Monday, April 4, 2011

മരിച്ചവർ എവിടെ? അവസാന ഭാഗം

സുഹൃത്തുക്കളേ, നമ്മുടെ ചോദ്യത്തിനു ഏറ്റവും ഉയർന്നതു മുതൽ താണതുവരെയുള്ള ഭൗമികാധികാരപീഠങ്ങൾ നൽകുന്ന മറുപടി നിങ്ങളുടെ ആലോചനയ്ക്ക് വിഷയീഭവിച്ചു കഴിഞ്ഞിരിക്കുന്നു. അവയിൽ ഒന്നും തൃപ്തികരമായില്ല. ഇപ്പോൾ നിങ്ങൾ ദൈവവചനത്തിലെ സാക്ഷ്യം, മരിച്ചവർ എവിടെ എന്നതിനെ സംബന്ധിച്ച ദിവ്യപ്രസ്താവന തന്നെ കേട്ടിരിക്കുന്നു.

സ്വർഗ്ഗീയ ശബ്ദം നാം ശ്രവിക്കുമ്പോൾ മരിച്ചവൻ വാസ്തവത്തിൽ മരിക്ക തന്നെ ചെയ്തെന്നും ഭാവിയെ സംബന്ധിച്ച അവരുടെ സകല പ്രത്യാശകളും ഒന്നാമതു കാൽവറിയിൽ നമ്മുടെ കർത്താവ് നിർവ്വഹിച്ച വീണ്ടെടുപ്പ് വേലയിലും രണ്ടാമത് അവന്റെ രണ്ടാം വരവിൽ അവനാൽ വീണ്ടെടുക്കപ്പെട്ടവർക്കായി സാധിക്കാനിരിക്കുന്ന പുനരുത്ഥാന വേലയിലും കേന്ദ്രീകരിച്ചിരിക്കുന്നെന്നും നമുക്ക് ഉറപ്പു വരുന്നു. ഇപ്പോൾ തന്നെ സ്വർഗ്ഗീയ ഭവനത്തിൽ പ്രവേശിച്ചു കഴിഞ്ഞു എന്നു നിങ്ങൾ പ്രത്യാശിച്ചു പോയ ഏതെങ്കിലും സഹോദരനേയോ സഹോദരിയേയോ പിതാവിനെയോ മാതാവിനെയോ ശിശുവിനേയോ സംബന്ധിച്ചു ഇതു നിങ്ങളിൽ നിരാശയുടെ കരിനിഴൽ വീശുന്നെങ്കിൽ ഒരു ആശ്വാസമാർഗ്ഗമായി ഈ പ്രശ്നത്തിന്റെ മറുവശം വീക്ഷിക്കുക. അതായത് നിങ്ങളുടെ സിദ്ധാന്തവും പ്രചാരത്തിലുള്ള മറ്റെല്ലാ സിദ്ധാന്തങ്ങളുമനുസരിച്ച് നിങ്ങളുടെ എത്രയെത്ര ഇഷ്ടഭാജനങ്ങളും ബന്ധുജനങ്ങളും മിത്രങ്ങളും ശത്രുക്കളും അയൽക്കാരുമാണു അവരുടെ മരണവിനാഴിക മുതൽ അവർണ്ണനീയമായ മഹായാതനകൾ അനുഭവിച്ചു വരികയും ഇതു പോലെ തുടർന്നുള്ള സുദീർഘ ശതാബ്ദങ്ങളിലേയ്ക്കു അനുഭവിക്കാനിരിക്കയും ചെയ്യുന്നത്. മരിച്ചവർ എവിടെയെങ്കിലും ജീവനോടിരിക്കയല്ല, കേവലം മൃതരാണു, അഥവ ഭാവിയിൽ ഉണരുമെന്ന പ്രത്യാശ ആരെ ആശ്രയിച്ചിരിക്കുന്നു ആ ക്രിസ്തുവാണു അവരുടെ വീണ്ടെടുപ്പുകാരൻ എന്ന അർത്ഥത്തിൽ കാവ്യാത്മകമായി പറയുന്ന പക്ഷം "അവർ ക്രിസ്തുവിൽ നിദ്രകൊള്ളുന്നു" എന്ന സത്യം സംബന്ധിച്ച പരിജ്ഞാനം മനസ്സിനും ഹൃദയത്തിനും കൈവരുത്തുന്ന ശാന്തി പരിഗണിക്കുക.

ദൈവത്തെ സംബന്ധിച്ച് അധികമായ അഭിനന്ദനം

ചിരകാലമായി നാം വച്ചു പുലർത്തിവരുന്ന സിദ്ധാന്തങ്ങൾ ഇപ്പോൾ നാം വലിച്ചെറിഞ്ഞെങ്കിലും അവ ഒരിക്കലും മനോഹരമായിരുന്നില്ല. ഒരിക്കലും യുക്തിയുക്തമായിരുന്നില്ല എന്നു ചുരുക്കത്തിൽ ഞങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പരമപ്രധാനമായ ഈ വിഷയം സംബന്ധിച്ചുള്ള തിരുവെഴുത്തുകളുടെ ഉപദേശം ദിവ്യകരുതലിനാൽ ഇപ്പോൾ നമുക്ക് സുഗ്രഹമാകുന്നതിൽ നാം സന്തുഷ്ടരല്ലേ? നമ്മുടെ മനസ്സിൽ നിന്ന് അബദ്ധധാരണകൾ മങ്ങി മായുന്നതോടെ തത്സ്ഥാനത്തുള്ള ദൈവത്തിന്റെ യഥാർത്ഥ സ്വഭാവത്തെ സംബന്ധിച്ച് അധികമായ അഭിനന്ദനവും പൂർവ്വാധികം ഭക്ത്യാദരങ്ങളോടും താല്പര്യത്തോടും അവനെ ആരാധിക്കയും സേവിക്കയും ചെയ്യുന്നതിനുള്ള അഭിലാഷവും സ്ഥാനം പിടിക്കേണ്ടതാണു. ദിവ്യഗ്രന്ഥമായ വേദത്തോടു മുമ്പത്തേതിലുമധികം ഭക്തിബഹുമാനങ്ങൾ നമുക്കുണ്ടാകേണ്ടതുമാണു. ശത്രുക്കളാലും മിത്രങ്ങളാലും തെറ്റിദ്ധരിപ്പിക്കപ്പെട്ട് നിരവധി നൂറ്റാണ്ടുകളായി അതു ലോകസമക്ഷം നിലകൊണ്ടു. എന്നിട്ടും അവസാനത്തിൽ ഈ അതിപ്രധാന വിഷയം സംബന്ധിച്ച ഏക സത്യഗ്രന്ഥമെന്നു അതു സ്വയം തെളിയിച്ചു എന്ന വസ്തുത ഭാവിയിൽ അതിന്റെ ഉപദേശങ്ങളെ ഗാഢമായി പിൻപറ്റുന്നതിനുള്ള നമ്മുടെ ദൃഢനിശ്ചയത്തിനു മതിയായ ന്യായമാണു.

ഞങ്ങളുടെ വായനക്കാരിൽ കർത്താവിന്റെ പ്രതിഷ്ഠാജനമായിട്ടുള്ളവരോട് ഞങ്ങൾ പറയുന്നത് നിങ്ങളുടെ തലകളെ ഉയർത്തുക, നിങ്ങൾ പങ്കാളികളായി തീർന്നിരിക്കുന്ന വിളിയുടെ മഹത്വകരമായ പൂർണ്ണതയെ സംബന്ധിച്ച് വിപുലമായ തോതിൽ ബോധവാന്മാരാകുക എന്നതാണു. ദൈവത്തിന്റെയും ക്രിസ്തുവിന്റെയും സ്നേഹം നിങ്ങളെ നിർബന്ധിക്കട്ടെ. സകല ഭാരവും പാപത്തിന്റെ കണിയും വിട്ടൊഴിഞ്ഞ് ഉന്മേഷത്തികവോടെ ലക്ഷ്യത്തിലേയ്ക്ക് ബദ്ധപ്പെട്ടു കൊണ്ട് നമ്മുടെ മുമ്പിൽ വച്ചിരിക്കുന്ന ഓട്ടം ഓടി നമുക്ക് ക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യന്മാരാകാം.

(അവസാനിച്ചു.)

ദീർഘമായി പ്രതിപാദിക്കേണ്ട വിഷയമായത് കൊണ്ടാണു പല ഭാഗങ്ങളായി പോസ്റ്റ് ചെയ്തത്. വായനക്കാരുടെ വി.വേദപുസ്തകത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനത്തിനും പ്രതികരണത്തിനുമായി കാത്തിരിക്കുന്നു.

No comments: