Monday, March 7, 2011

പരിശുദ്ധാത്മ ശക്തി എന്നാൽ എന്ത് ?

ഇതിനു മുൻപുള്ള പോസ്റ്റുകളിൽ സർവ്വ ശക്തനും അത്യുന്നതനുമായ പിതാവാം ദൈവത്തെക്കുറിച്ചും തന്റെ ആദ്യ ജാതനും ഏക ജാതനുമായ യേശു കൃസ്തു എന്ന വീരനാം ദൈവത്തെക്കുറിച്ചും പ്രതിപാദിച്ചു കഴിഞ്ഞതാണു. ഇനി നമുക്ക് പരിശുദ്ധാത്മാവ്
എന്ന കാര്യസ്ഥനെക്കുറിച്ചാണു വിശദമായി ചിന്തിക്കാനുള്ളത്.

പരിശുദ്ധാത്മാവിനെ ദൈവത്തിന്റെ വ്യാപാരശക്തിയായിട്ടാണു വചനത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. അത്യുന്നതന്റെ ശക്തി (ലൂക്ക 1:35) ഉയരത്തിൽ നിന്നുള്ള ശക്തി (ലൂക്ക 24:49) എന്നീ പ്രയോഗങ്ങൾ പരിശോധിച്ചാൽ ദൈവീക ശക്തിയായിട്ടാണു പരിശുദ്ധാത്മ പ്രവർത്തനത്തെ പ്രധാനമായും കണക്കാക്കുന്നത് എന്ന് മനസ്സിലാക്കാം.

ഇപ്രകാരം ദൈവീക ശക്തിയായ പരിശുദ്ധാത്മാവിനു പിതാവിനും പുത്രനും ഉള്ളത് പോലെയൊരു വ്യക്തിത്വം സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങൾ ചില കൃസ്തീയ വിഭാഗങ്ങളിൽ നിന്നുമുണ്ടായിട്ടുണ്ട്. പരിശുദ്ധാത്മാവ് ദൈവത്തിന്റെ ആത്മാവ് ആണു എന്ന് മനസ്സിലാക്കിയിട്ടും ദൈവത്തിൽ നിന്നും വേറിട്ടൊരു സ്വത്വം പരിശുദ്ധാത്മാവിനു കല്പിക്കാൻ ശ്രമിക്കുന്നത് ശരിയായ വസ്തുതയല്ല. ദൈവവും ദൈവത്തിന്റെ ആത്മാവും രണ്ട് ആളുകളല്ല. ഒന്ന് തന്നെയാണ്.

ആത്മാവിനു വ്യക്തിത്വം ഉണ്ടെന്ന് കരുതിയാൽ ആത്മാവിൽ സ്നാനപ്പെടുക, ആത്മാവ് കൊണ്ട് അഭിഷേകം ചെയ്യുക, ആത്മാവിനാൽ നിറയുക, ആത്മാവിനെ പകരുക എന്നെല്ലാം പറയുന്നത് അസംബന്ധമാകും. ആത്മാവിനെ അളവു കൂടാതെ കൊടുക്കുക എന്നെല്ലാം പറയുന്നത് എങ്ങിനെയാണു എന്ന് ചിന്തിച്ചാൽ ആത്മാവിനെ വ്യക്തിയാക്കി മാറ്റുന്നതിലെ യുക്തിയില്ലായ്മ പിടി കിട്ടാവുന്നതേ ഉള്ളു.

പരിശുദ്ധാത്മാവിനെ അവൻ എന്ന് പല ഭാഗത്തും പറഞ്ഞിട്ടുണ്ട്. പഴയ നിയമത്തിൽ ആത്മാവിനെ അവൻ എന്ന സർവ്വ നാമമല്ല, പ്രത്യുത അത് എന്ന സർവ്വ നാമമാണു ഉപയോഗിച്ചിരിക്കുന്നത്. പുതിയ നിയമത്തിൽ പരിശുദ്ധാത്മാവിനെ പറ്റി പറഞ്ഞിരിക്കുന്ന വചനം ഇപ്രകാരമാണു. " എന്റെ പിതാവ് വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേൽ അയക്കും, നിങ്ങളോ ഉയരത്തിൽ നിന്ന് ശക്തി ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ എന്നും അവരോട് പറഞ്ഞു." (ലൂക്ക 24:48, അപ്പോ 1:8)

എന്നാൽ യോഹന്നാൻ 16:13 പരിശുദ്ധാത്മാവിനു വ്യക്തിത്വം ഉണ്ടാക്കാൻ പാടു പെടുന്നവരെ സഹായിച്ചേക്കും എന്ന് തോന്നിപ്പിക്കുന്ന വചനമുണ്ട്. അത് ഇപ്രകാരമാണു. "സത്യത്തിന്റെ ആത്മാവ് വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും. അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നത് സംസാരിക്കുകയും വരുവാനുള്ളത് നിങ്ങൾക്ക് അറിയിച്ചു തരുകയും ചെയ്യും." ഇവിടെ ആത്മാവിനെ അവൻ എന്ന് പറഞ്ഞിരിക്കുന്നത് കൊണ്ട് ആത്മാവിനു വ്യക്തിത്വമുണ്ടെന്ന് പറയുന്നതിൽ അർത്ഥമില്ല. സാധാരണ സംസാര ഭാഷയിലെ പ്രയോഗങ്ങൾ പരിശോധിച്ചാൽ ഉദാഹരണമായി വിക്ടോറിയ എന്ന കപ്പൽ കടലിൽ സഞ്ചരിക്കുന്നു. അവൾ 500 ടൺ ഭാരം വഹിച്ചു കൊണ്ട് പോകുന്നു എന്ന് പറഞ്ഞാൽ കപ്പലിനു വ്യക്തിത്വമുണ്ടോ.

ഇനി വി വേദപുസ്തകത്തിൽ തന്നെ ഇതിനു ഉപോല്പകമായ വചനങ്ങൾ ഉണ്ട്. "ഹേ മരണമേ നിന്റെ ജയം എവിടെ ? ഹേ മരണമേ നിന്റെ വിഷമുള്ള് എവിടെ?" (1 കൊരിന്ത്യർ 15:55) ഇത്തരത്തിൽ മരണത്തെ പരാമർശിച്ചത് കൊണ്ട് മരണത്തിനു വ്യക്തിത്വം ഉണ്ട് എന്നാണോ അർത്ഥം. അതുപോലെ "മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു"(വെളിപ്പാട് 20:14) എന്ന വാക്യം ഉദ്ധരിച്ച് കൊണ്ട് മരണത്തിനും പാതാളത്തിനും വ്യക്തിത്വമുണ്ടെന്ന് വാദിക്കുന്നത് പോലെതന്നെയാണു പരിശുദ്ധാത്മാവിന്റെ കാര്യത്തിലും നടന്നു കൊണ്ടിരിക്കുന്നത്.

മേൽ പ്രസ്താവിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിൽ പരിശുദ്ധാത്മാവിനു വ്യക്തിത്വമില്ല, പ്രത്യുത ദൈവത്തിന്റെ വ്യാപാരശക്തി മാത്രമാണു എന്നു മനസ്സിലാക്കാം.

അടുത്ത പോസ്റ്റ് പറഞ്ഞ കാര്യങ്ങളുടെയെല്ലാം ഉപസംഹാരമായി എഴുതാൻ ആഗ്രഹിക്കുന്നു.

No comments: