ദൈവം എന്ന പദത്തിന്റെ അർത്ഥഭേദങ്ങൾ
പ്രകൃതത്തിൽ ദൈവം എന്ന പദത്തിന്റെ പ്രയോഗം ആകാശത്തിലും ഭൂമിയിലുമുള്ള അനേകം ദൈവങ്ങളെപ്പറ്റിയാകുമ്പോൾ സാമാന്യനാമമായിട്ടും പിതാവാം ഏകദൈവത്തെപ്പറ്റിയാകുമ്പോൾ സംജ്ഞാനാമമായിട്ടുമാണു. ആവ 6:4-ൽ പറയുന്ന ഏകദൈവമായ യഹോവ തന്നെ ഇവിടെപ്പറയുന്ന പിതാവാം ദൈവം. 'യിസ്രയേലേ കേൾക്ക, നമ്മുടെ ദൈവമായ യഹോവ ഏകൻ' എന്നോ 'യഹോവ നമ്മുടെ ദൈവം. യഹോവ ഏകൻ' എന്നോ വിവർത്തനം ചെയ്യാവുന്നതാണു. ആവ 6:4
ദൈവം എന്ന പദത്തിനു ശക്തനായവൻ എന്നർത്ഥം. എന്നാൽ എല്ലാ സന്ദർഭങ്ങളിലും സർവ്വശക്തനായവൻ അഥവാ യഹോവ എന്നല്ല വിവക്ഷിതം. ഏൽ,ഏലാഹ്,ഏലോഹാ,ഏലോഹിം എന്ന നാല് എബ്രയ പദങ്ങളുടെ പരിഭാഷയാണു ദൈവം എന്ന പദം. എല്ലാ പദങ്ങൾക്കും ശക്തിയുള്ള, വലിയ എന്നാണർത്ഥം. ഇത് ഒരു സാധാരണ നാമമാണു. കർത്താവായ യേശുവിനെ എന്നപോലെ പിതാവായ ദൈവത്തെയും ഈ ശബ്ദം കൊണ്ട് പരാമർശിക്കുന്നു.അതിൽ അനൗചിത്യമൊന്നുമില്ല. ദൈവദൂതന്മാരെയും മനുഷ്യരിൽ തന്നെ ശക്തിയുള്ളവരെയും ഈ ശബ്ദംകൊണ്ട് വ്യവഹരിച്ചിട്ടുണ്ട്.
ആവ 10:17-ൽ ഏലോഹിം എന്ന പദം സർവ്വശക്തനായ യഹോവയാം ദൈവത്തെയും മറ്റുദൈവങ്ങളെയും സംബന്ധിച്ചു പ്രയോഗിച്ചിരിക്കുന്നു. 'നിങ്ങളുടെ ദൈവമായ (ഏലോഹിം) യഹോവദേവാധിദൈവം' (ദൈവങ്ങളുടെ [ഏലോഹിം] ദൈവം [ഏലോഹിം]). ഏലോഹിം എന്ന പദം രൂപംകൊണ്ട് ബഹുവചനമാണെങ്കിലും ഏകവചനാർത്ഥത്തിലും അതിനു പ്രയോഗമുണ്ട്. ഉല്പ 32:30ലുംന്യായാ 13:22 ലും ദൈവത്തിന്റെ സന്ദേശവാഹകൻ എന്ന നിലയിൽ ഒരു ദൂതനെ (ഒറ്റ വ്യക്തി) ഏലോഹീം എന്നു വിളിച്ചിരിക്കുന്നു. പുറ 7:1ൽ മോശയെ ഏലോഹിം എന്നു വിളിച്ചിരിക്കുന്നു. പഴയനിയമ എഴുത്തുകാർ ഏലോഹിം എന്ന ബഹുവചനരൂപത്തോട് ഏകവചനത്തിലുള്ള ക്രിയയും വിശേഷണവും ചേർക്കുന്നു.
മിസ്രയീമിലെ സകലദേവന്മാരിലും ഞാൻ ന്യായവിധിനടത്തും എന്ന വാക്യത്തിൽ (പുറ 12:12) ദേവന്മാർ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഏലോഹിം എന്ന പദമാണു. സന്ദർഭത്തിൽ പ്രഭുക്കന്മാർ എന്നർത്ഥം. പുറ 21:6,22:8,9,28 ഈ വാക്യങ്ങളിൽ ദൈവസന്നിധിയിൽ എന്നത് ന്യായാധിപ സന്നിധിയില്‍ എന്നു പരിഭാഷപ്പെടുത്തേണ്ടതാണു. ഏലോഹീം എന്നതാണു മൂലപദം. ന്യായാധിപന്മാരും ഏലോഹിം ആണു. കാരണം മോശയാൽ നിയമിതരായ ഈ ന്യായാധിപന്മാർ ഔദ്യോഗികസ്ഥാനം നിമിത്തം ശക്തിയുള്ളവരായിരുന്നു. പഴയ നിയമത്തിൽ ഉല്പ 3:5ലും വേറെ ഏകദേശം 200 സന്ദർഭങ്ങളിലും ആത്മജീവികൾ എന്ന നിലയിൽ ദൈവദൂതന്മാരെ ഏലോഹിം എന്നു വിശേഷിപ്പിച്ചിരിക്കുന്നു.
ഏലോഹിം (ദൈവം) എന്ന പദത്തിന്റെ വ്യത്യസ്താർത്ഥത്തിലുള്ള പ്രയോഗത്തിനു പ്രകടമായ തെളിവാണു സങ്കീ 82:1- 'ദൈവം (ഏലോഹിം) ദേവന്മാരുടെ(ഏൽ) സഭയിൽ നിൽക്കുന്നു; അവൻദേവന്മാരുടെ [ഏലോഹിം] ഇടയിൽ ന്യായം വിധിക്കുന്നു. ഇവിടെ ദൈവം(ഏലോഹിം) എന്ന ആദ്യപദം വ്യക്തമായും സർവ്വശക്തനായ യഹോവയെക്കുറിക്കുന്നു. പിന്നീടു വരുന്നഏൽ,ഏലോഹിം(ദേവന്മാർ) ഈ പദങ്ങൾ ശക്തിയുള്ള മറ്റു വ്യക്തികളെ സംബന്ധിച്ചാണു. പ്രകൃതത്തിൽ ക്രിസ്തു ശിരസ്സായിരിക്കുന്ന സവിശേഷയുഗസഭയുടെ അംഗങ്ങളായ ദൈവമക്കളെയാണു അവ പരാമർശിക്കുന്നത്. 'നിങ്ങൾ ദേവന്മാരാകുന്നു (ഏലോഹിം) എന്നും നിങ്ങൾ എല്ലാവരും അത്യുന്നതന്റെ (ഏൽയോൻ) പുത്രന്മാരെന്നു ഞാൻ പറഞ്ഞു' എന്നത് അവരെപ്പറ്റിയാണു.
ശക്തരായ മറ്റാരെയും അപേക്ഷിച്ച് സർവ്വശക്തനാണു സ്വർഗ്ഗസ്ഥപിതാവ്. എല്ലാവരിലും ഉന്നതനായ പരമദൈവമാണവൻ. മറ്റുള്ളവർക്ക് ഔന്നത്യവും അസ്തിത്വവും ഉൾപ്പെടെ എല്ലാം അവനിൽ നിന്നുപ്രാപിച്ചതു മാത്രം. 'നിങ്ങൾ എന്നെ നല്ലവനെന്നു വിളിക്കുന്നതെന്ത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല' (മർക്കോ 10:18) എന്ന യേശുവിന്റെ വാക്കുകൾ ഈ അർത്ഥത്തിലാണു. എല്ലാ നന്മയുടെയും പ്രഭവസ്ഥാനം യഹോവ മാത്രമാണെന്നും തന്നിൽ ഏതെങ്കിലും നന്മ കാണുപ്പെടുന്ന പക്ഷം (അവൻസമ്പൂർണ്ണമായും നന്മയുടെ മൂർത്തീഭാവമായിരുന്നു)അതു സൃഷ്ടാവായ പിതാവിങ്കൽ നിന്നാണെന്നും യേശു ഊന്നിപ്പറയുന്നു.
(തുടരും)
ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു ഈ വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു.