Friday, May 13, 2011

നരകം എന്നാൽ എന്ത്? രണ്ടാം ഭാഗം

നരകം എന്നതിനുള്ള ഇംഗ്ലീഷ് പദം

"ഹെൽ" എന്നാണു നരകം എന്നതിനു ഇംഗ്ലീഷിലുള്ള പദം. പഴയ ഇംഗ്ലീഷിൽ ഇതിനു മറയ്ക്കുക, മൂടിവെയ്ക്കുക, ആച്ഛാദനം ചെയ്യുക എന്നൊക്കെയായിരുന്നു അർത്ഥം. ഉരുളക്കിഴങ്ങുകൾ കുഴിയിൽ സൂക്ഷിക്കുന്നതിനും വീടുകൾ മേയുന്നതിനും ഹെൽ ചെയ്യുക എന്നാണു പ്രാചീന ഇംഗ്ലീഷിൽ വ്യവഹരിച്ചിരുന്നത്. കാലാന്തരത്തിൽ മരണത്തിന്റെ നിഗൂഢാവസ്ഥയെ കുറിക്കാൻ ഈ പദം ഉചിതവും ഉപയുക്തവുമായിത്തീർന്നു. ഈ പദത്തിനു ദണ്ഡനം എന്ന ആശയവുമായി വിദൂരബന്ധം പോലുമില്ല. ഈ ശബ്ദത്തെ അപ്രകാരമൊരു ആശയവുമായി ബന്ധിപ്പിച്ചത് അന്ധകാരയുഗത്തിലെ വേദശാസ്ത്രികളാണു.

നരകം (ഷിയോൽ അഥവ ഹേഡീസ്) എന്നാൽ എന്ത്?

മരണത്തിന്റെ ശൂന്യവും അബോധപൂർവ്വവുമായ അഭാവസ്ഥിതിതന്നെ ഷിയോൽ. അതാണു ദുഷ്ടശിഷ്ട ഭേദംവിനാ എല്ലാവർക്കും മരണത്തിങ്കൽ വന്നുകൂടുന്ന ഗതി. പുനരുത്ഥാനത്തിൽ മരണനിദ്രയിൽ നിന്ന് ഉണരുന്നതു കൊണ്ടല്ലാതെ ആർക്കും അതിൽ നിന്നും മോചനം ലഭിക്കയില്ല.

അധർമ്മികൾക്കുള്ള ശിക്ഷ

അധർമ്മികൾക്കുള്ള ശിക്ഷ നിത്യദണ്ഡനമാണു എന്ന ജനബോധമാണല്ലോ നരകം യാതനാസ്ഥാനമാണെന്ന സങ്കല്പത്തിനടിസ്ഥാനം. എന്നാൽ പാപത്തിന്റെ ശിക്ഷയെപ്പറ്റി വേദം എന്തു പറയുന്നു എന്നു നോക്കാം. അഖിലാണ്ഡകർത്താവായ ദൈവം പാപത്തിന്റെ ശിക്ഷയെപ്പറ്റി വർഗ്ഗപൂർവ്വികനായ ആദാമിനു നൽകുന്ന അനുശാസനം തോട്ടത്തിന്റെ നടുവിൽ നിൽക്കുന്ന നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൽ നിന്ന് "ഭക്ഷിക്കുന്ന നാളിൽ നീ മരിക്കും, നിശ്ചയം" എന്നത്രെ. അല്ലാതെ ദണ്ഡിതനായി നിത്യകാലം ജീവിക്കേണ്ടിവരും എന്നല്ല. (ഉല്പ 2:17)

ആദാമിന്റെ ദിവസം

ദൈവം പ്രസ്താവിച്ചപ്രകാരം നിഷിദ്ധമായ ആ വൃക്ഷഫലം ഭക്ഷിച്ച അതേ ദിവസം തന്നെ ആദാം മരിച്ചോ? മരിച്ചു. എന്നാൽ അതു 24 മണിക്കുറിനുള്ളിലായിരുന്നില്ല. ആദാമിന്റെ ആ ദിവസം ഒരു ആയിരമാണ്ടു കാലഘട്ടമായിരുന്നു എന്നു മാത്രം.(2 പത്രൊ 3:8; സങ്കീ 90:4)

പിശാചിന്റെ വ്യാജകഥനം

ദൈവം അരുളിച്ചെയ്തതിനു നേർവിരുദ്ധമായി " നിങ്ങൾ മരിക്കയില്ല നിശ്ചയം" എന്നൊരു വ്യാജകഥനത്തിനാണു സാത്താൻ മുതിർന്നത്. (യോഹ 8:44; ഉല്പ 3:4) അന്നുമുതൽ സാത്താൻ ഈ അസത്യവാദം വഴി അനേകായിരങ്ങളെ വഞ്ചിച്ചു വരുന്നു. മരിച്ചവർ യഥാർത്ഥത്തിൽ മരിച്ചിട്ടില്ല, മരണത്തിലും ജീവിതം അവസാനിക്കുന്നില്ല, പുനരുത്ഥാന നാൾവരെ കാത്തിരിക്കാതെ മരണത്തിന്റെ ഉത്തരക്ഷണത്തിൽ തന്നെ മനുഷ്യൻ സ്വർഗ്ഗത്തിൽ എത്തുകയോ നിത്യയാതനയുടെ നരകഗർത്തത്തിൽ പതിക്കയോ ചെയ്യുന്നു എന്നീ അബദ്ധവിശ്വാസങ്ങൾ പിശാചുപദേശിച്ച അസംബന്ധത്തിന്റെ ദുരന്തഫലങ്ങളാണു. മരിച്ചവരുടെ അവസ്ഥയെപ്പറ്റി വേദം നൽകുന്ന സാക്ഷ്യം നോക്കുക: "മരിച്ചവർ ഒന്നും അറിയുന്നില്ല" മരിച്ചവരോ മൗനതയിൽ ഇറങ്ങിയവരോ ആരും യഹോവയെ സ്തുതിക്കുന്നില്ല." അവന്റെ പുത്രന്മാർക്ക് ബഹുമാനം ലഭിക്കുന്നത് അവൻ അറിയുന്നില്ല. അവർക്ക് താഴ്ച്ച ഭവിക്കുന്നത് അവൻ ഗ്രഹിക്കുന്നതുമില്ല. ഷിയോലിൽ അബ്രഹാമും യിസ്രായേൽലും (യാക്കോബ്) "നമ്മെ അറിയുന്നില്ല". (സഭാപ്ര 9:5; സങ്കീ 115:17; യോബു 14:21; യെശ 63:16)

പാപത്തിന്റെ ശമ്പളം

"പാപം ചെയ്യുന്ന ആത്മാവോ അതുമരിക്കും" (ഹെസ 18:4,20) "പാപത്തിന്റെ ശമ്പളം മരണം" (റോമ 6:23) ഈ വേദവാക്യങ്ങൾ പാപത്തിന്റെ ഫലം മരണമെന്ന് സംശയോപരി തെളിയിക്കുന്നു. അതേ, മരണംതന്നെ - ജീവിതം അവസാനിക്കയും മനുഷ്യൻ ഇല്ലാതെ പോകയും ചെയ്യുന്നതു തന്നെ. ജീവനാകട്ടെ ദൈവദാനമാണു. "ദൈവത്തിന്റെ കൃപാവരമോ യേശുക്രിസ്തുവിൽ നിത്യജീവൻ" എന്നാണു തിരുവെഴുത്തുകൾ പറയുന്നത്. അങ്ങനെയാണെങ്കിൽ നിത്യജീവൻ ദുർമാർഗ്ഗികൾക്ക് അപ്രാപ്യമാണു. നിത്യദണ്ഡനമുണ്ടെങ്കിൽ ദുഷ്ടന്മാർക്കും നിത്യജീവൻ ഉണ്ടെന്നു വരും, കാരണം നിത്യജീവനില്ലാതെ നിത്യദണ്ഡനം അനുഭവിക്കുന്നതെങ്ങനെ?

പാപികൾക്കു നാശം

"തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു അവനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ സ്നേഹിച്ചു." (യോഹ 3:16) പാപികൾക്കു നാശവും വിശ്വസിക്കുന്നവർക്ക് നിത്യജീവനും എന്ന പ്രമാണം ഇവിടെ ഉയർത്തിപ്പിടിക്കുന്നു. നാശത്തിന്റെ വിപരീതാനുഭവമായി ഇവിടെ പറയപ്പെടുന്നത് ജീവനാണു. അപ്പോൾ നാശമെന്നാൽ മരണമെന്നർത്ഥം. ആയുസ്സിന്റെ പരിസമാപ്തിയെ കുറിക്കുന്ന മരണം മനുഷ്യന്റെ നാശമാണു എന്ന വസ്തുത ആർക്കു നിഷേധിക്കാൻ കഴിയും? മനുഷ്യനാം ക്രിസ്തു യേശു എല്ലാവർക്കും വേണ്ടി തന്നത്താൻ മറുവിലയായി കൊടുത്തു(1 തിമോ 2:4-6) എന്ന വാക്യം ഈ ആശയത്തെ ബലമായി പിന്താങ്ങുന്നു. മറുവില എന്നാൽ തുല്യവില എന്നർത്ഥം. എല്ലാവർക്കും വേണ്ടി എന്നു വെച്ചാൽ ആദാമിനും അവന്റെ വർഗ്ഗത്തിനും വേണ്ടി അവരുടെ ജീവനു പകരമായി അവന്റെ ജീവൻ വീണ്ടെടുപ്പർത്ഥമായി ബലിയർപ്പിക്കപ്പെട്ടു എന്നു സാരം.

ക്രിസ്തു നിത്യദണ്ഡന ശിക്ഷയ്ക്കല്ല വിധിക്കപ്പെട്ടത്

പാപത്തിന്റെ ശിക്ഷയായി ആദാമിനു അവന്റെ വർഗ്ഗത്തിനു വിധിക്കപ്പെട്ടത് നിത്യദണ്ഡനമായിരുന്നെങ്കിൽ ഈ പാപക്കടം പരിഹരിക്കുന്നതിനു യേശുക്രിസ്തു തത്തുല്യമായി നിത്യദണ്ഡന ശിക്ഷ തന്നെ ചുമക്കേണ്ടി വരുമായിരുന്നു. എന്നാൽ "പാപത്തിന്റെ ശമ്പളം മരണ" മാകയാൽ ക്രിസ്തു നമ്മുടെ അകൃതഭാരം ചുമന്നു കൊണ്ട് നമുക്ക് വേണ്ടി മരിച്ചു. "അവൻ എല്ലാവർക്കും വേണ്ടി മരണം ആസ്വദിച്ചു". "അവൻ മരിച്ചവരിൽ നിന്ന് ഉയർപ്പിക്കപ്പെട്ടു." (1 കൊരി 15:3,4; എബ്ര 2:9; റോമ 5:6-10; കൊല 1:18; വെളി 1:18)

വിശുദ്ധന്മാർ മരണത്തിങ്കൽ സ്വർഗ്ഗത്തിലേയ്ക്കോ?

വിശുദ്ധന്മാർക്കു മരണം സ്വർഗ്ഗത്തിലേയ്ക്കുള്ള കവാടമാണെന്നാണല്ലോ സാമാന്യബോധം. എന്നാൽ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ ആരും സ്വർഗ്ഗത്തിൽ പ്രവേശിച്ചിട്ടില്ല." (യോഹ 3:13; പ്ര 2:34)എന്ന് യേശു തന്റെ ഐഹിക ജീവിതകാലത്ത് പ്രസ്താവിച്ചിരിക്കെ ഇതെങ്ങനെ സത്യമാകും? ക്രിസ്തുവിന്റെ നാൾ വരെ ആർക്കും സ്വർഗ്ഗപ്രാപ്തിക്കുള്ള ഭാഗധേയം കൈവന്നിട്ടില്ലെങ്കിൽ മരണം വഴി പാപികൾ നരകത്തിലേയ്ക്കും നീതിമാന്മാർ സ്വർഗ്ഗത്തിലേയ്ക്കും പോകുന്നു എന്ന ധാരണ അടിസ്ഥാനരഹിതമെന്നു വരുന്നു.

മരിച്ചവർ നിദ്രയിൽ

സജ്ജന ദുർജ്ജന ഭേദംവിനാ മരിച്ചവർ ആബാലവൃദ്ധം നിദ്രയിലാണെന്ന് ബൈബിൾ പ്രതിപാദിക്കുന്നു. ഈ നിലയ്ക്ക് അവർ സ്വർഗ്ഗനരകങ്ങളിൽ ആയിരിക്കുന്നതെങ്ങനെ? നിദ്രയിൽ എന്നുവെച്ചാൽ അബോധപൂർവ്വമായ നാസ്തിത്വത്തിൽ അഥവ ഷിയോലിൽ എന്നു തന്നെ. പുനരുത്ഥാനത്തിൽ ഉണരുമെന്നുള്ളതു കൊണ്ട് മരണത്തെ നിദ്രയായി കല്പിക്കുന്നത് യുക്തമാണു. (2 പത്രോ 3:4; 2 രാജ 21:17,18; യോഹ 11:11-14; 1 തെസ്സ 4:13-17)" മരിച്ചവർ ഉയിർക്കുന്നില്ലെങ്കിൽ ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചു പോയി" (1 കൊരി 15:13-18) എന്ന വേദവാക്യം മരണനിദ്ര നാശരൂപമെന്നു തെളിയിക്കുന്നു.

വീണ്ടെടുപ്പ്

ദൈവം ക്രിസ്തു മുഖാന്തിരം നമ്മെ വീണ്ടെടുക്കുന്നതായി ബൈബിൾ പറയുന്നു. എന്നാൽ എന്തിൽ നിന്നാണു വീണ്ടെടുപ്പ് ? നിത്യ് ദണ്ഡനത്തിൽ നിന്നോ? അല്ല. ബൈബിൾ പറയുന്നു " ശവക്കുഴിയുടെ (ഷിയോൽ) അധികാരത്തിൽ നിന്നു ഞാൻ അവരെ വീണ്ടെടുക്കും." (ഹോശ 13:14) എന്നാൽ കർത്താവ് തന്റെ രണ്ടാം വരവിലെ പുനരുത്ഥാനത്തിൻ പുലരിയിൽ അവരെ വിളിക്കും വരെ അവർ ഉണരുന്നില്ല, അന്ന് അവർ അവന്റെ ശബ്ദം കേട്ട് ശവകുടീരങ്ങളിൽ നിന്ന് പുറത്ത് വരും. ആ പുനരുത്ഥാനത്തിന്റെ ഉദയശോഭ വരെ അവർ മരണത്തിന്റെ ഇരുട്ടറയിലായിരിക്കും. (യോഹ 14:3; 1 കൊരി 15:21-23,52) പ്രേഷിതാഗ്രേസ്തനായ പൗലോസ് ഉൾപ്പെടെ വിശുദ്ധന്മാർ ജീവകിരീടം ചൂടുന്നതും പ്രതിഫലം പ്രാപിക്കുന്നതും അന്നായിരിക്കും, അതിനു മുമ്പായിരിക്കയില്ല. (2 തിമോ 4:8; 1 പത്രോ 1:15; 5:4; ലൂക്കോ 14:14)

(തുടരും)

No comments: