Tuesday, July 12, 2011

ഞങ്ങളുടെ പ്രസ്ഥാനത്തെക്കുറിച്ച് ഒരു വാക്ക്

ലോകസുവിശേഷീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ക്രൈസ്തവ സംഘടനകളുടെ എണ്ണം പ്രതിദിനം പെരുകിക്കൊണ്ടിരിക്കയാണല്ലോ. ഞങ്ങളുടെ പ്രവർത്തനത്തിനു ഇവയിൽ നിന്നുള്ള വ്യത്യാസമെന്ത് എന്ന അന്വേഷണം പലരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണു ഈ വിശദീകരണം പ്രസിദ്ധപ്പെടുത്തുന്നത്. മേല്പ്പറഞ്ഞ സഭാവിഭാഗങ്ങളെല്ലാം ബൈബിൾ വസ്തുനിഷ്ഠ്മായും നിഷ്പക്ഷമായും നിരൂപണബുദ്ധിയോടെയും പഠിക്കാതെ പരമ്പരാഗതമായ വിശ്വാസാചാരങ്ങളെ അന്ധമായി വിഴുങ്ങി വിദേശ ധനസഹായത്തിനും വരുമാനത്തിനും വേണ്ടി മനുഷ്യന്റെ മതബോധത്തെ ഉപകരണമാക്കുന്ന ഒരു കച്ചവടസംസ്ക്കാരത്തിന്റെ വക്താക്കളായി അധഃപതിച്ചിരിക്കുന്നു. കുറ്റബോധം കൊണ്ടും രോഗദാരിദ്ര്യാതി നാനാദുഃഖങ്ങൾ കൊണ്ടും മനഃശാന്തി നഷ്ടപ്പെട്ട മനുഷ്യന്റെ ദൗർബ്ബല്യങ്ങളെ ചൂഷണം ചെയ്ത് സാധാരണക്കാരുടെ വിശ്വാസവും പണവും ആർജ്ജിക്കുന്ന നിന്ദ്യമായ മാർഗ്ഗത്തിനു മാന്യത കൈവരാൻ ബൈബിളും ദൈവനാമവും ഉപയോഗിക്കപ്പെടുന്നു. അത്ഭുതരോഗശാന്തിയും അമാനുഷസിദ്ധികളും അവകാശപ്പെട്ട് സംഗീതവിരുന്നിന്റെയും ശബ്ദകോലാഹലങ്ങളുടെയും അകമ്പടിയോടെ ദുർബലമനസ്സുകളുടെ സമനില തെറ്റിച്ച് വിചാരം വികാരത്തിനു വഴിമാറുന്ന ഉന്മാദാവസ്ഥ സൃഷ്ടിക്കുന്ന വേദിയാകാനുള്ള ദുര്യോഗം 'സുവിശേഷ മഹായോഗങ്ങൾക്ക്' നേരിട്ടിരിക്കുന്നു.

നിലവിലിരിക്കുന്ന മതഭേദങ്ങളും വർണ്ണവർഗ്ഗവ്യത്യാസങ്ങളും വിശാലവീക്ഷണത്തിൽ അപ്രധാനമാണു. പ്രപഞ്ചകർത്താവായ ദൈവം ഏകനാണു. ആ ഏകദൈവത്തിന്റെ വാത്സല്യഭാജനങ്ങളായ സന്താനങ്ങൾ എന്ന നിലയിൽ മനുഷ്യരാശി ഒന്നാണു. ദൈവം എല്ലാവരുടെയും പിതാവും രക്ഷിതാവുമായിരിക്കെ ദൈവനിശ്ചിതമായ രക്ഷാപദ്ധതി സകലമനുഷ്യരെയും ഉൾക്കൊള്ളുന്നതായിരിക്കണം. ദൈവത്തിന്റെ പിതൃത്വവും മാനവരാശിയുടെ സാഹോദര്യവും ഉയർത്തിപ്പിടിക്കുന്നതാകണം യഥാർത്ഥമതദർശനം. വിശ്വമതഗ്രന്ഥങ്ങളുടെ താരതമ്യപഠനം വഴി വേണം ഈ വിഷയത്തിൽ ബൈബിളിന്റെ സന്ദേശവും സ്ഥാനവും വിലയിരുത്താൻ.

'ദൈവം ഒരുവൻ' (1 തിമൊ 2:5) 'അവൻ ഒരുവനിൽ നിന്ന് മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി' (അപ്പൊ 17:26)'ആദാമിൽ എല്ലാവരും മരിക്കുന്നതു പോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും' (1 കൊരി 15:22) എന്നിങ്ങനെയുള്ള നിരവധി സൂക്തങ്ങളിൽ നിന്ന് ഒരു സനാതനമതദർശനം ഉൾക്കൊള്ളുന്ന വിശ്വോത്തര രചനയാണു ബൈബിൾ എന്നു വ്യക്തമാകുന്നു. ബൈബിളിലെ പ്രതിപാദ്യത്തിന്റെ സാർവ്വജനീനതയ്ക്ക് തെളിവാണു ക്രിസ്തുവിന്റെ ജനനത്തെ സകലജനങ്ങൾക്കുമുള്ള സന്തോഷവാർത്ത എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. (ലൂക്കോ 2:10) ദുഃഖനിമഗ്നമായ ലോകത്തിനു സന്തോഷത്തിലും വലിയ എന്ത് വരമാണു വേണ്ടത്? ആ സന്തോഷമാകട്ടെ വർണ്ണവർഗ്ഗദേശകാലങ്ങളുടെ പരിമിതികളില്ലാത്തതും അത് കൊണ്ട് തന്നെ സാർവ്വജനീനവുമാണു. മനുഷ്യൻ വിഭാവനം ചെയ്യുന്ന ഏതു പദ്ധതിയും ബഹുഭൂരിപക്ഷത്തെ അവഗണിക്കുന്നതും ന്യൂനപക്ഷക്ഷേമം മാത്രം ലക്ഷ്യമാക്കുന്നതുമായിരിക്കെ 'ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും' (ഗലാ 3:8) എന്ന വചനത്തിലൂടെ ബൈബിൾ വിളംബരം ചെയ്യുന്ന സദ്വാർത്തമാനം 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന പ്രാർത്ഥനയുടെ സാക്ഷാത്കാരത്തിലേക്കു വിരൽ ചൂണ്ടുന്നു.

ദൈവത്തേയും മതത്തേയും മനുഷ്യജീവിതത്തേയും സംബന്ധിച്ച് ഉറക്കം കെടുത്തുന്ന എത്രയെത്ര ചോദ്യങ്ങൾ- ഒന്നിനെങ്കിലും ഉത്തരം കണ്ടെത്താൻ ആരെങ്കിലും മിനക്കെടാറുണ്ടോ?
ഇതാ ഏതാനും ചോദ്യങ്ങൾ:-

  • ജ്ഞാനിയും സ്നേഹവാനുമായ ദൈവം എന്ത് കൊണ്ട് അനർത്ഥങ്ങൾ തടയുന്നില്ല?
  • യേശുവിലുള്ള വിശ്വാസമാണു ഏകരക്ഷാമാർഗ്ഗമെങ്കിൽ തങ്ങളുടേതല്ലാത്ത വീഴ്ചകൊണ്ട് അതിനു അവസരം കിട്ടാതെ മരണമടഞ്ഞ ജനകോടികളുടെ അവസ്ഥ എന്ത് ?
  • മനുഷ്യൻ നേരിട്ടിരിക്കുന്ന ശിക്ഷ എന്ത് എന്ന അറിവിന്റെ അഭാവത്തിൽ 'നിങ്ങൾ രക്ഷിക്കപ്പെട്ടോ' എന്ന മതോപദേഷ്ടാക്കളുടെ സ്ഥിരം ചോദ്യം അസ്ഥാനത്തല്ലേ?
  • പാപത്തിന്റെ ശിക്ഷ മരണമോ നരകാഗ്നിയിലുള്ള നിത്യദണ്ഡനമോ?
  • നിത്യനരകദണ്ഡനം എന്ന കിരാതമായ ശിക്ഷാസമ്പ്രദായം ബൈബിൾ പഠിപ്പിക്കുന്നുണ്ടോ?
  • നരകം എന്ന പദം കൊണ്ട് ബൈബിൾ വിവക്ഷിക്കുന്നതെന്ത്?
  • രക്ഷാമാർഗ്ഗത്തിനവസരം കിട്ടാതെ മരണമടഞ്ഞവരെ നിത്യമായി ദണ്ഡിപ്പിക്കുന്നത് ദൈവഭാഗത്ത് നീതിയോ അധികാരദുർവിനിയോഗമോ?
  • മരണം വഴി വേർപ്പെട്ടു പോയ പ്രിയപ്പെട്ടവരെ സംബന്ധിച്ച ദോഷികളായ മനുഷ്യർക്കുള്ള സഹതാപം പോലും സൃഷ്ടാവിനില്ലെന്നോ? ഈ വിഷയത്തിനു നേർക്ക് കണ്ണടച്ചിരുട്ടാക്കിയാൽ മതിയോ?
  • ദൈവം തന്റെ കരവിരുത് കൊണ്ട് വാസയോഗ്യമാക്കിയ ഭൂമി ചുട്ടെരിക്കാനുള്ളതോ? ലോകാവസാനം എന്നാൽ എന്ത്, എങ്ങനെ?
  • ബൈബിൾ ദിവ്യവെളിപ്പാടോ ഭാവനാശാലികളുടെ തൂലികാ സൃഷ്ടിയോ?

മനഃശാന്തി ഭഞ്ജിക്കുന്ന ഇത്തരം ചോദ്യങ്ങൾക്ക് ബൈബിൾ അവഗാഢമായി പഠിച്ച് ഉത്തരം കണ്ടെത്തി ജന്മസാഫല്യം നേടാൻ ജിജ്ഞാസുക്കളെ സഹായിക്കുന്നതിനു രൂപം കൊടുത്തിരിക്കുന്ന സന്മനസുള്ളവരുടെ ഒരു കൂട്ടായ്മയാണു ഞങ്ങളുടേത്. ലാഭേച്ഛ കൂടാതെ സത്യത്തിന്റെ പ്രചാരണത്തിനു എളിയ സേവനം കാഴ്ചവെയ്ക്കുന്ന നിസ്സ്വാർത്ഥമതികളുടെ ഈ കൂട്ടായ്മ ഏതെങ്കിലും മതവിഭാഗത്തിന്റെയോ നേതാക്കളുടെയോ നിയന്ത്രണത്തിനു വിധേയമല്ല. നിഷ്പക്ഷമായ വേദപഠനത്തിനും സംശയനിവാരണത്തിനു ആരെയും സഹായിക്കുവാനും ആരോടും സഹകരിക്കുവാനും ഇതിന്റെ പ്രവർത്തകർ സന്നദ്ധരാണു.

5 comments:

varghese george said...

panam uddakkanulla eluppa vazhi kollam

Mathson said...

]nb hÀKokv sPmÀPv          Xm¦Ä hnNmcnç¶ t]mse A[hm aäp \mat[b ssZhZmk·msc t]mse km¼XoI klmbw F\nç Bhinbw CÃ. ]Ww ssZhmë{Kl¯m Rm³ kw_mXnNnSpµp­v.AXn \nì NnehgnNp sIm­mé Cu ]cn]mSn sN¿p¶Xp.

 BsKmfhym]Kambo ssZh\mahpw t]dn ]e hyànIfpw Cu hgnbneqsS ]Ww kw_mZnçì­mbncn¡mw. B enÌnses¶ s]SpX­.              Fì khn\bw am¯vk¬

Mathson said...

priya vargees jorj thaangkaL vichaarikkunna pOle adhavaa matu naamadhEya daivadaasanmaaare pOle saampatheeka sahaayam enikku aavaSiam illa. paNam daivaanugrahaTHaal njaan sambaathichiTunduNT.athil ninnu chilavazhichu koNTaaNu ee paripaaTi cheyyunnathu.

aagoLavyaapagamaayee daivanaamavum pERi pala vyakthikaLum ee vazhiyiluuTe paNam sambaadikkunnuNTaayirikkaam. aa listilenne peTuthaNTa. ennu savinayam maaatthsaN

Anonymous said...

താങ്കളുടെ ഉദ്യമം വളരെ നല്ലത് തന്നെ. പ്രപഞ്ച ഉല്പത്തിയെ കുറിച്ച് മറ്റു ഫിലോസോഫികള്‍ എന്ത് പറയുന്നു എന്ന് കൂടി പഠിച്ചാല്‍ അറിവ് വര്ധിക്കുമല്ലോ.

Anonymous said...

പ്രപഞ്ച ഉല്പത്തിയെകുറിച്ച് ഫിലോസോഭികൾ പഠിക്കേണ്ട കാര്യമൊന്നുമില്ല. ഒരു സാധാരണക്കാരൻ ഫിലോസൊഫി പഠിച്ചാൽ മാത്രമേ അറിവുനേടു എന്നും ഇല്ല. സ്വകണ്ണുകളാൽ കാണാവുന്ന ഈ ഭുമി മാത്രം തന്നെ അതിനെ രൂപകർത്താവിനെകുറിച്ച് പ്രതിപാദിക്കുന്നു. യേശുവിന്റെ ശിഷ്യമാർ ഫിലോസൊഫി പഠിച്ചിട്ടൊന്നുമല്ല അപ്പൊസ്തലന്മാരായത്. ലോകത്തിന്റെ ജ്ഞാനം ദൈവവീകഷണത്തിൽ ഭോഷത്വം എന്ന് പറയുന്ന തിരുവെഴുത്ത് ഓർമ്മവരുന്നു.