Wednesday, May 18, 2011

നരകം എന്നാൽ എന്ത്? അവസാന ഭാഗം

നരകം നിത്യമോ?

നരകം എന്നു വിവർത്തനം ചെയ്തിരിക്കുന്ന വസ്തു ഷിയോൽ അഥവാ ശവക്കുഴി എന്നതാണല്ലോ. ഒടുവിലായി ശവകുടീരഗ്രസ്തരായ ജനകോടികളാകെ യേശുവിന്റെ ശബ്ദം കേട്ട് പുറത്ത് വരും. (യോഹ 5:28)അങ്ങനെ ആദ്യ മരണത്തിൽ നിദ്രചെയ്യുന്ന മുഴുവൻ പേരും മോചനം പ്രാപിക്കുന്നതോടെ ഷിയോൽ(ശവക്കുഴി-ഹേഡീസ്) നിത്യമായി ഇല്ലാതാകും. മരണവും പാതാളവും(ഷിയോൽ) തീപ്പൊയ്കയിൽ തള്ളപ്പെട്ടു എന്ന വാക്യം നോക്കുക. എന്താണു തീപ്പൊയ്ക? നരകമാണെന്ന് പൊതുവെ ധരിച്ചു വെച്ചിട്ടുണ്ട്. അപ്പോൾ പാതാളമോ? അതും നരകമാണെന്നാണു നിത്യദണ്ഡനോപദേഷ്ടാക്കൾ വാദിക്കുന്നത്. അപ്പോൾ ഒരു നരകം മറ്റൊരു നരകത്തെ വിഴുങ്ങുന്നു എന്നു വരും. തീപ്പൊയ്ക എന്നത് ഒരു ലക്ഷ്യാർത്ഥപ്രയോഗമാണു. എന്താണു ഇതു കൊണ്ട് വിവക്ഷിക്കുന്നത്? അഗ്നി വസ്തുക്കളെ ഭസ്തീകരിക്കുന്നു, അതു കൊണ്ട് അതു നാശത്തിന്റെ പ്രതിരൂപമായി തിരുവെഴുത്തിൽ ഉപയോഗിക്കുന്നു. തന്മൂലം പാതാളം തീപ്പൊയ്കയിൽ തള്ളപ്പെട്ടു എന്നു പറയുമ്പോൾ പാതാളം നിർമ്മൂലമാകുമെന്നാണു ആശയം. പാതാളം മാത്രമല്ല പിശാചും മൃഗവും കള്ളപ്രവാചകനും നിത്യജീവനു അയോഗ്യരായ മുഴുവൻ പേരും തീപ്പൊയ്കയിൽ തള്ളപ്പെടും. " തീപ്പൊയ്ക രണ്ടാം മരണ"മെന്ന് ബൈബിൾ തന്നെ നൽകുന്ന ഭാഷ്യവും അതു നാശത്തെ കുറിക്കുന്നു എന്ന നമ്മുടെ ധാരണയ്ക്ക് അനുസരണമാണു. രണ്ടാം മരണം നിത്യവും നിശ്ശേഷവുമായ ഉന്മൂലനാശമാണു. കാരണം രണ്ടാം മരണത്തിൽ നിന്നു ഒരിക്കലും മോചനം ഉണ്ടാകുന്നില്ല. അങ്ങനെയുള്ള രണ്ടാം മരണത്തെ തീപ്പൊയ്കയായി ചിത്രീകരിക്കുന്നത് എത്ര ഔചിത്യപൂർവ്വം! (ഹോശെ 13:14; വെളി 19:20; 20:14-15;21:8; ഗലാ 6:8 ; എബ്ര 6:4-8; 10:26-31;12:29;1 യോഹ 5:16;യൂദാ 12,13)

നിത്യാഗ്നി

സോദോമും ഗോമോറായും നിത്യാഗ്നിയുടെ ശിക്ഷാവിധി ചുമന്നുകൊണ്ട് ദുഷ്ടാന്തമായി കിടക്കുന്നു(യൂദ 7) എന്ന് എഴുതപ്പെട്ടിരിക്കുന്നു. നിത്യാഗ്നി എന്ന പ്രയോഗം കണ്ട് നിത്യദണ്ഡനമുണ്ടെന്നു ചിലർ ഭ്രമിക്കുന്നു. എന്നാൽ എന്താണു വാസ്തവം? നിത്യാഗ്നി എന്നു പറഞ്ഞതു കൊണ്ട് സോദോമിൽ വീണ അഗ്നി അണയാതെ ഇന്നു എരിഞ്ഞു കൊണ്ടിരിക്കുന്നു എന്നു വരുമോ? നഗരങ്ങൾ ഇനിയും നിശ്ശേഷം ഭസ്മീഭവിച്ചിട്ടില്ല എന്നർത്ഥമുണ്ടോ? നഗരങ്ങൾ കെടാത്ത തീയിൽ വെന്തു തീരാതെ കിടക്കുന്നതു കൊണ്ടല്ല മറിച്ച് അവ എന്നേയ്ക്കുമായി വെണ്ണീറായിക്കഴിഞ്ഞതു കൊണ്ടാണു തീ നിത്യാഗ്നിയായത്. "പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയുടെ സ്വഭാവം ഇതു തന്നെ. അത് നിത്യനാശത്തിന്റെ അഗ്നിയാണു. പിശാചും ദൂതന്മാരും എന്നേയ്ക്കുമായ് നശിപ്പിക്കപ്പെടും." [എബ്ര 2:14; ഹെസ 28:19; സങ്കീ 145:20]

രാപകൽ ദണ്ഡനം

നിത്യദണ്ഡനോപദേശം വേദവിരുദ്ധമെങ്കിൽ "രാപകൽ ദണ്ഡനം അനുഭവിക്കേണ്ടി വരും" (വെളി.20:10;14:10,11) എന്നു പറഞ്ഞിരിക്കുന്നതെന്ത്കൊണ്ട് എന്നൊരു ചോദ്യമുണ്ടാകാം. ഇവിടെ ഒരു ഭാഷാന്തരപ്പിശകാണു സംഭവിച്ചിരിക്കുന്നത്. ദണ്ഡനം എന്നു വിവർത്തനം ചെയ്തിരിക്കുന്ന ശബ്ദം ശോധന ചെയ്യുക എന്നു വേണ്ടതാണു. പിശാച്,മൃഗം,കള്ളപ്രവാചകൻ എന്നിവരുടെ ദുർവൃത്തികളും ദുരുപദേശങ്ങളും നീതിമാന്മാർക്ക് എക്കാലവും പരിശോധനാവിഷയമായിരിക്കുകയും അവ നിത്യശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിന്റെ നീതിയുക്തത അവർ അംഗീകരിക്കുകയും ചെയ്യുമെന്ന് സാരം. (യെശ 14:15-17)

ജീവന്റെ വിപരീതാനുഭവം മരണം

"
ജീവങ്കലേയ്ക്കുള്ള വഴി ഇടുങ്ങിയത്, എന്നാൽ നാശത്തിലേയ്ക്കുള്ള വഴിയോ വിശാലം" (മത്താ 7:13) ഇവിടെ ജീവന്റെ എതിരവസ്ഥയായി പറയുന്നത് നാശത്തെയാണു; നരകത്തിൽ നാശാതീതമായ ഒരു നിത്യജീവനല്ല.

ദുഷ്ടന്മാരുടെ ശിക്ഷ -അതിന്റെ സ്വഭാവം

"
ദുഷ്ടന്മാർ നിത്യനാശം എന്ന ശിക്ഷാവിധി പ്രാപിക്കും." (2 തെസ്സ് 1:9) "അവർ തങ്ങൾക്കു തന്നെ ശീഘ്രനാശം വരുത്തും." (2 പത്രോ 2:1,12) "അവരുടെ അവസാനം നാശം" (ഫിലി 3:19) "ഇവർ നിത്യശിക്ഷയ്ക്ക് പാത്രമാകും, എന്നാൽ നീതിമാന്മാർ നിത്യജീവൻ പ്രാപിക്കും." (മത്താ 25:46) ഇവിടെ പറയുന്ന നിത്യശിക്ഷ എന്ത്? അവസാനിക്കാത്ത യാതനയാണോ? അല്ല മരണം തന്നെ. കാരണം "പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു" എന്നു തിരുവെഴുത്തു പറയുന്നു. (യാക്കോ 1:15;4:12) നിലയ്ക്ക് നിത്യശിക്ഷയുടെ സ്വഭാവം എന്തായിരിക്കും? എന്നേയ്ക്കുമുള്ള മരണം നിത്യശിക്ഷയായിരിക്കും, എന്നാൽ മത്തായി 25:46 നെപ്പറ്റി ഒരു സംശയത്തിനു സ്ഥാനമുണ്ട്. ഇവർ നിത്യദണ്ഡനത്തിലേയ്ക്കും നീതിമാന്മാർ നിത്യജീവനിലേയ്ക്കും പോകും എന്നാണു മലയാള വിവർത്തനം. വാസ്തവത്തിൽ ഇവിടെ കാണുന്ന നിത്യദണ്ഡനം എന്ന പദം, നിത്യനാശം എന്നു പരിഭാഷപ്പെടുത്തെണ്ടതാണു. നിത്യശിക്ഷ എന്നാണു ഇംഗ്ലീഷ് ബൈബിളിലെ പ്രയോഗം. മൂലത്തിലാകട്ടെ എന്നേയ്ക്കുമുള്ള ഛേദനം എന്നാണു. നിത്യഛേദനം നിത്യമരണം തന്നെ. കാരണം വിവാദവാക്യത്തിൽ നീതിമാന്മാരുടെ അവകാശമായി പറഞ്ഞിരിക്കുന്നത് നിത്യജീവനായിരിക്കെ ദുഷ്ടന്മാർക്ക് വരേണ്ടത് തദ്വിപരീതമായി മരണം തന്നെ. നീതിമാന്മാരല്ലാതെ ദുഷ്ടന്മാർ നിത്യജീവനു യോഗ്യരാകുമോ? (യോഹ 3:36; 1 യോഹ 5:12)

ഗിഹെന്ന

ഹേഡീസ് എന്നവണ്ണം പുതിയനിയമത്തിൽ നരകം എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മറ്റൊരു ഗ്രീക് മൂലപദമുണ്ട്. അതാണു ഗിഹെന്ന.

ഇതിനു തുല്യമായ പഴയനിയമ എബ്രയാ മൂലപദം ഗി-ഹെന്നോം എന്നാണു. ഇത് എന്തിനെ കുറിക്കുന്നു? പദത്തിനു ഹിന്നോമിന്റെ താഴ്വര എന്നർത്ഥം. ഇതു യെരുശലേമിനു വെളിയിലുള്ള ഒരു സ്ഥാനമാണു. നഗരത്തിലെ മലിനപദാർത്ഥങ്ങളും ജീർണ്ണശിഷ്ടങ്ങളും താഴ്വരയിലേയ്ക്കാണു നീക്കം ചെയ്തിരുന്നത്. അവിടെ അവ കൃമിച്ചോ ഗന്ധകം കലർന്ന തീയിൽ ഭസ്മീഭവിച്ചോ നശിച്ചിരുന്നു. അതു കൊണ്ടാണു അവിടെ അവരുടെ പുഴു ചാകുന്നില്ല, തീ കെടുന്നതുമില്ല എന്നു ഗീഹെന്നയെപ്പറ്റി (മർക്കോ 9:43-48) പറയുന്നത്. ഗീഹെന്നാ രണ്ടാം മരണത്തിന്റെ പ്രതീകമാണു. എന്ത് കൊണ്ട്? ഹിന്നോമിന്റെ താഴ്വരയിൽ തള്ളപ്പെടുന്ന വസ്തുക്കൾ കൃമിക്കിരയായോ വെന്തു വെണ്ണീറായോ നിശ്ശേഷം നശിച്ചു നാമാവശേഷമാകുന്നു. രണ്ടാം മരണത്തിന്റെ സർവ്വസംഹാരകമായ സ്വഭാവം ഇതിലേറെ ഭംഗിയായി ചിത്രീകരിക്കുന്നതെങ്ങനെ? മറിച്ച് അക്ഷരാർത്ഥത്തിൽ ഹിന്നോമിന്റെ താഴ്വരയിൽ ചിരഞ്ജീവികളായ പുഴുക്കളും അക്ഷയമായ ചിതാഗ്നിയുമുണ്ടെന്നല്ല, തീയും പുഴുക്കളും അവയ്ക്കിരയാകുന്ന വസ്തുക്കളുടെ സമ്പൂർണ്ണ നാശം സുനിശ്ചിതമാക്കുന്നപ്രകാരം രണ്ടാം മരണം വഴി ദുഷ്ടന്മാർ എന്നേയ്ക്കുമായി നിഗ്രഹിക്കപ്പെടുമെന്ന വേദോപദേശം ചിത്രത്തിലൂടെ ദുഢീഭവിക്കുന്നു.

പാപികൾ നശിച്ചു പോകും

ജീവൻ ദൈവദാനമായ ഒരു അസുലഭാനുഗ്രഹമാണു, പാപികൾ അതിനു അർഹരാകുന്നതെങ്ങനെ? 'ദേഹിയേയും ദേഹത്തെയും നരകത്തിൽ(ഗിഹെന്ന) നശിപ്പിക്കാൻ ദൈവത്തിനു കഴിയും'(മത്താ
10:28) " പ്രവാചകനെ (ക്രിസ്തു) കേൾക്കാത്ത ഏതു ദേഹിയും നശിപ്പിക്കപ്പെടും" (അപ്പോ പ്ര3:23) "ദൈവം തന്നെ സ്നേഹിക്കുന്നവരെ (മാത്രം) കാത്തു പരിപാലിക്കുന്നു. എന്നാൽ ദുഷ്ടന്മാരെ അവൻ നശിപ്പിക്കും" (സങ്കീ 145:20) "അവർ ഇല്ലാതിരുന്നവരെന്നപോലെയാകും" (ഓബ 16) "അവർഇല്ലാതിരിക്കുന്നു" (യെശ 43:17)

നീതി ആവശ്യപ്പെടുന്ന ശിക്ഷ

ദൈവം നീതിമാനാകുന്നു(ആവ 32:4) അവൻ പാപിയെ കുറ്റത്തിനു തക്കവിധം ശിക്ഷിക്കും (മത്താ 12:36; ലൂക്കോ 12:47,48) എന്നാൽ പ്രഖ്യാപിച്ചതിലുപരിയായ ശിക്ഷ ചുമത്തുവാൻ നീതി അവനെ അനുവദിക്കയില്ല. അവൻ പ്രഖ്യാപിച്ചിരിക്കുന്ന ശിക്ഷ മരണമാണു. മനുഷ്യൻ സ്രഷ്ടാവിലും നീതിമാനാകുമോ? (യോബു 4:17) നീതിബോധത്തിലും ഭൂതദയയിലും സൃഷ്ടാവിലും വളരെ താണപടിയിൽ വർത്തിക്കുന്ന മനുഷ്യൻ പോലും തീർത്തും അധമനല്ലെങ്കിൽ ഒരു ക്ഷുദ്രജീവിയെയെങ്കിലും അനന്തകാലം എന്നതു പോകട്ടെ അല്പസമയത്തേയ്ക്ക് പോലും എരിതീയിലിട്ട് അതിന്റെ പ്രാണവേദന കണ്ടാനന്ദിക്കത്തക്കവിധം നിഷ്ക്കരുണനാകുമോ? പിന്നെ സ്വഭാവത്തിൽ ദുഷ്ടത പ്രവർത്തിക്കാൻ കഴിയാത്ത ദൈവം (യോബു 34:10) സ്വസൃഷ്ടങ്ങളായ ജനകോടികളെ നരകച്ചുടലാഗ്നിയിൽ ചിരകാലം പീഡിപ്പിക്കുമെന്ന ചിന്തതന്നേ വിചിത്രമെന്നേ പറയേണ്ടു.

ശിശുക്കളുടെ അഗ്നിപ്രവേശം

മോളോക്ക് എന്ന ദേവന്റെ പ്രീതിക്കായി തദാരാധകന്മാർ ശിശുക്കളെ അഗ്നിപ്രവേശം ചെയ്ത് ദണ്ഡിപ്പിക്കുന്നതിനെ ദൈവം യിസ്രയേലിൽ നിരോധിച്ചിരുന്നു. അകം പൊള്ളയായി ലോഹനിർമ്മിതമായ ഒന്നായിരുന്നു മോളോക്കിന്റെ വിഗ്രഹം. ഉള്ളിൽ അഗ്നി ജ്വലിക്കുമ്പോൾ ആ ലോഹവിഗ്രഹം ചുട്ടുപഴുത്തിരിക്കും. നീട്ടിപ്പിടിച്ചിരിക്കുന്ന ആ ചുട്ടുപഴുത്ത കൈകളിൽ ശിശുക്കളെ അർപ്പിക്കയായിരുന്നു അഗ്നിപ്രവേശത്തിന്റെ സമ്പ്രദായം. ദൈവം ഈ നിഷ്ഠൂരാചാരത്തെ നിഷിദ്ധമെന്നു വിധിക്കയും ഒരിക്കലും തന്റെ മനസ്സിൽ ഉദിക്കപോലും ചെയ്തിട്ടില്ലാത്ത മ്ലേച്ഛചിന്തയെന്നു നാമകരണം ചെയ്കയും ചെയ്തു.(ലേവ്യ 18:21;20;2-5;യിരെ 19:5;32:34,35) ഈ സ്ഥിതിക്ക് ഈ അഗ്നിപ്രവേശത്തിന്റെ പരിഷ്കരിച്ച അതിവിപുലമായ ആധുനിക പതിപ്പായ നരകം ദൈവകല്പിതമാകുന്നതെങ്ങനെ?

ആരാധന ഭയത്തിൽ നിന്നല്ല, സ്നേഹത്തിൽ നിന്ന്

"ദൈവം സ്നേഹം ആകുന്നു" (1 യോഹ 4:8-12,16-21) നാം അവനെ ആരാധിക്കുന്നത് "ആത്മാവിലും സത്യത്തിലും" ആയിരിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. (യോഹ 4:24) അതാകട്ടെ സ്നേഹത്താൽ പ്രേരിതരായിട്ടായിരിക്കയും വേണം. അല്ലാതെ ആരാധന ഉടനേയോ പിന്നീടോ വരാവുന്ന ശിക്ഷയെപ്പറ്റിയുള്ള ഭയത്തിൽ നിന്നാകുന്നതു ഉത്തമമല്ല.

സമ്പൂർണ്ണ സ്നേഹം ഭയത്തെ നിഷ്ക്കാസനം ചെയ്യുന്നു

വിഭാഗീയ ചിന്തകൾക്കതീതമായ വേദാദ്ധ്യയനത്തിന്റെ പ്രോത്സാഹനത്തിനായി ജീവിതത്തിന്റെ എല്ലാ തുറകളിലും പ്രവർത്തിക്കുന്നവരുടെ സഹകരണത്തോടെ അഭിവിദ്ധിപ്പെട്ടുവരുന്ന ഒരു പ്രസ്ഥാനമാണു ഞങ്ങളുടേത്. ഇതിൽ ഉൾക്കൊള്ളുന്ന ദൗത്യത്തിന്റെ ദീപശിഖയുമേന്തി എങ്ങും സത്യത്തിന്റെ വെളിച്ചം പകരുവാൻ ഞങ്ങൾ നിങ്ങളെ സസന്തോഷം ആഹ്വാനം ചെയ്യുന്നു.

2 comments:

kARNOr(കാര്‍ന്നോര്) said...

താങ്കളുടെ ഈ വൃഥാവ്യായാമത്തിനു അനുകൂലമായോ പ്രതികൂലമായോ വായനക്കാർ ആരും പ്രതികരിക്കാതിരുന്നതിനാൽ തന്നെ അത് എത്രത്തോളം അർത്ഥശൂന്യവും ബാലിശവുമായിരുന്നു എന്ന് മനസ്സിലാക്കും എന്നു കരുതുന്നു.
സമചിത്തതയോടെ കാര്യങ്ങൾ കാണുവാനും നല്ലതും സത്യവും മുറുകെ പിടിക്കുവാനും താങ്കൾ ആയിരിക്കുന്ന ‘കൺഫ്യൂസ്ഡ്’ അവസ്ത്ഥയിൽ നിന്ന് രക്ഷപെടുവാനും ദൈവം അനുഗ്രഹികട്ടെ. താഴെയുള്ള വേദഭാഗങ്ങൾ വായിച്ച്, അവ താങ്കളുടെ വാദങ്ങളുമായി എത്രമാത്രം യോജിക്കുന്നു എന്ന് ചിന്തിക്കുക. വായനക്കാരുടെ സമയവും വിലപ്പെട്ടത് എന്നോർത്ത്, എന്തെങ്കിലും വാദങ്ങളുണ്ടെങ്കിൽ കാടിലും പടർപ്പിലും തല്ലി സമയം കളയാതെ വ്യക്തമായും സമഗ്രമായും സംവദിക്കാൻ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു. :-)
മത്തായി എഴുതിയ സുവിശേഷം
18:8
നിന്റെ കയ്യോ കാലോ നിനക്കു ഇടർച്ച ആയാൽ അതിനെ വെട്ടി എറിഞ്ഞുകളക; രണ്ടു കയ്യും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നതു നിനക്കു നന്നു

25:41
പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.
25:46
ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.”
മർക്കൊസ് എഴുതിയ സുവിശേഷം
3:29
പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു
അപ്പൊസ്തലനായ പൌലൊസ് കൊരിന്ത്യര്ക്കു എഴുതിയ രണ്ടാം ലേഖനം.
4:17
നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു.
4:18
കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താൽക്കാലികം, കാണാത്തതോ നിത്യം.
5:1
കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു.
അപ്പൊസ്തലനായ പൌലൊസ് തെസ്സലൊനീക്യര്ക്കു എഴുതിയ രണ്ടാം ലേഖനം.
1:10
വരുമ്പോൾ സുവിശേഷം അനുസരിക്കാത്തവർ കർത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകുന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.
എബ്രായര്ക്കു എഴുതിയ ലേഖനം
5:9
തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു.
6:2
നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം പിന്നെയും ഇടാതെ നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കുക.
യൂദാ എഴുതിയ ലേഖനം
1:7
അതുപോലെ സൊദോമും ഗൊമോരയും ചുറ്റുമുള്ള പട്ടണങ്ങളും അവർക്കു സമമായി ദുർന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്നതിനാൽ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു.

Mathson said...

കർത്താവിൽ പ്രിയ കാർന്നോർക്ക്

വളരെ വികാരാധീനനായ് താങ്കൾ എഴുതിയ കമന്റ് കണ്ടു. വായനക്കാരന്റെ സമയം പോലെത്തന്നെ ലേഖന കർത്താവിന്റെ സമയവും വിലയേറിയതാണെന്നു ഓർക്കുന്നതും ഉചിതമായിരിക്കും.

തിരുവെഴുത്തുകളിൽ നിന്നും ഞങ്ങൾക്ക് ലഭിച്ച സത്യങ്ങളെ, ഏറിയ വെള്ളത്തിന്മേൽ എറിയുക; (സഭാപ്രസംഗി 11:1) എന്ന ദൈവ വചനപ്രകാരം മനുഷ്യ മഹാസമുദ്രത്തിലേക്ക് അത് അറിയിച്ചു കൊണ്ട് ഞങ്ങൾ ഞങ്ങളുടെ ദൗത്യം നിർവ്വഹിച്ചു കൊണ്ടിരിക്കുന്നു.

മറ്റുള്ളവരുടെ അറിവില്ലായ്മകളെ ചൂണ്ടിക്കാണിയ്ക്കുകയല്ല, പ്രത്യുത വിശുദ്ധ വേദപുസ്തകം എന്തു പറയുന്നു എന്നുള്ള വിവിധ വിഷയങ്ങളെ വിശദീകരിക്കുക മാത്രമാണു ഞങ്ങൾ ചെയ്യുന്നത്.

വായനക്കാരായ നിങ്ങളെ പോലുള്ളവർ ദൈവവചനം അങ്ങിനെത്തെന്നെയോ എന്ന് പരിശോധിക്കുവാൻ ബരോവയിൽ ഉണ്ടായിരുന്നവരേ പോലെ (അപ്പോ 17:11) ഉത്തമന്മാരായിരുന്നെങ്കിൽ എന്ന് ഞങ്ങൾ ആഗ്രഹിച്ചു പോകുന്നു.

അനേകരും കടമയ്ക്കായി വേദപുസ്തകം വായിച്ചു പോകുന്നതല്ലാതെ അതിലെ ആഴമായ സത്യം അറിവാൻ ആഗ്രഹിക്കുന്നവരല്ല എന്ന് പറയുന്നതിൽ ഖേദമുണ്ട്.

നരകം എന്നത് നിത്യനാശത്തെയാണു കുറിക്കുന്നത് എന്ന് തിരുവെഴുത്തുകൾ എത്രയോ തവണ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിനെ സംബന്ധിച്ച് ലേഖന കർത്താവ് വളരെ ലളിതവും വ്യക്തവുമായി മുൻ ബ്ലോഗുകളിൽ പ്രതിപാദിച്ചിട്ടുണ്ട്. നരകം എന്നു പറഞ്ഞാൽ നിത്യദണ്ഡനസ്ഥലമാണെന്നാണു പൊതുവായ ധാരണ.

നിർഭാഗ്യമെന്ന് പറയട്ടെ താങ്കൾ മറ്റാരുടെയോ പുസ്തകങ്ങളിൽ നിന്ന് കടം എടുത്ത വാക് പ്രയോഗങ്ങളും വചനങ്ങളും ഉപയോഗിച്ച് ലേഖന കർത്താവിനെ എതിർക്കുവാനും ദുഷിപറയുവാനും തുനിയുന്നത് തികച്ചും വേദനാജകമാണു.യേശു തന്നെ അനുസരിക്കുന്നവർക്ക് നിത്യജീവനും അനുസരിക്കാത്തവർക്ക് നിത്യനാശവും കൊടുക്കും (യോഹ 3:16&34; വെളി 21:8) നിത്യനാശം എന്നതിനു തിരുവെഴുത്തുകൾ നിത്യാഗ്നി എന്നും ഗന്ധക തീ പൊയ്ക എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. ഈ തീ പൊയ്ക രണ്ടാം മരണം എന്ന നിത്യനാശമാണു എന്ന് തിരുവെഴുത്തുകൾ തുടർന്ന വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. (വെളി 21:7 & 8)

ഒരോ വിഷയത്തെ സംബന്ധിച്ച് ഞങ്ങൾക്ക് പാരമ്പര്യമല്ല, ആ കാര്യത്തെക്കുറിച്ച് ബൈബിൾ എന്ത് പറയുന്നു എന്നതാണു പ്രാധാന്യം.

അതിന്റെ അടിസ്ഥാനത്തിൽ വിശക്കുന്നവർക്കും ദാഹിക്കുന്നവർക്കും ആയി ഞങ്ങൾ ദൈവവചനം ഞങ്ങളാൽ കഴിയുന്നവിധം നൽകി കൊണ്ടേ ഇരിക്കും (ആമോസ് 8:11) (യശയ്യ 55:1) ചെവിയുള്ളവർ കേൾക്കട്ടെ, കണ്ണുള്ളവർ കാണട്ടെ(യശയ്യ 29:18, മത്തായി 13:4) നിങ്ങളെ ഇരുൾമാറ്റി വെളിച്ചത്തിലേക്ക് ദൈവം നയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാം അറിയുന്നവൻ എന്ന് നിങ്ങൾക്ക് സ്വയം തോന്നാതിരിക്കട്ടെ എങ്കിൽ നന്ന്.

ദൈവത്തിന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും സൃഷ്ടിക്കപ്പെട്ട കേവലം മനുഷ്യനായ നിങ്ങൾ ദൈവീക വെളിപ്പാടായ തിരുവെഴുത്തുകളെ, മാനുഷിക പ്രമാണങ്ങളുടെയും പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് സൃഷ്ടാവായ ദൈവത്തെ അവഹേളിക്കുന്നതിനു തുല്യമാണു.

മുൻവിധിയില്ലാതെ നിങ്ങൾ ദൈവ വചനം ശ്രദ്ധയോടെ ആരായുകയാണെങ്കിൽ ഏക സത്യദൈവത്തെയും അവിടുത്തെ ദിവ്യ നിർണ്ണയങ്ങളേയും ദൈവാത്മാവ് നിങ്ങൾക്ക് വെളിപ്പെടുത്തി തരും.

നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന അറിവും ആരോഗ്യവും അനുഭവസമ്പത്തും ആയുസ്സും, മറ്റുള്ളവർ പറയുന്നത് തെറ്റാണു, തെറ്റാണു എന്ന് വിളിച്ച് പറഞ്ഞു കൊണ്ട് നഷ്ടപ്പെടുത്തികളയാതെ ദൈവ വചനത്തിന്റെ അടിസ്ഥാനത്തിൽ ശരിയാണോ, ശരി തന്നെയോ എന്ന് ഓരോ വിഷയത്തേയും വിലയിരുത്തി മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുവാൻ, പറഞ്ഞു കൊടുക്കുവാൻ നിങ്ങൾ ശ്രമിക്കുന്നുവെങ്കിൽ അത് നിങ്ങൾക്കു, നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഗുണകരമായിരിക്കും.

കത്തോലിക്ക സഭയുടെയോ മറ്റേതെങ്കിലും സഭയുടെയോ വക്താവായി അറിയപ്പെടുന്നതിനേക്കാൾ ഒരു യഥാർത്ഥ ക്രൈസ്തവനായി യേശുവിന്റെ ഉപദേശങ്ങളുടെ വക്താവായിത്തീരുവാൻ നിങ്ങൾക്ക് കഴിഞ്ഞാൽ നിങ്ങളുടെ ജീവിതം ധന്യമാകും. അത് നിങ്ങൾക്ക് നിത്യജീവനും നേടിത്തരും.

പ്രിയ സുഹൃത്തേ,

ബൈബിൾ എന്ന ദൈവീക വെളിപ്പാടിനേക്കാൾ കൂദാശകളെയും പാരമ്പര്യങ്ങളേയും ആചാരങ്ങളേയും അനുഷ്ഠാനാങ്ങളേയും അന്ധവിശ്വാസങ്ങളേയും കൂട്ടു പിടിച്ച് ജീവിതത്തിന്റെ വൈകീയ വേളയിൽ ദൈവ കോപത്തിനു ഇടം കൊടുക്കാതെ എല്ലാ നല്ല ദാനങ്ങളും ഉയരത്തിൽ നിന്നു, തരുന്ന വെളിച്ചങ്ങളുടെ പിതാവിനോട് (യാക്കോ 1:5,17) പ്രാർത്ഥനയിൽ അപേക്ഷിക്കു. ബൈബിൾ വായിച്ചു പഠിക്കുക. അങ്ങനെയെങ്കിൽ ദൈവം നിങ്ങളെ അനുഗ്രഹിക്കും. സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കും. (യോഹ 8:32)