Sunday, March 20, 2011

ദൈവം ഏകനോ ത്രിയേകനോ? മൂന്നാം ഭാഗം

സർവ്വശക്തനായ ദൈവം മാത്രമാണു യഹോവ

ദൈവം എന്ന പദം പോലെ യഹോവ എന്ന പദം ഒരു സാമാന്യനാമമല്ല. സംജ്ഞാനാമമാണു. സർവ്വശക്തനായ പിതാവാം ദൈവത്തിനു മാത്രമായ വ്യക്തിനാമമാണു.തിരുവെഴുത്തുകളിൽ മറ്റാർക്കും ഒരിക്കലും ഈ പേർ നൽകപ്പെട്ടിട്ടില്ല. യഹോവ എന്ന ഈ പേരു പരിഭാഷപ്പെടുത്താതെ മറ്റു സംജ്ഞാനാമങ്ങൾ പോലെ അങ്ങനെ തന്നെ പ്രയോഗിക്കേണ്ടതാണു. ഈ പദം യഹോവ എന്നോ യാഹ് വേ എന്നോ ഉച്ചരിക്കേണ്ടത് എന്നത് JHVH എന്ന ചതുരക്ഷരിയോട് ചേർക്കുന്ന സ്വരാക്ഷരങ്ങൾ എത്ര ഏവ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. പല ഇംഗ്ലീഷ് പരിഭാഷകളിലും യഹോവ എന്ന പദം കർത്താവെന്നു പരിഭാഷപ്പെടുത്തുക വഴി ഒരു സംജ്ഞാനാമം എന്ന നിലയിലുള്ള അതിന്റെ പ്രത്യേകത വിസ്മരിക്കപ്പെടുന്നു. യേശുക്രിസ്തു യഹോവ എന്ന പേരിൽ അറിയപ്പെടുന്നു എന്ന മിഥ്യാധാരണ പലർക്കുമുണ്ട്. അതു കൊണ്ട് ഈ പേരു സർവ്വത്തിനും ആദികാരണമായ മഹാദൈവമാം യഹോവയ്ക്കു മാത്രമുള്ളതാണെന്നു തെളിയിക്കുന്ന നിരവധി വേദഭാഗങ്ങളിൽ ചിലത് ഇവിടെ ഉദ്ധരിക്കുന്നു. 'ഞാൻ യഹോവ (അതു തന്നെ എന്റെ നാമം; ഞാൻ എന്റെ മഹത്ത്വം മറ്റൊരുത്തനും... വിട്ടു കൊടുക്കുകയില്ല' (യെശ 42:8). യഹോവ എന്ന നാമം പിതാവം ദൈവത്തിനു മാത്രമുള്ളതാണു (സങ്കീ 83:18)

യേശു യഹോവയല്ല എന്നതിനു മറ്റൊരു തെളിവാണു സങ്കീ.110.1; - 'ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക എന്ന് യഹോവ എന്റെ കർത്താവിനോട് അരുളിച്ചെയ്തു' [എബ്രായമൂലം] ഇതനുസരിച്ച് യഹോവയും കർത്താവും [അഡോൺ-എബ്രായമൂലം] ഭിന്നവ്യക്തികളാണു. സഹസ്രാബ്ദ്ധവാഴ്ചയുടെ നാളുകളിൽ യഹോവ ദാവീദിന്റെ കർത്താവായ യേശുവിനെ തന്റെ വലതു ഭാഗത്തേക്ക് ഉയർത്തുമെന്നു വാഗ്ദത്തം ചെയ്യുന്നു. (മത്താ 22:41-46; എബ്രാ 1:13; വെളി 20:4,6; ദാനി 7:13,14) അക്കാലത്ത് സകലശത്രുക്കളും അവന്റെ കാൽക്കീഴാക്കപ്പെടും (1 കൊരി 15:25)

യെശ 6:1,3,5,8,11,12 വാക്യങ്ങളും യഹോവയും യേശുവും ഭിന്ന വ്യക്തികളാണെന്നു സമർത്ഥിക്കുന്നു. 1,8,11 ഈ വാക്യങ്ങളിൽ വരുന്ന അദോനായി എന്ന എബ്രായപദം യേശുവിനെ പരാമർശിക്കുന്നു. അതേസമയം 3,5,12 ഈ വാക്യങ്ങളിൽ യഹോവ അഥവാ JHVH എന്ന ചതുരാക്ഷരിയാണു എബ്രായമൂലത്തിൽ. ഇംഗ്ലീഷിൽ അദോനായി, യഹോവ എന്ന രണ്ടു പദങ്ങളും കർത്താവ് എന്ന് ഏകരൂപമായി വിവർത്തനം ചെയ്യുന്നു. കർത്താവ് എന്നതിനുള്ള ആംഗലപദമാണു ലോർഡ്(Lord). അദോനായ്, യഹോവ ഇവ തമ്മിലുള്ള വ്യത്യാസം കാണിക്കുന്നതിനു അദോനായ് എന്നതിന്റെ പരിഭാഷയിൽ Lord എന്നതിനു ആദിയിൽ മാത്രം വലിയക്ഷരം ഉപയോഗിക്കുന്നു. മറ്റേതിൽ പദം ആദ്യാവസാനം വലിയക്ഷരത്തിലാണു (LORD). 'ആർ നമുക്കു വേണ്ടി പോകും' എന്ന എട്ടാം വാക്യത്തിൽ നാം എന്ന പ്രയോഗത്തിൽ യഹോവ, യേശു എന്ന ഇരുവരും ഉൾപ്പെടുന്നു. 'ഞാൻ ആരെ അയക്കേണ്ടു, ആർ നമുക്ക് വേണ്ടി പോകും ' എന്നു ചോദിക്കുന്നത് യേശുവോടാണു. യെശയ്യാവ് ആറാമധ്യായത്തിൽ യഹോവയെ JHVH എന്ന ചതുരക്ഷരി കൊണ്ടും യേശുവിനെ അദോനായി എന്നപദം കൊണ്ടും പരാമർശിക്കുക വഴി യേശു യഹോവയല്ല എന്ന് അനിഷേധ്യമായി തെളിയുന്നു. യേശു യഹോവയുടെ കാര്യനിർവാഹകനാണു. മലാ 3:1 യോശു 5:14 തുടങ്ങി അനേകം വേദഭാഗങ്ങൾ ഇതിനു സാക്ഷ്യം വഹിക്കുന്നു.

വേറെ ചില വേദഭാഗങ്ങൾ കൂടെ ശ്രദ്ധിക്കുക. യേശു യഹോവയല്ല യഹോവയുടെ ദാസനാണു (യെശ 42:1,6,19;52:13;53:11) അവൻ യഹോവയല്ല യഹോവയുടെ ഭുജമാണു (യെശ 53:1) അവൻ യഹോവയല്ല യഹോവയുടെ പുത്രനാണു (സങ്കീ 89:27;2:7,12) അപ്പോ 13:33 എബ്രാ 1:5;5:5 ഇവയുമായി താരതമ്യപ്പെടുത്തുക. അവൻ യഹോവയല്ല യഹോവയുടെ ദൂതനാണു (ഉല്പ 22:11,15; പുറ 3:2; സംഖ്യ 22:22-27,31,34,35; സങ്കീ 34:7) അവൻ യഹോവയല്ല, യഹോവയുടെ കൂട്ടാളിയാണു (സെഖ 13:7; സദൃ 8:30)

(തുടരും)

ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു.