Wednesday, March 30, 2011

മരിച്ചവർ എവിടെ? നാലാം ഭാഗം

സത്യം കല്പിത കഥകളേക്കാൾ അവിശ്വസനീയം !

നമ്മുടെ സ്വർഗ്ഗീയ പിതാവിന്റെ വ്യക്തവും വിശദവും യുക്തിയുക്തവും നീതിപൂർവ്വവും വാൽസല്യ നിഷ്ഠവും ജ്ഞാനയുക്തവുമായ പരിപാടി നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ട് വരുമ്പോൾ അതു നിങ്ങളെ അത്ഭുതപരതന്ത്രരാക്കുമെന്ന് ഞങ്ങൾക്ക് നിശ്ചയമുണ്ട്. അതു ഇത്രകാലത്തോളം അവഗണിക്കപ്പെടുകയും അന്ധകാരയുഗങ്ങളിലെ മാനുഷിക പാരമ്പര്യങ്ങളുടെ ചവറ്റു കൂമ്പാരത്തിൽ കുഴിച്ച് മൂടപ്പെടുകയും ചെയ്തിരുന്നു. തന്മൂലം ഇന്നു സത്യം കല്പിതകഥയിലും പുത്തരിയായി തോന്നത്തക്കവണ്ണം ആയിരിക്കുന്നു. "ആകാശം ഭൂമിക്കു മീതേ ഉയർന്നിരിക്കുന്നതു പോലെ എന്റെവഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു" (യെശ 55:9) എന്നു കർത്താവ് പ്രവാചകൻ മുഖേന പ്രഖ്യാപിച്ചത് യുക്തമായിരിക്കുന്നു.

ദൈവം നമ്മേക്കാൾ ശ്രേഷ്ഠ്ൻ എന്നല്ലാതെ മറ്റെന്താണ് നമുക്ക് പ്രതീക്ഷിക്കാനുള്ളത്? "നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിപ്പിൻ " (മത്താ 5:44) എന്നും "നിന്റെ ശത്രുവിനു വിശക്കുന്നു എങ്കിൽ അവനു തിന്മാൻ കൊടുക്കുക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക" (റോമ 12:20) എന്നും കർത്താവ് പറയുന്നു. ദൈവം തന്റെ ശത്രുക്കളെ ദണ്ഡിപ്പിക്കും; അതും നിത്യമായി എന്നു വിശ്വസിക്കുന്നത് ഇതിന്റെ വെളിച്ചത്തിൽ എത്ര വിചിത്രമായിരിക്കുന്നു. അതുമാത്രമല്ല, വിശേഷാൽ അവന്റെ ശത്രുക്കളല്ലാത്ത, ഇപ്പോഴത്തെ പ്രതികൂല സാഹചര്യങ്ങളിൽ വിശ്വാസികളായിത്തീരാൻ കഴിയാതെ അറിയായ്മയില്പെട്ടവരും ജാതികളുമായ ഏവരെയും അവൻ ദണ്ഡിപ്പിക്കുമത്രെ!

ചിന്താക്കുഴപ്പത്തിൽ നിന്നു അടുക്കും ക്രമവും കണ്ടെത്താനും സ്രഷ്ടാവിനോടും നമ്മുടെ വർഗ്ഗത്തോടുള്ള അവന്റെ പെരുമാറ്റങ്ങളോടും യഥാർഹമായ ബഹുമാനം വീണ്ടെടുക്കാനും ഒരേ ഒരു വീക്ഷണകോണത്തിൽ നിന്നു മാത്രമേ കഴിയു. അതാണു നമുക്ക് വേദപുസ്തകത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള സത്യത്തിന്റേതായ വീക്ഷണകോണം.

തിരുവെഴുത്തുകൾ എന്തു പറയുന്നു.

മരണമെന്നാൽ അർത്ഥം മരണമെന്നല്ല, മരിക്കുക എന്നാൽ മരിക്കും മുൻപുള്ളതിലും കൂടുതൽ ജീവചൈതന്യം പ്രാപിക്കുകയാണു എന്ന സങ്കല്പത്തിൽ അടിസ്ഥാനപ്പെട്ടതാണു മേൽ പ്രസ്താവിച്ച എല്ലാ സിദ്ധാന്തങ്ങളും എന്നത് കുറിക്കൊള്ളുക. "നീ നിശ്ചയമായും മരിക്കും" എന്നു ഏദനിൽ വെച്ച് ആദിമ മാതാപിതാക്കന്മാരോട് പ്രസ്താവിച്ചത് ദൈവമായിരുന്നു. "നിങ്ങൾ നിശ്ചയമായും മരിക്കയില്ല എന്നു പ്രസ്താവിച്ചതാകട്ടെ സാത്താനായിരുന്നു. ക്രിസ്ത്യാനികളെന്നവണ്ണം ജാതികളും സാത്താന്യ വ്യാജപ്രസ്താവന വിശ്വസിക്കുകയും ദൈവം അരുളിച്ചെയ്ത സത്യം പരിത്യജിക്കയും ചെയ്തിരിക്കുന്നു എന്നു കാണുക. "നിങ്ങൾ നിശ്ചയമായും മരിക്കയില്ല" എന്ന സർപ്പത്തിന്റെ പ്രസ്താവനയോടല്ലേ അവരെല്ലാം യോജിക്കുന്നത്? മരിച്ചവർ ജീവിച്ചിരിക്കുകയാണു- മരണത്തിനു മുമ്പിരുന്നതിലും അത്യധികം സജീവരായിരിക്കുന്നു- എന്നു അവരെല്ലാം അവകാശപ്പെടുകയല്ലേ? സുഹൃത്തുക്കളേ ഇവിടെയാണു നാമെല്ലാം ഒരു പോലെ തെറ്റുന്നത്. " അവൻ സത്യത്തിൽ വസിച്ചില്ല" എന്നും ഭോഷ്ക്കുകളുടെ പിതാവാണു എന്നും (യോഹ 8:44) കർത്താവ് ആരെ സംബന്ധിച്ച് പറഞ്ഞുവോ ആ അബദ്ധോപദേഷ്ടാവിനെ നാം അനുഗമിച്ചിരിക്കുന്നു.

നൂറ്റാണ്ടുകളായി ജാതികളുടെ ഇടയിൽ പ്രാബല്യം നേടിയിരുന്നെങ്കിലും അന്ധകാരയുഗത്തിലാണു ഈ മിഥ്യാസിദ്ധാന്തങ്ങൾക്ക് ക്രിസ്തു സഭയിൽ പ്രാമാണ്യം സിദ്ധിച്ചത്. ആ ഇരുൾ വരുത്തിക്കൂട്ടുന്നതിൽ ഈ ഉപദേശത്തിനു ഗണ്യമായ പങ്കുണ്ടായിരുന്നു. നമ്മുടെ പൂർവ്വികന്മാർ "നീ നിശ്ചയമായും മരിക്കും" എന്ന ദിവ്യസൂക്തം വിശ്വസിച്ചിരുന്നെങ്കിൽ മരിച്ചവർക്കായുള്ള പ്രാർത്ഥന, അവരുടെ പാപശാന്തിക്കായുള്ള ദിവ്യബലികൾ അവരുടെ ദണ്ഡനത്തെ സംബന്ധിച്ച ഭയാനക ചിന്തകൾ ഇവയ്ക്കൊന്നും അവസരമുണ്ടാകുമായിരുന്നില്ല. "മരിച്ചവർ ഒന്നും അറിയുന്നില്ല" (സഭാ 9:5) "തന്റെ പുത്രന്മാർക്ക് ബഹുമാനം ലഭിക്കുന്നത് അവൻ അറിയുന്നില്ല; അവർക്ക് താഴ്ച്ച ഭവിക്കുന്നത് അവൻ ഗ്രഹിക്കുന്നതുമില്ല" (യോബ് 14:21) എന്നതിനോടും വേദം ആദ്യവസാനം യോജിക്കുന്നു.

മരിച്ചവരുടെ സ്ഥിതി

മരിച്ചവർ എവിടെ എന്നും അവരുടെ അവസ്ഥ എന്തെന്നും തിരുവെഴുത്തുകളാണു നമ്മോട് പറയുന്നത്. അതനുസരിച്ച് അവർ സുഖദുഖഃങ്ങളോ ഭാഗ്യനിർഭാഗ്യങ്ങളോ അനുഭവിക്കയോ പുനരുത്ഥാനത്തിൽ ഉണർത്തപ്പെടും വരെ സൂര്യനു കീഴിൽ നടക്കുന്ന യാതൊന്നും അറികയോ ചെയ്യുന്നില്ല. "ചെയ്യുവാൻ നിനക്ക് സംഗതി വരുന്നതൊക്കെയും ശക്തിയോടെ ചെയ്ക എന്തെന്നാൽ നീ ചെല്ലുന്ന പാതാളത്തിൽ (ശവക്കുഴിയിൽ - ഷിയോലിൽ) പ്രവൃത്തിയോ സൂത്രമോ അറിവോ ജ്ഞാനമോ ഒന്നുമില്ല" (സഭാ 9:10) എന്ന ജ്ഞാനിയുടെ വചനങ്ങൾ ഞങ്ങൾ നിങ്ങളെ ഓർമ്മിപ്പിക്കുന്നു.

പഴയനിയമത്തിലും പുതിയനിയമത്തിലും ദുഷ്ടന്മാരെയും ശിഷ്ടന്മാരെയും പറ്റി അവർ മരണത്തിൽ നിദ്രകൊണ്ട് എന്ന് തുല്യനിലയിലാണു എഴുതിയിരിക്കുന്നത് എന്നതിലേയ്ക്ക് നിങ്ങളുടെ ശ്രദ്ധ ഞങ്ങൾ ക്ഷണിക്കുന്നു. "യേശുവിൽ നിദ്ര ചെയ്യുന്നവരെയും " "ക്രിസ്തുവിൽ നിദ്ര കൊണ്ടവരെയും" സംബന്ധിച്ച് അപ്പോസ്തോലനായ പൗലോസ് പറയുന്നത് നിങ്ങളെ ഓർമ്മപ്പെടുത്തുന്നു. മരിച്ചവരുടെ പുനരുത്ഥാനമില്ലെങ്കിൽ അവർ നശിച്ചു പോയതായി അവൻ പ്രസ്താവിക്കുന്നു (1.കൊരി.15:18) സ്വർഗ്ഗത്തിലോ ശുദ്ധീകരണ സ്ഥലത്തോ നരകയാതനയിലോ അവർക്ക് നശിച്ചു പോകാൻ കഴിയുമോ? നിശ്ചയമായും അങ്ങനെ ആരും ഉപദേശിക്കുന്നില്ല. അവർ ഇപ്പോൾ തന്നെ ശവക്കുഴിയിൽ നാശാവസ്ഥയിലായിരിക്കുന്നു. മരണത്തിന്റെ ശക്തിയിൽ നിന്നുള്ള മോചനത്തിനായി ഒരു പുനരുത്ഥാനം വ്യവസ്ഥ ചെയ്യാതിരുന്നെങ്കിൽ ആ നാശം പൂർണ്ണമായിരിക്കുമായിരുന്നു. അതുകൊണ്ട് "തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. "(യോഹ 3:16)

ചുരുക്കിപ്പറഞ്ഞാൽ ദൈവം മനുഷ്യനെ ഭൗമീക സൃഷ്ടി പരമ്പരയുടെ ഉയർന്ന പടിയിൽ തന്റെ ഛായയിലും സാദൃശ്യത്തിലും നിർമ്മിച്ചു എന്നും ഏദനിൽ അവനു ജീവൻ അതിന്റെ പരിപൂർണ്ണ അളവിൽ ഉണ്ടായിരുന്നുവെന്നും തികഞ്ഞ അനുസരണം കൊണ്ട് അത് നിലനിറുത്താമായിരുന്നു എന്നുമാണു വേദപുസ്തകസിദ്ധാന്തം. എന്നാൽ പരീക്ഷയിൽ അഥവ പരിശോധനയിൽ അവൻ പരാജിതനാകയും മരണശിക്ഷാവിധിക്ക് പാത്രമാകയും ചെയ്തു. "അതിൽ നിന്നു ഭഷിക്കുന്ന നാളിൽ നീ ചാകവേ ചാകും" (ഉല്പ 2:17) മരണം അവിടെ ആരംഭിക്കുകയും 930 സംവൽസരങ്ങൾക്ക് ശേഷം ആദ്യപിതാവായ ആദാമിനെ ശവകുടീരത്തിലെത്തിക്കുകയും അവന്റെ സന്തതി പരമ്പരകളെയാകെ അവന്റെ ബലഹീനതയിലും മരണന്യായവിധിയിലും ഉൾപ്പെടുത്തുകയും ചെയ്തു. അവൻ ആ ദിവസം തന്നെ മരിച്ചു. അതു ഇരുപത്തിനാലു മണിക്കൂറുള്ള ഒരു ദിവസമല്ല. പ്രത്യുത ഒരു ആയിരമാണ്ടു ദിനമാണു എന്നു പത്രോസ് അപ്പോസ്തോലൻ വിശദീകരിക്കുന്നു. "കർത്താവിനു ഒരു ദിവസം ആയിരം സംവൽസരം പോലെയത്രെ" (2 പത്രോ 3:8)

ദൈവസ്നേഹം പ്രത്യക്ഷമായി

ഈ മഹാദിവസങ്ങളിൽ ആറെണ്ണത്തിന്റെ കാലത്ത് മരണന്യായവിധി മനുഷ്യനെ ചില വിഷയങ്ങളിൽ മൃഗത്തിന്റെ പടിയിലേക്ക് അധഃപതിപ്പിക്കയും ദൈവം ദയതോന്നി ഉദ്ധാരണം കൈവരുത്താത്ത പക്ഷം ഭാവി ജീവിതത്തിന്റെ പ്രത്യാശയിലാത്ത അവസ്ഥയിൽ ആക്കുകയും ചെയ്തു. സ്ത്രീയുടെ സന്തതി സർപ്പത്തിന്റെ തല ചതയ്ക്കുമെന്ന പ്രസ്താവനയിൽ ഇതു സൂചിപ്പിച്ചിരിക്കുന്നു. "നീ മുഖാന്തിരവും നിന്റെ സന്തതി മുഖാന്തിരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും" (ഉല്പ 12:3;28:14) എന്നു ഇക്കാര്യം ദൈവം അബ്രഹാമിനു ഒന്നു കൂടെ വിശദീകരിച്ചു കൊടുത്തു. "നമ്മെ ദൈവത്തോട് അടുപ്പിക്കുന്നതിനു നീതിമാനായവൻ നീതികെട്ടവെർക്കായി" മരിക്കയാൽ (1 പത്രോ 3:18) പിതാവായ ആദാമിന്റെ ശിക്ഷ സ്വയം വഹിച്ച് വർഗ്ഗത്തെ ഉദ്ധരിക്കുന്നതിനായി ദൈവം തന്റെ പുത്രനെ അയച്ചത് ആയിരമാണ്ട് മഹാദിനങ്ങളിൽ നാലെണ്ണം കഴിഞ്ഞപ്പോഴാണു. കാൽവറിയിൽ നിവർത്തിച്ച ആ വീണ്ടെടുപ്പ് വേലയുടെ ഫലമായി (നടപ്പു 28:15) "നീതിമാന്മാരുടേയും നീതികെട്ടവരുടെയും പുനരുത്ഥാനം" (അപ്പോ പ്ര 24:15) മരണശിക്ഷാവിധിയിൽ നിന്നും ശവകുടീരമാകുന്ന കാരാഗൃഹത്തിൽ നിന്നു മോചനം സംഭവിക്കേണ്ടിയിരിക്കുന്നു.

(തുടരും)

ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു