Monday, March 28, 2011

മരിച്ചവര്‍ എവിടെ? രണ്ടാം ഭാഗം.

കത്തോലിക്കാമതത്തിന്റെ മറുപടി

ജാതികളെ വിട്ടിട്ടു ജ്ഞാനികളും , ലോകജനാവലിയുടെ കാൽഭാഗം വരുന്നവരുമായ ക്രൈസ്തവ മണ്ഡലത്തോട് ഞങ്ങൾ ചോദ്യം ചോദിക്കുന്നു. ക്രൈസ്തവ മണ്ഡലമേ, നിങ്ങളുടെ ഉത്തരം എന്ത് ?
മറുപടി ഇപ്രകാരമാണു. ഞങ്ങൾക്ക് ഭിന്നാഭിപ്രായങ്ങളാണുള്ളത്. ഞങ്ങളിൽ മൂന്നിൽ രണ്ടിലധികം വരുന്നവർ കത്തോലിക്കാ വിശ്വാസവും മൂന്നിലൊരു ഭാഗത്തോളം പേർ പ്രോട്ടസ്റ്റ്ന്റു പൊതുവീക്ഷണഗതിയുമാണംഗീകരിക്കുന്നത്. പൗരാണികത്വവും ജനസംഖ്യാബലവും കൊണ്ട് മുൻഗണന അർഹിക്കുന്നതിനാൽ യവനസഭയും റോമാസഭയുമുൾപ്പെട്ട കത്തോലിക്കാ വിഭാഗത്തിന്റെ വീക്ഷണഗതി ഒന്നാമതായി നമുക്ക് പര്യാലോചിക്കാം. മരിച്ചവർ എവിടെ എന്ന വിഷയത്തെപ്പറ്റി ദൈവദത്തമെന്ന് നിങ്ങളവകാശപ്പെടുന്ന ദിവ്യവെളിപാട് സംബന്ധിച്ച് നിങ്ങൾ നടത്തിയിട്ടുള്ള കഠിനാദ്ധ്വാനങ്ങളുടേയും അദ്ധ്യായനങ്ങളുടെയും ഫലങ്ങളും നിങ്ങളുടെ വിദഗ്ധചിന്തകരുടെയും വേദശാസ്ത്രജ്ഞന്മാരുടേയും നിഗമനങ്ങളും, അല്ലയോ കത്തോലിക്കാ സുഹൃത്തുക്കളെ നിങ്ങൾ ഞങ്ങൾക്ക് സദയം നൽകുക. നിങ്ങൾ പറയുന്നത് ഞങ്ങൾ ക്ഷമാപൂർവ്വം,മുൻവിധി കൂടാതെ സശ്രദ്ധം കേൾക്കാം.

നമ്മുടെ കത്തോലിക്കാ സഹോദരന്മാർ ഇപ്രകാരമാണു മറുപടി പറയുന്നത്. "നിങ്ങളുടെ ചോദ്യവിഷയം സംബന്ധിച്ച് ഞങ്ങളുടെ ഉത്തരം വളരെ വ്യക്തമാണു. ദിവ്യവെളിപാടിന്റെ എല്ലാ വീക്ഷണകോണങ്ങളിൽ കൂടെയും ഞങ്ങൾ വിഷയം പരിശോധിച്ചിട്ടുണ്ട്. ആരെങ്കിലും മരിക്കുമ്പോൾ മൂന്നു സ്ഥലങ്ങളിൽ ഒന്നിലേയ്ക്ക് പോകുന്നു എന്നാണു ഞങ്ങളുടെ നിഗമനവും ഉപദേശവും. ഒന്നാമത് വിശുദ്ധന്മാർ- അവരുടെ എണ്ണം വളരെ പരിമിതമാണു.- അവർ ഉടൻ തന്നെ ദൈവസന്നിധിയിലേയ്ക്ക് സ്വർഗ്ഗത്തിലേയ്ക്ക് പോകുന്നു" തന്റെ ക്രൂശെടുത്ത് എന്നെ അനുഗമിക്കാത്ത ആർക്കും എന്റെ ശിഷ്യനായിരിപ്പാൻ കഴിയില്ല (ലൂക്കോ 14:27) എന്നു കർത്താവ്പറഞ്ഞിരിക്കുന്നത് ഇവരെ സംബന്ധിച്ചാണു. വിശ്വസ്തതയോട് കൂടി ക്രൂശു വഹിക്കുന്നവരത്രേ ചെറിയ ആട്ടിൻ കൂട്ടം അഥവ തിരഞ്ഞെടുപ്പുഗണം. ഇവരെ സംബന്ധിച്ച് "ജീവങ്കലേയ്ക്ക് പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളത് ; അത് കണ്ടെത്തുന്നവർ ചുരുക്കമത്രേ" (മത്താ 7:14) എന്ന് യേശു പറഞ്ഞിരിക്കുന്നു.

വിശുദ്ധന്മാരുടെ ഗണത്തിൽ ഞങ്ങളുടെ പട്ടക്കാരോ, ബിഷപ്പന്മാർ, കർദിനാളന്മാർ, മാർപ്പാപ്പാമാർ എന്നിവർ പോലുമോ ഉൾപ്പെടുന്നില്ല. കാരണം ഇവരിൽ ആരെങ്കിലും നിര്യാതരാകുമ്പോള്‍ അവരുടെ ആത്മാക്കളുടെ ശാന്തിക്കായി ദിവ്യബലികൾ അർപ്പിക്കുന്നു. അത് സഭയുടെ ചട്ടമാണെന്ന്നിങ്ങൾക്കറിയാം. സ്വർഗ്ഗത്തിലാണെന്ന് വിശ്വസിക്കുന്ന ആർക്കു വേണ്ടിയും നാം ദിവ്യപൂജകൾ അർപ്പിക്കുന്നില്ല. എന്തെന്നാൽ അവിടെ എല്ലാ ആത്മാവിനും വിശ്രാന്തി ഉണ്ട്. നിത്യനരകത്തിൽ നിപതിച്ചിരിക്കുന്നു എന്നു വിശ്വസിക്കുന്നവർക്കു വേണ്ടിയും നാം ദിവ്യബലികൾ അർപ്പിക്കുന്നില്ല. എന്തെന്നാൽ അവ അവർക്ക് പ്രയോജനപ്പെടാൻ കഴിയുകയില്ല. എങ്ങിനെ ആയാലും വളരെ പേർ നിത്യനരകത്തിനിരയാകുന്നില്ല എന്നു ഞങ്ങൾ എടുത്ത് പറഞ്ഞു കൊള്ളുന്നു. മാനസാന്തരസാധ്യതയില്ലാത്ത മതവിരോധികൾ - കത്തോലിക്കാ സിദ്ധാന്തങ്ങളെ സംബന്ധിച്ച പൂർണ്ണജ്ഞാനമുണ്ടായിരുന്നിട്ടും അവയെ കരുതി കൂട്ടി മന:പൂർവ്വം എതിർത്തവർ - മാത്രമേ ഭയാനകവും നിരാശാവഹവുമായ അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരൂ എന്നാണു ഞങ്ങൾ പഠിപ്പിക്കുന്നത്.

അനേക ലക്ഷങ്ങൾ ശുദ്ധീകരണ സ്ഥലത്തേക്ക്

ഞങ്ങളുടെ സിദ്ധാന്തമനുസരിച്ച് മരിച്ചവർ പൊതുവിൽ ക്ഷണത്തിൽ ശുദ്ധീകരണ സ്ഥലത്തേക്ക്പോകുന്നു. ഇതു പേരിൽ നിന്നു വിശദമാകുന്നത് പോലെ വ്രതാനുഷ്ഠാനങ്ങളുടെയും പശ്ചാത്താപത്തിന്റെയും കഷ്ടതകളുടെയും സ്ഥലം തന്നെ എങ്കിലും ആശക്കും വകയില്ലാത്തതല്ല. ശിക്ഷയ്ക്ക് വ്യക്തിക്കുള്ള അർഹതകളും ലഘൂകരണങ്ങളും അനുസരിച്ച് ഇവിടെയുള്ള തടവുകാലം നൂറ്റാണ്ടുകളോ അനേകായിരം ആണ്ടുകളോ ആകാം. വിഷയം സംബന്ധിച്ച കത്തോലിക്കാസിദ്ധാന്തം കൂടുതൽ നിഷ്കൃഷ്ടമായി അറിയണമെങ്കിൽ ഒരു പ്രശസ്തകത്തോലിക്കനും കവിശ്രേഷ്ഠനുമായ ഡാന്റെയുടെ എഴുത്തുകളിലേക്ക് നിങ്ങളുടെ ശ്രദ്ധ ഞങ്ങൾ ക്ഷണിക്കുന്നു. അദ്ദേഹം ഒരു വിശ്വസ്ത കത്തോലിക്കൻ ആയിരുന്നു. സഭയുടെ മുഴുവൻ പദവികളോടുംകൂടെ അദ്ദേഹം ഒരു സന്യാസാശ്രമത്തിൽ വെച്ച് നിര്യാതനായി. വസ്തുതയെ സംബന്ധിച്ച്ഞങ്ങൾക്കുള്ള ധാരണയ്ക്കനുസരണമായി ഡാന്റെ തന്റെ ഇൻഫേർണോ (നരകം) തുടങ്ങിയകവിതകളിൽ ശുദ്ധീകരണ സ്ഥലത്തെ ദണ്ഡനങ്ങളുടെ സജീവ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ഉൽകൃഷ്ടകത്തോലിക്ക് കാവ്യകൃതിയുടെ ഒരു സചിത്രപ്രതി മിക്കവാറും ഏതു ഗ്രന്ഥശാലയിൽ നിന്നും നിങ്ങൾക്ക്കിട്ടുവാൻ കഴിയും.

ഡോരെ എന്ന കലാകാരനും ഒരു പ്രമുഖ കത്തോലിക്കനായിരുന്നു. അദ്ദേഹം ഡന്റെയുടെ കവിത തെളിവായും യഥാർത്ഥമായും ചിത്രമാക്കിയിട്ടുണ്ട്. ഇൻഫോർണ തുടങ്ങിയ കൃതികളിൽ വർണ്ണിക്കുന്നപ്രകാരമുള്ള നരകയാതനകൾ ചിത്രവിവരണങ്ങൾ വിശദമാക്കുന്നു. അതനുസരിച്ച് തൂക്കായ ഗിരിശിഖിരങ്ങളിൽ നിന്ന് വെട്ടിത്തിളയ്ക്കുന്ന വെള്ളത്തിലേക്ക് എടുത്ത് ചാടും വരെ ചിലരെ പിശാചുക്കൾ പിന്തുടരുന്നു. മറ്റുള്ളവരെ അവർ അഗ്നിശൂലങ്ങൾ കൊണ്ട് പ്രഹരിക്കുന്നു. വേറെ ചിലരെ തലകുത്തി നിറുത്തിയും ഇനിയും ചിലരെ പാദങ്ങൾ കുഴിയിലേക്കു നീട്ടിയും ചുടുന്നു. ചിലർക്ക്സർപ്പദംശനം ഏൽക്കുന്നു. വേറേ കുറെപ്പേർ തണുത്തുറയുന്നു. അങ്ങനെ പോകുന്നു ചിത്രം. ഡാന്റെയുടെ ഇൻഫോർണോ മുതലായ കൃതികൾ വായിക്കാൻ ഞങ്ങൾ ഉപദേശിക്കുന്നത് മരിച്ചവർ എവിടെ എന്ന നിങ്ങളുടെ ചോദ്യത്തിനുള്ള തക്ക മറുപടിയെ സംബന്ധിച്ച കത്തോലിക്ക വീക്ഷണഗതി അതിൽ വ്യക്തമാകുന്നതു കൊണ്ടാണു.

ബഹുഭൂരിപക്ഷവും ശുദ്ധീകരണസ്ഥലത്താണു. ജാതികളുടെ മഹാസമൂഹങ്ങൾ അവിടെയത്രെ. എന്തെന്നാൽ അജ്ഞാനം രക്ഷയ്ക്ക് കാരണമാകയോ സ്വർഗ്ഗീയപദവിക്ക് യോഗ്യത നൽകുകയോ ചെയ്യുന്നില്ല. സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതിനു മുൻപ് അതിനു അർഹരാകുന്ന ആരും ജാതികൾക്ക് അസാദ്ധ്യമായൊരു സമ്പ്രദായത്തിൽ അനുയോജ്യരും ഒരുക്കപ്പെട്ടവരുമാക്കപ്പെടണം. പ്രോട്ടസ്റ്റന്റുകാരിൽപ്പെട്ട ലക്ഷങ്ങൾ അവിടെയാണു. കത്തോലിക്കാസഭവഴിയല്ലാതെ അവർക്കു സ്വർഗ്ഗപ്രവേശനം സാദ്ധ്യമല്ല. അവർ കത്തോലിക്കാമതം തള്ളിക്കളഞ്ഞത് ഞങ്ങൾ ജനിക്കയും പരിചയിക്കുകയും ചെയ്ത വിശ്വാസത്തിന്റെ സ്വീകാര്യംമൂലമാകയാൽ അവരെ നിത്യനരകത്തിനു യോഗ്യരായി എണ്ണാൻ ദൈവത്തിനു കഴിയുകയില്ല.

കത്തോലിക്കരും മിക്കവാറും എല്ലാവരും തന്നെ ശുദ്ധീകരണസ്ഥലത്തേക്കു പോകുന്നു. സഭയുടെ സഹായഹസ്തം. പരിശുദ്ധജലം, പാപങ്ങളുടെ ഏറ്റുപറച്ചിൽ, ദിവ്യപൂജകൾ, പുണ്യജലം വിശുദ്ധീകരിച്ച ശ്മശാനഭൂമികൾ ഇവയെല്ലാം ഇരുന്നിട്ടും അവയെല്ലാം വിഫലീഭവിക്കുമാറു സ്വഭാവശുദ്ധിപ്രാപിക്കാത്ത ഇവർ ശുദ്ധീകരണസ്ഥലത്തെ ശോകാനുഭവങ്ങൾ വഴി ഹൃദയം സ്വർഗ്ഗാനുഗുണമായി ഒരുക്കപ്പെടും വരെ അവിടെ നിന്നും പുറം തള്ളപ്പെട്ടിരിക്കും. എന്നാലും അകത്തോലിക്കരുടെ അത്രദീർഘകാലം കത്തോലിക്കാർക്ക് ശുദ്ധീകരണസ്ഥലത്ത് കഴിയേണ്ടി വരികയില്ലെന്ന് ഞങ്ങൾ സിദ്ധാന്തിക്കുന്നു.

ദുഃഖകരമായ ഒരു പ്രതീക്ഷ

തങ്ങളുടെ നിലപാടിനെ സംബന്ധിച്ച ഹാർദ്ദവമായ പ്രസ്താവനക്ക് നമ്മുടെ കത്തോലിക്കസ്നേഹിതരെ നമുക്ക് അഭിനന്ദിക്കാം. അവർ പറയുന്ന ശുദ്ധീകരണസ്ഥലമെവിടെ എന്നോ തൽസംബന്ധമായ വിശദവിവരങ്ങൾ അവർക്ക് എങ്ങനെ ലഭിക്കുന്നുവെന്നോ ഞങ്ങൾ ചോദിക്കുന്നില്ല. കാരണം വിധം ചോദ്യങ്ങൾ അവർക്ക് ഇടർച്ച വരുത്തിയേക്കാം. ആർക്കും ഇടർച്ചവരുത്തുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. വിഷയം സംബന്ധിച്ചു അവരുടെ പരമാവധിപരിപക്വവും വ്യക്തവും സുചിന്തിതവുമായ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നതേയുള്ളു. ഉത്തരം നാം പ്രതീക്ഷിച്ചവിധം വിശദവും യുക്തിയുക്തവും വേദാനുസരണവുമല്ലെന്ന് പറയേണ്ടി വന്നതിൽ ഖേദിക്കുന്നു. അപ്പോസ്തോലൻ പറയും പ്രകാരം ആദ്യലംഘനം നിമിത്തം നമ്മുടെ വർഗ്ഗം ഇപ്പോൾതന്നെ ഞെരുങ്ങിക്കൊണ്ടിരിക്കുന്നെന്നും അല്പ്പകാലത്തെ ആയുസ്സ് ദുഃഖപൂർണ്ണമാണെന്നുമുള്ളവിചാരം തന്നെ നമ്മെ അലട്ടുകയും അസ്വസ്ഥചിത്തരാക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ പരീക്ഷകളും പ്രയാസങ്ങളും തീരുമ്പോൾ നിത്യത പോകട്ടെ ഏതാനും നൂറ്റാണ്ടുകളിലേയ്ക്കെങ്കിലും ഡാന്റെ ചിത്രീകരിക്കുന്ന പ്രകാരമുള്ള ഭയാനകാനുഭവങ്ങൾക്ക് പാത്രമാകാൻ കടപ്പെട്ടിരിക്കുന്നുവെന്നതു, ശോകഭൂയിഷ്ഠമായ ശതാബ്ദങ്ങൾ അവരെ ശുദ്ധീകരിക്കുകയും ദൈവസന്നിധിക്കും സ്വർഗ്ഗീയമഹിമയ്ക്കും യോഗ്യരാക്കുകയും ചെയ്യുമെങ്കിലും നമുക്കേവർക്കും ദുഃഖകരവും നിരുൽസാഹജനകവുമാണു.

ഞങ്ങളുടെ ചോദ്യത്തിനു കത്തോലിക്കർ നൽകുന്ന ഉത്തരം ജാതികളുടെ മറുപടിയിലും വളരെയൊന്നും മെച്ചമല്ല എന്നു പറയുമ്പോൾ ചില വേദശാസ്ത്രജ്ഞന്മാർക്ക് പുതുമയായി തോന്നുമെങ്കിലും അതാണു വാസ്തവം. നമ്മുടെ ഹൃദയമോ മനസ്സോ ഇനിയും സംതൃപ്തമാകുന്നില്ല. കുറെക്കൂടെ തൃപ്തികരമായ ഒരുത്തരം നാമാരായുന്നത് അസ്ഥാനത്താകയില്ല.

(തുടരും)

ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു.