Sunday, June 24, 2012

ആത്മാവ് എന്നാൽ എന്ത് ?

"അവൻ അവരുടെ ആത്മാക്കളെ മരണത്തിൽ നിന്നും വിടുവിച്ചില്ല"
(സങ്കീ 78:50)

ദേഹത്തിനു മരണമുണ്ടെന്നും അതിനു നിരന്തരപോഷണം ആവശ്യമാണെന്നും അതു കൊണ്ട് തന്നെ അത് അക്ഷയമല്ലെന്നും എല്ലാവർക്കും അറിയാം. എന്നാൽ തിരുവെഴുത്തുകൾ ആത്മാവ് എന്നൊന്നിനെപ്പറ്റി പറയുന്നുണ്ടല്ലോ. ആ ആത്മാവ് നാശാതീതമായിരിക്കുമോ? ആത്മാവിനെ സൃഷ്ടിച്ച ശേഷം അതിനെ നശിപ്പിക്കാൻ സൃഷ്ടാവിനു കഴിയുകയില്ലന്നോ?

മറിച്ചു വിചാരിക്കാൻ മതിയായ തെളിവില്ലാത്ത കാലത്തോളം ഏതു സൃഷ്ടിയുടെയും ജീവൻ സൃഷ്ടാവിന്റെ ഇച്ഛയ്ക്ക് വിധേയമാനെന്നും യുക്തിബോധം നമ്മെ പഠിപ്പിക്കുന്നു. പലരും സങ്കല്പിക്കുന്ന പ്രകാരം തിരുവെഴുത്തുകൾ അമർത്യതയെപ്പറ്റി പറയുന്നില്ല. ഒരു വേദശബ്ദാവലിയെ അവലംബിച്ച് അമർത്യമായ ആത്മാവ് എന്ന പദം കണ്ടെത്താൻ ശ്രമിക്കുക. തിരുവെഴുത്തുകൾ പ്രഖ്യാപിക്കുന്നത് "ആത്മശരീരങ്ങൾ രണ്ടിനെയും നശിപ്പിക്കാൻ " ദൈവം ശക്തനാണത്രെ. "പാപം ചെയ്യുന്ന ആത്മാവോ അതു മരിക്കും" എന്നും അത് പറയുന്നു. മർത്യവും നശ്യവുമായതൊന്നും അമർത്യമോ മരണത്തിനതീതമോ അല്ല, മേലുദ്ധരിച്ച തിരുവെഴുത്തുകൾ തെളിയിക്കുന്നത് ശരീരം എന്ന പോലെ ആത്മാവും അമർത്യമല്ലെന്നാണു.

ഈ വിഷയം സംബന്ധിച്ച അബദ്ധധാരണകൾ

ആത്മാവ് എന്നാൽ പിന്നെ എന്താണു? നമ്മിൽ കുടികൊള്ളുന്ന നിർവചനാതീതമായ ഏതോ ഒന്ന് എന്നാനു അതിനെപ്പറ്റിയുള്ള സാമാന്യബോധം. എന്നാൽ അത് എന്തെന്നോ എവിടെ സ്ഥിതി ചെയ്യുന്നെന്നോ വിശദമാക്കാൻ ആരും മിനക്കെടുന്നില്ല. അജ്ഞാതമായ ഈ ഏതോ ഒന്നാണു ബോധവിശിഷ്ടനായ യഥാർത്ഥ മനുഷ്യൻ എന്നും ശരീരം അതിന്റെ വെറും കൂടോ ആയുധമോ ആണെന്നും വിശ്വസിച്ചു വരുന്നു. ഒരു മെതോഡിസ്റ്റ് വൈദികൻ ഒരിക്കൽ ആത്മാവിനു ഇങ്ങനെ ലക്ഷണം കല്പിക്കുകയുണ്ടായി; " അതിനു അകമോ പുറമോ ഇല്ല ശരീരമോ ആകൃതിയോ അവയവങ്ങളോ ഇല്ല. അവയെ കോടിക്കണക്കിനു ഒരു കൊച്ചു ചെപ്പിലൊതുക്കാം"- ശുദ്ധശൂന്യതയുടെ സ്വഭാവ വിവരണം!

ചിലർ സമർത്ഥിക്കാൻ ശ്രമിക്കുന്നത് പോലെ ശരീരമല്ല ആത്മാവ് "ആത്മശരീരങ്ങളെ രണ്ടിനെയും നശിപ്പിക്കാൻ ദൈവം ശക്തൻ " എന്ന ക്രിസ്തുവിൻ വചനം ഇതിനു തെളിവാണു. ഈ സ്ഥിതിക്ക് മനുഷ്യ സൃഷ്ടിയെ സംബന്ധിച്ച നിശ്വാസ്ത വചനം മുൻവിധി കൂടാതെ പരിശോധിക്കുക വഴി ഈ വിഷയം സംബന്ധിച്ച് കൂടുതൽ അറിവ് നേടാൻ നമുക്ക് കഴിയും.

മനുഷ്യന്റെ ആത്മാവ് എങ്ങനെ സൃഷ്ടിക്കപ്പെട്ടു?

ഉല്പ 2:7 ല് ഇങ്ങനെ എഴുതിയിരിക്കുന്നു. " യഹോവയായ ദൈവം നിലത്തെ പൊടികൊണ്ട് മനുഷ്യനെ നിർമ്മിച്ചിട്ട് അവന്റെ നാസാദ്വാരങ്ങളിൽ പ്രാണശ്വാസം ഊതി. മനുഷ്യൻ ജീവനുള്ള ആത്മാവായിത്തീർന്നു. ഇവിടെ പ്രാണശ്വാസം എന്നതിലെ പ്രാണശബ്ദം എബ്രായഭാഷയിൽ ബഹുവചനത്തിലാണു. സകല ജന്തുക്കളിലും സാധാരണമായിരിക്കുന്ന പ്രാണൻ തന്നെ."

ഈ വിവരണത്തിൽ നിന്നും വ്യക്തമാകുന്നിതിതാണു; ആദ്യം ദേഹം നിർമ്മിക്കപ്പെട്ടു. എന്നാൽ ചൈതന്യവത്താകും വരെ അത് മനുഷ്യൻ അഥവ ആത്മാവായിരുന്നില്ല. അതിനു കണ്ണുണ്ടായിരുന്നെങ്കിലും കാഴ്ചയോ കാതുണ്ടായിരുന്നെങ്കിലും കേൾവിയോ വായുണ്ടായിരുന്നെങ്കിലും സംസാരശേഷിയോ ഉണ്ടായിരുന്നില്ല. നാവുണ്ടായിരുന്നു. എന്നാൽ രുചി അറിഞ്ഞിരുന്നില്ല, നാസാരന്ധ്രങ്ങളുണ്ടായിരുന്നു, എന്നാൽ ഗന്ധബോധം ഇല്ലായിരുന്നു. രക്തമാകട്ടെ തണുത്ത് നിർജ്ജീവമായിരുന്നു. ശ്വാസകോശങ്ങൾ സ്പ്ന്ദിച്ചിരുന്നില്ല. അത് മനുഷ്യനായിരുന്നില്ല. ശവപ്രായമായ ഒരു ജഡവസ്തുമാത്രമായിരുന്നു.

മനുഷ്യസൃഷ്ടിയിലെ രണ്ടാം ഘട്ടം ഇങ്ങനെ വേണ്ടവണ്ണം "രൂപം കൊടുത്ത്" എല്ലാ നിലയിലും സുസജ്ജമാക്കിയ ദേഹം ചൈതന്യവത്താക്കുക എന്നതായിരുന്നു. "അവന്റെ മൂക്കിൽ ജീവശ്വാസം ഊതി" എന്ന വാക്കുകളിൽ ഈ വസ്തുഅത പ്രതിപാദിക്കുന്നു. ആരോഗ്യവാനായ ഒരുവൻ വെള്ളത്തിൽ മുങ്ങി ശ്വാസം മുട്ടി പ്രാണവ്യാപാരം താൽക്കാലികമായി നിലയ്ക്കുന്നു എന്നിരിക്കട്ടെ. അപ്പോൾ കൈകളും ശ്വാസകോശങ്ങളും ഒരു ഉലപോലെ പ്രവർത്തിച്ച് ചൈതന്യം വീണ്ടെടുക്കുകയും ചെയ്യാം. ആദാമിന്റെ സംഗതിയിൽ സൃഷ്ടാവിനു ഇങ്ങനെയൊന്നും ആയാസപ്പെടേണ്ടി വന്നില്ല. താൻ സൃഷ്ടിച്ച അവികലമായ ആ ശരീരം അന്തരീക്ഷത്തിലെ ജീവദായകമായ പ്രാണവായു നിഷ്പ്രയാസം ശ്വസിക്കാൻ തുടങ്ങി.

ചൈതന്യജനകമായ ശ്വാസോച്ഛാസം ആരംഭിച്ചതോടെ ശ്വാസകോശങ്ങൾ വികസിച്ചു. രക്താണുക്കളിൽ പ്രാണവായു ഉൾച്ചേർന്നു. രക്തം ഹൃദയത്തിലേക്ക് പ്രവേശിച്ചു. ഹൃദയം അതിനെ എല്ലാ ദേഹഭാഗങ്ങളിലേക്കും പ്രവഹിപ്പിച്ചു. തത്ഫലമായി മുമ്പ് തന്നെ സജ്ജീകൃതമെങ്കിലും നിഷ്ക്രിയമായിരുന്ന സിരകൾ ബോധവത്തും ചൈതന്യവത്തുമായിത്തീർന്നു. ക്ഷണത്തിൽ തലച്ചോർ ഊർജ്ജസ്വലമാകുന്നു. ചിന്ത, ധാരണം ,യുക്തിവിചാരം ,ദർശനം സ്പർശനം, ഘ്രാണം , വികാരം , രുചി ബോധം ഇവയെല്ലാം ആരംഭിക്കുന്നു. ഇതേവരെ മർത്യാകാരമായിരുന്ന ഇരു നിർജ്ജീവപിണ്ഡം ഇപ്പോൾ ഒരു മനുഷ്യനായി. ബോധവത്തായ ജീവിയായി. ആധാരവാക്യത്തിൽ പറയുന്ന "ജീവനുള്ള ആത്മാവ്" എന്ന അവസ്ഥാവിശേഷത്തിലെത്തി. വേറെ വിധത്തിൽ പറഞ്ഞാൽ "ജീവനുള്ള ദേഹി" (ആത്മാവ്) എന്നതിനു ഇന്ദ്രിയബോധവിശിഷ്ടമായ ജീവി എന്നു തന്നെയാണു അർത്ഥം. അതായത് പ്രജ്ഞയം ഇന്ദ്രിയബോധവും വിചാരശേഷിയുമുള്ള ജീവി എന്ന് തന്നെ.

ആദാമിന്റെ ശരീരം അന്യുനമായിരുന്നെങ്കിലും ജീവവൃക്ഷങ്ങളുടെ ഫലം ഭക്ഷിക്കുന്നതിനെ ആശ്രയിച്ചു വേണ്ടിയിരുന്നു ജീവസന്ധാരണം. അവൻ പാപം ചെയ്തപ്പോൾ ദൈവം അവനെ തോട്ടത്തിൽ നിന്ന് പുറന്തള്ളി. അവൻ കൈനീട്ടി ജീവവൃക്ഷങ്ങളുടെ ഫലം പറിച്ച് തിന്നു എന്നേക്കും ജീവിക്കാതിരിക്കേണ്ടതിനു തന്നെ. (ഉല്പ 3:22) എന്നേക്കും ജീവിക്കുന്നതിനു ആ വൃക്ഷഫലം തുടരെ ഭക്ഷിക്കേണ്ടിയിരുന്നു. ദൈവവചനത്തിൽ നിന്നുള്ള സത്യത്തിന്റെ വെളിച്ചത്തിൽ മൂടല്മഞ്ഞും അവ്യക്തതകളും ഓടിമറയുന്നത് കാണുക.

താണപടിയിലുള്ള ജീവികളും ആത്മാക്കൾ തന്നെ

താഴ്ന്ന പടിയിലുള്ള ജീവികളെയും തിരുവെഴുത്തുകൾ ആത്മാക്കൾ എന്നു വ്യവഹരിക്കുന്നതിന്റെ കാരണം ഇപ്പോൾ നമുക്ക് വ്യക്തമാകുന്നു. മനുഷ്യനെപ്പോലെ അവയും ബോധവത്തായ ജീവികളാണു. താഴ്ന്നപടിയിലാണെന്ന് മാത്രം. മനുഷ്യനെപ്പോലെ അവയ്ക്കും കാണാനും കേൾക്കാനും രുചിക്കാനും മണക്കാനും സ്പർശിക്കാനും കഴിയും. അതിന്റെ ശരീര ഘടനയുടെ നിലവാരത്തിനൊത്തവിധം യുക്തിവിചാരത്തിനും കഴിയും. അവയുടെ വിചാരമേഖല സങ്കുചിതവും പരിമിതവുമാണെന്നുമാത്രം. താഴ്ന്ന ജീവികളിൽ നിന്ന് വിഭിന്നമായ ഒരു ആത്മാവ് മനുഷ്യനുള്ളതല്ല ഇതിനു കാരണം. എന്തെന്നാൽ ജീവശക്തി എല്ലാറ്റിനും തുല്യമാണു. ജീവാധാരമായ ഉറവിടം ഒരേസൃഷ്ടാവ് തന്നെ. ജീവസന്ധാരണ രീതിയിലും ഭേദമില്ല. ഒരേ ഭക്ഷ്യപദാർത്ഥങ്ങൾ തന്നെ ദഹിച്ചു അതിന്റെ പ്രകൃതിക്ക് ചേർന്നവിധം രക്തവും മാംസപേശികളും അസ്ഥിയും മറ്റും ഉൽപ്പാദിതമാകുന്നു. വംശവർദ്ധനയിലും വ്യത്യാസമില്ല. ഓരോന്നും പ്രാരംഭത്തിൽ ഈശ്വരദത്തമായി ലഭിച്ച ജീവൻ സന്തതികളിലേക്ക് പകരുന്നു. ആകൃതിയിലും മാനികമായ കഴിവുകളിലുമാണു അന്തരമുള്ളത്.

മനുഷ്യൻ ആത്മാവ് അഥവ ബുദ്ധിയുള്ള ജീവിയാണെന്നും മൃഗങ്ങൾക്ക് ആത്മധർമ്മങ്ങളായ ബുദ്ധി വിചാരം, വികാരം ഇവ ഇല്ലെന്നും പറഞ്ഞ് കൂടാ. മറിച്ച് മനുഷ്യനും മൃഗത്തിനും ആത്മധർമ്മമായ ബുദ്ധി അഥവാ മനോവൃത്തികൾ ഉണ്ട്. തിരുവെഴുത്തുകളുടെ മാത്രം പ്രസ്താവമല്ലിത്. മേൽക്കാണുന്നത് പോലെ ആത്മശബ്ദത്തിന്റെ ശരിയായ അർത്ഥം മനസ്സിലാക്കുന്നതോടെ ഇതാണു വസ്തുതയെന്ന് ബോദ്ധ്യപ്പെടും.

ഉദാഹരണത്തിനു ഒരു ശ്വാവിന്റെ സൃഷ്ടിവിവരണം സങ്കൽപ്പിക്കുക. ആദാമിന്റെ കഥയിലെന്നപോലെ ആ സൃഷ്ടിയുടെ വിശദാംശങ്ങൾ വിചാരിച്ചു എന്നിരിക്കട്ടെ. രണ്ട് വിവരണങ്ങൾക്കും തമ്മിൽ എന്ത് വ്യത്യാസമുണ്ടായിരിക്കും. ? ശ്വാവിന്റെ ശരീരം ജീവശ്വാസം കൊണ്ട് ചൈതന്യവത്താകും വരെ ശ്വാവാകുന്നില്ല. അപ്പോൾ അത് മനോവൃത്തികളോടും ഇന്ദ്രീയ വ്യാപാരങ്ങളോടും കൂടിയ ജീവനുള്ള സൃഷ്ടിയായിത്തീരുന്നു. നായെന്നെ പേരിൽ അറിയപ്പെടുന്ന താഴ്ന്ന പടിയിലുള്ള ഒരു ജീവാത്മായി തന്നെ.

ജീവൻ പ്രാപിച്ചതോടെ ആദാം മനോവൃത്തികളോടും ഇന്ദ്രിയ വ്യാപാരങ്ങളോടും കൂടിയ ജീവനുള്ള സൃഷ്ടിയായി തീർന്നതു പോലെ തന്നെ. എന്നാൽ മനുഷ്യനെന്ന പേരിൽ ജഡജീവികളിൽ ഏറ്റവും ഉയർന്ന പടിയിലുള്ള ജീവാത്മാവാണെന്ന വ്യത്യാസം മാത്രം.

മനുഷ്യന്റെ സുക്ഷ്മതരമായ ശരീര ഘടന

മനുഷ്യനും മൃഗവും തമ്മിലുള്ള വലിയ അന്തരം രണ്ടിനെയും ചൈതന്യവത്താക്കുന്ന ജീവന്റെ സ്വഭാവഭേതത്തിലല്ലെങ്കിൽ വ്യത്യാസം കേവലം ശരീരത്തെ സംബന്ധിച്ചായിരിക്കുമോ? നിശ്ചയമായും അങ്ങനെ തന്നെ. പ്രാകൃതികമായ വ്യത്യാസം ശാരീരികമാണു. ഇതിനും പുറമേ തിരുവെഴുത്തിൽ മനുഷ്യൻ ഒരു ഭവിഷ്യായുസ്സിന്റെ വാഗ്ദാനവുമുണ്ട്. മൃഗങ്ങൾക്ക് ഇപ്രകാരമൊരു ഭാവി ജീവിതത്തിന്റെ വാഗ്ദാനമില്ല. കൂടാതെ അമൂർത്തവിഷയങ്ങൾ പര്യാലോചിക്കാൻ ഉള്ള ബുദ്ധിവിലാസവുമില്ല. മറ്റ് കാര്യങ്ങൾ മാറ്റമില്ലാത്തപക്ഷം മാനസിക ശക്തിയും ബുദ്ധിശക്തിയും തലച്ചോറിന്റെ വലുപ്പത്തെയും തൂക്കത്തെയും ആശ്രയിച്ചിരിക്കും. ഈ വിഷയത്തിൽ സൃഷ്ടാവ് മനുഷ്യനു മൃഗത്തെ അതിശയിക്കത്ത മേന്മ നൽകിയിട്ടുണ്ട്. മനുഷ്യനെ അപേക്ഷിച്ച് മൃഗങ്ങളുടെ തലച്ചോറിനു വലിപ്പം കുറയും. സ്വാർത്ഥവാസനകൾക്കേ അതിനു കഴിയു. അതിനെ സംബന്ധിച്ചിടത്തോളം ന്യായാന്യായ ബോധത്തിന്റെ അങ്ങേയറ്റത്തെ മാനദണ്ഡം അതിന്റെ യജമാനന്റെ ഇഷ്ടാനിഷ്ടങ്ങൾ മാത്രമാണു. മനുഷ്യരിലോ പ്രകൃതിയിലോ നിക്ഷിപ്തമായിരിക്കുന്ന മഹത്വം അതിനു ദുർഗ്രഹമാണു. അത് ഗ്രഹിക്കാൻ വേണ്ട പ്രതിഭാ വിലാസം സൃഷ്ടാവ് അവക്ക് നൽകിയിട്ടില്ല.

"വളരെ നല്ലത്" എന്ന് പരമ വിധികർത്താവ് പ്രസ്താവിക്കത്തക്കവിധം മനുഷ്യന്റെ ആദിമപൂർണ്ണത മഹത്തരമായിരുന്നു. (ഉല്പ 1:31. ആവ 35:4) എന്നാൽ അവൻ പാപമരണങ്ങളിൽ നിപതിച്ചതിന്റെ ഫലമായി ആ അവസ്ഥയ്ക്ക് മാറ്റം വന്നു. ചിലർ താഴ്ന്ന തരം വിചാരേന്ദ്രിയങ്ങളെ പ്രവർത്തിപ്പിക്കുകയും മേൽത്തരം ധിക്ഷണാശക്തികളെ അവഗണിക്കുകയും ചെയ്യുക വഴി അവയ്ക്ക് ആസ്ഥാനമായ മസ്തിഷ്ക്ക ഭാഗങ്ങൾ ശുഷ്ക്കമായിത്തീർന്നിരിക്കുന്നു. എങ്കിലും അതിനുള്ള ഇന്ദ്രിയം ഇല്ലാതില്ല. അതിനു ഇനിയും വികസന സാദ്ധ്യതയുണ്ട്. എന്നാൽ മൃഗങ്ങളുടെ കഥ ഇതല്ല. അവയിൽ പൂർണ്ണതയുടെ ഉച്ചസ്ഥാനത്തോളമെത്തിയിട്ടുള്ള വർഗ്ഗത്തിനു പോലും ആ മാനസിക സിദ്ധികളില്ല.

മേൽത്തരവും സൂക്ഷ്മതരവുമായ ഈ ജ്ഞാനേന്ദ്രിയങ്ങളാണു മനുഷ്യനെ ഇതര ജീവികളിൽ നിന്ന് വിഭിന്നമാക്കുന്നത്. മാംസാസ്ഥികൾ രണ്ടിനും ത്യുല്യം. രണ്ടും ഒരേ വായു ശ്വസിക്കുന്നു. ഒരേ വെള്ളം കുടിക്കുന്നു. ഭക്ഷ്യവസ്തുക്കളും വ്യത്യസ്തമല്ല. എല്ലാം ആത്മാക്കൾ അഥവ ബുദ്ധിയുള്ള സൃഷ്ടികൾ തന്നെ. മനുഷ്യനാകട്ടെ മെച്ചപ്പെട്ട ശരീരമുള്ളതിനാൽ ഉയർന്ന തോതിലുള്ള ധിക്ഷണാ വിലാസത്തിനു ഉടമയായിത്തീരുന്നു. അതു കൊണ്ട് സൃഷ്ടാവ് അവനെ തികച്ചും വ്യത്യസ്തമായ ഒരു പടിയിൽ പരിഗണിച്ച് പെരുമാറുന്നു. അവനു സൃഷ്ടാവിനോടുണ്ടായിരുന്ന ആദിമ സാദൃശ്യത്തിനു പാപം മൂലം സംഭവിച്ച അപകർഷത്തിന്റെ തോതനുസരിച്ചാണു അവനെ നാം മൃഗപ്രായനായി എണ്ണുന്നത്. മഹത്തരവും സംസ്ക്കാര ഭാസുരമായ മനോഭാവങ്ങൾ നഷ്ടപ്പെട്ട് മൃഗത്തോട് കൂടുതൽ അടുപ്പം കാണിക്കുന്ന അവസ്ഥ അവനു കൈ വരുന്നു.

വേദസാക്ഷ്യം.

വേദസാക്ഷ്യം ഇതിനോടൊക്കുന്നു. ഉല്പ 1:29,30ല് ഇങ്ങനെ എഴുതിയിരിക്കുന്നു. " ഇത് നിങ്ങൾക്ക് ആഹാരമായിരിക്കും. ജീവനുള്ള എല്ലാ ഭൂചര ജന്തുക്കൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഇഴജന്തുക്കൾക്കും കൂടെ. ഇവിടെ ഭൂചര ജന്തുക്കൾക്കും പറവകൾക്കും ഇഴജന്തുക്കൾക്കും ഉള്ളതായി പറയുന്ന ജീവൻ എന്നതിനു എബ്രയാമൂലത്തിൽ ഉളള പദം നെഫേഷ് കൈയാ എന്നതാണു. ഇതേ പദം തന്നെയാണു മനുഷ്യനെ സംബന്ധിച്ചും. അവൻ ജീവനുള്ള ആത്മാവായി" എന്ന് പ്രയോഗിച്ചിരിക്കുന്നത് മനുഷ്യനെന്ന പോലെ ഇതരജീവികൾക്കും ഒരേ ജീവാത്മാവ് തന്നെ എന്ന് ഇങ്ങനെ തെളിയുന്നു. വീണ്ടും ഉലപ് 1:20ല് " ജീവനുള്ള ചരിക്കുന്ന സൃഷ്ടികൾ വെള്ളത്തിൽ നിന്നുളവാകട്ടെ" എന്ന് നാം വായിക്കുന്നു. ഇവിടെയും ജീവൻ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രയാ മൂലപദം മുൻപറഞ്ഞ ജീവാത്മാവ് എന്നർഥമായ നെഫേഷ് കൈയാ എന്നത് തന്നെ. ജീവിതത്ത്വത്തിന്റെ വിഷയത്തിൽ മനുഷ്യനും മത്സ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി മൂക്കിൽ കൂടെ ശ്വസിക്കുന്ന ഇതര ജീവികളും തമ്മിൽ യാതൊരു ഭേദവുമില്ലെന്ന് ജലപ്രളയത്തിൽ സംഭവിച്ച നാശത്തെ സംബന്ധിച്ച വിവരണത്തിൽ നിന്ന് തെളിയുന്നു. (ഉല്പ 6:17; 7:15,22) " മനുഷ്യനും മൃഗത്തിനു രണ്ടിനും ശ്വാസം (എബ്രയപദം റൂഹ-ജീവാത്മാവ്; ഒന്നത്രെ എന്ന ശലോമൊന്റെ പ്രസ്താവം ഇതിനോട് പൂർണ്ണമായി യോജിക്കുന്നു." (സഭാ 3:19) മനുഷ്യന്റെ ആത്മാവ് മുകളിലേക്ക് പോകുന്നുവോ, ആർക്കറിയാം (സഭാ 3:21) എന്നവൻ ചോദിക്കുമ്പോൾ എന്നേ പ്രചാരത്തിലായിക്കഴിഞ്ഞിരുന്ന പുറജാതി സിദ്ധാന്തത്തെ അവൻ എതിർക്കുകയാണു. മരിച്ചു എന്ന് തോന്നുമ്പോഴും മരണം അസാദ്ധ്യമാക്കുന്ന ഏതോ സഹജഗുണം അവനിലുണ്ടെന്നതായിരുന്നു ഈ സിദ്ധാന്തം. ഈ വാദത്തിനു എന്ത് തെളിവുണ്ട്. എങ്ങനെ സമർത്ഥിക്കാം എന്ന് ജ്ഞാനിയായ ശലോമൊൻ വെല്ലു വിളിക്കുന്നു. 19-ഉം 20-ഉം വാക്യങ്ങളിൽ അവൻ ഈ വിഷയം സംബന്ധിച്ച സത്യം പ്രസ്താവിച്ചിരിക്കുന്നു. അതിനെ തുടർന്നാണു തെളിവുകൾ ഹാജരാക്കുകയോ അല്ലാത്ത പക്ഷം തത്സംബന്ധമായ ആജ്ഞത സമ്മതിക്കയോ ചെയ്യാൻ അവൻ മറ്റുള്ളവരെ വെല്ലു വിളിക്കുന്നത്

(തുടരും)