Sunday, March 27, 2011

മരിച്ചവർ എവിടെ? ഒന്നാം ഭാഗം

വിശുദ്ധരും അശുദ്ധരും പരിഷ്കൃതരും അപരിഷ്കൃതരും ഉൾപ്പെടെ നമ്മുടെ സ്നേഹഭാജനങ്ങളും അയൽ വാസികളുമായ മരിച്ചവർ
എവിടെ
?

"സഹോദരന്മാരായ പുരുഷന്മാരെ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവൻ മരിച്ചു അടക്കപ്പെട്ടു എന്നു എനിക്കു നിങ്ങളോട് ധൈര്യമായി പറയാം; അവന്റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ." "ദാവീദ് സ്വർഗ്ഗാരോഹണം ചെയ്തില്ലല്ലോ." (അപ്പോ പ്രവൃ 2:29,34)

"സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല"(യോഹ
3:13)

വിശുദ്ധനോ, അശുദ്ധനോ, പരിഷ്കൃതനോ, അപരിഷ്കൃതനോ ആകട്ടെ നമ്മുടെ സ്നേഹഭാജനങ്ങളും അയൽക്കാരുമെവിടെ? ചോദ്യത്തിന്റെ ഉത്തരത്തിനു നമ്മുടെ ജീവിതത്തോട് വിധിനിർണ്ണായകമായ ബന്ധമുണ്ട്. അതു നമ്മുടെ വേദശാസ്ത്രത്തേയും ജീവിതഗതിയാകത്തന്നേയും ബാധിക്കുകയും സ്വാധീനപ്പെടുത്തുകയും ചെയ്യുന്നു. ശരിയായ ഉത്തരം ഉറപ്പും ഉത്തമബോധ്യവും ശക്തിയും പ്രദാനം ചെയ്യുകയും സുബോധത്തിന്റെ ആത്മാവ് നമ്മിൽ ഉളവാകാൻ സഹായകമായിരിക്കുകയും ചെയ്യും. വിഷയത്തിൽ താൻ തല്പരനല്ലെന്ന് ആരെങ്കിലും പറയുന്നെങ്കിൽ അയാൾ മന്ദബുദ്ധിയാണെന്നും വിചാരശീലനല്ലെന്നും സ്വയം പ്രഖ്യാപിക്കുകയായിരിക്കും. ചുരുങ്ങിയ വർഷങ്ങളിലേയ്ക്കു മാത്രം നമ്മെ ബാധിക്കുന്ന ആഹാരം, വസ്ത്രം,ധനാർജ്ജനം, രാഷ്ട്രീയകാര്യങ്ങൾ തുടങ്ങിയ ആയുസ്സിലെ സാധാരണ വിഷയങ്ങൾ തന്നെ പരിഗണനീയവും പഠനാർഹവുമാണെങ്കിൽ നമ്മുടെയും നമ്മുടെ അയൽ വാസികളുടെയും പൊതുവിൽ മനുഷ്യവർഗ്ഗത്തിന്റെയും നിത്യഭാവി എത്രമേൽ ശ്രദ്ധേയമാകേണ്ടതാണു.

നിരീശ്വരവാദികളുടെ മറുപടി

സ്വന്തം ചിന്താസ്വാതന്ത്ര്യത്തിൽ അഭിമാനം കൊള്ളുന്ന നിരീശ്വരവാദികളായ ഞങ്ങളുടെ സുഹൃത്തുക്കളോടുള്ള ഒരു ചോദ്യത്തോട് കൂടി വിഷയത്തിന്റെ പരിശോധനയിലേയ്ക്ക് ഞങ്ങൾ പ്രവേശിക്കുന്നു. മരിച്ചവർ എവിടെ എന്ന ഞങ്ങളുടെ അന്വേഷണത്തിനു അല്ലയോ സ്വതന്ത്രചിന്തകരെ, നിങ്ങൾ എന്തു മറുപടി പറയുന്നു? അവരുടെ ഉത്തരം ഇപ്രകാരം ആണു. "ഞങ്ങൾക്കറിഞ്ഞു കൂടാ. ഭാവി ജീവിതത്തിൽ വിശ്വസിക്കുന്നതിനു ഞങ്ങൾ ഇഷ്ടപ്പെടുന്നു. എന്നാൽ ഞങ്ങൾ അതിനു തെളിവൊന്നും കാണുന്നില്ല. തെളിവുകളുടെ അഭാവത്തിൽ ഞങ്ങൾ തിരുമാനിക്കുന്നത് മൃഗത്തെപ്പോലെ മനുഷ്യരും മരിക്കുന്നു എന്നാണു. വിശുദ്ധന്മാരുടെ സൗഭാഗ്യത്തെപ്പറ്റിയുള്ള നിങ്ങളുടെ പ്രതീക്ഷയെ നിരാശപ്പെടുത്തിയാലും ഞങ്ങളുടെ അനുമാനം നമ്മുടെ വർഗ്ഗത്തിലെ ബഹുഭൂരിപക്ഷത്തെ സംബന്ധിച്ചിടത്തോളം എല്ലാവർക്കും ആശ്വാസകരമായിരിക്കും. കാരണം ഭൂരിപക്ഷം പേരും വിശ്വസിക്കുന്ന പ്രകാരം യാതനയിൽ നിത്യകാലം ജീവിച്ചിരിക്കുന്നതിനേക്കാൾ മൃഗത്തെപ്പോലെ പട്ടുപോകുന്നതായിരിക്കും നിശ്ചയമായും അവർക്കും വളരെയേറെ
നല്ലത്
"

സവിനയമായ മറുപടിക്കു നിരീശ്വരവാദികളായ ഞങ്ങളുടെ സുഹൃത്തുക്കളോട് ഞങ്ങൾ കൃതാജ്ഞരാണു. എന്നാൽ ഒരു ഭാവി ജീവിതം ഉണ്ടെന്നോ ഉണ്ടായിരിക്കണമെന്നോ അഭിവാഞ്ജകൊള്ളുന്ന നമ്മുടെ ഹൃദയത്തിനാകട്ടെ ബുദ്ധിക്കാകട്ടെ ഉത്തരം തൃപ്തികരമായി തോന്നുന്നില്ല. ദിവ്യനിർണ്ണയത്തിൽ മനുഷ്യൻ പരമോൽകൃഷ്ടനെന്നു പ്രതീക്ഷിക്കത്തക്കവണ്ണം സൃഷ്ടാവ് അവനെ മാനസികവും, ഹൃദയപരവുമായ കഴിവുകളിൽ മൃഗത്തെ അപേക്ഷിച്ചു വളരെ ഉയർന്ന പടിയിൽ നിർമ്മിച്ചിരിക്കുന്നു എന്ന് ഉച്ചൈസ്തരം ഘോഷിക്കുന്ന നമ്മുടെ അന്തകരണത്തേയോ, മനസ്സിനെയോ മറുപടി ത്രിപ്തിപെടുത്തുന്നില്ല. കൂടാതെ ആയുസ്സിന്റെ ക്ഷണികതയും, അതിന്റെ വേദനകളും യാതനകളും ,അനുഭവങ്ങളും പാഠങ്ങളും ഒരു ഭാവി ജീവിതം - പാഠങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു അവസരം- ഇല്ലാതെ പോകുന്ന പക്ഷം മിക്കവാറും മുഴുവൻ തന്നെ വ്യർത്ഥവും നിഷ്ഫലവുമായിരിക്കും. നമ്മുടെ ചോദ്യത്തിനു തൃപ്തികരമായ ഒരുത്തരം കണ്ടെത്തുന്നതിനായി നാം ഇനിയും കൂടുതൽ ആരായേണ്ടിയിരിക്കുന്നു.

ജാതികളുടെ മറുപടി

ലോകത്തിൽ മുക്കാൽ ഭാഗം ജനങ്ങളും ജാതികളാകയാൽ സംഖ്യയുടെ പ്രാമാണ്യം പരിഗണിക്കുമ്പോൾ മരിച്ചവർ എവിടെ എന്ന ചോദ്യത്തിനു അവർ കൊടുക്കുന്ന മറുപടി ആണു അടുത്തതായി നാം ആരായേണ്ടത്. രണ്ട് സാമാന്യമറുപടികളാണു അവർ നൽകുന്നത്.

1. പുനർജ്ജന്മത്തിൽ വിശ്വസിക്കുന്നവരാണു അവരിൽ പ്രാമാണികന്മാർ. അവർ ഇങ്ങനെ മറുപടി പറയുന്നു. "ഒരാൾ മരിക്കുമ്പോൾ അയാൾ മരിക്കുന്നില്ല. കേവലം രൂപാന്തരം പ്രാപിക്കുകയാണു എന്നത്രേ ഞങ്ങളുടെ വീക്ഷണഗതി. ആയുസ്സിലെ ജീവിതത്തിനനുസരിച്ചിരിക്കും അയാളുടെ ഭാവിയിലെ അവസ്ഥ. അതിനൊത്തവണ്ണം അയാൾക്ക് ഉയർന്നതോ താണതോ ആയ സ്ഥിതി കൈവരും. ഒരുവേള പൂച്ചയോ, നായോ, എലിയോ, ആനയോ മറ്റേതെങ്കിലുമോ ആയി മുൻപ് തന്നെ ഞങ്ങൾ ലോകത്തിൽ ജീവിച്ചിരുന്നെന്നും ഇപ്പോഴത്തെ ആയുസ്സ് ബുദ്ധിപൂർവ്വം വിനിയോഗിക്കുന്നപക്ഷം തത്വജ്ഞാനികൾ മുതലായവരെപ്പോലെ ശ്രേഷ്ഠസിദ്ധികളോട് കൂടിയ മനുഷ്യരായി വീണ്ടും പ്രത്യക്ഷരാകുമെന്നും എന്നാൽ സാധാരണ മട്ടിൽ ജീവിതം ദുരുപയോഗം ചെയ്യുന്നെങ്കിൽ പിന്നെയും താണ പടിയിലുള്ള ഒരു ജീവിയായി തീരുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. അപ്പോൾ വീണ്ടും ആനയോ ക്ഷുദ്രകീടമോ മറ്റെന്തു തന്നെയോ ആയെന്നു വരാം. വിശ്വാസം മൂലമാണു താണപടിയിലുള്ള ജന്തുക്കളോടുള്ള പെരുമാറ്റത്തിൽ ഞങ്ങൾ വളരെ ശ്രദ്ധാലുക്കളായിരിക്കുന്നതും
എല്ലാവിധമാംസാഹാരങ്ങളും വർജ്ജിക്കുന്നതും. നാം ഒരു കീടത്തെ നിഷ്കരുണം ചവുട്ടിയരക്കുന്ന പക്ഷം മരണമെന്ന് നാം പേർ പറയുന്ന അവസ്ഥാന്തരത്തിനു ശേഷം നാം തന്നെ നിർദ്ദയമായ വർത്തനങ്ങൾക്ക് വിധേയരാകത്തക്ക വടിവിൽ പിറക്കുക എന്നതായിരിക്കും കൈവരുന്ന ശിക്ഷ"

2. ജാതികളിൽ ശേഷിക്കുന്ന മഹാവിഭാഗം ശ്രേഷ്ടന്മാർക്ക് ഉല്ലാസപ്രദമായ വിഹാരരംഗങ്ങളും ദുഷ്ടന്മാർക്ക് പലവിധത്തിലുള്ള ദണ്ഡനം നടക്കുന്ന നരകവുമടങ്ങിയ ഒരു ആത്മലോകത്തിൽ വിശ്വസിക്കുന്നു. മനുഷ്യർ മരിക്കുന്നതായി തോന്നുമ്പോൾ വാസ്തവത്തിൽ അവർ അതിനു മുൻപുള്ള അവസ്ഥയെക്കാളും കൂടുതലായി സജീവരായി തീരുകയാണെന്നും "വൈതരണി" എന്ന പരലോക നദിതരണം ചെയ്യുന്ന മാത്രയിൽ അനുഗ്രഹീതരുടേയോ നിത്യനിർഭാഗ്യവാന്മാരുടെയോ ജീവിതമണ്ഡലത്തിലേയ്ക്കു അവർ പ്രവേശിക്കുമെന്നും ശിക്ഷയ്ക്കും പ്രതിഫലത്തിനും വ്യത്യസ്തപടികൾ ഉണ്ടെന്നും കൂടെ ഉപദേശിക്കപ്പെടുന്നു. വീക്ഷണഗതികൾ നിങ്ങൾക്കെവിടെ നിന്ന് ലഭിച്ചു എന്നു ഞങ്ങൾ ചോദിക്കുന്നു. മറുപടി ഇങ്ങനെ ആണു. നൂറ്റാണ്ടുകളായി വിശ്വാസം ഞങ്ങൾ പുലർത്തിവരുന്നു. അവയുടെ ഉല്പത്തിയെപ്പറ്റി ഞങ്ങൾ അജ്ഞാതരാണു. സത്യങ്ങളെന്ന നിലയിൽ ഞങ്ങളുടെ പണ്ഡിതന്മാർ അവ ഞങ്ങൾക്ക് പരമ്പരയാ ഉപദേശിക്കയും നിലയിൽ അവയെ ഞങ്ങൾ അംഗീകരിക്കുകയും ചെയ്തു.

എന്നാൽ ഉത്തരം നമ്മുടെ ബുദ്ധിയ്ക്കോ, മനസ്സിനോ തൃപ്തികരമാകുന്നില്ല. നാം വേറെ വഴിയ്ക്കാരായേണ്ടിയിരിക്കുന്നു. മിഥ്യാസങ്കല്പങ്ങൾ നമ്മുടെ വിശ്വാസത്തിനു മതിയായ ഉറപ്പല്ല. ആരുമായിട്ടാണോ നമുക്ക് കാര്യമുള്ളത് സ്രഷ്ടാവിങ്കൽ നിന്നുള്ള ദൂതായ ദിവ്യവെളിപാടിനെത്തന്നെ നാം അന്വേഷിക്കണം.

(
തുടരും)

ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു.