Sunday, April 3, 2011

മരിച്ചവർ എവിടെ? എട്ടാം ഭാഗം

"കല്ലറകളിൽ ഉള്ളവർ എല്ലാവരും"

യേശു ലാസറിനു വേണ്ടി പ്രവർത്തിച്ചത് അവസാനമായി ആദാമിനും അവന്റെ മുഴുവൻ വർഗ്ഗത്തിനും വേണ്ടി ചെയ്യുമെന്ന് അവൻ പ്രസ്താവിച്ചിരിക്കുന്നു. "കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു പുറത്ത് വരുന്നതിനുള്ള നാഴിക വരുന്നു" (യോഹ 5:28,29) എന്നുള്ള അവന്റെ വചനങ്ങൾ ശ്രദ്ധിക്കുക. ഇതു നമ്മെ വിസ്മയിപ്പിക്കുന്നുവോ? അങ്ങനെയെങ്കിൽ അതിന്റെ കാരണം ദൂരെത്തേടേണ്ടതില്ല. നാം വേദപുസ്തക സിദ്ധാന്തങ്ങളിൽ നിന്നു വളരെ വിദൂരസ്ഥരാകയും "ഭൂതങ്ങളുടെ ഉപദേശങ്ങളിൽ" ആകണ്ഠം ആണ്ടു പോകയും " നിങ്ങൾ നിശ്ചയമായും മരിക്കയില്ല" എന്ന സർപ്പത്തിന്റെ ഭോഷ്കു ദൃഢമായി വിശ്വസിക്കയും "നീ നിശ്ചയമായും മരിക്കും","പാപത്തിന്റെ ശമ്പളം മരണം" (റോമ 6:23) എന്നീ കർത്തൃപ്രസ്താവനകളെ സംബന്ധിച്ച് തികച്ചും അറിവില്ലാത്തവരാകയും ചെയ്തതു കൊണ്ട് തന്നെ മരിച്ചവരിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്നവരിൽ രണ്ടു പൊതുഗുണങ്ങൾ ഉണ്ടായിരിക്കുമെന്നു യോഹ 5:29 ന്റെ ശിഷ്ട ഭാഗം വിശദമാക്കുന്നു. ഒന്നാമത് പരിശോധന നടക്കുകയും അതിൽ വിജയികളാകയും ചെയ്തവർ. രണ്ടാമതു ഇതഃപര്യന്തം ദിവ്യാംഗീകാരം സമ്പാദിക്കുന്നതിൽ പരാജയപ്പെട്ടവരായി മനുഷ്യവർഗ്ഗത്തിൽ ശേഷിക്കുന്ന മുഴുവൻ പേരും. ദിവ്യസമ്മതി സമ്പാദിച്ചവർ ശവക്കല്ലറയിൽ നിന്നു ജീവനായുള്ള പുനരുത്ഥാനത്തിലേയ്ക്ക് - പൂർണ്ണതയിലേക്ക് വരും അല്ലാത്തവർ ന്യായവിധിക്കായുള്ള പുരരുത്ഥാനം പ്രാപിക്കും (പരിഷ്കൃതഭാഷാന്തരം- R.V)

പുറത്ത് വരിക എന്നതും പുനരുത്ഥാനമെന്നതും വ്യത്യസ്ത വസ്തുതകളാണു. "ഓരോരുത്തനും താന്താന്റെ പടിയിൽ " (1 കൊരി. 15:23) ആയിരിക്കും അവർ പുറത്ത് വരുന്നത് എന്നു അപ്പോസ്തോലൻ വിശദമാക്കുന്നു. ഇങ്ങനെ ഉണർത്തപ്പെട്ടശേഷം മാനസികവും സന്മാർഗ്ഗികവും ശാരീരികവുമായ ഇന്നത്തെ അധമസ്ഥിതിയിൽ നിന്നു സ്വന്തം സ്രഷ്ടാവിന്റെ സ്വരൂപവും സാദൃശ്യവും സംബന്ധിച്ച് ആദാമിനുണ്ടായിരുന്ന മഹനീയമായ പൂർണ്ണതയിലേയ്ക്ക് ഉത്തരോത്തരം ഉയരുന്നതിനു അവർക്ക് അവകാശമുണ്ടായിരിക്കും. "ദൈവം ലോകാരംഭം മുതൽ തന്റെ വിശുദ്ധ പ്രവാചകന്മാർ മുഖാന്തിരം അരുളിച്ചെയ്ത എല്ലാറ്റിന്റെയും യഥാസ്ഥാപനം" (അപ്പോ പ്ര 3:21) എന്നു ഈ ഉയർത്തൽ അഥവ പുനരുത്ഥാനം സംബന്ധിച്ച വേലയെ പരാമർശിച്ചു പത്രോസ് പറയുന്നു.

സർവ്വാത്മരക്ഷാവാദം വേദവിരുദ്ധം.

സകലമനുഷ്യരും നിത്യജീവൻ പ്രാപിക്കുമെന്ന് ഇപ്പറഞ്ഞതിനർത്ഥമില്ല. സഹസ്രാബ്ദത്തിലെ സുവർണ്ണാവസരങ്ങൾ പ്രയോജനപ്പെടുത്താൻ വിമുഖരായവർ, പൂർണ്ണതയിലേക്കുയർത്തപ്പെടാൻ വിസമ്മതിക്കുന്നവർ, രണ്ടാം മരണത്താൽ ജനത്തിന്റെ ഇടയിൽ നിന്നു ഛേദിക്കപ്പെടുമെന്നു തിരുവെഴുത്തുകൾ പ്രസ്താവിക്കുന്നു. "അവർ ജനിക്കാത്തവരെപ്പോലെ ആകും" (ഓബ 16;സങ്കീ
.145:20; അപ്പോ പ്ര 3:23)

ഈ വിഷയം സംബന്ധിച്ച നമ്മുടെ കർത്താവിന്റെ ഉപദേശങ്ങൾ ഞങ്ങൾ നിങ്ങളെ ഒന്നു കൂടെ ഓർമ്മിപ്പിക്കുന്നു. കഫന്നഹുമിലെ പള്ളിയിൽ ചെല്ലുകയും വേദഭാഗം വായിക്കാൻ ആവശ്യപ്പെട്ടതിൽ യെശയ്യാവിന്റെ 61:1 അദ്ധ്യായം തിരഞ്ഞെടുത്ത് തന്നെയും കാരാഗൃഹ കവാടങ്ങൾ തുറന്നു തടവുകാരെ മോചിപ്പിക്കുക എന്നതുൾപ്പെടെയുള്ള തന്റെ വേലയേയും സംബന്ധിച്ച് വായിക്കയുമുണ്ടായി. സ്നാപക യോഹന്നാൻ സംബന്ധിച്ച പ്രകാരമുള്ള യാതൊരു അക്ഷരിക കാരാഗൃഹങ്ങളും നമ്മുടെ കർത്താവ് തുറക്കുകയുണ്ടായില്ല എന്നു നാം നന്നായി അറിയുന്നു. അവൻ അവനെ സഹായിക്കാൻ യാതൊരു ശ്രമവും നടത്തിയില്ല. അവൻ തുറക്കാൻ പോകുന്ന തടവറ ഇപ്പോൾ നമ്മുടെ വർഗ്ഗത്തിലെ 3000 കോടിയോളം വരുന്ന ജനാവലിയെ പിടിച്ചുവച്ചിരിക്കുന്ന ആ ശവകുടീരമെന്ന മഹാ കാരാഗൃഹമാണു. ലാസറിന്റെ സംഗതിയിൽ പ്രവർത്തിച്ച പ്രകാരം തന്നെ തന്റെ രണ്ടാം വരവിൽ കർത്താവ് ഈ വലിയ തടവറ തുറക്കയും സകല ബദ്ധന്മാരെയും സ്വതന്ത്രരാക്കയും ചെയ്യും. അവൻ അവരെ സ്വർഗ്ഗത്തിലോ ശുദ്ധീകരണ സ്ഥലത്തോ നരകത്തിലോ നിന്നു വിളിച്ചു വരുത്തുകയായിരിക്കയില്ല. പ്രത്യുത "ലാസറേ, പുറത്തു വരിക " എന്നു ആഹ്വാനം ചെയ്ത പ്രകാരം കല്ലറകളിൽ ഉള്ള എല്ലാവരും അവന്റെ ശബ്ദം ശ്രവിച്ചു പുറത്തു വരും.

(തുടരും)


ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു