"മരിച്ചവൻ പുറത്ത് വന്നു"
തന്റെ സ്നേഹിതനായ ലാസറെ മരണ നിദ്രയിൽ നിന്നു ഉണർത്തിയതായിരുന്നു നമ്മുടെ കർത്താവ് പ്രവർത്തിച്ച ഏറ്റവും ശ്രദ്ധേയമായ അത്ഭുതം. ലാസർ രോഗബാധിതനായ ശേഷം പലതവണയും യേശുവിന്റെ സഹായം അഭ്യർത്ഥിക്കപ്പെടുകയും അവൻ സ്വഭാവികമായും ആ വസ്തുത ധരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും മാർത്തയും മറിയയും "കർത്താവേ നിനക്ക് പ്രിയനായവൻ ദീനമായിക്കിടക്കുന്നു" (യോഹ 11:3) എന്നൊരു പ്രത്യേക ദൂതു അവനെത്തിച്ചു. വാക്കാൽ പോലും സൗഖ്യമാക്കാനുള്ള അവന്റെ കഴിവ് അവർ അറിഞ്ഞിരുന്നു. അന്യരെ തുണയ്ക്കാൻ സന്നദ്ധനെങ്കിൽ സ്വന്തം സുഹൃത്തിനെ സഹായിക്കുന്നതിൽ അവൻ നിശ്ചയമായും സന്തുഷ്ടനായിരിക്കുമെന്ന് അവർ വിശ്വസിച്ചു. എന്നാൽ യേശു അവൻ ഇരുന്ന സ്ഥലത്ത് തന്നെ കഴിച്ച് കൂട്ടുകയും ആ പ്രിയ സഹോദരികൾക്ക് ഒരു കനത്ത പ്രഹരം തന്നെ തട്ടുന്നതിനനുവദിക്കയും ചെയ്തു. അപ്പോൾ അവൻ ശിഷ്യന്മാരോട് "നമ്മുടെ സ്നേഹിതനായ ലാസ്സർ നിദ്ര കൊള്ളുന്നു" (യോഹ 11:11) എന്നു പറഞ്ഞു പിന്നീട് അവർക്കു സുഗ്രഹമാകും വണ്ണം "ലാസ്സർ മരിച്ചു പോയി; ഞാൻ അവിടെ ഇല്ലാതിരുന്നതു കൊണ്ട് നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു" (യോഹ 11:14,15) എന്നു തുടർന്നു പറഞ്ഞു.
ഒരു അസാധാരണാത്ഭുതം പ്രവർത്തിക്കുന്നതിനു ഒരു വിശേഷ സന്ദർഭം സൃഷ്ടിയ്ക്കുമെന്നുള്ളത് കൊണ്ട് അവൻ തന്റെ സുഹൃത്തിനെ മരണത്തിൽ നിദ്രകൊള്ളാനനുവദിച്ചു. അനന്തരം അവൻ തന്റെ ശിഷ്യന്മാരുമായി ബഥാനിയിലേയ്ക്കുള്ള മൂന്നു ദിവസം പോരുന്ന യാത്രയാരംഭിച്ചു. മിശിഹ തങ്ങളുടെ താല്പ്പര്യങ്ങൾ അവഗണിക്കുന്നതായി തോന്നിയതിൽ പരിപീഡിതരായിത്തീർന്നെങ്കിൽ അതിനു ആ ശോകാകുലരായ സഹോദരികളെ നാം കുറ്റപ്പെടുത്തേണ്ടതില്ല. അവർക്ക് ദുഃഖനിവൃത്തി വരുത്താൻ അവനു കഴിയുമെന്നും അവർ അറിഞ്ഞിരുന്നു. "കർത്താവേ നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ സഹോദരൻ മരിക്കയില്ലായിരുന്നു." എന്നാണു മാർത്തയുടെ വിനയപൂർവ്വമായ പ്രതിഷേധം. "നിന്റെ സഹോദരൻ ഉയർത്തെഴുന്നേൽക്കും" എന്നു യേശു അവളോട് പറഞ്ഞു. "ഒടുവിലത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയർത്തെഴുന്നേൽക്കുമെന്ന് ഞാൻ അറിയുന്നു" (യോഹ 11:21;23,24) എന്നു മാർത്ത അവനു മറുപടി നൽകി.
"നിന്റെ സഹോദരൻ മരിച്ചിട്ടില്ല; അവൻ പൂർവ്വാധികം ചൈതന്യവാനാണു, അവൻ സ്വർഗ്ഗത്തിലാണു, അല്ലെങ്കിൽ ശുദ്ധീകരണസ്ഥലത്താണു" എന്നൊന്നും നമ്മുടെ കർത്താവ് പറഞ്ഞില്ല എന്നതു ശ്രദ്ധാർഹമാണു. അങ്ങനെ ഒന്നുമേ അവൻ ഉരിയാടിയിട്ടില്ല. ശുദ്ധീകരണസ്ഥലം അപ്പോഴും കണ്ടു പിടിച്ചിരുന്നില്ല. അവനു അതു തികച്ചും അജ്ഞാതമായിരുന്നു. സ്വർഗ്ഗത്തെ സംബന്ധിച്ചാണെങ്കിൽ നമ്മുടെ ആധാരവാക്യത്തിൽ കർത്താവിന്റെ സാക്ഷ്യം "സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങി വന്നവനല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറിയിട്ടില്ല." എന്നാണു. മാർത്തയ്ക്കും ഇതു സംബന്ധിച്ചു വേണ്ട അറിവു ലഭിച്ചിരുന്നു. അന്ധകാരയുഗങ്ങളിലെ അബദ്ധോപദേശങ്ങൾ സത്യത്തിന്റെ സ്ഥാനം കവർന്നു കഴിഞ്ഞിരുന്നില്ല. തന്റെ സഹോദരനെ സംബന്ധിച്ച് അവൾക്കുണ്ടായിരുന്ന പ്രത്യാശ വേദാനുസരണമായ ഒന്നായിരുന്നു. ഒടുവിലത്തെ നാളിൽ, അതായത് സൃഷ്ടി മുതലെണ്ണുമ്പോൾ സഹസ്രാബ്ദ മഹാദിവസങ്ങളിൽ ഏഴാമത്തേതും അവസാനത്തേതുമായ ആയിരമാണ്ട് ദിനത്തിൽ അവൻ പുനരുത്ഥാനം വഴി ജീവിയ്ക്കുമെന്നു തന്നെ.
പുനരുത്ഥാനത്തിനുള്ള അധികാരം തന്നിൽ നിക്ഷിപ്തമായിരിയ്ക്കുന്നെന്നും അങ്ങനെയുള്ള താൻ അവളോട് കൂടെ സന്നിഹിതനായിരിക്കെ സങ്കടപരിഹാരത്തിനായി അവൾക്ക് ഇനിയും കാത്തിരിക്കേണ്ടതില്ലെന്നും അവൻ വിശദീകരിച്ചു കൊടുത്തു. വളരെ വൈകിപ്പോയെന്നും ആ സമയം കൊണ്ട് ദേഹം അഴുകാൻ തുടങ്ങിയിരിക്കുമെന്നും മാർത്ത കർത്താവിനോട് പറഞ്ഞു. എന്നാൽ കല്ലറ കാണുന്നതിനു അവൻ നിർബന്ധിക്കയും അവിടെ എത്തിയ ശേഷം "ലാസറേ പുറത്ത് വരിക" എന്നു ഉച്ചരിക്കയും ചെയ്തു. "മരിച്ചവൻ പുറത്തുവന്നു" (യോഹ 11:43,44) എന്നു നാം വായിക്കയും ചെയ്യുന്നു. ജീവനുള്ള ലാസറല്ല വാസ്തവത്തിൽ മരിച്ച ലാസറാണു പുറത്ത് വന്നത് എന്ന കാര്യം ശ്രദ്ധിക്കുക. സ്വർഗ്ഗത്തിലോ ശുദ്ധീകരണസ്ഥലത്തോ നിന്നല്ല അവൻ വിളിക്കപ്പെട്ടത് എന്നത് നന്നായി കുറിക്കൊള്ളുക
(തുടരും)
ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു ഈ വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു