Tuesday, March 15, 2011

ദൈവം ഏകനോ ത്രിയേകനോ? ഒന്നാം ഭാഗം

"പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടെന്ന് പറയുന്നുവല്ലോ. എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നു വരികിലും പിതാവായ ഏകദൈവമേ നമുക്കുള്ളു. അവൻ സകലത്തിനും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതുമാകുന്നു.യേശുകൃസ്തു എന്ന ഏക കർത്താവും നമുക്കുണ്ട്. അവൻ മുഖാന്തിരം സകലവും അവൻ മുഖാന്തിരം നാമും ആകുന്നു." (1 കൊരിന്ത്യർ 8:5,6)

പൗലോസ് അപ്പോസ്തലൻ ഇവിടെ വിഷയം വളരെ തെളിവായി പ്രതിപാദിക്കുന്നു. സകലത്തിനും കാരണഭൂതൻ പിതാവാം യഹോവയാണു. അവനാണു സർവ്വത്തിന്റെയും ആദികാരണം. കൂടാതെ എല്ലാം നമ്മുടെ കർത്താവായ യേശു മുഖേനയോ അവനിൽ കൂടെയോ ആകുന്നു. 'ദൈവസൃഷ്ടിയുടെ ആരംഭമായ (വെളി. 3.14) യേശു മുഖേനയാണു അവന്റെ സൃഷ്ടിക്കു ശേഷമുള്ള എല്ലാ പ്രവർത്തനങ്ങളും നിർവ്വഹിക്കപ്പെട്ടിട്ടുള്ളത്.' എല്ലാം അവനാൽ ഉളവാക്കപ്പെട്ടു; ഉളവായതൊന്നും അവനെക്കൂടാതെ ഉളവായതല്ല' (യോഹ.1:3) 'അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനുമാകുന്നു. സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതുമായി സകലവും അവനാലും അവനായും സൃഷ്ടിക്കപ്പെട്ടു. അവൻ സകലത്തിനും മുമ്പെയുള്ളവൻ; അവൻ സകലത്തിനും ആധാരമായിരിക്കുന്നു' (കൊലൊ 1:15-17). 'എല്ലാവർക്കും ദൈവവും പിതാവുമായി എല്ലാവർക്കും മീതെയുള്ളവൻ ഒരുവൻ (എഫെ 4:6)

യേശുവിന്റെ സാക്ഷ്യവും ഇതിനൊടൊക്കുന്നു. താൻ പിതാവല്ല, സ്വഹിതം അവഗണിച്ചു പിതൃഹിതം ശിരസ്സാവഹിക്കുന്ന അവന്റെ അനുസരണമുള്ള പുത്രനാണെന്ന് അവൻ അവകാശപ്പെട്ടു (യോഹ9:35-37;10:36-38). 'എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യുന്നതും അവന്റെ പ്രവൃത്തി പൂർത്തീകരിക്കുന്നതുമാണു എന്റെ ആഹാരം' എന്നവൻ പറഞ്ഞു (യോഹ 5:19,30;6:38;4:34). ഞാനും പിതാവും ഒന്നാണു എന്നവൻ പറഞ്ഞിട്ടുണ്ട് എന്നതു ശരി തന്നെ. എന്നാൽ ഏതർത്ഥത്തിലാണു അവർ ഒന്നായിരിക്കുന്നത് എന്ന് അതേ അർത്ഥത്തിൽ അവന്റെ ശിഷ്യന്മാരും ഒന്നായിരിക്കണമെന്ന പ്രാർത്ഥനയിൽ അവൻ വ്യക്തമാക്കിയിരിക്കുന്നു(യോഹ 10:30;17:11). ഒരേ മനസ്സും ഹൃദയവും ലക്ഷ്യവും ഉണ്ടായിരിക്കുന്നതിലാണു ഐക്യം. ഹൃദയങ്ങൾ ഒന്നാകുക വഴി ഭാര്യാഭർത്താക്കന്മാർക്കുണ്ടാകുന്ന അദ്വൈതാവസ്ഥയ്ക്കു തുല്യമാണിത്. അങ്ങനെ ഇണകൾ ഒന്നായിത്തീരുന്നു എന്നാൽ ഒരേ വ്യക്തിയാകുന്നില്ല.

കർത്താവു തന്നെ നേരിട്ടു പഠിപ്പിച്ചിട്ടുള്ളതിനു നേർവിരുദ്ധമായി പിതാവും പുത്രനും സർവ്വപ്രകാരേണയും തുല്യതയുള്ള ഒരേ വ്യക്തിയാണു എന്നു സിദ്ധാന്തിക്കുക വഴി തങ്ങൾ ഗുരുവിനെ അത്യന്തം ബഹുമാനിക്കുകയാണെന്ന് ചിലർ വിചാരിക്കുന്നതു പോലെ തോന്നുന്നു. എന്നാൽ യേശു പറയുന്നു; എന്റെ പിതാവ് എന്നേക്കാൾ വലിയവൻ (യോഹ 14:28) പൗലൊസ് അപ്പോസ്തലൻ പറയുന്നു: ക്രിസ്തുവിന്റെ തല ദൈവം (1 കൊരി 11:3), പുത്രൻ എപ്പോഴും പിതാവിനു കീഴ്പ്പെട്ടിരിക്കും (1 കൊരി 15:28). പിതാവിന്റെ പരമാധികാരത്തിനു എതിരില്ലാത്ത തെളിവാണു ഫിലി 2:6-'അവൻ ദൈവരൂപത്തിൽ ആയിരുന്നിട്ടും ദൈവത്തോടുള്ള സമത്വത്തിൽ കണ്ണൂവെച്ചില്ല' യേശു ദൈവത്തോടു സമൻ എന്ന് അവകാശപ്പെടുകയോ ദൈവത്തിന്റെ അധികാരം കവർന്നെടുക്കാൻ വഴി തേടുകയോ ചെയ്തില്ല എന്നു സാരം. വഴിക്കുള്ള അതിമോഹവും അവകാശവാദവും കരുനീക്കവും സാത്താന്റെ ഭാഗത്തുനിന്നാണുണ്ടായിട്ടുള്ളത് (യെശ 14:12-14) 'ഞാൻ സ്വർഗ്ഗത്തിൽ കയറും; ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ ഞാൻ എന്റെ സിംഹാസനം വെയ്ക്കും... ഞാൻ അത്യുന്നതനോടു സമനാകും' എന്ന് അവൻ പറഞ്ഞു.

യേശു പറഞ്ഞു: ' നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നതു ശരി' (യോഹ 13:13). ഭൂമിയിൽ ആരെയും പിതാവെന്നു വിളിക്കരുത്; നിങ്ങൾക്ക് ഒരുവനല്ലോ പിതാവ്, സ്വർഗ്ഗസ്ഥൻ തന്നെ'(മത്താ 23:9) എന്നും അവൻ പറയുന്നു. പുനരുത്ഥാനോനന്തരവും അവൻ ദൈവത്തെ അവന്റെ പിതാവും നമ്മുടെ പിതാവുമെന്നു വിശേഷിപ്പിച്ചു. 'എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു'(യോഹ 20:17). നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവനാണു ക്രിസ്തുവിലൂടെ നമ്മെ ജനിപ്പിച്ചത് (1 പത്രൊ 1:3-5)


നിത്യനായ ദൈവവും പിതാവുമായവൻ ഒരുവനേയുള്ളുവെന്ന് വേദം വ്യക്തമായി പഠിപ്പിക്കുന്നു. അവൻ അനാദ്യനന്തനാണു ( സങ്കീ 41:13;90:2;106:48, റോമ 16:24,26). പിതാവിൽ നിന്നു ഏകജാതനായവനും ഒരുവൻ മാത്രം (യോഹ 1:18;3:16) ദൈവസൃഷ്ടിയുടെ ആരംഭവും (വെളി 3:14) ദൈവത്തിന്റെ ആദ്യജാതനുമാണവൻ (സങ്കീ 2:7;89:27;കൊലൊ1:15). അവൻ ജഡമായിത്തിർന്നു(യോഹ 1:14; റോമ 1:5) അവൻ ക്രൂശിലെ മരണത്തോളം അനുസരണമുള്ളവനായിത്തീർന്നതു കൊണ്ട് ദൈവം അവനെ ഏറ്റവും ഉയർത്തി സകലനാമത്തിലും മേലായ നാമം നൽകി (ഫിലി 2:8,9). പിതാവ് ജീവദാതാവും പുത്രൻ ജീവൻ സ്വീകരിക്കുന്നവനുമാണെന്ന വസ്തുത വിസ്മരിക്കരുത്. പിതാവെന്ന നിലയിൽ യഹോവ തന്റെഏകജാതനായ പുത്രനു ജീവദാതാവായിത്തീർന്നു. യേശു പുത്രനെന്ന നിലയിൽ പിതാവിൽ നിന്ന് ജീവൻ പ്രാപിച്ചു.

(തുടരും)

ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു.

No comments: