Monday, August 13, 2012

ആത്മാവ് എന്നാൽ എന്ത് - രണ്ടാം ഭാഗം

മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസങ്ങൾ

മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം ശ്വാസത്തിന്റെയോ ജീവന്റെയോ തരഭേദത്തിലല്ല, ശരീരത്തിന്റെ സ്വഭാവത്തിലാണു. മറ്റ് ജീവികളെ അപേക്ഷിച്ചു വിശിഷ്ടതരമാണു അവന്റെ ശരീരം. ധാർമ്മികവും ബുദ്ധിപരവുമായ കഴിവുകളും ഗുണവിശേഷങ്ങളും സംബന്ധിച്ച് അവൻ സൃഷ്ടാവിന്റെ പ്രതിമയായിരിക്കുന്നു. ദേഹപ്രകൃതിപ്രമാണിച്ചാകട്ടെ മനുഷ്യൻ ജഡമയനായിരിക്കെ സൃഷ്ടാവ് ആത്മശരീരിയായിരിക്കുന്നു. മുമ്പ് തന്നെ വ്യക്തമാക്കിക്കഴിഞ്ഞ പ്രകാരം ഭാവിജീവിതത്തെ സംബന്ധിച്ച് മനുഷ്യന്റെ പ്രത്യാശയ്ക്കടിസ്ഥാനം പ്രകൃത്യാ അവനിൽ അന്തർഭവിച്ചിരിക്കുന്ന ഏതെങ്കിലും ഗുണവിശേഷമല്ല. മറിച്ച് മഹാവീണ്ടെടുപ്പുകാരൻ മൂലം ഏവരെയും മരണത്തിൽ നിന്നുദ്ധരിക്കുന്നതിനുള്ള സൃഷ്ടാവിന്റെ കാരുണ്യ വ്യവസ്ഥയാണു. തുടർന്ന് പുതിയ ഉടമ്പടിയുടെ വ്യവസ്ഥകൾക്ക് വിധേയമായി പുനരുത്ഥാനം വഴി ആഗ്രഹിക്കുന്നവർക്കെല്ലാം നിത്യജീവൻ കണ്ടെത്തുന്നതിനും തദ്വാര കഴിയുന്നതാണു.

നമ്മുടെ വീണ്ടെടുപ്പുകാരൻ " തന്റെ ആത്മാവിനെ (ജീവൻ) മരണത്തിനു ഒഴുക്കിക്കളഞ്ഞു" അവൻ തന്റെ ആത്മാവിനെ (ജീവൻ) ഒരു അകൃത്യയാഗമാക്കി. (യെശ 53:10-12) അവൻ തന്റെ ആത്മാവിനെ (ജീവൻ) ഒരു അകൃത്യയാഗമാക്കി അർപ്പിച്ചിട്ട് ആ വിശിഷ്ടരക്തം കൊണ്ട് ആദാമിന്റെ ആത്മാവിനെയാണു (അവന്റെ സന്താനപരമ്പരയുടെയും) വിലയ്ക്ക് വാങ്ങിയത്. ഇങ്ങനെ നോക്കുമ്പോൾ സൃഷ്ടമായത് ദേഹി, അകൃത്യയാഗമായത് ദേഹി, വീണ്ടുകൊള്ളപ്പെട്ടത് ദേഹി, പുനരുത്ഥാനത്തിൽ ഉണർത്തപ്പെടേണ്ടതും ദേഹി.

അതേ ശരീരം തന്നെയോ തിരികെ കിട്ടുന്നത് ?


പലരും ഊഹിക്കുന്നത് അടക്കപ്പെട്ട ശരീരം തന്നെ അണുവിനു അണുവായി തിരികെ നൽകപ്പെടുമെന്നാണു. ഇതിനു വിപരീതമായി അപ്പൊസ്തോലൻ പറയുന്നത് " നീ വിതയ്ക്കുന്നത് (മരണത്തിൽ) ഉണ്ടാകുവാനുള്ള ശരീരമല്ല" എന്നത്രെ. പുനരുത്ഥാനത്തിൽ ഓരോ ദേഹിക്കും സൃഷ്ടാവ് തന്റെ അപ്രമേയജ്ഞാനത്തിനു യുക്തമെന്ന് തോന്നുന്ന ശരീരം നൽകും. സുവിശേഷ യുഗത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന സഭയ്ക്ക് ആത്മശരീരം ലഭിക്കും. യഥാസ്ഥാപനം പ്രാപിക്കുന്ന വിഭാഗത്തിനു മണ്മായ ശരീരം നൽകപ്പെടും. എന്നാൽ മരണത്തിൽ പരിത്യജിച്ച അതേ ശരീരമല്ല. (1. കൊറി 15:37, 36)

ആദാമിന്റെ സൃഷ്ടിയിൽ കാണും പ്രകാരം ശരീരത്തിന്റെയും ജീവശ്വാസത്തിന്റെയും യോഗഫലമായി ആത്മാവ് അഥവാ ജീവി ഉളവാകുന്നു. അതു കൊണ്ട് ഏതെങ്കിലും കാരണവശാൽ അവയ്ക്ക് വിയോഗം ഭവിക്കുമ്പോൾ ജീവി ഇല്ലാതാകുന്നു. വിചാര വികാരങ്ങൾ അവസാനിക്കുന്നു. ആത്മാവ് അഥവാ സചേതന സത്വം നശിക്കുന്നു. ശരീരം മുമ്പിരുന്ന പ്രകാരം പൊടിയിലേക്ക് മടങ്ങുന്നു. അവനിൽ നിന്നാണല്ലോ അത് ആദാമിനും അവനിലൂടെ സന്തതിപരമ്പരയ്ക്കും ലഭിച്ചത്(സഭാ-12:7) പ്രത്യുല്പാദനത്തിലെന്നപോലെ അത് വീണ്ടും മനുഷ്യന്റെ നിയന്ത്രണത്തിനധീനമോ ദിവ്യശക്തി കൊണ്ടല്ലാതെ വീണ്ടെടുക്കാവുന്നതോ അല്ലെന്ന അർത്ഥത്തിലാണു അത് ദൈവത്തിങ്കലേക്ക് മടങ്ങുന്നു എന്ന് പറയുന്നത്. ഈ വസ്തുത അംഗീകരിച്ച് കൊണ്ടാണു കർത്താവിങ്കൽ നിന്ന് ഉപദേശം ലഭിച്ചവർ ഉയിർപ്പുമൂലമുള്ള ഭവിഷ്യായുസ്സിനെ സംബന്ധിച്ച പ്രത്യാശ ദൈവത്തിലും ഇപ്പോൾ അവനാൽ അത്യന്തം ഉയർത്തപ്പെട്ടിരിക്കുന്നം അവന്റെ പ്രതിപുരുഷനായ ക്രിസ്തുവിലും അർപ്പിച്ചിരിക്കുന്നത്(ലൂക്കൊ 23:46; അപ്പൊ 7:59) ആ നിലയ്ക്ക് ഒരു മറുവിലയും പുനരുത്ഥാന വാഗ്ദാനവും വഴി മനുഷ്യന്റെ ഭവിഷ്യായുസിനു ദൈവം വഴിയൊരുക്കാതിരുന്നെങ്കിൽ മരണം മനുഷ്യവർഗ്ഗത്തിന്റെ പ്രതീക്ഷകൾക്കാകെ അന്ത്യം കുറിക്കുമായിരുന്നു. (1 കൊറി 15:14-16)

മനുഷ്യൻ വീണ്ടും ജീവിക്കും


നാം വീണ്ടും ജീവിക്കുന്നതിനു ദൈവം ഇപ്രകാരമൊരു മാർഗ്ഗം തുറന്നിരിക്കുന്നു.അവൻ തറ്റ്നെ കരുണാപൂർവ്വമായ നിർണ്ണയം അറിയുമാറാക്കിയതിൽ പിന്നെ പ്രസ്തുത വിഷയം സംബന്ധിച്ച് വിവേകപൂർവ്വം പ്രതിപാദിക്കുകയും എഴുതുകയും ചെയ്തിട്ടുള്ള എല്ലാവരും ഏകസ്വരത്തിൽ മരണസന്ധ്യക്കും പുനുരുത്ഥാന പുലരിക്കും മദ്ധ്യേ ദേഹി അബോധാവസ്ഥയിൽ ഇരിക്കുന്ന ഇടവേളയെ നിദ്ര എന്ന് വിശേഷിപ്പിക്കുന്നു. നിശ്വസ്തരായ വേദലേഖകന്മാർ ഇതിനു ദൃഷ്ടാന്തമാണു. തീർച്ചയായും നിദ്രയുടെ സാദൃശ്യം വളരെ യോജിച്ചത് തന്നെ. അവർ ഉണരുന്ന മുഹൂർത്തം അവർ മരണ നിദ്രയിൽ പ്രവേശിച്ചതിന്റെ ഉത്തരക്ഷണമെന്നേ തോന്നു. കാരണം ദൂതന്മാർ കാലഗതിയെപ്പറ്റി തെല്ലും ബോധവാന്മാരല്ലല്ലോ.

ഉദാഹരണത്തിനു ലാസറിന്റെ മരണത്തെ പരാമർശിച്ച് നമ്മുടെ കർത്താവ് പറഞ്ഞു. " നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു. ഞാനവനെ നിദ്രയിൽ നിന്നുണർത്താൻ പോകുന്നു." ഇതിന്റെ അർത്ഥം ശിഷ്യന്മാർ ദുർഗ്രഹമായി തോന്നിയത് കൊണ്ട് പിന്നീട് ഗുരുസ്പ്ഷടമായി പറഞ്ഞു: " ലാസർ മരിച്ചിരിക്കുന്നു." (യോഹ 11:11)മരണശേഷവും മനുഷ്യൻ ബോധാവസ്ഥയിൽ കഴിയുന്നു എന്ന സിദ്ധാന്തം വാസ്തവമായിരുന്നെങ്കിൽ ആ നാലു ദിവസത്തെ അനുഭവങ്ങളുടെ വിവരണത്തിനു ലാസർ മുതിരാതിരുന്നത് വിചിത്രമായി തോന്നുന്നില്ലേ?കർത്താവ് അവനെ നമ്മുടെ സ്നേഹിതൻ എന്ന് വിശേഷിപ്പിക്കുന്നത് കൊണ്ട് അവൻ നരകയാതനയിലായിരുന്നു എന്നാരും വാദിക്കയില്ല, മറിച്ചവൻ സ്വർഗ്ഗീയ സൗഭാഗ്യത്തിലായിരുന്നെങ്കിൽ കർത്താവ് അവനെ ഒരിക്കലും മടക്കിവിളിക്കിലായിരുന്നു. അത് സുഹൃത്ത്ധർമ്മമല്ലല്ലൊ. എന്നാൽ കർത്താവ് പ്രസ്താവിച്ച പ്രകാരം. ലാസർ ഉറങ്ങുകയായിരുന്നു. അവൻ അവനെ ജീവിതത്തിലേക്ക് അഥവ ബോധാവസ്ഥയിലേക്ക് ഉണർത്തി. അവന്റെ ആത്മാവ് അഥവ ബോധജീവിത്വം തിരിച്ചു വന്നു. ഇത് തീർച്ചയായും ലാസറിന്റെയും സുഹൃത്തുക്കളുടെയും ദൃഷ്ടിയിൽ സ്വാഗതാർഹമായ ഒരു കാരുണ്യമായിരിക്കും.

മരിച്ചവർ നിദ്രകൊള്ളുന്നതായി വർണ്ണിക്കപ്പെടുന്നു.


ഉണർത്തലിനും പുനരുത്ഥാനത്തിനും പുലരിയോടുള്ള താരതമ്യം കൊണ്ട് നാം ജീവിക്കുന്ന ഇക്കാലം മരണത്തിന്റെയും നിദ്രയുടെയും രാത്രിയാണെന്ന ആശയം തിരുവെഴുത്തുകളിൽ ഉടനീളം വ്യാപിച്ചിരിക്കുന്നു."സന്ധ്യയിങ്കൽ കരച്ചിൽ വന്ന് രാപാർക്കും. ഉഷസ്സിങ്കലോ ആനന്ദഘോഷം വരുന്നു." (സങ്കീ 30:5) ഒന്നാമത്തെ രക്തസാക്ഷിയായ സ്തെഫനാസിനെ സംബന്ധിച്ച് ലൂക്കൊസ് രേഖപ്പെടുത്തുന്നത് "അവൻ നിദ്രപ്രാപിച്ചു" എന്നത്രെ. അന്തോഖ്യായിൽ വെച്ചുള്ള പൗലോസിന്റെ പ്രസംഗത്തിലും ഉചിതവും ആശാവഹവും ആശ്വാസദായകവുമായ ഇതേ അലങ്കാരപ്രയോഗം കാണാം. " ദാവീദ് നിദ്രപ്രാപിച്ചു " (അപ്പൊ പ്ര 7:60; 13:36) വി പത്രോസും ഇങ്ങനെ തന്നെ പറയുന്നു. "പിതാക്കന്മാർ നിദ്രകൊണ്ട ശേഷം" ( 2 പത്രൊ 3:4) താഴെ കൊടുക്കുന്ന വേദഭാഗങ്ങളിൽ കാണും പ്രകാരം വി പൗലോസും ഇത് ആവർത്തിക്കുന്നു.

"അവരിൽ അധികപേരും ഇന്നുവരെ ഉണ്ട്. എന്നാൽ ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു." (1 കൊരി 15:6)
"പുനരുത്ഥാനം ഇല്ലെങ്കിൽ ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ച് പോയി" (1 കൊരി 15, 13,16) എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരിൽ നിന്ന് ഉയർത്തിരിക്കുന്നു." (1 കൊരി 15:20)
"കണ്ടാലും, ഞാൻ ഒരു മർമ്മം നിങ്ങളോട് പറയാം. നാം എല്ലാവരും നിദ്രകൊള്ളുകയില്ല." (1 കൊരി 15-5)
"സഹോദരന്മാരെ, നിങ്ങൾ നിദ്രകൊള്ളുന്നവരെക്കുറിച്ച് അജ്ഞരായിരിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു."(1 തെസ്സ 4:13)
"യേശുവിൽ നിദ്രകൊള്ളുന്നവരെയും ദൈവം അവനോട് കൂടെ (അവൻ മൂലം) (മരണത്തിൽ നിന്നുമടക്കി) വരുത്തും" (1 തെസ്സ 4:14)
രാജ്യത്തിന്റെ അഥവാ പുനരുത്ഥാനത്തിന്റെ കാലമായിക്കഴിഞ്ഞാൽ "കർത്താവിന്റെ സാന്നിദ്ധ്യം വരെ ജീവനോടെ ശേഷിക്കുന്ന നാം നിദ്രകൊണ്ടവർക്ക് മുമ്പാകയില്ല." (1 തെസ്സ 4:15)

ക്രിസ്തുവിൻ നാൾ അഥവാ സഹസ്രാബ്ദദിനം എന്നർത്ഥമായ കർത്താവിന്റെ ദിവസത്തെ പ്രതീക്ഷിച്ച് കൊണ്ട് അവർ സമാധാനത്തിൽ നിദ്ര അടഞ്ഞു. അവർ അവങ്കൽ ഭാരമേൽപ്പിച്ചതിന്റെ ആ നാളിലേക്ക് കാപ്പാൻ അവർ പ്രാപ്തനെന്ന് അവർ ഉറപ്പായി നിണ്ണയിച്ചിരിക്കുന്നു. (1 തിമോ 1:12) പുനരുത്ഥാനത്തിന്റെ സുവിശേഷം ദൈവം ഇദംപ്രദമായി അബ്രഹാമിനോട് ഘോഷിച്ച സമയം മുതൽ ഈ ആശയം പഴയ നിയമത്തിലും ഉടനീളം കാണാം. " അവൻ തന്റെ പിതാക്കന്മാരോട്കൂടി നിദ്രകൊണ്ട്" എന്ന പ്രയോഗം പഴയനിയമത്തിൽ സർവ്വസാധാരണമാണു. എന്നാൽ ഈ വസ്തുത യോബ് വളരെ ശക്തമായ ഭാഷയിൽ ഇങ്ങനെ പറായുന്നു. "ഹാ, നിന്റെ ക്രോധം കടന്നു പോകും വരെ ഒളിവിൽ ഇരിക്കേണ്ടതിനു എന്നെ നീ ശവകുടീരത്തിൽ മറച്ചു വെച്ചിരുന്നെങ്കിൽ!"
ഇവിടെ പറയുന്ന ദൈവത്തിന്റെ ക്രോധകാലം മരണം നിലവിലിരിക്കുന്ന വർത്തമാനകാലം തന്നെ. ആദ്യലംഘനം മൂലം മരണമാകുന്ന മഹാശാപം എല്ലാവരുടെമേലും വാഴുന്നത് കൊണ്ട് തന്നെ അങ്ങനെ പറയുന്നത്. എങ്ങനെ ആയാലും ശാപം യഥാകാലം ദുരികരിക്കപ്പെടുമെന്നും ഉദ്ധാരകൻ വഴി ഭൂഗോത്രങ്ങളെല്ലാം അനുഗ്രഹിക്കപ്പെടുമെന്നും ഉള്ള വാഗ്ദാനം നമുക്കുണ്ട്. അതു കൊണ്ട് ജോബ് തുടർന്ന് പറയുന്നു. " എനിക്ക് മാറ്റം വരുവോളം നിശ്ചിത കാലാവധി മുഴുവൻ ഞാൻ കാത്തിരിക്കും. (അപ്പോൾ) നിലവിളിക്കും." ( യോഹ 5:25)" ഞാൻ ഉത്തരം നൽകും. നിന്റെ കൈകളുടെ പ്രവൃത്തിയോട് നിനക്ക് താല്പര്യം ഉണ്ടാക്കും." (യോബ് 14:13-15) പുതിയ നിയം കാലഘട്ടത്തിൽപ്പെട്ട നമുക്കാകട്ടെ ഇതേപ്പറ്റി കർത്താവിന്റെ പ്രസ്താവനയുണ്ട്. "കല്ലരകളിൽ ഉള്ളവർ എല്ലാവരും ദൈവപുത്രന്റെ ശബ്ദം കേൾക്കും"(യോഹ 5:26,29) ഉണരുന്നതിനും ദൈവത്തെ സംബന്ധിച്ച പൂർണ്ണപരിജ്ഞാനത്തിലേക്കും നിത്യജീവൻ നേടുന്നതിനുള്ള മതിയായ അവസരത്തിലേക്കും എത്തുന്നതിനുമായി വിളിക്കുന്ന ശബ്ദം തന്നെ.

മെഴുകുതിരിയുടെ ദൃഷ്ടാന്തം

മനുഷ്യരുടെയും ജന്തുക്കളുടെയും ശരീരാത്മ ദേഹികളെ ലളിതവും എളുപ്പം മനസ്സിലാക്കാവുന്നതുമായ ഒരു ദൃഷ്ടാന്തം കൊണ്ട് വിശദീകരിക്കാം. ഉദാഹരണത്തിനു നിർജ്ജീവമായ ശരീരത്തെ കത്തിക്കാത്ത മെഴുകുതിരിയോട് ഉപമിക്കാം. തിരികൊളുത്തുന്നത് ആദിയിൽ സൃഷ്ടാവിൽനിന്നും കൈ വന്ന ജീവദാനത്തിന്റെ സ്ഥാനത്ത് കൽപ്പിക്കാം. നാളം അഥവ പ്രകാശം ഇന്ദ്രീയ വ്യാപാരങ്ങളോട് കൂടിയ ജീവി അഥവ ആത്മാവിനു തുല്യാമാണു. ജ്വാലയുടെ സന്ധാരണം അന്തരീക്ഷത്തിലെ പ്രാണവായുവിനു മെഴുകുതിരിയിൽ കരിയുമായുള്ള രാസയോഗത്തെ ആശ്രയിച്ചിരിക്കുന്നു. അതു പോലെ ജീവശ്വാസം അഥവ ജീവശക്തി ശരീരത്തിൽ പ്രവർത്തിക്കുന്നതിന്റെ ഫലമാണു ആത്മാവ് അഥവ ചേതനധർമ്മങ്ങളോട് കൂടിയ ജീവി. അപകടവശാൽ മെഴുകുതിരി നശിച്ചു പോകുന്ന പക്ഷം ജ്വാല നിശ്ചയമായും അണഞ്ഞു പോകും. അങ്ങനെ തന്നെ മനുഷ്യന്റെയാകട്ടെ മൃഗത്തിന്റെയാകട്ടെ ദേഹത്തിനും രോഗബാധയാലൊ അപകടത്താലോ നാശം നേരിട്ടാൽ ആത്മാവ് ബോധവത്തായ ജീവി അവശേഷിക്കില്ല.
അഥവ ഒരു തീ കെടുത്തി കൊണ്ടോ അടനാഴി ഉപയോഗിച്ചോ വെള്ളത്തിൽ മുക്കിയിട്ടോ ജ്വാലയുമായുള്ള വായുബന്ധം വിച്ഛദിച്ചാക് തിരികേടുപാടുകൂടാതെയിരുന്നാലും ജ്വാല കെട്ടത് തന്നെ. അപ്രകാരം തന്നെ കുടിച്ചു മുട്ടിയോ വായുസഞ്ചാരത്തിനു പ്രതിബന്ധം നേരിട്ടോ ജീവശ്വാസം തടസ്സപ്പെട്ടാൽ ദേഹത്തിനു താരതമ്യേന തകരാറൊന്നുമില്ലാതിരുന്നാലും ആത്മാവ് ജീവൻ അഥവ ആസ്തിക്യം അവസാനിക്കുന്നു. മനുഷ്യനായാലും മൃഗമായാലും ഇക്കാര്യത്തിൽ ഭേദമില്ല. കത്തിയ തീയിൽ നിന്ന് അനുകൂല സാഹചര്യങ്ങളിൽ മറ്റ് തിരികളിലേക്ക് ജ്വാലപകരാം. അതു പോലെ മനുഷ്യ ശരീരത്തിനും ജന്തു ശരീരത്തിനും ചേതനാവസ്ഥയിൽ ഒരു ജീവാത്മായിരിക്കെ ദിവ്യവ്യവസ്ഥാനുസരണം മറ്റാത്മാക്കൾക്ക് അഥവ സന്താനങ്ങൾക്ക് ജന്മം നൽകാൻ കഴിയും എന്നാൽ ജ്വാല ഒരിക്കൽ അണഞ്ഞു പോയാൽ തിരിക്കു വീണ്ടും സ്വയം ജ്വലിക്കുന്നതിനോ മറ്റ് തിരികളിൽ ജ്വാലപകരുന്നതിനോ കഴിയാത്ത പ്രകാരം ജീവസ്ഫുലിംഗം ഒരിക്കൽ കെട്ടു പോയാൽ മനുഷ്യനായാലും മൃഗമായാലും സചേതനസത്വം ഇല്ലാതാകുന്നു. വിചാര വികാര പ്രത്യുൽപ്പാദനശക്തികളാകെ അസ്തമിക്കുന്നു.

യാക്കോബിന്റെ മക്കളെപ്പറ്റിയുള്ള പ്രസ്താവം ഇതിനോട് യോജിക്കുന്നു. യാക്കോബിന്റെ കടിപ്രദേശത്ത് നിന്നുത്ഭവിച്ച ദേഹികൾ (ആത്മാക്കൾ) എല്ലാം കൂടെ എഴുപത് പേർ ആയിരുന്നു. (പുറ 1:5) ജീവസ്ഫുലിംഗവും ശരീരഘടനയും ജീവശരീരങ്ങളുടെ യോഗഫലമായി ആത്മാവ് അഥവാ ഇന്ദ്രീയ ബോധവിശിഷ്ടനായ ജീവി എന്ന അവസ്ഥയും യാക്കോബിനു ലഭിച്ചത് ഇസഹാക്കിൽ നിന്നാണു. അവിടെ നിന്നു നാം ആദാമിലെത്തുന്നു. ആദാമിനു മാത്രമാണു ദൈവം നേരിട്ടു ജീവദാതാവായിട്ടുള്ളത്. യാക്കോബ് ജീവനും ദേഹവും ആത്മാവും സന്തതികൾക്ക് പകർന്നു കൊടുത്തു. മുഴുവൻ മാനവരാശിയെ സംബന്ധിച്ചും ഇങ്ങനെ തന്നെ.

ഒരു മെഴുകുതിരി വീണ്ടും കത്തിക്കാൻ അതിനുശേഷിയുള്ള ആർക്കും സാധിക്കും എന്നാൽ ജീവസ്ഫുലിംഗം അണയുന്നതോടെ ദിവ്യനിയോഗപ്രകാരം മനുഷ്യശരീരം അഴിഞ്ഞ് പോകുന്നു. അതിന്റെ എടുത്ത പൂഴിയിലേക്ക് അത് മടങ്ങുന്നു. അമാനുഷികശക്തി അഥവ ഒരു അത്ഭുതം കൊണ്ടല്ലാതെ ജീവന്റെ ദീപ്തി വീണ്ടും കൊളുത്താനാവുകയില്ല. തന്മൂലം പുനരുത്ഥാന വാഗ്ദാനമെന്നത് ജീവന്റെ നാളം പിന്നെയും കൊളുത്തുമെന്ന വാഗ്ദാനം തന്നെ, അതായത് ആത്മാവിന്റെ അഥവ ആസ്തക്യത്തിന്റെ പുനരാവിഷ്ക്കരണം തന്നെ. ജീവശരീരങ്ങളുടെ പുനർയോഗം കൊണ്ടല്ലാതെ വീണ്ടും ഒരു ആത്മാവ് അഥവ ജീവി ഉണ്ടാകാൻ വഴിയില്ലാത്തത് കൊണ്ട് പുനരുത്ഥാന വാഗ്ദാനത്തിൽ പുതിയ ശരീരങ്ങളുറ്റെ വാഗ്ദാനവും അന്തർഭവിച്ചിരിക്കുന്നു. മണ്ണിലേക്ക് മടങ്ങിച്ചേരുന്ന മനുഷ്യശരീരങ്ങൾ തിരിച്ച് നൽകപ്പെടുന്നില്ലെന്നും പുനരുത്ഥാനത്തിൽ ദൈവം തനിക്ക് യുക്തമെന്ന് തോന്നുന്ന വിധമുള്ള പുതിയ ശരീരങ്ങൾ പ്രദാനം ചെയ്കയാണെന്നു, തിരുവെഴുത്തുകൾ ഇങ്ങനെ നമുക്ക് ഉറപ്പ് തരുന്നു.

പുനരുത്ഥാനത്തിൽ മാനുഷമോ ജഡീയമോ അല്ലാതെ ആത്മീയമായ് പുതിയൊരു പ്രകൃതിയ്ക്ക് അർഹരായ ഒരു പ്രത്യേക വിഭാഗം ഉണ്ടായിരിക്കുമെന്ന് ഈ പ്രകൃതത്തിൽ അപ്പൊസ്തലൻ നമുക്ക് ഉറപ്പ് നൽകുന്നു. നമുക്ക് പ്രതീക്ഷിക്കാവുന്നത് പോലെ ഈ വലിയ പ്രകൃതിമാറ്റം സാധ്യമാകുന്നത് അവർക്ക് വ്യത്യസ്ത സ്വഭാവമുള്ള ശരീരം പ്രദാനം ചെയ്കവഴിയാണു. മെഴുകുതിരിയുടെ ദൃഷ്ടാന്തം ഇവിടെയും യോജിക്കും. ജഡസ്വഭാവത്തിലുള്ള മനുഷ്യപ്രകൃതിയെ എണ്ണത്തിരിയോട് സാദൃശ്യപ്പെടുത്താമെങ്കിൽ ആത്മീയമായ പുതിയ പ്രകൃതിയിലുള്ള ശരീരത്തെ ഉജ്ജ്വലപ്രഭമായ മെഴുകുതിരിയോടോ വൈദ്യുത ദീപ്തിയോടോ ഉപമിക്കാം. പുനരുത്ഥാനത്തിന്റെ ഈ ഉറപ്പ്, ജ്ഞാനത്തിലും ശക്തിയിലും നമ്മുറ്റെ സൃഷ്ടാവിൽ താഴെയായ ആരിൽനിന്നെങ്കിലുമായിരുന്നെങ്കിൽ നമ്മുടെ വ്യക്തിബോധത്തിനു വല്ലവിധത്തിലും ഭംഗം നേരിട്ടേക്കുമോ എന്ന ഭയം ന്യായമായം ജനിക്കുമായിരുന്നു. ആത്മജീവികളുടെ പടിയിലേക്കുള്ള ആ വലിയ പ്രകൃതിമാറ്റത്തിനു വിധേയരാകുന്നവരുടെ കാര്യത്തിൽ ഈ ഭയം വിശേഷിച്ചും സംഗതമാണു. എന്നാൽ ഈക്കാര്യത്തിൽ നമുക്ക് ആരുമായിട്ടാണോ കാര്യമുള്ളത് ആ സൃഷ്ടാവിനു മറ്റെല്ലമെന്നത് പോലെ ഇതും വിശ്വാസപൂർവ്വം വിട്ട് കൊടുക്കാം. നമ്മുടെ വിചാരങ്ങൾ പോലും ആരാഞ്ഞറിയാൻ കഴിയുന്ന മഹാജ്ഞാനിയായ സൃഷ്ടാവിനു വിലപ്പെട്ട യാതൊരു അനുഭവപാഠങ്ങളും വിട്ടുകളയത്ത നിലയിൽ നമ്മുടെ മസ്തിഷ്ക്കം വീണ്ടും സൃഷ്ടിക്കാൻ കഴിയും. തെറ്റുപറ്റാൻ കഴിയാത്തവണ്ണം അവന്റെ ജ്ഞാനം അപ്രമേയമാണു. നിർദ്ദയനാവാൻ കഴിയാത്തവണ്ണം അവൻ ഗുണവാനാണു. നമുക്ക് ആഗ്രഹിക്കാനോ വിചാരിക്കാനോ കഴിയുന്നതിലും അത്യന്തം ഉപരിയായ നിലയിൽ അവന്റെ വാഗ്ദാനങ്ങളെല്ലാം അവൻ പാലിക്കും.

ദേഹം ദേഹി ആത്മാവ്

ദേഹം, ദേഹി, ആത്മാവ് ഈ പദങ്ങൾ സഭയെ ഒരു ഗണം എന്ന നിലയിൽ ഒന്നാകെ പറയുന്നതിനു ഉപയുക്തമാണു. ഉദാഹരണത്തിനു അപ്പോസ്തോലൻ പറയുന്നു. - നിങ്ങളുടേ ആത്മാവും ദേഹിയും ദേഹവും മുഴുവനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വരവോളം അനിന്ദ്യമായി കാക്കപ്പെടുമാറാകട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. 1 തെസ്സ 5:23 സ്വർഗ്ഗത്തിൽ പേരെഴുതപ്പെട്ടതും, തെരഞ്ഞെടുക്കപ്പെട്ടതുമായ സഭയെ ഒന്നാകെ കുറിക്കുന്നതുമായി ഈ പ്രാർത്ഥനയെ കണക്കാക്കാം. ചെറിയ ആട്ടിൻ കൂട്ടത്തിൽ ശരിയായി ആത്മാവ് അധിവസിക്കുന്നു. കളകളുടെ പെരുപ്പം കൊണ്ട് മറയ്ക്കപ്പെടുകയും ശ്വാസം മുട്ടുകയും ചെയ്താലും സഭാ ശരീരത്തെ വേർതിരിച്ച് കാണാൻ കഴിയുന്നുണ്ട്. അതിന്റെ ദേഹി അഥവ പ്രവർത്തനം - ചൈതന്യസത്ത- എവിടേയും പ്രകടമാണു. ജനങ്ങൾക്ക് ഒരു കൊടിയായി ക്രൂശിനെ - മറുവിലയെ - ഉയർത്തിപ്പിടിക്കുന്നതാണു അതിന്റെ ദേഹിയുടെ ലക്ഷ്യം. വിശുദ്ധ പൗലോസിന്റെ ഈ വാക്കുകളെ മറ്റൊരുവിധത്തിലും ധരിയ്ക്കാവുന്നതല്ല. അപ്പൊസ്തോലൻ ആരോട് സംസാരിയ്ക്കുന്നുവോ അവരുടെ ആത്മാക്കളും ദേഹികളും വ്യക്തിപരമായി തന്നെ കർത്താവിന്റെ വരവോളം അനിന്ദ്യമായി കേടുപാടുകൾ കൂടാതെ - കാത്തു സൂക്ഷിയ്ക്കപ്പെടുമോ എന്ന കാര്യത്തിൽ എത്ര ഭിന്നാഭിപ്രായങ്ങൾ ഉണ്ടായാലും അവരുടെ ശരീരങ്ങൾ മറ്റുള്ളവരോട് എന്നപോലെ മണ്ണായികഴിഞ്ഞു എന്നതിൽ പക്ഷാന്തരമില്ല. കൂടാതെ ദേഹം ദേഹി ആത്മാവ് എന്ന പദങ്ങൾ ബഹുവചനത്തിൽ അല്ല ഏകവചനത്തിലാണു.
(തുടരും)

1 comment:

Unknown said...

ഒരു മനുഷ്യന്റെ മരണത്തോടെ ദേഹി ഇല്ലാതാകുകയോ നിദ്രപ്രാപിക്കുകയോ ചെയ്യുന്നില്ല. ഒരു വ്യക്തിയുടെ അകത്തെ പൂർണമായ മനുഷ്യൻ തന്നെയാണ് ദേഹി .
സംസാരിക്കുവാനും ,ഓർമ്മിക്കുവാനും,
ദാഹവും എല്ലാം ദേഹിക്കുമുണ്ട്.
എന്നലത് ഭൗതികമായി കാണേണ്ടതില്ല.
ഉദാഹരണത്തിന് - മരണത്തിനു ശേഷം
അബ്രഹാമിന്റെയും ധനവാന്റെയും ഉപമയിൽ നമുക്കിതു കാണാം.
യാതനയുടെ സ്ഥലത്തു കിടക്കുന്ന ധനവാനു ദാഹമുണ്ട് - മറ്റൊരു വിശ്രമസ്ഥലത്തു കിടക്കുന്ന അബ്രഹാമിനോട് ധനവാൻ വെള്ളം ചോദിക്കുന്നു.
ധനവാന് ഓർമ്മിക്കുവാൻ കഴിയും,
ഭൂമിയിൽ തന്റെ സഹോദരന്മാരെ ഈ സാഹചര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുവാൻ
ധനവാൻ അബ്രഹാമിനോടു പറയുന്നതും
തിരുവെഴുത്തുകളിൽ നമുക്കു കാണാം.
(ലൂക്ക: 16/ 23- 31 ) അതുപോലെ ആത്മാവ് വ്യക്തി തന്നെയാണ് സങ്കിർ ത്തനത്തിൽ ദാവിദിന്റെ ഭാഹ്യ മനുഷ്യൻ ചോദിക്കുന്നു ' എന്റെ ആത്മാവേ നി വിഷാദിച്ചു ഞരങ്ങുന്നത് എന്ത്?
(സങ്കീ: 42/5)
അതുപോലെ ആത്മാവിനു മാൻ നീർത്തോടു കാംക്ഷിക്കുന്നതു പോലെയുള്ള
ദാഹം ദൈവത്തോടു ചേരുവാനായി കാണാം. സങ്കീ: 42/1
ആത്മാവിനും വിഷാദവും ദാഹവും
എല്ലാമുണ്ട്. മാത്രമല്ല ആത്മാവിന്റെ ഫലങ്ങളാണ് സ്നേഹം, സന്തോഷം.... (ഗലാ: 5/28) എല്ലാം തന്നെ.
അതു കൊണ്ട് മനുഷ്യന്റെ മരണത്തിൽ
ഭാഹ്യ മനുഷ്യൻ മാത്രമെ പൊടിയിൽ അലിഞ്ഞു ചേരുന്നുള്ളു.
ബാക്കി രണ്ടു ഘടകങ്ങളും ഉണർന്നിരിക്കുന്നതാണ്.