പ്രോട്ടസ്റ്റന്റുകാരുടെ മറുപടി
കഴിഞ്ഞ കാലങ്ങളിൽ പലരും പ്രോട്ടസ്റ്റ്ന്റുകാരുടെ ഹൃദയവിശാലതയിലും വിജ്ഞാനശേഷിയിലും വിദ്യാസമ്പത്തിലും തെല്ലൊന്നഭിമാനം കൊണ്ടിരുന്നു. ഈ നിലയ്ക്ക് പ്രോട്ടസ്റ്റ്ന്റുകാരിൽ നിന്നു നമ്മുടെ ചോദ്യത്തിനു വ്യക്തവും യുക്തിയുക്തവും തൃപ്തികരവുമായ ഒരുത്തരം ന്യായമായി പ്രതീക്ഷിക്കരുതോ? മറ്റെല്ലാ മറുപടികളും അതൃപ്തികരമെന്നു കണ്ട് കൊണ്ട് സർവ്വപ്രകാരേണയും ഉയർന്ന തോതിലുള്ള സമുന്നതാനുകൂല്യങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ വർഗ്ഗത്തിന്റെ പന്ത്രണ്ടിൽ ഒരു ഭാഗം വരുന്ന ജനതയെ നാം സമീപിച്ചിരിക്കെ അവരുടെ ഉത്തരത്തിൽ എല്ലാ മാർഗ്ഗത്തൂടെയും എല്ലാകാലഘട്ടങ്ങളിൽ നിന്നുമുള്ള ജ്ഞാനത്തിന്റെയും തെളിവുകളുടെയും സത്തായ സാരാംശം നമുക്ക്പ്രതീക്ഷിക്കാവുന്നതാണു. എന്നാൽ പ്രിയ സുഹൃത്തുക്കളെ നാമെന്താണു കാണുന്നത്? ലജ്ജാപൂർവ്വം ഞങ്ങൾ പറയുകയാണു, അതിനു നേർ വിപരീതമാണു നാം കാണുന്നത്.
അംഗസംഖ്യയിൽ അഗണ്യമായ വകുപ്പുകളെ ഒഴിച്ചാൽ പൊതുവിൽ പ്രോട്ടസ്റ്റന്റുകാരുടെ സ്വരത്തിൽ നാം കേൾക്കുന്നത് സങ്കല്പിക്കാവുന്നതിൽ വച്ച് പരമാബ്ദ്ധമായ ഉത്തരമാണു. കത്തോലിക്കർക്കും ജാതികൾക്കും അനീശ്വരവാദികൾക്കും ഒരുപോലെ അവഹേളനാർഹമായ ഒന്നാണു ഈ ഉത്തരം. ഇതുവിസ്മയാവഹമായിരിക്കുന്നില്ലേ? അങ്ങനെ സംഭവിക്കാവുന്നതാണോ? സുഹൃത്തിന്റെ ശാസനകൾ ഗുണകാംക്ഷയിൽ നിന്നാണു. പ്രോട്ടസ്റ്റ്ന്റുകാർ എന്ന അവസ്ഥയിലുള്ള നിലപാടിന്റെ ബലഹീനത ഞങ്ങൾ വെളിപ്പെടുത്തുമ്പോൾ അതിങ്കൽ അക്ഷമരാകരുത്. ആർക്കും അവജ്ഞയോ അസ്വാസ്ഥ്യമോ ജനിപ്പിക്കുന്നതിനല്ല ഇതു ഞങ്ങൾ പറയുന്നത്. പ്രത്യുത ഈ വിഷയം സംബന്ധിച്ച് നമ്മുടെ അഭിജ്ഞമായ പരിശോധന നമ്മുടെ നന്മയ്ക്കുതകുകയും യാഥാർത്ഥ്യം ഗ്രഹിച്ച് ജനങ്ങളുടെ മുമ്പാകെ സത്യത്തിന്റെ ദിവ്യപതാക ഉയർത്തുന്നതിനു പ്രാപ്തരാക്കുകയും ചെയ്യുമെന്ന ചിന്തയോടെയാണു. അതിന്റെ ഫലമോ നാമും മറ്റെല്ലാവരും നമ്മുടെ സൃഷ്ടാവിന്റെ സ്വഭാവം, നിർണ്ണയങ്ങൾ, ഭാവിയിൽ വർഗ്ഗത്തോടുള്ള അവന്റെ പ്രവർത്തനം ഇവ സംബന്ധിച്ച് കൂടുതൽ തെളിവായ കാഴ്ചപ്പാടുള്ളവരാകുക എന്നതുമാണു.
വേദനിക്കുന്ന ഈ ഭാഗം ആവതും മൃദുവായി സ്പർശിക്കട്ടെ. കെട്ടഴിക്കയും വ്രണം ശുചിയാക്കുകയും ചെയ്യുന്നത് വേദനാജനകമാണു. എങ്കിലും സഹായകമത്രെ. ബുദ്ധിയും ഉദ്ദേശശുദ്ധിയുമുണ്ടായിരുന്ന കത്തോലിക്കരായിരുന്നു നമ്മുടെ പൂർവ്വികന്മാർ. അവർ പരിചയിച്ചു വന്ന കത്തോലിക്കാമതസിദ്ധാന്തങ്ങളിൽ വൈരുദ്ധ്യങ്ങളും വേദവൈപരീത്യങ്ങളും കണ്ടുപിടിച്ചതിൽ നിന്നാണു പ്രോട്ടസ്റ്റ്ന്റുകാർ (പ്രതിഷേധിക്കുന്നവർ) എന്ന പേരുണ്ടായത്. അവർ ഇവയെ പ്രതിഷേധിച്ചു. തന്മൂലം പ്രതിഷേധിക്കുന്നവർ എന്നർത്ഥമായ പ്രോട്ടസ്റ്റന്റുകാർ എന്ന പേർ ലഭിച്ചു. അവർ അവരുടെ എതിരാളികളോട് ചെയ്തതോ എതിരാളികൾ അവരോട് പ്രവർത്തിച്ചതോ മുഴുവനായി ന്യായീകരിക്കാൻ നമുക്ക് സാദ്ധ്യമല്ല.
പ്രോട്ടസ്റ്റന്റുകാർ ശുദ്ധീകരണസ്ഥലത്തെ നിഷേധിക്കുന്നു.
പ്രോട്ടസ്റ്റന്റുകാരുടെ പൂർവ്വികന്മാരുടെ പ്രതിഷേധ വിഷയങ്ങളിൽ ഒന്ന് ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് തിരുവെഴുത്തിൽ ഒരിടത്തും ഏതെങ്കിലും സൂചനയോ പ്രസ്താവനയോ കാണാൻ കഴിയുന്നില്ലെന്നുള്ളതായിരുന്നു. നമുക്ക് നിശ്ചയമായും വിസ്മയാവഹമായി തോന്നുന്ന വിധം ലാഘവത്തോടെ ശുദ്ധീകരണസ്ഥലം സംബന്ധിച്ച തങ്ങളുടെ വിശ്വാസ സംഹിതകൾ ഒന്നാകെ സമാഹരിച്ചു ദൂരത്തെറിയണമെന്ന് അവർ തിരുമാനിച്ചു. ഇങ്ങനെ സ്വർഗ്ഗ നരകങ്ങൾ മാത്രം ബാക്കിയായി. വർഗ്ഗത്തിലെ ഒരോ വ്യക്തിയും മരണവേളയിൽ അവയിൽ ഒന്നിൽ പ്രവേശിക്കുകയും നിത്യത അവിടെ ചെലവഴിക്കയും ചെയ്യുമെന്ന് അവർ സിദ്ധാന്തിച്ചു. തങ്ങൾ അഭിമുഖീകരിക്കാൻ പോകുന്ന വൈഷ്യമങ്ങളെ ധരിക്കാതിരുന്ന ആ പൂർവ്വികന്മാർ ഉദ്ദേശശുദ്ധിയുള്ളവരെങ്കിലും വ്യക്തമായും നമ്മുടെ പ്രതീക്ഷയോളം നിപുണബുദ്ധികളും ദീർഘദൃഷ്ടിയോ യുക്തി ബോധമോ ഉള്ളവരും ആയിരുന്നില്ല. ഒരുവേള തങ്ങളുടെ നിലപാടിന്റെ വിഷമസ്ഥിതി കുറെയെല്ലാം അവർ കണ്ടിരുന്നതായി കരുതുന്നതാകം കൂടുതൽ ശരി. എന്നാൽ നമ്മുടെതിൽ നിന്നും ഭിന്നമായ ഒരു വീക്ഷണഗതിയിലൂടെയാണു അവർ വസ്തുതകൾ നിരീക്ഷിച്ചത്. കാൽവിന്റെയും, നോക്സിന്റെയും സിദ്ധാന്തങ്ങൾക്കായിരുന്നു അന്നു പ്രോട്ടസ്റ്റ്ന്റുകാരുടെ ഇടയിൽ പ്രാബല്യം. ഈ സിദ്ധാന്തം തങ്ങളാണു ദൈവത്തിന്റെ തിരഞ്ഞെടുപ്പുഗണമെന്നും സ്വർഗ്ഗാവകാശികളാകുന്ന ചെറിയ ആട്ടിൻ കൂട്ടമെന്നും മനുഷ്യരാശിയിൽ ശേഷിക്കുന്നവരാകെ നരകയാതനയ്ക്ക് വിധേയരാകുമെന്നും ഉള്ള വിശ്വാസത്തിലേക്ക് ഒരോ വിഭാഗത്തെയും നയിച്ചു.
ഇപ്പോൾ കൂടുതൽ വെളിച്ചം.
"ദൈവമേ, എന്നെയും എന്റെ ഭാര്യയേയും എന്റെ മകൻ ജോണിനെയും അവന്റെ ഭാര്യയേയും, മറ്റാരെയും വേണ്ട ഞങ്ങളെ നാൽവരെ മാത്രം അനുഗ്രഹിക്കേണമേ " എന്ന മട്ടിൽ കത്തോലിക്കരോ പ്രോട്ടസ്റ്റ്ന്റുകാരോ ഇനിമേൽ പ്രാർത്ഥിക്കയില്ല. കത്തോലിക്കരാകട്ടെ പ്രോട്ടസ്റ്റ്ന്റുകാരാകട്ടെ ഇരുകൂട്ടർക്കും അന്ധകാരയുഗമെന്നു നാം സാധാരണ വ്യവഹരിക്കുന്ന കാലഘട്ടത്തിലേയ്ക്ക് പിന്തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ പൂർവ്വികരെ അപേക്ഷിച്ചു യുക്തിയുക്തമായി ചിന്തിക്കാൻ പ്രാപ്തരാകത്തക്കവണ്ണം നമ്മുടെ ജ്ഞാനദൃഷ്ടികളെ അഭിഷേകം ചെയ്തതിനാൽ ദൈവത്തോട് കൃതജ്ഞരായിരിക്കാൻ വകയുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മുൻ നിർണ്ണയോപദേശത്തിൻ കീഴ് അഭ്യസിപ്പിക്കപ്പെട്ടവരായ നാം, ജാതികൾ തിരസ്ക്കരിക്കപ്പെട്ടത്, അവരുടെ നാശത്തിനായാണെന്ന ആശയം അംഗീകരിക്കുന്നില്ല. വെസ്റ്റ്മിനിസ്റ്റിരിൽ വെച്ചുണ്ടായ വിശ്വാസസ്വീകരണം അംഗീകരിക്കുന്നവർ മിഷ്യനറി പ്രയത്നങ്ങൾ വഴി ജാതികളുടെ ഇടയിൽ സുവിശേഷം ഘോഷിക്കുന്നതിൽ ഇന്നു വളരെ തീഷ്ണത കാണിക്കുന്നു. ഇതിൽ ഞങ്ങൾ സന്തോഷിക്കുന്നു. നമ്മുടെ ബുദ്ധി ഹൃദയവുമായി ഇനിയും വേണ്ടത്ര പൊരുത്തപ്പെട്ടിട്ടില്ലെങ്കിലും നമ്മുടെ ഹൃദയം കൂടുതൽ സത്യതല്പ്പരവും ശ്രേഷ്ഠവുമായിട്ടുണ്ടെന്നുള്ളതിനു ഇത് ഒരടയാളമാണു. ഇപ്പോഴും നാം വക്രസ്വഭാവമുള്ള ഉപദേശങ്ങളിൽ തല്പരരായിരിക്കയും അവ ചൊവ്വുള്ളവയെന്ന് സങ്കല്പ്പിക്കുവാൻ യത്നിക്കയും ചെയ്യുന്നു.
സിദ്ധാന്തപരമായ പ്രോട്ടസ്റ്റ്ന്റുപദേശം വേദപുസ്തകത്തിനും കത്തോലിക്കാ വിശ്വാസത്തിനും ചേർച്ചയായിരിക്കയും സ്വർഗ്ഗം പരിപൂർണ്ണതയുടെ സ്ഥാനമാണു, അവിടെ പ്രവേശിക്കുന്നവർക്ക് യതൊരു അവസ്ഥാന്തരവും സംഭവിച്ചു കൂടാ, തന്മൂലം സ്വർഗ്ഗീയ ഭവനത്തിലേയ്ക്കുള്ള പ്രവേശനത്തിനു മുൻപായി എല്ലാ പരിശോധനകളും നിർമ്മലീകരണവും ചെത്തി രൂപപ്പെടുത്തലും മിനുക്കുവേലകളും പൂർത്തീകരിച്ചിരിക്കണം എന്നെല്ലാം പ്രഖ്യാപിക്കയും ചെയ്യുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ ഇപ്പോൾ യേശുവിന്റെ കാൽചുവടുകളിൽ നടക്കുന്നഹൃദയ ശുദ്ധിയുള്ളവരും ജേതാക്കളുമായ തിരഞ്ഞെടുപ്പുഗണം മാത്രമേ അവിടെ പ്രവേശിക്കു എന്നതിനോട് ഞങ്ങൾ യോജിക്കുന്നു, എന്നാല്‍ മനുഷ്യ വർഗ്ഗത്തിൽ ശേഷിക്കുന്നവരുടെ സ്ഥിതി എന്ത്? അതെ, അവിടെയാണു ബുദ്ധിമുട്ട്. തിരഞ്ഞെടുപ്പുഗണമൊഴികെയുള്ള എല്ലാവരെയും നിത്യദണ്ഡനത്തിനു വിട്ടുകൊടുക്കുവാൻ, നമ്മുടെ വിശ്വാസപ്രമാണങ്ങൾ അംഗീകരിക്കുന്ന വാദഗതി അതാണെങ്കിലും നമ്മുടെ ഹൃദയവിശാലത സന്നദ്ധമല്ല. ഇന്നത്തെ മാനവരാശിയിൽ മുക്കാൽ ഭാഗവും ദൈവത്തേയും രക്ഷാവ്യവസ്ഥകളെയും കുറിച്ച് ഒരിക്കലും കേട്ടിട്ടില്ലാത്ത ജാതികളാണെന്നു പ്രസ്താവിച്ചു കൊണ്ട് നമ്മുടെ ഹൃദയം അതിനെ പ്രതിഷേധിക്കുന്നു.
സജ്ജനങ്ങൾ പരിഭ്രാന്തരാകുന്നു.
നമ്മുടെ വിശ്വാസപ്രമാണങ്ങൾ നമ്മെ പരിഭ്രാന്തരാക്കുന്നു. എന്തെന്നാൽ ഈ നിർഭാഗ്യസൃഷ്ടികൾ നിത്യനരകത്തിലേയ്ക്ക് പോകുന്നു എന്നു വിശ്വസിക്കാൻ നമുക്ക് മനസ്സു വരുന്നില്ല. എന്നാൽ അവർ സ്വർഗ്ഗത്തിനു യോഗ്യരാണെന്ന് പറയാൻ നമ്മുടെ ന്യായബോധം അനുവദിക്കുന്നില്ല. സ്വർഗ്ഗത്തിലെ നിവാസികളിൽ മുക്കാൽ പങ്കാളുകളും യാതൊരർത്ഥത്തിലും വീണ്ടും ജനനമുണ്ടാകാത്തവരാണെന്നു വിശ്വസിയ്ക്കുന്നത് തീർച്ചയായും തിരുവെഴുത്തുകൾക്ക് മാത്രമല്ല യുക്തിക്കും എതിരാണു. ശുദ്ധീകരണ സ്ഥലത്തെ സംബന്ധിച്ച ഉപദേശം ഉപേക്ഷിക്കയും ആ വിശ്വാസ സംവിധാനത്തിന്റെ പരിശിഷ്ടം വച്ചുപുലർത്തുകയും ചെയ്തതിൽ നമ്മുടെ പൂർവ്വന്മാർ നമ്മെ സംബന്ധിച്ചിടത്തോളം വസ്തുതകൾ വഷളാക്കുകയാണു ചെയ്തത്. ശുദ്ധീകരണസ്ഥലത്തെ തിരുവചന വിരുദ്ധമെന്ന് നാം നിഷേധിക്കുന്ന പക്ഷം ഭൂഗോത്രങ്ങളുടെയാകെ നിത്യദണ്ഡനത്തെ വേദവിപരീതമെന്ന നിലയിൽ നാം പ്രതിഷേധിക്കേണ്ടതല്ലെ ? പ്രത്യേകിച്ചും ക്രിസ്തു മുഖാന്തിരം "ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും" സത്യം സംബന്ധിച്ച പരിജ്ഞാനത്താലും ദൈവവുമായി ഹൃദയപൂർവ്വമായ നിരപ്പും ക്രിസ്തു മുഖാന്തിരം നിത്യജീവനും പ്രാപിക്കാനുള്ള അവസരം കൊണ്ടും അനുഗ്രഹീതരാകും - എന്ന് വേദപുസ്തകം പ്രസ്താവിക്കുന്ന സ്ഥിതിയ്ക്ക് അത്യാവശ്യമാണു. നിത്യദണ്ഡനോപദേശത്തിന്റെ യുക്തിശൂന്യത ഊന്നിപ്പറയേണ്ടതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. എങ്ങനെയായാലും ഈ വിഷയം സംബന്ധിച്ചു പ്രധാന പ്രോട്ടസ്റ്റന്റു സിദ്ധാന്തങ്ങൾ ഞങ്ങൾ ഇവിടെ വ്യക്തമാക്കാം.
1. ദൈവത്തിന്റെ ജ്ഞാനശക്തികൾ മനുഷ്യന്റെ വീഴ്ച്ചയെ മുന്നറികയും വർഗ്ഗത്തിന്റെ ദണ്ഡനത്തിനായി നരകമെന്നൊരു മഹാതാവളം തീർത്ത് അഗ്നിപീഡയ്ക്കതീതരായ ദുരാത്മാക്കളെ പാളയമിടുകയും ചെയ്ത് കൊണ്ട് തിരഞ്ഞെടുപ്പു ഗണമൊഴികെയുള്ള മനുഷ്യരാശിക്കായി ഒരു പദ്ധതി മുന്നൊരുക്കി എന്നാണു കാൽവിൻ ചിന്താഗതി. ഈ പരിഗണനയിൽ സ്നേഹവും നീതിയും പുറംതള്ളപ്പെട്ടിരിക്കുന്നു.
2. ഒരുവേള ഭൂരിപക്ഷം പേരും ഇന്നു അംഗീകരിച്ചിരിക്കുന്നതും അർമ്മീനിയൻ തത്വമനുസരിച്ചുള്ളതുമായ മറ്റേ മുഖ്യ പ്രോട്ടസ്റ്റന്റ് സിദ്ധാന്തമനുസരിച്ച് ജ്ഞാനശക്തികളെ ഒഴിച്ച് നിർത്തിക്കൊണ്ട് ദൈവത്തിന്റെ സ്നേഹം, നീതി ഇവ ലോക സൃഷ്ടി നടത്തുകയും ദണ്ഡന വ്യവസ്ഥ ഏർപ്പെടുത്തുകയും ചെയ്തു. തന്മൂലം തന്റെ സൃഷ്ടികളോടു നീതിപൂർവ്വവും സ്നേഹപൂർവ്വവും പെരുമാറാനുള്ള ശ്രമത്തിൽ ആവശ്യമായ സഹായം നൽകാനുള്ള ശക്തിയുടെ അഭാവം മൂലം ദൈവം ബുദ്ധിമുട്ടിലായി.
സുഹൃത്തുക്കളേ, ഈ വിഷയം സംബന്ധിച്ച പരിശോധനയിൽ നേരിട്ട വിഷമത മുഴുവനും ദൈവവചനം ആരായാതെ മനുഷ്യാഭിപ്രായങ്ങൾ മാത്രം അന്വേഷിച്ചതിന്റെ ഫലമാണു.
(തുടരും)
ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു ഈ വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു.