പുനരുത്ഥാനത്തെപ്പറ്റിയുള്ള ആധുനിക പ്രസംഗങ്ങൾ കുറഞ്ഞു വരുന്നു.
"പുരോഹിതനെപ്പോലെ ജനങ്ങളും" എന്നൊരു പഴമൊഴിയുണ്ട്. ഒരു വിഷയം സംബന്ധിച്ച് ആചാര്യവർഗ്ഗത്തിന്റെ വീക്ഷണഗതി, അതേപ്പറ്റിയുള്ള ജനസാമാന്യത്തിന്റെ വിശ്വാസത്തിന്റെ ചൂണ്ടുപലകയായി കണക്കാക്കാം.
മരിച്ചവരുടെ പുനരുത്ഥാനത്തെ സംബന്ധിച്ച് എല്ലാ വിഭാഗങ്ങളിലേയും പുരോഹിതവർഗ്ഗം കൈക്കൊണ്ടിരിക്കുന്ന വീക്ഷണഗതി നിഷ്പ്രയാസം മനസ്സിലാക്കാം. എന്തു കൊണ്ടെന്നാൽ ഈസ്റ്റർ ഞായറാഴ്ച്ച (ഉയർപ്പിൻ ഞായറാഴ്ച്ച) ഒഴികെ മറ്റവസരങ്ങളിൽ പുനരുത്ഥാനം പ്രസംഗവിഷയമാക്കാറില്ലെങ്കിലും ഓരോ ശവസംസ്ക്കാരശുശ്രൂഷയോടും അത് അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു. മിക്ക വകുപ്പുകളിലേയും പുരോഹിതഗണത്തിനും ജനസാമാന്യത്തിനും മരിച്ചവരുടെ പുനരുത്ഥാനത്തിൽ കേവലം വിശ്വാസമില്ലെന്ന് ഞങ്ങളുടെ പ്രസ്താവനയെ ഇമ്മാതിരി എണ്ണമറ്റ സന്ദർഭങ്ങൾ ന്യായീകരിക്കുന്നു.
ശവസംസ്ക്കാരവേളയിൽ തിരുവെഴുത്തിൽ നിന്ന് ക്രിസ്ത്യാനികളുടെ പ്രത്യാശ എന്ന നിലയിൽ പുനരുത്ഥാനപരമായ ഭാഗങ്ങൾ വായിക്കുന്ന പതിവുണ്ടെന്നുള്ളത് വാസ്തവമാണു. എന്നാൽ ഇത് ശുശ്രൂഷകന്റെ ഒരു സൗജന്യമെന്ന നിലയിലേ തോന്നുന്നുള്ളു. ഈ വിഷയം സംബന്ധിച്ച് എന്തെങ്കിലും വായിക്കുന്നത് സ്വന്തം ചുമതലയായി അയാൾ കരുതുന്നു. അയാൾ മിക്കപ്പോഴും പ്രേതാത്മ വിശ്വാസികളുടെയും, ക്രിസ്ത്യൻ സയൻസുകാരുടെയും വിശ്വാസത്തിലേയ്ക്ക് വഴുതി വീഴുകയാണു. കാരണം അയാൾ സദസ്യരോട് പറയുന്നത് അവരുടെ പരേതസുഹൃത്തിന്റെ ആത്മാവ് അവരോട് കൂടെ ആ മുറിയിൽ ചുറ്റിപ്പറ്റി നിൽക്കുന്നു എന്നും അനുവദിക്കുന്നപക്ഷം അത് അവരോട് " നിങ്ങളുടെ കണ്ണുനീർ തുടയ്ക്കുക,എനിക്കു വേണ്ടി വിലപിക്കരുത്, ഞാൻ മഹത്വത്തിൽ പൂർവ്വാധികം ശ്രേയസ്സിലാണു" എന്നു പറയുമെന്നുമാണു.
മരണം മായയോ വാസ്തവമോ?
യഥാർത്ഥത്തിൽ വളരെയധികം ക്രിസ്ത്യാനികൾ മരണം ഒരു യാഥാർത്ഥ്യമല്ലാ, മായ മാത്രമാണു എന്നു വിശ്വസിക്കുന്നുണ്ട്. മനുഷ്യർ മരിക്കുന്നതായി തോന്നുന്നതേയുള്ളു, മരിയ്ക്കുന്നില്ല; മരണത്തിൽ അവർക്ക് ഉയർന്ന ഒരു ജീവിയുടെ പടിയിലേക്കുള്ള അവസ്ഥാന്തരം അനുഭവപ്പെടുകയാണു. ക്രിസ്ത്യൻ ശാസ്ത്രജ്ഞന്മാർ "മരണം എന്ന ഒന്നില്ല" എന്നു പറയുന്നത് സത്യമാണു എന്നെല്ലാമാണു അവരുടെ അഭിപ്രായം.
ഇപ്രകാരമുള്ള വീക്ഷണഗതികൾ വച്ചുപുലർത്തുന്നവർക്ക് പൂർവ്വാപരവൈരുദ്ധ്യം കൂടാതെ "മരിച്ചവരുടെ പുനരുത്ഥാനത്തിൽ" വിശ്വസിക്കുവാൻ സാദ്ധ്യമല്ല. കാരണം, ആരും മരിയ്ക്കുന്നില്ലെങ്കിൽ മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടാകുന്നതെങ്ങനെ. മരിച്ചവർക്ക് മരിക്കുന്നതിനു മുൻപ് ഉണ്ടായിരുന്നതിലും ഉപരിയായ തോതിൽ ജീവൻ ഉണ്ടായിരിക്കുന്നപക്ഷം മരിച്ചവരുടെ ജീവനിലേക്കുള്ള പുനരുത്ഥാനത്തെ സംബന്ധിച്ച് സംസാരിക്കുന്നതിൽ എന്തർത്ഥമാണുള്ളത് ?
(തുടരും)
ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു ഈ വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു