Friday, April 15, 2011

മരിച്ചവരുടെ പുനരുത്ഥാനം - ഏഴാം ഭാഗം

ഇന്ദ്രിയാനുഭവങ്ങളിൽ നിന്നുള്ള തെളിവ്

മനുഷ്യരെന്ന നിലയിൽ സൃഷ്ടാവിൽനിന്ന് നമുക്കു ലഭിച്ചിരിക്കുന്ന പഞ്ചേന്ദ്രിയങ്ങൾ വഴി ഉണ്ടാകുന്ന ബോധം മരണത്തെ സംബന്ധിച്ച് തിരുവെഴുത്ത് പറയുന്നതിനോടൊക്കുന്നുണ്ട്. അതാണു നാം പ്രതീക്ഷിക്കേണ്ടതും. എന്നാൽ തിരുവെഴുത്തുമായി വിയോജിക്കുന്നെങ്കിൽ നമ്മുടെ ഇന്ദ്രിയബോധം മിഥ്യാ വിധേയമാണെന്ന വസ്തുത ഇവിടെ മറക്കുന്നില്ല. തിരുവെഴുത്തുകൾക്ക് വിരുദ്ധമായ ഏതെങ്കിലും മാനുഷിക സിദ്ധാന്തങ്ങൾ നമ്മുടെ ഇന്ദ്രിയബോധവുമായി പൊരുത്തപ്പെടാതെ വരുമ്പോൾ പഞ്ചേന്ദ്രിയദ്വാരാ ലഭിക്കുന്ന അറിവു തന്നെ ശരിയെന്ന് നാം തിരുമാനിക്കണം. എന്നാൽ തിരുവെഴുത്തും പഞ്ചേന്ദ്രിയങ്ങളും ഏകോപിക്കുന്ന വസ്തുതയിൽ രണ്ടിനും വിരുദ്ധമായ മാനുഷിക സിദ്ധാന്തങ്ങൾ നിശ്ചയമായും അബദ്ധമായിരിക്കും. ദൈവദത്തമായ ജ്ഞാനേന്ദ്രിയങ്ങളേയും (പാപഫലമായി ദുർബലപ്പെട്ടതെങ്കിലും) ദിവ്യസാക്ഷ്യത്തെയും നിരസിക്കുന്നവർ ഇരുളിലും ഇടർച്ചയിലും അകപ്പെടുമെന്നേ പ്രതീക്ഷിക്കാനാകു. പത്തൊൻപത് നൂറ്റാണ്ടുകൾക്ക് മുൻപ് എന്ന പോലെ ഇന്നും അവിശ്വാസങ്ങളുടെയും അബദ്ധങ്ങളുടെയും പടുകുഴിയിലേക്ക് കുരുടൻ കുരുടനെ നയിച്ചു കൊണ്ടിരിക്കുന്നു.

ദൈവവചനത്തിനൊപ്പം നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളുടെയും സാക്ഷ്യം; മരണം എന്നാൽ ജീവൻ നഷ്ടപ്പെടുക ആണെന്നത്രെ. ജീവൻ വർദ്ധിച്ചു കിട്ടുക എന്നല്ല, മരിക്കുന്ന ഒരാളെ നോക്കുക, അവന്റെ മാനസികവും ശാരിരികവുമായ ശക്തികൾ ക്ഷയിച്ചുവരുന്നു. അവസാനം ജീവന്റെ പൊരി നിശ്ശേഷം അണയുന്നു. അവനിൽ നിന്ന് ഒന്നും പുറം കടക്കുന്നതായി നിങ്ങൾ കാണുന്നില്ല. മരണവേദനകളുടെ ഞരക്കമല്ലാതെ ഒന്നും കേൾക്കുന്നില്ല. ഹൃദയസ്പന്ദനം മന്ദീഭവിക്കുന്നത് നിങ്ങൾക്കറിയാം. ശ്വാസത്തിനു വേണ്ടിയുള്ള ക്ലേശം വ്യക്തമായിക്കാണാം. ജ്ഞാനേന്ദ്രിയങ്ങളുടെ പ്രവർത്തനഫലമായി ഈ വിഷയം സംബന്ധിച്ച് നിങ്ങൾക്ക് ഉണ്ടാകുന്ന അറിവ് നിങ്ങൾക്ക് പ്രിയംകരനായിരുന്ന സുഹൃത്ത് മരിച്ചിരിക്കുന്നു- ജീവിക്കുകയല്ല എന്നു തന്നെ. നിങ്ങൾ ചുറ്റുപാടുകളെ നിരീക്ഷിക്കുകയും ഈ കാര്യം ചിന്താവിഷയമാക്കുകയും "ഇനി എന്ത്" എന്നു മറ്റുള്ളവരോട് ആരായുകയും ചെയ്യുന്നു. നിങ്ങളുടെ ജ്ഞാനേന്ദ്രിയങ്ങൾ ഗ്രഹിക്കുന്നത് "ഇനിയും ജീർണ്ണിക്കലാണു, ജീവന്റെ പൊരി അണഞ്ഞതോടെ മൃതദേഹം സംസ്കരിക്കപ്പെടണം, പൊടി പൊടിയോട് ചേരും" എന്നു തന്നെ. മരണം മനുഷ്യനും മൃഗത്തിനും തുല്യമാണെന്നും നിങ്ങൾ കാണുന്നു. രണ്ടിനും സംഭവിക്കുന്ന മരണം സംബന്ധിച്ച് ഒരു ഭേദവും നമ്മുടെ ജ്ഞാനേന്ദ്രിയങ്ങൾക്ക് ബോധ്യപ്പെടുന്നില്ല. തിരുവെഴുത്തുകൾ പ്രസ്താവിക്കുന്നു. "ഒന്നു മരിക്കും പോലെ മറ്റേതും മരിക്കുന്നു. എല്ല്ലാറ്റിനും ശ്വാസം (ജീവാത്മാവ്) ഒന്നത്രെ". [സഭാപ്ര 3:19]


മൃഗത്തെ അപേക്ഷിച്ചു മനുഷ്യനുള്ള മാഹാത്മ്യം


എന്നാൽ സൃഷ്ടാവ് ഭവിഷ്യായുസ്സിനു വേണ്ടിയുള്ള ഒരു അഭിവഞ്ഛ മനുഷ്യനിൽ പ്രകൃത്യാ ഉൾനട്ടിട്ടുണ്ട്. അതിന്റെ പ്രേരണയാൽ നാം ചോദിച്ചു പോകാറുണ്ട്. "ആശയ്ക്ക് യാതൊരു വഴിയും ഇല്ലേ- മനുഷ്യനു മൃഗത്തേക്കാൾ യാതൊരു വിശേഷതയും ഇല്ലേ-എന്ന്. എന്നാൽ തിരുവെഴുത്തുകൾ നമുക്ക് ഉറപ്പുനൽകുന്നത് മൃഗങ്ങൾക്ക് വേണ്ടി ചെയ്തിട്ടില്ലാത്ത ഒന്നു മനുഷ്യനു വേണ്ടി സൃഷ്ടാവു കരുതിയിട്ടുണ്ടെന്നാണു. അത് നിത്യജീവൻ തന്നെ. ദൈവം ആദിയിൽ തന്നെ ഇതിനു വേണ്ടി കരുതി. എന്നാൽ ഇത് ജന്മസിദ്ധമായിത്തന്നെ അവനു മരണമില്ലായ്മ ഉള്ളതു കൊണ്ടല്ല. ജീവൻ എന്നാളും നിലനിർത്തുന്നതിനുപകരിക്കുന്ന ജീവപരിപോഷകമായ വൃക്ഷങ്ങൾ ഏദനിൽ ഉണ്ടായിരുന്നതിനാലാണു. എന്നാൽ ഈ ദൈവദാനം സോപാധികമായിരുന്നു. അത് സൃഷ്ടാവിനോടുള്ള ആദാമിന്റെ അനുസരണത്തെ ആശ്രയിച്ചിരിക്കുന്നു. മനുഷ്യന്റെ അനുസരണക്കേട് മരണവിധിയ്ക്ക് കാരണമായി എന്നും ആ ശിക്ഷാവിധി നിറവേറുന്നതിനായി ഏദനിൽ നിന്ന് ആദാമിനെ പുറത്താക്കി, അവിടത്തെ ജീവപരിപോഷകങ്ങളായ വൃക്ഷങ്ങളിൽ നിന്നു അവനെ അകറ്റി എന്നു തിരുവെഴുത്ത് പഠിപ്പിക്കുന്നു. ഇങ്ങനെ ഭൃഷ്ടനായ ശേഷം "നീ ചാകവേ ചാകും" എന്ന ശിക്ഷാവിധി ക്രമേണ ആദാമിൽ ഫലിച്ചു തുടങ്ങുകയും ഒന്നാമായിരാണ്ടു ദിവസത്തിന്റെ ഏതാണ്ട് ഒടുവോളം അവൻ ജീവിച്ച ശേഷം മരിക്കുകയും ചെയ്തു. അവന്റെ സന്തതി പരമ്പര തലമുറകളിലൂടെ ഉപരിയുപരി ദുർബലരായിത്തീർന്നു. (ശാസ്ത്രത്തിലും, ചികിത്സാവിധികളിലും, ആരോഗ്യസംരക്ഷണ നടപടികളിലും അഭിവൃദ്ധിപ്പെട്ടെങ്കിലും) ഇന്നു മനുഷ്യന്റെ ശരാശരി ആയുസ്സ് 35 വർഷം മാത്രമാണു. "ഏറെയായാൽ 80 സംവത്സരം; അതിന്റെ പ്രതാപമോ പ്രയാസവും ദുഃഖവും" അവർ ക്ഷണത്തിൽ ജീവനുള്ളവരുടെ ദേശത്തുനിന്ന് ഛേദിക്കപ്പെട്ടു. "വൈരിയുടെ ദേശത്തേക്ക് അതായത് മരണത്തിന്റെ മഹാകാരാഗൃഹത്തിലേക്ക് പോകുന്നു. ഈ തടവറയിൽ നമ്മുടെ വർഗ്ഗത്തിലെ രണ്ടായിരം കോടി പേർ ബന്ധിക്കപ്പെട്ടിരിക്കുന്നതായി കണക്കാക്കപ്പെടുന്നു." അവിടെ ദുഷ്ടന്മാർ പീഡനത്തിൽ നിന്നു വിരമിക്കുന്നു. ക്ഷീണിതന്മാർ വിശ്രമിക്കുന്നു. [യോബു 3:17-19]

(തുടരും)


ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു