Wednesday, February 16, 2011

വി.വേദപുസ്തകവും തര്‍ജ്ജമ പിഴവുകളും.

കൃസ്തീയ വിശ്വാസം ആധാരമാക്കി ജീവിച്ചു പോകുന്ന ഏതിന്റെയും അടിസ്ഥാനം വി. വേദപുസ്തകം ആയിരിക്കണം എന്ന് നമ്മുക്ക് അറിയാവുന്നതാണല്ലോ. 66 പുസ്തകങ്ങൾ അടങ്ങിയ ബൈബിളിൽ പഴയ നിയമം പുതിയ നിയമം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട്. യേശുവിനു മുൻപ് ഉള്ള കാര്യങ്ങളെ പറ്റി എഴുതപ്പെട്ട പഴയ നിയമത്തിൽ 39 പുസ്തകങ്ങളും യേശുവിനു ശേഷമുള്ള കാര്യങ്ങളെ കുറിച്ച് എഴുതിയ പുതിയ നിയമത്തിൽ 27 പുസ്തകങ്ങളുമാണു ഉള്ളത്.

എന്തു കൊണ്ടാണു പഴയ നിയമവും പുതിയ നിയമവും വി.വേദപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് ചിന്തിച്ചാൽ യേശുകൃസ്തുവിന്റെ വരവിനു മുൻപേ ദൈവജനം പഴയ നിയമത്തിലെ ന്യായപ്രമാണങ്ങൾക്ക് കീഴിലായിരുന്നു. എന്നാൽ ന്യായപ്രമാണത്തിലെ പ്രവർത്തികളാൽ നമ്മുക്ക് നീതികരണം പ്രാപിപ്പാൻ സാധിക്കുകയില്ല എന്ന് അറിഞ്ഞത് കൊണ്ടാണു പുതിയ നിയമം, യേശു കൃസ്തുവിലുള്ള വിശ്വാസത്തിലൂടെ മാത്രമേ നാം നീതികരിക്കപ്പെടുകയുള്ളു എന്ന് നമ്മുക്ക് മനസ്സിലാക്കി തന്നത്. (റോമർ 3:20, ഗലാത്യർ 2:16, 3:23-29)

ചുരുക്കത്തിൽ ആദ്യ സൃഷ്ടി മുതൽ യേശുകൃസ്തുവിന്റെ ജനനത്തിനു തൊട്ടുമുൻപുള്ളവരുടെ വരെ വിവരങ്ങളും അതിലൂടെ ദൈവം ആർ, ദൈവത്തിനും മനുഷ്യനും തമ്മിലുള്ള ബന്ധം എപ്രകാരമായിരുന്നു, നമ്മുടെ പൂർവ്വ പിതാക്കന്മാരോട് ദൈവത്തിനുണ്ടായിരുന്ന സമീപനം എങ്ങനെ ഉള്ളതായിരുന്നു എന്നിവയുടെ വിശദീകരണങ്ങളും ഒപ്പം പ്രവചനങ്ങളും അടങ്ങിയ പഴയ നിയമവും യേശു കൃസ്തുവിന്റെ ജനനം മുതൽ തന്റെ അപ്പോസ്തോലന്മാരുടെ ദൈവീക ശ്രുശ്രൂഷകളുടെ അവസാനത്തേതു വരെയും ഉൾപ്പെട്ട പുതിയ നിയമവും ചേർന്നതാണു വി. വേദപുസ്തകം.

ഇപ്രകാരം എഴുതപ്പെട്ട വേദപുസ്തകത്തിലെ മൂല എഴുത്തുകൾ തോൽ ചുരുളുകളിലാണു എഴുതി സൂക്ഷിച്ചിരിക്കുന്നത്. പഴയ നിയമം എഴുതിയിരിക്കുന്നത് എബ്രയാ ഭാഷയിലും പുതിയ നിയമം ഗ്രീക്ക ഭാഷയിലുമാണ് എഴുതിയിരിക്കുന്നത്. ഇതിന്റെ ഒരോരോ പകർപ്പുകൾ വത്തിക്കാൻ മ്യൂസിയത്തിലും ബ്രിട്ടീഷ് മ്യൂസിയത്തിലും ലഭ്യമാണു. എബ്രയ ഭാഷയിലും ഗ്രീക്ക് ഭാഷയിലും ഇംഗ്ലീഷിലും ഒരുപോലെ പ്രാവീണ്യമുള്ളവരാണു വി. വേദപുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്ത് എഴുതിയത്

King James Version, New International Version, New American Standard Version, New Living Translation, English Standard Version തുടങ്ങി നിരവധി ഇംഗ്ലീഷ് തർജ്ജമകൾ ബൈബിളിനുണ്ടായി. ഗ്രീക്ക് ഭാഷയിൽ നിന്നും എബ്രയാ ഭാഷയിൽ നിന്നും തർജ്ജമ ചെയ്ത ആദ്യം ഇംഗ്ലീഷ് ഭാഷയിലുള്ള ബൈബിൾ ഉണ്ടായതിനു ശേഷം പിന്നീട് പ്രാദേശിക ഭാഷകളിലേക്ക് വി. വേദപുസ്തകം തർജ്ജമ ചെയ്യപ്പെട്ടു.

എബ്രായ ഭാഷയിലും ഗ്രീക്ക് ഭാഷകളിലും ഉണ്ടായിരുന്ന മൂല കൃതികളില്‍ ഇന്നത്തെ ബൈബിളില്‍ കാണുന്നത് പോലെയുള്ള അധ്യായങ്ങളോ വാക്യങ്ങളുടെ ക്രമനമ്പരുകളോ വിരാമ ചിഹനങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. തുകൽ ചുരുളുകളിൽ നിന്ന് തർജ്ജമ ചെയ്തെടുക്കുമ്പോൾ പുസ്തക രൂപത്തിലേക്ക് എളുപ്പത്തിൽ ആക്കുന്നതിന്റെ ഭാഗമായാണു വി.വേദപുസ്തകം ഇന്നു കാണുന്ന രീതിയിൽ ആയി തീർന്നത്.

തർജ്ജമ ചെയ്ത് വായിക്കപ്പെടുന്ന ഒന്നായതിനാൽ തന്നെ വി. വേദപുസ്തകത്തിൽ വിരാമ ചിഹനത്തിന്റെ സ്ഥാനം മാറിയതിനെ തുടർന്ന് നമ്മെ ആശയക്കുഴപ്പത്തിലാക്കിയേക്കാവുന്ന ചില സന്ദർഭങ്ങൾ ഉണ്ട്. ഇതിലെ ഒരു രസകരമായ വസ്തുത വി.വേദപുസ്തകം ഒരു കടമ പോലെ വായിച്ചു തീർക്കുന്നവർക്ക് ഇത്തരത്തിലുള്ള യാതൊരു സംശയങ്ങളും ഉണ്ടാവാൻ സാധ്യതയില്ല എന്നതാണു. അതു പോലെ തന്നെ പാരമ്പര്യമായി കേട്ട് പരിചയിച്ചതിൽ , അത് തെറ്റാണോ ശരിയാണോ എന്ന് ചിന്തിക്കാൻ പോലും മിനക്കിടാതെ അതിൽ തന്നെ ഉറച്ച് നിൽക്കുന്നവർക്കും ഇത്തരം വാക്യങ്ങൾ വായിക്കുമ്പോൾ ആശയകുഴപ്പം ഉണ്ടാകാൻ ഇടയില്ല.

അത് പോലെ ബൈബിൾ പൂർണ മനസ്സോട് കൂടി വായിക്കുന്നവര്‍ക്കും ഇത്തരത്തിൽ തർജ്ജമ ചെയ്യപ്പെടുമ്പോൾ ഉണ്ടായ പിഴവുകൾ ബാധിക്കുകയില്ല. കാരണം അവർ മറ്റ് ഭാഗങ്ങൾ കൂടി ശ്രദ്ധാപൂർവ്വം വായിച്ച് ശരിയായത് കണ്ടെത്തുന്നു. വിരാമ ചിഹ്നത്തിന്റെ സ്ഥാനം മാറി പോയത് കൊണ്ട് ചിലർ മറ്റൊരു രീതിയിൽ മനസ്സിലാക്കുന്ന ഒരു വാക്യം നമ്മുക്ക് പരിശോധിക്കാം.

യേശുവിനെ ക്രൂശിക്കുന്ന സമയത്ത് ഇടത് ഭാഗത്തുള്ള കള്ളൻ യേശുവേ, നീ രാജത്വം പ്രാപിച്ചു വരുംമ്പോൾ എന്നെയും കൂടി ഓർക്കേണമേ എന്ന് പറയുമ്പോൾ അതിനു മറുപടിയായി യേശു അവനോട് "ഇന്നു നീ എന്നോട് കൂടെ പറുദീസായിൽ ഇരിക്കും എന്ന് ഞാൻ സത്യമായി നിന്നോട് പറയുന്നു" എന്ന് പറഞ്ഞു. (ലൂക്കേസ് 23:42)

ഇവിടെ കള്ളൻ പറഞ്ഞ രാജത്വം എന്നത് എന്താണു എന്നും രാജത്വം പ്രാപിച്ചു കൊണ്ട് യേശു വരുന്നത് എന്നാണു എന്നറിയാത്തവരും ഈ വചനം അതേ പടി വിഴുങ്ങുന്നു. അതായത് അവരുടെ കാഴ്ച്ചപാടിൽ യേശു മരിച്ച ഉടൻ ഈ ഇടതു ഭാഗത്തുള്ള കള്ളനുമായി പറുദീസയിലേക്ക് പോയി അവിടെ കള്ളന്റെ കൂടെ ഇരുന്നു എന്നാണു. ഇങ്ങനെ വിശ്വസിക്കുന്നവരെ തെറ്റ് പറയാൻ പറ്റില്ല കാരണം അവർ ആദ്യം പറഞ്ഞ ആ രണ്ട് വിഭാഗങ്ങളിൽ പെടുന്നവരാണു. വേദപുസ്തകം കടമയായി വായിച്ചു തീർക്കുന്നവരും, പാരമ്പര്യമായി കേട്ടത് കൈ വിടാത്തവരും.

വി.വേദപുസ്തകത്തിൽ എഴുതിയിരിക്കുന്നത് മുഴുവനും 100% സത്യമാണെന്ന് പറയുന്നുവെങ്കിൽ എന്താണു ഈ വചനത്തിലുള്ള പിഴവ് എന്ന് ഇത് വായിക്കുന്ന പലരും ചിന്തിച്ചേക്കാം. ഈ വാക്യത്തിൽ തെറ്റായിട്ട് ഒന്നുമില്ല. വി.വേദപുസ്തകത്തിൽ തെറ്റായത് ഒരിക്കലും വരികയുമില്ല. ഇവിടെ വിരാമ ചിഹ്നങ്ങളിൽ ഒന്നായ ,(കോമ) സ്ഥാനം മാറി കിടക്കുന്നത് മൂലം ആദ്യ വായനയിൽ ഉണ്ടായേക്കാവുന്ന ഒരു ധാരണ പിശക് മാത്രമേ ഉള്ളു. തുടർന്നുള്ള ഭാഗങ്ങൾ വായിക്കുമ്പോൾ അത് വ്യക്തമായി വരികയും ചെയ്യും.

ഈ വചനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പരിശോധിച്ചാൽ ആ വാക്യം എഴുതിയിരിക്കുന്നത് ഇപ്രകാരമാണു Jesus answered him, “Truly I tell you, today you will be with me in paradise.”
ഇവിടെ i tell you എന്നത് കഴിഞ്ഞ് ഒരു ,(കോമ) ആണു. എന്നിട്ടാണു today you will be with me in paradise എന്ന് പറയുന്നത്. യഥാർത്ഥത്തിൽ അവിടെ വരേണ്ടത് ഇങ്ങനെയായിരുന്നു. Jesus answered him, “Truly I tell you today, you will be with me in paradise.” വി. വേദപുസ്തകത്തിന്റെ മൂലകൃതികളിൽ ഇത്തരത്തിലുള്ള വിരാമ ചിഹ്നങ്ങൾ ഒന്നും അടങ്ങിയിരുന്നില്ല എന്ന് നമ്മുക്ക് അറിയാം. തർജ്ജമയ്ക്കിടയിൽ സംഭവിച്ചതാണു ഈ ചെറിയ ഒരു പിഴവ്.

ഇനി എന്ത് കൊണ്ട് അത്തരം ഒരു പിഴവ് സംഭവിച്ചിട്ടുണ്ട് എന്ന് തോന്നിയത് എന്ന് ചോദിച്ചാൽ ഉത്തരം വളരെ ലളിതമാണു. കള്ളൻ പറഞ്ഞ രാജത്വം എന്താണു എന്നും രാജാവായി യേശു വരുന്നത് എങ്ങിനെ എന്നും വ്യക്തമായി വേദപുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. ക്രൂശിൽ മരിച്ച അന്ന് യേശു പറുദീസയിലേക്ക് പോയിട്ടില്ല എന്ന് തറപ്പിച്ചു പറയാൻ കാരണം യോന പ്രാവാചകൻ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യ പുത്രനും ഭൂമിക്കുള്ളിൽ മൂന്നു രാവും മുന്നു പകലും ഇരിക്കും (മത്തായി 12:40) എന്ന് പറഞ്ഞിട്ടുണ്ടല്ലോ. അത് കൊണ്ട് തന്നെ യേശു മരിച്ച ഉടൻ കള്ളനുമായി പറുദീസയിൽ പോയി എന്നു പറയുന്നതിൽ അർത്ഥമില്ല.

അതു പോലെ കള്ളൻ പറഞ്ഞ രാജത്വം യേശുവിന്റെ വാഗ്ദത്ത പ്രകാരം നാം കാത്തിരിക്കുന്ന നീതി വസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും സംഭവിക്കുമ്പോഴാണ്. (2 പത്രോസ് 3:13) യേശു കൃസ്തുവിനാൽ എല്ലാവരും ഉയർത്തെഴുന്നെൽക്കപ്പെട്ട് നില നിൽക്കുന്ന സകല അധികാര വാഴ്ച്ചകളെയും ശക്തികളെയും നീക്കി കളഞ്ഞ് രാജ്യം തന്റെ പിതാവിനെ ഏല്പ്പിക്കും.(1 കൊരിന്ത്യർ 15: 22-28) ഇങ്ങനെ രാജത്വം പ്രാപിച്ചു വരുമ്പോൾ തന്നെയും കൂടി ഓർക്കേണമേ എന്നാണു കള്ളൻ ഉദ്ദേശിച്ചിരിക്കുന്നത്.

ഈ വാക്യം ഒരു ഉദാഹരണമായി ഇവിടെ പറയാൻ കാരണം തർജ്ജമയിൽ സംഭവിച്ച ഒരു കോമയുടെ സ്ഥാന മാറ്റം അടിസ്ഥാന ആശയത്തെ തന്നെ മാറ്റി കളഞ്ഞു എന്ന് കാണിക്കാൻ വേണ്ടിയാണു. എന്നാൽ വി.വേദപുസ്തകം ശ്രദ്ധാപൂർവ്വം വായിച്ചവർക്ക് ഇത് കേവലം ഒരു അച്ചടി പിശകാണെന്നും യേശു കള്ളനോട് പറഞ്ഞത് " ഞാൻ സത്യമായിട്ട് നിന്നോട്
ഇന്ന് പറയുന്നു, നീ എന്നോട് കൂടെ പറുദീസായിൽ ഇരിക്കും " എന്നതാണു ശരിയായ വസ്തുത എന്നും ഗ്രഹിക്കാൻ കഴിഞ്ഞിട്ടുണ്ട്.

പക്ഷെ യാതൊരു വിധത്തിലുമുള്ള അച്ചടി പിശകോ വ്യാകരണ പാളിച്ചകളോ ഇല്ലാത്ത ഒരു വാക്യം നോക്കുക "ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോട് കൂടിയായിരുന്നു; വചനം ദൈവമായിരുന്നു." (യോഹന്നാൻ 1:1) വായിക്കുന്നവർക്ക് വളരെ സ്പഷ്ടമായി മനസ്സിലാക്കാൻ പാകത്തിലുള്ള ഈ വാക്യത്തെ പലരും പല വിധത്തിലാണു വ്യാഖ്യാനിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെ പറ്റിയുള്ള ചർച്ച നമ്മുക്ക് അടുത്ത പോസ്റ്റിൽ നടത്താം.

13 comments:

Nasiyansan said...

യഥാർത്ഥത്തിൽ അവിടെ വരേണ്ടത് ഇങ്ങനെയായിരുന്നു. Jesus answered him, “Truly I tell you today, you will be with me in paradise.” വി. വേദപുസ്തകത്തിന്റെ മൂലകൃതികളിൽ ഇത്തരത്തിലുള്ള വിരാമ ചിഹ്നങ്ങൾ ഒന്നും അടങ്ങിയിരുന്നില്ല എന്ന് നമ്മുക്ക് അറിയാം. തർജ്ജമയ്ക്കിടയിൽ സംഭവിച്ചതാണു ഈ ചെറിയ ഒരു പിഴവ്.

തർജ്ജമയ്ക്കിടയിൽ സംഭവിച്ച പിഴവായിരുന്നെങ്കില്‍ പുതിയ തര്‍ജ്ജമകളില്‍ തിരുത്ത് വരുത്തണമായിരുന്നല്ലോ ..ഞാന്‍ നോക്കിയിട്ട് ഒന്നും കണ്ടില്ല ...റഫറന്‍സ് കൂടി തന്നിരുന്നെങ്കില്‍ നന്നായിരുന്നു ...

Mathson said...

സുഹൃത്തേ, പുതിയ തർജ്ജമകളിൽ തിരുത്ത് വരുത്തിയിരുന്നെങ്കിൽ ഇങ്ങനെ ഒരു പോസ്റ്റിന്റെ ആവശ്യകത തന്നെ ഉണ്ടാവില്ലായിരുന്നല്ലോ. ആ റഫറൻസ് കാണിച്ച് പണ്ട് അങ്ങനെ ആയിരുന്നു, ഇപ്പോൾ ഇങ്ങനെയാക്കി എന്നു മാത്രം പറഞ്ഞാൽ മതിയല്ലോ. താങ്കൾ നോക്കിയിട്ട് കാണാതിരുന്നതിന്റെ കാരണവും അതു തന്നെ.

പിന്നെ ഇത്തരത്തിലുള്ള ഒരു തർജ്ജമ പിഴവ് സംഭവിച്ചിരിക്കുന്നു എന്ന് തോന്നാൻ കാരണം എന്താണു എന്ന് മത്തായി 12:40, 2 പത്രോസ് 3:13, 1 കൊരിന്ത്യർ 15:22 എന്നീ വാക്യങ്ങൾ ഉദ്ദരിച്ച് കൊണ്ട് വ്യക്തമാക്കിയിട്ടുമുണ്ട്.

kARNOr(കാര്‍ന്നോര്) said...

ഈ സംരംഭത്തിന് ആശംസകൾ.. പഠനം ആഗ്രഹിക്കുന്ന ഒരു ശിശു.

Nasiyansan said...

സത്യമായി ഞാന്‍ നോന്നോട് പറയുന്നു : നീ ഇന്ന് എന്നോടുകൂടെ പറുദീസയില്‍ ആയിരിക്കും (ലൂക്ക 23:43)

യേശുവിന്റെ വാക്കുകള്‍ക്കു മുന്‍പുള്ള കള്ളന്റെ യാചന ഇപ്രകാരമാണ് ."യേശുവേ , നീ നിന്റെ രാജ്യത്ത് പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ" (ലൂക്ക 23:42).യേശുവില്‍ പ്രത്യക്ഷത്തില്‍ അസാധാരണമായി ഒന്നും കാണാന്‍ സാധിക്കാതിരുന്നിട്ടും യേശുവിനെ രക്ഷകനും ക്രിസ്തുവുമായി ഏറ്റു പറയുക മാത്രമല്ല രാജാവും വിധിയാളനുമായി മടങ്ങിവരുമെന്ന വിശ്വാസം പ്രഖ്യാപിക്കുകയും കരുണക്കായി യാചിക്കുകയും ചെയ്യുകയാണ് നല്ല കള്ളന്‍.ഇത് ഒരു വിശ്വാസിയുടെ പ്രാര്‍ഥനയാണ് ."സത്യമായി ഞാന്‍ നിന്നോട് പറയുന്നു " എന്ന മുഖവുരയോടെ യേശുപറയുന്ന വാക്കുകള്‍ ദൈവികമായ അധികാരത്തെ സൂചിപ്പിക്കുന്നു .സുവിശേഷങ്ങളില്‍ ഉടനീളം കാണുന്നതാണ് യേശുവിന്റെ ദൈവികാധികാരം വെളിവാക്കുന്ന ഇത്തരം പദപ്രയോഗങ്ങള്‍ . ദൈവരാജ്യത്തിന്റെ സംസ്ഥാപനം ,ക്രിസ്തുവിന്റെ മഹത്വപൂര്‍ണമായ വരവ് ,മരിച്ചവരുടെ പുനരുഥാനം,വിധി ഇതെല്ലാം ലോകാവസാനത്തില്‍ അഥവാ യുഗാന്ത്യത്തില്‍ സംഭവിക്കാനിരിക്കുന്ന യാഥാര്ത്യങ്ങളാണ് എന്ന് യഹൂദര്‍ പൊതുവേ വിശ്വസിച്ചിരുന്നു .ഈ വിശ്വാസമാണ് കുറ്റവാളിയുടെ പ്രാര്‍ഥനയില്‍ പ്രതിഫലിച്ചത് .യേശു ഈ വിശ്വാസത്തിനു ചില തിരുത്തലുകള്‍ വരുത്തുന്നു .രക്ഷയും ദൈവരാജ്യാനുഭവവും ലഭിക്കാന്‍വേണ്ടി ലോകാവസാനം വരെ കാത്തിരിക്കേണ്ടതില്ല .അത് ഇന്ന് ,ഇപ്പോള്‍ത്തന്നെ ലഭ്യമാണ് .മരണത്തോടെ ദൈവികസാന്നിധ്യത്ത്തിലേക്ക് പ്രവേശനം വാഗ്ദാനം ചെയ്യുന്നതാണ് യേശുവിന്റെ ഗുരുമൊഴി .പൂര്‍ണഹൃദയത്തോടെ യേശുവിലേക്ക് തിരിയുന്ന നിമിഷമാണ് രക്ഷയുടെ "ഇന്ന്".

മേത്ത്സൺ അഭിപ്രായപ്പെട്ടപോലെ ഒരു കൊമാ മാറിപ്പോയതായിരുന്നു എങ്കില്‍ "സത്യമായി ഞാന്‍ നോന്നോട് ഇന്ന് പറയുന്നു" എന്ന് യേശുവിനു പറയേണ്ട ആവശ്യമില്ലായിരുന്നു ..."ഇന്ന്" ഇവിടെ തിരുകിക്കയറ്റെണ്ട ആവശ്യം യേശുവിനും ഇല്ലല്ലോ.

Mathson said...

@Nasiyansan

താങ്കൾ പറയുന്ന പോലെ അസാധാരണമായി യേശുവിൽ കള്ളൻ ഒന്നും കണ്ടില്ല എന്നു പറയുന്നതിൽ അർത്ഥമില്ല. കാരണം ക്രൂശിത സമയത്ത് യേശുവിൽ നിന്ന് കള്ളനെന്നല്ല ആർക്കും യാതൊരു അത്ഭുതങ്ങളും കാണാൻ കഴിയുമായിരുന്നില്ല. അത് യെശയ്യ പ്രവചനത്തിലെ 53 ആധ്യായം ആറു മുതൽ എട്ട് വരെയുള്ള വാക്യങ്ങൾ പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതാണു. അതു കൊണ്ട് തന്നെ ഇവിടെ പറയുന്ന കള്ളൻ ഏതോ ഒരു സംഭവത്തിന്റെ പേരിൽ ശിക്ഷിക്കപ്പെടുകയാണെങ്കിലും അയാൾ ന്യായപ്രമാണങ്ങളെയും ദീർഘദർശനങ്ങളെയും പറ്റി അറിയാവുന്ന വ്യക്തിയായത് കൊണ്ട് യേശു വാസ്തവത്തിൽ ദൈവത്താൽ അയക്കപ്പെട്ട മാനവകുല രക്ഷകനാണെന്ന് മനസ്സിലാക്കുകയും അതിന്റെ വെളിച്ചത്തിൽ യേശുവിനെ തന്റെ രക്ഷകനായി ഹൃദയത്തിൽ സ്വീകരിക്കുകയും ചെയ്ത് "നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെയും കൂടി ഓർക്കേണമേ " എന്നു പറയുമ്പോൾ അതിനനുവാദം നൽക്കുന്നതാണു യേശുവിന്റെ മറുപടി. വരാനിരിക്കുന്ന പറുദീസയിൽ ഉള്ള സാന്നിധ്യം, അത് ഇന്നല്ല ഭാവിയിൽ ആണു. ഇക്കാര്യമാണു ഞങ്ങൾ പറഞ്ഞത്.

N.J Joju said...

Translation of Peshitta verse Luke 23:43

(Etheridge) Jeshu saith to him, Amen I say to thee, That to-day with me thou shalt be in Paradise. [Amin omar-no lok, d'yaumono ami tehve be-paradiso.]
(Murdock) Jesus said to him: Verily I say to you, That this day thou shalt be with me in paradise.

(Lamsa) Jesus said to him, Truly I say to you today, you will be with me in Paradise.

(KJV) And Jesus said unto him, Verily I say unto thee, To day shalt thou be with me in paradise.

N.J Joju said...

http://www.dukhrana.com/peshitta/index.php

സന്തോഷ്‌ said...

<> 66 പുസ്തകങ്ങൾ അടങ്ങിയ ബൈബിളിൽ പഴയ നിയമം പുതിയ നിയമം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട്. യേശുവിനു മുൻപ് ഉള്ള കാര്യങ്ങളെ പറ്റി എഴുതപ്പെട്ട പഴയ നിയമത്തിൽ 39 പുസ്തകങ്ങളും യേശുവിനു ശേഷമുള്ള കാര്യങ്ങളെ കുറിച്ച് എഴുതിയ പുതിയ നിയമത്തിൽ 27 പുസ്തകങ്ങളുമാണു ഉള്ളത്. <>

ബൈബിളിലെ ബാക്കി പുസ്തകങ്ങള്‍ എവിടെപ്പോയി?

ബൈബിളില്‍ 73 പുസ്തകങ്ങള്‍ ആണ് ഉള്ളത് - പഴയനിയമത്തില്‍ 46, പുതിയനിയമത്തില്‍ 27.

സന്തോഷ്‌ said...

<> ഇപ്രകാരം എഴുതപ്പെട്ട വേദപുസ്തകത്തിലെ മൂല എഴുത്തുകൾ തോൽ ചുരുളുകളിലാണു എഴുതി സൂക്ഷിച്ചിരിക്കുന്നത്. പഴയ നിയമം എഴുതിയിരിക്കുന്നത് എബ്രയാ ഭാഷയിലും പുതിയ നിയമം ഗ്രീക്ക ഭാഷയിലുമാണ് എഴുതിയിരിക്കുന്നത്. ഇതിന്റെ ഒരോരോ പകർപ്പുകൾ വത്തിക്കാൻ മ്യൂസിയത്തിലും ബ്രിട്ടീഷ് മ്യൂസിയത്തിലും ലഭ്യമാണു. എബ്രയ ഭാഷയിലും ഗ്രീക്ക് ഭാഷയിലും ഇംഗ്ലീഷിലും ഒരുപോലെ പ്രാവീണ്യമുള്ളവരാണു വി. വേദപുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്ത് എഴുതിയത് <>

ബൈബിളിലെ പുസ്തകങ്ങളുടെ മൂലകൃതികള്‍ തേടി വത്തിക്കാൻ മ്യൂസിയത്തിലും ബ്രിട്ടീഷ് മ്യൂസിയത്തിലും പോകേണ്ടുന്ന ആവശ്യം ഇല്ല. അവയുടെ സ്കാന്‍ ചെയ്ത പകര്‍പ്പുകള്‍ ഇംഗ്ലീഷ് പരിഭാഷ ഉള്‍പ്പെടെ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്.

http://codexsinaiticus.org/en/

Mathson said...

@സന്തോഷ്
//ബൈബിളിലെ ബാക്കി പുസ്തകങ്ങള്‍ എവിടെപ്പോയി?
ബൈബിളില്‍ 73 പുസ്തകങ്ങള്‍ ആണ് ഉള്ളത് - പഴയനിയമത്തില്‍ 46, പുതിയനിയമത്തില്‍ 27. //

കാത്തോലിക്ക് ബൈബിളിൽ മാത്രമാണു പഴയ നിയമത്തിൽ 46 പുസ്തകങ്ങൾ. അധികമായി ചേർത്തിരിക്കുന്ന് ഈ ഏഴു പുസ്തകങ്ങൾ Deutorocanonical books. എന്ന് അറിയപ്പെടുന്നു.

Nasiyansan said...

കാത്തോലിക്ക് ബൈബിളിൽ മാത്രമാണു പഴയ നിയമത്തിൽ 46 പുസ്തകങ്ങൾ.

കത്തോലിക്ക സഭയുടെ ആരംഭം മുതല്‍ പഴയ നിയമം 46 പുതകങ്ങള്‍ ഉണ്ടായിരുന്നു ...അതില്‍ നിന്നും ചിലത് വിട്ടു കളയുകയാണ് പിന്നീട് ഉണ്ടായ സഭകള്‍ ചെയ്തത് ..യഹോവ സാക്ഷികളും അതുതന്നെ സ്വീകരിച്ചു ...താങ്കള്‍ ഉപയോഗിക്കുന്ന ബൈബിളിന്റെ ആധികാരിത എന്താണ് ?...താങ്കള്‍ക്കു താങ്കളുടെ കയ്യിലുള്ള ബൈബിള്‍ എവിടെനിന്ന് കിട്ടിയതാണ് ...താങ്കളുടെ കയ്യിലുള്ള ബൈബിളില്‍ നിന്നും ഏതെന്കിലും ഒരു പുസ്തകം വിട്ടുകളയാന്‍ താങ്കള്‍ക്കു അധികാരമുണ്ടോ ... ?

Anonymous said...

ബൈബിളിന്റെ കാനോനികത നിർണ്ണയിക്കുന്നത് കത്തോലിക സഭയാണെന്ന മട്ടിൽ പ്രതികരിക്കുന്നത് ശരിയല്ല. ഇന്ന് പരക്കെ അംഗീകരിക്കപെടുന്ന 66 പുസ്തക സമ്പ്രദായത്തിനു കാരണം മറ്റൊന്നാണ്. ക്രിസ്ത്യാനികൾ ഉളവായത് ആദ്യം ഒരു യഹുദ വിഭാഗമായിട്ടായിരുന്നു, ആയതിനാൽ ആദിമനുറ്റാണ്ടിലെ യഹുദർ കാനോനികമായി അംഗീകരിച്ചിരുന്ന പുസ്തകങ്ങളെല്ലാം ക്രിസ്ത്യാനികളും അംഗീകരിക്കുന്നു. ഒന്നാം നുറ്റാണ്ടിലെ യഹൂദചരിത്രകാരനായ ജോസിഫസ് തന്റെ ലേഖനങ്ങളിൽ ഈ 39-ത് പഴയനിയമപുസ്തകങ്ങളെ മാത്രമേ അംഗീകരിക്കപെട്ട പുസ്തകങ്ങളായി അന്ന് കരുതിയിരുന്നുള്ളു എന്ന് പറയുന്നു. കുടാതെ ചേർക്കപെട്ട പുസ്തകങ്ങൾ ബൈബിളിന്റെ മറ്റ് പല പുസ്തകളിലെ വാക്യങ്ങളുമായി പൊരുത്തപെടുന്നില്ല, അവ സഭാപിതാക്കന്മാരാലും, ക്രി.മു ജിവിച്ചിരുന്ന പാരമ്പര്യങ്ങൾ ഉരുക്കിയെടുത്ത ചില യഹുദ മതനേതാക്കന്മാരാലും എഴുതപെട്ടവയാണ് എന്ന് അനുമാനിക്കപെടുന്നു. ഈ കാരണത്താലാണ് കത്തോലിക സഭ ഒഴിച്ചുള്ള വിശ്വാസികൾ 66-പുസ്തങ്ങൾ മാത്രം വിശ്വസിക്കുന്നത്.

Jehoshua Thomas said...

വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം

And he went on to say: “Jesus, remember me when you get into your kingdom.” And he said to him: “Truly I tell you today, You will be with me in Paradise.”

Visit - JW.ORG