നാം ആരെ വിശ്വസിക്കണം ദൈവത്തേയോ,സാത്താനേയോ?
ആധുനിക ഉപദേഷ്ടാക്കളും തിരുവെഴുത്തും തമ്മിൽ ഇവിടെ നേരിട്ടൊതിർപ്പിലാണു. മരിച്ചവർ ഒന്നും അറിയുന്നില്ല എന്ന തിരുവെഴുത്തും, അവർക്ക് എല്ലാം അറിയാമെന്ന് ആധുനിക വേദശാസ്ത്രജ്ഞന്മാരും. "നീ ചാകവെ ചാകും" എന്ന് പാപം മൂലം നമ്മുടെ വർഗ്ഗത്തിനു ദിവ്യ ന്യായാസനം വിധിച്ച ശിക്ഷ വാസ്തവത്തിൽ അനുഭവിച്ചു കൊണ്ട് മരിച്ചവർ യഥാർത്ഥത്തിൽ മരിച്ചിരിക്കുക തന്നെയാണെന്ന് വേദം അവകാശപ്പെടുന്നു. "നിങ്ങൾ നിശ്ചയമായും മരിക്കയില്ല" (ഉല്പ 3:4) എന്ന പിശാചിന്റെ വ്യാജ പ്രസ്താവനയെയാണു എതിർപക്ഷം അംഗീകരിച്ചിരിക്കുന്നത്. മരിച്ചവർ ജീവിച്ചിരിക്കുകയാണെന്ന് തെളിയിക്കാൻ അവർ ബദ്ധപ്പെടുന്നു. പാപത്തിനു ദൈവം വിധിച്ച ശിക്ഷ നടപ്പിലായില്ലെന്നും മരണം നമ്മുടെ വർഗ്ഗത്തിനു വന്നു കൂടിയ ശാപമോ ശിക്ഷയോ അല്ല, മറിച്ച് ഒരനുഗ്രഹവും പരിണാമ ഗതിയിലെ ഒരു ചുവടുവെയ്പും മാത്രമാണെന്നും അവർ വാദിക്കുന്നു. ഈ രണ്ട് സിദ്ധാന്തങ്ങളും തമ്മിൽ ധ്രുവങ്ങളോളം അന്തരമുണ്ട്. ഒന്നിന്റെ ഉപദേഷ്ടാവ് ദൈവം മറ്റേതിന്റെ ഉപദേഷ്ടാവ് ആദിമുതൽ ഭോഷ്ക്കുപറയുന്നവനായ പിശാചുമാണു [യോഹ 8:44] ഏതാണു നാം വിശ്വസിക്കേണ്ടത് ?
രക്ഷയുടെ മുഴുവൻ വ്യവസ്ഥയും ഈ ചോദ്യത്തോട് ബന്ധപ്പെട്ടതാണു. ആദാം വഴി പാപത്തിന്റെ ശിക്ഷയായി വന്നു ചേർന്നത് മരണം; അല്ലെങ്കിൽ പുനരുത്ഥാനം വഴി ക്രിസ്തുവിലൂടെ ദൈവം നൽകുന്ന പ്രതിഫലം അനുഗ്രഹവും " ജീവൻ സമൃദ്ധിയായി ജീവൻ" ആയിരിക്കുകയില്ല. ക്രൈസ്തവ ലോകം പൊതുവിൽ അംഗീകരിച്ചിരിക്കുന്നതും അവരുടെ മനസ്സിനെ കുരുടാക്കുന്നതിനു പ്രേരകവുമായ ഈ പൈശാചിക സിദ്ധാന്തം ഏതർത്ഥത്തിലും പാപത്തിന്റെ ശിക്ഷമരണമാണെന്ന ദിവ്യാജ്ഞക്ക് വിപരീതമാണു. ഈ ശിക്ഷാവിധിയിൽ നിന്നും മനുഷ്യനെ മോചിപ്പിക്കുവാൻ ക്രിസ്തു മരിച്ചു. മരിച്ചവരുടെ പുനരുത്ഥാനം വഴിയാണു ഈ മോചനം കൈവരുത്തുന്നത്. അപ്പോസ്തോലൻ, നാമെടുത്ത ആധാരവാക്യത്തിൽ പറയും പ്രകാരം അവർക്ക് മറ്റൊരു മാർഗ്ഗത്തിലും ഭാവി ജീവിതം ലഭിക്കുകയില്ല. ഈ ദൈവീക വ്യവസ്ഥകൾക്ക് വിപരീതമാണു പിശാചിന്റെ നിലപാട്.പിശാചിന്റെ സിദ്ധാന്തം കൊണ്ട് വരുന്നതാകട്ടെ മരണം ഒരനുഗ്രഹമാണു. മരണം കൊണ്ട് ജീവന്റെ പൂർണ്ണതയും സ്വാതന്ത്ര്യവും സന്തോഷവും കൈവരുന്നു. പുനരുത്ഥാനം ഒരു ശാപമാണു അത് ബന്ധനം, തടവ്, പ്രയാസം, പരിമിതി, വേദന, പീഢ എന്നിവയ്ക്ക് കാരണമാകുന്നു എന്നെല്ലാമാണു.
എതിരാളിയായ സാത്താന്റെ വഞ്ചനക്ക് വിധേയരായി ക്രൈസ്തവ മണ്ഡലത്തിലെ ഭൂരിപക്ഷം വേദശാസ്ത്രജ്ഞന്മാരും - ധൃതഗതിയിൽ അവരുടെ അസംഖ്യം അനുയായികളും ഏകമനുഷ്യനാൽ (ആദാം) മരണം വന്നതു പോലെ ഏകമനുഷ്യനാൽ (മനുഷ്യനായ ക്രിസ്തുയേശു) മരിച്ചവരുടെ പുനരുത്ഥാനവും വരുന്നു- ആദാമിൽ എല്ലാവരും മരിക്കുന്നതു പോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും - [1 കൊരി 15:21,22] എന്ന പാപപരിഹാരസിദ്ധാന്തം ഉപേക്ഷിച്ചു വരികയാണു.
(തുടരും)
ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു ഈ വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു