വിശ്വാസപ്രമാണങ്ങളും ത്രിത്വോപദേശവും
യഹോവയുടെയും നമ്മുടെ കർത്താവായ യേശുവിന്റെയും ഭിന്നവ്യക്തിത്വത്തെയും ഇരുവർക്കും തമ്മിലുള്ള ബന്ധത്തെയും സംബന്ധിച്ചു തിരുവെഴുത്തുകളുടെ സാക്ഷ്യം സംശയാതീതമായിരിക്കെ ത്രിയേകദൈവം എന്ന ആശയത്തിനു ക്രൈസ്തവർക്കിടയിൽ പ്രാമാണ്യവും പൊതുവായ അംഗീകാരവും കൈ വന്നു എന്നത് വളരെ വിചിത്രമായിരിക്കുന്നു. ത്രിയേകദൈവമെന്നാൽ ഒരേ ദൈവത്തിൽ മൂന്നാളുകൾ; അതേസമയം തന്നെ ഒരാളിൽ മൂന്നു ദൈവങ്ങൾ എന്ന പൂർവ്വോത്തരവൈരുദ്ധ്യമാണല്ലോ. ഈ അബദ്ധസിദ്ധാന്തത്തിനു ക്രൈസ്തവലോകത്തിൽ പരക്കെ ലഭിച്ച അംഗീകാരം വിശ്വാസത്യാഗിനിയായ നാമധേയസഭയ്ക്കു നേരിട്ട ഗാഢനിദ്രയിലേക്കും തത്സമയം ദുരുപദേശങ്ങൾ കൊണ്ട് ശത്രു അവളെ കൗശലപൂർവ്വം വരിഞ്ഞു മുറുക്കിയതിലേക്കും വിരൽ ചൂണ്ടുന്നു. നമ്മുടെ കർത്താവായ യേശു മഹാശക്തനായ ഒരുവൻ എന്ന നിലയിൽ ഒരു ദൈവമെന്ന് അംഗീകരിക്കുമ്പോൾ തന്നെ അവൻ തന്റെ തന്നെ പിതാവും സ്രഷ്ടാവുമാണെന്ന വേദവിപരീതോപദേശം ഞങ്ങൾ നിഷേധിക്കുന്നു.
ത്രിത്വത്തെ സംബന്ധിച്ച വിശ്വാസപ്രമാണത്തിന്റെ തുടക്കം മൂന്നാം നൂറ്റാണ്ടിലാണു. ക്രിസ്തുവിനു പിതാവിനോടുള്ള ബന്ധത്തെ സംബന്ധിച്ച ദുരുപദേശത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ് എ.ഡി 230ൽ ആയിരുന്നു. എന്നിരുന്നാലും പിതാവിന്റെയും പുത്രന്റെയും സമത്വം സംബന്ധിച്ച സിദ്ധാന്തത്തിനു എ.ഡി 325 ലെ നിഖ്യാസുന്നഹദോസുവരെ അന്തിമരൂപം നൽകിയിരുന്നില്ല. എ.ഡി 381 ലെ കുസ്തന്തീനോപോലീസിലെ ആദ്യ സുന്നഹദോസിന്റെ കാലം വരെ ത്രൈകത്വസിദ്ധാന്തം പൂർണ്ണ രൂപം പ്രാപിച്ചിരുന്നില്ല. ഏകനും പരമസത്യസ്വരൂപനുമായ യഹോവയെ ആരാധിക്കുന്നതിനെ എക്കാലത്തും എതിർത്തിട്ടുള്ള (മത്താ 4:10) സാത്താൻ ജാതികളുടെ ബഹുദൈവവിശ്വാസം ക്രൈസ്തവ സഭയെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിൽ അന്ന് ഒടുവിലായി വിജയം കണ്ടെത്തി.
എല്ലാ ബഹുദൈവമതങ്ങളുടെയും പൊതുസ്വഭാവമാണു ദൈവത്തിന്റെ ബഹുത്വത്തിലുള്ള വിശ്വാസം. പരമാധികാരികളായ മൂന്നു ദൈവം, മൂന്നും ചേർന്ന് പരമാധികാരിയായ ഏകദൈവം എന്നത് ഏതുരൂപത്തിലുള്ള ബഹുദൈവമതത്തിന്റെയും അടിസ്ഥാനതത്ത്വമാണു. ഇപ്രകാരം ഭാരതീയരുടെ ത്രിമൂർത്തികളാണു ബ്രഹ്മാവും,വിഷ്ണുവും,ശിവനും. ബാബിലോണിലും അസീറിയയിലും ഇവരുടെ സ്ഥാനം വഹിക്കുന്നത് എനോസ്,ഇല്ലിനോസ്, ഏയോസ് എന്ന മൂവരാണു. ഫിനീഷ്യയിലാകട്ടെ ഉലോമസ്,ഉലോസുറോസ്,ഏലിയൂൺ എന്ന ദേവത്രയമാണു. ഇവർ മുറയ്ക്ക് ഈജിപ്തിൽ നേഫ്,താസ്,ഓസിരിസ്, ഗ്രീസിൽ സിയൂസ്, പോസിഡോൺ, അയിഡോനിയസ്. റോമിൽ ജൂപിറ്റർ, നെപ്റ്റ്യൂൺ, പ്ളൂട്ടോ എന്നിവരാണു. കെൽട്ടിക്ക് ജനവിഭാഗങ്ങൾക്കിടയിൽ ഇവർ ക്രിയോസൻ, ബയോസേന, ശിവൻ എന്നും ജർമ്മൻ ജനവിഭാഗങ്ങൾക്കിടയിൽ തോർ,വോഡാൻ,ഫ്രിക്കോ എന്നും അറിയപ്പെടുന്നു. പ്രാചീന മെക്സിക്കോ നിവാസികൾ സൂര്യദേവനെ മൂന്നു പ്രതിമകളുടെ രൂപത്തിൽ ആരാധിച്ചിരുന്നു. അവയെ പിതൃസൂര്യൻ, പുത്രസൂര്യൻ, ഭ്രാതൃസൂര്യൻ എന്നു വിളിച്ചിരുന്നു. അവരുടെ മഹാപ്രതിമകളിൽ ഒന്നിനു തംഗലംഗാ എന്നായിരുന്നു പേരു. ഒരാളിൽ മൂന്നാളുകൾ മൂന്നാളുകളിൽ ഒരാൾ എന്നാണു ഈ പദത്തിനർത്ഥം. മൂലദൈവത്തിൽ നിന്നു ജന്മമെടുത്ത ഈ മൂന്നു ദൈവങ്ങൾക്ക് ത്രിനാമക എന്ന് അവർ നാമകരണം ചെയ്തു.
വിജാതീയ മതോപദേഷ്ടാക്കൾക്കൊപ്പം നാമധേയ ക്രൈസ്തവ മതാചാര്യന്മാരും സാത്താന്റെ വഞ്ചനയ്ക്കു വശംവദരായി ബഹുദൈവവിശ്വാസവും ഏകദൈവത്തിൽ മൂന്നാളുകളെന്ന ത്രൈകത്വസിദ്ധാന്തവും അംഗീകരിച്ചു. എങ്ങനെയായാലും യുക്തിവൈകല്യങ്ങളുടെ കാര്യത്തിൽ വിജാതീയരെപ്പോലും പിന്നിലാക്കുന്നതാണു ക്രൈസ്തവരുടെ ത്രൈകത്വസിദ്ധാന്തം. എന്തെന്നാൽ 'ദൈവത്തിൽ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നു മൂന്നാളുകൾ, ഈ മൂവരും ഒരു ദൈവം തന്നെ. സാരാംശത്തിൽ ഒന്നു തന്നെയും ശക്തിയിലും മഹത്ത്വത്തിലും സമന്മാരുമത്രേ' എന്നതാണു ത്രിത്വനിർവചനം. വിജാതീയ മതത്തിന്റെ കമ്മട്ടത്തിലടിച്ച ഈ കപടനാണയത്തിന്റെ മറുവശമെന്നോണം പുറജാതികളുടെ ആരാധ്യമൂർത്തിയായ മഹാദേവിയുടെ സ്ഥാനത്ത് യേശുവിന്റെ മാതാവിനെ അവരോധിച്ചു. ത്രിമൂർത്തികൾക്ക് തൊട്ടുതാഴത്തെ സ്ഥാനമാണു മഹാദേവിക്ക് അവർ കല്പിച്ചിരുന്നത്. ജാതികളുടെ ഉപദേവന്മാരുടെയും ദേവിമാരുടെയും സ്ഥാനമാണു വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടവർക്ക്. ഇപ്രകാരം ദേവന്മാരെയും ദേവിമാരെയും സംബന്ധിച്ച അക്രൈസ്തവ സങ്കല്പങ്ങൾ ക്രൈസ്തവ നാമം പേറി നാമധേയ ക്രിസ്തീയ സഭയിൽ പൊതുവിലും കത്തോലിക്കാ മതവിഭാഗത്തിൽ വിശേഷിച്ചും വേരൂന്നി.അതുകൊണ്ട്, കത്തോലിക്കാ മതത്തിനു ബഹുദൈവമതങ്ങളുടെ പട്ടികയിൽ സ്ഥാനം നൽകാം. ബഹുഭൂരിപക്ഷം പ്രൊട്ടസ്റ്റന്റു വിഭാഗങ്ങളും താലോലിച്ചു വരുന്ന ത്രിത്വവിശ്വാസം കത്തോലിക്കാമതത്തിൽ നിന്നു പകർത്തിയതാണു.
(തുടരും)
ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു ഈ വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു.