന്നു.

സകല മനുഷ്യർക്കുമുള്ള ജീവന്റെ വചനങ്ങൾ

വംശപാരമ്പര്യം, വർഗ്ഗം, വർണ്ണം,ജന്മദേശം,വിദ്യാഭ്യാസം, തൊഴിൽ, സമൂഹത്തിലെ സ്ഥാനം, സാമ്പത്തിക സ്ഥിതി ഇവയ്ക്കെല്ലാം അതീതമായി ദൈവം തന്റെ അനന്തമായ മഹാസ്നേഹത്തിലും നിസ്സ്വാർത്ഥമായ സന്മനസിലും നിങ്ങൾക്കും സകല മനുഷ്യർക്കും നിത്യജീവൻ പ്രാപിക്കുവാൻ സഹായമായ ഒരു മാർഗ്ഗം ഒരുക്കിയിരിക്കുന്നു എന്ന വസ്തുത നിങ്ങൾ അറിയുന്നുവോ?

സ്വർഗ്ഗത്തിലെ മാലാഖമാർ മരിക്കുന്നില്ല. ദൈവം മനുഷ്യനെ സൃഷ്ടിച്ചതും മരിക്കാൻ വേണ്ടിയായിരുന്നില്ല. "ഒന്നാം മനുഷ്യനായ" ആദാം പാപം ചെയ്യാതിരുന്നെങ്കിൽ അവൻ ഇന്നും ഭൂമിയിൽ ജീവിച്ചിരിക്കുമായിരുന്നു. (ഉല്പ 3:22-24)

അനുസരണക്കേട് നിമിത്തം ആദാം എന്ന "ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും (പൈതൃകമായ) പാപം ചെയ്കയാൽ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു." "പാപത്താൽ ജനിച്ച്", അകൃത്യത്തിൽ ഉരുവായി" സകലരും മരണ ശിക്ഷയ്ക്ക് (നിത്യദണ്ഡനത്തിനല്ല) വിധേയരായിരിക്കുന്നു. (റോമ 5:12.19;1 കൊരി 15:21,22;സങ്കീ 51:5)


തന്റെ സൃഷ്ടികളായ മാലാഖമാരിൽ നിന്നെന്നപോലെ ആദാമിൽ നിന്നും അനുസരണം ആവശ്യപ്പെടാൻ അവന്റെ ജന്മദാതാവെന്ന നിലയിൽ ദൈവത്തിനു ന്യായമായും അവകാശമുണ്ടായിരുന്നു. പാപത്തിന്റെ ഫലമായി ദൈവം ആദാമിനു വിധിച്ച ശിക്ഷ നരകത്തിലുള്ള യാതനയോ,തീപ്പൊള്ളലേൽക്കാത്ത പിശാചുക്കളാലുള്ള പീഡനമോ ആയിരുന്നില്ല. ഒരു പ്രകാരത്തിലുള്ള ജീവിതമായിരുന്നില്ല, മരണമായിരുന്നു പാപത്തിന്റെ ശിക്ഷ, "നീ നിശ്ചയമായും മരിക്കും", പാപത്തിന്റെ ശമ്പളം മരണം", അതായത് ജീവന്റെ വിരാമം. ശരീരത്തിനു മാത്രമല്ല, ആത്മാവിനും നേരിടുന്ന ജീവഹാനി തന്നെ. പാപം ചെയ്യുന്ന ആത്മാവോ അതു മരിക്കും. യെഹ 18:4,20; യാക്കോ 5:20 എന്നീ വേദഭാഗങ്ങൾ ആത്മാവിനു മരണമുണ്ടെന്ന് സമർത്ഥിക്കുന്നു. "നീ പൊടിയാകുന്നു. പൊടിയിൽ തിരികെ ചേരും." (ഉല്പ 2:17; 3:19) എന്നത് ശരീരത്തിനു മരണമുണ്ടെന്ന് തെളിയിക്കുന്നു.

അനുസരണക്കേട് കാണിച്ചതിനുശേഷം ഒട്ടും വൈകാതെ തന്നെ നീതിക്കു ഭംഗം കൂടാതെ ദൈവത്തിനു ആദാമിന്റെയും ഹവ്വയുടെയും വധശിക്ഷ നടപ്പാക്കാമായിരുന്നു. അങ്ങനെ തന്റെ ദാനമായ ജീവനെ പിൻവലിക്കാമായിരുന്നു. എന്നാൽ മരണം സാവധാനഗതിയിലാകാനും, സന്താനലാഭം വഴി അപൂർണ്ണവും മൃതിവിധേയവുമെങ്കിലും ഒരു മാനവകുടുംബത്തിനു ജന്മം നൽകാനും അവൻ അവരെ കരുണാപൂർവ്വം അനുവദിച്ചു.

മരണശാപത്തിനു വിധേയമായി ആദാമെന്ന തടവുകാരനം അവന്റെ വർഗ്ഗവും പുറപ്പെടുവിച്ച ഞരക്കം ദൈവത്തിന്റെ ചെവികളിലെത്തി. (സങ്കീ 102:19,20) മനുഷ്യരാശിയെ മരണത്തിൽ നിന്ന് മോചിപ്പിക്കുന്നതിനു തന്റെ ശക്തി വിനിയോഗിക്കാൻ ദൈവത്തിന്റെ സ്നേഹം അവനു പ്രേരകമായി. എന്നാൽ കുറ്റവാളിയെ ഒരു വിധത്തിലും രക്ഷപ്പെടാൻ അനുവദിക്കാത്ത ദൈവനീതി( സംഖ്യാ 14:18) ആദാമിന്റെ കാര്യത്തിലും ലംഘിക്കപ്പെട്ടു കൂടായിരുന്നു. അതു കൊണ്ട് അവനും അവന്റെ വർഗ്ഗവും സ്വതന്ത്രരാക്കപ്പെടും മുമ്പ് ദൈവനീതിക്ക് തൃപ്തി വരുത്തേണ്ടിയിരുന്നു. ദൈവം നീതിമാനായിരിക്കെ തന്നെ വിശ്വസിക്കുന്നവരെ നീതികരിക്കുന്നവനും (റോമ 3:26) ആകുമാറു മനുഷ്യരാശിയുടെ മോചനത്തിനു അവന്റെ അളവറ്റ ജ്ഞാനം ഒരു മാർഗ്ഗം ആവിഷ്ക്കരിച്ചു.

ദൈവത്തിന്റെ നീതിക്കു ഭംഗം നേരിടാതെ തന്നെ മനുഷ്യരാശിയെ മോചിപ്പിക്കണമെങ്കിൽ, അനുസരണക്കേടു മൂലം ആദാം നഷ്ടപ്പെടുത്തിയ പൂർണ്ണമാനുഷജീവനു പകരം തൽസ്ഥാനത്ത് മറ്റൊരു പൂർണ്ണ മാനുഷ ജീവൻ മറുവില അഥവ തുല്യവിലയായി നീതിക്ക് ഏല്പിച്ചു കൊടുക്കേണ്ടിയിരുന്നു. എന്നാൽ മുമ്പ് തന്നെ മരണത്തിനു വിധിക്കപ്പെട്ടു പോയ അപൂർണ്ണരായ ആദാമ്യ സന്തതികളിൽ ആർക്കും തന്നെ " തന്റെ സഹോദരനെ ഏതു വിധേനയും വീണ്ടെടുക്കാനോ, അവനു വേണ്ടി ദൈവത്തിനു വീണ്ടെടുപ്പ് വില നൽകാനോ" കഴിയുമായിരുന്നില്ല. (സങ്കീ 49:7; യെശ 64:6; റോമ 3:23)

ദൈവം തന്റെ മഹാ സ്നേഹത്തിൽ തന്റെ ഏകജാതനായ പുത്രനെ "എല്ലാവർക്കും വേണ്ടി മരണമാസ്വദിപ്പാൻ" ദൂതന്മാരിലും അല്പം താഴ്ന്ന പടിയിൽ ജഡമായി തീരുവാൻ അനുവദിച്ചു. (യോഹ 1:14; 3:14-18; എബ്ര 2:9; മത്താ 20:28)

"നാം പാപികളായിരിക്കുമ്പോൾ തന്നെ ക്രിസ്തു നമുക്കു വേണ്ടി മരിക്കയാൽ" സർവ്വ ലോകത്തിന്റെയും പാപത്തിനു പ്രായശ്ചിത്തമായി" അവൻ എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ ഏല്പിപിച്ചു കൊടുക്കയാൽ ദൈവം തനിക്ക് നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിച്ചു. (റോമ 5:6-10; 1 തിമോ 2:3-6; 1 യോഹ 2:2)

യേശു മനസാ യാഗവസ്തുവായി നമുക്ക് വേണ്ടി മറുവില നൽകിയതിനാൽ വീഴ്ചയ്ക്ക് മുമ്പ് ആദാമിനുണ്ടായിരുന്ന മാനുഷിക പൂർണ്ണതയിലേക്ക് യഥാസ്ഥാനം പ്രാപിക്കുന്നതിനുള്ള ഒരു അവസരം യഥാസമയം എല്ലാവർക്കും ലഭിക്കും. നിത്യജീവനുള്ള അർഹത നിശ്ചയിക്കുന്നതിനുള്ള ഒരു പരിശോധനയും ഏവർക്കും അനുവദിക്കപ്പെടും. "സകല ഭൂഗോത്രങ്ങളേയും അനുഗ്രഹിക്കുകയും" ന്യായമായി വിധിക്കുകയും ചെയ്യുന്നതിനുള്ള വാഗ്ദത്ത സന്തതിയാണു ക്രിസ്തുവും അവന്റെ ശരീരമാം സഭയും. (ഉല്പ 12:3;22:16-18; ഗലാ 3:8,16,29; സങ്കീ: 72:1-4;1 കൊരി 6:2; മത്താ 19:28; ലൂക്കോ 22:29,30; അപ്പോ പ്രവൃ 17:31; 2 തിമോ 4:1)

ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ട് എന്ന് അവന്റെ അസ്തിത്വത്തിലും (സങ്കീ 53:1) തന്നെ സൂക്ഷ്മമായി അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നതിലും വിശ്വസിക്കേണ്ടതാണു. എന്തെന്നാൽ "വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുന്നതല്ല".(എബ്രാ 11:6)

യഹോവഭക്തി (ആദരവ്) ജ്ഞാനത്തിന്റെ ആരംഭവും" ജീവന്റെ ഉറവും ആകുന്നു. (സങ്കീ 111:10; സദൃ 14:27) "ദൈവത്തെ അറിയുക എന്നാൽ ദൈവത്തെ സ്നേഹിക്കുക എന്നാകുന്നു" സ്നേഹിക്കാത്തവൻ ദൈവത്തെ അറിയുന്നില്ല." (1 യോഹ 4:8)

വഴിയും സത്യവും ജീവനും യേശു ആകുന്നു. അവൻ മുഖാന്തരമല്ലാതെ ആർക്കും ദൈവത്തിന്റെ അടുക്കൽ വരുവാൻ സാധിക്കുന്നതല്ല. (യോഹ 14:6; 10:9; 3:36; അപ്പോ പ്രവൃ 4:12; 16:31; 1 യോഹ 5:10-12)

ദൈവത്തിങ്കലേയ്ക്ക് വരിക എന്നതിൽ പാപത്തെ സംബന്ധിച്ച് ഉളവാകേണ്ട മാനസാന്തരം അന്തർഭവിച്ചിരിക്കുന്നു. (അപ്പോ പ്രവൃ 17:30; 26:20) അതായത് നമുക്ക് പാപബോധമുണ്ടാവുകയും, പാപത്തെ സംബന്ധിച്ച് പശ്ചാത്താപം ജനിക്കുകയും, പാപത്തെ വെറുക്കുകയും, ഉപേക്ഷിക്കുകയും ഏറ്റുപറയുകയും, എതിർക്കുകയും സാധ്യമായിടത്തോളം അതിനു പരിഹാരം ചെയ്യുകയും വേണം. കൂടാതെ നീതിയെ സ്നേഹിക്കുവാനും, പരിശീലിക്കുവാനും, അതിനു വേണ്ടി പോരാടുവാനും, അഭ്യസിക്കണം. എന്നാൽ നമ്മുടെ പ്രവൃത്തികൾ അവ എത്രമേൽ നല്ലതായിരുന്നാലും അവ നമ്മെ നീതികരിക്കുന്നതല്ല. (ഗലാ 2:16; 3:2-14; എഫേ 2:9)

വിശ്വാസത്താൽ അതായത് യേശുവിനെയും അവൻ ചൊരിഞ്ഞ രക്തത്തിന്റെ മൂല്യത്തേയും വ്യക്തിപരമായി അംഗീകരിക്കുക വഴി മാത്രമാണു നാം ദൈവത്തിന്റെ മുൻപാകെ ശുദ്ധീകരണവും നീതീകരണവും പ്രാപിക്കുന്നത്. (1 യോഹ 1:7-10; വെളി 1:5; അപ്പോ പ്രവൃ 13:39; റോമ 1:16; 3:24,25 ; 5:1) അടുത്ത പടിയായി നാം സമർപ്പണം ചെയ്യണം. അതായത് യേശു ചെയ്തതു പോലെ നാം നമ്മുടെ ഇഛാകളെ വെടിഞ്ഞ് ദൈവേഷ്ടം നമ്മുടെ ഇഷ്ടമായി സ്വീകരിക്കണം. (എബ്രാ 10:7) അനന്തരം നാം നിത്യജീവൻ പ്രാപിക്കേണ്ടതിനു അവന്റെ വിശ്വസ്തരായ അനുയായികളായി തീരണം. (റോമ 5:2; 12:1; 6:23; സദൃ 23:26; മത്താ 16:24-26; യോഹ 10:27,28)

" താൻ മുഖാന്തരമായി ദൈവത്തോട് അടുക്കുന്നവരെ പൂർണ്ണമായി രക്ഷിപ്പാൻ" യേശു പ്രാപ്തൻ ആകുന്നു. (എബ്രാ 7:25) "അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരെ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും," എന്ന് അവൻ നമ്മെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. "എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരു നാളും തള്ളിക്കളകയില്ല" എന്നും അവൻ പറയുന്നു. (മത്താ 11:28; യോഹ 6:37) നമ്മുടെ നാളുകൾ അല്പമാത്രവും അനിശ്ചിതവും ആകയാൽ ദൈവത്തിന്റെ മഹത്തായ ഇഷ്ട്ദാനത്തെ സ്വീകരിക്കുന്നതിൽ നാം ഒട്ടും വൈകരുത്. (സങ്കീ 90:3-12, യാക്കോ 4:12; 2 കൊരി 9:
15)

ദൈവം നിങ്ങളെ സ്നേഹിക്കുന്നു.!

അവന്റെ സ്നേഹത്തെ നിരസിക്കരുത് !