Wednesday, April 20, 2011

മരിച്ചവരുടെ പുനരുത്ഥാനം - അവസാനഭാഗം

ഒന്നാം പുനരുത്ഥാനം

ഇതുവരെ പ്രതിപാദിച്ചതിൽ നിന്ന് ഇരുവിധമായ പുനരുത്ഥാനങ്ങളെ സംബന്ധിച്ച വേദോപദേശംനമുക്ക് ശ്രദ്ധാവിഷയമായിത്തീരുന്നു.- നമ്മുടെ കർത്താവിനും തിരഞ്ഞെടുക്കപ്പെട്ട സഭയായ അവന്റെ ശരീരത്തിനുമുള്ള- മറ്റാർക്കും ഇല്ലാത്ത - ഉന്നതതരമായ അഥവാ ഒന്നാം കിടയിലുള്ള പുനരുത്ഥാനം- ആദ്യത്തേതും ഇത് മുഖ്യമായ-പ്രത്യേകമായ - ഒന്നാമത്തേതായ പുനരുത്ഥാനമാണു-ഇതിനു ശേഷം പൊതുവിൽ ഒരു പുനരുത്ഥാനം ഉണ്ടായിരിക്കും. ഒന്നാം പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനുമാണു. അങ്ങിനെയുള്ളവരുടെമേൽ രണ്ടാം മരണത്തിനു അധികാരമില്ല. അവർ ദൈവത്തിനു രാജാക്കന്മാരും പുരോഹിതരും ആയിരിക്കും.അവർ ഭൂമിയിൽ വാഴും. അവരാണുസഹസ്രാബ്ദരാജകീയഗണം. ഒന്നാം പുനരുത്ഥാനം ലഭിക്കുന്നവർ മനുഷ്യപ്രകൃതിയിൽ നിന്ന്ദിവ്യപ്രകൃതിയിലേക്ക് രൂപാന്തരം പ്രാപിക്കുന്നു. ആത്മീയപ്രകൃതികളിൽ ഏറ്റവുംഉയർന്നപടിയിൽപ്പെട്ടതാണു ദിവ്യപ്രകൃതി. ജഡരക്തങ്ങളോട് കൂടിയ മാനുഷപ്രകൃതിയിൽ നിന്നുവ്യത്യസ്തമാണു ആത്മീയപ്രകൃതി. "ജഡരക്തങ്ങൾക്ക് ദൈവരാജ്യത്തെ അവകാശമാക്കുവാൻകഴിയുകയില്ല" രൂപാന്തരത്തിന്റെ ഏതാനും സ്വഭാവവിശേഷങ്ങളെ അപ്പോസ്തോലൻ എടുത്തുകാട്ടുന്നുണ്ട്.; ബലഹീനതയിൽ നിന്നു ശക്തിയിലേക്കും അപമാനത്തിൽ നിന്നു തേജസ്സിലേക്കുംദ്രവത്വത്തിൽ നിന്നു അദ്രവത്വത്തിലേക്കും പ്രാകൃതശരീരത്തിൽ നിന്ന് (മാനുഷികം) ആത്മീകശരീരത്തിലേക്കുമുള്ള ഒരു അവസ്ഥാന്തരമാണു അത്.

ഒന്നാം പുനരുത്ഥാനത്തിന്റെ സമയം

ക്രിസ്തുവിന്റെ ശരീരമായ സുവിശേഷസഭ പൂർത്തിയാകുകയും സുവിശേഷയുഗം സമാപിക്കുകയുംചെയ്യുമ്പോഴാണു ശ്രേഷ്ഠപുനരുത്ഥാനത്തിന്റെ കാലമെന്ന് തിരുവെഴുത്തിൽ സർവ്വത്ര സൂചനയുണ്ട്. രൂപാന്തരത്തിൽ ജീവനോടിരിക്കുന്ന സഭാംഗങ്ങളും ഉൾപ്പെടും. രൂപാന്തരം ക്ഷണത്തിൽ കണ്ണിമയ്ക്കുമളവിലായിരിക്കും. അതായത് മനുഷ്യരെന്ന നിലയിൽ അവർ മരണമടയുന്നവിനാഴികയിൽത്തന്നെ ആത്മജീവികളായി രൂപാന്തരം പ്രാപിക്കുകയും ചെയ്യും. ഇതേ സമയത്തുതന്നെ മരിച്ചു പോയ ദൈവജനത്തെ സംബന്ധിച്ച് തിരുവെഴുത്തുകൾ പറയുന്നത് മറ്റുള്ളവർക്കൊപ്പംഅവരും വാസ്തവത്തിൽ മരിക്കതന്നെ ചെയ്തുവെന്നും അവർ ഒന്നും അറിയുന്നില്ലെന്നുമാണു. എന്നാൽദൈവം അവർക്ക് പുനരുത്ഥാനം നൽകുമെന്നുള്ളതു കൊണ്ടും വസ്തുത അവരെ അറിയിച്ചിരിക്കുന്നതുകൊണ്ടും അവർ അതിൽ പ്രത്യാശ വച്ചിരിക്കയാലും അവരെ സംബന്ധിച്ച് കേവലം, നിദ്രകൊള്ളുന്നതായി, പ്രയത്നങ്ങളിൽ നിന്നു വിശ്രമിക്കുന്നതായി പറഞ്ഞിരിക്കുന്നു. അപ്പോസ്തോലൻപറയുന്ന പ്രകാരം നീതിയുള്ള ന്യായാധിപതിയായ കർത്താവിൽ നിന്ന് നീതിയുടെ കിരീടം പ്രതീക്ഷിച്ചുകൊണ്ട് അവർ നിദ്രകൊള്ളുകയാണു [2 തിമോ 4:8]

ലോകത്തിന്റെ പുനരുത്ഥാനം

ഇപ്രകാരംതന്നെ കർത്താവിനെ ഇതുവരെയും അറിഞ്ഞിട്ടില്ലെങ്കിൽ തന്നെയും ലോകത്തെസംബന്ധിച്ച് യേശുവിൽ "നിദ്രകൊള്ളുന്നു" എന്നു പറഞ്ഞിരിക്കുന്നു. ഇതിനു മതിയായ കാരണം ഉണ്ട്. മുഴുവൻ ലോകവും ആദാമിലാണു ശിക്ഷ വിധിക്കപ്പെട്ടത്. അവർ നേരിട്ട് ലംഘനം ചെയ്തതു കൊണ്ടല്ല. കാരണം ലംഘനവും ശിക്ഷാവിധിയും നടന്നപ്പോൾ അവർ ആദാമിന്റെ കടിപ്രദേശത്തായിരുന്നു. അതുപോലെ തന്നെ ഇപ്പോൾ ക്രിസ്തു എല്ലാവർക്കും വേണ്ടി ജീവൻ, മറുവിലകൊടുത്തിരിക്കുകയുംഏവരും മരണത്തിൽ ഉണർത്തപ്പെടുകയും ചെയ്യുമെന്നിരിക്കെ ദൈവനിർണ്ണയം അറിയുന്ന ആർക്കും ഇടക്കാലത്തെപ്പറ്റി ഒരു നിദ്രയാണെന്ന വിശ്വാസത്താൽ
അലങ്കാരരൂപേണ പറയും.

മരണകാരാഗൃഹത്തിൽ ബന്ധിക്കപ്പെടുന്ന നമ്മുടെ എല്ലാ സുഹൃത്തുക്കളെപ്പറ്റിയും പുനരുത്ഥാനത്തിന്റെപ്രത്യാശയ്ക്ക് നമുക്ക് അവകാശമുണ്ടെന്നും അപ്പോസ്തോലൻ ഉൽബോധിപ്പിക്കുന്നു. ക്രിസ്തുവിൽവിശുദ്ധീകരണം പ്രാപിച്ചവരെപ്പറ്റി മാത്രമല്ല പ്രത്യാശയുള്ളത്. നമ്മുടെ അനുശോചനത്തിനുവിഷയമായവരിൽ ഒരു ചെറിയ സംഖ്യമാത്രമാണു "അവൻ പറയുന്നത്" സഹോദരന്മാരെ! നിങ്ങൾപ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടുന്നതിനു നിദ്രകൊള്ളുന്നവരെക്കുറിച്ച് അറിവില്ലാതിരിക്കരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു. യേശുക്രിസ്തു (എല്ലാവർക്കും വേണ്ടി മറുവിലയായി) മരിക്കുകയും (എല്ലാവർക്കും കർത്താവും ജീവദാതാവും ആയിരിക്കേണ്ടുന്നതിനു) ഉയർക്കുകയുംചെയ്തുവെങ്കിൽ അങ്ങനെതന്നെ ദൈവം ക്രിസ്തുവിൽ നിദ്രകൊള്ളുന്ന ഏവരെയും (അവൻ തന്റെവിലയേറിയ രക്തത്താൽ വിലയ്ക്കു കൊള്ളുന്ന ഏവരെയും) അവൻ മുഖാന്തിരം (മരണകാരാഗൃഹത്തിൽനിന്ന്) കൊണ്ടുവരും. [1 തെസ്സ 4:13,14]

ഭാഗ്യവന്മാരും വിശുദ്ധരും ക്രിസ്തുവിൽ വിശുദ്ധീകരണം പ്രാപിച്ചവരുമായ അവന്റെ ശരീരമാകുന്നസഭയുടെ പുനരുത്ഥാനമാണു ഒന്നാമത്തേത്. നിലയ്ക്ക് ലോകത്തിനു പൊതുവിലുള്ളപുനരുത്ഥാനത്തെപ്പറ്റി ന്യായവിധിക്കായുള്ള പുനരുത്ഥാനം എന്നു പറയുന്നു. ശിക്ഷാവിധിക്കായുള്ളപുനരുത്ഥാനമെന്ന് ചില വിവർത്തനങ്ങളിൽ ഇത് തെറ്റായി ഭാഷാന്തരപ്പെടുത്തിയിരിക്കുന്നു[യോഹ 5:29]. ന്യായവിധിക്കായുള്ള പുനരുത്ഥാനം എന്നു പറയാൻ കാരണമെന്ത്? ആദിയിൽ ആദാമിനുനൽകിയതും അനുസരണക്കേടുമൂലം അവൻ നഷ്ടപ്പെടുത്തിയതുമായ എല്ലാ മനുഷ്യരാശിയെയുംയഥാസ്ഥാനത്താക്കിക്കൊടുക്കുന്നതിനും അവരെ രക്ഷകന്റെ രക്തത്താൽ വീണ്ടെടുക്കുന്നതിനുംദൈവപക്ഷത്തു നിന്നു വേണ്ടുന്നതെല്ലാം ചെയ്തു കഴിഞ്ഞിട്ടുണ്ടെങ്കിലും അനുഗ്രഹത്തെസംബന്ധിച്ച് ചില വ്യവസ്ഥകൾ അനുസരിക്കേണ്ടതുണ്ട്. അത് പുതിയനിയമത്തിന്റെ വ്യവസ്ഥകൾതന്നെ.

മരണത്തിൽ നിന്നുള്ള ഉണർത്തലല്ല പുനരുത്ഥാനം

ക്രിസ്തു യേശു മുഖാന്തിരമുള്ള നിത്യജീവൻ അതിനു വേണ്ടി വാഞ്ഛയില്ലാത്ത ആർക്കും നൽകാൻ ദൈവംവിചാരിക്കുന്നില്ല. കൂടാതെ അവർ നീതിയിൻപ്രമാണങ്ങളോട് ഹൃദയാത്മനാപൊരുത്തപ്പെടുന്നവരായിരിക്കണം. ദിവ്യാധിപത്യത്തിന്റെ നിയമം എന്നും തന്നെ നീതി എന്നതാണു. അതു കൊണ്ട് മരണനിദ്രയിൽ നിന്ന് ലോകം ഉണർന്നാലുടനെ പുനരുത്ഥാനമായി എന്നു വരികയില്ല. അതിനു പിന്നെയും വളരെ കാര്യങ്ങൾ നടക്കണം. പുനരുത്ഥാനം എന്നത് പൂർണ്ണവുംവേദാനുസരണവുമായ അർത്ഥത്തിൽ പാപമരണങ്ങളിൽ നിന്ന് പൂർണ്ണ ജീവനിലേയ്ക്കുള്ള ഒരുസമ്പൂർണ്ണമായ എഴുന്നേല്പ്പിക്കലാണു.

മരണകാരാഗൃഹത്തിൽ പ്രവേശിച്ചവർക്കായി ക്രിസ്തുവും സഭയും ഒന്നാമതു ചെയ്യുന്നത് അവരെഉണർത്തുക എന്നതാണു. അവർ ഉണരുമ്പോൾ ഭൗതിക പരിതസ്ഥിതികൾ മരണകാലത്തേതിൽനിന്ന് വ്യത്യസ്തമായിരിക്കുകയില്ല. എന്നാൽ ജനസമുദായത്തിന്റെ സാമൂഹ്യജീവിതക്രമങ്ങളിൽ വലിയഅന്തരം ഭവിച്ചിരിക്കും. അജ്ഞതയുടെ സ്ഥാനം ജ്ഞാനം കരസ്ഥമാക്കിയിരിക്കും. നീതിയിൻ വാഴ്ച്ചയും സ്നേഹത്തിൻപ്രമാണവും സ്വാർത്ഥത്തിന്റെ പ്രമാണത്താൽ നയിക്കപ്പെടുന്ന പാപത്തിന്റെ വാഴ്ചയെ നിർമ്മാർജ്ജനം ചെയ്യും. ആയിരമാണ്ടേയ്ക്ക് ജനതകളെ വഞ്ചിക്കാതിരിക്കാൻ സാത്താൻ ബന്ധിക്കപ്പെടും. ആ രാജ്യത്തിൽ കർത്താവിനെ സംബന്ധിച്ച പരിജ്ഞാനത്തിൽ വളർച്ച പ്രാപിക്കുന്നതിനും മനസ്സും നടപ്പും അവന്റെ സ്നേഹത്തിൻ പ്രമാണത്തോട് പൊരുത്തപ്പെടുത്തുന്നതിനും ഏവരോടും ആവശ്യപ്പെടും. നൂറു വർഷത്തെ പരീക്ഷണത്തിനു ശേഷം നന്മയിലേക്ക് തിരിയുവാനുള്ള വാസന പ്രകടിപ്പിക്കാത്തവർ അപ്പോഴും വ്യത്യസ്തമായ പരിതസ്ഥിതിയിൽ ഒരു ശിശുവായി പരിഗണിക്കപ്പെടുമെങ്കിലും രണ്ടാം മരണം വഴി ജീവനിൽ നിന്നു ഛേദിക്കപ്പെടും [ഏശാ 65:20]

ലോകത്തിന്റെ പുനരുത്ഥാനം പടിപടിയായി.

നീതിയുടെ പാതയിൽ ആശാവഹമായ പുരോഗതികാണിക്കാത്തവരുടെ കാര്യത്തിൽ പ്രതികൂലമായ ഒരുവിധി ഉണ്ടാകുകയും കൂടുതൽ അവസരം അനുവദിക്കാതെ വരികയും ചെയ്യുമെങ്കിലും നീതിയെഅന്വേഷിക്കുകയും രാജ്യനിയമങ്ങളോട് പൊരുത്തപ്പെടുന്നനിലയിൽ പുരോഗതി കാണിക്കയുംചെയ്യുന്നവർക്ക് അനുകൂലമായിരിക്കും ന്യായാധിപന്റെ വിധി. അവർ പ്രതിവർഷം ശാരീരികമായുംമാനസികമായും സാന്മാർഗ്ഗികമായും ഉപരിയുപരി ഉൽക്കർഷം പ്രാപിച്ചു കൊണ്ടിരിക്കും. ആദിയിൽആദാമിൽ കാണപ്പെട്ടപ്രകാരം സൃഷ്ടാവിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും പൂർണ്ണമനുഷ്യത്വംക്രമേണ പ്രാപിക്കും. ഇങ്ങനെ നോക്കുമ്പോൾ ലോകത്തിന്റെ പുനരുത്ഥാനം ക്രമേണ നടക്കുന്നഒന്നാണു. ഇതിന്റെ ആദ്യഘട്ടം മരണത്തിന്റെ അബോധനിദ്രയിൽ നിന്നുള്ള ഉണർത്തലാണു. തുടർന്നുള്ള പടികൾ ന്യായവിധിയുടെ പോക്കിനനുസരിച്ചായിരിക്കും. ന്യായവിചാരണയ്ക്കു വിധേയരായവരുടെ നടത്ത, നടത്തയ്ക്കനുസരിച്ചു തന്നെ ചിലരുടെ നടത്ത ന്യായാധിപന്റെ പ്രസാദത്തിനും മറ്റു ചിലരുടേത് അപ്രീതിക്കും കാരണമായിത്തീരുന്നു. അയോഗ്യരായവർക്കു രണ്ടാം മരണത്തിനുള്ള വിധിയുണ്ടാകും. അല്ലാത്തവർക്ക് പൂർണ്ണതയിൽ എത്തുന്നതിനും നിത്യജീവൻ എന്ന അതിശ്രേഷ്ഠവരം പ്രാപിക്കുന്നതിനും യോഗ്യരാണെന്ന വിധിയുണ്ടാകും. നെടുവീർപ്പും മരണവും വിലാപവുമില്ലാത്ത സൗഭാഗ്യപൂർണ്ണമായ ഒരു പരിതസ്ഥിതിയിലാണു ഈ നിത്യജീവൻ അവർ അനുഭവിക്കുന്നത്. കാരണം പാപമോ പാപത്തിന്റെ ശിക്ഷകളോ മേലാൽ അവിടെ വാഴുന്നതല്ല. പഴയതെല്ലാം കഴിഞ്ഞു പോയിരിക്കും [വെളി 21:4]

മരണം ഒരു നിദ്ര

പുനരുദ്ധാരണവേല ആരംഭിക്കുന്നതു വരെ മരിച്ചവർ അബോധാവസ്ഥയിലാണു. "നീ ചെല്ലുന്നപാതാളത്തിൽ പ്രവൃത്തിയോ, സൂത്രമോ, ജ്ഞാനമോ ഇല്ല" "അവന്റെ പുത്രന്മാർക്ക് ബഹുമാനംലഭിക്കുന്നത് അവൻ അറിയുന്നില്ല. അവർക്ക് താഴ്ച്ച ഭവിക്കുന്നതും അവൻ അറിയുന്നില്ല." "പുരാതനപിതാക്കന്മാരെക്കുറിച്ച് ഇങ്ങനെ പറയുന്ന അവൻ അവന്റെ പിതാക്കന്മാരോട് കൂടി നിദ്രപാപിച്ചു" പുതിയ നിയമത്തിലും അനുസരണമായ രേഖയുണ്ട്. "സ്തേപ്പാനോസ് നിദ്രപ്രാപിച്ചു" പുനരുത്ഥാനശേഷം കർത്തൃദർശനം ലഭിച്ചവരെപ്പറ്റി പൗലൂസ് പറയുമ്പോൾ "അവൻ അഞ്ഞൂറിലധികം സഹോദരന്മാർക്ക് ഒരുമിച്ച് പ്രത്യക്ഷനായി. അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു. ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു" പിന്നെയും അവൻ ക്രിസ്തുവിൽ നിദ്രകൊണ്ടവരെക്കുറിച്ച് പറയുന്നു. ഇവിടെ ലോകത്തിനും സഭയ്ക്കും തമ്മിലുള്ള വ്യത്യാസം അവൻ വ്യക്തമാക്കുന്നു. സഭ ശരീരാംഗങ്ങൾ എന്ന നിലയിൽ ക്രിസ്തുവിലാണു. (ലോകം മുഴുവൻ ക്രിസ്തുവിൽ ഉറങ്ങുന്നു) [സഭാപ്ര 9:10; യോബ് 14:21; 1 രാജാ 2:10;11:43; അപ്പോ 7:60; 1 കൊരി 15:6,18; 1 തെസ്സ 4:14]

സഭയെ സംബന്ധിച്ച് ഈ നിദ്രാവസ്ഥ നമ്മുടെ കർത്താവിന്റെ രണ്ടാം വരവുവരെ തുടരും. ക്രിസ്തുവിന്റെ പുരോഗമനത്തിൽ ജീവനോടിരിക്കുന്നവർ മരിച്ചവർക്കു മുൻപേ അനുഗ്രഹം പ്രാപിക്കുകയില്ല അതായത് ജീവനോടിരിക്കുന്നവർ നിദ്രകൊള്ളുന്നവരെ മുൻപിടുകയില്ല. ക്രിസ്തുവിൽ മരിച്ചവർ മുൻപേ ഉയർക്കുന്നു. പിന്നീട് ജീവനോടിരിക്കുന്നവർ അനുഗ്രഹിക്കപ്പെടുകയും ഒടുവിലായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു. മരണത്തിൽ നിന്ന് ഉണരുന്നസമയം അവർക്ക് മരണത്തിലേയ്ക്ക് പ്രവേശിച്ചതിന്റെ അടുത്തനിമിഷം എന്നപ്പോലെ തോന്നും. കാരണം "പാതാളത്തിൽ അറിവോ, ജ്ഞാനമോ, സൂത്രമോ ഇല്ല".

ദൈവത്തിന്റെ സർവ്വശക്തിയും ജ്ഞാനവും

പൊതുലോകത്തിന്റെ പുനരുത്ഥാനശരീരം ആദ്യത്തെ ശരീരം പോലെതന്നെ ആയിരിക്കും. എന്നാൽ അണുവിനു അണു ആയിരിക്കുകയില്ല. എന്തെന്നാൽ ഈ മഹാവേലയിൽ നമ്മുടെ സൃഷ്ടാവിന്റെ കയ്യിൽ പൊടിയുടെ അണുക്കൾക്ക് തമ്മിൽ എന്തു ഗുണഭേദമാണുള്ളത്? "ഉണ്ടാകുവാനുള്ള ശരീരമല്ല നീ വിതയ്ക്കുന്നത്" എന്ന് വി:പൗലൂസ് പറയുന്നു. [1 കൊരി 15:37] ലോകത്തിനു പുനരുത്ഥാനത്തിൽ ലഭിക്കുന്ന ശരീരം പുതുതായിരിക്കും. അണുവിനണുവായി പഴയ ശരീരം പുനരുല്പാദിപ്പിക്കുകയല്ല എന്ന അർത്ഥത്തിലാണു അവ പുതിയതായിരിക്കും എന്നു പറയുന്നത്. എന്നാൽ മുൻപ് ഉണ്ടായിരുന്നത് മരണം കൊണ്ട് മണ്മറഞ്ഞ് ദ്രവിച്ചതുമായ ശരീരത്തിന്റെ പകർപ്പ് എന്ന അർത്ഥത്തിൽ അതു പഴയതാണു. ദൈവത്തിന്റെ അപ്രമേയശക്തിയെ അറിയാത്ത ലോകം പുനരുത്ഥാനത്തെ അവിശ്വസിക്കുന്നതിൽ നമുക്ക് അത്ഭുതപ്പെടേണ്ടതില്ല. ഇത് ഒരു മഹൽകൃത്യമായിരിക്കും. മനുഷ്യന്റെ ആദ്യസൃഷ്ടിയിലും പലമടങ്ങ് അത്ഭുതാവഹമായ ഒരു മഹാകൃത്യമായിരിക്കും. മനുഷ്യർക്കും ദൂതന്മാർക്കും മുൻപ് അനുഭവപ്പെട്ടിട്ടില്ലാത്ത അളവിലുള്ള ഒന്നായിരിക്കും ദൈവത്തിന്റെ സർവ്വശക്തിയുടെ ഈ പ്രകടനം.

സ്വന്തം സാദൃശ്യത്തിൽ ആദ്യം മനുഷ്യനെ സൃഷ്ടിച്ചവൻ അവനെ വീണ്ടും ഭൂമിയിലെ പൊടിയിൽ നിന്നും നിർമ്മിച്ചിട്ട് ആ ശരീരത്തിൽ ജീവശക്തി പകരാൻ കഴിയുമെന്ന് മാത്രമല്ല തദ്വപരി തന്റെ സർവ്വശക്തിയും അളവറ്റ ജ്ഞാനവും വെളിപ്പെടുമാറു ഒരോരുത്തർക്കും ഈ ആയുസ്സിൽ ഉണ്ടായിരുന്നതിനു തുല്യമായ മസ്തിഷ്ക്കം പ്രദാനം ചെയ്യുവാൻ കൂടെ കഴിയും. ഈ ആയുസ്സിൽ ഒരോ വ്യക്തിക്കുമുണ്ടായിരുന്ന വിചാരവികാരാനുഭൂതിമണ്ഡലമാകെ അതിൽ രേഖപ്പെടുത്താനും അവൻ ശക്തനാണു. മറ്റൊരു സ്ഥലത്തും സമയത്തും പ്രത്യുല്പാദിപ്പിക്കാൻ കഴിയും വിധം ഒരു ഗ്രാമഫോൺ റിക്കാർഡിൽ വക്താവിന്റെ ശബ്ദം രേഖപ്പെട്ടു കിടക്കും പോലെ തന്നെ കോടിക്കണക്കായ ജനാവലിയുടെ ചിത്തവൃത്തിമണ്ഡലത്തെ കൃത്യമായി പുനരാവിഷ്ക്കരിക്കാൻ ഒരു സർവ്വശക്തനായ ദൈവത്തിനു മാത്രമേ കഴിയു. നമ്മുടെ തലയിലെ രോമങ്ങളുടെ എണ്ണം പോലും അറിയുന്നവനും കരികിലുകളുടെ പതനം പോലും ഗ്രഹിക്കുന്നവനും ആയ അവൻ മാത്രമേ ഇത്ര വിസ്മയാവഹമായ ഒരു പ്രവൃത്തി ചെയ്യുവാൻ ശക്തനാകു. അവന്റെ വചനങ്ങളുടെ വെളിപാടിലൂടെ നമുക്ക് അവനിൽ വിശ്വാസം ജനിക്കുമ്പോൾ മാത്രമാണു സംഭവിക്കും എന്ന് അവൻ വാഗ്ദത്തം ചെയ്തിരിക്കുന്ന ഈ മാഹാത്ഭുതത്തിൽ നമുക്ക് ഉറപ്പു വരുന്നത്.

എല്ലാവരും ഒരുമിച്ചല്ല ഉണർത്തപ്പെടുന്നത്

മനുഷ്യസമുദായം ഒരുമിച്ച് ഉണർന്നെഴുനേൽക്കും എന്ന് പ്രതീക്ഷിച്ചു കൂടാ. മശിഹായുടെ രാജ്യത്തിന്റെ വേല ഒന്നാമത് ആരംഭിക്കുന്നത് ജീവനോടെ ശേഷിക്കുന്നവരിലാണു. എന്നാലും അവർ മരിച്ചവർ തന്നെ. എങ്ങനെയെന്നാൽ മരണത്തിന്റെ അധികാരത്തിൽ നിന്നു പൂർണ്ണമായ തോതിൽ മോചനം അവർ പ്രാപിച്ച് ജീവനുള്ളവരായിത്തീർന്നിട്ടില്ല. ഇവർക്കായുള്ള യഥാസ്ഥാപന വേല തുടർന്നശേഷം മുൻപ് തന്നെ മരണത്തിൽ നിദ്രകൊണ്ടിരിക്കുന്നവരിൽ ചിലർ ഉണർത്തപ്പെട്ട് ആ മഹത്വദിനത്തിന്റെ അനുഗ്രഹങ്ങളിൽ പങ്കുകൊള്ളുമെന്ന് പ്രതീക്ഷിക്കാം. ക്രമേണക്രമേണ പിന്നീട് പിന്നീട് ഉള്ളവർ ഉണർത്തപ്പെടും. അങ്ങനെയൊടുവിലായി ആ ദിവസത്തിൽ - ആ ക്രിസ്തുവിൻ ദിവസത്തിൽ - " കല്ലറളിൽ ഉള്ളവരെല്ലാവരും ദൈവപുത്രന്റെ ശബ്ദം കേൾക്കു"മെന്ന് പറഞ്ഞാൽ പുറത്തുവരിക എന്ന ആഹ്വാനം അനുസരിക്കുമെന്നു സാരം. ദൈവത്തിന്റെ നന്മ, സ്നേഹം, കരുണ ഇവയെ സംബന്ധിച്ചുള്ള പരിജ്ഞാനം അവർക്ക് നൽകും. അവർക്ക് ആഗ്രഹിക്കുന്ന പക്ഷം മാനുഷിക പൂർണ്ണത നൽകപ്പെടും. ഈ കാലമാകുമ്പോഴേയ്ക്ക് ഭൂമി ഒരു പറുദീസയായി മാറിയിരിക്കും.യഥാസ്ഥാപനം പ്രാപിച്ച് ദൈവഭവനത്തിൽ വസിക്കാം. അപ്പോൾ വിളിക്കപ്പെട്ടിരിക്കുന്ന ഏവർക്കുമുള്ള ഉൽബോധനം രാജ്യത്തിൽ സ്ഥാനം ലഭിക്കത്തക്കവിധം നമ്മുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കാൻ യത്നിക്കണമെന്നു തന്നെ.

(അവസാനിച്ചു)

ദീർഘമായി പ്രതിപാദിക്കേണ്ട വിഷയമായത് കൊണ്ടാണു പല ഭാഗങ്ങളായി പോസ്റ്റ് ചെയ്തത്. വായനക്കാരുടെ വി.വേദപുസ്തകത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനത്തിനും പ്രതികരണത്തിനുമായി കാത്തിരിക്കുന്നു.

No comments: