Thursday, March 31, 2011

മരിച്ചവർ എവിടെ? അഞ്ചാം ഭാഗം

ദണ്ഡനമല്ല മരണമാണു ശിക്ഷ

പാപത്തിന്റെ കൂലി നിത്യദണ്ഡനമല്ല മരണമാണെന്നു (റോമ 6:23) തിരുവെഴുത്തുകൾ തെളിവായി പ്രസ്താവിക്കുമ്പോൾ ആദാമ്യപാപത്തിന്റെ ശമ്പളം നിത്യദണ്ഡനമാണെന്ന് അംഗീകരിക്കുന്നതിന്റെ ആബദ്ധ്യം നന്നായി മനസ്സിലാക്കുക. മനുഷ്യന്റെ വീഴ്ചയേയും അവന്റെ മേൽ ചുമത്തപ്പെട്ട ന്യായത്തീർപ്പിനെയും സംബന്ധിച്ച് ഉല്പത്തി പുസ്തകത്തിൽ കൊടുത്തിരിക്കുന്ന വിവരണം നാം പരിശോധിക്കുമ്പോൾ കേവലം മരണശിക്ഷയെക്കുറിച്ചല്ലാതെ ഒരു നിത്യഭാവിദണ്ഡനത്തെ പരാമർശിച്ചു യാതൊരു സൂചനയും നാം കാണുന്നില്ല. രണ്ടാമതൊരിക്കൽ കൂടെ ഇതു ആവർത്തിച്ചു കൊണ്ട് യഹോവ പറയുന്നു "നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും" (ഉല്പ 3:19) പിശാചുക്കളെയോ,അഗ്നി, ദണ്ഡനം ഇവയെ സംബന്ധിച്ചോ ഒറ്റവാക്കും അവൻ ഉരുയാടിയില്ല.

ഈ നിലയ്ക്ക് "ഭൂതങ്ങളുടെ ഉപദേശങ്ങൾ" എന്നു അപ്പോസ്തോലൻ പേർ വിളിക്കുന്ന അബദ്ധ സിദ്ധാന്തങ്ങൾ കൊണ്ട് ശത്രു നമ്മുടെ പിതാക്കന്മാരെ അന്ധകാരയുഗത്തിൽ വഞ്ചിച്ചതെങ്ങനെ? പാപത്തിനു മരണശിക്ഷയൊഴികെ മറ്റൊന്നും പ്രവചനങ്ങളിൽ പരാമർശിച്ചിട്ടില്ലെന്ന വസ്തുത കണക്കിലെടുക്കുക. പുതിയ നിയമവും അതിനനുസരിച്ച് തന്നെ ഇരിക്കുന്നു എന്നു കാണുക. പുതിയ നിയമത്തിൽ പകുതിയിലധികം ഭാഗത്തിന്റെ ലേഖകനായ വി. പൗലോസ് "ദൈവത്തിന്റെ ആലോചന ഒട്ടും മറച്ചുവയ്ക്കാതെ ഞാൻ മുഴുവനും അറിയിച്ചു തന്നിരിക്കുന്നുവല്ലൊ" (അപ്പൊ പ്ര 20:27) എന്നു നമുക്ക് ഉറപ്പു തരുന്നു. എന്നിട്ടും നിത്യദണ്ഡനത്തെ സംബന്ധിച്ച് അവൻ ഒരു വാക്ക് ഉച്ചരിക്കുന്നില്ല. മറിച്ച് പാപത്തെയും അതിന്റെ ശിക്ഷയെയും സംബന്ധിച്ച് ഈ സംഗതി തന്നെ ചർച്ച ചെയ്ത്കൊണ്ട് "അതു കൊണ്ട് ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു" (റോമ 5:12) എന്നു പറയുന്നു. ഏകനിലോ എല്ലാവരിലുമോ കടന്നു കൂടിയത് നിത്യദണ്ഡനമല്ല മരണമാണു എന്ന് മനസ്സിലാക്കുക

മരണം മതിയായ ശിക്ഷയോ?

മരണം പാപത്തിനു മതിയായ ശിക്ഷയാകയില്ലെന്നു ആരെങ്കിലും അഭിപ്രായപ്പെടുന്ന പക്ഷം നമുക്ക് ചെയ്യാനുള്ളത് വസ്തുതകൾ ചൂണ്ടിക്കാണിച്ച് ആ വാദഗതി ന്യായവിരുദ്ധമെന്നു തെളിയിക്കുക മാത്രമണു. അനുസരണക്കേടെന്ന പാപം നിമിത്തം ആദാമിനു അവന്റെ സൗഭാഗ്യ ഭവനമായിരുന്ന പറുദീസ നഷ്ടപ്പെട്ടു. പൂർണ്ണ ജീവനും ദൈവസംസർഗ്ഗവും അവനു നഷ്ടമാകയും പകരം രോഗവും വേദനയും ദുഃഖവും മരണവും വന്നു കൂടുകയും ചെയ്തു. ഇതിനും പുറമേ 3000 കോടിയോളം വരുന്ന അവന്റെ വംശ പരമ്പരയാകെ, പിതാവിൽ നിന്നു മാനസികവും സാന്മാർഗ്ഗികവും ശാരീരികവുമായ ബലഹീനതകൾ ജന്മസ്വഭാവമായി പ്രാപിക്കയും അപ്പോസ്തോലൻ പ്രസ്താവിക്കും പ്രകാരം "ഞരങ്ങുന്ന സൃഷ്ടി"യായിരിക്കയും ചെയ്യുന്നു (റോമ 8:22) എന്നാൽ അനുഗ്രഹങ്ങൾ ഇങ്ങനെ പിതൃപരമ്പരയാ ലഭിച്ചിട്ടില്ല.

3000 കോടിവരുന്ന ജനാവലി പാപത്തിൽ ജനിക്കയും ആകൃത്യത്തിൽ ആകൃതിപ്പെടുകയും (സങ്കീ 51:5) ചെയ്തിരിക്കുന്ന സ്ഥിതിവിശേഷം നോക്കുക. വ്യസനത്തിലും അനുസരണക്കേടിലും കഴിഞ്ഞു പോയ ഹ്രസ്വങ്ങളായ ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ ആണ്ടുകളോ അവരെ അവരുടെ മരണശയ്യയിലേക്ക് കൊണ്ട് വന്നു. അശ്രുധാര വാർത്തുകൊണ്ട് ആർത്തഹൃദയരായ സുഹൃത്തുക്കൾ ആ മരണശയ്യക്ക് ചുറ്റും നിന്നു. "വെണ്ണീറോട് വെണ്ണീറായി" "പൊടിയോട് പൊടിയായി" അവർ ശവകുടീരത്തിലേയ്ക്ക് ആനയിക്കപ്പെട്ടു. സാഹചര്യമാകെ കണക്കിലെടുക്കയും രോഗം, ദുഃഖം,വേദന, മരണം, മാനസികവും സാന്മാർഗ്ഗികവുമായ അധഃപതനം ഇവ പൂർണ്ണമായും പിതാവായ ആദാമിന്റെ ലംഘനത്തിന്റെ ഫലമാണെന്ന് ഓർമ്മിക്കയും ചെയ്യുമ്പോൾ വിധിക്കപ്പെട്ട ശിക്ഷ മതിയാകുന്നില്ലെന്നും അതില്പരമായി ഈ അനേകലക്ഷങ്ങൾ മരണമാത്രയിൽ അനന്തയാതനയുടെയും ഭീകരതകളുടെയും നരക ഗർത്തത്തിലേക്ക് ആനയിക്കപ്പെട്ട് നിത്യതയാകെ പിശാചിനാൽ പീഡിതരായിക്കഴിഞ്ഞു കൊള്ളണമെന്നു നീതി ആവശ്യപ്പെടുമെന്നോ ആവശ്യപ്പെടാൻ കഴിയുമെന്നോ സുബുദ്ധിയുള്ളവരാരെങ്കിലും പറയുമോ? പ്രിയ സുഹൃത്തുക്കളെ, ഒരാൾ ഈ നിലയിൽ അനുമാനങ്ങളിലെത്തുന്നത് അയാൾക്ക് ഒരിക്കലും യുക്തിവിചാരഭിജ്ഞത ഉണ്ടായിരുന്നില്ലെന്നോ അത് നഷ്ടപ്പെട്ടു പോയെന്നോ കാണിക്കും

(തുടരും)

ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു