നരകത്തെപ്പറ്റി ബൈബിൾ
നരകമുണ്ടെന്ന വിശ്വാസം യുക്തിയുക്തമല്ലെന്ന് ഇന്ന് അനേകരും വിചാരിക്കുന്നു. എന്നാൽ ബൈബിളിൽ പഴയനിയമത്തിലും പുതിയ നിയമത്തിലും നരകത്തെപ്പറ്റി പറഞ്ഞു കാണുന്നു. ഈ നിലയ്ക്ക് നരകം എന്ന പദം കൊണ്ട് ബൈബിൾ എന്ത് വിവക്ഷിക്കുന്നുവെന്ന് സൂക്ഷ്മമായി ആരായുന്നത് അസ്ഥാനത്താകയില്ലല്ലോ.
നരകത്തെപ്പറ്റിയുള്ള അബദ്ധധാരണ
നരകം എന്നു കേൾക്കുമ്പോൾ നിത്യദണ്ഡനത്തിന്റെ ഒരു അഗ്നികുണ്ഡം എന്ന ആശയമാണു പെട്ടെന്ന് മനസ്സിലുദിക്കുക. ഈ ചിന്താഗതിക്ക് വേദത്തിൽ യാതൊരു അടിസ്ഥാനവുമില്ല. ഇത് അന്ധകാരയുഗങ്ങൾ എന്നു അറിയപ്പെടുന്ന കാലഘട്ടത്തിന്റെ പ്രാരംഭത്തിൽ പുറജാതിമതത്തിൽ നിന്ന് ക്രിസ്തുമാർഗ്ഗത്തിൽ കടന്നു കൂടിയതാണു. അതു കൊണ്ട് ഇന്നു ക്രൈസ്തവ ലോകം വിശ്വസിക്കുന്നത് വേദം ഉപദേശിക്കുന്ന വിധമുള്ള നരകത്തിലല്ല അന്ധകാരയുഗങ്ങളിലെ സങ്കല്പവസ്തുവായ നരകത്തിലാണു.
നരകം എന്നു തർജ്ജമ ചെയ്തിരിക്കുന്ന മൂലഭാഷപദങ്ങൾ
പഴയ നിയമത്തിൽ നരകം എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഷിയോൽ എന്ന ഒരേ ഒരു എബ്രായ മൂലപദമാണു. ഷിയോൽ എന്നതിനു തുല്യമായി പുതിയനിയമത്തിൽ പ്രയോഗിച്ചിരിക്കുന്ന ഗ്രീക്കു മൂലപദമാണു ഹേഡീസ്. ഷിയോൽ, ഹേഡീസ് എന്നീ എബ്രായ ഗ്രീക്കു മൂലപദങ്ങളാണു നരകം എന്നു വിവർത്തനം ചെയ്തിരിക്കുന്നത് എന്നു സാരം.
ഷിയോൽ, ഹേഡീസ് ഇവയുടെ ഭാഷാന്തരം
പഴയ ഇംഗ്ലീഷ് ഭാഷാന്തരത്തിൽ ഷിയോൽ, ഹേഡീസ് ഈ പദങ്ങൾ മൂന്നു വിധത്തിൽ തർജ്ജമ ചെയ്തിരിക്കുന്നു.
(1) നരകം എന്നു 41 പ്രാവശ്യം
(2) ശവക്കുഴി എന്നു 32 പ്രാവശ്യം
(3) കുഴി എന്നു 3 പ്രാവശ്യം
കൂടാതെ മിക്കപ്പോഴും നരകം എന്നു പരിഭാഷപ്പെടുത്തുമ്പോൾ "അല്ലെങ്കിൽ ശവക്കുഴി" എന്നും മറിച്ചും മാർജിനിൽ കുറിപ്പുകൾ കൊടുത്തിരിക്കും. (സങ്കീ 49:15, 55:15, 86:13; യെശ 14:9; യോനാ 2:2; 1 കൊരി 15:55; വെളി 20:13)
ഷിയോൽ, ഹേഡീസ് ഇവ ഇംഗ്ലീഷ് പരിഷ്കൃത ഭാഷാന്തരത്തിൽ
ഷിയോൽ, ഹേഡീസ് ഈ പദങ്ങൾ നരകം എന്നു തർജ്ജമ ചെയ്യുന്നതിന്റെ അനൗചിത്യം മനസ്സിലാക്കി ഭാഷാന്തര പ്രശ്നം തന്നെ ഒഴിവാക്കാൻ വേണ്ടി ഇംഗ്ലീഷ് പരിഷ്കൃത പരിഭാഷയിൽ ഭാഷാന്തരകർത്താക്കൾ ഒരുപായം പ്രയോഗിച്ചിട്ടുണ്ട്, എന്താണത്? ഈ പദങ്ങൾ ഭാഷാന്തരപ്പെടുത്താതെ അതേപടി ഉപയോഗിച്ചിരിക്കുന്നു എന്നതു തന്നെ.
മലയാള ഭാഷാന്തരം
ഇനിയും മലയാള പരിഭാഷയുടെ കഥ നോക്കാം. പഴയ മലയാള ഭാഷാന്തരത്തിൽ നരകം എന്ന പദമാണു പ്രായേണ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ പരിഷ്കൃത മലയാള ഭാഷാന്തര കർത്താക്കൾ പല സന്ദർഭങ്ങളിലും ഈ പദം ഉപേക്ഷിച്ച് പകരം പാതാളം എന്നു പ്രയോഗിച്ചിരിക്കുന്നു. ഇങ്ങനെ നരകമെന്ന തർജ്ജമയുടെ പന്തികേട് അവരും അംഗീകരിക്കുന്നു.
നരകശബ്ദത്തിന്റെ ഭാഷാന്തര രൂപങ്ങൾ ഒരു പട്ടികയായി താഴെ ചേർക്കുന്നു.
എബ്രായമൂലം - ഷിയോൽ
ഗ്രീക്കു മൂലം - ഹേഡീസ്
ഇംഗ്ലീഷ് പഴയ ഭാഷാന്തരം - 1) നരകം, 2) ശവക്കുഴി 3) കുഴി
ഇംഗ്ലീഷ് പരിഷ്കൃത ഭാഷാന്തരം - 1)ഷിയോൽ, 2) ഹേഡീസ്
പഴയ മലയാള പരിഭാഷ - നരകം
പരിഷ്കൃത മലയാള പരിഭാഷ - 1)പാതാളം, 2) ശവക്കുഴി, 3) കുഴി
ഈ വിവർത്തന ഭേദങ്ങൾ ഉദാഹരിക്കുന്നതിനു ഒരു വേദവാക്യം (സങ്കീ 6:5) കാണിക്കാം:
"മരണത്തിൽ നിന്നെക്കുറിച്ച് ഓർമ്മയില്ലല്ലൊ"
ഷിയോലിൽ ആർ നിനക്കു സ്തോത്രം ചെയ്യും? [എബ്രായമൂലം]
ശവക്കുഴിയിൽ ആർ നിനക്കു സ്തോത്രം ചെയ്യും? [ഇംഗ്ലീഷ് പഴയ ഭാഷാന്തരം]
നരകത്തിൽ ആർ നിനക്കു സ്തോത്രം ചെയ്യും? [പഴയ മലയാളം]
പാതാളത്തിൽ ആർ നിനക്ക് സ്തോത്രം ചെയ്യും? [പരിഷ്കൃതമലയാളം]
പാതാളം
ഷിയോൽ, ഹേഡീസ് ഈ പദങ്ങൾ ശവക്കുഴി, നരകം, പാതാളം എന്നെല്ലാം ബഹുരൂപേണ തർജ്ജമ ചെയ്തിരിക്കെ ഏതാണു ശരി? നരകം എന്ന ശബ്ദത്തിന്റെ പന്തികേട് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഭാഷാന്തരകർത്താക്കൾ മനസ്സിലാക്കിയതു കൊണ്ടാണല്ലോ അവർക്ക് മറ്റു പദങ്ങൾ തേടേണ്ടി വന്നത്. എന്നാൽ നരകം എന്ന പദം മാറ്റി പാതാളം എന്നു പ്രയോഗിക്കുന്നത് കൊണ്ട് വല്ല പ്രയോജനവുമുണ്ടോ? നരകം എന്നു കേൾക്കുമ്പോൾ എരിതീയുടെയും ദീനരോദനങ്ങളുടെയും ഒരു ലോകം എന്ന പ്രതീതിയാണു മലയാളികൾക്ക് തോന്നുക. പാതാളം എന്നു ഭാഷാന്തരം ഭേദഗതി ചെയ്യുന്നത് കൊണ്ട് വല്ല പ്രയോജനവുമുണ്ടോ? മേല്പ്പറഞ്ഞ ധാരണയ്ക്ക് വല്ല മാറ്റവും വരുമോ? ഇല്ലെന്നതാണു പരമാർത്ഥം. എന്ത് കൊണ്ട്? ഭാരതീയ ഇതിഹാസങ്ങളിലും പുരാണങ്ങളിലും പാതാളം ഒരു ദണ്ഡനസ്ഥാനമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ പാതാളം എന്ന ശബ്ദത്തോട് ദണ്ഡനം എന്ന ആശയം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ നിലയ്ക്ക് ദുരർത്ഥസൂചകമായ ഈ പദം തിരഞ്ഞെടുത്തത് ഭാഷാന്തരകർത്താക്കളുടെ പേരിൽ അക്ഷന്തവ്യമായ ഒരപരാധം തന്നെ. നരകം ദണ്ഡനസ്ഥലമാണെന്ന പരമ്പരാഗതമായ ധാരണയെ അരക്കിട്ടുറപ്പിക്കാനുള്ള ബോധപൂർവ്വമായ ഒരു ശ്രമമല്ലേ ഇത്? മരണഫലമായ അബോധ ശൂന്യാവസ്ഥയെ കുറിക്കാൻ ബൈബിളിൽ പ്രയോഗിച്ചിരിക്കുന്ന ഷിയോൽ എവിടെ? മൃതന്മാരുടെ വിലാപഭവനമായി സങ്കല്പ്പിക്കപ്പെടുന്ന പാതാളമെവിടെ?
ഷിയോലിലെ അവസ്ഥ
ഷിയോൽ എന്തിനെ കുറിക്കുന്നു എന്നു തിരുമാനിക്കേണ്ടത് അതിന്റെ സ്വഭാവത്തെ സംബന്ധിച്ച വിവരണത്തിൽ നിന്നാണു. ദണ്ഡനത്തിന്റെയും ദീനരോദനങ്ങളുടെയും സ്ഥാനമായ നരകമാണു ഷിയോൽ എന്ന ധാരണയ്ക്ക് വിപരീതമായി വേദം പറയുന്നു. "നീ ചെല്ലുന്ന പാതാളത്തിൽ (ഷിയോൽ) പ്രവൃത്തിയോപ്പ് സൂത്രമോ അറിവോ ജ്ഞാനമോ ഒന്നുമില്ല( സഭാ പ്ര 9:10) " മരണത്തിൽ നിന്നെക്കുറിച്ചു ഓർമ്മയില്ലല്ലോ; പാതാളത്തിൽ (ഷിയോൽ) ആർ നിനക്കു സ്തോത്രം ചെയ്യും? പാതാളം (ഷിയോൽ-ശവക്കുഴി) നിന്നെ വാഴ്ത്തുന്നില്ല, മരണം നിന്നെ സ്തുതിക്കുന്നില്ല.(സങ്കീ 6:5; യെശ38:18) ഇതിൽ നിന്നും ഷിയോൽ ശവക്കുഴി തന്നെ എന്നു തെളിയുന്നു. ഈ വിവരണപ്രകാരമുള്ള നിഷ്കൃയമൂകമായ സ്ഥാനം ശവക്കുഴിയല്ലാതെ മറ്റെന്താണു? തുടർന്നു വരുന്ന ന്യായങ്ങൾ ഈ വാദത്തെ സ്ഥിരീകരീക്കും.
ദുഷ്ടന്മാർ മാത്രമല്ല ശിഷ്ടന്മാരും ഷിയോലിൽ
ദുഷ്ടമർദ്ദനത്തിനുള്ള നരകമാണു ഷിയോലെങ്കിൽ ദുഷ്ടശിഷ്ടഭേദംവിനാ മരണത്തിൽ എല്ലാവരും ഷിയോലിലേയ്ക്കു പോകുന്നുവെന്ന് ബൈബിൾ പറയുമോ? ഉദാഹരണമായി യാക്കോബ് ഷിയോലിലേയ്ക്ക് പോയി എന്നു വേദം പറയുന്നു. (ഉല്പ 37:35) ജോബാകട്ടെ ഷിയോലിനായി വാഞ്ഛിക്കുന്നു. പുനരുത്ഥാനത്തിന്റെ നാൾ വരെ അവിടം ഒളിപ്പിടമായി അവൻ അഭിലഷിക്കുന്നു.(യോബ് 14:13) ഷിയോൽ ദണ്ഡനസ്ഥലമെങ്കിൽ ജീവിതയാതനകൾക്ക് വിരാമമിടുന്ന ഒരു വിശ്രമസ്ഥാനമായി ജോബു അതിനെ പരിഗണിക്കുമോ?
യേശു ഷിയോലിൽ !
യേശു തന്റെ ആത്മാവിനെ മരണത്തിനു ഒഴുക്കിക്കളഞ്ഞു (യെശ 53:10,12) എന്നും അവൻ ഷിയോലിലേക്ക് ഇറങ്ങി എന്നും എന്നാൽ അവന്റെ ആത്മാവ് ഷിയോലിൽ വിട്ടുകളയപ്പെട്ടില്ല(സങ്കീ 16:10; അപ്പൊ 2:27,31) എന്നും തിരുവെഴുത്തുകൾ ഉപദേശിക്കുന്നു. ഇംഗ്ലീഷ് പഴയ ഭാഷാന്തരത്തിൽ നരകം എന്ന പദമാണു ഷിയോലിനു പകരം പ്രയോഗിച്ചിരിക്കുന്നത്. അതായത് ക്രിസ്തു നരകഗ്രസ്തനായി എന്ന്. ഇതിൽ നിന്ന് നിത്യദണ്ഡനത്തിനുള്ള ഒരു നരകകൂപമല്ല, കേവലം ശവക്കുഴിയാണു ഷിയോൽ എന്നു സംശയാതീതമായി തെളിയുന്നു. നരകത്തെപ്പറ്റിയുള്ള പരമ്പരാഗതമായ ധാരണ അത് ദുർജ്ജന മർദ്ദനത്തിനുള്ള ഒരു തടങ്കൽ പാളയമാണെന്നാണല്ലോ. അങ്ങനെയുള്ള ഒരു നരകത്തിൽ ക്രിസ്തു പതിച്ചു എന്നു വിചാരിക്കുന്നത് എത്ര അപഹാസ്യം!
(തുടരും)
1 comment:
nalla nireekshanam.
Post a Comment