ഇപ്രകാരമെങ്കിൽ പുനരുത്ഥാനം നിരാശാജനകം.
മരണത്തിൽ കൂടുതൽ സമൃദ്ധമായ ജീവനും നൂറുമടങ്ങായ അറിവും പ്രയാണസ്വാതന്ത്ര്യവും ലഭിക്കുമെങ്കിൽ പുനരുത്ഥാനം മേല്പ്പറഞ്ഞ നിലയിൽ നിരാശാജനകമായിരിക്കുമെന്ന് ആർക്കാണു മനസ്സിലാകാത്തത് ? കാരണം ആ വാദഗതി അനുസരിച്ച് പുനരുത്ഥാനമെന്നാൽ ഒരു കളിമൺ ഭാണ്ഡത്തിൽ ശാരിരികമായ നിയന്ത്രണങ്ങളോടും മാനുഷമായ പരിമിതികളോടും കൂടി മനുഷ്യനെ വീണ്ടും തടവിലിടുക മാത്രമാണു. ശരീരമോ ശാരിരികമായ പരിമിതികളോ കൂടാതെ മനുഷ്യൻ മരണാനന്തരം നൂറ്റാണ്ടുകളായി പ്രപഞ്ചമാകെ ഒരു സ്വതന്ത്രാത്മാവായി സ്വൈര്യവിഹാരം ചെയ്തു കൊണ്ടിരിക്കുകയായിരുന്നെങ്കിൽ അവനെ വീണ്ടും ഒരു മാനുഷശരീരത്തിൽ തടവിലിടുന്ന പക്ഷം ദൈവത്തിന്റെ പ്രവൃത്തി യുക്തമെന്ന് വരുമോ? ശവസംസ്ക്കാരവേളയിൽ പ്രാസംഗികന്മാർ അവകാശപ്പെടുന്നതു പോലെ ദേഹമില്ലായ്മ അനുഗ്രഹപൂർണ്ണമാണെങ്കിൽ ദേഹത്തിനു പുനരുത്ഥാനം നൽകി അതിൽ ആത്മാവിനെ കുടിപാർപ്പിക്കുന്നതു കൊണ്ട് കൂടുതലായി എന്ത് നേടാൻ കഴിയും? ക്രൈസ്തവരിൽ ബഹുഭൂരിപക്ഷവും പുനരുത്ഥാനത്തിൽ വിശ്വസിക്കുന്നില്ല എന്ന ഞങ്ങളുടെ വാദം ന്യായീകരിക്കത്തക്കതാണെന്ന് ഈ പരിഗണനകൾ തെളിയിക്കുന്നു. വേദം ഉപദേശിക്കുന്ന "മരിച്ചവരുടെ പുനരുത്ഥാന" മാകട്ടെ അവർ തന്നെ ഉപദേശിക്കുന്ന ശരീരത്തിന്റെ പുനരുത്ഥാനമാകട്ടെ അവർ അംഗീകരിക്കുന്നില്ല എന്നുള്ളതാണു വാസ്തവം.
വേദാനുസരണമായ പ്രത്യാശ
ഈ മുഖവുരയോടു കൂടി "മരിച്ചവരുടെ പുനരുത്ഥാനം" എന്ന വിഷയത്തെ സംബന്ധിച്ച് തിരുവെഴുത്ത് എന്ത് പഠിപ്പിക്കുന്നു എന്ന് പരിശോധിക്കാം. എന്തു കൊണ്ടാണു, ഏതു നിലയിലാണു പുനരുത്ഥാനത്തെ ലോകത്തിന്റെ പ്രത്യാശയായി ഒരേ ഒരു അനുഗ്രഹിക്കപ്പെട്ട പ്രത്യാശയായി തിരുവെഴുത്തുകൾ വർണ്ണിക്കുന്നത്. സ്വർഗ്ഗീയ പുനരുത്ഥാനത്തിനു പങ്കുകാരാകേണ്ട സഭയുടെ മാത്രമല്ല ന്യായവിധിക്കായുള്ള പുനരുത്ഥാനത്തിൽ ഓഹരി ലഭിക്കേണ്ട ലോകത്തിന്റെയും പ്രത്യാശയായിട്ടാണു പുനരുത്ഥാനത്തെപ്പറ്റി തിരുവെഴുത്തുകൾ പ്രസ്താവിക്കുന്നത്. ന്യായവിധിക്കായുള്ള പുനരുത്ഥാനം എന്ന പ്രയോഗത്തെ ശിക്ഷാവിധിക്കായുള്ള പുനരുത്ഥാനമെന്ന് ചില ഭാഷാന്തരങ്ങളിൽ കാണുന്നത് തെറ്റാണു. [യോഹ 5:29]
പുനരുത്ഥാനത്തെ സംബന്ധിച്ച വേദോപദേശം സ്വീകരിക്കുന്നവർ മരണത്തെ സംബന്ധിച്ച വേദോപദേശവും സ്വീകരിക്കണം. അതായത് മരണമെന്നാൽ മരണം തന്നെയാണു- ജീവന്റെ വിരാമമാണു-എന്ന് സമ്മതിക്കണം. അപ്പോൾ മാത്രമേ നാം എടുത്തിരിക്കുന്ന ആധാരവാക്യത്തിൽ അപ്പോസ്തോലന്റെ പ്രസ്താവന സുഗ്രഹമാകു. മരിച്ചവർ ഉയർക്കുന്നില്ലെങ്കിൽ.... ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചു പോയി. തിരുവെഴുത്തുകൾ ഇതരഭാഗങ്ങളിൽ പഠിപ്പിക്കുന്നതിൽ നിന്ന് ഭിന്നമോ അതിനു യോജിക്കാത്തതോ അല്ല ഇത്. മരിച്ചവർ മരണശേഷവും ജീവിച്ചിരിക്കുകയാണു എന്നല്ല: മരിച്ചവർ മരിച്ചവർ തന്നെ എന്നാണു അത് സർവ്വത്ര ഉപദേശിക്കുന്നത്. "അന്നു തന്നെ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു." [സങ്കീ:146:4] എന്ന് ഏകസ്വരത്തിൽ തിരുവെഴുത്തുകൾ പറയുന്നു. മരിച്ചവരെക്കുറിച്ച് അത് വീണ്ടും പറയുന്നത് നോക്കുക [യോബ് 14:21, സഭാപ്ര 9:10]
(തുടരും)
ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു ഈ വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു