ആദിയിൽ വചനം ഉണ്ടായിരുന്നു;വചനം ദൈവത്തോട് കൂടെ ആയിരുന്നു; വചനം ദൈവമായിരുന്നു. (യോഹന്നാൻ 1:1)
In the beginning was the Word, and the Word was with God, and the Word was God (John 1:1)
ഈ വാക്യത്തിനെ കുറിച്ചാണു നാം ഇന്ന് ചർച്ച ചെയ്യുന്നത്.
(1)ആദിയിൽ വചനം ഉണ്ടായിരുന്നു; അതായത് വചനം ആദി മുതൽക്കേ ഉണ്ടായിരുന്നു.
(2)വചനം ദൈവത്തോട് കൂടെ ആയിരുന്നു; വചനം എന്ന് പറയുന്നത് എന്തോ അത് ദൈവത്തിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.
(3)വചനം ദൈവമായിരുന്നു; വചനം ദൈവമായിരുന്നു എന്ന് വായിക്കുമ്പോൾ ചിലർ മനസ്സിലാക്കുന്നത് വചനവും (2) ൽ പറഞ്ഞ ദൈവവും ഒന്നായിരുന്നു എന്നാണു.
അതായത് വചനം എന്നാൽ ജഡമായി തീർന്ന യേശുക്രിസ്തുവാണു എന്ന് നമ്മുക്കറിയാം (യോഹന്നാൻ 1:14). എന്നാല്‍ യേശുകൃസ്തുവും ദൈവവും ഒരാൾ ആണു എന്നാണു ഈ വചനത്തിലൂടെ പലരും തെറ്റായി ഗ്രഹിക്കുന്നത്.
വചനം ദൈവത്തോട് കൂടെയായിരുന്നു എന്നതിലെ ദൈവം ആരായിരുന്നു എന്ന് മനസിലാക്കിയാല്‍ വചനവും ദൈവവും തമ്മിലുള്ള വ്യത്യാസം പിടികിട്ടും. ഇത് വി.വേദപുസ്തകത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ദൈവം അത്യുന്നതനും സർവ്വശക്തനുമാണു.(സങ്കീർത്തനം 91:1) ഇംഗ്ലീഷിൽ Most High & Almighty എന്നാണു പറഞ്ഞിരിക്കുന്നത്.
ഈ അത്യുന്നതനും സർവ്വശക്തനുമായവനിൽ നിന്നത്രേ യേശുകൃസ്തു ജനിച്ചത്.
അവൻ ഏകജാതനാണു, ആദ്യ ജാതനുമാണു (സങ്കീ 89:27, കൊ.ലോ 1:15, 1 യോഹന്നാൻ 5:1)
മേല്പറഞ്ഞ വചനങ്ങളുടെ വെളിച്ചത്തിൽ സർവ്വശക്തനായ ദൈവത്താൽ ജനിപ്പിച്ചവനത്രെ വചനം എന്ന ജഡമായി തീർന്ന യേശുകൃസ്തു എന്നു മനസ്സിലാക്കാം.
സർവ്വശക്തനായ ദൈവം അനാദിയും ശാശ്വതമായവനുമാകുന്നു.(സങ്കീ 90:2).ദൈവത്തിന്റെ ആരംഭവും അവസാനവും എന്താണു എന്ന് കേവലം കൃമിപ്രായനായ മനുഷ്യൻ അറിയേണ്ട ആവശ്യമില്ല(ആവർത്ത 29:28) എന്ന് വി.വേദപുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്.
ഇതിൽ നിന്നുമെല്ലാം യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായത്തിലെ ഒന്നാം വാക്യത്തിലെ ദൈവം എന്നത് വചനം എന്ന യേശുകൃസ്തുവിനെയല്ല. അത്യുന്നതനും സർവ്വശക്തനുമായ (Almighty) ദൈവത്തെയാണു എന്ന് നമ്മുക്ക് മനസ്സിലാക്കാം.
അങ്ങിനെ വചനവും ദൈവവും രണ്ടാണെങ്കിൽ യോഹന്നാൻ 1:1 ന്റെ അവസാനം എന്ത് കൊണ്ട് വചനം ദൈവമായിരുന്നു എന്ന് പറഞ്ഞിരിക്കുന്നത് എന്ന് സംശയം തോന്നാം. വചനം ദൈവമായിരുന്നെങ്കിൽ ആദ്യം പറഞ്ഞ അത്യുന്നതനും സർവ്വശക്തനുമായ ദൈവം തന്നേയല്ലേ വചനം എന്ന സ്വഭാവികമായ ചോദ്യം ഉയർന്നു വരാം. അതിന്റെ വ്യക്തതയ്ക്ക് വേണ്ടി ഇനി നമുക്ക് നമ്മുടെ രക്ഷിതാവും കർത്താവുമായ യേശു കൃസ്തുവിനെ സംബന്ധിച്ച കാര്യം ചിന്തിക്കാം.
യേശു ഈ ഭൂമിയിലേക്ക് പൂർണ്ണ മനുഷ്യനായി വരുന്നതിനു നൂറ്റാണ്ടുകൾക്ക് മുൻപ് പ്രവാചകനായ യെശയ്യാവ് പറഞ്ഞത് ഇപ്രകാരമായിരുന്നു. "നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവനു അത്ഭുത മന്ത്രി, വീരനാം ദൈവം, നിത്യ പിതാവ്, സമാധാന പ്രഭു എന്ന് പേർ വിളിക്കപ്പെടും. (യെശയ്യാവ് 9:6 )കന്യക ഗർഭിണിയായി പ്രസവിച്ച ഇമ്മാനുവേൽ എന്ന് പേർ വിളിക്കപ്പെട്ട (യെശയ്യാവ് 7:14) യേശുവിനെ കുറിച്ചാണു ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്നത്. ഇവിടെ യേശുവിനെ വിശേഷിപ്പിച്ചിരിക്കുന്നത് വീരനാം ദൈവം എന്നാണു. ഇംഗ്ലീഷിൽ അത് Mighty God എന്നാകുന്നു.
ഇപ്പോൾ ദൈവത്തെ പറ്റിയും വചനത്തെ പറ്റിയും പറഞ്ഞിരിക്കുന്നത് എന്താണു എന്ന് മനസ്സിലായി കഴിഞ്ഞു. ഇത് ഇനി യോഹന്നാൻ 1ൽ 1 എങ്ങനെയാണെന്നു നോക്കാം.
"ആദിയിൽ വചനം ഉണ്ടായിരുന്നു.
വചനം അത്യുന്നതനും സർവ്വശക്തനുമായ ദൈവത്തോട് കൂടെയായിരുന്നു.
വചനം വീരനാം ദൈവമായിരുന്നു."
ഇതിന്റെ പരിഭാഷ ഇംഗ്ലീഷിൽ പറയുകയാണെങ്കിൽ
"In the beginning was the Word and the Word was with Almighty and Most high GOD, and the Word was Mighty god"
ഈ സർവ്വശക്തനായ ദൈവം തന്റെ സൃഷ്ടിപ്പിൻ ആരംഭമായി തന്റെ ആദ്യ ജാതനും ഏകജാതനുമായ വചനത്തെ (അതായത് യേശുകൃസ്തുവിനെ) ജനിപ്പിച്ചു. പിന്നീടുള്ള ദൈവസൃഷ്ടിപ്പുകളെല്ലാം തന്നെ തന്റെ ആദ്യ ജാതനും ഏകജാതനുമായ വചനം അഥവ യേശുവും കൂടിയായിരുന്നു. എന്നു പറഞ്ഞാൽ എന്തു സൃഷ്ടിക്കണം എന്ന് ദൈവം വിചാരിക്കുന്നുവോ അതെല്ലാം ദൈവ നിർദ്ദേശമനുസരിച്ച് സൃഷ്ടിച്ചത് യേശുവായിരുന്നു(സദൃശ്യവാക്യം 8:22-31, കൊലോസ്യർ 1:15-20) ആദാമിന്റെ സൃഷ്ടിപ്പിലും യേശു ആയിരുന്നു പ്രധാന ശില്പി. (ഉല്പത്തി 1:26) എന്റെ പിതാവ് എന്നേക്കാൽ വലിയവനാണു എന്നു യേശുകൃസ്തു തന്നെ പറഞ്ഞിട്ടുണ്ട്. (യോഹന്നാൻ 14:28)
ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് എന്താണു.
സർവ്വ ശക്തനും അത്യുന്നതനും ആയ ദൈവത്തോട് കൂടെ ശക്തനായ ദൈവവും ഉണ്ടായിരുന്നു എന്നാണല്ലോ. അപ്പോൾ ഇവിടെ പരാമർശിക്കുന്നത് രണ്ട് വ്യക്തികളെയാണു. ഒരാളെയല്ല. രണ്ടും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്. രണ്ടും ഒന്നല്ല രണ്ടും വെവ്വേറെ തന്നെയാണല്ലോ. അത്യുന്നതനായ ദൈവത്തോട് ഉപമിക്കാനോ സാദൃശ്യപ്പെടുത്താനോ ആയ ഒന്നും തന്നെയില്ല എന്നാണു പരിശുദ്ധ വേദപുസ്തകത്തിൽ പ്രസ്ഥാവിച്ചിരിക്കുന്നത്. (സങ്കീ: 86:8, 89:6,95:3, യശയ്യ 40:18,25, 40:5)
ഇനിയും നമുക്ക് ചിന്തിക്കാനുള്ളത് വചനത്തെ എന്തു കൊണ്ട് ദൈവം എന്ന് വിശേഷിപ്പിച്ചിരിക്കുന്നു എന്നതാണു. വി. വേദപുസ്തകത്തിൽ ദൈവം എന്നു പല ഭാഗങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ അതെല്ലാം അത്യുന്നതനായ ദൈവത്തെ പറ്റിയല്ല.ഉദാ: പുറപ്പാട് 4 ൽ 16, ഫിലിപ്യർ 3 ൽ 19 സങ്കീർത്തനം 82 ൽ 1, യോഹന്നാൻ 10:34 എന്നീ വാക്യങ്ങൾ വായിച്ചാൽ നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് ദൈവം തിരഞ്ഞെടുക്കുന്ന ഓരോ വ്യക്തിയും ആവശ്യമായ സന്ദർഭങ്ങളിൽ ദൈവത്തിന്റെ പ്രതിനിധികളായി ദൈവത്തിന്റെ പരിശുദ്ധാത്മ ശക്തിയാൽ ഉദ്യമിപ്പിക്കപ്പെട്ട് ജനത്തോട് സംസാരിച്ചവരും അവരെ ദേവന്മാർ അഥവ ദൈവങ്ങൾ എന്നു വിളിക്കപ്പെട്ടവരുമാണു. എന്നാൽ അവരൊന്നും ദൈവമല്ല എന്ന് നമുക്ക് അറിയാമല്ലോ.
അതു കൊണ്ട് തന്നെയാണു ദൈവത്തിന്റെ നിശ്ചയപ്രകാരമുണ്ടായ വചനത്തെയും ദൈവം എന്ന് വിളിച്ചത്.
ഉപസംഹാരത്തിൽ മനസ്സിലാക്കേണ്ട കാര്യം.
1) ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നു വരികിലും പിതാവായ ഏകദൈവമേ നമുക്കുള്ളു.
2) യേശു കൃസ്തു എന്ന ഏക കർത്താവും നമുക്കുണ്ട്.
(1 കൊരിന്ത്യർ 8:5)
ഇങ്ങനെ പൗലോസ് അപ്പോസ്തോലൻ പ്രസ്താവിച്ചതിന്റെ അടിസ്ഥാന കാരണം അറിയാൻ നമുക്ക് യോഹന്നാൻ 17 ന്റെ 3 വാക്യം ശ്രദ്ധിക്കാം.
1) ഏകസത്യ ദൈവത്തെ അറിയുക.
2) അവൻ അയച്ച യേശുകൃസ്തുവിനെ അറിയുക.
അറിയുക എന്നാൽ അവന്റെ കല്പനകളെ പ്രമാണിക്കുക എന്നാണു അർത്ഥം. (1 യോഹന്നാൻ 2:3)
ഇങ്ങനെ നാം അറിഞ്ഞു കഴിയുമ്പോൾ യേശു നമുക്ക് പരിശുദ്ധാത്മ ശക്തിയെ തന്റെ പിതാവാം ദൈവത്തോട് അഭ്യർത്ഥിച്ച് താൻ വാഗ്ദത്തം ചെയ്തതിനെ നമ്മുടെ മേൽ അയക്കും (ലൂക്കോസ് 24:49
ഈ ശക്തി നമുക്ക് ലഭിക്കുമ്പോൾ നാം യേശുവിന്റെ യഥാർത്ഥ സാക്ഷികൾ ആകും (അപ്പൊ 1:8 )
അതോടൊപ്പം യേശു ഉദ്ദേശിച്ച തരത്തിൽ നമുക്ക് എത്തിപ്പിടിക്കാവുന്ന ദൂരം വരെ അവന്റെ സാക്ഷ്യം മറ്റുള്ളവരോട് അറിയിക്കുകയും ചെയ്ത് നമ്മുടെ ജീവിതയാത്ര അവസാനിപ്പിക്കാൻ ദൈവം സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കാം.
"യേശുവിന്റെ വാഗ്ദത്ത പ്രകാരം നമുക്ക് അയക്കപ്പെടുന്ന പരിശുദ്ധാത്മ ശക്തി" എന്നത് എന്ത് എന്നതിനെ പറ്റിയുള്ള ചിന്ത വരും പോസ്റ്റുകളിൽ നടത്താം.
5 comments:
ആദിയിൽ വചനം ഉണ്ടായിരുന്നു;വചനം ദൈവത്തോട് കൂടെ ആയിരുന്നു; വചനം ദൈവമായിരുന്നു.
@മേത്ത്സൺ
വചനം യേശുവാണെന്ന് എന്ന് പറയുന്ന നിങ്ങള്‍, "വചനം(യേശു ) ദൈവമായിരുന്നു" എന്ന വാക്യത്തിനു ദുര്‍വ്യാഖ്യാനം ഉണ്ടാക്കുന്നു ..ദുര്‍വ്യാഖ്യാനം സ്ഥാപിച്ചെടുക്കാനും താങ്കള്‍ വളരെയധികം പാട് പെടുന്നുണ്ട് ...
താങ്കള്‍ ഒരു യഹോവാ സാക്ഷിയാണ് എന്ന് കരുതുന്നതില്‍ തെറ്റില്ലല്ലോ അല്ലെ !!
@Nasiyansan
വചനം ദൈവമായിരുന്നു എന്ന വാക്യത്തിനു ദുർവ്യാഖ്യാനമുണ്ടാക്കുന്നു എന്നു നിങ്ങൾ പറയുന്നു. ബൈബിൾ വചനങ്ങൾ ആധാരമാക്കി വേണം ഞങ്ങൾ ദുർവ്യാഖ്യാനം ചെയ്യുന്നു എന്ന് പറയുവാൻ.അതിനു തക്കവണ്ണം വല്ല വാക്യവും താങ്കൾക്ക് ഉദ്ധരിക്കാനുണ്ടോ.?
അതു പോലെ ഞങ്ങൾ യഹോവ സാക്ഷികൾ ആണെന്ന് താങ്കൾക്ക് എങ്ങനെ മുദ്രകുത്താൻ കഴിഞ്ഞു. ഞങ്ങൾ ഒരിക്കലും അങ്ങിനെ പ്രസ്താവിച്ചിട്ടില്ലല്ലോ. ഞങ്ങൾ യേശു പറഞ്ഞ പോലെ യേശുവിന്റെ സാക്ഷികൾ ആയിരിക്കും (അപ്പോ:1:8) എന്ന് താങ്കളുടെ അറിവിലേയ്ക്കായി എഴുതുന്നു.
യേശുവും ദൈവവും ഒന്നാണെന്ന് ബൈബിള്‍ വായിക്കുന്ന ഏവര്‍ക്കും മനസ്സിലാകും ഞാനും പിതാവും ഒന്നാണെന്ന് യേശു തന്നെ പറയുന്നു.യഹോവാസാക്ഷികള്‍ എന്ന ഗ്രൂപ്പ് ആണ് വചനവും യേശുവും ഒന്നല്ല എന്ന ദുര്‍വ്യക്യാനം നടത്താറ് സ്നേഹിതനും ആ ഗ്രൂപ്പ് ആണോ? http://www.sinaivoice.com/
തലയും വാലും ഇല്ലാതെ വായിച്ചാല്‍ ഇതുപോലെ പല വ്യാഖ്യാനങ്ങളും ബൈബിളില്‍ നിന്നും ഉണ്ടാക്കുവാന്‍ സാധിക്കും.
യോഹന്നാന്‍ സുവിശേഷം ഒന്നാം അദ്ധ്യായത്തിലെ ഒന്നാം വാക്യത്തില്‍ തുടങ്ങുന്ന വിവരണം പൂര്‍ത്തിയാകുന്നത് അതേ അദ്ധ്യായത്തിലെ പതിനെട്ടാം വാക്യത്തില്‍ ആണ്. ഗ്രന്ഥകര്‍ത്താവ് എന്താണോ ഒന്നാം വാക്യത്തിലൂടെ പറയുവാന്‍ ശ്രമിക്കുന്നത്, അത് പറഞ്ഞു തീര്‍ക്കുന്നത് പതിനെട്ടാം വാക്യത്തില്‍ ആണ്.
" ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. അവൻ ആദിയിൽ ദൈവത്തോടുകൂടെയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല. അവനിൽ ജീവനുണ്ടായിരുന്നു. ആ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; അതിനെ കീഴടക്കാൻ ഇരുളിനു കഴിഞ്ഞില്ല. ദൈവം അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അവന്റെ പേരു യോഹന്നാൻ എന്നാണ്. അവൻ സാക്ഷ്യത്തിനായി വന്നു വെളിച്ചത്തിനു സാക്ഷ്യം നൽകാൻ; അവൻ വഴി എല്ലാവരും വിശ്വസിക്കാൻ. അവൻ വെളിച്ചമായിരുന്നില്ല; വെളിച്ചത്തിനു സാക്ഷ്യം നൽകാൻ വന്നവനാണ്. എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാർഥ വെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു. അവൻ ലോകത്തിലായിരുന്നു. ലോകം അവനിലൂടെ സൃഷ്ടിക്കപ്പെട്ടു. എങ്കിലും, ലോകം അവനെ അറിഞ്ഞില്ല. അവൻ സ്വജനത്തിന്റെ അടുത്തേക്കു വന്നു; എന്നാൽ, അവർ അവനെ സ്വീകരിച്ചില്ല. തന്നെ സ്വീകരിച്ചവർക്കെല്ലാം, തന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം, ദൈവമക്കളാകാൻ അവൻ കഴിവു നൽകി. അവർ ജനിച്ചതു രക്തത്തിൽനിന്നോ ശാരീരികാഭിലാഷത്തിൽനിന്നോ പുരുഷന്റെ ഇച്ഛയിൽ നിന്നോ അല്ല, ദൈവത്തിൽനിന്നത്രേ. വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. അവന്റെ മഹത്വം നമ്മൾ ദർശിച്ചു കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം. യോഹന്നാൻ അവനു സാക്ഷ്യം നൽകിക്കൊണ്ടു വിളിച്ചുപറഞ്ഞു: ഇവനെപ്പറ്റിയാണു ഞാൻ പറഞ്ഞത്, എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ വലിയവനാണ്; കാരണം, എനിക്കുമുമ്പുതന്നെ അവനുണ്ടായിരുന്നു. അവന്റെ പൂർണതയിൽനിന്നു നാമെല്ലാം കൃപയ്ക്കുമേൽ കൃപ സ്വീകരിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാൽ, നിയമം മോശവഴി നൽകപ്പെട്ടു; കൃപയും സത്യവുമാകട്ടെ, യേശുക്രിസ്തുവഴി ഉണ്ടായി. ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലർത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത് ". (യോഹന്നാന്‍ 1 : 1 -18)
യോഹന്നാൻ 1:1-ന്റെ വ്യത്യസ്ത ബൈബിൾ പരിഭാഷകൾ കാണുക. യഹോവയുടെ സാക്ഷികൾ 1961-ൽ പ്രസിദ്ധികരിച്ച പുതിയ ലോക ഭാഷാന്തരത്തിൽ "വചനം ഒരു ദൈവമായിരുന്നു" എന്ന് പരിഭാഷപെടുത്തിയിരിക്കുന്നതെന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ അത് സഹായിക്കും.
വർഷം
യോഹന്നാൻ 1:1
ഭാഷാന്തരം
1808
വചനം ഒരു ദേവനായിരിന്നു
The New Testament, in An Improved Version, Upon theBasis of Archbishop Newcome’sNew Translation: With a Corrected Text, London.
1829
ലോഗോസ് ഒരു ദേവനായിരുന്നു
The monoTeststron, The Gospel History According to the four evangelist vol 1, John S Thompson, Baltimore
1864
ഒരു ദേവനായിരുന്നു ആ വചനം
The Emphatic Diaglott (J21, interlinear reading), by Benjamin Wilson, New York and London
1879
വചനം ഒരു ദേവനായിരുന്നു
La saint bible, second-oldramere,Geneeva, Paris
1928
വചനം ദൈവസ്വരൂപനായിരുന്നു
La bible du sentanaire, soceite biblic da paris
1935
വചനം ഒരു ദിവ്യനായിരുന്നു
The Bible—An American Translation, by J. M. P.Smith and E. J. Goodspeed, Chicago.
1950
വചനം ഒരു ദേവനായിരുന്നു
New World Translation of the Christian Greek Scriptures,Brooklyn.
1975
ഒരു ദേവൻ (അല്ലെങ്കിൽ ദൈവപ്രകൃതമുള്ളവൻ) ആയിരുന്നു വചനം
Das Evangelium nach Johannes, by Siegfried Schulz,Göttingen, Germany.
1978
ദൈവപ്രകൃതമുള്ളവനായിരുന്നു ലോഗോസ്
Das Evangelium nach Johannes,by Johannes Schneider,Berlin.
1979
ഒരു ദേവനായിരുന്നു ലോഗോസ്
Das Evangelium nach Johannes,by Jürgen Becker, Würzburg, Germany
എന്തുകൊണ്ടാണ് മറ്റ് മുഖ്യധാര വിവർത്തകരും ഇങ്ങനെ പരിഭാഷപെടുത്താൻ നിർബന്ധിതരായിരിക്കുന്നത്? ഗ്രിക്ക് പാഠത്തിൽ തെയൊസ് എന്ന പദത്തിനു മുമ്പിൽ ഹൊ എന്ന വിവേചകഭേദം (definite article) ഇല്ല. അതുകൊണ്ടാണ് മേല്പറഞ്ഞ ഇംഗ്ലിഷ്, ഫ്രഞ്ച്, ജർമൻ ഭാഷാന്തരങ്ങളിൽ "ദേവൻ", "ദിവ്യൻ", "ദൈവസ്വരൂപൻ" എന്നിങ്ങനെ അതു പരിഭാഷപെടുത്തിയിരിക്കുന്നത്. എന്നാൽ "വചനം ദൈവത്തോടു കൂടെയായിരുന്നു" എന്നു പറയുന്നിടത്ത് "ദൈവം" എന്നതിനുള്ള തെയോസ് എന്ന സാമാന്യനാമത്തിനു മുമ്പിൽ ഹൊ എന്ന വിവേചകഭേദകം ചേർത്ത് ഹൊതിയോസ് എന്നാണ് കാണുന്നത്. ഗ്രീക്കിൽ ഇപ്രകാരം വിവേചകഭേദകം ചേർത്ത് പറയുമ്പോൾ അത് അനന്യനായ, വ്യതിരിക്തനായ ഒരു വ്യക്തിയെ കുറിക്കുന്നു. എന്നാൽ ഹൊ എന്ന വിവേചകഭേദം ഇല്ലാതെ പറയുന്നത് ഒരു വ്യക്തിയുടെ വിശേഷതയെ അല്ലെങ്കിൽ പ്രകൃതത്തെയാണ് എടുത്തുകാണിക്കുന്നത്. അതുകൊണ്ട് ലോഗോസ് അഥവാ വചനം, തെയൊസ് ആയിരുന്നു എന്ന് പറയുമ്പോൾ അത്, അവൻ എതു ദൈവത്തോട്കുടെ ആയിരുന്നുവോ ആ ദൈവംതന്നെയാണെന്ന് അതായത്, സർവശക്തനായ ദൈവമാണെന്ന് അർഥമാക്കുന്നില്ല; പകരം, ലൊഗൊസിന്റെ അഥവാ വചനത്തിന്റെ ഒരു പ്രതേക വിശേഷണതയെ തിരിച്ചറിയിക്കുകമാത്രമാണ് ചേയ്യുന്നത്. കാരണം യോഹന്നാൻ 1:18 പറയുന്നു: "ആരും ദൈവത്തെ ഒരു നാളും കണ്ടിട്ടില്ല" "വചനം ജഡമായി പാർത്തു നാം അവന്റെ മഹിമ കണ്ടിരിക്കുന്നു" എന്ന് അം വാക്യം വ്യക്തമാക്കുന്നു. ആർക്കെങ്കിലും ആരോടെങ്കിലും കൂടെയായിരിക്കാനും അതേസമയം ആ വ്യക്തിയായിരിക്കാനും സാധിക്കുമോ? യോഹന്നാൻ 17:3-ൽ യേശു പിതാവിനെ ഏക സത്യദൈവമെന്ന് അഭിസംബോധന ചെയ്തു. അതുകൊണ്ട് യേശു "ഒരുദൈവം" എന്ന നിലയിൽ തന്റെ പിതാവിന്റെ ദിവ്യഗുണങ്ങളെ പ്രതിഫലിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളു.
Post a Comment