Monday, March 21, 2011

ദൈവം ഏകനോ ത്രിയേകനോ? അവസാന ഭാഗം

പിതൃപുത്രപരിശുദ്ധാത്മാക്കൾ മൂവരും ചേർന്ന് ഒരു ദൈവമെന്ന വാദത്തിനു അവലംബമാക്കാവുന്ന വാക്യമോ ത്രിത്വം എന്ന പദമോ ബൈബിളിലില്ല. പിതാവിന്റെ സർവ്വാധിപത്യത്തെ നിഷേധിക്കയോ പുത്രൻ തന്നെ പിതാവെന്ന് പ്രഖ്യാപിക്കയോ ചെയ്യുന്ന ഒരു വള്ളിയെങ്കിലും പുള്ളിയെങ്കിലും വേദത്തിൽ കണ്ടെത്തുക സാധ്യമല്ല.

കണക്കുശാസ്ത്രമനുസരിച്ച് ത്രൈകത്വമെന്നാൽ 3*1=
3, 1=3,3=1 എന്നു വരുന്നു: ത്രൈകത്വസിദ്ധാന്തത്തിൽ നിന്നു ജന്മമെടുക്കുന്ന നിഗമനങ്ങൾ: പിതാവിനോളം തന്നെ പ്രായമുള്ള പുത്രൻ. ദൈവത്തിന്റെ ഒരംശം മരിച്ചു. ദൈവത്തിന്റെ ഒരംശം ദൈവത്തോട് പ്രാർത്ഥിച്ചു. പരീക്ഷിക്കപ്പെട്ടു, കഷ്ടമനുഭവിച്ചു. ഏതാനും ദിവസം മൃതാവസ്ഥയിൽ കഴിഞ്ഞു. ഒരു പുത്രൻ സ്വപിതാവിനു ജന്മം നൽകി, മറിച്ചും. ദൈവമനുഷ്യൻ എന്നൊരു വിചിത്രസത്വമുണ്ട്. ആത്മജീവിയായിരിക്കുന്ന ദൈവത്തിൽ (യോഹ 4:24) പരിശുദ്ധാത്മാവെന്ന രണ്ടാമതൊരു ആത്മജീവിയുണ്ട്. പിതാവുപുത്രപരിശുദ്ധാത്മാക്കൾ ഒരു ദൈവമാണു, എങ്കിലും മൂന്നു ദൈവമാണു.

നിരർത്ഥകവും ദുർഗ്രാഹ്യവും വിഡ്ഢിത്തവുമായ ത്രൈകത്വസിദ്ധാന്തം വാക്കുകൾക്കും മനസ്സിനും അവിഷയമാകുന്നത് അതു മർമ്മമായത് കൊണ്ടാണെന്നും തന്മൂലം ചോദ്യം ചെയ്യാതെ അന്ധമായി വിശ്വസിക്കണമെന്നും തത്പക്ഷപാതികൾ ആവശ്യപ്പെടുന്നു. എന്നാൽ ബൈബിൾ മർമ്മം എന്നു പറയുന്നത് തത്സമയം മറഞ്ഞിരിക്കുന്നതും യഥാസമയം ഉദിഷ്ട വ്യക്തികൾക്ക് തെളിവായിത്തീരുന്നതുമായ ദൈവീകരഹസ്യങ്ങളെപ്പറ്റിയാണു.

ത്രിത്വോപദേശം ക്രിസ്തുമതത്തിലേക്ക് ഇറക്കുമതി ചെയ്യാൻ സാത്താൻ പ്രതിജ്ഞാബദ്ധനായത് എന്തു കൊണ്ട് ?

തന്റെ ഏഴുവിധമായ ദുഷ്ടലക്ഷ്യങ്ങളിലേക്കുള്ള എളുപ്പമാർഗ്ഗം എന്ന നിലയിലാണു സാത്താൻ ഇതിനു പ്രേരിതനായത്.

അവ 1) യഹോവയുടെ ഔന്നത്യം കുറച്ചുകാണിക്കുക. അവനു ലഭിക്കേണ്ട പരമമായ സ്നേഹാദരങ്ങളിൽ വെള്ളം ചേർക്കുക.
2) യേശുവിനു പിതാവിനോട് സമത്വം ആരോപിക്കുക വഴി പിതൃഭക്തനും വിനയശീലനുമായ ആ പുത്രനു ഖേദവും അപമാനവും ജനിപ്പിക്കുക
3) യുക്തിരഹിതവും വൈരുദ്ധ്യാത്മകവുമെന്നു വരുത്തിക്കൂട്ടി ദൈവനിർണ്ണയത്തെപ്പറ്റി നമ്മെ ഇരുട്ടിലാക്കുക
4) ബൈബിൾ വൈരുദ്ധ്യങ്ങളും വിഡ്ഢിത്തങ്ങളും നിറഞ്ഞ ഒരു ക്ഷുദ്രകൃതി എന്നു വരുത്തുക.
5) വിവേചനാശേഷിയോടും ഹൃദയപൂർവ്വമായും ദൈവത്തെ ആരാധിക്കുകയും സ്മരിക്കുകയും ചെയ്യാൻ കഴിയാത്തവിധം ദൈവജനങ്ങൾക്ക് ചിന്താക്കുഴപ്പം സൃഷ്ടിക്കയും അവരുടെ മനസ്സിനെ വികലമാക്കുകയും ചെയ്യുക
6) ഈ വിശ്വാസത്തിൻ അടിമകളാകുന്നവരെ വൈദികമേധാവിത്വത്തിനു എളുപ്പം വഴങ്ങുന്ന പാകത്തിലാക്കുക.
7) ബൈബിൾ ഇപ്രകാരമൊരു ഭീമാബദ്ധം ഉപദേശിക്കുന്നു എന്ന് തെറ്റായി ധരിക്കുക്ക വഴി ചിന്താശീലമുള്ളവരിൽ നിന്ന് അവിശ്വാസികൾ പിറന്ന് വീഴാൻ വഴിയൊരുക്കുക.

ഉപസംഹാരം
പ്രപഞ്ചത്തിന്റെ ആദികാരണം അദ്വയവും സ്വയംഭൂവുമായിരിക്കണമെന്ന് യുക്തിബോധം നമ്മെ പഠിപ്പിക്കുന്നു. "ഏകമേവാദൈത്വം ബ്രഹ്മ:" എന്ന ഉപനിഷദ്വാക്യവും ഇതു തന്നെ സിദ്ധാന്തിക്കുന്നു. ജഗത്പിതാവായ ആ പരാശക്തിയാണു ദൈവം. മനുഷ്യനു ശാപമോക്ഷമെന്ന മഹാദൗത്യവുമായി അവൻ സ്വപുത്രനെ ലോകത്തിലേക്ക് അയച്ചു, പിതാവിനെയും പുത്രനെയും സംബന്ധിച്ച ഈ പരമാർത്ഥജ്ഞാനമാണു നിത്യജീവനു ആധാരമായ അടിസ്ഥാനസത്യം."ഏക സത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നത് തന്നെ നിത്യജീവൻ" (യോഹ 17:3) എന്ന കർത്തൃവചനം ഈ വസ്തുതയുടെ ആധികാരികമായ പ്രഖ്യാപനമാണു. ഗുരുമുഖത്തു നിന്ന് നേരിട്ട് പുറപ്പെട്ട ഈ വാക്കുകളെ വളച്ചൊടിക്കയോ കാറ്റിൽ പറത്തുകയോ ചെയ്യുന്ന അവിവേകമാണു ത്രിത്വവാദം.

ഇതരമതഗ്രന്ഥങ്ങളെ അപേക്ഷിച്ച് ബൈബിളിനുള്ള മഹത്വം സമർത്ഥിക്കുന്ന ഈ ഏകദൈവസിദ്ധാന്തത്തെ കരിതേച്ചു കാണിക്കാൻ സാത്താൻ തന്ത്രപൂർവ്വം അവതരിപ്പിച്ചതാണു സാമാന്യബുദ്ധിക്കു പോലും നിരക്കാത്ത ത്രിയേകദൈവസങ്കല്പം. വിദ്യാസമ്പന്നരും ഭക്തശിരോമണികളുമായിരുന്ന പല സഭാപിതാക്കന്മാരും ഈ വിഷയത്തിൽ അറിയാതെ പിശാചിന്റെ ആയുധങ്ങളായിത്തീരുകയായിരുന്നു. ലളിതമായ വേദസത്യങ്ങളിൽ വിരസതപൂണ്ട് യവനദാർശനികന്മാരുടെ ചുവടുപിടിച്ച് തത്ത്വജ്ഞാനമെന്ന വ്യാജേന കെട്ടിച്ചമച്ചതാണു ത്രിയേകസിദ്ധാന്തം. മനുഷ്യന്റെ സങ്കല്പവും ശില്പവിദ്യയും കൊണ്ട് പൊന്നിലും വെള്ളിയിലും കല്ലിലും കൊത്തിത്തീർത്ത വിജാതീയ ദേവതാ കോലങ്ങളെപ്പോലും നാണിപ്പിക്കുന്നതാണു വേദശാസ്ത്രപണ്ഡിതന്മാരുടെ വിരൂപസൃഷ്ടിയായ ത്രിയേകമൂർത്തി. സുന്നഹദോസുകളുടെ മൂശയിൽ കരുപ്പിടിപ്പിച്ച ത്രിയേകദൈവമെന്ന കാളക്കുട്ടിയുടെ മുമ്പിൽ ക്രൈസ്തവലോകം ഇന്നു സാഷ്ടാംഗപ്രണാമം നടത്തുന്നു. മൂന്നാളുകളായിരിക്കെത്തന്നെ ഒരാളായിരിക്കുന്ന പിതൃപുത്രപരിശുദ്ധാത്മക്കരം എന്ന ത്രിയേകമൂർത്തിയോളം ബീഭത്സവും ഏതോ വിഡ്ഢി പറഞ്ഞ കഥ പോലെ അർത്ഥശൂന്യവും ശബൈദകവിദവുമായ വേറൊരു വിചിത്രസത്വം കിരാത ദേവതാസങ്കല്പങ്ങളിൽ പോലും കാണുകയില്ല.

വിശുദ്ധത്രിത്വം എന്ന മുദ്രകുത്തിയും ഭക്തിയുടെ പരിവേഷം ചാർത്തിയും പാരമ്പര്യത്തിന്റെ അകമ്പടിയോടെ ഈ അന്ധബോധം പരമാർത്ഥികളെ വഴി തെറ്റിക്കുമ്പോൾ ദൈവവചനത്തെ സ്നേഹിക്കയും മാനിക്കയും ചെയ്യുന്നവർക്ക് മൗനം ഒരു ഭൂഷണമാകയില്ലെന്ന വിശ്വാസമാണു ഈ പോസ്റ്റുകൾക്ക് പ്രേരകമായത്. ഇത് ഇരുളിൽ വഴിതെറ്റിയലയുന്ന ഒരാൾക്കെങ്കിലും വെളിച്ചത്തിന്റെ രാജപാതയിലേക്കുള്ള ചൂണ്ടുപലകയാകുമെങ്കിൽ ഞങ്ങൾ ചാരിതാർത്ഥരായി.

(അവസാനിച്ചു)


ദീർഘമായി പ്രതിപാദിക്കേണ്ട വിഷയമായത് കൊണ്ടാണു അഞ്ച് ഭാഗങ്ങളായി പോസ്റ്റ് ചെയ്തത്. വായനക്കാരുടെ വി.വേദപുസ്തകത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനത്തിനും പ്രതികരണത്തിനുമായി കാത്തിരിക്കുന്നു.

ദൈവം ഏകനോ ത്രിയേകനോ? നാലാം ഭാഗം

വിശ്വാസപ്രമാണങ്ങളും ത്രിത്വോപദേശവും

യഹോവയുടെയും നമ്മുടെ കർത്താവായ യേശുവിന്റെയും ഭിന്നവ്യക്തിത്വത്തെയും ഇരുവർക്കും തമ്മിലുള്ള ബന്ധത്തെയും സംബന്ധിച്ചു തിരുവെഴുത്തുകളുടെ സാക്ഷ്യം സംശയാതീതമായിരിക്കെ ത്രിയേകദൈവം എന്ന ആശയത്തിനു ക്രൈസ്തവർക്കിടയിൽ പ്രാമാണ്യവും പൊതുവായ അംഗീകാരവും കൈ വന്നു എന്നത് വളരെ വിചിത്രമായിരിക്കുന്നു. ത്രിയേകദൈവമെന്നാൽ ഒരേ ദൈവത്തിൽ മൂന്നാളുകൾ; അതേസമയം തന്നെ ഒരാളിൽ മൂന്നു ദൈവങ്ങൾ എന്ന പൂർവ്വോത്തരവൈരുദ്ധ്യമാണല്ലോ. ഈ അബദ്ധസിദ്ധാന്തത്തിനു ക്രൈസ്തവലോകത്തിൽ പരക്കെ ലഭിച്ച അംഗീകാരം വിശ്വാസത്യാഗിനിയായ നാമധേയസഭയ്ക്കു നേരിട്ട ഗാഢനിദ്രയിലേക്കും തത്സമയം ദുരുപദേശങ്ങൾ കൊണ്ട് ശത്രു അവളെ കൗശലപൂർവ്വം വരിഞ്ഞു മുറുക്കിയതിലേക്കും വിരൽ ചൂണ്ടുന്നു. നമ്മുടെ കർത്താവായ യേശു മഹാശക്തനായ ഒരുവൻ എന്ന നിലയിൽ ഒരു ദൈവമെന്ന് അംഗീകരിക്കുമ്പോൾ തന്നെ അവൻ തന്റെ തന്നെ പിതാവും സ്രഷ്ടാവുമാണെന്ന വേദവിപരീതോപദേശം ഞങ്ങൾ നിഷേധിക്കുന്നു.

ത്രിത്വത്തെ സംബന്ധിച്ച വിശ്വാസപ്രമാണത്തിന്റെ തുടക്കം മൂന്നാം നൂറ്റാണ്ടിലാണു. ക്രിസ്തുവിനു പിതാവിനോടുള്ള ബന്ധത്തെ സംബന്ധിച്ച ദുരുപദേശത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ് എ.ഡി 230ൽ ആയിരുന്നു. എന്നിരുന്നാലും പിതാവിന്റെയും പുത്രന്റെയും സമത്വം സംബന്ധിച്ച സിദ്ധാന്തത്തിനു എ.ഡി 325 ലെ നിഖ്യാസുന്നഹദോസുവരെ അന്തിമരൂപം നൽകിയിരുന്നില്ല. എ.ഡി 381 ലെ കുസ്തന്തീനോപോലീസിലെ ആദ്യ സുന്നഹദോസിന്റെ കാലം വരെ ത്രൈകത്വസിദ്ധാന്തം പൂർണ്ണ രൂപം പ്രാപിച്ചിരുന്നില്ല. ഏകനും പരമസത്യസ്വരൂപനുമായ യഹോവയെ ആരാധിക്കുന്നതിനെ എക്കാലത്തും എതിർത്തിട്ടുള്ള (മത്താ 4:10) സാത്താൻ ജാതികളുടെ ബഹുദൈവവിശ്വാസം ക്രൈസ്തവ സഭയെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിൽ അന്ന് ഒടുവിലായി വിജയം കണ്ടെത്തി.

എല്ലാ ബഹുദൈവമതങ്ങളുടെയും പൊതുസ്വഭാവമാണു ദൈവത്തിന്റെ ബഹുത്വത്തിലുള്ള വിശ്വാസം. പരമാധികാരികളായ മൂന്നു ദൈവം, മൂന്നും ചേർന്ന് പരമാധികാരിയായ ഏകദൈവം എന്നത് ഏതുരൂപത്തിലുള്ള ബഹുദൈവമതത്തിന്റെയും അടിസ്ഥാനതത്ത്വമാണു. ഇപ്രകാരം ഭാരതീയരുടെ ത്രിമൂർത്തികളാണു ബ്രഹ്മാവും,വിഷ്ണുവും,ശിവനും. ബാബിലോണിലും അസീറിയയിലും ഇവരുടെ സ്ഥാനം വഹിക്കുന്നത് എനോസ്,ഇല്ലിനോസ്, ഏയോസ് എന്ന മൂവരാണു. ഫിനീഷ്യയിലാകട്ടെ ഉലോമസ്,ഉലോസുറോസ്,ഏലിയൂൺ എന്ന ദേവത്രയമാണു. ഇവർ മുറയ്ക്ക് ഈജിപ്തിൽ നേഫ്,താസ്,ഓസിരിസ്, ഗ്രീസിൽ സിയൂസ്, പോസിഡോൺ, അയിഡോനിയസ്. റോമിൽ ജൂപിറ്റർ, നെപ്റ്റ്യൂൺ, പ്ളൂട്ടോ എന്നിവരാണു. കെൽട്ടിക്ക് ജനവിഭാഗങ്ങൾക്കിടയിൽ ഇവർ ക്രിയോസൻ, ബയോസേന, ശിവൻ എന്നും ജർമ്മൻ ജനവിഭാഗങ്ങൾക്കിടയിൽ തോർ,വോഡാൻ,ഫ്രിക്കോ എന്നും അറിയപ്പെടുന്നു. പ്രാചീന മെക്സിക്കോ നിവാസികൾ സൂര്യദേവനെ മൂന്നു പ്രതിമകളുടെ രൂപത്തിൽ ആരാധിച്ചിരുന്നു. അവയെ പിതൃസൂര്യൻ, പുത്രസൂര്യൻ, ഭ്രാതൃസൂര്യൻ എന്നു വിളിച്ചിരുന്നു. അവരുടെ മഹാപ്രതിമകളിൽ ഒന്നിനു തംഗലംഗാ എന്നായിരുന്നു പേരു. ഒരാളിൽ മൂന്നാളുകൾ മൂന്നാളുകളിൽ ഒരാൾ എന്നാണു ഈ പദത്തിനർത്ഥം. മൂലദൈവത്തിൽ നിന്നു ജന്മമെടുത്ത ഈ മൂന്നു ദൈവങ്ങൾക്ക് ത്രിനാമക എന്ന് അവർ നാമകരണം ചെയ്തു.

വിജാതീയ മതോപദേഷ്ടാക്കൾക്കൊപ്പം നാമധേയ ക്രൈസ്തവ മതാചാര്യന്മാരും സാത്താന്റെ വഞ്ചനയ്ക്കു വശംവദരായി ബഹുദൈവവിശ്വാസവും ഏകദൈവത്തിൽ മൂന്നാളുകളെന്ന ത്രൈകത്വസിദ്ധാന്തവും അംഗീകരിച്ചു. എങ്ങനെയായാലും യുക്തിവൈകല്യങ്ങളുടെ കാര്യത്തിൽ വിജാതീയരെപ്പോലും പിന്നിലാക്കുന്നതാണു ക്രൈസ്തവരുടെ ത്രൈകത്വസിദ്ധാന്തം. എന്തെന്നാൽ 'ദൈവത്തിൽ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നു മൂന്നാളുകൾ, ഈ മൂവരും ഒരു ദൈവം തന്നെ. സാരാംശത്തിൽ ഒന്നു തന്നെയും ശക്തിയിലും മഹത്ത്വത്തിലും സമന്മാരുമത്രേ' എന്നതാണു ത്രിത്വനിർവചനം. വിജാതീയ മതത്തിന്റെ കമ്മട്ടത്തിലടിച്ച ഈ കപടനാണയത്തിന്റെ മറുവശമെന്നോണം പുറജാതികളുടെ ആരാധ്യമൂർത്തിയായ മഹാദേവിയുടെ സ്ഥാനത്ത് യേശുവിന്റെ മാതാവിനെ അവരോധിച്ചു. ത്രിമൂർത്തികൾക്ക് തൊട്ടുതാഴത്തെ സ്ഥാനമാണു മഹാദേവിക്ക് അവർ കല്പിച്ചിരുന്നത്. ജാതികളുടെ ഉപദേവന്മാരുടെയും ദേവിമാരുടെയും സ്ഥാനമാണു വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടവർക്ക്. ഇപ്രകാരം ദേവന്മാരെയും ദേവിമാരെയും സംബന്ധിച്ച അക്രൈസ്തവ സങ്കല്പങ്ങൾ ക്രൈസ്തവ നാമം പേറി നാമധേയ ക്രിസ്തീയ സഭയിൽ പൊതുവിലും കത്തോലിക്കാ മതവിഭാഗത്തിൽ വിശേഷിച്ചും വേരൂന്നി.അതുകൊണ്ട്, കത്തോലിക്കാ മതത്തിനു ബഹുദൈവമതങ്ങളുടെ പട്ടികയിൽ സ്ഥാനം നൽകാം. ബഹുഭൂരിപക്ഷം പ്രൊട്ടസ്റ്റന്റു വിഭാഗങ്ങളും താലോലിച്ചു വരുന്ന ത്രിത്വവിശ്വാസം കത്തോലിക്കാമതത്തിൽ നിന്നു പകർത്തിയതാണു.

(തുടരും)

ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു.

Sunday, March 20, 2011

ദൈവം ഏകനോ ത്രിയേകനോ? മൂന്നാം ഭാഗം

സർവ്വശക്തനായ ദൈവം മാത്രമാണു യഹോവ

ദൈവം എന്ന പദം പോലെ യഹോവ എന്ന പദം ഒരു സാമാന്യനാമമല്ല. സംജ്ഞാനാമമാണു. സർവ്വശക്തനായ പിതാവാം ദൈവത്തിനു മാത്രമായ വ്യക്തിനാമമാണു.തിരുവെഴുത്തുകളിൽ മറ്റാർക്കും ഒരിക്കലും ഈ പേർ നൽകപ്പെട്ടിട്ടില്ല. യഹോവ എന്ന ഈ പേരു പരിഭാഷപ്പെടുത്താതെ മറ്റു സംജ്ഞാനാമങ്ങൾ പോലെ അങ്ങനെ തന്നെ പ്രയോഗിക്കേണ്ടതാണു. ഈ പദം യഹോവ എന്നോ യാഹ് വേ എന്നോ ഉച്ചരിക്കേണ്ടത് എന്നത് JHVH എന്ന ചതുരക്ഷരിയോട് ചേർക്കുന്ന സ്വരാക്ഷരങ്ങൾ എത്ര ഏവ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. പല ഇംഗ്ലീഷ് പരിഭാഷകളിലും യഹോവ എന്ന പദം കർത്താവെന്നു പരിഭാഷപ്പെടുത്തുക വഴി ഒരു സംജ്ഞാനാമം എന്ന നിലയിലുള്ള അതിന്റെ പ്രത്യേകത വിസ്മരിക്കപ്പെടുന്നു. യേശുക്രിസ്തു യഹോവ എന്ന പേരിൽ അറിയപ്പെടുന്നു എന്ന മിഥ്യാധാരണ പലർക്കുമുണ്ട്. അതു കൊണ്ട് ഈ പേരു സർവ്വത്തിനും ആദികാരണമായ മഹാദൈവമാം യഹോവയ്ക്കു മാത്രമുള്ളതാണെന്നു തെളിയിക്കുന്ന നിരവധി വേദഭാഗങ്ങളിൽ ചിലത് ഇവിടെ ഉദ്ധരിക്കുന്നു. 'ഞാൻ യഹോവ (അതു തന്നെ എന്റെ നാമം; ഞാൻ എന്റെ മഹത്ത്വം മറ്റൊരുത്തനും... വിട്ടു കൊടുക്കുകയില്ല' (യെശ 42:8). യഹോവ എന്ന നാമം പിതാവം ദൈവത്തിനു മാത്രമുള്ളതാണു (സങ്കീ 83:18)

യേശു യഹോവയല്ല എന്നതിനു മറ്റൊരു തെളിവാണു സങ്കീ.110.1; - 'ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക എന്ന് യഹോവ എന്റെ കർത്താവിനോട് അരുളിച്ചെയ്തു' [എബ്രായമൂലം] ഇതനുസരിച്ച് യഹോവയും കർത്താവും [അഡോൺ-എബ്രായമൂലം] ഭിന്നവ്യക്തികളാണു. സഹസ്രാബ്ദ്ധവാഴ്ചയുടെ നാളുകളിൽ യഹോവ ദാവീദിന്റെ കർത്താവായ യേശുവിനെ തന്റെ വലതു ഭാഗത്തേക്ക് ഉയർത്തുമെന്നു വാഗ്ദത്തം ചെയ്യുന്നു. (മത്താ 22:41-46; എബ്രാ 1:13; വെളി 20:4,6; ദാനി 7:13,14) അക്കാലത്ത് സകലശത്രുക്കളും അവന്റെ കാൽക്കീഴാക്കപ്പെടും (1 കൊരി 15:25)

യെശ 6:1,3,5,8,11,12 വാക്യങ്ങളും യഹോവയും യേശുവും ഭിന്ന വ്യക്തികളാണെന്നു സമർത്ഥിക്കുന്നു. 1,8,11 ഈ വാക്യങ്ങളിൽ വരുന്ന അദോനായി എന്ന എബ്രായപദം യേശുവിനെ പരാമർശിക്കുന്നു. അതേസമയം 3,5,12 ഈ വാക്യങ്ങളിൽ യഹോവ അഥവാ JHVH എന്ന ചതുരാക്ഷരിയാണു എബ്രായമൂലത്തിൽ. ഇംഗ്ലീഷിൽ അദോനായി, യഹോവ എന്ന രണ്ടു പദങ്ങളും കർത്താവ് എന്ന് ഏകരൂപമായി വിവർത്തനം ചെയ്യുന്നു. കർത്താവ് എന്നതിനുള്ള ആംഗലപദമാണു ലോർഡ്(Lord). അദോനായ്, യഹോവ ഇവ തമ്മിലുള്ള വ്യത്യാസം കാണിക്കുന്നതിനു അദോനായ് എന്നതിന്റെ പരിഭാഷയിൽ Lord എന്നതിനു ആദിയിൽ മാത്രം വലിയക്ഷരം ഉപയോഗിക്കുന്നു. മറ്റേതിൽ പദം ആദ്യാവസാനം വലിയക്ഷരത്തിലാണു (LORD). 'ആർ നമുക്കു വേണ്ടി പോകും' എന്ന എട്ടാം വാക്യത്തിൽ നാം എന്ന പ്രയോഗത്തിൽ യഹോവ, യേശു എന്ന ഇരുവരും ഉൾപ്പെടുന്നു. 'ഞാൻ ആരെ അയക്കേണ്ടു, ആർ നമുക്ക് വേണ്ടി പോകും ' എന്നു ചോദിക്കുന്നത് യേശുവോടാണു. യെശയ്യാവ് ആറാമധ്യായത്തിൽ യഹോവയെ JHVH എന്ന ചതുരക്ഷരി കൊണ്ടും യേശുവിനെ അദോനായി എന്നപദം കൊണ്ടും പരാമർശിക്കുക വഴി യേശു യഹോവയല്ല എന്ന് അനിഷേധ്യമായി തെളിയുന്നു. യേശു യഹോവയുടെ കാര്യനിർവാഹകനാണു. മലാ 3:1 യോശു 5:14 തുടങ്ങി അനേകം വേദഭാഗങ്ങൾ ഇതിനു സാക്ഷ്യം വഹിക്കുന്നു.

വേറെ ചില വേദഭാഗങ്ങൾ കൂടെ ശ്രദ്ധിക്കുക. യേശു യഹോവയല്ല യഹോവയുടെ ദാസനാണു (യെശ 42:1,6,19;52:13;53:11) അവൻ യഹോവയല്ല യഹോവയുടെ ഭുജമാണു (യെശ 53:1) അവൻ യഹോവയല്ല യഹോവയുടെ പുത്രനാണു (സങ്കീ 89:27;2:7,12) അപ്പോ 13:33 എബ്രാ 1:5;5:5 ഇവയുമായി താരതമ്യപ്പെടുത്തുക. അവൻ യഹോവയല്ല യഹോവയുടെ ദൂതനാണു (ഉല്പ 22:11,15; പുറ 3:2; സംഖ്യ 22:22-27,31,34,35; സങ്കീ 34:7) അവൻ യഹോവയല്ല, യഹോവയുടെ കൂട്ടാളിയാണു (സെഖ 13:7; സദൃ 8:30)

(തുടരും)

ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു.

Friday, March 18, 2011

ദൈവം ഏകനോ ത്രിയേകനോ? രണ്ടാം ഭാഗം

ദൈവം എന്ന പദത്തിന്റെ അർത്ഥഭേദങ്ങൾ

പ്രകൃതത്തിൽ ദൈവം എന്ന പദത്തിന്റെ പ്രയോഗം ആകാശത്തിലും ഭൂമിയിലുമുള്ള അനേകം ദൈവങ്ങളെപ്പറ്റിയാകുമ്പോൾ സാമാന്യനാമമായിട്ടും പിതാവാം ഏകദൈവത്തെപ്പറ്റിയാകുമ്പോൾ സംജ്ഞാനാമമായിട്ടുമാണു. ആവ 6:4- പറയുന്ന ഏകദൈവമായ യഹോവ തന്നെ ഇവിടെപ്പറയുന്ന പിതാവാം ദൈവം. 'യിസ്രയേലേ കേൾക്ക, നമ്മുടെ ദൈവമായ യഹോവ ഏകൻ' എന്നോ 'യഹോവ നമ്മുടെ ദൈവം. യഹോവ ഏകൻ' എന്നോ വിവർത്തനം ചെയ്യാവുന്നതാണു. ആവ 6:4

ദൈവം എന്ന പദത്തിനു ശക്തനായവൻ എന്നർത്ഥം. എന്നാൽ എല്ലാ സന്ദർഭങ്ങളിലും സർവ്വശക്തനായവൻ അഥവാ യഹോവ എന്നല്ല വിവക്ഷിതം. ഏൽ,ഏലാഹ്,ഏലോഹാ,ഏലോഹിം എന്ന നാല് എബ്രയ പദങ്ങളുടെ പരിഭാഷയാണു ദൈവം എന്ന പദം. എല്ലാ പദങ്ങൾക്കും ശക്തിയുള്ള, വലിയ എന്നാണർത്ഥം. ഇത് ഒരു സാധാരണ നാമമാണു. കർത്താവായ യേശുവിനെ എന്നപോലെ പിതാവായ ദൈവത്തെയും ശബ്ദം കൊണ്ട് പരാമർശിക്കുന്നു.അതിൽ അനൗചിത്യമൊന്നുമില്ല. ദൈവദൂതന്മാരെയും മനുഷ്യരിൽ തന്നെ ശക്തിയുള്ളവരെയും ശബ്ദംകൊണ്ട് വ്യവഹരിച്ചിട്ടുണ്ട്.

ആവ 10:17- ഏലോഹിം എന്ന പദം സർവ്വശക്തനായ യഹോവയാം ദൈവത്തെയും മറ്റുദൈവങ്ങളെയും സംബന്ധിച്ചു പ്രയോഗിച്ചിരിക്കുന്നു. 'നിങ്ങളുടെ ദൈവമായ (ഏലോഹിം) യഹോവദേവാധിദൈവം' (ദൈവങ്ങളുടെ [ഏലോഹിം] ദൈവം [ഏലോഹിം]). ഏലോഹിം എന്ന പദം രൂപംകൊണ്ട് ബഹുവചനമാണെങ്കിലും ഏകവചനാർത്ഥത്തിലും അതിനു പ്രയോഗമുണ്ട്. ഉല്പ 32:30ലുംന്യായാ 13:22 ലും ദൈവത്തിന്റെ സന്ദേശവാഹകൻ എന്ന നിലയിൽ ഒരു ദൂതനെ (ഒറ്റ വ്യക്തി) ഏലോഹീം എന്നു വിളിച്ചിരിക്കുന്നു. പുറ 7:1 മോശയെ ഏലോഹിം എന്നു വിളിച്ചിരിക്കുന്നു. പഴയനിയമ എഴുത്തുകാർ ഏലോഹിം എന്ന ബഹുവചനരൂപത്തോട് ഏകവചനത്തിലുള്ള ക്രിയയും വിശേഷണവും ചേർക്കുന്നു.

മിസ്രയീമിലെ സകലദേവന്മാരിലും ഞാൻ ന്യായവിധിനടത്തും എന്ന വാക്യത്തിൽ (പുറ 12:12) ദേവന്മാർ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഏലോഹിം എന്ന പദമാണു. സന്ദർഭത്തിൽ പ്രഭുക്കന്മാർ എന്നർത്ഥം. പുറ 21:6,22:8,9,28 വാക്യങ്ങളിൽ ദൈവസന്നിധിയിൽ എന്നത്‌ ന്യായാധിപ സന്നിധിയില്‍ എന്നു പരിഭാഷപ്പെടുത്തേണ്ടതാണു. ഏലോഹീം എന്നതാണു മൂലപദം. ന്യായാധിപന്മാരും ഏലോഹിം ആണു. കാരണം മോശയാൽ നിയമിതരായ ന്യായാധിപന്മാർ ഔദ്യോഗികസ്ഥാനം നിമിത്തം ശക്തിയുള്ളവരായിരുന്നു. പഴയ നിയമത്തിൽ ഉല്പ 3:5ലും വേറെ ഏകദേശം 200 സന്ദർഭങ്ങളിലും ആത്മജീവികൾ എന്ന നിലയിൽ ദൈവദൂതന്മാരെ ഏലോഹിം എന്നു വിശേഷിപ്പിച്ചിരിക്കുന്നു.

ഏലോഹിം (ദൈവം) എന്ന പദത്തിന്റെ വ്യത്യസ്താർത്ഥത്തിലുള്ള പ്രയോഗത്തിനു പ്രകടമായ തെളിവാണു സങ്കീ 82:1- 'ദൈവം (ഏലോഹിം) ദേവന്മാരുടെ(ഏൽ) സഭയിൽ നിൽക്കുന്നു; അവൻദേവന്മാരുടെ [ഏലോഹിം] ഇടയിൽ ന്യായം വിധിക്കുന്നു. ഇവിടെ ദൈവം(ഏലോഹിം) എന്ന ആദ്യപദം വ്യക്തമായും സർവ്വശക്തനായ യഹോവയെക്കുറിക്കുന്നു. പിന്നീടു വരുന്നഏൽ,ഏലോഹിം(ദേവന്മാർ) പദങ്ങൾ ശക്തിയുള്ള മറ്റു വ്യക്തികളെ സംബന്ധിച്ചാണു. പ്രകൃതത്തിൽ ക്രിസ്തു ശിരസ്സായിരിക്കുന്ന സവിശേഷയുഗസഭയുടെ അംഗങ്ങളായ ദൈവമക്കളെയാണു അവ പരാമർശിക്കുന്നത്. 'നിങ്ങൾ ദേവന്മാരാകുന്നു (ഏലോഹിം) എന്നും നിങ്ങൾ എല്ലാവരും അത്യുന്നതന്റെ (ഏൽയോൻ) പുത്രന്മാരെന്നു ഞാൻ പറഞ്ഞു' എന്നത് അവരെപ്പറ്റിയാണു.

ശക്തരായ മറ്റാരെയും അപേക്ഷിച്ച് സർവ്വശക്തനാണു സ്വർഗ്ഗസ്ഥപിതാവ്. എല്ലാവരിലും ഉന്നതനായ പരമദൈവമാണവൻ. മറ്റുള്ളവർക്ക് ഔന്നത്യവും അസ്തിത്വവും ഉൾപ്പെടെ എല്ലാം അവനിൽ നിന്നുപ്രാപിച്ചതു മാത്രം. 'നിങ്ങൾ എന്നെ നല്ലവനെന്നു വിളിക്കുന്നതെന്ത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല' (മർക്കോ 10:18) എന്ന യേശുവിന്റെ വാക്കുകൾ അർത്ഥത്തിലാണു. എല്ലാ നന്മയുടെയും പ്രഭവസ്ഥാനം യഹോവ മാത്രമാണെന്നും തന്നിൽ ഏതെങ്കിലും നന്മ കാണുപ്പെടുന്ന പക്ഷം (അവൻസമ്പൂർണ്ണമായും നന്മയുടെ മൂർത്തീഭാവമായിരുന്നു)അതു സൃഷ്ടാവായ പിതാവിങ്കൽ നിന്നാണെന്നും യേശു ഊന്നിപ്പറയുന്നു.

(തുടരും)


ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു.

Tuesday, March 15, 2011

ദൈവം ഏകനോ ത്രിയേകനോ? ഒന്നാം ഭാഗം

"പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടെന്ന് പറയുന്നുവല്ലോ. എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നു വരികിലും പിതാവായ ഏകദൈവമേ നമുക്കുള്ളു. അവൻ സകലത്തിനും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതുമാകുന്നു.യേശുകൃസ്തു എന്ന ഏക കർത്താവും നമുക്കുണ്ട്. അവൻ മുഖാന്തിരം സകലവും അവൻ മുഖാന്തിരം നാമും ആകുന്നു." (1 കൊരിന്ത്യർ 8:5,6)

പൗലോസ് അപ്പോസ്തലൻ ഇവിടെ വിഷയം വളരെ തെളിവായി പ്രതിപാദിക്കുന്നു. സകലത്തിനും കാരണഭൂതൻ പിതാവാം യഹോവയാണു. അവനാണു സർവ്വത്തിന്റെയും ആദികാരണം. കൂടാതെ എല്ലാം നമ്മുടെ കർത്താവായ യേശു മുഖേനയോ അവനിൽ കൂടെയോ ആകുന്നു. 'ദൈവസൃഷ്ടിയുടെ ആരംഭമായ (വെളി. 3.14) യേശു മുഖേനയാണു അവന്റെ സൃഷ്ടിക്കു ശേഷമുള്ള എല്ലാ പ്രവർത്തനങ്ങളും നിർവ്വഹിക്കപ്പെട്ടിട്ടുള്ളത്.' എല്ലാം അവനാൽ ഉളവാക്കപ്പെട്ടു; ഉളവായതൊന്നും അവനെക്കൂടാതെ ഉളവായതല്ല' (യോഹ.1:3) 'അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനുമാകുന്നു. സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതുമായി സകലവും അവനാലും അവനായും സൃഷ്ടിക്കപ്പെട്ടു. അവൻ സകലത്തിനും മുമ്പെയുള്ളവൻ; അവൻ സകലത്തിനും ആധാരമായിരിക്കുന്നു' (കൊലൊ 1:15-17). 'എല്ലാവർക്കും ദൈവവും പിതാവുമായി എല്ലാവർക്കും മീതെയുള്ളവൻ ഒരുവൻ (എഫെ 4:6)

യേശുവിന്റെ സാക്ഷ്യവും ഇതിനൊടൊക്കുന്നു. താൻ പിതാവല്ല, സ്വഹിതം അവഗണിച്ചു പിതൃഹിതം ശിരസ്സാവഹിക്കുന്ന അവന്റെ അനുസരണമുള്ള പുത്രനാണെന്ന് അവൻ അവകാശപ്പെട്ടു (യോഹ9:35-37;10:36-38). 'എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യുന്നതും അവന്റെ പ്രവൃത്തി പൂർത്തീകരിക്കുന്നതുമാണു എന്റെ ആഹാരം' എന്നവൻ പറഞ്ഞു (യോഹ 5:19,30;6:38;4:34). ഞാനും പിതാവും ഒന്നാണു എന്നവൻ പറഞ്ഞിട്ടുണ്ട് എന്നതു ശരി തന്നെ. എന്നാൽ ഏതർത്ഥത്തിലാണു അവർ ഒന്നായിരിക്കുന്നത് എന്ന് അതേ അർത്ഥത്തിൽ അവന്റെ ശിഷ്യന്മാരും ഒന്നായിരിക്കണമെന്ന പ്രാർത്ഥനയിൽ അവൻ വ്യക്തമാക്കിയിരിക്കുന്നു(യോഹ 10:30;17:11). ഒരേ മനസ്സും ഹൃദയവും ലക്ഷ്യവും ഉണ്ടായിരിക്കുന്നതിലാണു ഐക്യം. ഹൃദയങ്ങൾ ഒന്നാകുക വഴി ഭാര്യാഭർത്താക്കന്മാർക്കുണ്ടാകുന്ന അദ്വൈതാവസ്ഥയ്ക്കു തുല്യമാണിത്. അങ്ങനെ ഇണകൾ ഒന്നായിത്തീരുന്നു എന്നാൽ ഒരേ വ്യക്തിയാകുന്നില്ല.

കർത്താവു തന്നെ നേരിട്ടു പഠിപ്പിച്ചിട്ടുള്ളതിനു നേർവിരുദ്ധമായി പിതാവും പുത്രനും സർവ്വപ്രകാരേണയും തുല്യതയുള്ള ഒരേ വ്യക്തിയാണു എന്നു സിദ്ധാന്തിക്കുക വഴി തങ്ങൾ ഗുരുവിനെ അത്യന്തം ബഹുമാനിക്കുകയാണെന്ന് ചിലർ വിചാരിക്കുന്നതു പോലെ തോന്നുന്നു. എന്നാൽ യേശു പറയുന്നു; എന്റെ പിതാവ് എന്നേക്കാൾ വലിയവൻ (യോഹ 14:28) പൗലൊസ് അപ്പോസ്തലൻ പറയുന്നു: ക്രിസ്തുവിന്റെ തല ദൈവം (1 കൊരി 11:3), പുത്രൻ എപ്പോഴും പിതാവിനു കീഴ്പ്പെട്ടിരിക്കും (1 കൊരി 15:28). പിതാവിന്റെ പരമാധികാരത്തിനു എതിരില്ലാത്ത തെളിവാണു ഫിലി 2:6-'അവൻ ദൈവരൂപത്തിൽ ആയിരുന്നിട്ടും ദൈവത്തോടുള്ള സമത്വത്തിൽ കണ്ണൂവെച്ചില്ല' യേശു ദൈവത്തോടു സമൻ എന്ന് അവകാശപ്പെടുകയോ ദൈവത്തിന്റെ അധികാരം കവർന്നെടുക്കാൻ വഴി തേടുകയോ ചെയ്തില്ല എന്നു സാരം. വഴിക്കുള്ള അതിമോഹവും അവകാശവാദവും കരുനീക്കവും സാത്താന്റെ ഭാഗത്തുനിന്നാണുണ്ടായിട്ടുള്ളത് (യെശ 14:12-14) 'ഞാൻ സ്വർഗ്ഗത്തിൽ കയറും; ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ ഞാൻ എന്റെ സിംഹാസനം വെയ്ക്കും... ഞാൻ അത്യുന്നതനോടു സമനാകും' എന്ന് അവൻ പറഞ്ഞു.

യേശു പറഞ്ഞു: ' നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നതു ശരി' (യോഹ 13:13). ഭൂമിയിൽ ആരെയും പിതാവെന്നു വിളിക്കരുത്; നിങ്ങൾക്ക് ഒരുവനല്ലോ പിതാവ്, സ്വർഗ്ഗസ്ഥൻ തന്നെ'(മത്താ 23:9) എന്നും അവൻ പറയുന്നു. പുനരുത്ഥാനോനന്തരവും അവൻ ദൈവത്തെ അവന്റെ പിതാവും നമ്മുടെ പിതാവുമെന്നു വിശേഷിപ്പിച്ചു. 'എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു'(യോഹ 20:17). നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവനാണു ക്രിസ്തുവിലൂടെ നമ്മെ ജനിപ്പിച്ചത് (1 പത്രൊ 1:3-5)


നിത്യനായ ദൈവവും പിതാവുമായവൻ ഒരുവനേയുള്ളുവെന്ന് വേദം വ്യക്തമായി പഠിപ്പിക്കുന്നു. അവൻ അനാദ്യനന്തനാണു ( സങ്കീ 41:13;90:2;106:48, റോമ 16:24,26). പിതാവിൽ നിന്നു ഏകജാതനായവനും ഒരുവൻ മാത്രം (യോഹ 1:18;3:16) ദൈവസൃഷ്ടിയുടെ ആരംഭവും (വെളി 3:14) ദൈവത്തിന്റെ ആദ്യജാതനുമാണവൻ (സങ്കീ 2:7;89:27;കൊലൊ1:15). അവൻ ജഡമായിത്തിർന്നു(യോഹ 1:14; റോമ 1:5) അവൻ ക്രൂശിലെ മരണത്തോളം അനുസരണമുള്ളവനായിത്തീർന്നതു കൊണ്ട് ദൈവം അവനെ ഏറ്റവും ഉയർത്തി സകലനാമത്തിലും മേലായ നാമം നൽകി (ഫിലി 2:8,9). പിതാവ് ജീവദാതാവും പുത്രൻ ജീവൻ സ്വീകരിക്കുന്നവനുമാണെന്ന വസ്തുത വിസ്മരിക്കരുത്. പിതാവെന്ന നിലയിൽ യഹോവ തന്റെഏകജാതനായ പുത്രനു ജീവദാതാവായിത്തീർന്നു. യേശു പുത്രനെന്ന നിലയിൽ പിതാവിൽ നിന്ന് ജീവൻ പ്രാപിച്ചു.

(തുടരും)

ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു.

ത്രിയേക ദൈവസങ്കല്പം

പിതൃപുത്രപരിശുദ്ധാത്മാക്കൾ മൂന്നാളുകൾ = ഒരാൾ എന്ന വൈരുദ്ധ്യാധിഷ്ഠിത ത്രിത്വവാദം ഭാവനാസൃഷ്ടമോ വേദോപദിഷ്ടമോ ?

ത്രിയേക ദൈവസങ്കല്പം

വിലക്ഷണമായ വേദശാസ്ത്രത്തിന്റെ സംഭാവന !
വിജാതീയമായ ത്രിമൂർത്തി വിശ്വാസത്തിന്റെ വ്യാജ പതിപ്പ് !

നാമധേയ ക്രൈസ്തവ മതമെന്ന മഹാവേശ്യയ്ക്ക് അന്ധകാരയുഗത്തിൽ ജാരബന്ധത്തിൽ പിറന്ന വികൃതശിശു !!!

ഗണിത വിജ്ഞാനത്തിനും ഭാഷാശാസ്ത്രത്തിനും സർവ്വോപരി ദൈവ വചനത്തിനും അവഹേളനമായമഹാവിഡ്ഢിത്തം.

ക്രൈസ്തവ സഭയുടെ മഹാശാപങ്ങളിൽ ഒന്നാണു ദൈവം ത്രിയേകനെന്ന വിശ്വാസം. 'പിതാവായഏകദൈവമേ നമുക്കുള്ളു, യേശുകൃസ്തു എന്ന ഏക കർത്താവും നമുക്കുണ്ട്' എന്ന ലളിതവും, എന്നാൽഗഹനവുമായ വേദസത്യത്തിന്റെ നിഷേധമാണു ത്രൈകത്വസിദ്ധാന്തം. പിതാവു തന്നെ പുത്രനെന്നുംപിതാവും പുത്രനും രണ്ടാളുകൾ എങ്കിലും ഒന്നു മാത്രമെന്നും പൂർവ്വപരബന്ധം വിട്ടു പുലമ്പുന്ന ത്രിയേകദൈവശാസ്ത്ര സിദ്ധാന്തം വെറും സ്വപ്നാടനമാണു. ഇതു മൂലം യുക്തി ബോധമുള്ളവരുടെ മനസ്സിൽ പഠനാർഹമായ ഒരു ഉത്കൃഷ്ഠമതഗ്രന്ഥമെന്ന സ്ഥാനം ബൈബിളിനു നഷ്ഠമാകുന്നു. വായ് കൊണ്ട് ഏറ്റു പറയാനല്ലാതെ ബോധപൂർവ്വം ഹൃദയത്തിൽ രക്ഷക്കായി വിശ്വസിക്കാനാകാത്ത ഒന്നാണു ത്രിയേകമെന്ന ആശയം.

ദൈവം ഏകൻ, യേശു ലോകരക്ഷിതാവായി അവനാൽ അയക്കപ്പെട്ട പുത്രൻ എന്ന വേദോപദേശമോ പുത്രൻ തന്നെ പിതാവെന്ന വിശ്വാസപ്രമാണമോ സ്വീകാര്യം ? അനാദ്യനന്തനിത്യനായ യഹോവയാം ദൈവം തന്നെ യേശു എന്ന ദൈവദൂഷണം വിശ്വസിക്കാത്ത പക്ഷം അഭക്തിയാകുമെന്ന അന്ധഭീതി ഒരു വശത്ത്, മറുവശത്ത് ഈ വിശ്വാസം മൂലം വേദവിപരീതമാകുമെന്ന വിപത്ത്. രണ്ടിനുമിടയിൽപ്പെട്ട് ഞെരുങ്ങുന്ന പരമാർത്ഥികളോടുള്ള കടപ്പാട് പ്രമാണിച്ചും ബൈബിളിന്റെ മിത്രങ്ങൾ തന്നെ ശത്രുക്കൾ ആകുന്നതിൽ മനം നൊന്തുമാണു ഇത്തരമൊരു സംരഭത്തിനു ഞങ്ങൾ പ്രേരിതരായത്. ഒരുപാട് പഠനങ്ങൾക്കും ചർച്ചകൾക്കും പലരും വിധേയമാക്കിയ ഈ വിഷയം ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ കഴിയില്ല എന്നത് കൊണ്ട് തുടർ ഭാഗങ്ങളായി പോസ്റ്റ് ചെയ്യാനാണു ഉദ്ദേശിക്കുന്നത്. മഹാദൈവത്തിന്റെയും അവന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുകൃസ്തുവിന്റെയും കൃപാകടാക്ഷം ഈ യത്നത്തെ സഫലമാക്കട്ടെ.

Monday, March 7, 2011

പരിശുദ്ധാത്മ ശക്തി എന്നാൽ എന്ത് ?

ഇതിനു മുൻപുള്ള പോസ്റ്റുകളിൽ സർവ്വ ശക്തനും അത്യുന്നതനുമായ പിതാവാം ദൈവത്തെക്കുറിച്ചും തന്റെ ആദ്യ ജാതനും ഏക ജാതനുമായ യേശു കൃസ്തു എന്ന വീരനാം ദൈവത്തെക്കുറിച്ചും പ്രതിപാദിച്ചു കഴിഞ്ഞതാണു. ഇനി നമുക്ക് പരിശുദ്ധാത്മാവ്
എന്ന കാര്യസ്ഥനെക്കുറിച്ചാണു വിശദമായി ചിന്തിക്കാനുള്ളത്.

പരിശുദ്ധാത്മാവിനെ ദൈവത്തിന്റെ വ്യാപാരശക്തിയായിട്ടാണു വചനത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. അത്യുന്നതന്റെ ശക്തി (ലൂക്ക 1:35) ഉയരത്തിൽ നിന്നുള്ള ശക്തി (ലൂക്ക 24:49) എന്നീ പ്രയോഗങ്ങൾ പരിശോധിച്ചാൽ ദൈവീക ശക്തിയായിട്ടാണു പരിശുദ്ധാത്മ പ്രവർത്തനത്തെ പ്രധാനമായും കണക്കാക്കുന്നത് എന്ന് മനസ്സിലാക്കാം.

ഇപ്രകാരം ദൈവീക ശക്തിയായ പരിശുദ്ധാത്മാവിനു പിതാവിനും പുത്രനും ഉള്ളത് പോലെയൊരു വ്യക്തിത്വം സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങൾ ചില കൃസ്തീയ വിഭാഗങ്ങളിൽ നിന്നുമുണ്ടായിട്ടുണ്ട്. പരിശുദ്ധാത്മാവ് ദൈവത്തിന്റെ ആത്മാവ് ആണു എന്ന് മനസ്സിലാക്കിയിട്ടും ദൈവത്തിൽ നിന്നും വേറിട്ടൊരു സ്വത്വം പരിശുദ്ധാത്മാവിനു കല്പിക്കാൻ ശ്രമിക്കുന്നത് ശരിയായ വസ്തുതയല്ല. ദൈവവും ദൈവത്തിന്റെ ആത്മാവും രണ്ട് ആളുകളല്ല. ഒന്ന് തന്നെയാണ്.

ആത്മാവിനു വ്യക്തിത്വം ഉണ്ടെന്ന് കരുതിയാൽ ആത്മാവിൽ സ്നാനപ്പെടുക, ആത്മാവ് കൊണ്ട് അഭിഷേകം ചെയ്യുക, ആത്മാവിനാൽ നിറയുക, ആത്മാവിനെ പകരുക എന്നെല്ലാം പറയുന്നത് അസംബന്ധമാകും. ആത്മാവിനെ അളവു കൂടാതെ കൊടുക്കുക എന്നെല്ലാം പറയുന്നത് എങ്ങിനെയാണു എന്ന് ചിന്തിച്ചാൽ ആത്മാവിനെ വ്യക്തിയാക്കി മാറ്റുന്നതിലെ യുക്തിയില്ലായ്മ പിടി കിട്ടാവുന്നതേ ഉള്ളു.

പരിശുദ്ധാത്മാവിനെ അവൻ എന്ന് പല ഭാഗത്തും പറഞ്ഞിട്ടുണ്ട്. പഴയ നിയമത്തിൽ ആത്മാവിനെ അവൻ എന്ന സർവ്വ നാമമല്ല, പ്രത്യുത അത് എന്ന സർവ്വ നാമമാണു ഉപയോഗിച്ചിരിക്കുന്നത്. പുതിയ നിയമത്തിൽ പരിശുദ്ധാത്മാവിനെ പറ്റി പറഞ്ഞിരിക്കുന്ന വചനം ഇപ്രകാരമാണു. " എന്റെ പിതാവ് വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേൽ അയക്കും, നിങ്ങളോ ഉയരത്തിൽ നിന്ന് ശക്തി ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ എന്നും അവരോട് പറഞ്ഞു." (ലൂക്ക 24:48, അപ്പോ 1:8)

എന്നാൽ യോഹന്നാൻ 16:13 പരിശുദ്ധാത്മാവിനു വ്യക്തിത്വം ഉണ്ടാക്കാൻ പാടു പെടുന്നവരെ സഹായിച്ചേക്കും എന്ന് തോന്നിപ്പിക്കുന്ന വചനമുണ്ട്. അത് ഇപ്രകാരമാണു. "സത്യത്തിന്റെ ആത്മാവ് വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും. അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നത് സംസാരിക്കുകയും വരുവാനുള്ളത് നിങ്ങൾക്ക് അറിയിച്ചു തരുകയും ചെയ്യും." ഇവിടെ ആത്മാവിനെ അവൻ എന്ന് പറഞ്ഞിരിക്കുന്നത് കൊണ്ട് ആത്മാവിനു വ്യക്തിത്വമുണ്ടെന്ന് പറയുന്നതിൽ അർത്ഥമില്ല. സാധാരണ സംസാര ഭാഷയിലെ പ്രയോഗങ്ങൾ പരിശോധിച്ചാൽ ഉദാഹരണമായി വിക്ടോറിയ എന്ന കപ്പൽ കടലിൽ സഞ്ചരിക്കുന്നു. അവൾ 500 ടൺ ഭാരം വഹിച്ചു കൊണ്ട് പോകുന്നു എന്ന് പറഞ്ഞാൽ കപ്പലിനു വ്യക്തിത്വമുണ്ടോ.

ഇനി വി വേദപുസ്തകത്തിൽ തന്നെ ഇതിനു ഉപോല്പകമായ വചനങ്ങൾ ഉണ്ട്. "ഹേ മരണമേ നിന്റെ ജയം എവിടെ ? ഹേ മരണമേ നിന്റെ വിഷമുള്ള് എവിടെ?" (1 കൊരിന്ത്യർ 15:55) ഇത്തരത്തിൽ മരണത്തെ പരാമർശിച്ചത് കൊണ്ട് മരണത്തിനു വ്യക്തിത്വം ഉണ്ട് എന്നാണോ അർത്ഥം. അതുപോലെ "മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു"(വെളിപ്പാട് 20:14) എന്ന വാക്യം ഉദ്ധരിച്ച് കൊണ്ട് മരണത്തിനും പാതാളത്തിനും വ്യക്തിത്വമുണ്ടെന്ന് വാദിക്കുന്നത് പോലെതന്നെയാണു പരിശുദ്ധാത്മാവിന്റെ കാര്യത്തിലും നടന്നു കൊണ്ടിരിക്കുന്നത്.

മേൽ പ്രസ്താവിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിൽ പരിശുദ്ധാത്മാവിനു വ്യക്തിത്വമില്ല, പ്രത്യുത ദൈവത്തിന്റെ വ്യാപാരശക്തി മാത്രമാണു എന്നു മനസ്സിലാക്കാം.

അടുത്ത പോസ്റ്റ് പറഞ്ഞ കാര്യങ്ങളുടെയെല്ലാം ഉപസംഹാരമായി എഴുതാൻ ആഗ്രഹിക്കുന്നു.