Saturday, September 17, 2011

ഭൂമിയിൽ വരുവാനുള്ള ദിവ്യാധിപത്യം

ലോകവ്യാപകമായ ദിവ്യാധിപത്യ ഗവണ്മെന്റിന്റെ കീഴിൽ ഭൂമിയിൽ ഒരു പുതിയലോക സമൂഹം ഉളവാകുമെന്ന് യഹോവയായ ദൈവം തിരുവെഴുത്തുകളിൽ ആവർത്തിച്ചാവർത്തിച്ച് വാഗ്ദത്തം ചെയ്തിട്ടുണ്ട്. (അതായത് ദൈവത്താലുള്ള ഒരു ഭരണകൂടം തന്നെ- ' രാജത്വം യഹോവയ്ക്കുള്ളതും അവൻ സർവ്വജാതികളുടെയും ഭരണാധികാരി ആയിരിക്കുകയും ചെയ്യുന്ന ആ ദിവസത്തിൽ യഹോവ സർവ്വഭൂമിയിന്മേലും രാജാവായിരിക്കും;' സങ്കീ 22:28, സെഖ 14:9

യഹോവയ്ക്ക് യേശുക്രിസ്തു തന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള പ്രതിനിധിയായിട്ടു ഉണ്ടായിരിക്കും(മത്താ 28:18)- "സകല വംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിനു അവനു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചു പോകാത്തതും ആകുന്നു." (ദാനി. 7:13:14)

യിസ്രായേലിൽ ദൈവം സ്ഥാപിച്ച ഭരണകൂടം ഒരു ദിവ്യാധിപത്യമായിരുന്നു. വാസ്തവത്തിൽ അവരുടെ രാജാവ് ദൈവമായിരുന്നു. തന്റെ കീഴിൽ മറ്റുള്ളവരായിരുന്നു ഭരിച്ചിരുന്നതെങ്കിലും തന്റെ നിയമത്താലായിരുന്നു അവരെ ഭരിച്ചിരുന്നത് (1 ദിന 29:23;2 ദിന 13:8) പന്ത്രണ്ട് ഗോത്രങ്ങളിലെയും തലവന്മാർ ഗോത്രവിഷയങ്ങൾക്ക് നേതൃത്വം നൽകിപ്പോന്നു.

ലേവി ഗോത്രത്തെ പുരോഹിതഗോത്രമായി ദൈവം വേർതിരിച്ചിരുന്നു. അവർ എല്ലാവർക്കും മതപരമായ താല്പര്യങ്ങളിൽ ശുശ്രൂഷ ചെയ്തിരുന്നു. കൂടാതെ ദൈവം തന്റെ പ്രത്യേക സന്ദേശവാഹകന്മാരായി ന്യായാധിപന്മാരെയും പ്രവാചകന്മാരെയും കാലാകാലങ്ങളിൽ യിസ്രയേലിനു നൽകിയിരുന്നു. യിസ്രയേലിന്റെ ഉടമ്പടിയിൻ ദൈവം എന്ന നിലയിൽ ദൈവം അവരുടെ കാര്യങ്ങളിൽ മേൽനോട്ടം വഹിച്ചിരുന്നു. അതായത് അവർ അവനെ അനുസരിച്ചിരുന്നപ്പോൾ അവൻ അവരെ അഭിവൃദ്ധിപ്പെടുത്തുകയും ശത്രുക്കളിൽ നിന്ന് വിടുവിക്കുകയും അവരുടെ പ്രയത്നങ്ങളെ അനുകമ്പാപൂർവ്വം നിയന്ത്രിക്കയും ചെയ്തിരുന്നു. എന്നാൽ അവർ അവനെ അനുസരിക്കാതിരുന്നപ്പോൾ അവരോട് അനുകമ്പ കാണിക്കാതിരിക്കയും താൽക്കാലികമായി ശത്രുക്കളുടെ അടിമത്വത്തിലേക്ക് പോകുന്നതിനു അവരെ അനുവദിക്കുകയും അവരുടെ പ്രയത്നങ്ങളെ നിഷ്ഫലമാക്കുകയും ചെയ്തിരുന്നു. (ലേവ്യ 26; ആവ 28)

യിസ്രയേൽ യഹോവയിങ്കലേക്ക് തങ്ങളുടെ കണ്ണുകളെ ഉയർത്തുകയും അവനെ അവരുടെ ഭരണാധികാരിയായി സ്വീകരിയ്ക്കയും ചെയ്തടത്തോളം അവർക്ക് സമൃദ്ധിയുണ്ടായി. അവൻ അവരെ പീഡനങ്ങളിൽ നിന്ന് വിടുവിക്കുകയും അവർക്ക് വേണ്ടി പടവെട്ടുകയും ചെയ്തിരുന്നു. അവർക്ക് വേണ്ടി അവൻ അനേക അത്ഭുതങ്ങളെ പ്രവർത്തിക്കയും ചെയ്തു.

അവരുടെ ഉടമ്പടിയിൻ ദൈവമായ സർവ്വജ്ഞാനിയും സർവ്വനീതിമാനും സമ്പൂർണ്ണസ്നേഹവാനും സർവ്വശക്തനുമായ സ്രഷ്ടാവിനോട്കൂടെയുള്ള തങ്ങളുടെ പുതിയ ഭരണകൂടം കൈവരുന്നത് മുഴുമനുഷ്യവർഗ്ഗത്തിനും എത്ര അഭിമാനകരമായിരിക്കും! ദൈവരാജ്യം ഭൂമിയിൽ വരികയും ദൈവത്തിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ചെയ്യപ്പെടുകയും ചെയ്യുമ്പോൾ പെട്ടെന്നു തന്നെ സ്ഥാപിക്കപ്പെടാൻ പോകുന്ന പുതിയലോക സമൂഹത്തിൽ തീർച്ചയായും ഈ ദിവ്യാധിപത്യ ഭരണകൂടം അവരുടെ സന്തോഷകരമായ അവകാശമായിരിക്കും.

ഭൂമിയിലെ പുതിയ കാര്യക്രമങ്ങളുമായി യോജിപ്പിൽ വരുന്നവരിൽ ഒരു ജാതി എന്ന നിലയിൽ ഒന്നാമത്തെ ജാതി യിസ്രയേലായിരിക്കും. 'യഹോവ യഹൂദാകൂടാരങ്ങളെ ആദ്യം രക്ഷിക്കും' (സെഖ 12:7) ഭൗമയെരുശലേം അതിന്റെ പഴയ സ്ഥാനത്തു വീണ്ടും പണിയപ്പെടും.(യിര 30:18 ഈ പ്രവചനം ഇപ്പോൾ തന്നെ നിവൃത്തിയായിക്കൊണ്ടിരിക്കുന്നു.) അവരുടെ ഭരണസംവിധാനം ആദിയിലെന്നവണ്ണം പ്രഭുക്കന്മാരുടെ അഥവ ന്യായപാലകന്മാരുടെ നേതൃത്വത്തിൻ കീഴിൽ പുനസ്ഥാപിക്കപ്പെടും. യഹോവയല്ലോ വാഗ്ദത്തം ചെയ്തിരിക്കുന്നത്. 'ഞാൻ നിന്റെ ന്യായാധിപന്മാരെ ആദിയിങ്കൽ എന്ന പോലെയും നിന്റെ ആലോചനക്കാരെ ആരംഭത്തിങ്കൽ എന്ന പോലെയും ആക്കും.

അതിന്റെശേഷം നീ നീതിഗോപുരം എന്നും വിശ്വസ്ത നഗരം എന്നും വിളിക്കപ്പെടും' (യെശ 1:26) 'ഒരു രാജാവ് (ക്രിസ്തു -ശിരസ്സും ശരീരവുമായ സഭയും ചേർന്ന്) നീതിയോടെ വാഴും. പ്രഭുക്കന്മാർ (അബ്രഹാം, ഇസ്സഹാക്ക്, യാക്കോബ് മുതലായ സകല പുരാതന വീരന്മാരും യുവവീരന്മാരും - മരിച്ചവരിൽ നിന്നു പുനരുത്ഥാനം ചെയ്തവരെല്ലാം.- സങ്കീ 45:16; ഗലാ 3:6-9; എബ്ര 11) ന്യായത്തോടെ അധികാരം നടത്തും' (യെശ 32:1)

എങ്ങനെയായാലും ഭൂമിയുടെ മഹത്തായ പുതിയ ഭരണകൂടം (യഹൂദന്മാരുടെ നിയമദാതാവായ മോശയും തന്റെ പ്രഭുക്കന്മാരും ന്യായാധിപന്മാരും അടങ്ങിയ ഭരണകൂടം ഇതിന്റെ ഒരു ദൃഷ്ടാന്തം മാത്രമായിരുന്നു) അതിന്റെ ഭരണം തുടങ്ങ് മുമ്പ് വലിയ മശിഹാരാജാവ് തന്റെ മഹാശക്തി ധരിച്ച് രാഷ്ട്രങ്ങളെ കീഴടക്കേണ്ടിയിരിക്കുന്നു. (സങ്കീ 2:110; വെളി 2:26,27; 11:17)

സാത്താന്യസാമ്രാജ്യം പൂർണ്ണമായും അധികാരഭ്രഷ്ടമാക്കപ്പെടേണ്ടതിനാണു ഇപ്പോൾ ഭൂമിയിൽ മഹാകഷ്ടകാലം വന്നിരിക്കുന്നത്.(ദാനി 2:35,44;12:1;മത്താ 24:21;സെഫ 3:8,9; വെളി 11:18;19,15)

ഈ മഹോപദ്രവകാലത്ത് യഹോവ 'സർവ്വരാഷ്ട്രങ്ങളെയും ഇളക്കുകയും സത്യത്തിലും നീതിയിലും പണിയപ്പെടാത്ത ഏതിനെയും നീക്കിക്കളയുകയും ചെയ്യും; അതിന്റെ ശേഷം 'സകല ജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും' (ഹഗ്ഗാ 2:7; എബ്രാ 12:26-28)

'യഹോവ ഭൂമിയുടെ അറ്റം വരെയും യുദ്ധങ്ങളെ നിർത്തൽ ചെയ്യും; അവൻ വില്ലൊടിച്ചു കുന്തം മുറിച്ച് രഥങ്ങളെ തീയിലിട്ടു ചുട്ടുകളയുന്നു.' അതിന്റെ ശേഷം അവൻ മനുഷ്യവർഗ്ഗത്തോട് അരുളിച്ചെയ്യുന്നത്;-മിണ്ടാതിരുന്നു. ഞാൻ ദൈവമെന്ന് അറിഞ്ഞുകൊൾവിൻ; ഞാൻ ജാതികളുടെ ഇടയിൽ ഉന്നതനാകും; ഞാൻ ഭൂമിയിൽ ഉന്നതനാകും' (സങ്കീ 46:9,10)

അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചു തീർക്കും. ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല. അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല. അവർ ഒരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും. ആരും അവരെ ഭയപ്പെടുത്തുകയില്ല. സൈന്യങ്ങളുടെ യഹോവയുടെ വായ് അതു അരുളിച്ചെയ്തിരിക്കുന്നു' (യെശ 2:2-4; മിഖാ 4:1-4)

ക്രിസ്തുവും കുഞ്ഞാടിന്റെ കാന്തയായ തന്റെ സഭയും ആത്മീയ മണ്ഡലത്തിലെ ഭരണകർത്താക്കളായും പുനരുത്ഥാനം പ്രാപിച്ച വീരന്മാർ അതിന്റെ ഭൗമിക പ്രതിനിധികളുമായി യഹോവയാൽ സ്ഥാപിക്കപ്പെടുന്ന ലോക വ്യാപകമായ ദിവ്യാധിപത്യ ഗവണ്മെന്റിന്റെ കീഴിൽ ഈ പുതിയ ലോക സമൂഹം രൂപീകൃതമാകുമ്പോൾ അത് എത്ര മഹത്തരമായി സങ്കൽപ്പിക്കാൻ കഴിയുന്ന ആദർശപൂർണ്ണമായ സാമൂഹ്യ-രാഷ്ട്രീയ സംവിധാനമായിരിക്കും. (വെളി 19:7;21:2,9;22:17; ലൂക്കൊ 13:28)!


'ദൈവം ലോകാരംഭം മുതൽ തന്റെ വിശുദ്ധ പ്രവാചകന്മാർ മുഖാന്തിരം അരുളിചെയ്തത് ഒക്കെയും യഥാസ്ഥാനത്തുണ്ടാകുന്ന കാലങ്ങൾ' ആയി ബൈബിൾ ഇതിനെ ചിത്രീകരിക്കുന്നതിൽ ഒരത്ഭുതവുമില്ല (പ്രവൃ 3:19-21) അബ്രഹാമിന്റെ അതിശ്രേഷ്ഠ്സന്തതിയായ ക്രിസ്തുവും സഭയും മുഖാന്തിരം 'ഭൂഗോത്രങ്ങളൊക്കെയും അനുഗ്രഹിക്കപ്പെടും' (ഉല്പ 12:3; 22:16-18;28:14;ഗലാ 3:8.16,29) 'അന്നു കുരുടരുടെ കണ്ണ് തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. (യെശ 35:5) "എനിക്ക് ദീനമെന്ന് യാതൊരു നിവാസിയും പറകയില്ല. അതിൽ പാർക്കുന്ന ജനത്തിന്റെ അകൃത്യം മോചിക്കപ്പെട്ടിരിക്കും' (യെശ 33:24) നിന്റെ ജനമൊക്കെയും നീതിമാന്മാരാകും; അവർ ദേശത്തെ സദാകാലത്തേക്കും അവകാശമാക്കും' (യെശ 60:21)

അപ്പോൾ 'ദൈവത്തിന്റെ കൂടാരം മനുഷ്യരോട് കൂടെ ആയിരിക്കും. അവൻ അവരോട്കൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോട് കൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽ നിന്ന് കണ്ണുനീരെല്ലാം തുടച്ചു കളയും. ഇനി മരണം ഉണ്ടാകയില്ല. ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേത് (മുൻപുള്ള കാര്യങ്ങൾ) എല്ലാം കഴിഞ്ഞു പോയി' (വെളി 21:3,4) 'എന്നാണു ഭൂമിയെല്ലാം യഹോവയുടെ തേജസ്സ് കൊണ്ട് നിറഞ്ഞിരിക്കും എന്നു ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നു.(സംഖ്യ 14:21)

' സകല ദുഷ്ടന്മാരെയും അവൻ നശിപ്പിക്കും' (സങ്കീ 145:20; വെളി 21:8) അതിക്രമക്കാർ ഒരുപോലെ മുടിഞ്ഞു പോകും...ദുഷ്ടന്മാർ ചേദിക്കപ്പെടും; നീതിമാന്മാർ ഭൂമിയെ അവകാശമാക്കി അതിൽ എന്നേക്കും വസിക്കും. ' നീതികെട്ടവർ ഒക്കെയും വായ് പൊത്തും' (സങ്കീ 37:38,9,10,28,29; 107:42)

അപ്പോൾ നീതി വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായി കാത്തിരിക്കുന്നത് എത്ര സന്തോഷപ്രദം! [പുതിയ ആകാശം സഹസ്രാബ്ദ ഭരണാധികാരികളായ യേശുവും സഭയും, പുതിയ ഭൂമി ഇന്നത്തെ ദുഷ്ടലോകസ്ഥിതികളായ തെറ്റ്, അനീതി, സ്വാർത്ഥത മുതലായവയ്ക്കു പകരം സത്യത്തിലും നീതിയിലും സ്നേഹത്തിലും അടിസ്ഥാനപ്പെട്ട് ദിവ്യാധിപത്യ ഭരണത്തിൻ കീഴിൽ രൂപീകരിക്കപ്പെട്ട മനുഷ്യസമുദായവും ആണു. - ഗലാ 1:4]" (പത്രോ 3:13; യെശ 65:17-25; വെളി 21:22)

നമ്മുടെ നാളിൽ വളരെ കൂടുതലായി നിവൃത്തിയായിക്കൊണ്ടിരിക്കുന്ന വേദപ്രവചനപ്രകാരം ദൈവം തന്റെ ദിവ്യാധിപത്യ ഭരണകൂടം പെട്ടെന്ന് സ്ഥാപിക്കും; ദൈവീകഭരണത്തിന്റെ സമാധാനവും അനുഗ്രഹവും സർവ്വഭൂമിയിലും എന്നേക്കും ഉണ്ടായിരിക്കും.!

ഭൂമിയിൽ നിത്യമായി അധികാരത്തിൽ വരാൻ പോകുന്ന ദിവ്യാധിപത്യഭരണത്തെയും അതിൽക്കൂടെ സർവ്വ മനുഷ്യജാതിക്കും കൈവരാൻ പോകുന്ന അനുഗ്രഹങ്ങളെയും സംബന്ധിച്ചുള്ള വേദസത്യങ്ങളുടെ കൂടുതൽ പഠനത്തിലേക്ക് തുടർന്നു വരുന്ന ബ്ലോഗുകൾ വായിക്കുവാൻ അഭ്യർത്ഥിക്കുന്നു.


2 comments:

BCP - ബാസില്‍ .സി.പി said...

എന്റെ ബൈബിൾ വായനയും ചില സംശയങ്ങളും

PLEASE READ THIS AND CLEAR MY DOUBTS..

http://valpayat.blogspot.com/2011/09/blog-post_30.html

Jehoshua Thomas said...

ഈ ലോകം അല്ലെങ്കിൽ ഈ "വ്യവസ്ഥിതി" 1914-ൽ അന്ത്യനാളിലേക്ക് കാലെടുത്തുവച്ചുകഴിഞ്ഞു എന്നും അതുകൊണ്ട് യഹോവയുടെയും, യേശുക്രിസ്തുവിന്റെയും പ്രവൃത്തിയുടെ ഫലമായി ഉടനടി ഒരു വൻ നാശത്തിലൂടെ ഈ ലോകത്തിലെ ഭരണങ്ങളെയും, വ്യാജമതങ്ങളെയും നീക്കികൊണ്ട് ദൈവത്തിനു സ്വീകാര്യമായ വിധത്തിൽ ആരാധിക്കുന്നവർക്ക് ഒരു വിമോചനം ഉണ്ടാകും എന്നും യഹോവയുടെ സാക്ഷികൾ പ്രധാനമായി വിശ്വസിക്കുന്നു. മറ്റെല്ലാ മതങ്ങളെയും വെളിപ്പാട് പുസ്തകം 17-അം അദ്ധ്യായത്തിലെ "വ്യാജ മത ലോക സാമ്രാജ്യമായ മഹാബാബിലോൺ" അല്ലെങ്കിൽ സാത്താൻ ഭരിക്കുന്ന ഈ ലോക രാഷ്ട്രങ്ങൾക്കു പിന്തുണ നൽകുന്ന ഒരു ആലങ്കാരിക "മഹാവേശ്യ"എന്ന് വിലയിരുത്തികൊണ്ട് അവ വ്യാജമതങ്ങൾ ആണെന്ന് വ്യാഖ്യാനിക്കുന്നു. അതുകൊണ്ട് ലോകത്തിൽ നിന്ന് പീഡനവും, വിദ്വേഷവും യഹോവയുടെ സാക്ഷികൾ പ്രതീക്ഷിക്കണം എന്ന് പഠിപ്പിക്കുന്നു. ഉടനെ തന്നെ വ്യാജമതങ്ങൾ ഐക്യരാഷ്ട്ര സംഘടനയുടെ നീക്കത്താൽ നശിപ്പിക്കപ്പെടുമെന്നും, അതെ തുടർന്ന് "മഹോപദ്രവം" പൊട്ടിപ്പുറപ്പെടുമെന്നും യഹോവയുടെ സാക്ഷികൾ കരുതുന്നു. മഹോപദ്രവത്തിന്റെ അവസാനം സാത്താൻ യഹോവയുടെ സാക്ഷികൾക്ക് നേരെ തിരിയുമെന്നും, അത് ദൈവത്തിന്റെ ഇടപെടലിലൂടെ അർമ്മഗദോനിലേക്ക് നയിക്കുമെന്നും പറയുന്നു. അർമ്മഗദോനിൽ എല്ലാ ലോകഭരണാധികാരികളെയും, ക്രിസ്തുവിന്റെ "യഥാർത്ഥ ഇടയന്മാർ" അല്ലാത്തവരെ അതായത് യഥാർത്ഥ അനുഗാമികൾ അല്ലാത്തവരെയും ദൈവം നശിപ്പിക്കുമെന്ന് പഠിപ്പിക്കുന്നു. അതിനു ശേഷം ദൈവത്തിന്റെ സ്വർഗ്ഗീയ രാജ്യം ഭൂമിയുടെ ഭരണം എറ്റെടുക്കുമെന്നും തുടർന്ന് ഭൂമി ആദിമ എദൻ തോട്ടം പോലെ മനോഹരമായ ഒരു പറുദീസയായി തീരുമെന്നും യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. അർമ്മഗദോന് ശേഷം ദൈവത്തിന്റെ ഇടപെടലിനു മുൻപെ മരിച്ച് പോയ ദുഷ്ടരല്ലാത്ത വ്യക്തികൾ ആയിരം വർഷം നീണ്ട് നിൽക്കുന്ന ഒരു ന്യായവിധിക്കായി കാലക്രമേണ പുനരുത്ഥാനം പ്രാപിക്കുമെന്ന് പഠിപ്പിക്കപ്പെടുന്നു. ഇവരുടെ ന്യായവിധി പഴയ പ്രവൃത്തികളുടെ അടിസ്ഥാനത്തിലായിരിക്കില്ല, മറിച്ച് അപ്പോഴത്തെ പ്രവൃത്തികളെ അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്ന് യഹോവയുടെ സാക്ഷികൾ പഠിപ്പിക്കുന്നു. ആയിരം വർഷത്തിന്റെ അവസാനം സാത്താനെ മനുഷ്യവർഗ്ഗത്തിന്റെ അന്തിമ പരിശോധനയ്ക്കായി വീണ്ടും അഴിച്ച് വിടുമെന്നും, ഇത് പരിശോധിച്ച് മഹത്ത്വീകരിക്കപ്പെട്ട ഒരു മനുഷ്യവർഗ്ഗത്തിന് വഴിതെളിയിക്കുമെന്ന് പഠിപ്പിക്കുന്നു.അതിന്റെ ശേഷം സാത്താനെ നശിപ്പിക്കുമെന്നും, അങ്ങനെ യേശു രാജ്യം പിതാവായ ദൈവത്തിന് തിരിച്ചേല്പ്പിച്ച് മനുഷ്യവർഗ്ഗത്തിന്റെ പാപപരിഹാര ദൗത്യം പൂർത്തിയാക്കി പിതാവിനു കീഴടങ്ങിയിരിക്കുമെന്ന് യഹോവയുടെ സാക്ഷികൾ കരുതുന്നു.

വാച്ച് ടവർ പ്രസിദ്ധീകരണങ്ങൾ അനുസരിച്ച് യേശു 1914 ഒക്ടോബർ മുതൽ അദൃശ്യമായി തിരിച്ചു വരവു നടത്തികഴിഞ്ഞു എന്നും, തുടർന്ന് സ്വർഗ്ഗത്തിൽ ഭരണം ആരംഭിച്ചതായും പഠിപ്പിക്കുന്നു. അതിനുശേഷം സാത്തനെ സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേയ്ക്ക് തള്ളിയിട്ടതിനാൽ, സാത്താൻ തനിക്കല്പസമയം മാത്രമെ ശേഷിച്ചിരിക്കുന്നുള്ളൂ എന്നറിയാവുന്നതിനാൽ ഭൂമിക്കും അതിലെ യഥാർത്ഥ ക്രിസ്തീയ ദൈവദാസരെയും നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നതായി വിശ്വസിക്കുന്നു. വരവ്വ് എന്ന് സാധാരണ തർജ്ജമ ചെയ്യപെടുന്ന "പറൂസിയ" എന്ന ഗ്രീക്ക് പദത്തെ, കൃത്യമായി "സാന്നിധ്യം" എന്ന് യഹോവയുടെ സാക്ഷികൾ പരിഭാഷപ്പെടുത്തുന്നു. അതായത് യേശുവിന്റെ തിരിച്ചുവരവ് അടയാള പരമ്പരകളാൽ മനസ്സിലാക്കാം എന്ന് പഠിപ്പിക്കുന്നു. അതുകൊണ്ട് രണ്ടാംവരവ് 1914 മുതൽ കുറച്ച് കാലം നിലനിൽക്കുന്ന ഒരു അദൃശ്യ സാന്നിധ്യം ആണെന്നും ഉടനെ തന്നെ അത് അർമ്മഗ്ദോനിൽ പൂർണ്ണമായി ദൃശ്യമാക്കപ്പെടുമെന്നും പഠിപ്പിക്കുന്നു.