Monday, July 4, 2011

ധനവാനും ലാസറും (ലൂക്കാ 16:19-31) ഒന്നാം ഭാഗം

ധനവാൻ നരകത്തിൽ

അനേകരും വളരെയധികം തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു വിഷയമാണു നരകമെന്നത്. മരണാനന്തരം ദുഷ്ടന്മാരെ നിത്യമായി ദണ്ഡിപ്പിക്കുന്ന സ്ഥലമെന്നാണു നരകത്തെപ്പറ്റി പൊതുവേയുള്ള വിശ്വാസം. ധനവാനും ലാസറും എന്ന ഉപമ വിശ്വാസത്തെ സ്ഥിരീകരിക്കുന്നതായി പലരും ധരിച്ചിട്ടുണ്ട്. അതു കൊണ്ട് പ്രസ്തുത ഉപമയുടെ നിരൂപണത്തിൽ നരകം എന്ന വിഷയത്തെപ്പറ്റി ആമുഖമായി അല്പം പ്രതിപാദിച്ചു കൊള്ളട്ടെ.

നരകം എന്നാൽ എന്ത്?

നരകം എന്നു കേൾക്കുമ്പോൾ നിത്യദണ്ഡനത്തിന്റെ ഒരു അഗ്നികുണ്ഡം എന്ന ആശയമാണു പെട്ടെന്ന് മനസ്സിലുദിക്കുക. ഈ ചിന്താഗതിക്ക് വേദത്തിൽ യാതൊരു അടിസ്ഥാനവുമില്ല. ഇത് അന്ധകാരയുഗങ്ങൾ എന്നു അറിയപ്പെടുന്ന കാലഘട്ടത്തിന്റെ പ്രാരംഭത്തിൽ പുറജാതിമതത്തിൽ നിന്ന് ക്രിസ്തുമാർഗ്ഗത്തിൽ കടന്നു കൂടിയതാണു. അതു കൊണ്ട് ഇന്നു ക്രൈസ്തവ ലോകം വിശ്വസിക്കുന്നത് വേദം ഉപദേശിക്കുന്ന വിധമുള്ള നരകത്തിലല്ല അന്ധകാരയുഗങ്ങളിലെ സങ്കല്പവസ്തുവായ നരകത്തിലാണു.

ഷിയോൽ എന്നാൽ എന്ത്?

മരണത്തിന്റെ ശൂന്യവും അബോധപൂർവ്വവുമായ അഭാവസ്ഥിതിതന്നെ ഷിയോൽ. അതാണു ദുഷ്ടശിഷ്ട ഭേദംവിനാ എല്ലാവർക്കും മരണത്തിങ്കൽ വന്നുകൂടുന്ന ഗതി. പുനരുത്ഥാനത്തിൽ മരണനിദ്രയിൽ നിന്ന് ഉണരുന്നതു കൊണ്ടല്ലാതെ ആർക്കും അതിൽ നിന്നും മോചനം ലഭിക്കയില്ല.

ദുഷ്ടന്മാർ ഷിയോലിലേക്ക്

1 രാജാ 2:6,9;സങ്കീ 65:15; സദൃ 7:2; 9:18 മത്തായി 11:23 ഒത്തു നോക്കുക

ശിഷ്ടന്മാർ ഷിയോലിലേക്ക്

ഉല്പ 37:35;42:38; ജോബ് 14:13; 17:13; സങ്കീ 16:10; അപ്പോ 2:27-31 ഒത്തു നോക്കുക. സങ്കീ 86:13; 17:13

പുനരുത്ഥാനം വഴി വിമോചനം ആശിക്കാവുന്ന ഒരു അവസ്ഥയാണു ഈ അർത്ഥത്തിൽ ഷിയോൽ.

2)നന്മയിലേക്ക് മടങ്ങിവരാൻ അസാദ്ധ്യമായ മനഃപൂർവ്വദുഷ്ടന്മാരുടെ പരിപൂർണ്ണവും നിത്യവുമായ ഉന്മൂലനത്തിന്റെ അവസ്ഥ. സങ്കീ 37:38; 145:20; യെശ 1:28; 23:17; ഒബെ 16.

ഷിയോൽ = ഹേഡിസ്

പുതിയ നിയമത്തിലെ ഗ്രീക്കു മൂലപദത്തിൽ ഷിയോൽ എന്നതിനു സമാന്തരമായി വരുന്ന പദം ഹേഡിസ് എന്നത്രെ. ഇതു മുൻപറഞ്ഞ ആദാമ്യമരണാവസ്ഥയെ കുറിക്കുന്നു.

ഗിഹെന്ന

ഹേഡീസ് എന്നവണ്ണം പുതിയനിയമത്തിൽ നരകം എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മറ്റൊരു ഗ്രീക് മൂലപദമുണ്ട്. അതാണു ഗിഹെന്ന.

ഇതിനു തുല്യമായ പഴയനിയമ എബ്രയാ മൂലപദം ഗി-ഹെന്നോം എന്നാണു. ഇത് എന്തിനെ കുറിക്കുന്നു? ഈ പദത്തിനു ഹിന്നോമിന്റെ താഴ്വര എന്നർത്ഥം. ഇതു യെരുശലേമിനു വെളിയിലുള്ള ഒരുസ്ഥാനമാണു. നഗരത്തിലെ മലിനപദാർത്ഥങ്ങളും ജീർണ്ണശിഷ്ടങ്ങളും ഈ താഴ്വരയിലേയ്ക്കാണു നീക്കം ചെയ്തിരുന്നത്. അവിടെ അവ കൃമിച്ചോ ഗന്ധകം കലർന്ന തീയിൽ ഭസ്മീഭവിച്ചോ നശിച്ചിരുന്നു. അതു കൊണ്ടാണു അവിടെ അവരുടെ പുഴു ചാകുന്നില്ല, തീ കെടുന്നതുമില്ല എന്നു ഗീഹെന്നയെപ്പറ്റി (മർക്കോ 9:43-48) പറയുന്നത്. ഗീഹെന്നാ രണ്ടാം മരണത്തിന്റെ പ്രതീകമാണു. എന്ത് കൊണ്ട്? ഹിന്നോമിന്റെ താഴ്വരയിൽ തള്ളപ്പെടുന്ന വസ്തുക്കൾ കൃമിക്കിരയായോ വെന്തു വെണ്ണീറായോ നിശ്ശേഷം നശിച്ചു നാമാവശേഷമാകുന്നു. രണ്ടാം മരണത്തിന്റെ സർവ്വസംഹാരകമായസ്വഭാവം ഇതിലേറെ ഭംഗിയായി ചിത്രീകരിക്കുന്നതെങ്ങനെ? മറിച്ച് അക്ഷരാർത്ഥത്തിൽഹിന്നോമിന്റെ താഴ്വരയിൽ ചിരഞ്ജീവികളായ പുഴുക്കളും അക്ഷയമായ ചിതാഗ്നിയുമുണ്ടെന്നല്ല, ആ തീയും പുഴുക്കളും അവയ്ക്കിരയാകുന്ന വസ്തുക്കളുടെ സമ്പൂർണ്ണ നാശം സുനിശ്ചിതമാക്കുന്നപ്രകാരം രണ്ടാം മരണം വഴി ദുഷ്ടന്മാർ എന്നേയ്ക്കുമായി നിഗ്രഹിക്കപ്പെടുമെന്ന വേദോപദേശം ഈചിത്രത്തിലൂടെ ദുഢീഭവിക്കുന്നു .

ഉപമകൾ ലഷ്യാർത്ഥ കഥനങ്ങൾ

ബൈബിളിലുള്ള ചില ഉപമകളും ആലങ്കാരിക പ്രതിപാദനങ്ങളും അക്ഷരാർത്ഥത്തിൽ വിവക്ഷിച്ച് പാപത്തിന്റെ ശിക്ഷ നിത്യദണ്ഡനമാണെന്ന് ചിലർ ധരിക്കുന്നു. മാനവരാശിയുടെ ഉദ്ധാരണത്തിനുള്ള ഒരേയൊരുനാമമായ ക്രിസ്തുവിനെപ്പറ്റി (അപ്പോ 4:12; യോഹ 14:6) കേട്ടിട്ടില്ലാത്തവർ ഇൾപ്പെടെ ആയുസ്സിൽ പാപശാന്തി നേടാതെ മണ്മറഞ്ഞ ബഹുസഹസ്രം മനുഷ്യരേ മഹാദൈവം നരകാഗ്നിയിൽ നിത്യകാലം ദണ്ഡിപ്പിച്ചു കൊണ്ടിരിക്കുമത്രെ. നിത്യദണ്ഡനോപദേശത്തിനു തെളിവായി അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിച്ചു പോരുന്ന ഇങ്ങനെയുള്ള ഉപമകളിൽ പ്രധാനമാണു ധനവാനും ലാസറും. കഥയൊരു ഉപമയാണെന്ന് ബൈബിൾ തന്നെ പറയുന്നു. എന്തെന്നാൽ യേശു ജനത്തോട് ഉപമ കൂടാതെ ഒന്നും പറഞ്ഞില്ല. (മത്താ 13:34,35; ലൂക്കാ 8:10) ജനപ്രമാണികളും അസൂയ കോമരങ്ങളുമായ പരിശന്മാരോടാണു ഉപമ പറഞ്ഞത്. അവർ ന്യായപ്രമാണത്തിന്റെ അനുഷ്ഠാനത്തിലൂടെ മനുഷ്യരുടെ മുൻപാകെ തങ്ങളെത്തന്നെ നീതികരിക്കാൻ ശ്രമിച്ചിരുന്നു. ന്യായപ്രമാണയുഗമാകട്ടെ അതിന്റെ അന്ത്യഘട്ടത്തോട് അടുത്തു കഴിഞ്ഞിരുന്നു. സുവിശേഷയുഗത്തിനു മുൻപുള്ള പ്രവാചകന്മാരുടെ പരമ്പരയിലെ അവസാന കണ്ണിയായിരുന്നു യോഹന്നാൻ സ്നാപകൻ(ലൂക്കോ 16:14-16)

ഉപമകൊണ്ട് എന്തു വസ്തുതയാണു തെളിയിക്കുവാൻ യേശുക്രിസ്തു ആഗ്രഹിച്ചത്? ദൈവത്തിന്റെ പ്രത്യേക കൃപയിലേയ്ക്കുള്ള ജാതികളുടെ അംഗീകാരവും യഹൂദ ജനതയുടെ തിരസ്കാരവും ആസന്നമായിരിക്കുന്നു എന്ന വസ്തുത തന്നെ.

കഥാ സ്വരൂപം

ഉപമ അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിക്കുന്നവർ സങ്കല്പിക്കുന്ന കഥാ സ്വരുപം ഏതാണ്ടിപ്രകാരമാണു. സുഖലോലുപനായി ജീവിച്ചിരുന്ന ഒരു മഹാധനികൻ. കുബേരന്റെ പടിപ്പുരയ്ക്കൽ അയാളുടെ മേശയിൽ നിന്ന് വീഴുന്ന അപ്പക്കഷണങ്ങൾ പ്രതീക്ഷിച്ചു കിടന്നിരുന്ന ദരിദ്രനായ ലാസർ. അങ്ങനെയിരിക്കെ മരണം ലാസറിന്റെ ജീവിതത്തിനു വിരാമമിട്ടു. ദൈവദൂതന്മാർ അബ്രഹാമിന്റെ മടിയിലേക്ക് അയാളെ കൊണ്ട് പോയി. സ്വർഗ്ഗത്തിലേയ്ക്കെന്നാണു സങ്കല്പം. അനന്തരം ധനവാനും നിര്യാതനായി. അയാൾ ഹേഡീസിലേക്ക്-നരകം,പാതാളം-പോയി. അവിടെ അയാൾ ദണ്ഡനമനുഭവിക്കാൻ തുടങ്ങി. ദൂരത്ത് അബ്രഹാമിന്റെ മടിയിൽ ലാസർ ഇരിക്കുന്നത് അപ്പോൾ അയാളുടെ ദൃഷ്ടിയിൽപ്പെട്ടു. അബ്രഹാമിനോട് അയാൾ കരുണയാചിച്ചു വിരലിന്റെ അഗ്രം വെള്ളത്തിൽ മുക്കി ധനവാന്റെ നാവിനെ തണുപ്പിക്കാൻ ലാസറിനെ അയയ്ക്കണമെന്നായിരുന്നു അപേക്ഷ. അപേക്ഷ നിഷ്കരുണം തള്ളപ്പെട്ടു. ധനവാൻ അവന്റെ ആയുസ്സിൽ നന്മയും ലാസർ തിന്മയും അനുഭവിച്ചു എന്നും ഇരു കക്ഷികൾക്കുമിടയിൽ ദുസ്തരമായ് ഒരു പിളർപ്പുണ്ടെന്നുമുള്ള അടിസ്ഥാനത്തിലാണു അപേക്ഷ തിരസ്കരിക്കപ്പെട്ടത്. തന്റെ അഞ്ചു സഹോദരങ്ങൾക്കെങ്കിലും ദുരവസ്ഥ സംഭവിക്കാതിരിക്കാൻ അവരെ ഉപദേശിക്കുന്നതിനു ലാസറേ അയയ്ക്കണമെന്ന അപേക്ഷയും നിരസ്സിക്കപ്പെട്ടു. അവർ മോശയുടെയും പ്രവാചകന്മാരുടെയും വാക്കുകൾ കേൾക്കട്ടെ എന്നായിരുന്നു അബ്രഹാമിന്റെ മറുപടി. മരിച്ചവരിൽ നിന്ന് ഒരുവൻ ചെല്ലുന്ന പക്ഷം അവർ മനം തിരിയുമെന്നായിരുന്നു ധനവാന്റെ വാദം. മോശയുടെയും പ്രവാചകന്മാരുടെയും വാക്ക് വിഫലമാകുന്നിടത്ത് മരിച്ചവൻ എഴുന്നേറ്റ് ചെന്നാലും വിജയമുണ്ടാകില്ലെന്നായിരുന്നു അബ്രഹാം.

അക്ഷരിക വ്യാഖ്യാനം

1)
ദൈവസ്വഭാവത്തിനു വിരുദ്ധം

യിരെമ്യ 9:24 ദൈവസ്വഭാവം ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു. "യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു." ഇവിടെ ശക്തി, സ്നേഹം, ജ്ഞാനം, നീതി എന്നിങ്ങനെ ദൈവസ്വഭാവത്തിൽപ്പെട്ട നാലു ലക്ഷണങ്ങൾ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. എങ്ങനെയെന്നാൽ പ്രവൃത്തിയിൽ ശക്തിയുടെ വ്യാപാരം അന്തർഭവിക്കുന്നു. ദയയിൽ സ്നേഹവും ന്യായബോധത്തിൽ ജ്ഞാനവും ഉൾപ്പെടുന്നു. ദൈവത്തിന്റെ സ്വഭാവലക്ഷണങ്ങളെ വെളിപ്പെടുത്തുന്ന മറ്റു വേദഭാഗങ്ങളുമുണ്ട്. യെഹ 1:5-14; വെളി 4:6,7 ഇതിലേക്ക് എടുത്തു കാട്ടാം. ഇവിടെ കഴുകൻ ജ്ഞാനത്തേയും സിംഹം ശക്തിയേയും കാള നീതിയേയും മനുഷ്യമുഖം സ്നേഹത്തേയും കാണിക്കുന്നു. ജോബ് 37:23; ആവ 32:4 ആദിയായ വേദഭാഗങ്ങളുമുണ്ട്.

(a)
അക്ഷരിക വ്യാഖ്യാനം ദൈവത്തിന്റെ ജ്ഞാനത്തിനു വിരുദ്ധം. കാരണം ജ്ഞാനത്തിനു പ്രയോജനകരമായ ലക്ഷ്യങ്ങൾ നേടാനുപകരിക്കുന്ന മാർഗ്ഗങ്ങൾ ആവിഷ്ക്കരിക്കാൻ കഴിയും. ധനവാനെ എക്കാലവും ദണ്ഡിപ്പിച്ചു കൊണ്ടിരിക്കുന്നതു കൊണ്ട് എന്തു പ്രയോജനമാണുണ്ടാവുക?

(b)
നീതിക്കു വിരുദ്ധം. പാപത്തിന്റെ ശബളം മരണം (റോമ 6:23) എന്ന പ്രമാണമനുസരിച്ച് നീതി ആവശ്യപ്പെടുന്നത് പാപിയുടെ ജീവനാണു. "സകല ദുഷ്ടന്മാരെയും അവൻ നശിപ്പിക്കും" (സങ്കീ 145:20) എന്നു ദൈവത്തെപ്പറ്റി പറഞ്ഞിരിക്കുന്നു. അതു കൊണ്ട് പാപികളെ ഒടുക്കാതെ നിത്യകാലം ദണ്ഡിപ്പിച്ചു കൊണ്ടിരിക്കുന്നത് നീതിയുടെ സ്പഷ്ടമായ ലംഘനമാണു.

(c)
ദൈവ സ്നേഹത്തിനു നിരക്കാത്തത്. ദൈവസ്നേഹം വേണ്ട വണ്ണം അറിയുന്നവർ അവൻ തന്റെ സൃഷ്ടികളെ അവരുടെ സമാശ്വാസത്തിനായി വല്ലതും ചെയ്യാതെ അവരെ അവിരാമമായി ദണ്ഡിപ്പിച്ചു കൊണ്ടിരിക്കുമെന്ന് എങ്ങനെ വിശ്വസിക്കും?

(d)
ദൈവശക്തിക്കും വിരുദ്ധം. മനുഷ്യരാശിയുടെ നന്മയ്ക്ക് വേണ്ടിയുള്ള മാർഗ്ഗങ്ങൾ അവലംബിച്ചു നടപ്പാക്കാൻ കഴിയുന്നതാണു ശക്തി. (ഉല്പ 12:1-3) ആത്മനിയന്ത്രണവും ക്ഷമയും ശക്തിയുടെ സ്വഭാവമാണു. ജ്ഞാനം, നീതി, സ്നേഹം ഇവയോട് പൊരുത്തപ്പെടുന്ന നിലയിലേ ശക്തി പ്രവർത്തിക്കു. തന്മൂലം ധനവാനെ ദണ്ഡിപ്പിക്കുന്നത് ദൈവശക്തിയുടെയല്ല പൈശാചിക ശക്തിയുടെ പ്രയോഗമായിരിക്കും. ഇങ്ങനെ ചിന്തിക്കുമ്പോൾ അക്ഷരിക ഭാഷ്യം ദൈവസ്വഭാവത്തിന്റെ നാനമുഖമായ ഘടകങ്ങൾക്കും എതിരാണു.

2)
അക്ഷരിക വ്യഖ്യാനം മറുവിലയുടെ തത്വത്തിനു വിരുദ്ധം

മേൽ ചൂണ്ടികാണിച്ച പ്രകാരം പാപത്തിന്റെ ശമ്പളം മരണം ആണെന്നു ഉല്പ 2:17 തെളിയിക്കുന്നു. മരിച്ചയാതനയിലുള്ള നിത്യായുസ്സ് അല്ല. റോമ 6:23 ഒത്തു നോക്കുക. ആദാമിന്റെ ലംഘനം മൂലം അവന്റെ വർഗ്ഗമാകെ പാപത്തിലും അപൂർണ്ണതയിലും പതിച്ചിരിക്കുന്നു. തന്മൂലം അവരില്‍ ആർക്കും യതൊരുവിധത്തിലും തന്റെ സഹോദരനെ വീണ്ടു കൊൾവാനോ അവനു വേണ്ടി ദൈവത്തിനു വീണ്ടെടുപ്പ് വില കൊടുപ്പാനോ സാദ്ധ്യമല്ല. (സങ്കീ 49:7) അവരുടെ വീണ്ടെടുപ്പിനു ഒരു പരിപൂർണ്ണ മനുഷ്യജീവനാണു ദൈവനീതി ആവശ്യപ്പെടുന്നത്. കാരണം ആദാമിനും അവന്റെ വർഗ്ഗത്തിനും ഏദനിൽ നഷ്ടമായത് പരിപൂർണ്ണ മനുഷ്യജീവനാണു. ആദാമിനും അവൻ ലംഘനം ചെയ്യുമ്പോൾ അവന്റെ കടിപ്രദേശത്തുമുണ്ടായിരുന്ന വർഗ്ഗത്തിനും അപ്രകാരമുള്ളൊരു മറുവില അഥവ വീണ്ടെടുപ്പ് വില "എല്ലാവർക്കും വേണ്ടി തന്നെത്താൻ മറുവിലയായി കൊടുത്ത മനുഷ്യനാം ക്രിസ്തുയേശുവിൽ (1 തിമേ 2:5,6) നാം കണ്ടെത്തുന്നു. "അവൻ എല്ലാവർക്കും വേണ്ടി മരണം ആസ്വദിച്ചു" (എബ്ര 2:9 മത്താ 20:28; മർക്കോ 10:45) പൗലോസ് അപ്പസ്തോലൻ 1 കൊരി 15:3; താൻ പ്രാപിക്കുകയും പ്രഖ്യാപിക്കുകയും ചെയ്ത സുവിശേഷത്തിന്റെ പരമതത്വമെന്തെന്ന് പ്രസ്താവിക്കുന്നു." ക്രിസ്തു നമ്മുടെ പാപങ്ങൾക്ക് വേണ്ടി തിരുവെഴുത്തുകളിൻ (പഴയനിയമം) പ്രകാരം മരിച്ച് എന്നതാണു അത്.

മാനവരാശിക്കാകെ മറുവിലയാകേണ്ടതിൻ ക്രിസ്തു നിത്യദണ്ഡനമനുഭവിക്കയല്ല, മരിക്കുകയാണു വേണ്ടത് എന്നു പ്രസ്താവിക്കുന്ന പ്രവചന സ്വഭാവത്തിലുള്ള ഏതാനും പഴയ നിയമ തിരുവെഴുത്തുകൾ പരിശോധിക്കാം. 22 സങ്കീർത്തനം ക്രിസ്തു മരണം കൊണ്ടു ക്രൂശിലേമരണം കൊണ്ട് തന്നെ- മറുവിലയായി തീർന്നതിന്റെ വിശദമായ പ്രാവചനീക വിവരണമാണു. യെശ 53:4-12 "ജഡമായി തീർന്ന" ദൈവപുത്രനേ സംബന്ധിച്ച് ഇതേ സാക്ഷ്യം തന്നേ തരുന്നു. (യോഹ 1:14;3:16,17) നമുക്ക് വേണ്ടിയുള്ള പാപയാഗമെന്ന നിലക്ക് നമ്മുടെ ബലഹീനതകളെ അവൻ ചുമന്നു; നമ്മുടെ ദുഃഖങ്ങൾ അവൻ വഹിച്ചു. നമ്മുടെ ലംഘനങ്ങൾക്കു വേണ്ടി മുറിവേറ്റു. നമ്മുടെ അനീതികൾക്ക് വേണ്ടി തകർന്നു. നമ്മുടെ സമാധാനത്തിനുള്ള ശിക്ഷ അവന്റെ മേൽ ആയി (റോമ 5:1)അവന്റെ അടിപ്പിണരാൽ നമുക്ക് സൗഖ്യം ലഭിച്ചു. നമ്മുടെയെല്ലാവരുടെയും അകൃത്യം യഹോവ അവന്റെ മേൽ ചുമത്തി (യെശ 53:4-6) ജീവനുള്ളവരുടെ ദേശത്ത് നിന്ന് മിശിഹാതന്റെ മനുഷ്യാവസ്ഥയിൽ ഛേദിക്കപ്പെട്ടു. അവർ അവനു ദുഷ്ടന്മാരോട് കൂടി ശവക്കുഴി കൊടുത്തു. അവൻ തന്റെ മരണത്തിൽ സമ്പന്നന്മാരോട് കൂടിയായിരുന്നു. അവൻ തന്റെ പ്രാണനെ മരണത്തിനൊഴുക്കി കളഞ്ഞു. (യെശ 53:8-12) ദാനി 9:26 മിശിഹാ ഛേദിക്കപ്പെടുമെന്നു മുന്നെഴുതിയിരിക്കുന്നു.

പാപത്തിന്റെ ശിക്ഷ മരണമാണെന്ന് തിരുവെഴുത്തുകൾ ഇത്രവ്യക്തമായി പഠിപ്പിക്കെ ഉപമയുടെഅക്ഷരിക വ്യഖ്യാനം മറുവിലയുടെ തത്വത്തിനു എത്ര എതിരായിരിക്കുന്നു. പാപത്തിന്റെ ശിക്ഷനിത്യദണ്ഡനമാണെങ്കിൽ നാമെല്ലാം തീർച്ചയായും നിത്യദണ്ഡനം അനുഭവിക്കേണ്ടിവരും. കാരണംഅപ്രകാരമുള്ളൊരു ശിക്ഷയിൽ നിന്നു നമ്മേ മോചിപ്പിക്കുന്നതിനായി ക്രിസ്തു അങ്ങനെയുള്ളൊരുശിക്ഷ അനുഭവിച്ചിട്ടില്ല.

കൂടാതെ അക്ഷരിക വ്യഖ്യാനം ധനവാനോ ലാസറിനോ ജീവനുവേണ്ടിയുള്ള പരിശോധനയ്ക്ക് ഒരുഅവസരമുണ്ടെന്നുള്ള സത്യത്തിനു എതിരാണു. കാൽ‍വരിയിലെ ക്രൂശിൽഅപ്രകാരമുള്ളൊരവസരത്തിന്റെ വാഗ്ദാനമുണ്ട്. പരിശോധനയുടെ അവസരത്തിൽ ക്രിസ്തുനിയമലംഘികൾ എന്ന നിലയിൽ അവർക്കു വേണ്ടി ഇടനിൽക്കും. ക്രിസ്തുവിന്റെപ്രായശ്ചിത്തത്തിന്റെ പുണ്യം കൂടാതെ ആർക്കും നിത്യമായ അനുഗ്രഹത്തിനു അവകാശമില്ല. ഇതുകാൽ‍വരിക്കു ശേഷമേ സാധിക്കു. (അപ്പോ 4:12) അവൻ ദൈവകൃപയാൽ എല്ലാവർക്കും വേണ്ടിമരണം ആസ്വദിച്ചു. (എബ്ര 2:9;1 തിമോ 4:10;1 യോഹ 2:2) അതു കൊണ്ട് ക്രിസ്തുവിന്റെമരണത്തിനു മുൻപ് ഒരു അക്ഷരിക ധനവാനെ അക്ഷരിക ദണ്ഡനത്തിനു ശിക്ഷിക്കുന്നത് ധനവാൻകൂടി ഉൾപ്പെട്ട എല്ലാവർക്കും വേണ്ടിയുള്ള മറുവിലയുടെ നിഷേധം ആയിരിക്കും (1 തിമോ 2:6)

3) അക്ഷരിക വ്യഖ്യാനം നരകത്തെ (ഷിയോൽ) സംബന്ധിച്ച വേദസിദ്ധാന്തത്തിനു വിരുദ്ധം.

ഷിയോൽ (നരകം) ഒരു അബോധ ശൂന്യാവസ്ഥ. അന്യത്ര വിശദമാക്കിയ പ്രകാരം നരകം(ഷിയോൽ-ഹേഡീസ്-ഗീഹെന്ന) ബോധചിത്തവിചാരങ്ങളുടെ വിരാമത്തിൽ കലാശിക്കുന്ന മരണത്തിന്റെ അഭാവസ്ഥിതിയേ (ആസ്തക്യനാശത്തേ)കാണിക്കുന്നു. ഇതു ജീവന്റെ വിപരിതാവസ്ഥയാണു. ഷിയോലിലെ (ഹേഡീസ്) അബോധസ്ഥിതിയിൽ നിന്ന് പുനരുത്ഥാനത്തിൽ മനുഷ്യൻ ഉണർത്തപ്പെടും. എന്നാൽ ഗീഹെന്നായിൽ നിന്ന് പുനരുത്ഥാനം ലഭിക്കുന്നതല്ല. അത് ആസ്തക്യത്തിൽ നിന്നുള്ള നിത്യഛേദനത്തിന്റെ അവസ്ഥയാണു. ഇതു തന്നെ രണ്ടാം മരണം ( വെളി 20:14,15;21:8 ഈ ഭാഗങ്ങളിൽ പറയുന്ന അഗ്നി തടാകം ഇതത്രെ.) മത്താ 25:41,46; മർക്കോ 9:44,46,48; വെളി 20:10-15;21:8 രണ്ടാം മരണത്തെ പരാമർശിക്കുന്ന ഏതാനും വേദഭാഗങ്ങൾ ആണു. പഴയ ഇംഗ്ലീഷ് ഭാഷാന്തരത്തിൽ അനേക തവണ സന്ദർഭാനുസരണം ഷിയോൽ, ഹേഡീസ് ഇവ നരകമെന്നായാൽ അഥവ ശവക്കുഴിയെന്നു ശവക്കുഴിയെന്നായാൽ അഥവ നരകമെന്നും മാർജ്ജിനിൽ കുറിച്ചിരിക്കുന്നു. അതു കൊണ്ട് നരകം ശവക്കുഴി ഇവ തുല്യാർത്ഥമെന്നു വരുന്നു. അതായത് മരണത്തിൽ സംഭവിക്കുന്ന ഇല്ലായ്മയുടെ അവസ്ഥ. (സങ്കീ 49:15; 55:15; 86:13; യെശ 14:9; യോനാ 2:2; 1 കൊരി 15:55 ഇവയുടെ മാർജ്ജിൻ കുറിപ്പ് നോക്കുക ഇംഗ്ലീഷ് ഭാഷാന്തരം AV)

നരകം (ഷിയോൽ) മരണത്തിന്റെ നാസ്തിത്വത്തേയും ജീവന്റെ വിപരിതാവസ്ഥയെയും കുറിക്കുന്നു എന്നു തെളിയിക്കുന്ന ഇതര വേദഭാഗങ്ങൾ ചിലതു പരിശോധിക്കാം.

1: ശമു 2:6 "യഹോവ കൊല്ലുന്നു" എന്ന വാക്യത്തിനു സമാന്തരമായി ശവക്കുഴിയിൽ (ഷിയോൽ) ഇറങ്ങുമാറാക്കുന്നു എന്ന പ്രയോഗം വരുന്നു. "ജീവിപ്പിക്കുന്നു" എന്നതിനു സമാന്തരമാണു "എഴുന്നേല്പ്പിക്കുന്നു" എന്നത്. ഈ ഇരട്ട സമാന്തരപ്രയോഗം മരണത്തിനാൽ നാം ഷിയോലിൽ പ്രവേശിക്കുകയും മരിച്ചവരുടെ പുനരുത്ഥാനത്തിൽ അതിൽ നിന്നു വിമോചനം വരുകയും ചെയ്യുന്നു എന്നു തെളിയിക്കുന്നു, അതു കൊണ്ട് അവിടെ ബോധമോ, യാതനയോ ആനന്ദമോ അനുഭവപ്പെടുകയില്ല. ശവകുടീരത്തിലെ അബോധനിദ്രാവസ്ഥയിൽ നിന്ന് പുനരുത്ഥാനത്തിൽ ഉണർത്തപ്പെടും വരെ മരിച്ചവർ ഇല്ലായ്മ പ്രാപിക്കുകയാണു.

ജോബു 14:21 "അവന്റെ പുത്രന്മാർക്ക് ബഹുമാനം വരുന്നത് അവൻ അറിയുന്നില്ല. അവർക്ക് താഴ്ചഭവിക്കുന്നത് അവൻ ഗ്രഹിക്കുന്നില്ല." പരേതരായ പിതാക്കൾ സന്തതികളുടെ സുഖദുഃഖാനുഭവങ്ങളെപ്പറ്റി അജ്ഞാതരായിരിക്കും. അവരുടെ ശ്രയോലാഭത്തിൽ അവർക്ക് ആനന്ദമോ ശ്രയോഹാനിയിൽ ദുഃഖമോ ഉണ്ടാകുന്നില്ല. അവർ ഒട്ടും ബോധവാന്മാർ അല്ല. ജോബ് 14:13;17:13 ഇവ ഷിയോലിന്റെ അന്ധകാരനിഗൂഡമായ അവസ്ഥയെപ്പറ്റി പറയുന്നു. ഈ വിവരണം സൗഭാഗ്യത്തിന്റെയോ നിത്യ ദൗർഭാഗ്യത്തിന്റെയോ സ്ഥലത്തിനല്ല. മൃതിയുടെ ശൂന്യലോകത്തിനേ യോജിക്കു.

സങ്കീ 6:5 "മരണത്തിൽ നിന്നെക്കുറിച്ച് ഓർമ്മയില്ല, പാതാളത്തിൽ (ഷിയോൽ, ശവക്കുഴി) ആർ നിനക്കു സ്തോത്രം ചെയ്യും? നീതിമാനായ ദാവീദ് നിശ്ചയമായും മരണാനന്തരം യാതനയിൽ തള്ളപ്പെടുകയില്ല. അഥവ ഷിയോലിൽ ആനന്ദത്തിന്റെ ഒരു സ്ഥാനമുണ്ടെങ്കിൽ അവൻ അവിടെ യഹോവയെ സ്തുതിക്കാതിരിക്കുമോ? എന്നാൽ ഈ വാക്യം എന്താണു തെളിയിക്കുന്നത്. മരണമൂലം ദൈവത്തേ ഓർക്കാൻ കഴിയുകയില്ല. ഷിയോലിൽ ആകയാൽ അവനെ സ്തുതിക്കുന്നതിനു അശക്തനുമായിരിക്കും. അങ്ങനെയെങ്കിൽ മൃതിയുടെ അബോധ നിദ്രാവസ്ഥയിൽ ആയിരിക്കണം ദാവീദ്. ഈ സ്ഥിതിയിൽ പുനരുത്ഥാനത്തിൽ ഉണരും വരെ ആ മരണ നിദ്രയിൽ കഴിയേണ്ടി വരും.

സങ്കീ 30:3 ഇവിടെ കുഴി എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഷിയോൽ എന്ന എബ്രയാപദമാണു. കുഴിയിൽ ഇറങ്ങുക എന്നാൽ മരിക്കുക എന്നർത്ഥം. കുഴിയിൽ ആകാതെ കാക്കുക എന്നുവെച്ചാൽ ജീവനോടിരിക്കുക എന്നു തന്നെ. ഇതേ ആശയം സങ്കീ 89:48 ലും കാണാം.

സങ്കീ 31:17 ദുഷ്ടന്മാർ ഷിയോലിൽ (ശവക്കുഴി) മൗനമായിരിക്കട്ടെ. ഷിയോൽ സൗഭാഗ്യത്തിന്റെ ഭവനമെങ്കിൽ ദുഷ്ടന്മാർക്കവിടെ പ്രവേശനമുണ്ടായിരിക്കില്ല. മറിച്ച് ദണ്ഡനത്തിന്റെ സ്ഥാനമെങ്കിൽ ആരും വാവിട്ടു നിലവിളിച്ചു പോകയില്ലോ പിന്നെ മൗനം പാലിക്കുന്നതെങ്ങിനെ.? ഷിയോൽ അബോധാവസ്ഥയെങ്കിൽ മാത്രമേ ഈ വേദവാക്യം ശരിയാകു. സങ്കീ 115:17 "മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും യഹോവയെ സ്തുതിക്കുന്നില്ല." മരണാനന്തരയാതനാ സിദ്ധാന്തത്തിനു എതിരല്ലേ ഈ വാക്യം? കാരണം മൃതിയുടെ നിശ്ശബ്ദലോകത്തിൽ മൗനത്തില്ലാതെ യാതനയുടെ ഫലമായ നിലവിളിക്ക് സ്ഥാനമില്ല. ഇനിയും ഇവിടെ വിഷയം നീതിമാന്മാരുടെ സൗഭാഗ്യവസതിയായ പറുദീസായാണെന്നു വിചാരിക്കാനും നിവൃത്തിയില്ല. അങ്ങനെയെങ്കിൽ അവിടെ യഹോവയുടെ അപദാന സങ്കീർത്തനം മുഴങ്ങിക്കൊണ്ടിരിക്കണമല്ലോ. അതു കൊണ്ട് മൃതിയുടെ മൂകലോകത്തിൽ മരിച്ചവർ ബോധവാന്മാർ അല്ലെന്നു സ്പഷ്ടം.

സങ്കീ 146:3,4 "പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്, മനുഷ്യപുത്രന്മാരിൽ ശരണപ്പെടരുത്... അവന്റെ ശ്വാസം പോകുന്നു അവൻ മണ്ണിലേക്കു മടങ്ങുന്നു. അന്നു തന്നെ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു." നമ്മുടെ ആശ്രയം ദൈവത്തിലും ക്രിസ്തുവിലും ആയിരിക്കണം. മനുഷ്യരിലായിരിക്കരുത്. കാരണം അവന്റെ ജീവശ്വാസം അവസാനിക്കുകയും അവൻ മണ്ണിലേയ്ക്ക് തിരിയുകയും ചെയ്യും. അന്നു തന്നെ അവന്റെ വിചാരശേഷി നശിക്കുന്നു. പിന്നെ അവൻ ബോധവാനല്ല. അവനു പിന്നെ സുഖദുഃഖങ്ങൾ അനുഭവപ്പെടുന്നത് എങ്ങനെ?

സഭാപ്രസംഗി 9:5,6,10 "ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്നറിയുന്നു. മരിച്ചവരോ ഒന്നും അറിയുന്നില്ല. അവർക്കു മേലാൽ ഒരു പ്രതിഫലവുമില്ല. അവരെപ്പറ്റിയുള്ള ഓർമ്മ (ഏറിയകൂറും) വിട്ടു പോകുന്നുവല്ലോ. അവരുടെ സ്നേഹവും ദേഷ്വവും അസൂയയും നശിച്ചു പോയി. സൂര്യനു കീഴെ നടക്കുന്ന ഒന്നിലും അവർക്ക് ഇനി ഒരിക്കലും (എബ്രയാ മൂലത്തിൽ ദീർഘമായ ഒരു അനിശ്ചിതകാലം) ഓഹരിയില്ല." "നീ ചെല്ലുന്ന ശവക്കുഴിയിൽ (ഷിയോൽ = പാതാളം) പ്രവൃത്തിയോ, സൂത്രമോ അറിവോ ജ്ഞാനമോ ഇല്ല. ജീവിച്ചിരിക്കുന്നവർ കുറഞ്ഞപക്ഷം ആദാമ്യശാപം നിമിത്തം മരിക്കേണ്ടവരാണെന്ന സത്യമെങ്കിലും അറിയുന്നു. മരിച്ചവരാകട്ടെ ഷിയോലിൽ അതായത് മൃതിയുടെ ലോകത്തിൽ ബോധരഹിതരായിരിക്കുന്നു. അതു കൊണ്ട് മനുഷ്യനു മരണാനന്തരം സുഖദുഃഖങ്ങൾ സങ്കല്പിക്കുന്നത് അബദ്ധം. മരിച്ചവർക്ക് അറിവുണ്ടെങ്കിൽ സുഖദുഃഖജ്ഞാനമുണ്ടായിരിക്കും. മരിച്ചവർക്ക് സ്നേഹദ്വേഷാദിവികാരങ്ങൾ നശിച്ചിരിക്കുന്നു. നീതിമാന്മാർ പറുദീസായിൽ സന്തോഷിക്കുന്ന പക്ഷം അവർ തുടർന്നും സ്നേഹിക്കേണ്ടതാണു. ദുഷ്ടന്മാരാണെങ്കിൽ ദ്വേഷിക്കയും അസൂയപ്പെടുകയും ചെയ്യേണ്ടതാണു. തങ്ങളെ പീഡിപ്പിക്കുന്ന ദൈവത്തോട് കടുത്ത ദദ്വേഷവും നന്മ അനുഭവിക്കുന്ന നീതിമാന്മാരോട് ദുസ്സഹമായ അസൂയയും ഉണ്ടായിരിക്കേണ്ടതാണു. അതു കൊണ്ട് നരകം (ഷിയോൽ) എന്നത് അബോധാവസ്ഥ തന്നെ.

യെശ 63:16 "നീയല്ലോ ഞങ്ങളുടെ പിതാവ്, അബ്രഹാം ഞങ്ങളെ അറിയുന്നില്ല. ഇസ്രയേലിനു ഞങ്ങളെ തിരിയുന്നതുമില്ല, നീയോ യഹോവേ ഞങ്ങളുടെ പിതാവ് ആകുന്നു." യെശയ്യാവ് ഇത് എഴുതുന്ന കാലത്ത് അബ്രഹാമും യാക്കോബും നിര്യാതരും തങ്ങളുടെ പിൻതലമുറകളെപ്പറ്റി അജ്ഞരുമാണെന്ന് ഈ വാക്യം തെളിയിക്കുന്നു. അതു കൊണ്ട് അക്ഷാർത്ഥത്തിലുള്ള ഒരു ധനവാനോട് അക്ഷരാർത്ഥത്തിലുള്ള അബ്രഹാം അക്ഷരാർത്ഥത്തിൽ തന്നെ സംസാരിച്ചു എന്ന് ഈ ഉപമയിൽ നിന്ന് ധരിക്കുന്നത് അനുചിതം തന്നെ. കാരണം അബ്രഹാം മരിക്കുകയും അവന്റെ മനോവൃത്തികൾക്ക് വിരാമം ഭവിക്കുകയും ചെയ്തു.

പ്രേതാത്മവാദത്തേ തീർത്തും നിഷേധിക്കുന്നതാണു മേൽവാക്യങ്ങൾ എന്നു സന്ദർഭവശാൽ പറഞ്ഞു കൊള്ളട്ടെ. പ്രേതാന്മവാദികൾ പരേതരായ ബന്ധുമിത്രാദികൾക്ക് നാമുമായി സമ്പർക്കം പുലർത്താൻ കഴിയുമെന്നാണല്ലോ വാദിക്കുന്നത്. പ്രേതാന്മാക്കളുമായുള്ള സമ്പർക്കം തോന്നിപ്പിക്കുന്ന അനുഭവങ്ങളിൽ ഭൂരിഭാഗവും വെറും തട്ടിപ്പാണു. അമ്മാതിരി സന്ദർഭങ്ങളിൽ മദ്ധ്യവർത്തികൾ നമ്മളെ വഞ്ചിക്കുകയാണു. എന്നാൽ ഈ അനുഭവങ്ങളിൽ ഒരു ഭാഗം യാഥാർത്ഥമാണു. പക്ഷെ പ്രേതാത്മവാദികൽ സിദ്ധാന്തിക്കുന്നത് പോലെ മരിച്ചു പോയവരുടെ ആത്മാക്കളല്ല ജീവിച്ചിരിക്കുന്നവരുമായി സംഭാഷിക്കുന്നത്. പരേതരായ ബന്ധുക്കളും സുഹൃത്തുക്കളും ആയി അഭിനയിക്കുന്ന ദുഷ്ടാത്മാക്കളാണു അപ്രകാരം പെരുമാറുന്നത്. നമ്മുടെ ജീവിതരഹസ്യങ്ങൾ അവർക്ക് അറിയാം. നമ്മുടെ വിചാരഗതികൾ അവർക്കൊരു തുറന്ന പുസ്തകമാണു. അങ്ങനെ നാമോ നമ്മുടെ പരേതസുഹൃത്തുക്കളോ ഒഴികേ വേറാരും ഗ്രഹിച്ചിട്ടില്ലെന്നു നാം കരുതുന്ന കാര്യങ്ങൾ അവർ വിളിച്ചു പറയുന്നു. ഈ അറിവിനെ ആയുധമാക്കി നമ്മോടു സംഭാഷിക്കുന്നത് കഥാവശേഷരായ നമ്മുടെ ബന്ധു മിത്രാദികളാണെന്ന് നമ്മെ ബോദ്ധ്യപ്പെടുത്താൻ അവർ ശ്രമിക്കുന്നു. മരിച്ചവർ ഇല്ലായ്മ പ്രാപിക്കുന്നു എന്ന വേദസത്യം അറിയാത്തവർ ശത്രുവിന്റെ വഞ്ചനയിൽ അകപ്പെട്ട് അവന്റെ സ്വാധീനവലയത്തിൽ അമരാൻ ഇടവരുന്നു.

മരണം നിദ്രയോടു സദൃശ്യം. മരണാവസ്ഥയെ വിശദമാക്കാൻ ബൈബിൾ ഉപയോഗ്ഗിക്കുന്ന സാദൃശ്യങ്ങളിൽ ഒന്നാണു നിദ്ര. കാരണം ഒരാൾ സ്വപ്നാതീതമായ ഗാഡനിദ്രയിൽ ആയിരിക്കുമ്പോൾ ചുറ്റുപാടും നടക്കുന്ന സംഭവങ്ങളെ സംബന്ധിച്ച് ഒട്ടും ബോധവാനല്ല.

ദാനിയേൽ 12:2 "ഭൂമിയിലെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവനായും ചിലർ ലജ്ജയ്ക്കും നിത്യനിന്ദക്കുമായും ഉണരും." ഇവിടെ മൃതന്മാർ ഭൂമിയിലെ പൊടിയിൽ നിദ്രകൊള്ളുന്നതായി പറയുന്നു, എന്നാൽ മിശിഹാ ലോകത്തിന്റെ ഭരണകർത്താവായി വരുമ്പോൾ തക്കസമയത്ത് അവർ ഉണർത്തപ്പെടും. അതു കൊണ്ട് മരണത്തിൽ ഇരിക്കും കാലത്തോളം അവർ ബോധവാന്മാരല്ല. അവർക്ക് സുഖമോ ദുഃഖമോ അനുഭവപ്പെടുന്നില്ല. നന്മ ചെയ്തവർ ജീവനിലേക്ക് മടങ്ങി വരുന്നതായി പറയുന്നത് കൊണ്ട് പുനരുത്ഥാനം വരെ അവർക്ക് ജീവനില്ലെന്നു തെളിയുന്നു.

യോഹ 11:11 "നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു." ഞാൻ അവനെ നിദ്രയിൽ നിന്നു ഉണർത്താൻ പോകുന്നു." എന്ന് യേശു പറഞ്ഞു. ക്രിസ്തു തന്റെ സ്നേഹിതനായ ബഥാനിയായിലെ ലാസറിന്റെ മരണത്തെ ആലങ്കാരികമായി നിദ്ര എന്നു വ്യവഹരിക്കുന്നു.ശിഷ്യന്മാർ ഈ വാക്കുകൾ തെറ്റിദ്ധരിച്ച് ലാസറിന്റെ രോഗനില ഭേദപ്പെടുന്നു എന്നാണു വിചാരിച്ചത്. അപ്പോൾ യേശു സ്പ്ഷ്ടമായി പറഞ്ഞു. "ലാസർ മരിച്ചു പോയി, ഞാൻ അവനെ നിദ്രയിൽ നിന്ന് ഉണർത്താൻ പോകുന്നു." ബഥാനിയായിൽ അവൻ വന്ന വിവരം ഒന്നാമതായി അറിയുന്നത് മാർത്തയാണു. ഉത്തരക്ഷണം അവൾ ഗുരുവിന്റെ അടുത്തേക്ക് ഓടി. "നീ ഇവിടെ ഉണ്ടായിരുന്നുവങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു." എന്നാണു അവൾക്ക് പറയാൻ ഉണ്ടായിരുന്നത്. (വാക്യം 21) ക്രിസ്തുവിന്റെ സ്നേഹിതനായ ലാസർ ഒരു നല്ല മനുഷ്യൻ ആയിരുന്നിരിക്കണം. അതു കൊണ്ട് അയാൾ ദണ്ഡനസ്ഥലത്തേക്ക് പോയിരിക്കുകയില്ല. ഉപമ അക്ഷരീകമായി വ്യാഖ്യാനിക്കുന്നവരുടെ അഭിപ്രായത്തിൽ ബഥാനിയായിലെ ലാസർ സ്വർഗ്ഗത്തിൽ ആയിരുന്നിരിക്കണം മരണശേഷം. അങ്ങനെയെങ്കിൽ യേശു കണ്ണുകളുയർത്തി ഒരു വശത്ത് സ്വർഗ്ഗത്തിൽ ഭാഗ്യശാലികളുടെ മദ്ധ്യേ ലാസറിനേയും, മറുവശത്ത് ഭൂമിയിൽ ദുഃഖാർത്തരായ മാർത്തയേയും മറിയയേയും കണ്ടിട്ട് ഏതാണ്ടിങ്ങനെ പറഞ്ഞിരിക്കും. "ലാസറെ ഇറങ്ങി വരുക, നിന്റെ സഹോദരികൾ എത്ര ദുഃഖാർത്തരായിരിക്കുന്നു. അവരെ ശോക സാഗരത്തിൽ ആഴ്ത്തികൊണ്ട് നിനക്ക് സ്വർഗ്ഗസുഖമനുഭവിക്കാൻ സാദ്ധ്യമല്ല. അവരുടെ സമാശ്വാസത്തിനായി നിന്നെ ശാപഗ്രസ്തമായ ഈ ഭൂമിയിലേയ്ക്ക് പുനരാനയിക്കാൻ ഞാൻ നിർബന്ധിതനായിരിക്കുന്നു." എന്നാൽ ഇങ്ങനെ വല്ലതും അവൻ പറയുകയുണ്ടായോ? മരിച്ച് ഭൂമിയുടെ അധോതലങ്ങളിലേക്ക് കണ്ണുകൾ തിരിയിച്ചിട്ട് ഇങ്ങനെ പറഞ്ഞുമില്ല. "ലാസറെ അങ്ങകലെ നരകാഗ്നിയിൽ കിടന്ന് നീ വേദന കൊണ്ട് പുളയുന്നത് ഞാൻ എങ്ങനെ സഹിക്കും. ദുരാത്മാക്കളെ നിങ്ങളുടെ അഗ്നിക്കൊടിലുകൾ താഴെയിടുക." ലാസറേ കയറി വരുക എന്നോ ഇറങ്ങി വരുക എന്നോ അല്ല. പുറത്തു വരിക എന്നു മാത്രമാണു പറഞ്ഞത്. മരിച്ചവൻ പുറത്ത് വന്നു. മരിച്ചവൻ എന്ന പ്രയോഗം ശ്രദ്ധേയമാണു. നരകത്തിൽ യാതനയിലോ സ്വർഗ്ഗത്തിൽ സുഖാനുഭൂതിയിലോ ബോധവാനായി കഴിയുന്നവനല്ല; കേവലം മരിച്ചവനാണു ലാസർ. യഹൂദസമ്പ്രദായപ്രകാരം ചരമ വസ്ത്രങ്ങൾ കൊണ്ട് കൈകാലുകൾ ബന്ധിക്കപ്പെട്ടവനായി മരിച്ചവൻ പുറത്ത് വന്നു. അവന്റെ കെട്ടഴിപ്പിൻ അവൻ പോകട്ടെ എന്നു യേശു പറഞ്ഞു. (വാക്യം 43,44) അങ്ങനെ ചെയ്യപ്പെട്ടു.

ഇങ്ങനെ ചിന്തിക്കുമ്പോൾ ലാസർ വാസ്തവമായി മരിച്ചിരുന്നു. അവൻ നഷ്ടപ്രജ്ഞനായി മരണ നിദ്രയിലായിരുന്നു. ക്രിസ്തുവിന്റെ മഹാശക്തിമത്തായ ആജ്ഞയിങ്കൽ അവൻ പുറത്ത് വന്നു. വിസ്മയസ്തബധരായ അവന്റെ സഹോദരികൾക്ക് അവനെ ജീവനുള്ളതായി തിരികെ കിട്ടി. അവൻ മൃത്യുഗ്രസ്തനായിക്കഴിഞ്ഞ മൂന്നുനാലു ദിവസത്തേ വിചിത്രാനുഭവങ്ങളെപ്പറ്റി അവനൊന്നും പറയാനുണ്ടായിരുന്നില്ല. സ്വർഗ്ഗദർശനത്തിന്റെ ഒരു വർണ്ണന നമുക്ക് സ്വഭാവികമായും പ്രതീക്ഷിക്കാമായിരുന്നു, ദൈവവും, ദൈവദൂതന്മാരുമൊക്കെ എങ്ങനെ കാണപ്പെട്ടു എന്നും മറ്റും വർണ്ണിച്ചു കേൾക്കാൻ നാം ആഗ്രഹിക്കയില്ലയോ, എന്നാൽ സ്വർഗ്ഗമഹത്വങ്ങളെപ്പറ്റി അവൻ മൗനം പാലിക്കുകയാണു, നരകത്തെപ്പറ്റിയും ഭയാനകമായ പലകഥകളും നാം പ്രതീക്ഷിക്കുന്നുണ്ടാകും, അതിനേകുറിച്ചു, ലാസറിനു ഒന്നും പറയാനില്ല. കൊമ്പും, കുളമ്പും ചുരുണ്ടവാലും പിളർന്നനാവുമായി ത്രിശൂലപാണികളും തീകൊണ്ട് പൊള്ളാത്തവരുമായ പിശാചുക്കളെപ്പറ്റിയുള്ള ബീഭത്സവൃത്താന്തങ്ങളൊന്നും നാം കേൾക്കുന്നില്ല. ഇമ്മാതിരി പേക്കിനാക്കളെല്ലാം അന്ധകാരയുഗത്തിലേ കണ്ട് പിടുത്തമാണു. ലാസർ വാസ്തവമായും മരിച്ചു പോയിരിക്കുന്നു.

"മരിച്ചവർ ഒന്നും അറിയുന്നില്ല." ഇങ്ങനെ തന്നെ പ്രഥമ ക്രിസ്തീയ രക്തസാക്ഷിയായ സ്തേഫാനോസിനെപ്പറ്റി നാം വായിക്കുന്നു. "കർത്താവേ ഈ പാപം അവർക്ക് കണക്കിടരുതേ" എന്നവൻ ഉച്ചത്തിൽ നിലവിളിച്ചു. പിന്നെ അവൻ നിദ്രകൊണ്ടും(അപ്പോ 7:60) യാതനയുടെ സ്ഥാനത്തേക്കോ പറുദീസായിലേയ്ക്കോ പോകുന്നതായിട്ടല്ല, കേവലം നിദ്രാധീനനാകുന്നതായിട്ടാണു ഇവിടെ വിവരിക്കുന്നത്. അപ്പോ 13:36ൽ പൗലോസ് ഇങ്ങനെ പറയുന്നു. "ദാവീദ് നിദ്രപ്രാപിച്ചു പിതാക്കന്മാരോട് ചേർന്നു." ദ്രവത്വം കണ്ടു ദാവീദ് സ്വർഗ്ഗത്തിലേക്ക് പോയതായിട്ടല്ല (അപ്പോ 2;34) മരണ നിദ്രയിൽ പതിച്ചതായിട്ടത്രെ പറയപ്പെട്ടിരിക്കുന്നത്. സങ്കീ 16:10നോട് ഈ വേദഭാഗം പൊരുത്തപ്പെടുന്നില്ലെന്നു ചിലർ വിചാരിച്ചേക്കാം. എന്നാൽ അപ്പോ 2:25-32ൽ കാണിച്ചിരിക്കുന്നതു പോലെ ഇവിടെ ദാവീദ് ക്രിസ്തുവിനെപ്പറ്റി പ്രാവചനീകമായിപ്പറയുകയാണെന്ന് മനസ്സിലാക്കണം. 1 കൊരി 15:17,18 ഉം നോക്കുക ക്രിസ്തു ഉയർത്തിട്ടില്ലെങ്കിൽ ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചു പോയി. എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരിൽ നിന്നു ഉയർത്തിരിക്കുന്നു. മരണത്തിൽ ക്രിസ്തു നിദ്രാവസ്ഥയിൽ ആയിരുന്നു. അവൻ മരിച്ചവരിൽ നിന്ന് ഉയർക്കാതിരുന്നെങ്കിൽ ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചു പോയേനെ. ഈ അവസ്ഥ എന്നാളും തുടരുമായിരുന്നു. തീർച്ചയായും ഈ അവസ്ഥയാതനയിലോ ആനന്ദത്തിലോ ഉള്ള നിദ്രയുടെ രൂപമാകയില്ലല്ലോ.

(തുടരും)

Monday, June 13, 2011

യേശുവിന്റെ രണ്ടാം വരവ്

യേശുക്രിസ്തു രാജാവായി കിരീടധാരണം ചെയ്യപ്പെടുമെന്നുള്ള അനുയായികളുടെ മധുരപ്രതീക്ഷകൾക്ക് വിപരീതമായി അവൻ ക്രൂശിതനായി. അവർ ഏറെക്കുറെ അശരണരും നിരാശരുമായിത്തീർന്നു. എന്നാൽ അവന്റെ പുനരുത്ഥാനം അവരുടെ ഭയാശങ്കകളെ തെല്ലൊന്നു ദുരീകരിച്ചു. അവരുടെ അണഞ്ഞു പോയ ആശാകിരണം വീണ്ടും തെളിയാൻ തുടങ്ങി. അപ്പോഴിതാ അവരുടെ സർവ്വസ്വവുമായ ഗുരുവിന്റെ ചിരകാല വിയോഗത്തെ കുറിക്കുന്ന സ്വർഗ്ഗാരോഹണം ആസന്നമാകുന്നു. ഈ സംഭവം അവർക്ക് ദുസ്സഹമായിരിക്കുമെന്ന് അവനറിയാം. ആ കൂരിരുളിൽ ശിഷ്യവത്സലനായ ഗുരു കൊളുത്തിയ വെള്ളിനക്ഷത്രമാണു അവന്റെ പുനരാഗമന വാഗ്ദാനം. യേശുക്രിസ്തു ആളത്വേന ഭൂമിയിൽ പ്രത്യാഗതനായി അവൻ എവിടെയോ ആ സ്വർഗ്ഗത്തിൽ അവനൊരുമിച്ച് വസിക്കത്തക്കവിധം ശിഷ്യവൃന്ദത്തെ സ്വസമക്ഷം ചേർത്തു കൊള്ളുമെന്ന് അവർക്കു വാഗ്ദാനം നൽകി(യോഹ 14:3;17:24)

വർത്തമാനയുഗത്തിലെ വേല

പലരും ധരിച്ചിരിക്കുന്നതു പോലെ ക്രിസ്തുവിന്റെ രണ്ടാം വരവിനു മുൻപ് ലോകത്തെ മനം തിരിക്കുക എന്ന ലക്ഷ്യം ദൈവത്തിനില്ല. അങ്ങനെയെങ്കിൽ വർത്തമാനയുഗത്തിൽ ദൈവത്തിന്റെ പ്രവർത്തനമെന്ത് എന്നൊരു ചോദ്യമുണ്ടാകാം. എല്ലാ ജനസമുദായങ്ങളിൽ നിന്നും "തന്റെ നാമത്തിനായി ഒരു ജനത്തെ വേർതിരിക്കുക" എന്നതാണത്. ഇപ്രകാരം ഒരു ന്യൂനപക്ഷത്തെ എന്തിനു തിരഞ്ഞെടുക്കുന്നു?" സഹസ്രാബ്ദ വാഴ്ച്ചയിൽ ക്രിസ്തുവിനോട് കൂടെ ഭൂമിയുടെ ഭരണഭാരം നിർവ്വഹിക്കുന്നതിനു തന്നെ. വെളി 5:9,10; അപ്പൊ പ്ര 15:14; 17:31 ;വെളി 3:21; 20:4,6; മത്താ 19:28; 1 കൊരി 6:2

ക്രിസ്തുവിന്റെ രണ്ടാം വരവിൽ ലോക ജനാവലിയുടെ അവസ്ഥ

ക്രിസ്തു പുനരാഗമനത്തിൽ മഹാശക്തി ധരിച്ച് ഭൂമിയുടെ ഭരണാധികാരം കയ്യേൽക്കുമ്പോൾ എന്തായിരിക്കും അതിന്റെ അവസ്ഥ? അന്നത്തേയ്ക്ക് ലോകജനാവലി ഒന്നാകെ മനസാന്തരപ്പെട്ടു കഴിഞ്ഞിരിക്കുമെന്നും അവർ അവനെ തങ്ങളുടെ രാജാധിരാജനായി സ്വാഗതം ചെയ്യുമെന്നും വിചാരിക്കാൻ ന്യായമുണ്ടോ? ഇല്ല. പ്രത്യുത ലോകരാഷ്ട്രങ്ങൾ അന്നു ഒരു പ്രക്ഷുബ്ധാവസ്ഥയിലായിരിക്കും. തീർച്ചയായും ഇതു മാനസാന്തരലക്ഷണമല്ലല്ലൊ. 'മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം (യഥാർത്ഥ സുവിശേഷം - ഗ്രീക്ക് മൂലത്തിലെ സൂചന) കണ്ടെത്തുമോ' എന്ന ചോദ്യം ഇതാണു തെളിയിക്കുന്നത് (ലൂക്കോ 18:8 ; 1 തിമോ 4:1; 2 തിമോ 3:1-8,13; 2 പത്രോ 3:3,4; സങ്കീ 2, വെളി 2:26 ,27; 11:17-19;11-21)

ഒന്നാം വരവിന്റെ ഉദ്ദേശ്യം

ലോകത്തിന്റെ ഭരണഭാരം ഏറ്റെടുക്കുന്നതിനും ലോകക്ഷേമം സാധിക്കുന്നതിനുമായിട്ടല്ലായിരുന്നെങ്കിൽ ക്രിസ്തു ഒന്നാമത് വന്നത് എന്തിനായിരുന്നു.? ആദാമിനെയും അവന്റെ കടിപ്രദേശത്ത് അന്തർഭവിച്ചിരുന്ന അവന്റെ വർഗ്ഗത്തെയും വീണ്ടെടുക്കുകയായിരുന്നു ഒന്നാമത് വേണ്ടിയിരുന്നത്. ഇതിനു ഒരു പരിപൂർണ്ണ മനുഷ്യജീവന്റെ ബലി ആവശ്യമായിരുന്നു. ക്രിസ്തു തന്റെ ഒന്നാം വരവിൽ ലോകത്തിന്റെ രാജാവായി അഭിഷിക്തനാകയും സിംഹാസനത്തിൽ അവരോധിതനാകുകയും ചെയ്തിരുന്നെങ്കിൽ ഹീനമായ കൊലമരത്തിൽ ലോകത്തിന്റെ വീണ്ടെടുപ്പർത്ഥമായി ജീവാർപ്പണം ചെയ്യുന്ന യാഗപുരുഷനാകാൻ അവനു കഴിയുമായിരുന്നോ? ഇങ്ങനെ ഒന്നാം വരവിൽ ലോകത്തിനു വേണ്ടി സ്വയം യാഗവസ്തുവായി എന്നതിനു പുറമേ തന്റെ ശരീരമായ സഭയ്ക്ക് അമർത്യതയിലേക്കും ദിവ്യപ്രകൃതിയിലേയ്ക്കുമുള്ള ഒരു പുതുവഴി താൻ തുറക്കുകയും ചെയ്തു. (മത്താ 20:28; മക്കൊ 10:45; റോമ 5:12-21; 1 തിമോ 2:5,6; ഹോശ 13:14; യോഹ 14:1-6; 2 തിമോ 1:10; എബ്രാ 3:1;10:19,20; 2 പത്രോ 1:4)

രണ്ടാം വരവിൽ നിർവ്വഹിക്കുന്ന വേലകൾ


ക്രിസ്തുവിന്റെ രണ്ടാംവരവിലെ ആയിരമാണ്ട് കാലഘട്ടത്തിൽ ഒന്നാമതായി അവന്റെ കാന്തയായി വിളിച്ചു വേർതിരിക്കപ്പെട്ട സഭയെ ഉന്നതസ്ഥാനാരൂഢയാക്കുന്നു. (1 കൊരി 15:50-54; 1 തെസ്സ 4:15-17; 2 തിമോ 4:8) പിന്നീട് "അവളുടെ തോഴിമാരായ കന്യകമാർ" എന്ന നിലയിൽ മഹാപുരുഷാരവും (സങ്കീ 45:14,15; വെളി 7:9-17) തുടർന്ന് തിരഞ്ഞെടുപ്പുഗണങ്ങളിൽ അവശേഷിക്കുന്നവരും (സങ്കീ 45:16; യെശ 32:1; ലൂക്കോ 13:28) ഉയർത്തപ്പെടും. ഒടുവിലായി തിരഞ്ഞെടുപ്പിൽ ഉൾപ്പെടാതെ മാനവകുടുമ്പത്തിൽ പെടുന്ന "ശേഷിപ്പി" നെ അനുഗ്രഹിക്കുന്ന വേലയിൽ അവൻ വ്യാപൃതനാകും. മരിച്ചവരുടെ ഉയർത്തെഴുന്നേല്പ്പും ഇതിൽ ഉൾപ്പെടും. (യോഹ 5:28,29; ദാനി 12:2) "ലോകാരംഭം മുതൽ ദൈവം തന്റെ വിശുദ്ധ പ്രവാചകന്മാർ മുഖാന്തിരം അരുളിച്ചെയ്ത എല്ലാറ്റിന്റെയും യഥാസ്ഥാപനത്തിനുള്ള കാലങ്ങൾ എന്നു പറയുന്നത്" ഇതിനെപ്പറ്റിയാണു. (അപ്പോ പ്ര 3:19-24; 15:16,17; യെശ 35)


സഭ നിർവ്വഹിക്കുന്ന വേല


സഭ അബ്രഹാമ്യസന്തതിയുടെ ഒരു ഭാഗമെന്ന നിലയിലും ക്രിസ്തുവിനോട് കൂടെ കൂട്ടവകാശി എന്ന നിലയിലും ആസന്നമായ യഥാസ്ഥാപനകാലങ്ങളിൽ "ഇച്ഛിക്കുന്നവർക്കെല്ലാം ജീവജലം സൗജന്യമായി" പകർന്നു കൊടുത്ത് കൊണ്ട് "ഭൂഗോത്രങ്ങളെയാകെയനുഗ്രഹിക്കുന്നതിൽ ക്രിസ്തുവിന്റെ സഹപ്രവർത്തകയായിരിക്കും. (റോമ 8:17; ഉല്പ 12:3;22:18 അപ്പോ പ്ര 3:25; ഗലാം 3:8,16 29; വെളി 22:17)

ഏവർക്കും ഒരവസരം


നിത്യജീവൻ പ്രാപിക്കുന്നതിനു ആദാമ്യകുടുമ്പത്തിൽപെട്ട എല്ലാവർക്കും ഒരവസരം പരിപൂർണ്ണമായും നൽകപ്പെടുന്നതാണു. പക്ഷെ രണ്ടാമതൊരവസരം പ്രതീക്ഷിച്ചു കൂടാ. ഈ ആയുസ്സിൽ ഈ അവസരം ലഭിക്കാത്തവർക്ക് യഥാസ്ഥാപന കാലങ്ങളിൽ അതു നൽകപ്പെടും. കാരണം ക്രിസ്തു എല്ലാവർക്കും വേണ്ടിയാണു മരണം ആസ്വദിച്ചത്. കൂടാതെ സുവിശേഷം എന്നാൽ "എല്ലാവർക്കും" ഉണ്ടാകുവാനുള്ള സന്തോഷത്തിന്റെ സദ്വർത്തമാനമാണു. (എബ്രാ 2:9; ലൂക്ക്പ്പ് 2:10,32; 3:6; യോഹ 1:9,29;12:32; 1 തിമോ 4:10; 1 യോഹ 2:2)


സഹസ്രാബ്ദവാഴ്ച എന്തിനു?


സകല ശത്രുക്കളെയും കാൽക്കീഴാക്കുക എന്ന ലക്ഷ്യം വരിക്കുന്നതിനാണു സഹസ്രാബ്ദ വാഴ്ച. ഇങ്ങനെ അന്തിമമായി ഉന്മൂലനം ചെയ്യപ്പെടുന്ന മഹാശത്രു ആദാമ്യമരണമായിരിക്കും. (1 കൊരി 15:24,26; വെളി 21:4)

പുനരുത്ഥാനശേഷം ക്രിസ്തു ആത്മജീവി


ലോകത്തിന്റെ ജീവനുവേണ്ടി (യോഹ 6:51) ക്രിസ്തു ജഡത്തിൽ മരണശിക്ഷ അനുഭവിച്ചു. എന്നാൽ അവൻ മരിച്ചവരിൽ നിന്നു പുനരുത്ഥാന പുത്രനായി ഉണർത്തപ്പെട്ടത് മനുഷ്യനായിട്ടല്ല ആത്മജീവിയായിട്ടാണു. (1 കൊരി 15:20; കൊലോ 1:18;1 പത്രഓ 3:18; 1 കൊരി 15:45,50; 2 കൊരി 3:17; 5:16) അപ്പോൾ അവൻ ദൈവദൂതന്മാരിലും ഉന്നതനായിത്തീർന്നു. (എഫെ 1:20-22; ഫിലി 2:8-11) പിതാവിന്റെ സാക്ഷാൽ പ്രതിമയും (എബ്രാ 1:3-5) മനുഷ്യ ചക്ഷുസുകൾക്ക് അദൃശ്യനുമായി. ആ നിലയിൽ അവനെ ആരും കണ്ടിട്ടില്ല, കാണ്മാൻ കഴിയുകയുമില്ല. (1 തിമോ 6:16; 1:17; യോഹ 1:18; 5:37) അദൃശ്യനായിവർത്തിക്കാനും എവിടെയും വരാനും പോകാനുമുള്ള അവന്റെ കഴിവിനെ കാറ്റിനോട് ഉപമിക്കാം. (യോഹ 3:8)


ആത്മജീവികൾ മനുഷ്യവേഷത്തിൽ


ആത്മജീവികൾ സാധാരണഗതിയിൽ മനുഷ്യചക്ഷുസുകൾക്ക് അദൃശ്യരാണെങ്കിലും അവർക്ക് മനുഷ്യ ശരീരം സ്വീകരിച്ച് പ്രത്യക്ഷരാവാനും പിന്നീട് അതുമാറ്റി അപ്രത്യക്ഷരാവാനും സാധിക്കും. അബ്രഹാമിനും ഗിദിയോനും മറ്റും ദൈവദൂതന്മാർ പ്രത്യക്ഷപ്പെട്ടത് ഇതിനു തെളിവാണു. (ഉല്പ 18:2; ന്യായ 6:12,21)

ക്രിസ്തുവിന്റെ പ്രത്യക്ഷതകൾ


മേല്പറഞ്ഞ പ്രകാരം പുനരുത്ഥാനശേഷം ക്രിസ്തു ഒരു ആത്മജീവി എന്ന നിലയിൽ തന്റെ അനുയായികൾക്ക് വ്യത്യസ്തമായ ജഡശരീരങ്ങൾ ധരിച്ചു പ്രത്യക്ഷനായിട്ടുണ്ട്. (മർക്കോ 16:12) ഈ അവസരങ്ങളിൽ അവൻ ഉപയോഗിച്ച വസ്ത്രങ്ങൾ സന്ദർഭത്തിനു യോജിക്കുന്ന വിധം തൽക്കാലം സൃഷ്ടിച്ചവയായിരുന്നു. കാരണം അവന്റെ യഥാർത്ഥ വസ്ത്രങ്ങൾ പടയാളികൾ പങ്കിട്ടെടുത്തിരുന്നു.(മത്താ 27:35) ഒരിക്കൽ തോട്ടക്കാരനെപ്പോലെയും (യോഹ 20:11-18) പിന്നൊരിക്കൽ പരദേശിയായ ഒരു വഴിപ്പോകനെപോലെയും അവൻ പ്രത്യക്ഷപ്പെട്ടു. എമ്മവുസിലേക്ക് പോയ ശിഷ്യന്മാർക്ക് അവനെ തിരിച്ചറിയാൻ കഴിഞ്ഞത് അവൻ അവരോട് ഒരുമിച്ച് അപ്പം മുറിച്ചപ്പോൾ മാത്രമാണു. (ലൂക്കൊ 24:13-35) പ്രസ്തുത സംഭവത്തിനു ശേഷം അവൻ എടുത്ത ജഡശരീരം മൂലപദാർത്ഥങ്ങളിൽ ലയിപ്പിക്കുകയും തൽഫലമായി അവൻ തിരോഭൂതനാകയും ചെയ്തു. ഇനിയുമൊരിക്കൽ അവൻ കൈകളിൽ ആണിപ്പഴുതുകളോടെയും മറ്റൊരിക്കൽ മീൻ ചോദിച്ചു കൊണ്ടും കാണപ്പെട്ടു. (യോഹ 20:25-29;21:1-14; മത്താ 28:16,17)


ആത്മജീവിയുടെ സിദ്ധികൾ


യഹൂദന്മാരെ ഭയന്ന് വാതിൽ അടച്ച് ശിഷ്യന്മാർ ഇരുന്ന മുറിക്കുള്ളിൽ പ്രവേശിക്കാൻ ക്രിസ്തുവിനു കഴിഞ്ഞു. ആത്മജീവി എന്ന നിലയിലാണു ഇത് സാധിച്ചത്. മുറിക്കുള്ളിൽ പ്രവേശിച്ച ശേഷം തത്ക്കാല സൃഷ്ടമായ ഒരു ജഡശരീരത്തിൽ അവൻ ശിഷ്യന്മാർക്ക് കാണപ്പെട്ടു. അബ്രഹാമിന്റെ നാളുകളിൽ എന്ന പോലെ അവൻ അപ്പോൾ ഭൗതീകാഹാരം കഴിച്ചു. (ഉല്പ 18:8) സ്വശരീരം സ്പർശിച്ചു നോക്കാൻ അവൻ ശിഷ്യന്മാരെ അനുവദിച്ചു. ആത്മാവിനു (ആത്മജീവിക്കു) അവനിൽ കാണുന്നതു പോലെ മാംസവും അസ്ഥിയും ഇല്ലല്ലൊ എന്നു അവരോട് പറഞ്ഞു. പുനരുത്ഥാനവേള മുതൽ അവൻ അപ്രകാരമുള്ള ഒരു ആത്മാവായിരുന്നു. (2 കൊരി 3:17) എന്നാൽ ഈ സന്ദർഭത്തിൽ അവൻ അവർക്ക് പ്രത്യക്ഷനാവാൻ വേണ്ടി മാംസരക്തങ്ങളോട് കൂടിയ ജഡശരീരം താത്കാലികമായി സൃഷ്ടിക്കയായിരുന്നു. കാരണം മാംസരക്തപ്രകൃതിയോട് കൂടിയ ജഡശരീരത്തിനു അടച്ചിരിക്കുന്ന മുറിയിൽ പ്രവേശിക്കാൻ കഴിയുന്നതല്ല. ജഡശരീരാദി പ്രതിബന്ധങ്ങളില്ലാത്ത ആത്മശരീരത്തിനു അതു കഴിയുകയും ചെയ്യും (യോഹ 3:8 ) അങ്ങനെ അവന്റെ സാന്നിദ്ധ്യം തെളിയിക്കാൻ അവനെടുത്ത ആ ജഡശരീരം ഉപയുക്തമായി.

ക്രിസ്തുവിന്റെ ആത്മശരീരം


ക്രിസ്തു പൗലോസിനു പ്രത്യക്ഷനായത് ഇപ്രകാരം ജഡശരീരത്തിലല്ല. അവന്റെ ആത്മശരീരത്തിൽ നിന്നു പുറപ്പെട്ട പ്രഭാപൂരം പൗലോസിനെ അന്ധനാക്കാൻ മതിയാകുന്നതായിരുന്നു. അവന്റെ നഷ്ടപ്പെട്ട കാഴ്ച ഭാഗികമായി വീണ്ടെടുക്കാൻ തന്നെ ഒരു അത്ഭുതവരശക്തി ആവശ്യമായി വന്നു. (ഫിലി 3:21; അപ്പോ പ്ര 9:1-18; 2 കൊരി 12:7; ഗലാ 4:13-15)


രണ്ടാം വരവിന്റെ ആദ്യഘട്ടം - പറൂസിയ


ക്രിസ്തുവിന്റെ രണ്ടാംവരവിന്റെ പ്രഥമഘട്ടം ലോകത്തിനു അജ്ഞാതമായ ഒരു രഹസ്യവസ്തുതയായിരിക്കും. "രാത്രിയിൽ കള്ളൻ എന്നപോലെയായിരിക്കും" ഇത് (വെളി 16:15; ലൂക്കോ 21:34-36; 2 പത്രോ 3:10) ഗ്രീക്ക് മൂലത്തിൽ ഈ ഘട്ടത്തിനു പറൂസിയ എന്നാണു നാമകരണം ചെയ്തിരിക്കുന്നത്. പറൂസിയ എന്ന പദത്തിനു സാന്നിദ്ധ്യം എന്നാണർത്ഥം. ഈ ഘട്ടം ലോകത്തിനു പൊതുവിൽ തന്നെ തിരിച്ചറിയാൻ പ്രയാസമായ ഒന്നാണു. (ലൂക്കോ 17:26-30; മത്താ 24:37-39) സാന്നിദ്ധ്യം എന്നർത്ഥമായ പറൂസിയ എന്ന ഗ്രീക്ക് പദം പ്രകൃത വേദഭാഗങ്ങളിൽ വരവ് എന്നു തെറ്റായി പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഇംഗ്ലീഷു പരിഷ്കൃത ഭാഷാന്തരത്തിന്റെ മാർജിൻ കുറിപ്പ് നോക്കുക. ദൈവത്തിന്റെ യഥാർത്ഥ ജനം ഇതിനെപറ്റി ഇരുളിലായിരിക്കയില്ല. വേദകാലക്കണക്കുകളും പ്രവചനനിവൃത്തികളും കാലലക്ഷണങ്ങളും വഴി അവരുടെ ബുദ്ധിക്ക് ഈ വസ്തുത തെളിവായി വരും. (1 തെസ്സ 5:1-5)

രണ്ടാം വരവിന്റെ വിധം.


അവൻ സ്വർഗ്ഗാരോഹണവേളയിൽ ശിഷ്യവൃന്ദത്തെ വിട്ടു പിരിഞ്ഞ പ്രകാരം തന്നെ തിരികെ വരുമെന്ന് ബൈബിൾ പറയുന്നു. (അപ്പോ പ്ര 1:11) എങ്ങനെയായിരുന്നു അവന്റെ സ്വർഗ്ഗാരോഹണം ? ശബ്ദകോലാഹലമോ പ്രകടമായി മറ്റെന്തെങ്കിലുമോ ഉണ്ടായിരുന്നോ? ഇല്ല. നിശ്ശബ്ദവും ലോകത്തിനു അജ്ഞാതവുമായിരുന്നു ആ സംഭവം. അവന്റെ വിശ്വാസ്താനുയായികൾ മാത്രം അതിനു ദൃക്സാക്ഷികളായി. പ്രകൃത വാക്യം ഇതേ പ്രകാരം എന്നല്ലാതെ ഇതേ രൂപത്തിൽ, ഇതേ ശരീരത്തിൽ എന്നൊന്നും പറയുന്നില്ല എന്നതു ശ്രദ്ധിക്കുക.


ക്രിസ്തു എന്നേക്കും അദൃശ്യൻ


"ഇനി അല്പകാലം കഴിഞ്ഞിട്ടു ലോകം എന്നെ കാണുകയില്ല" എന്നു യേശു തന്റെ ക്രൂശീകരണത്തിനു മുൻപ് പറഞ്ഞു. (യോഹ 14:19) അതു കൊണ്ട് ലോകം തങ്ങളുടെ മാംസചക്ഷുസുകൾ കൊണ്ട് അവനെ ഇനി ഒരിക്കലും കാണുകയില്ല. എന്നാൽ അവൻ മഹാശക്തിയോടും തേജസ്സോടും കൂടി മേഘാരൂഢനായി വരുന്നത് അവർ കാണുമെന്ന് ബൈബിൾ പറയുന്നുണ്ടല്ലോ എന്ന് ചിലർ സംശയിച്ചേക്കാം. ഇതു മാംസചക്ഷുസു കൊണ്ടല്ല മാനസികദൃഷ്ടി കൊണ്ടുള്ള കാഴ്ചയാണു. ഇതു നടക്കുന്നത് രണ്ടാം വരവിന്റെ രണ്ടാംഘട്ടത്തിലാണു. ഗ്രീക്കിൽ ഈ രണ്ടാം ഘട്ടത്തിനു എപ്പിപ്പനി അഥവാ അപ്പോകാലുപ്സിസ് എന്നു പറയുന്നു. എപ്പിപ്പനി എന്നതിനു പ്രത്യക്ഷത എന്നും അപ്പോക്കാലുപ്സിസ് എന്നതിനു വെളിപ്പാട് എന്നും അർത്ഥം. അവൻ വെളിപ്പെടുന്ന മേഘവും ലക്ഷ്യാർത്ഥത്തിലുള്ളതാണു. മഹോപദ്രവനാളുകളിലെ തീവ്രയാതനകളെ ഇതു കുറിക്കുന്നു. (ലൂക്കോ 21:27; മത്താ 24:21,30)

ഏതു കണ്ണും അവനെ കാണും


ക്രിസ്തു രണ്ടാം വരവിൽ ലോകത്തിനു വെളിപ്പെടുമ്പോൾ ഏതു കണ്ണും അവനെ കാണുമെന്ന് എഴുതപ്പെട്ടിരിക്കുന്നു. എങ്ങനെയാണു ലോകം അവനെ കാണുന്നത്.? ജ്ഞാനദൃഷ്ടികൊണ്ട് അവന്റെ സാന്നിദ്ധ്യം ഗ്രഹിക്കുന്നതു കൊണ്ട് തന്നെ. സാത്താന്യ സാമ്രാജ്യത്തിന്റെ സ്ഥാനഭ്രംശവും ഭൂമിയിൽ ക്രിസ്തുവിന്റെ രാജ്യത്തിന്റെ സ്ഥാപനവും കൊണ്ട് അവന്റെ ശക്തിയും സാന്നിദ്ധ്യവും അധികാരവും ലോകരുടെ ബുദ്ധിക്ക് തെളിവായി വരും (2 തെസ്സ 1:6,7; വെളി 1:7)


പ്രവചന വെളിച്ചത്തിൽ നമ്മുടെ കാലം


ബൈബിളിലെ പ്രവചനങ്ങൾ, കാലക്കണക്കുകൾ, കാലലക്ഷ്യങ്ങൾ ഇവ നാം "അന്ത്യകാലത്താ"ണെന്നു തെളിയിക്കുന്നു, ജ്ഞാനത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ച, അഭൂതപൂർവ്വമായ സഞ്ചാരവേഗം, മുൻപ് ലോകം ദർശിച്ചിട്ടില്ലാത്തവിധം ഉഗ്രതരമായ ഉപദ്രവകാലം ഇവയെല്ലാം ഈ വസ്തുത വിളിച്ചറിയിക്കുന്നു. (ദാനി 12:1,4,9,10; ലൂക്കോ 21:25-27; യാക്കോ 5:1-8)

ഈ രാജാക്കന്മാരുടെ നാളുകളിൽ


ദാനിയേൽ പ്രവചനത്തിൽ ഈ ലോകരാജ്യങ്ങളുടെ നിദ്രദർശനമായി ഒരു ഭീമാകാരമായ മാനുഷ ബിംബത്തിന്റെ വസ്തുത രേഖപ്പെടുത്തിയിട്ടുണ്ട്; ആ ബിംബത്തിന്റെ പത്തു കാൽ വിരലുകൾ കൊണ്ട് കാണിക്കുന്ന ഏതൽക്കാല ഭരണകൂടങ്ങളാകുന്ന " ഈ രാജാക്കന്മാരുടെ നാളുകളിൽ ദൈവം സാത്താന്യ വാഴ്ചയ്ക്ക് വിരാമമിടും. തത്സ്ഥാനത്ത് അവന്റെ നീതിയുടെ രാജ്യം അധികാരത്തിൽ വരും. (ദാനി 2:35,44; സങ്കീ 46; സെഫ 1:15-18;3:8,9; 2 പത്രൊ 3:7-13)


രാജ്യത്തിന്റെ സുവിശേഷം


രാജ്യത്തിന്റെ സുവിശേഷം ലോകവ്യാപകമായ നിലയിൽ ഘോഷിക്കപ്പെടണമെന്ന പ്രവചനവും നിറവേറിയിരിക്കുന്നു. ഇത് കേവലം സാക്ഷ്യത്തിനായിട്ടാണു. ലോകത്തെയാകമാനം തിരിക്കാൻ വേണ്ടിയല്ല. ഈ പ്രവചനവും നിവൃത്തിയായിരിക്ക കൊണ്ട് നാം യുഗത്തിന്റെ പരിസമാപ്തിയിൽ എത്തിയിരിക്കുന്നുവെന്ന് സംശയാതീതമായി പറയാം. (മത്താ 24:14; 13:39)


യിസ്രായേലിന്റെ തിരിച്ചു വരവ്


യേശുവിന്റെ പുനരാഗമനത്തെയും അവന്റെ സമാധാന ഭരണത്തെയും വിളിച്ചറിയുക്കുന്ന നിരവധി സംഭവവികാസങ്ങളിൽ ഒന്ന് യിസ്രായേലിന്റെ സ്വദേശത്തേക്കുള്ള തിരിച്ചു വരവാണു. ഇത് അവർ മശിഹായെ അംഗീകരിക്കുവാനും തത്ഫലമായി അവരും ലോകജനാവലിയും അനുഗ്രഹിക്കപ്പെടുവാനും പോകുന്നതിന്റെ പ്രാരംഭമായിരിക്കും. (സെഖ 8; 12:9.10' 14:16-21; മത്താ 23:39; യെശ 2:2-4; യിരെ 23:5-8;24:6,7;30:7-11,18-24;31:8-12,27-34;ആമോ 9:11-15; റോമ 11:25-29)

Monday, May 30, 2011

എന്താണു സത്യം ?

"എല്ലാ തിരുവെഴുത്തും ദൈവ ശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സത്പ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിനു ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനു നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളതാകുന്നു" 2 തിമോ 3:16

ഗ്രന്ഥങ്ങളുടെ ഗ്രന്ഥം

"
നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ, എന്തെന്നാൽ അവർ തൃപ്തരാകും" എന്നു യേശു വാഗ്ദാനം ചെയ്യുന്നു. ഏതൊന്നാണോ സുബദ്ധവും ഗുണകരവും സത്യവും അതാണു നീതി. നീതിക്കു വിശന്നു ദാഹിക്കുന്നവരൊഴികെ മറ്റാരും തൃപ്തരാകയില്ല. "യാചിപ്പിൻ നിങ്ങൾക്ക് കിട്ടും; അന്വേഷിപ്പിൻ, കണ്ടെത്തും; മുട്ടുവിൻ, നിങ്ങൾക്ക് തുറക്കും";"നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും: എന്നും അവൻ വാഗ്ദാനം ചെയ്യുന്നു. എന്തിൽ നിന്നുള്ള സ്വാതന്ത്ര്യമാണു? പാപം, അഞ്ജത, അന്ധവിശ്വാസം,പരസ്പര വിരുദ്ധവും ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നതും മനുഷ്യ കല്പിതങ്ങളുമായ വിശ്വാസപ്രമാണങ്ങൾ, മതഭേദങ്ങൾ ഇവയിൽ നിന്നെല്ലാമുള്ള സ്വാതന്ത്ര്യം തന്നെ. [മത്താ 5:6;7:7,8; ലൂക്കോ 11:9,10; യോഹ 8:32]

സത്യം എവിടെ കണ്ടെത്താം?

സത്യത്തിന്റെ വെളിപ്പാടിനെ മനസ്സിലാക്കുവാൻ വേണ്ട വിശേഷജ്ഞാനം മനുഷ്യനു പ്രദാനം ചെയ്ത ബുദ്ധിമാനായ ഒരു സൃഷ്ടാവുണ്ട്. "ഉയരത്തിൽ നിന്നുള്ള നിർമ്മലജ്ഞാന"മാകുന്ന സത്യം കണ്ടെത്തുന്നതിനു "ഭത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി നൽകുന്ന വെളിച്ചങ്ങളുടെ പിതാവായ" ദൈവത്തിങ്കലേക്ക് തിരിയുകയാണു വേണ്ടത്. (യാക്കോ 1:5,17;3:17)പിശാചെന്നും സാത്താനെന്നും അറിയപ്പെടുന്ന പഴയ പാമ്പായ "വ്യാജങ്ങളുടെ പിതാവിനെ" വിശ്വസിക്കയല്ല വേണ്ടത്. "അവൻ മുഴുവൻ ലോകത്തെയും വഞ്ചിക്കുന്നവനാണു". ഒന്നിനൊന്നു മറ കൂടാതെ വ്യാപകമായും അവൻ ഇന്ന് ആരാധിക്കപ്പെടുന്നു. അവൻ "ഗർജ്ജിക്കുന്ന സിംഹം പോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റി നടക്കുന്നു.""വെളിച്ച ദൂതന്റെ വേഷം ധരിച്ച ലോകത്തിന്റെ ദൈവമാണവൻ." ദൈവവചനം വിശ്വസിക്കാത്തവരുടെ മനസ്സ് അന്ധമാക്കുന്നവനും ആദിമുതൽ കൊലപാതകനുമാണവൻ. അവനിൽ സത്യം ഇല്ലായ്കയാൽ അവൻ സത്യത്തിൽ നില നിന്നില്ല; അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽ നിന്നു പറയുന്നു. എന്തെന്നാൽ "അവൻ വ്യാജം പറയുന്നവനും അതിന്റെ പിതാവും ആകുന്നു." (വെളി 12:9; 1 പത്രോ 5:8; 2 കൊരി 4:4; 11:14; യോഹ 8:44; 14:30;16:11)

അതു കൊണ്ട് ദിവ്യ സത്യം ആരായുകയിൽ നാം സാത്താനാലുപദിഷ്ടവും മനുഷ്യകല്പിതവുമായ സിദ്ധാന്തങ്ങളിലേക്കും വിശ്വാസപ്രമാണങ്ങളിലേക്കും പാരമ്പര്യങ്ങളിലേക്കുമല്ല തിരിയേണ്ടത്. അവ സത്യമെന്ന് അവകാശപ്പെടുന്നെങ്കിലും അപ്രകാരമല്ല, അവയുടെ പ്രചാരം ഗണ്യമാക്കേണ്ടതുമില്ല. ഇക്കാര്യത്തിൽ തിരുവെഴുത്തുകളെയാണു നാം ആധാരമാക്കേണ്ടത്. അത് ദൈവത്തിന്റെ വചനം അഥവ സത്യമാണെന്നു ബാഹ്യവും ആഭ്യന്തരവുമായ നിരവധി തെളിവുകൾ കൊണ്ട് സ്ഥാപിക്കാൻ കഴിയും. "നിന്റെ സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ; നിന്റെ വചനം സത്യമാകുന്നു" എന്നു യേശു അതിനെ പരാമർശിച്ചു പറഞ്ഞു. (യോഹ 17:17; 6:63)

ക്രിസ്തുവിലുള്ള വിശ്വാസം വഴി നമ്മെ "രക്ഷക്കു ജ്ഞാനികളാക്കുവാൻ" വിശുദ്ധതിരുവെഴുത്തുകൾക്കു കഴിയും. എന്തെന്നാൽ "എല്ലാ തിരുവെഴുത്തും ദൈവ നിശ്വസ്തമാണു. ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനു ഉപയുക്തമാണു; ദൈവത്തിന്റെ മനുഷ്യൻ സകല സത്പ്രവർത്തിക്കും വക പ്രാപിച്ചു തികഞ്ഞവനാകെണ്ടതിനു തന്നെ." (2 തിമോ 3:15-17)

വേദത്തിൽ നിന്നുള്ള സത്യം ഗ്രഹിക്കുന്നതിനു മുൻപേ ഉൾക്കൊണ്ടു പോയ ആശയങ്ങൾ ഉപേക്ഷിക്കുന്നതിനുള്ള സന്നദ്ധത ഉൾപ്പെടെ സത്യസന്ധതയും താഴ്മയും സൗമത്യയും ആവശ്യമാണു. "ദൈവം സത്യവാൻ എന്നു വരട്ടെ," അതിന്റെ പേരിൽ സകലരും അസത്യവാദികൾ ആകേണ്ടിവന്നാലും എന്നതായിരിക്കണം വിഷയത്തിൽ നമ്മുടെ മനോഭാവം. "അവർ വചനപ്രകാരം പറയുന്നില്ലെങ്കിൽ അത് അവരിൽ വെളിച്ചമില്ലായ്ക കൊണ്ടത്രെ." ഏവം വിധം ഒരുവന്റെ വിശ്വാസത്തിനു ആധാരമായിരിക്കേണ്ടത് മനുഷ്യന്റെ ജ്ഞാനമല്ല; ദൈവത്തിന്റെ ശക്തിയത്രെ. (റോമ 3:4; യെശ 8:20; 1 കൊരി 2:5)

വെളിച്ചങ്ങളുടെ പിതാവും വ്യാജങ്ങളുടെ പിതാവും വിരുദ്ധ ശക്തികൾ

വെളിച്ചങ്ങളുടെ പിതാവ് ആദാമിനോട് പറഞ്ഞു; അതിൽ നിന്ന് "ഭക്ഷിക്കുന്ന നാളിൽ നീ നിശ്ചയമായും മരിക്കും." (ഉല്പ 2:17) ചാകവേ ചാകും എന്നു മാർജിനിൽ കൊടുത്തിരിക്കുന്നു. കർത്താവിനെ സംബന്ധിച്ച് നാൾ അഥവ ഒരു ദിവസമെന്നത് ആയിരം സംവൽസരം പോലെയത്രെ. (2 പത്രോ 3:8; സങ്കീ 90:4) ആദാം 930-മത്തെ വയസിൽ മരിച്ചു. വ്യാജങ്ങളുടെ പിതാവാകട്ടെ ദൈവവചനത്തിനു നേർവിരുദ്ധമായി "നീ നിശ്ചയമായും മരിക്കയില്ല" എന്നു ഹവ്വയോട് പറഞ്ഞു. അവൻ ഉച്ചരിച്ച ഒന്നാമത്തെ കല്ലുവെച്ച നുണയായിരുന്നു അത് (ഉല്പ 3:4)

വെളിച്ചങ്ങളുടെ പിതാവ് ആദാമിനെ ന്യായം വിധിക്കയിൽ "നിലത്തു നിന്നു നിന്നെ എടുത്തിരിക്കുന്നു. അതിൽ തിരികെ ചേരും." (ഉല്പ 3:19) എന്നു ആദാമിനു നേരിടാനുള്ള മരണശിക്ഷയെപ്പറ്റി പറഞ്ഞു. വ്യാജങ്ങളുടെ പിതാവാകട്ടെ ആദാം മരണത്തിൽ അവന്റെ പൂർവ്വാവസ്ഥയിലേക്കുമടങ്ങുകയായിരുന്നില്ല, മറിച്ചു മരിച്ചിട്ടും സജീവമായിത്തന്നെ തികച്ചും പുതിയൊരവസ്ഥയിൽപ്രവേശിക്കുകയായിരുന്നു എന്ന് അവകാശപ്പെടുന്നു.

വെളിച്ചങ്ങളുടെ പിതാവ് ചരിത്രം തെളിയിക്കുന്ന പ്രകാരം താൻ വിധിച്ച മരണശിക്ഷ സർവ്വത്രമനുഷ്യരാശിയുടെ മേൽ നടപ്പാക്കിയിരിക്കുന്നു. എന്നാൽ വ്യാജങ്ങളുടെ പിതാവാകട്ടെ ആദാമും ഹവ്വായുംഅവരുടെ സന്തതിപരമ്പരകളും അവിരാമം ജീവിക്കുമെന്നും അവർ ദേവതുല്യരായിരിക്കുമെന്നുംവിശ്വസിക്കുമാറു ഹവ്വയെ വഞ്ചിക്കയാണുണ്ടായത്. (ഉല്പ 3:5; 1 തീമൊ 2:14)

വെളിച്ചങ്ങളുടെ പിതാവ് സത്യം വളരെ തെളിവായി പ്രതിപാദിച്ചു. അതിന്റെ വെളിച്ചത്തിൽപ്രേഷിത ശ്രേഷ്ഠ്നായ പൗലോസ് മുഖേന ക്രൈസ്തവ സഭയ്ക്ക് ഇങ്ങനെ മുന്നറിയിപ്പുനൽകി"സർപ്പം ഹവ്വയെ ഉപായത്തിൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു വല്ല വിധത്തിലുംക്രിസ്തുവിലുള്ള ലാളിത്യം വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു." (2 കൊരി 11:3) എന്നാൽ ഒരിക്കലും ഒരാത്മീയോത്പാദനം പ്രാപിക്കാതെ ഒരു മാനുഷ ജീവി മാത്രമായിരുന്ന ആദാംഎങ്ങനെയോ ഒരു ആത്മമരണമടഞ്ഞെന്നും അവനും അവന്റെ വർഗ്ഗവും മരണം വഴി സ്വർഗ്ഗത്തിലോനിത്യദണ്ഡനത്തിലോ മറ്റേതെങ്കിലും മദ്ധ്യബോധാവസ്ഥയിലോ ജീവിച്ചു കൊണ്ടിരിക്കെയാണെന്നുംതന്മൂലം പുനരുത്ഥാന ദിനത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും വിശ്വസിക്കുമാറ് വ്യാജങ്ങളുടെപിതാവ് അനേകരെയും വഞ്ചിച്ചു വരുന്നു.

വെളിച്ചങ്ങളുടെ പിതാവ് ഇങ്ങനെ പറയുന്നു. "മനുഷ്യർക്ക് ഭവിക്കുന്നത് മൃഗങ്ങൾക്കും ഭവിക്കുന്നു. രണ്ടിനും ഗതി ഒന്നു തന്നെ. അതു മരിക്കുന്നതു പോലെ അവനും മരിക്കുന്നു. രണ്ടിനും ശ്വാസം ഒന്നത്രേ. മനുഷ്യനു മൃഗത്തേക്കാൾ വിശേഷതയില്ല. എല്ലാം ഒരു സ്ഥലത്തേക്കു തന്നെ പോകുന്നു. (സ്വർഗ്ഗത്തിലോ നിത്യ യാതനയിലോ അല്ല) എല്ലാം പൊടിയിൽ നിന്നുണ്ടായി; എല്ലാം വീണ്ടുംപൊടിയായിത്തീരുന്നു." (സഭാ 3:19,20 സങ്കീ 49:14-മാർജിൻ) എന്നാൽ വ്യാജങ്ങളുടെ പിതാവ്അവകാശപ്പെടുന്നതാകട്ടെ, ഭൂരിപക്ഷം പേരും മരണശേഷം മൃഗത്തിലും നീചമായ നിലയിലെത്തുന്നുഎന്നാണു. അതായത് മരണത്തോട് കൂടി മൃഗത്തിന്റെ ജീവിതവും അതുവഴി യാതനകളുംഅവസാനിക്കുന്നു. അതേസമയം മനുഷ്യൻ വാസ്തവത്തിൽ മരിക്കുന്നില്ല, തുടർന്ന് ജീവിക്കുകയാണു, അതാകട്ടെ ഒട്ടുമുഴുവൻ പേരും നിത്യദണ്ഡനത്തിലും!

വെളിച്ചങ്ങളുടെ പിതാവ് ഇപ്രകാരം പറയുന്നു; "മനുഷ്യൻ ജീവനുള്ള ആത്മാവായിത്തീർന്നു." (എബ്രയമൂലം: നെഫേഷ് - ബോധവത്തായ ജീവി) " പാപം ചെയ്യുന്ന ആത്മാവോ അതു മരിക്കും." തന്റെആത്മാവിനെ ജീവനോടെ കാക്കാൻ ഒരുവനും ശക്തനല്ല." (ഉല്പ 2:7; യെസ 18-4,20; സങ്കീ 22:29; 30:3; 78:50) എന്നാൽ വ്യാജങ്ങളുടെ പിതാവ് ഉപദേശിക്കുന്നതാകട്ടെ മനുഷ്യാത്മാവ് പ്രകൃത്യാ തന്നെഅമർത്യമാണു, അതിനു മരിക്കുക സാദ്ധ്യമല്ല, അനന്തവും അവിഭാജ്യവും അദൃശ്യവും അന്തവ്യാപിയുമായഏതോ ഒന്നാണു. തന്മൂലം അതിനു നിത്യാസ്തിക്യം ഉണ്ടായേ മതിയാവു എന്നൊക്കെയാണു.

വെളിച്ചങ്ങളുടെ പിതാവു പറയുന്നു. "പാപത്തിന്റെ ശമ്പളം മരണം, എന്നാൽ ദൈവത്തിന്റെകൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ" (മരണത്തിന്റെവിപരീതാവസ്ഥ)- റോമ 6:23 വ്യാജങ്ങളുടെ പിതാവാകട്ടെ ഇതിനു നേർവിരുദ്ധമായി പാപത്തിന്റെശമ്പളം മരണമല്ല യാതനയിലൂള്ള നിത്യജീവിതമാണു, നിത്യജീവൻ ക്രിസ്തുവഴി പ്രാപിക്കേണ്ടദൈവദാനമല്ല, പ്രത്യുത ദൈവത്തിനു തന്നെയും നശിപ്പിക്കാനാകാത്ത അമർത്യമായൊരാത്മാവ്ഉള്ളിൽ കുടികൊള്ളുന്നതു വഴി ദുഷ്ടന്മാർക്കു പോലും സ്വഭാവസിദ്ധമായിട്ടുള്ളതാണു എന്നെല്ലാംഉപദേശിക്കുന്നു.

"ശരീരത്തെയും ആത്മാവിനെയും നരകത്തിൽ നശിപ്പിക്കാൻ ദൈവത്തിനു കഴിയും." എന്ന ക്രൈസ്തവ സൂക്തത്തിനു എതിരാണു ഈ ഉപദേശം [ഇവിടെ നരകം എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഗിഹെന്ന എന്ന ഗ്രീക്ക്മൂല പദമാണു. അതു രണ്ടാം മരണത്തെ പരാമർശിക്കുന്നു. രണ്ടാം മരണമെന്നത് സമ്പൂർണ്ണവും നിത്യവുമായ ഉന്മൂലനാശമാണു.] (മത്താ 10:28)

വെളിച്ചങ്ങളുടെ പിതാവ് പറയുന്നു. "മരിച്ചവർ ഒന്നുമറിയുന്നില്ല" അവന്റെ പുത്രന്മാർക്ക് ബഹുമാനം ലഭിക്കുന്നത് അവൻ അറിയുന്നില്ല; അവർക്കു താഴ്ച്ച ഭവിക്കുന്നത് അവൻ ഗ്രഹിക്കുന്നതുമില്ല;""അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്ക് മടങ്ങുന്നു; അന്നു തന്നെ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു." "മരണത്തിൽ നിന്നെക്കുറിച്ച് ഓർമ്മയില്ലല്ലോ പാതാളത്തിൽ ആർ നിനക്ക് സ്തോത്രം ചെയ്യും?" (സഭാ 9:5,10; ഇയ്യോ 14:21 സങ്കീ 146:4;6:5; 115:17) പാതാളം എന്നതിനു ശവക്കുഴി എന്നർത്ഥം. എന്നാൽ വ്യാജങ്ങളുടെ പിതാവ് ഇതിനു നേർ വിപരീതമായി പഠിപ്പിക്കുന്നു. പരേതരായ പിതാക്കൾ ഒരു ആത്മലോകത്തിൽ ജീവിതം നയിക്കുന്നതായും അവിടെ ഇരുന്നു കൊണ്ട് ഭൂമിയിലുള്ള തങ്ങളുടെ മക്കൾക്ക് മാർഗ്ഗദർശനം നൽകുന്നതായും ചിത്രീകരിക്കുന്നു. മിക്കപ്പോഴും ഈ ഭോഷ്ക്കുകളുടെ പ്രചാരണത്തിനു വിദഗ്ധരായ ഉപദേഷ്ടാക്കളെയും കലാകാരന്മാരെയും അവൻ ഉപകരണമാക്കുന്നു.

വെളിച്ചങ്ങളുടെ പിതാവ് (താൻ കഴിഞ്ഞാൽ) യേശു മാത്രമാണു അമർത്യൻ (1 തിമോ 6:16) എന്നു പറഞ്ഞിരിക്കുന്നു. തേജസും മാനവും അമർത്യതയും അന്വേഷിക്കാൻ അവൻ ഉത്ബോധിപ്പിക്കുന്നു. ഒന്നാം പുനരുത്ഥാനത്തിൽ (അതിനു മുമ്പല്ല) "ദൈവത്തിന്റെ നീതിയുള്ള വിധിവെളിപ്പെടുന്ന ക്രോധ ദിനത്തിൽ" സുവിശേഷയുഗത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള ഈ മഹോപദ്രവ ദിവസത്തിൽ, ക്രിസ്തുവിന്റെ മണവാട്ടി എന്ന നിലയിൽ അവർ അവനോട് അനുരൂപരാക്കപ്പെടുകയും അമർത്യത ധരിക്കയും ചെയ്യുമ്പോഴായിരിക്കും ഈ വിശിഷ്ട സിദ്ധികൾ അവൻ അവർക്കും കൈവരുത്തുന്നത്.( റോമ 2:5-7; വെളി 20:6;ദാനി 12:1-3;1യോഹ 3:2;1 കൊരി 15:53,54) എന്നാൽ വ്യാജങ്ങളുടെ പിതാവ് അവകാശപ്പെടുന്നതാകട്ടെ മനുഷ്യാത്മാവിനു പ്രകൃത്യാതന്നെ അമർത്യതയുണ്ടെന്നും അങ്ങനെ ജന്മസിദ്ധമായി കൈവശം വെച്ചനുഭവിച്ചു പോരുന്ന ഒന്നിനെ അന്വേഷിക്കുന്നതു വിഡ്ഢിത്തമാണെന്നുമാണു.

വെളിച്ചങ്ങളുടെ പിതാവ് "യേശു മരിച്ചവരിൽ നിന്നു ആദ്യജാതൻ" (കൊലൊ 1:13 വെളി 1:5) ആണെന്നും അവനെപ്പോലെ അവന്റെ വചനം മുഖേന ആത്മാവിൽ നിന്നു ഉല്പാദിതരാകയും (യോഹ 3:5; 1 കൊരി 4:15; യാക്കോ 1:18; 1 പത്രോ 1:3,23,25) പിന്നീട് മരിച്ചവരിൽ നിന്നു ആത്മാവിനാൽ ജനിക്കയും (പുനരുത്ഥാനം മൂലം) ചെയ്യുന്നവർക്കു മാത്രമേ ദൈവരാജ്യത്തിന്റെ അദൃശ്യവും സ്വർഗ്ഗീയവുമായ ആത്മീയാവസ്ഥയിൽ പ്രവേശിക്കാൻ കഴിയു എന്നും തന്മൂലം യേശുവിന്റെ ഒന്നാം വരവിനു മുൻപ് ആർക്കും സ്വർഗ്ഗപ്രാപ്തി ഉണ്ടായിട്ടില്ലെന്നും (യോഹ 3:13) പെന്തക്കോസ്തുവരെ ദാവീദു സ്വർഗ്ഗാരോഹണം ചെയ്തിരുന്നില്ലെന്നും (അപ്പൊ പ്ര 2:29-34) അപ്പോസ്തോലന്മാർക്കു പോലും അവരുടെ സ്വർഗ്ഗീയ പ്രതിഫലമായ അമർത്യജീവന്റെ കിരീടം ചൂടേണ്ടതിനു യേശുവിന്റെ പുനരാഗമനത്തോളം കാത്തിരിക്കേണ്ടിയിരുന്നുവെന്നും പഠിപ്പിക്കുന്നു. (വെളി 2:10; 1 കൊരി 15:48-54; കൊലൊ 3:4; 1 തെസ്സ 4:13-17; 2 തിമോ 4:8; 1 പത്രോ 1:4,5,13; 5:4; യോഹ 14:2,3; 1 യോഹ 3:2) സഹസ്രാബ്ദ ന്യായവിധി ദിവസം (അപ്പോ പ്ര 17:31; 2 പത്രോ 3:7,8) നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ പഴയ നിയമ പ്രവാചകന്മാരുൾപ്പെടെ തന്റെ ജനങ്ങൾക്ക് പ്രതിഫലം നൽകുന്നതിനുള്ള അവന്റെ പുനരാഗമനത്തിന്റെ കാലം വരെ സഭ തങ്ങളുടെ സ്വർഗ്ഗീയ കിരീടത്തിനായി കാത്തിരിക്കേണ്ടിയിരിക്കുന്നു. (മത്താ 16:27; ലൂക്കോ 14:14; വെളി 11:18; 20:12; 22:12) വ്യാജങ്ങളുടെ പിതാവു പഠിപ്പിക്കുന്നതാകട്ടെ പ്രതിഫലത്തിനു വേണ്ടി ആർക്കും കാത്തിരിക്കേണ്ടതില്ലെന്നാണു. മരണത്തിൽ എല്ലാവരുടെയും വിധി പൂർത്തിയാകയും സ്വർഗ്ഗത്തിലോ നരകത്തിലോ ഉള്ള നിത്യജീവിതം കൈവരികയും ചെയ്യുമത്രേ. സാത്താൻ ഉപദേശിക്കുന്ന നരകം എന്ന അഗ്നികൂപം പാപ്പാമതം ജാതീയമതങ്ങളിൽ നിന്നു രൂപഭേദം ചെയ്ത് സ്വീകരിച്ചതും മിക്ക പ്രൊട്ടസ്റ്റ്ന്റ്റുവിഭാഗങ്ങളും അതിൽ നിന്ന് ദത്തെടുത്തതുമാണു.

പുനരുത്ഥാനം കണക്കിലെടുക്കുക വഴി "ആദാമിൽ മരിക്കുന്നവർ" നശിച്ചു പോകുന്നില്ല എന്നു വെളിച്ചങ്ങളുടെ പിതാവ് പറയുന്നു. കാരണം "കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു പുറത്തു വരുന്ന നാഴിക വരുന്നു." എന്തെന്നാൽ ക്രിസ്തു എല്ലാവർക്കും വേണ്ടി മറുവിലയായിത്തീർന്നു. "തക്ക കാലത്തു അറിയിക്കപ്പെടേണ്ട" വസ്തുതയാണിത്. തന്മൂലം ദൈവം എല്ലാ മനുഷ്യരും (ആദാമ്യന്യായ വിധിയിൽ നിന്നും മരണത്തിൽ നിന്നും) രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. അവന്റെ ദാനമെന്ന നിലയിൽ നിത്യജീവൻ നേടുന്നതിനു പൂർണ്ണമായ ഒരവസരം അവർക്കു അപ്പോൾ കൈവരണമെന്ന് അവൻ ആഗ്രഹിക്കുന്നു. താരതമ്യേനെ ഒരു ന്യൂനപക്ഷത്തിനെ ഇതുവരെയും അങ്ങനെയൊരവസരം കൈവന്നിട്ടുള്ളു. അതു കൊണ്ട് ഭൂമിയിലെ പൊടിയിൽ, മരണത്തിന്റെ അബോധ നിദ്രയിൽ ഉറങ്ങുന്നവരെപ്പറ്റി "പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കരുത്" എന്തെന്നാൽ അവർ "ഉണരും" കാരണം "ആദാമിൽ എല്ലാവരും മരിക്കുന്നതു പോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും" എന്നു എഴുതപ്പെട്ടിരിക്കുന്നു.(യോഹ 5:28,29; 1 തിമോ 2:4-6; 1 തെസ്സ 4:13-17; ദാനി 12:2; 1 കൊരി 15:22) എന്നാൽ വ്യാജങ്ങളുടെ പിതാവ് പഠിപ്പിക്കുന്നതാകട്ടെ "നിങ്ങൾ നിശ്ചയമായും മരിക്കയില്ല" അതായത് മരിക്കുന്നതായി തോന്നും, മരണത്തിൽ ശരീരം മാത്രമായിരിക്കും നിദ്രാധീനമാകുക. നിങ്ങളുടെ ആത്മാക്കൾ പൂർവ്വാധികം ബോധവത്തായിരിക്കും. പുനരുത്ഥാനമെന്നത് നിങ്ങൾക്ക് വാസ്തവത്തിൽ നിഷ്പ്രയോജനമായ ജഡശരീരത്തിൽ വീണ്ടും നിങ്ങളെ തടവിലാക്കുന്നതാണു എന്നെലാമത്രെ.

വെളിച്ചങ്ങളുടെ പിതാവ് വാഗ്ദാനം ചെയ്യുന്നത് മനുഷ്യരാശി അനുഭവത്തിലൂടെ പാപത്തിന്റെ ദാരുണഫലങ്ങൾ പഠിച്ചു കഴിയുമ്പോൾ അവ തന്റെ ജ്ഞാനത്തിനു നീതിക്കും സ്നേഹത്തിനും ശക്തിക്കും അനുയോജ്യമായവിധം മാനസാന്തര സാധ്യതയില്ലാത്ത മുഴുവൻ ദുഷ്ടന്മാരെയും നശിപ്പിച്ച് ഭൂമിയെ നിർമ്മലീകരിക്കും എന്നത്രെ. "സകല ദുഷ്ടന്മാരെയും അവൻ നശിപ്പിക്കും." "അവർ ജനിക്കാത്തവരെപ്പോലെ ആകും" ദുഷ്ടന്മാർ ഇല്ലാതെയാകും" "അവർ ക്ഷയിച്ചു പോകും "(സങ്കീ 145:20;37:10,20; ഓബ 16)അവർ "നിത്യ ശിക്ഷയിലേക്ക്" പോകും. (നിത്യച്ഛേദനമെന്നാണു ഗ്രീക്കുമൂലം നിത്യദണ്ഡനമല്ല, പ്രത്യുത ജീവനിൽ നിന്ന് എന്നേക്കുമുള്ളച്ഛേദനം അതായത് നിത്യമരണം-സമ്പൂർണ്ണവും നിത്യവുമായ ഉന്മൂലനം അഥവ രണ്ടാം മരണം) "പാപത്തിന്റെ ശമ്പളം മരണം" (റോമ 6:23) എന്നാൽ ദുഷ്ടന്മാരുടെ ഈ അനുഭവത്തിനു വിപരീതമായി "നീതിമാന്മാർ നിത്യജീവനിലേക്ക് പോകും." (മത്താ 25:46) എന്നാൽ വ്യാജങ്ങളുടെ പിതാവ് ഈ സത്യം നിഷേധിക്കുകയും ദൈവനാമത്തെ ദുഷിക്കുകയും ചെയ്യുന്നു. തന്റെ സൃഷ്ടികളായ എണ്ണമറ്റ കോടാനുകോടി മനുഷ്യജീവികളെ പൈശാചികമായി അനന്തകാലം ദണ്ഡിപ്പിക്കുന്ന ക്രൂരചിത്തനും പ്രതികാര ബുദ്ധിയുമായി ദൈവത്തെ ചിത്രീകരിക്കുക വഴി അവന്റെ പാവന സ്വഭാവത്തെ വികൃതമാക്കി കാണിക്കുന്നു. ഷിയോൽ എന്ന എബ്രയാപദവും ഹേഡീസ്, ഗിഹെന്ന എന്ന ഗ്രീക്ക് പദങ്ങളും സാത്താൻ തെറ്റായി പരിഭാഷപ്പെടുത്തുകയും ചെയ്തു. അങ്ങനെ മാനവരാശിയിൽ ബഹുഭൂരിപക്ഷവും യാതനയിൽ കഴിയുന്ന സ്ഥലം എന്ന ഒരു ദുരർത്ഥം ഈ പദങ്ങൾക്കു വന്നു കൂടാൻ ഇടവരുത്തി. വെളിച്ചങ്ങളുടെ പിതാവ് അഗ്നിനാശത്തിന്റെ പ്രതീകമായി ഉപയോഗിക്കുന്നു. "സോദേമും ഗോമോറായും നിത്യാഗ്നിയുടെ (അവയുടെ സമ്പൂർണ്ണ നാശത്തിന്റെ ) പ്രതികാരം സഹിച്ചു കൊണ്ട് ദൃഷ്ടാന്തമായി കിടക്കുന്നു. (യൂദാ 7) അവിടെ തീ കെടാതെ നിത്യം എരിഞ്ഞു കൊണ്ടിരിക്കുന്നു എന്നല്ല, പ്രത്യുത തീ എന്നന്നേക്കുമായി ആ പട്ടണങ്ങളെ ഭസ്മീകരിച്ചു കളഞ്ഞു എന്നത്രെ.പട്ടണങ്ങളാണു ആളുകളല്ല നിത്യനാശത്തിനിരയായത്. ആളുകൾക്ക് ഭാവിയിൽ രക്ഷയ്ക്ക് ഒരു അവസരമുണ്ട്. (ഹെസ 16:46-63; മത്താ 10:15; ലൂക്കോ 10:11,12) അതു കൊണ്ട് തീ നാശത്തെക്കുറിക്കുന്നു. യെശ 66:24ലും മർക്കോ 9:43-48 ലും തീ,നരകം, പുഴു എന്ന പ്രയോഗങ്ങളും ഇതേ ആശയം തന്നെ പ്രതിപാദിക്കുന്നു. ഇവിടെ നരകം എന്നു വിവർത്തനം ചെയ്തിട്ടുള്ളത് ഹേഡീസ് അഥവ പാതാളം എന്ന പദമല്ല, അതു ആ ഭാമ്യമൃതിയുടെ ഫലമായ അബോധനിദ്രാവസ്ഥയാണു. ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ഗീഹെന്ന എന്ന പദമാണു. വർജ്യപദാർത്ഥങ്ങൾ ദഹിപ്പിച്ചു കളയുന്നതിനു ഉപയോഗിച്ചു വന്ന ഹിന്നോമിന്റെ താഴ്വരയാണത്. വെളി 20:14,15; 21:8 ഇവയിൽപ്പറയുന്ന അഗ്നി ഗന്ധക തടാകം പോലെ തന്നെ. (എന്തെന്നാൽ ഇതു രണ്ടാം മരണം-ജീവനല്ല) എന്നാൽ വ്യാജങ്ങളുടെ പിതാവ് തന്റെ ഒന്നാമത്തെ ഭോഷ്ക്കിനു കോട്ടം തട്ടാതിരിക്കത്തക്കവിധം അഗ്നിനാശത്തിനല്ല നിലനില്പിനാണു പ്രതീകമായിരിക്കുന്നതെന്നും അഗ്നിത്തടാകം രണ്ടാം മരണമല്ല ഒരു ദ്വിതീയജീവിതമാണു, അഗ്നി ബാധയേൽക്കാത്ത പിശാചുക്കളിൽ നിന്നു അവർണ്ണനീയമായ ദണ്ഡനം സഹിച്ചു കൊണ്ടുള്ള അനന്തജീവിതമാണു എന്നെല്ലാം ഉപദേശിക്കുന്നു.

വെളിച്ചങ്ങളുടെ പിതാവ് "നിത്യാഗ്നി (നാശം) പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്നുവെന്നും (മത്തായി 25:41) അവൻ അഗ്നി തടാകത്തിൽ (സമ്പൂർണ്ണ നിത്യനാശമാകുന്ന രണ്ടാം മരണം) എന്നന്നേയ്ക്കും രാപകൽ ദണ്ഡിപ്പിക്കപ്പെടുമെന്നും ഉപദേശിക്കുന്നു, ദണ്ഡിപ്പിക്കപ്പെടുക എന്നതിനു ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദം ബസാനിസോ എന്നതാണു. ഇതിന്റെ പ്രാഥമികാർത്ഥം പരിശോധിക്കുക എന്നെത്രെ. യെശ 14:16; 66:24 ഇവ താരതമ്യപ്പെടുത്തുക. ദുഷ്ടന്മാരുടെ ഗതി എക്കാലവും നീതിമാന്മാരുടെ "പരിഗണനയ്ക്ക്" വിധേയമായിരിക്കും. അവർ "പുറപ്പെട്ടു ചെന്നു" "നോക്കിക്കാണും" അതായത് മാനസികമായി വിലയിരുത്തും, പരിശോധിക്കും എന്നു ഈ വേദഭാഗങ്ങൾ വിശദമാക്കുന്നു. ആ പരിശോധനയുടെ ഫലമായി അവർ തിന്മയോട് അഭേദ്യമാംവിധം ബന്ധപ്പെട്ടിരുന്നതിനാൽ ന്യായമായും നിത്യനാശത്തിനർഹരായിരുന്നു എന്ന് നീതിമാന്മാർക്ക് ബോധ്യമാവും. (വെളി 20:10) "മരണത്തിന്റെ അധികാരിയായ പിശാചിനെ" ക്രിസ്തു "നശിപ്പിക്കും" (ഏബ്രാ 2:14) എന്നും ലൂസിഫർ (പ്രകാശവാഹകൻ) എന്ന നിലയിൽ "ദൈവത്തിന്റെ തോട്ടമായ ഏദനിൽ" ആയിരുന്ന സാത്താൻ അവനിൽ നീതികേടു കണ്ടതുവരെ പൂർണ്ണതയുള്ളവനായിരുന്നുവെന്നും അവൻ നിശ്ശേഷമായും നിത്യമായും സംഹരിക്കപ്പെടുമെന്നും സദാകാലത്തേയ്ക്കും ഇല്ലാതെയാകുമെന്നും അവൻ അരുളിച്ചെയ്യുന്നു.(യെശ 14:12-20;യെഹ 28:11-19) എന്നാൽ വ്യാജങ്ങളുടെ പിതാവ് അവന്റെ അന്തിമ സംഹാരം രേഖപ്പെടുത്തുന്ന പ്രവചനങ്ങൾ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് അവൻ താഴെപ്പറയുന്ന മൂന്നുവിധത്തിൽ ആളുകളെ വഞ്ചിക്കുന്നു. (1) ചിലരെ അവന്റെ ആളത്വം നിഷേധിക്കാൻ അവൻ പ്രേരിപ്പിക്കുന്നു. അവൻ തിന്മയുടെ തത്ത്വം മാത്രമെന്ന് അവർ വിശ്വസിക്കുന്നു. ക്രിസ്ത്യൻ സയന്റിസ്റ്റുകളും മറ്റും ഈ വിഭാഗത്തിൽപ്പെടുന്നു.(2) രണ്ടാമതൊരു വിഭാഗം അഗ്നിത്തടാകം ശുദ്ധീകരണ സ്ഥലമാണു, അവിടെ മനുഷ്യനു ജീവഹാനി ഭവിക്കുന്നില്ല, അതിൽ നിന്നു അന്തിമമായി മനുഷ്യനു ജീവരക്ഷ കൈവരും എന്നു പഠിപ്പിക്കുന്നു. സർവ്വാത്മ രക്ഷാവാദികളും മറ്റും ഈ മതക്കാരാണു. (3) ഇനിയും ചിലർ ഈശ്വരാസ്തിക്യം തന്നെ നിഷേധിക്കുന്നു. വേദപുസ്തകത്തിന്റെ ദൈവനിശ്വസ്തതയേയും അപ്രമാദിത്വത്തേയും അവിശ്വസിക്കത്തക്കവിധം അവർ വഞ്ചിക്കപ്പെടുന്നു.

ഏവംവിധം സ്നേഹമായിരിക്കുന്ന (1യോഹ 4:8) വെളിച്ചങ്ങളുടെ പിതാവ് അന്തിമമായി ഈ പ്രപഞ്ചത്തെ നിർമ്മലീകരിക്കും. സകലദുഷ്ടന്മാരും സംഹരിക്കപ്പെടുന്നതോടെ തിന്മ നിഷ്ക്രിയമായിത്തീരും. "സകല അധർമ്മവും വായ്പൊത്തും" (സങ്കീ 109:42) അപ്പോൾ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല സൃഷ്ടിയും ദൈവത്തിന്റെയും ക്രിസ്തുവിന്റെയും അപദാനങ്ങൾ കീർത്തിക്കുന്ന അത്യുല്യനിത്യസങ്കീർത്തനത്തിൽ ഭാഗഭാക്കുകളാകും. "സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും എന്നന്നേക്കും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്ന ഗാനതല്ലജം അവർ ആലപിക്കും." (വെളി 5:13,14)