Monday, July 4, 2011

ധനവാനും ലാസറും (ലൂക്കാ 16:19-31) ഒന്നാം ഭാഗം

ധനവാൻ നരകത്തിൽ

അനേകരും വളരെയധികം തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു വിഷയമാണു നരകമെന്നത്. മരണാനന്തരം ദുഷ്ടന്മാരെ നിത്യമായി ദണ്ഡിപ്പിക്കുന്ന സ്ഥലമെന്നാണു നരകത്തെപ്പറ്റി പൊതുവേയുള്ള വിശ്വാസം. ധനവാനും ലാസറും എന്ന ഉപമ വിശ്വാസത്തെ സ്ഥിരീകരിക്കുന്നതായി പലരും ധരിച്ചിട്ടുണ്ട്. അതു കൊണ്ട് പ്രസ്തുത ഉപമയുടെ നിരൂപണത്തിൽ നരകം എന്ന വിഷയത്തെപ്പറ്റി ആമുഖമായി അല്പം പ്രതിപാദിച്ചു കൊള്ളട്ടെ.

നരകം എന്നാൽ എന്ത്?

നരകം എന്നു കേൾക്കുമ്പോൾ നിത്യദണ്ഡനത്തിന്റെ ഒരു അഗ്നികുണ്ഡം എന്ന ആശയമാണു പെട്ടെന്ന് മനസ്സിലുദിക്കുക. ഈ ചിന്താഗതിക്ക് വേദത്തിൽ യാതൊരു അടിസ്ഥാനവുമില്ല. ഇത് അന്ധകാരയുഗങ്ങൾ എന്നു അറിയപ്പെടുന്ന കാലഘട്ടത്തിന്റെ പ്രാരംഭത്തിൽ പുറജാതിമതത്തിൽ നിന്ന് ക്രിസ്തുമാർഗ്ഗത്തിൽ കടന്നു കൂടിയതാണു. അതു കൊണ്ട് ഇന്നു ക്രൈസ്തവ ലോകം വിശ്വസിക്കുന്നത് വേദം ഉപദേശിക്കുന്ന വിധമുള്ള നരകത്തിലല്ല അന്ധകാരയുഗങ്ങളിലെ സങ്കല്പവസ്തുവായ നരകത്തിലാണു.

ഷിയോൽ എന്നാൽ എന്ത്?

മരണത്തിന്റെ ശൂന്യവും അബോധപൂർവ്വവുമായ അഭാവസ്ഥിതിതന്നെ ഷിയോൽ. അതാണു ദുഷ്ടശിഷ്ട ഭേദംവിനാ എല്ലാവർക്കും മരണത്തിങ്കൽ വന്നുകൂടുന്ന ഗതി. പുനരുത്ഥാനത്തിൽ മരണനിദ്രയിൽ നിന്ന് ഉണരുന്നതു കൊണ്ടല്ലാതെ ആർക്കും അതിൽ നിന്നും മോചനം ലഭിക്കയില്ല.

ദുഷ്ടന്മാർ ഷിയോലിലേക്ക്

1 രാജാ 2:6,9;സങ്കീ 65:15; സദൃ 7:2; 9:18 മത്തായി 11:23 ഒത്തു നോക്കുക

ശിഷ്ടന്മാർ ഷിയോലിലേക്ക്

ഉല്പ 37:35;42:38; ജോബ് 14:13; 17:13; സങ്കീ 16:10; അപ്പോ 2:27-31 ഒത്തു നോക്കുക. സങ്കീ 86:13; 17:13

പുനരുത്ഥാനം വഴി വിമോചനം ആശിക്കാവുന്ന ഒരു അവസ്ഥയാണു ഈ അർത്ഥത്തിൽ ഷിയോൽ.

2)നന്മയിലേക്ക് മടങ്ങിവരാൻ അസാദ്ധ്യമായ മനഃപൂർവ്വദുഷ്ടന്മാരുടെ പരിപൂർണ്ണവും നിത്യവുമായ ഉന്മൂലനത്തിന്റെ അവസ്ഥ. സങ്കീ 37:38; 145:20; യെശ 1:28; 23:17; ഒബെ 16.

ഷിയോൽ = ഹേഡിസ്

പുതിയ നിയമത്തിലെ ഗ്രീക്കു മൂലപദത്തിൽ ഷിയോൽ എന്നതിനു സമാന്തരമായി വരുന്ന പദം ഹേഡിസ് എന്നത്രെ. ഇതു മുൻപറഞ്ഞ ആദാമ്യമരണാവസ്ഥയെ കുറിക്കുന്നു.

ഗിഹെന്ന

ഹേഡീസ് എന്നവണ്ണം പുതിയനിയമത്തിൽ നരകം എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മറ്റൊരു ഗ്രീക് മൂലപദമുണ്ട്. അതാണു ഗിഹെന്ന.

ഇതിനു തുല്യമായ പഴയനിയമ എബ്രയാ മൂലപദം ഗി-ഹെന്നോം എന്നാണു. ഇത് എന്തിനെ കുറിക്കുന്നു? ഈ പദത്തിനു ഹിന്നോമിന്റെ താഴ്വര എന്നർത്ഥം. ഇതു യെരുശലേമിനു വെളിയിലുള്ള ഒരുസ്ഥാനമാണു. നഗരത്തിലെ മലിനപദാർത്ഥങ്ങളും ജീർണ്ണശിഷ്ടങ്ങളും ഈ താഴ്വരയിലേയ്ക്കാണു നീക്കം ചെയ്തിരുന്നത്. അവിടെ അവ കൃമിച്ചോ ഗന്ധകം കലർന്ന തീയിൽ ഭസ്മീഭവിച്ചോ നശിച്ചിരുന്നു. അതു കൊണ്ടാണു അവിടെ അവരുടെ പുഴു ചാകുന്നില്ല, തീ കെടുന്നതുമില്ല എന്നു ഗീഹെന്നയെപ്പറ്റി (മർക്കോ 9:43-48) പറയുന്നത്. ഗീഹെന്നാ രണ്ടാം മരണത്തിന്റെ പ്രതീകമാണു. എന്ത് കൊണ്ട്? ഹിന്നോമിന്റെ താഴ്വരയിൽ തള്ളപ്പെടുന്ന വസ്തുക്കൾ കൃമിക്കിരയായോ വെന്തു വെണ്ണീറായോ നിശ്ശേഷം നശിച്ചു നാമാവശേഷമാകുന്നു. രണ്ടാം മരണത്തിന്റെ സർവ്വസംഹാരകമായസ്വഭാവം ഇതിലേറെ ഭംഗിയായി ചിത്രീകരിക്കുന്നതെങ്ങനെ? മറിച്ച് അക്ഷരാർത്ഥത്തിൽഹിന്നോമിന്റെ താഴ്വരയിൽ ചിരഞ്ജീവികളായ പുഴുക്കളും അക്ഷയമായ ചിതാഗ്നിയുമുണ്ടെന്നല്ല, ആ തീയും പുഴുക്കളും അവയ്ക്കിരയാകുന്ന വസ്തുക്കളുടെ സമ്പൂർണ്ണ നാശം സുനിശ്ചിതമാക്കുന്നപ്രകാരം രണ്ടാം മരണം വഴി ദുഷ്ടന്മാർ എന്നേയ്ക്കുമായി നിഗ്രഹിക്കപ്പെടുമെന്ന വേദോപദേശം ഈചിത്രത്തിലൂടെ ദുഢീഭവിക്കുന്നു .

ഉപമകൾ ലഷ്യാർത്ഥ കഥനങ്ങൾ

ബൈബിളിലുള്ള ചില ഉപമകളും ആലങ്കാരിക പ്രതിപാദനങ്ങളും അക്ഷരാർത്ഥത്തിൽ വിവക്ഷിച്ച് പാപത്തിന്റെ ശിക്ഷ നിത്യദണ്ഡനമാണെന്ന് ചിലർ ധരിക്കുന്നു. മാനവരാശിയുടെ ഉദ്ധാരണത്തിനുള്ള ഒരേയൊരുനാമമായ ക്രിസ്തുവിനെപ്പറ്റി (അപ്പോ 4:12; യോഹ 14:6) കേട്ടിട്ടില്ലാത്തവർ ഇൾപ്പെടെ ആയുസ്സിൽ പാപശാന്തി നേടാതെ മണ്മറഞ്ഞ ബഹുസഹസ്രം മനുഷ്യരേ മഹാദൈവം നരകാഗ്നിയിൽ നിത്യകാലം ദണ്ഡിപ്പിച്ചു കൊണ്ടിരിക്കുമത്രെ. നിത്യദണ്ഡനോപദേശത്തിനു തെളിവായി അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിച്ചു പോരുന്ന ഇങ്ങനെയുള്ള ഉപമകളിൽ പ്രധാനമാണു ധനവാനും ലാസറും. കഥയൊരു ഉപമയാണെന്ന് ബൈബിൾ തന്നെ പറയുന്നു. എന്തെന്നാൽ യേശു ജനത്തോട് ഉപമ കൂടാതെ ഒന്നും പറഞ്ഞില്ല. (മത്താ 13:34,35; ലൂക്കാ 8:10) ജനപ്രമാണികളും അസൂയ കോമരങ്ങളുമായ പരിശന്മാരോടാണു ഉപമ പറഞ്ഞത്. അവർ ന്യായപ്രമാണത്തിന്റെ അനുഷ്ഠാനത്തിലൂടെ മനുഷ്യരുടെ മുൻപാകെ തങ്ങളെത്തന്നെ നീതികരിക്കാൻ ശ്രമിച്ചിരുന്നു. ന്യായപ്രമാണയുഗമാകട്ടെ അതിന്റെ അന്ത്യഘട്ടത്തോട് അടുത്തു കഴിഞ്ഞിരുന്നു. സുവിശേഷയുഗത്തിനു മുൻപുള്ള പ്രവാചകന്മാരുടെ പരമ്പരയിലെ അവസാന കണ്ണിയായിരുന്നു യോഹന്നാൻ സ്നാപകൻ(ലൂക്കോ 16:14-16)

ഉപമകൊണ്ട് എന്തു വസ്തുതയാണു തെളിയിക്കുവാൻ യേശുക്രിസ്തു ആഗ്രഹിച്ചത്? ദൈവത്തിന്റെ പ്രത്യേക കൃപയിലേയ്ക്കുള്ള ജാതികളുടെ അംഗീകാരവും യഹൂദ ജനതയുടെ തിരസ്കാരവും ആസന്നമായിരിക്കുന്നു എന്ന വസ്തുത തന്നെ.

കഥാ സ്വരൂപം

ഉപമ അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിക്കുന്നവർ സങ്കല്പിക്കുന്ന കഥാ സ്വരുപം ഏതാണ്ടിപ്രകാരമാണു. സുഖലോലുപനായി ജീവിച്ചിരുന്ന ഒരു മഹാധനികൻ. കുബേരന്റെ പടിപ്പുരയ്ക്കൽ അയാളുടെ മേശയിൽ നിന്ന് വീഴുന്ന അപ്പക്കഷണങ്ങൾ പ്രതീക്ഷിച്ചു കിടന്നിരുന്ന ദരിദ്രനായ ലാസർ. അങ്ങനെയിരിക്കെ മരണം ലാസറിന്റെ ജീവിതത്തിനു വിരാമമിട്ടു. ദൈവദൂതന്മാർ അബ്രഹാമിന്റെ മടിയിലേക്ക് അയാളെ കൊണ്ട് പോയി. സ്വർഗ്ഗത്തിലേയ്ക്കെന്നാണു സങ്കല്പം. അനന്തരം ധനവാനും നിര്യാതനായി. അയാൾ ഹേഡീസിലേക്ക്-നരകം,പാതാളം-പോയി. അവിടെ അയാൾ ദണ്ഡനമനുഭവിക്കാൻ തുടങ്ങി. ദൂരത്ത് അബ്രഹാമിന്റെ മടിയിൽ ലാസർ ഇരിക്കുന്നത് അപ്പോൾ അയാളുടെ ദൃഷ്ടിയിൽപ്പെട്ടു. അബ്രഹാമിനോട് അയാൾ കരുണയാചിച്ചു വിരലിന്റെ അഗ്രം വെള്ളത്തിൽ മുക്കി ധനവാന്റെ നാവിനെ തണുപ്പിക്കാൻ ലാസറിനെ അയയ്ക്കണമെന്നായിരുന്നു അപേക്ഷ. അപേക്ഷ നിഷ്കരുണം തള്ളപ്പെട്ടു. ധനവാൻ അവന്റെ ആയുസ്സിൽ നന്മയും ലാസർ തിന്മയും അനുഭവിച്ചു എന്നും ഇരു കക്ഷികൾക്കുമിടയിൽ ദുസ്തരമായ് ഒരു പിളർപ്പുണ്ടെന്നുമുള്ള അടിസ്ഥാനത്തിലാണു അപേക്ഷ തിരസ്കരിക്കപ്പെട്ടത്. തന്റെ അഞ്ചു സഹോദരങ്ങൾക്കെങ്കിലും ദുരവസ്ഥ സംഭവിക്കാതിരിക്കാൻ അവരെ ഉപദേശിക്കുന്നതിനു ലാസറേ അയയ്ക്കണമെന്ന അപേക്ഷയും നിരസ്സിക്കപ്പെട്ടു. അവർ മോശയുടെയും പ്രവാചകന്മാരുടെയും വാക്കുകൾ കേൾക്കട്ടെ എന്നായിരുന്നു അബ്രഹാമിന്റെ മറുപടി. മരിച്ചവരിൽ നിന്ന് ഒരുവൻ ചെല്ലുന്ന പക്ഷം അവർ മനം തിരിയുമെന്നായിരുന്നു ധനവാന്റെ വാദം. മോശയുടെയും പ്രവാചകന്മാരുടെയും വാക്ക് വിഫലമാകുന്നിടത്ത് മരിച്ചവൻ എഴുന്നേറ്റ് ചെന്നാലും വിജയമുണ്ടാകില്ലെന്നായിരുന്നു അബ്രഹാം.

അക്ഷരിക വ്യാഖ്യാനം

1)
ദൈവസ്വഭാവത്തിനു വിരുദ്ധം

യിരെമ്യ 9:24 ദൈവസ്വഭാവം ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു. "യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു." ഇവിടെ ശക്തി, സ്നേഹം, ജ്ഞാനം, നീതി എന്നിങ്ങനെ ദൈവസ്വഭാവത്തിൽപ്പെട്ട നാലു ലക്ഷണങ്ങൾ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. എങ്ങനെയെന്നാൽ പ്രവൃത്തിയിൽ ശക്തിയുടെ വ്യാപാരം അന്തർഭവിക്കുന്നു. ദയയിൽ സ്നേഹവും ന്യായബോധത്തിൽ ജ്ഞാനവും ഉൾപ്പെടുന്നു. ദൈവത്തിന്റെ സ്വഭാവലക്ഷണങ്ങളെ വെളിപ്പെടുത്തുന്ന മറ്റു വേദഭാഗങ്ങളുമുണ്ട്. യെഹ 1:5-14; വെളി 4:6,7 ഇതിലേക്ക് എടുത്തു കാട്ടാം. ഇവിടെ കഴുകൻ ജ്ഞാനത്തേയും സിംഹം ശക്തിയേയും കാള നീതിയേയും മനുഷ്യമുഖം സ്നേഹത്തേയും കാണിക്കുന്നു. ജോബ് 37:23; ആവ 32:4 ആദിയായ വേദഭാഗങ്ങളുമുണ്ട്.

(a)
അക്ഷരിക വ്യാഖ്യാനം ദൈവത്തിന്റെ ജ്ഞാനത്തിനു വിരുദ്ധം. കാരണം ജ്ഞാനത്തിനു പ്രയോജനകരമായ ലക്ഷ്യങ്ങൾ നേടാനുപകരിക്കുന്ന മാർഗ്ഗങ്ങൾ ആവിഷ്ക്കരിക്കാൻ കഴിയും. ധനവാനെ എക്കാലവും ദണ്ഡിപ്പിച്ചു കൊണ്ടിരിക്കുന്നതു കൊണ്ട് എന്തു പ്രയോജനമാണുണ്ടാവുക?

(b)
നീതിക്കു വിരുദ്ധം. പാപത്തിന്റെ ശബളം മരണം (റോമ 6:23) എന്ന പ്രമാണമനുസരിച്ച് നീതി ആവശ്യപ്പെടുന്നത് പാപിയുടെ ജീവനാണു. "സകല ദുഷ്ടന്മാരെയും അവൻ നശിപ്പിക്കും" (സങ്കീ 145:20) എന്നു ദൈവത്തെപ്പറ്റി പറഞ്ഞിരിക്കുന്നു. അതു കൊണ്ട് പാപികളെ ഒടുക്കാതെ നിത്യകാലം ദണ്ഡിപ്പിച്ചു കൊണ്ടിരിക്കുന്നത് നീതിയുടെ സ്പഷ്ടമായ ലംഘനമാണു.

(c)
ദൈവ സ്നേഹത്തിനു നിരക്കാത്തത്. ദൈവസ്നേഹം വേണ്ട വണ്ണം അറിയുന്നവർ അവൻ തന്റെ സൃഷ്ടികളെ അവരുടെ സമാശ്വാസത്തിനായി വല്ലതും ചെയ്യാതെ അവരെ അവിരാമമായി ദണ്ഡിപ്പിച്ചു കൊണ്ടിരിക്കുമെന്ന് എങ്ങനെ വിശ്വസിക്കും?

(d)
ദൈവശക്തിക്കും വിരുദ്ധം. മനുഷ്യരാശിയുടെ നന്മയ്ക്ക് വേണ്ടിയുള്ള മാർഗ്ഗങ്ങൾ അവലംബിച്ചു നടപ്പാക്കാൻ കഴിയുന്നതാണു ശക്തി. (ഉല്പ 12:1-3) ആത്മനിയന്ത്രണവും ക്ഷമയും ശക്തിയുടെ സ്വഭാവമാണു. ജ്ഞാനം, നീതി, സ്നേഹം ഇവയോട് പൊരുത്തപ്പെടുന്ന നിലയിലേ ശക്തി പ്രവർത്തിക്കു. തന്മൂലം ധനവാനെ ദണ്ഡിപ്പിക്കുന്നത് ദൈവശക്തിയുടെയല്ല പൈശാചിക ശക്തിയുടെ പ്രയോഗമായിരിക്കും. ഇങ്ങനെ ചിന്തിക്കുമ്പോൾ അക്ഷരിക ഭാഷ്യം ദൈവസ്വഭാവത്തിന്റെ നാനമുഖമായ ഘടകങ്ങൾക്കും എതിരാണു.

2)
അക്ഷരിക വ്യഖ്യാനം മറുവിലയുടെ തത്വത്തിനു വിരുദ്ധം

മേൽ ചൂണ്ടികാണിച്ച പ്രകാരം പാപത്തിന്റെ ശമ്പളം മരണം ആണെന്നു ഉല്പ 2:17 തെളിയിക്കുന്നു. മരിച്ചയാതനയിലുള്ള നിത്യായുസ്സ് അല്ല. റോമ 6:23 ഒത്തു നോക്കുക. ആദാമിന്റെ ലംഘനം മൂലം അവന്റെ വർഗ്ഗമാകെ പാപത്തിലും അപൂർണ്ണതയിലും പതിച്ചിരിക്കുന്നു. തന്മൂലം അവരില്‍ ആർക്കും യതൊരുവിധത്തിലും തന്റെ സഹോദരനെ വീണ്ടു കൊൾവാനോ അവനു വേണ്ടി ദൈവത്തിനു വീണ്ടെടുപ്പ് വില കൊടുപ്പാനോ സാദ്ധ്യമല്ല. (സങ്കീ 49:7) അവരുടെ വീണ്ടെടുപ്പിനു ഒരു പരിപൂർണ്ണ മനുഷ്യജീവനാണു ദൈവനീതി ആവശ്യപ്പെടുന്നത്. കാരണം ആദാമിനും അവന്റെ വർഗ്ഗത്തിനും ഏദനിൽ നഷ്ടമായത് പരിപൂർണ്ണ മനുഷ്യജീവനാണു. ആദാമിനും അവൻ ലംഘനം ചെയ്യുമ്പോൾ അവന്റെ കടിപ്രദേശത്തുമുണ്ടായിരുന്ന വർഗ്ഗത്തിനും അപ്രകാരമുള്ളൊരു മറുവില അഥവ വീണ്ടെടുപ്പ് വില "എല്ലാവർക്കും വേണ്ടി തന്നെത്താൻ മറുവിലയായി കൊടുത്ത മനുഷ്യനാം ക്രിസ്തുയേശുവിൽ (1 തിമേ 2:5,6) നാം കണ്ടെത്തുന്നു. "അവൻ എല്ലാവർക്കും വേണ്ടി മരണം ആസ്വദിച്ചു" (എബ്ര 2:9 മത്താ 20:28; മർക്കോ 10:45) പൗലോസ് അപ്പസ്തോലൻ 1 കൊരി 15:3; താൻ പ്രാപിക്കുകയും പ്രഖ്യാപിക്കുകയും ചെയ്ത സുവിശേഷത്തിന്റെ പരമതത്വമെന്തെന്ന് പ്രസ്താവിക്കുന്നു." ക്രിസ്തു നമ്മുടെ പാപങ്ങൾക്ക് വേണ്ടി തിരുവെഴുത്തുകളിൻ (പഴയനിയമം) പ്രകാരം മരിച്ച് എന്നതാണു അത്.

മാനവരാശിക്കാകെ മറുവിലയാകേണ്ടതിൻ ക്രിസ്തു നിത്യദണ്ഡനമനുഭവിക്കയല്ല, മരിക്കുകയാണു വേണ്ടത് എന്നു പ്രസ്താവിക്കുന്ന പ്രവചന സ്വഭാവത്തിലുള്ള ഏതാനും പഴയ നിയമ തിരുവെഴുത്തുകൾ പരിശോധിക്കാം. 22 സങ്കീർത്തനം ക്രിസ്തു മരണം കൊണ്ടു ക്രൂശിലേമരണം കൊണ്ട് തന്നെ- മറുവിലയായി തീർന്നതിന്റെ വിശദമായ പ്രാവചനീക വിവരണമാണു. യെശ 53:4-12 "ജഡമായി തീർന്ന" ദൈവപുത്രനേ സംബന്ധിച്ച് ഇതേ സാക്ഷ്യം തന്നേ തരുന്നു. (യോഹ 1:14;3:16,17) നമുക്ക് വേണ്ടിയുള്ള പാപയാഗമെന്ന നിലക്ക് നമ്മുടെ ബലഹീനതകളെ അവൻ ചുമന്നു; നമ്മുടെ ദുഃഖങ്ങൾ അവൻ വഹിച്ചു. നമ്മുടെ ലംഘനങ്ങൾക്കു വേണ്ടി മുറിവേറ്റു. നമ്മുടെ അനീതികൾക്ക് വേണ്ടി തകർന്നു. നമ്മുടെ സമാധാനത്തിനുള്ള ശിക്ഷ അവന്റെ മേൽ ആയി (റോമ 5:1)അവന്റെ അടിപ്പിണരാൽ നമുക്ക് സൗഖ്യം ലഭിച്ചു. നമ്മുടെയെല്ലാവരുടെയും അകൃത്യം യഹോവ അവന്റെ മേൽ ചുമത്തി (യെശ 53:4-6) ജീവനുള്ളവരുടെ ദേശത്ത് നിന്ന് മിശിഹാതന്റെ മനുഷ്യാവസ്ഥയിൽ ഛേദിക്കപ്പെട്ടു. അവർ അവനു ദുഷ്ടന്മാരോട് കൂടി ശവക്കുഴി കൊടുത്തു. അവൻ തന്റെ മരണത്തിൽ സമ്പന്നന്മാരോട് കൂടിയായിരുന്നു. അവൻ തന്റെ പ്രാണനെ മരണത്തിനൊഴുക്കി കളഞ്ഞു. (യെശ 53:8-12) ദാനി 9:26 മിശിഹാ ഛേദിക്കപ്പെടുമെന്നു മുന്നെഴുതിയിരിക്കുന്നു.

പാപത്തിന്റെ ശിക്ഷ മരണമാണെന്ന് തിരുവെഴുത്തുകൾ ഇത്രവ്യക്തമായി പഠിപ്പിക്കെ ഉപമയുടെഅക്ഷരിക വ്യഖ്യാനം മറുവിലയുടെ തത്വത്തിനു എത്ര എതിരായിരിക്കുന്നു. പാപത്തിന്റെ ശിക്ഷനിത്യദണ്ഡനമാണെങ്കിൽ നാമെല്ലാം തീർച്ചയായും നിത്യദണ്ഡനം അനുഭവിക്കേണ്ടിവരും. കാരണംഅപ്രകാരമുള്ളൊരു ശിക്ഷയിൽ നിന്നു നമ്മേ മോചിപ്പിക്കുന്നതിനായി ക്രിസ്തു അങ്ങനെയുള്ളൊരുശിക്ഷ അനുഭവിച്ചിട്ടില്ല.

കൂടാതെ അക്ഷരിക വ്യഖ്യാനം ധനവാനോ ലാസറിനോ ജീവനുവേണ്ടിയുള്ള പരിശോധനയ്ക്ക് ഒരുഅവസരമുണ്ടെന്നുള്ള സത്യത്തിനു എതിരാണു. കാൽ‍വരിയിലെ ക്രൂശിൽഅപ്രകാരമുള്ളൊരവസരത്തിന്റെ വാഗ്ദാനമുണ്ട്. പരിശോധനയുടെ അവസരത്തിൽ ക്രിസ്തുനിയമലംഘികൾ എന്ന നിലയിൽ അവർക്കു വേണ്ടി ഇടനിൽക്കും. ക്രിസ്തുവിന്റെപ്രായശ്ചിത്തത്തിന്റെ പുണ്യം കൂടാതെ ആർക്കും നിത്യമായ അനുഗ്രഹത്തിനു അവകാശമില്ല. ഇതുകാൽ‍വരിക്കു ശേഷമേ സാധിക്കു. (അപ്പോ 4:12) അവൻ ദൈവകൃപയാൽ എല്ലാവർക്കും വേണ്ടിമരണം ആസ്വദിച്ചു. (എബ്ര 2:9;1 തിമോ 4:10;1 യോഹ 2:2) അതു കൊണ്ട് ക്രിസ്തുവിന്റെമരണത്തിനു മുൻപ് ഒരു അക്ഷരിക ധനവാനെ അക്ഷരിക ദണ്ഡനത്തിനു ശിക്ഷിക്കുന്നത് ധനവാൻകൂടി ഉൾപ്പെട്ട എല്ലാവർക്കും വേണ്ടിയുള്ള മറുവിലയുടെ നിഷേധം ആയിരിക്കും (1 തിമോ 2:6)

3) അക്ഷരിക വ്യഖ്യാനം നരകത്തെ (ഷിയോൽ) സംബന്ധിച്ച വേദസിദ്ധാന്തത്തിനു വിരുദ്ധം.

ഷിയോൽ (നരകം) ഒരു അബോധ ശൂന്യാവസ്ഥ. അന്യത്ര വിശദമാക്കിയ പ്രകാരം നരകം(ഷിയോൽ-ഹേഡീസ്-ഗീഹെന്ന) ബോധചിത്തവിചാരങ്ങളുടെ വിരാമത്തിൽ കലാശിക്കുന്ന മരണത്തിന്റെ അഭാവസ്ഥിതിയേ (ആസ്തക്യനാശത്തേ)കാണിക്കുന്നു. ഇതു ജീവന്റെ വിപരിതാവസ്ഥയാണു. ഷിയോലിലെ (ഹേഡീസ്) അബോധസ്ഥിതിയിൽ നിന്ന് പുനരുത്ഥാനത്തിൽ മനുഷ്യൻ ഉണർത്തപ്പെടും. എന്നാൽ ഗീഹെന്നായിൽ നിന്ന് പുനരുത്ഥാനം ലഭിക്കുന്നതല്ല. അത് ആസ്തക്യത്തിൽ നിന്നുള്ള നിത്യഛേദനത്തിന്റെ അവസ്ഥയാണു. ഇതു തന്നെ രണ്ടാം മരണം ( വെളി 20:14,15;21:8 ഈ ഭാഗങ്ങളിൽ പറയുന്ന അഗ്നി തടാകം ഇതത്രെ.) മത്താ 25:41,46; മർക്കോ 9:44,46,48; വെളി 20:10-15;21:8 രണ്ടാം മരണത്തെ പരാമർശിക്കുന്ന ഏതാനും വേദഭാഗങ്ങൾ ആണു. പഴയ ഇംഗ്ലീഷ് ഭാഷാന്തരത്തിൽ അനേക തവണ സന്ദർഭാനുസരണം ഷിയോൽ, ഹേഡീസ് ഇവ നരകമെന്നായാൽ അഥവ ശവക്കുഴിയെന്നു ശവക്കുഴിയെന്നായാൽ അഥവ നരകമെന്നും മാർജ്ജിനിൽ കുറിച്ചിരിക്കുന്നു. അതു കൊണ്ട് നരകം ശവക്കുഴി ഇവ തുല്യാർത്ഥമെന്നു വരുന്നു. അതായത് മരണത്തിൽ സംഭവിക്കുന്ന ഇല്ലായ്മയുടെ അവസ്ഥ. (സങ്കീ 49:15; 55:15; 86:13; യെശ 14:9; യോനാ 2:2; 1 കൊരി 15:55 ഇവയുടെ മാർജ്ജിൻ കുറിപ്പ് നോക്കുക ഇംഗ്ലീഷ് ഭാഷാന്തരം AV)

നരകം (ഷിയോൽ) മരണത്തിന്റെ നാസ്തിത്വത്തേയും ജീവന്റെ വിപരിതാവസ്ഥയെയും കുറിക്കുന്നു എന്നു തെളിയിക്കുന്ന ഇതര വേദഭാഗങ്ങൾ ചിലതു പരിശോധിക്കാം.

1: ശമു 2:6 "യഹോവ കൊല്ലുന്നു" എന്ന വാക്യത്തിനു സമാന്തരമായി ശവക്കുഴിയിൽ (ഷിയോൽ) ഇറങ്ങുമാറാക്കുന്നു എന്ന പ്രയോഗം വരുന്നു. "ജീവിപ്പിക്കുന്നു" എന്നതിനു സമാന്തരമാണു "എഴുന്നേല്പ്പിക്കുന്നു" എന്നത്. ഈ ഇരട്ട സമാന്തരപ്രയോഗം മരണത്തിനാൽ നാം ഷിയോലിൽ പ്രവേശിക്കുകയും മരിച്ചവരുടെ പുനരുത്ഥാനത്തിൽ അതിൽ നിന്നു വിമോചനം വരുകയും ചെയ്യുന്നു എന്നു തെളിയിക്കുന്നു, അതു കൊണ്ട് അവിടെ ബോധമോ, യാതനയോ ആനന്ദമോ അനുഭവപ്പെടുകയില്ല. ശവകുടീരത്തിലെ അബോധനിദ്രാവസ്ഥയിൽ നിന്ന് പുനരുത്ഥാനത്തിൽ ഉണർത്തപ്പെടും വരെ മരിച്ചവർ ഇല്ലായ്മ പ്രാപിക്കുകയാണു.

ജോബു 14:21 "അവന്റെ പുത്രന്മാർക്ക് ബഹുമാനം വരുന്നത് അവൻ അറിയുന്നില്ല. അവർക്ക് താഴ്ചഭവിക്കുന്നത് അവൻ ഗ്രഹിക്കുന്നില്ല." പരേതരായ പിതാക്കൾ സന്തതികളുടെ സുഖദുഃഖാനുഭവങ്ങളെപ്പറ്റി അജ്ഞാതരായിരിക്കും. അവരുടെ ശ്രയോലാഭത്തിൽ അവർക്ക് ആനന്ദമോ ശ്രയോഹാനിയിൽ ദുഃഖമോ ഉണ്ടാകുന്നില്ല. അവർ ഒട്ടും ബോധവാന്മാർ അല്ല. ജോബ് 14:13;17:13 ഇവ ഷിയോലിന്റെ അന്ധകാരനിഗൂഡമായ അവസ്ഥയെപ്പറ്റി പറയുന്നു. ഈ വിവരണം സൗഭാഗ്യത്തിന്റെയോ നിത്യ ദൗർഭാഗ്യത്തിന്റെയോ സ്ഥലത്തിനല്ല. മൃതിയുടെ ശൂന്യലോകത്തിനേ യോജിക്കു.

സങ്കീ 6:5 "മരണത്തിൽ നിന്നെക്കുറിച്ച് ഓർമ്മയില്ല, പാതാളത്തിൽ (ഷിയോൽ, ശവക്കുഴി) ആർ നിനക്കു സ്തോത്രം ചെയ്യും? നീതിമാനായ ദാവീദ് നിശ്ചയമായും മരണാനന്തരം യാതനയിൽ തള്ളപ്പെടുകയില്ല. അഥവ ഷിയോലിൽ ആനന്ദത്തിന്റെ ഒരു സ്ഥാനമുണ്ടെങ്കിൽ അവൻ അവിടെ യഹോവയെ സ്തുതിക്കാതിരിക്കുമോ? എന്നാൽ ഈ വാക്യം എന്താണു തെളിയിക്കുന്നത്. മരണമൂലം ദൈവത്തേ ഓർക്കാൻ കഴിയുകയില്ല. ഷിയോലിൽ ആകയാൽ അവനെ സ്തുതിക്കുന്നതിനു അശക്തനുമായിരിക്കും. അങ്ങനെയെങ്കിൽ മൃതിയുടെ അബോധ നിദ്രാവസ്ഥയിൽ ആയിരിക്കണം ദാവീദ്. ഈ സ്ഥിതിയിൽ പുനരുത്ഥാനത്തിൽ ഉണരും വരെ ആ മരണ നിദ്രയിൽ കഴിയേണ്ടി വരും.

സങ്കീ 30:3 ഇവിടെ കുഴി എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഷിയോൽ എന്ന എബ്രയാപദമാണു. കുഴിയിൽ ഇറങ്ങുക എന്നാൽ മരിക്കുക എന്നർത്ഥം. കുഴിയിൽ ആകാതെ കാക്കുക എന്നുവെച്ചാൽ ജീവനോടിരിക്കുക എന്നു തന്നെ. ഇതേ ആശയം സങ്കീ 89:48 ലും കാണാം.

സങ്കീ 31:17 ദുഷ്ടന്മാർ ഷിയോലിൽ (ശവക്കുഴി) മൗനമായിരിക്കട്ടെ. ഷിയോൽ സൗഭാഗ്യത്തിന്റെ ഭവനമെങ്കിൽ ദുഷ്ടന്മാർക്കവിടെ പ്രവേശനമുണ്ടായിരിക്കില്ല. മറിച്ച് ദണ്ഡനത്തിന്റെ സ്ഥാനമെങ്കിൽ ആരും വാവിട്ടു നിലവിളിച്ചു പോകയില്ലോ പിന്നെ മൗനം പാലിക്കുന്നതെങ്ങിനെ.? ഷിയോൽ അബോധാവസ്ഥയെങ്കിൽ മാത്രമേ ഈ വേദവാക്യം ശരിയാകു. സങ്കീ 115:17 "മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും യഹോവയെ സ്തുതിക്കുന്നില്ല." മരണാനന്തരയാതനാ സിദ്ധാന്തത്തിനു എതിരല്ലേ ഈ വാക്യം? കാരണം മൃതിയുടെ നിശ്ശബ്ദലോകത്തിൽ മൗനത്തില്ലാതെ യാതനയുടെ ഫലമായ നിലവിളിക്ക് സ്ഥാനമില്ല. ഇനിയും ഇവിടെ വിഷയം നീതിമാന്മാരുടെ സൗഭാഗ്യവസതിയായ പറുദീസായാണെന്നു വിചാരിക്കാനും നിവൃത്തിയില്ല. അങ്ങനെയെങ്കിൽ അവിടെ യഹോവയുടെ അപദാന സങ്കീർത്തനം മുഴങ്ങിക്കൊണ്ടിരിക്കണമല്ലോ. അതു കൊണ്ട് മൃതിയുടെ മൂകലോകത്തിൽ മരിച്ചവർ ബോധവാന്മാർ അല്ലെന്നു സ്പഷ്ടം.

സങ്കീ 146:3,4 "പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്, മനുഷ്യപുത്രന്മാരിൽ ശരണപ്പെടരുത്... അവന്റെ ശ്വാസം പോകുന്നു അവൻ മണ്ണിലേക്കു മടങ്ങുന്നു. അന്നു തന്നെ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു." നമ്മുടെ ആശ്രയം ദൈവത്തിലും ക്രിസ്തുവിലും ആയിരിക്കണം. മനുഷ്യരിലായിരിക്കരുത്. കാരണം അവന്റെ ജീവശ്വാസം അവസാനിക്കുകയും അവൻ മണ്ണിലേയ്ക്ക് തിരിയുകയും ചെയ്യും. അന്നു തന്നെ അവന്റെ വിചാരശേഷി നശിക്കുന്നു. പിന്നെ അവൻ ബോധവാനല്ല. അവനു പിന്നെ സുഖദുഃഖങ്ങൾ അനുഭവപ്പെടുന്നത് എങ്ങനെ?

സഭാപ്രസംഗി 9:5,6,10 "ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്നറിയുന്നു. മരിച്ചവരോ ഒന്നും അറിയുന്നില്ല. അവർക്കു മേലാൽ ഒരു പ്രതിഫലവുമില്ല. അവരെപ്പറ്റിയുള്ള ഓർമ്മ (ഏറിയകൂറും) വിട്ടു പോകുന്നുവല്ലോ. അവരുടെ സ്നേഹവും ദേഷ്വവും അസൂയയും നശിച്ചു പോയി. സൂര്യനു കീഴെ നടക്കുന്ന ഒന്നിലും അവർക്ക് ഇനി ഒരിക്കലും (എബ്രയാ മൂലത്തിൽ ദീർഘമായ ഒരു അനിശ്ചിതകാലം) ഓഹരിയില്ല." "നീ ചെല്ലുന്ന ശവക്കുഴിയിൽ (ഷിയോൽ = പാതാളം) പ്രവൃത്തിയോ, സൂത്രമോ അറിവോ ജ്ഞാനമോ ഇല്ല. ജീവിച്ചിരിക്കുന്നവർ കുറഞ്ഞപക്ഷം ആദാമ്യശാപം നിമിത്തം മരിക്കേണ്ടവരാണെന്ന സത്യമെങ്കിലും അറിയുന്നു. മരിച്ചവരാകട്ടെ ഷിയോലിൽ അതായത് മൃതിയുടെ ലോകത്തിൽ ബോധരഹിതരായിരിക്കുന്നു. അതു കൊണ്ട് മനുഷ്യനു മരണാനന്തരം സുഖദുഃഖങ്ങൾ സങ്കല്പിക്കുന്നത് അബദ്ധം. മരിച്ചവർക്ക് അറിവുണ്ടെങ്കിൽ സുഖദുഃഖജ്ഞാനമുണ്ടായിരിക്കും. മരിച്ചവർക്ക് സ്നേഹദ്വേഷാദിവികാരങ്ങൾ നശിച്ചിരിക്കുന്നു. നീതിമാന്മാർ പറുദീസായിൽ സന്തോഷിക്കുന്ന പക്ഷം അവർ തുടർന്നും സ്നേഹിക്കേണ്ടതാണു. ദുഷ്ടന്മാരാണെങ്കിൽ ദ്വേഷിക്കയും അസൂയപ്പെടുകയും ചെയ്യേണ്ടതാണു. തങ്ങളെ പീഡിപ്പിക്കുന്ന ദൈവത്തോട് കടുത്ത ദദ്വേഷവും നന്മ അനുഭവിക്കുന്ന നീതിമാന്മാരോട് ദുസ്സഹമായ അസൂയയും ഉണ്ടായിരിക്കേണ്ടതാണു. അതു കൊണ്ട് നരകം (ഷിയോൽ) എന്നത് അബോധാവസ്ഥ തന്നെ.

യെശ 63:16 "നീയല്ലോ ഞങ്ങളുടെ പിതാവ്, അബ്രഹാം ഞങ്ങളെ അറിയുന്നില്ല. ഇസ്രയേലിനു ഞങ്ങളെ തിരിയുന്നതുമില്ല, നീയോ യഹോവേ ഞങ്ങളുടെ പിതാവ് ആകുന്നു." യെശയ്യാവ് ഇത് എഴുതുന്ന കാലത്ത് അബ്രഹാമും യാക്കോബും നിര്യാതരും തങ്ങളുടെ പിൻതലമുറകളെപ്പറ്റി അജ്ഞരുമാണെന്ന് ഈ വാക്യം തെളിയിക്കുന്നു. അതു കൊണ്ട് അക്ഷാർത്ഥത്തിലുള്ള ഒരു ധനവാനോട് അക്ഷരാർത്ഥത്തിലുള്ള അബ്രഹാം അക്ഷരാർത്ഥത്തിൽ തന്നെ സംസാരിച്ചു എന്ന് ഈ ഉപമയിൽ നിന്ന് ധരിക്കുന്നത് അനുചിതം തന്നെ. കാരണം അബ്രഹാം മരിക്കുകയും അവന്റെ മനോവൃത്തികൾക്ക് വിരാമം ഭവിക്കുകയും ചെയ്തു.

പ്രേതാത്മവാദത്തേ തീർത്തും നിഷേധിക്കുന്നതാണു മേൽവാക്യങ്ങൾ എന്നു സന്ദർഭവശാൽ പറഞ്ഞു കൊള്ളട്ടെ. പ്രേതാന്മവാദികൾ പരേതരായ ബന്ധുമിത്രാദികൾക്ക് നാമുമായി സമ്പർക്കം പുലർത്താൻ കഴിയുമെന്നാണല്ലോ വാദിക്കുന്നത്. പ്രേതാന്മാക്കളുമായുള്ള സമ്പർക്കം തോന്നിപ്പിക്കുന്ന അനുഭവങ്ങളിൽ ഭൂരിഭാഗവും വെറും തട്ടിപ്പാണു. അമ്മാതിരി സന്ദർഭങ്ങളിൽ മദ്ധ്യവർത്തികൾ നമ്മളെ വഞ്ചിക്കുകയാണു. എന്നാൽ ഈ അനുഭവങ്ങളിൽ ഒരു ഭാഗം യാഥാർത്ഥമാണു. പക്ഷെ പ്രേതാത്മവാദികൽ സിദ്ധാന്തിക്കുന്നത് പോലെ മരിച്ചു പോയവരുടെ ആത്മാക്കളല്ല ജീവിച്ചിരിക്കുന്നവരുമായി സംഭാഷിക്കുന്നത്. പരേതരായ ബന്ധുക്കളും സുഹൃത്തുക്കളും ആയി അഭിനയിക്കുന്ന ദുഷ്ടാത്മാക്കളാണു അപ്രകാരം പെരുമാറുന്നത്. നമ്മുടെ ജീവിതരഹസ്യങ്ങൾ അവർക്ക് അറിയാം. നമ്മുടെ വിചാരഗതികൾ അവർക്കൊരു തുറന്ന പുസ്തകമാണു. അങ്ങനെ നാമോ നമ്മുടെ പരേതസുഹൃത്തുക്കളോ ഒഴികേ വേറാരും ഗ്രഹിച്ചിട്ടില്ലെന്നു നാം കരുതുന്ന കാര്യങ്ങൾ അവർ വിളിച്ചു പറയുന്നു. ഈ അറിവിനെ ആയുധമാക്കി നമ്മോടു സംഭാഷിക്കുന്നത് കഥാവശേഷരായ നമ്മുടെ ബന്ധു മിത്രാദികളാണെന്ന് നമ്മെ ബോദ്ധ്യപ്പെടുത്താൻ അവർ ശ്രമിക്കുന്നു. മരിച്ചവർ ഇല്ലായ്മ പ്രാപിക്കുന്നു എന്ന വേദസത്യം അറിയാത്തവർ ശത്രുവിന്റെ വഞ്ചനയിൽ അകപ്പെട്ട് അവന്റെ സ്വാധീനവലയത്തിൽ അമരാൻ ഇടവരുന്നു.

മരണം നിദ്രയോടു സദൃശ്യം. മരണാവസ്ഥയെ വിശദമാക്കാൻ ബൈബിൾ ഉപയോഗ്ഗിക്കുന്ന സാദൃശ്യങ്ങളിൽ ഒന്നാണു നിദ്ര. കാരണം ഒരാൾ സ്വപ്നാതീതമായ ഗാഡനിദ്രയിൽ ആയിരിക്കുമ്പോൾ ചുറ്റുപാടും നടക്കുന്ന സംഭവങ്ങളെ സംബന്ധിച്ച് ഒട്ടും ബോധവാനല്ല.

ദാനിയേൽ 12:2 "ഭൂമിയിലെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവനായും ചിലർ ലജ്ജയ്ക്കും നിത്യനിന്ദക്കുമായും ഉണരും." ഇവിടെ മൃതന്മാർ ഭൂമിയിലെ പൊടിയിൽ നിദ്രകൊള്ളുന്നതായി പറയുന്നു, എന്നാൽ മിശിഹാ ലോകത്തിന്റെ ഭരണകർത്താവായി വരുമ്പോൾ തക്കസമയത്ത് അവർ ഉണർത്തപ്പെടും. അതു കൊണ്ട് മരണത്തിൽ ഇരിക്കും കാലത്തോളം അവർ ബോധവാന്മാരല്ല. അവർക്ക് സുഖമോ ദുഃഖമോ അനുഭവപ്പെടുന്നില്ല. നന്മ ചെയ്തവർ ജീവനിലേക്ക് മടങ്ങി വരുന്നതായി പറയുന്നത് കൊണ്ട് പുനരുത്ഥാനം വരെ അവർക്ക് ജീവനില്ലെന്നു തെളിയുന്നു.

യോഹ 11:11 "നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു." ഞാൻ അവനെ നിദ്രയിൽ നിന്നു ഉണർത്താൻ പോകുന്നു." എന്ന് യേശു പറഞ്ഞു. ക്രിസ്തു തന്റെ സ്നേഹിതനായ ബഥാനിയായിലെ ലാസറിന്റെ മരണത്തെ ആലങ്കാരികമായി നിദ്ര എന്നു വ്യവഹരിക്കുന്നു.ശിഷ്യന്മാർ ഈ വാക്കുകൾ തെറ്റിദ്ധരിച്ച് ലാസറിന്റെ രോഗനില ഭേദപ്പെടുന്നു എന്നാണു വിചാരിച്ചത്. അപ്പോൾ യേശു സ്പ്ഷ്ടമായി പറഞ്ഞു. "ലാസർ മരിച്ചു പോയി, ഞാൻ അവനെ നിദ്രയിൽ നിന്ന് ഉണർത്താൻ പോകുന്നു." ബഥാനിയായിൽ അവൻ വന്ന വിവരം ഒന്നാമതായി അറിയുന്നത് മാർത്തയാണു. ഉത്തരക്ഷണം അവൾ ഗുരുവിന്റെ അടുത്തേക്ക് ഓടി. "നീ ഇവിടെ ഉണ്ടായിരുന്നുവങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു." എന്നാണു അവൾക്ക് പറയാൻ ഉണ്ടായിരുന്നത്. (വാക്യം 21) ക്രിസ്തുവിന്റെ സ്നേഹിതനായ ലാസർ ഒരു നല്ല മനുഷ്യൻ ആയിരുന്നിരിക്കണം. അതു കൊണ്ട് അയാൾ ദണ്ഡനസ്ഥലത്തേക്ക് പോയിരിക്കുകയില്ല. ഉപമ അക്ഷരീകമായി വ്യാഖ്യാനിക്കുന്നവരുടെ അഭിപ്രായത്തിൽ ബഥാനിയായിലെ ലാസർ സ്വർഗ്ഗത്തിൽ ആയിരുന്നിരിക്കണം മരണശേഷം. അങ്ങനെയെങ്കിൽ യേശു കണ്ണുകളുയർത്തി ഒരു വശത്ത് സ്വർഗ്ഗത്തിൽ ഭാഗ്യശാലികളുടെ മദ്ധ്യേ ലാസറിനേയും, മറുവശത്ത് ഭൂമിയിൽ ദുഃഖാർത്തരായ മാർത്തയേയും മറിയയേയും കണ്ടിട്ട് ഏതാണ്ടിങ്ങനെ പറഞ്ഞിരിക്കും. "ലാസറെ ഇറങ്ങി വരുക, നിന്റെ സഹോദരികൾ എത്ര ദുഃഖാർത്തരായിരിക്കുന്നു. അവരെ ശോക സാഗരത്തിൽ ആഴ്ത്തികൊണ്ട് നിനക്ക് സ്വർഗ്ഗസുഖമനുഭവിക്കാൻ സാദ്ധ്യമല്ല. അവരുടെ സമാശ്വാസത്തിനായി നിന്നെ ശാപഗ്രസ്തമായ ഈ ഭൂമിയിലേയ്ക്ക് പുനരാനയിക്കാൻ ഞാൻ നിർബന്ധിതനായിരിക്കുന്നു." എന്നാൽ ഇങ്ങനെ വല്ലതും അവൻ പറയുകയുണ്ടായോ? മരിച്ച് ഭൂമിയുടെ അധോതലങ്ങളിലേക്ക് കണ്ണുകൾ തിരിയിച്ചിട്ട് ഇങ്ങനെ പറഞ്ഞുമില്ല. "ലാസറെ അങ്ങകലെ നരകാഗ്നിയിൽ കിടന്ന് നീ വേദന കൊണ്ട് പുളയുന്നത് ഞാൻ എങ്ങനെ സഹിക്കും. ദുരാത്മാക്കളെ നിങ്ങളുടെ അഗ്നിക്കൊടിലുകൾ താഴെയിടുക." ലാസറേ കയറി വരുക എന്നോ ഇറങ്ങി വരുക എന്നോ അല്ല. പുറത്തു വരിക എന്നു മാത്രമാണു പറഞ്ഞത്. മരിച്ചവൻ പുറത്ത് വന്നു. മരിച്ചവൻ എന്ന പ്രയോഗം ശ്രദ്ധേയമാണു. നരകത്തിൽ യാതനയിലോ സ്വർഗ്ഗത്തിൽ സുഖാനുഭൂതിയിലോ ബോധവാനായി കഴിയുന്നവനല്ല; കേവലം മരിച്ചവനാണു ലാസർ. യഹൂദസമ്പ്രദായപ്രകാരം ചരമ വസ്ത്രങ്ങൾ കൊണ്ട് കൈകാലുകൾ ബന്ധിക്കപ്പെട്ടവനായി മരിച്ചവൻ പുറത്ത് വന്നു. അവന്റെ കെട്ടഴിപ്പിൻ അവൻ പോകട്ടെ എന്നു യേശു പറഞ്ഞു. (വാക്യം 43,44) അങ്ങനെ ചെയ്യപ്പെട്ടു.

ഇങ്ങനെ ചിന്തിക്കുമ്പോൾ ലാസർ വാസ്തവമായി മരിച്ചിരുന്നു. അവൻ നഷ്ടപ്രജ്ഞനായി മരണ നിദ്രയിലായിരുന്നു. ക്രിസ്തുവിന്റെ മഹാശക്തിമത്തായ ആജ്ഞയിങ്കൽ അവൻ പുറത്ത് വന്നു. വിസ്മയസ്തബധരായ അവന്റെ സഹോദരികൾക്ക് അവനെ ജീവനുള്ളതായി തിരികെ കിട്ടി. അവൻ മൃത്യുഗ്രസ്തനായിക്കഴിഞ്ഞ മൂന്നുനാലു ദിവസത്തേ വിചിത്രാനുഭവങ്ങളെപ്പറ്റി അവനൊന്നും പറയാനുണ്ടായിരുന്നില്ല. സ്വർഗ്ഗദർശനത്തിന്റെ ഒരു വർണ്ണന നമുക്ക് സ്വഭാവികമായും പ്രതീക്ഷിക്കാമായിരുന്നു, ദൈവവും, ദൈവദൂതന്മാരുമൊക്കെ എങ്ങനെ കാണപ്പെട്ടു എന്നും മറ്റും വർണ്ണിച്ചു കേൾക്കാൻ നാം ആഗ്രഹിക്കയില്ലയോ, എന്നാൽ സ്വർഗ്ഗമഹത്വങ്ങളെപ്പറ്റി അവൻ മൗനം പാലിക്കുകയാണു, നരകത്തെപ്പറ്റിയും ഭയാനകമായ പലകഥകളും നാം പ്രതീക്ഷിക്കുന്നുണ്ടാകും, അതിനേകുറിച്ചു, ലാസറിനു ഒന്നും പറയാനില്ല. കൊമ്പും, കുളമ്പും ചുരുണ്ടവാലും പിളർന്നനാവുമായി ത്രിശൂലപാണികളും തീകൊണ്ട് പൊള്ളാത്തവരുമായ പിശാചുക്കളെപ്പറ്റിയുള്ള ബീഭത്സവൃത്താന്തങ്ങളൊന്നും നാം കേൾക്കുന്നില്ല. ഇമ്മാതിരി പേക്കിനാക്കളെല്ലാം അന്ധകാരയുഗത്തിലേ കണ്ട് പിടുത്തമാണു. ലാസർ വാസ്തവമായും മരിച്ചു പോയിരിക്കുന്നു.

"മരിച്ചവർ ഒന്നും അറിയുന്നില്ല." ഇങ്ങനെ തന്നെ പ്രഥമ ക്രിസ്തീയ രക്തസാക്ഷിയായ സ്തേഫാനോസിനെപ്പറ്റി നാം വായിക്കുന്നു. "കർത്താവേ ഈ പാപം അവർക്ക് കണക്കിടരുതേ" എന്നവൻ ഉച്ചത്തിൽ നിലവിളിച്ചു. പിന്നെ അവൻ നിദ്രകൊണ്ടും(അപ്പോ 7:60) യാതനയുടെ സ്ഥാനത്തേക്കോ പറുദീസായിലേയ്ക്കോ പോകുന്നതായിട്ടല്ല, കേവലം നിദ്രാധീനനാകുന്നതായിട്ടാണു ഇവിടെ വിവരിക്കുന്നത്. അപ്പോ 13:36ൽ പൗലോസ് ഇങ്ങനെ പറയുന്നു. "ദാവീദ് നിദ്രപ്രാപിച്ചു പിതാക്കന്മാരോട് ചേർന്നു." ദ്രവത്വം കണ്ടു ദാവീദ് സ്വർഗ്ഗത്തിലേക്ക് പോയതായിട്ടല്ല (അപ്പോ 2;34) മരണ നിദ്രയിൽ പതിച്ചതായിട്ടത്രെ പറയപ്പെട്ടിരിക്കുന്നത്. സങ്കീ 16:10നോട് ഈ വേദഭാഗം പൊരുത്തപ്പെടുന്നില്ലെന്നു ചിലർ വിചാരിച്ചേക്കാം. എന്നാൽ അപ്പോ 2:25-32ൽ കാണിച്ചിരിക്കുന്നതു പോലെ ഇവിടെ ദാവീദ് ക്രിസ്തുവിനെപ്പറ്റി പ്രാവചനീകമായിപ്പറയുകയാണെന്ന് മനസ്സിലാക്കണം. 1 കൊരി 15:17,18 ഉം നോക്കുക ക്രിസ്തു ഉയർത്തിട്ടില്ലെങ്കിൽ ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചു പോയി. എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരിൽ നിന്നു ഉയർത്തിരിക്കുന്നു. മരണത്തിൽ ക്രിസ്തു നിദ്രാവസ്ഥയിൽ ആയിരുന്നു. അവൻ മരിച്ചവരിൽ നിന്ന് ഉയർക്കാതിരുന്നെങ്കിൽ ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചു പോയേനെ. ഈ അവസ്ഥ എന്നാളും തുടരുമായിരുന്നു. തീർച്ചയായും ഈ അവസ്ഥയാതനയിലോ ആനന്ദത്തിലോ ഉള്ള നിദ്രയുടെ രൂപമാകയില്ലല്ലോ.

(തുടരും)

No comments: