ദൈവം അത്രമേൽ ലോകത്തെ സ്നേഹിച്ചു.
മരിച്ചവരെ സംബന്ധിച്ച നമ്മുടെ അന്വേഷണത്തിനു തിരുവെഴുത്തുകൾ മറുപടി നൽകുന്നു. ദിവ്യന്യായാസനം പാപത്തിനു വിധിച്ച മരണമാകുന്ന ശിക്ഷ തികച്ചും നീതിയുക്തമാണു എന്നു ഉറപ്പു നൽകുന്നതോടെ നമ്മുടെ സൃഷ്ടാവ് കാരുണ്യവാനും, ദീനദയാലുവും ആണെന്നും കൂടെ അതു വ്യക്തമാക്കുന്നു. ഒരു കണ്ണിനും ദയ തോന്നാതിരിക്കുകയും ഒരു കരവും നമ്മെ വീണ്ടെടുക്കാൻ ഇല്ലാതിരിക്കുകയും ചെയ്തപ്പോൾ അവന്റെ ഭുജം നമുക്കു രക്ഷ വരുത്തി. പാപം, രോഗം, വേദന എന്നിവയിൽ നിന്നു നമ്മെ വിടുവിക്കുന്നതിനും മരണത്തിന്റെ തടവറയിൽ നിന്നു മോചിപ്പിക്കുന്നതിനും ദൈവപുത്രന്മാരുടെ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നമുക്ക് യഥാസ്ഥാനത്താക്കുന്നതിനുമായി നീട്ടപ്പെട്ട യഹോവയിൻ ഭുജമായി തിരുവെഴുത്തുകൾ യേശുവിനെ ചൂണ്ടിക്കാണിക്കുന്നു. ഈ ദിവ്യകാരുണ്യം കൊണ്ടാണു നമ്മുടെ വീണ്ടെടുപ്പിനായി തക്ക കാലമായപ്പോൾ ദൈവം തന്റെ ഏകജാതനെ ഭൂമിയിലേക്കയച്ചത്. നമുക്കു വേണ്ടി മറുവില നൽകുന്നതിനും അവസാനമായി ദിവ്യകാരുണ്യം അംഗീകരിക്കുന്ന ആരെയും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനം വഴി വീഴ്ചയുടെ എല്ലാ അവശതകളിൽ നിന്നും വീണ്ടെടുക്കുന്നതിനും തന്നെ. എന്നാൽ നീതിയെ അവഗണിച്ചു കൊണ്ട് കരുണ കാണിപ്പാൻ ദൈവത്തിനു കഴിയുമായിരുന്നില്ല. യേശുവിൽ വിശ്വസിക്കുന്നവരെ നീതീകരിക്കുന്നവനാകുന്നതിനു ദൈവം നീതിമാനായിരിക്കുന്നത് ആവശ്യമായിരുന്നു. നീതി ആവശ്യപ്പെടുന്നപ്രകാരം പാപശിക്ഷയിൻകടം നമ്മുടെ വീണ്ടെടുപ്പുകാരൻ വഴി കൊടുത്തുതീർക്കേണ്ടിയിരിക്കുന്നു. തദനന്തരമേ വിടുതലിന്റെയും യഥാസ്ഥാപനത്തിന്റെയും വേല ആരംഭിക്കാൻ കഴിയു.
പാപത്തിന്റെ ശിക്ഷ എന്താണു; എന്തല്ല എന്നതിനെ സംബന്ധിച്ച നിരാക്ഷേപമായ തെളിവ് ഇവിടെയുണ്ട്. എങ്ങനെയെന്നാൽ നമ്മുടെ പാപത്തിന്റെ ശിക്ഷയാണു ക്രിസ്തു വഹിച്ചത് എന്നിരിക്കെ, അവനു എന്ത് നേരിട്ടു? അതു തന്നെയാണു പാപത്തിന്റെ ശിക്ഷ. അവൻ നമുക്കു വേണ്ടി എന്താണു ചെയ്തത്? അവൻ നമുക്ക് വേണ്ടി തന്റെ പ്രാണനെ നൽകി. "അവൻ നമ്മുടെ പാപങ്ങൾക്ക് വേണ്ടി മരിച്ചു", 'നീതിമാനായവൻ നീതി കെട്ടവർക്കു വേണ്ടി മരിച്ചു.", അവൻ തന്റെ ആത്മാവിനെ (നമ്മുടെ) പാപങ്ങൾക്കു പ്രായശ്ചിത്തമായി നൽകി". "അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു. (റോമ:5:8, 1 പത്രോ 3:18, 1 കൊരി:15:3, മത്താ 26:28, ഏശ 53:4-12)
പാപത്തിന്റെ ശിക്ഷ നിത്യദണ്ഡനമല്ല
നമ്മുടെ വീണ്ടെടുപ്പിനുള്ള വിലയായി ക്രിസ്തു നിത്യദണ്ഡനം അനുഭവിച്ചില്ല എന്നത് വ്യക്തമാണു. അതു കൊണ്ട് നിത്യദണ്ഡനമല്ല പാപത്തിന്റെ ശിക്ഷ. ശിക്ഷ എന്നതിനു തെളിവ് വേണമെങ്കിൽ അത് വേറെങ്ങും തേടേണ്ടതില്ല. ക്രിസ്തു നമ്മുടെ പാപങ്ങൾക്കായി മരിക്കുകയും നമുക്കുവേണ്ടിയുള്ള അവന്റെ ജീവബലി സ്വർഗ്ഗീയപിതാവ് അംഗീകരിക്കുകയും ചെയ്തു എന്നത് പാപം കൊണ്ട് നാം നഷ്ടപ്പെടുത്തിയത് നമ്മുടെ ജീവനാണെന്നു തെളിയിക്കുന്നു. ദിവ്യന്യായാസനം ഒരു വർഗ്ഗമെന്ന നിലയിൽ നമുക്കു വിധിച്ച ശിക്ഷ വധശിക്ഷ തന്നെ എന്നു വരുന്നു. മരണശിക്ഷക്ക് വിധിക്കപ്പെട്ട വർഗ്ഗം ഒന്നാകെ മൃതിയുടെ മഹാകാരാഗൃഹത്തിൽ, ശവക്കുഴിയിൽ ബന്ധിക്കപ്പെടുന്നു. ഈ മരണകാരാഗൃഹത്തെ (ശവക്കുഴിയെ)യാണു എബ്രയാ ഗ്രീക്ക് മൂലങ്ങളിൽ 'ഷീയോൽ' എന്നും 'ഹെഡീസ്' എന്നും യഥാക്രമം പറയുന്നത്. അതു കൊണ്ട് നമുക്ക് പ്രിയനായ വീണ്ടെടുപ്പുകാരൻ നമുക്ക് വേണ്ടി തന്റെ പ്രാണൻ ദാനം ചെയ്തപ്പോൾ 'ഷിയോലി'ൽ (ശവക്കുഴിയിൽ) പ്രവേശിച്ചു. അവൻ നമ്മുടെ സ്ഥാനം സ്വീകരിച്ചു. നമുക്ക് വേണ്ടി പാപത്തിന്റെ ശിക്ഷയായ മരണം അനുഭവിച്ചു.
ക്രിസ്തുവിന്റെ മരണം, മരണന്യായവിധിയിൽ നിന്ന് നമ്മെ വിലയ്ക്കു കൊള്ളുന്നതു പോലെ മരണത്തിൽ നിന്നുള്ള അവന്റെ പുനരുത്ഥാനം അവനെ അംഗീകരിച്ച് അനുസരിക്കുന്ന ആർക്കും നീതികരണത്തിന്റെ ഉറപ്പു നൽകുന്നു. മറുവിലയാഗം തികച്ചും ഊനമറ്റതായിരുന്നു എന്നു സ്വർഗ്ഗീയപിതാവ് തന്റെ അംഗീകാരം വഴി തെളിയിച്ചിരിക്കുന്നു. ക്രൂശിലെ മരണത്തോളം അനുസരണമുള്ളവനായിത്തീർന്ന സ്വപുത്രനെ പിതാവ് ഉയർപ്പിച്ചു. താമസിയാതെ പിതാവിന്റെ പ്രതിപുരുഷൻ എന്ന നിലയിൽ തന്റെ രക്തത്താൽ വീണ്ടു കൊള്ളപ്പെട്ട മുഴുവൻ ലോകത്തെയും അനുഗ്രഹിക്കുന്ന മഹാവേല അവൻ ആരംഭിക്കുകയും ചെയ്തു.
(തുടരും)
ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു ഈ വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു