Saturday, April 30, 2011

ഞങ്ങളുടെ വിശ്വാസങ്ങൾ

ബ്ലോഗ് ആരംഭിച്ചതു മുതൽക്കേ പലരുടെയും സംശയം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർ യഹോവ സാക്ഷി എന്ന വിഭാഗത്തിൽ പെട്ടവരാണു എന്നാണു. എന്നാൽ ബ്ലോഗിന്റെ ആമുഖത്തിൽ തന്നെ ഞങ്ങൾ ഒരു മതവിഭാഗത്തിലും പെട്ടവരല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ചിലർക്ക് സംശയം ബാക്കി നിൽക്കുന്നു. അതു കൊണ്ട് തന്നെ ഞങ്ങളുടെ വിശ്വാസങ്ങളെ കുറിച്ചുള്ള പൂർണ്ണ രൂപം ഇവിടെ വിവരിക്കുകയാണു. തുടർന്നുള്ള പോസ്റ്റുകൾ വരുമ്പോൾ യഹോവ സാക്ഷികൾ ആണു എന്ന മുൻ വിധി കൂടാതെ വായിക്കുവാൻ ഇത് സഹായകരമാകും.

പരിശുദ്ധ വേദപുസ്തകത്തിൽ നിന്നും വളരെ ശ്രദ്ധയോടും അവിടവിടെയായി വിശദീകരിച്ചിരിക്കുന്ന വിഷയങ്ങൾ കൂട്ടി ഇണക്കി കൊണ്ട് കാര്യങ്ങളുടെ നിജസ്ഥിതിഗ്രഹിച്ചു കൊണ്ട് കണ്ടെത്തുന്ന വിലപ്പെട്ട സത്യങ്ങളെ നിർമത്സരബുദ്ധിയോടെ സ്വാഗതം ചെയ്യുകയും യഥാശക്തി പ്രചരിപ്പിക്കുകയും ചെയ്യുന്ന സത്യാന്വേഷകരുടെ കൂട്ടത്തിൽ പെട്ട ഒരു വ്യക്തിയാണു ഞാൻ .യാതൊരു ക്രൈസ്തവ വിഭാഗത്തിന്റെയും വക്താവാകാതെ നിഷ്പക്ഷമായും സൂക്ഷ്മമായും എനിക്ക് ദൈവാത്മാവ് അപ്പോഴപ്പോൾ വെളിപ്പെടുത്തി തരുന്ന കാര്യങ്ങളാണു എഴുതുന്നത്.

ഇത് വായിക്കുന്നവർ തങ്ങൾക്ക് എന്തെങ്കിലും തെറ്റാണു എന്ന് തോന്നുന്നുവെങ്കിൽ വേദപുസ്തകവചനങ്ങൾ വെച്ച് ഖണ്ഡിക്കുകയും അത് രേഖപ്പെടുത്തുകയും ചെയ്യുകയാണെങ്കിൽ ഞാൻ അതിന്റെ മറുപടി രേഖപ്പെടുത്തുന്നതായിരിക്കും.

ഞങ്ങളുടെ ദൃഷ്ടിയിൽ തിരുവെഴുത്തുകൾ വ്യക്തമായി പഠിപ്പിക്കുന്നത്

1. യഹോവയാണു പരമോന്നതനായ ദൈവം. യഹോവ ഏകനാണു, അവൻ അപ്രമേയനും അനാദ്യനന്തനിത്യനും മാറ്റമില്ലാത്തവനും ജ്ഞാനം, നീതി, സ്നേഹം, ശക്തി എന്നീ ഗുണങ്ങളാൽ പൂർണനുമാണു. യേശു അവന്റെ ഏകജാതനായ പുത്രനാണു. "ദൈവസൃഷ്ടിയുടെ ആരംഭവും സർവ്വസൃഷ്ടിക്കും ആദ്യജാതനും" സൃഷ്ടികർമ്മങ്ങളിലെല്ലാം പിതാവിന്റെ കാര്യനിർവാഹകനുമായി ശക്തിയുള്ള വചനം അഥവാ ലോഗോസ് എന്ന നിലയിൽ മനുഷ്യനായി ജനിക്കും മുമ്പും അവൻ ഉണ്ടായിരുന്നു.[യോഹ 1:1, 17:5, കൊളൊ 1:12-19; വെളി 3:14]. കന്യകയിൽ നിന്നു ജന്മമെടുക്കുക വഴി അവൻ മനുഷ്യനാം യേശു ആയിത്തീർന്നു. വീഴ്ച് ഭവിച്ച മനുഷ്യനെ വീണ്ടെടുക്കാൻ വേണ്ടി മരണം അനുഭവിക്കുന്നതിനു അവൻ ദൂതന്മാരിലും അല്പം താഴ്ന്ന പടിയിലുള്ള മനുഷ്യപ്രകൃതി സ്വീകരിച്ചു. മനുഷ്യനായി ജനിച്ചപ്പോഴും അവൻ പാപികളിൽ ഉൾപ്പെടാത്തവനും പാപക്കറ തീണ്ടാത്തവനും ആയിരുന്നു [യോഹ 1:14, യെശ 7:14, എബ്ര 2:9, 7:26]

2. ഇപ്പോൾ ക്രിസ്തു ദിവ്യപ്രകൃതിയിൽ ഇരിക്കുന്നു. അവൻ ജഡത്തിൽ മരണമനുഭവിക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു. അവൻ ജീവിപ്പിക്കുന്ന ആത്മാവായി ഉയർപ്പിക്കപ്പെട്ടും അത്യന്തം ഉയർത്തപ്പെട്ടും സകലനാമത്തിനും ഉപരിയായ നാമം നൽകപ്പെട്ടും ഇരിക്കുന്നു. [1 പത്രൊ 3:18; 1 കൊരി 15:45; ഫിലി 2:9-11]. പരിശുദ്ധാത്മാവ് പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുകയും എല്ലാ യഥാർത്ഥ ക്രൈസ്തവരിലും കുടികൊള്ളുകയും ചെയ്യുന്നു[1 കൊരി 2:9-16; 2 തിമൊ 1:7]

3. മനുഷ്യൻ ദൈവസ്വഭാവത്തിന്റെ പ്രതിരൂപമായി പൂർണ്ണനായി സൃഷ്ടിക്കപ്പെട്ടു. പാപം നിമിത്തമുണ്ടായ വീഴ്ചയുടെ ഫലമായി അവൻ വിനാശത്തിനും മരണശിക്ഷയ്ക്കും വിധിക്കപ്പെട്ടു. നാനാമുഖമായ അനർത്ഥങ്ങളുടെ രൂപത്തിൽ മരണം അവനെ തേടിയെത്തുന്നു. പാപത്തിന്റെ ഹീനസ്വഭാവവും അനിഷ്ടഫലങ്ങളും പാപത്തെ വെറുക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നതിന്റെ ഔചിത്യവും അനുഭവത്തിൽ നിന്നു പഠിക്കുന്നതിനു വേണ്ടിയാണു ദൈവം തിന്മയ്ക്ക് മൗനാനുമതി നൽകിയിരിക്കുന്നത് [ഉല്പ 1:27,31,2:17; റോമ 6:23, സങ്കീ 90:15] യഹൂദന്മാരിൽ നിന്നും ജാതികളിൽ നിന്നും വിളിച്ചു ചേർക്കപ്പെട്ട 144000 അംഗങ്ങളുള്ള സഭ ദൈവത്തിന്റെ ആലയവും അവന്റെ നിർമാണവുമാണു.

4. ക്രിസ്തു മനുഷ്യവർഗ്ഗത്തിന്റെ വീണ്ടെടുപ്പുകാരനും ആലയത്തിന്റെ പ്രധാനമൂലക്കല്ലുമായിത്തീർന്നതു മുതൽ സുവിശേഷയുഗമുടനീളം ഈ ആലയത്തിന്റെ നിർമാണം പുരോഗമിച്ചു പോന്നു. നിർമാണം പൂർത്തിയാകുമ്പോൾ അതുവഴി ദൈവത്തിന്റെ അനുഗ്രഹങ്ങൾ 'സർവ്വജനങ്ങൾക്കും' കൈവരികയും അവർക്ക് അവനുമായുള്ള സമാഗമം സാധ്യമാകുകയും ചെയ്യും[വെളി 14:1, 22:17; എഫെ 2:19-22] ഇതിനിടയിൽ സഹസ്രാബ്ദത്തെ മുൻ കണ്ടുകൊണ്ടുള്ള ഒരു ഒരുക്കവേല പൂർത്തിയാകേണ്ടതുണ്ട്. ക്രിസ്തുവിന്റെ പാപപരിഹാരബലിമരണത്തിൽ വിശ്വസിക്കുന്ന സുവിശേഷയുഗ സമർപ്പിതജനങ്ങളുടെ വെട്ടിയെടുക്കലും രൂപപ്പെടുത്തലും മിനുസപ്പെടുത്തലുമെന്ന ഈ വേല നിർവ്വഹിക്കപ്പെടുന്ന കാലമാണിത്. ഇവരിൽ അവസാനത്തെ അംഗം കൂടെ ഒരുക്കപ്പെട്ട് കഴിയുമ്പോൾ മുഖ്യശിൽപിയാവാൻ പുനരുത്ഥാനം വഴി മുഴുവൻ കല്ലുകളെയും യഥാസ്ഥാനം കൂട്ടിയിണക്കി പണി പൂർത്തിയാക്കും.

5. ആലയം ദൈവതേജസ്സ് നിറഞ്ഞ് സഹസ്രാബ്ദമുടനീളം ദൈവത്തിന്റെയും മനുഷ്യരുടെയും പരസ്പരസമാഗമസ്ഥാനമായിരിക്കും [വെളി 21:3] "ദൈവം എല്ലാവരുടെയും വിശേഷാൽ വിശ്വാസികളുടെയും രക്ഷിതാവാണു","യേശു ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണമാസ്വദിച്ചു." "എല്ലാവരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ദൈവം ഇച്ഛിക്കുന്നു", "ലോകത്തിലേക്ക് വരുന്ന ഏത് മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം" (1 തിമൊ 4:10; 2:3-6; എബ്ര 2:9; യോഹ 1:9) എന്നു തുടങ്ങുന്ന വേദസൂക്തങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന ആശയമാണു തിരഞ്ഞെടുക്കപ്പെട്ടവരും അല്ലാത്തവരുമുൾപ്പെടെ നിത്യജീവനെപ്പറ്റി ഏവർക്കുമുള്ള പ്രതീക്ഷയുടെ അടിസ്ഥാനം.

6. ഇക്കാലത്ത് വിളിച്ചു വേർതിരിക്കപ്പെട്ട് പൂർണ്ണവളർച്ചയിലെത്തുന്ന യഥാർത്ഥ ദൈവജനത്തിനുള്ള പ്രത്യാശ അവർക്ക് ദൈവരാജ്യത്തിലേക്കുള്ള ധാരാളമായ പ്രവേശനം ലഭിക്കുമെന്നതാണു. അവരുടെ കർത്തവ്യം തങ്ങളെത്തന്നെയും മറ്റുള്ളവരെയും ക്രിസ്തുവിന്റെ സാദൃശ്യത്തിൽ വളർന്ന് പൂർണതയിലെത്താൻ സഹായിക്കയും ലോകസമക്ഷം ദൈവത്തിനും ക്രിസ്തുവിനും സാക്ഷികളായിരിക്കയും ഭൂമിയിൽ വരുവാനുള്ള ദൈവരാജ്യത്തിൽ മുഴുവൻ ലോകജനാവലിയുടെയും അനുഗ്രഹദാതാക്കളായിരിക്കാൻ വേണ്ട യോഗ്യത സമ്പാദിക്കുകയും ചെയ്യുക എന്നതാണു. [2 തിമോ 4:1]

7. സഭയുടെയും ലോകത്തിന്റെയും പാപങ്ങൾക്കുള്ള പ്രതിശാന്തി ക്രിസ്തുവാണു. സുവിശേഷയുഗം സഭയുടെ ന്യായവിധി ദിവസമാണു. ലോകത്തെ നീതിയിൽ ന്യായം വിധിക്കുന്നതിനു ദൈവം ഒരു ദിവസം നിയമിച്ചിരിക്കുന്നു. അക്കാലത്ത് സാത്താൻ ബന്ധിക്കപ്പെട്ടിരിക്കും. ആദാമ്യവർഗ്ഗത്തിൽ ഒരാൾക്കും രണ്ടവസരം ലഭിക്കയില്ലെന്നിരിക്കെത്തന്നെ എല്ലാവർക്കും ഈ ആയുസ്സിലോ മരണനിദ്രയിൽ നിന്ന് ഉണർത്തപ്പെട്ട ശേഷമോ നിത്യ ജീവൻ പ്രാപിക്കേണ്ടതിനു പൂർണവും സമുചിതവുമായ ഒരു അവസരം നൽകപ്പെടും [1 യോഹ 2:2; അപ്പൊ 17:31; 24:15; വെളി 20:1-3,7,12,13]

8. "നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും" എന്നുള്ള സുവിശേഷം ദൈവം അബ്രഹാമിനോട് അറിയിച്ചു. ശിരസ്സും ശരീരവും ചേർന്ന ക്രിസ്തുഗണമാണു അബ്രഹാമിന്റെ ആദ്യഫലമായ അതിശ്രേഷ്ഠസന്തതി. അവശേഷിക്കുന്ന ദൈവജനങ്ങളെല്ലാം അബ്രാഹാമിന്റെ കനിഷ്ഠസന്തതിയാണു. അബ്രഹാമിന്റെആദ്യജാതൻ വഴിയാണു മുഖ്യമായും ഭൂഗോത്രങ്ങളെല്ലാം അനുഗ്രഹിക്കപ്പെടാൻ പോകുന്നത്. രക്ഷയുടെ ഈ അനുഗ്രഹം പൊതു ലോകത്തിനു ലഭിക്കാൻ പോകുന്നത് യേശുവിന്റെ രണ്ടാം വരവിൽ ദൈവരാജ്യം ഭൂമിയിൽ സ്ഥാപിക്കപ്പെടുന്നതോട് കൂടി ആരംഭിക്കുന്ന സകലത്തിന്റെയും യഥാസ്ഥാപനകാലങ്ങളിലാണു [ഉൽപ 12:1-3; ഗലാ 3:7-9; മത്താ 6:10; അപ്പോ 3:19-23]

9. അഭൂതപൂർവ്വമായ സംഘർഷങ്ങളുടെ നാന്ദി കുറിക്കുന്ന അന്ത്യത്തിന്റെ കാലത്തും എപ്പിഫനി അഥവ പ്രത്യക്ഷതയുടെ നാളുകളിലുമാണു നാം ജീവിക്കുന്നത്. യേശുവിന്റെ രണ്ടാം വരവിനോട് അനുബന്ധിച്ച് യേശു തന്നെത്തന്നെ ലോകത്തിനു വെളിപ്പെടുത്തുന്ന യുഗസന്ധിയിലാണു നാം. ഇപ്പോൾ അവൻ സാത്താനെ ആധിപത്യത്തിൽ നിന്നും പുറംതള്ളിക്കൊണ്ടിരിക്കയാണു. സമാധാനത്തിന്റെയും നീതിയുടെയും ക്രിസ്തുവാഴ്ച് അചിരേണ നിലവിൽ വരും. യിസ്രയേലിന്റെ സ്വദേശത്തേക്കുള്ള മടങ്ങി വരവ് അതിന്റെ മുന്നോടിയാണു[ ദാനി 12:1,4,9,10: മത്താ 24:21-22; റോമ 11:15,25,26]

3 comments:

Thomas said...

ഒരു തരത്തില്‍ പറഞ്ഞാല്‍ ഇത് യഹോവ സാക്ഷ്യവുമായി ബന്ധമുള്ളതല്ലേ ?

Mathson said...

@ Thomas

താങ്കൾക്ക് യഹോവ സാക്ഷികളുടെ വിശ്വാസത്തെ പറ്റി ധാരണ ഇല്ലെന്ന് മനസ്സിലായി

Jehoshua Thomas said...

മുഖ്യധാരാക്രൈസ്തവരിൽ നിന്നു വ്യത്യസ്തമായി പുനരുദ്ധാരണവിശ്വാസികളും, സഹസ്രാബ്ദവാഴ്ച്ചക്കാരും, അത്രിത്വവിശ്വാസങ്ങൾ പിന്തുടരുന്നവരുമായ ഒരു അന്താരാഷ്ട്ര ക്രിസ്തീയ മതവിഭാഗമാണ് യഹോവയുടെ സാക്ഷികൾ (ഇംഗ്ലീഷ്:Jehovah's Witnesses). ഈ മതം എഴുപത്തിയഞ്ച് ലക്ഷത്തിലധികം വിശ്വാസികൾ സുവിശേഷപ്രവർത്തനത്തിൽ ഏർപ്പെടുന്നതായും, ഒരു കോടി ഇരുപതുലക്ഷത്തിൽ പരം സമ്മേളന ഹാജർ ഉള്ളതായും, ഒരു കോടി എൺപതുലക്ഷത്തിൽ പരം വാർഷിക സ്മാരക ഹാജർ ഉള്ളതായും വൃത്താന്തമറിയിക്കുന്നു. ഈ ലോക വ്യവസ്ഥിതിയെ അർമ്മഗദോനിലൂടെ ദൈവം ഉടനെ നശിപ്പിക്കുമെന്നും തുടർന്ന് മനുഷ്യവർഗ്ഗത്തിന്റെ സമസ്ത പ്രശ്നങ്ങൾക്കുമുള്ള ഒരു ശാശ്വതപരിഹാരമായി ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കപ്പെടുമെന്നുമുള്ളതാണ് ഇവരുടെ കേന്ദ്രവിശ്വാസം.

സി.ടി. റസ്സൽ എന്ന ബൈബിൾ ഗവേഷകൻ 1876-ൽ സ്ഥാപിച്ച ബൈബിൾ വിദ്യാർത്ഥികൾ എന്ന നിഷ്പക്ഷ ബൈബിൾ പഠന സംഘടനയാണ് പഠിപ്പിക്കലുകളിലും സംഘാടനത്തിലും പല നവീകരണങ്ങൾക്കു ശേഷം 1931-ൽ ബൈബിളിലെ യെശയ്യാവ് 43:10-12ആധാരമാക്കി യഹോവയുടെ സാക്ഷികൾ എന്ന നാമം സ്വീകരിച്ചത്. വാച്ച്ടവർ ബൈബിൾ ആന്റ് ട്രാകറ്റ് സൊസൈറ്റി എന്ന നിയമപരമായ കോർപ്പറേഷനിലൂടെയാണ് ഇവരുടെ പ്രവർത്തനം ലോകവ്യാപകമായി ഏകോപിപ്പിച്ച് നടത്തപ്പെടുന്നത്. യഹോവയുടെ സാക്ഷികൾ തങ്ങളുടെ വിശ്വാസം ബൈബിളിൽ മാത്രം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതാണെന്ന് പറയുന്നു. പക്വതയുള്ള ഒരു കൂട്ടം പുരുഷന്മാരാലുള്ള ഭരണസംഘമാണ് ഇവരുടെ ദൈവശാസ്ത്രത്തിനും, പ്രവർത്തനങ്ങൾക്കും മേൽനോട്ടം നടത്തുന്നത്.

യഹോവയുടെ സാക്ഷികൾ പിതാവായ ദൈവത്തിന്റെ യഹോവഎന്ന നാമത്തിന്—അല്ലെങ്കിൽ മറ്റുഭാഷകളിൽ തത്തുല്യമായ ഉച്ചാരണത്തിന്—പ്രാധാന്യം കൊടുക്കുകയും അവനെ മാത്രം സർവ്വശക്തനായ് വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. യേശുവിനെ ദൈവപുത്രനായും, രക്ഷകനായും, ഒരേയൊരു മദ്ധ്യസ്ഥനായും, ദൈവരാജ്യത്തിന്റെ നിയുക്ത രാജാവായും പഠിപ്പിക്കുന്നു. വീടുതോറുമുള്ള സാക്ഷീകരണത്തിനും, സൈനിക സേവനത്തിൽ ഏർപ്പെടാത്തതിനും, രക്തം സ്വീകരിക്കാത്തതിനും യഹോവയുടെ സാക്ഷികൾ അറിയപ്പെടുന്നു. വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകൾ ഇവരുടെ പ്രസിദ്ധീകരണങ്ങളാണ്. വിശ്വാസികൾ ത്രിത്വവും, തീ നരകവും, ആത്മാവിന്റെ അമർത്യതയും ബൈബിളധിഷ്ഠിതമല്ല എന്ന് പഠിപ്പിച്ച് തിരസ്കരിക്കുന്നു. ക്രിസ്തുമസ്, ഈസ്റ്റർ, ജന്മദിനം എന്നിവയ്ക്ക് പുറജാതീയ ഉദ്ഭവം ഉള്ളതിനാൽ അവയ്ക്ക് ക്രിസ്തുമതത്തിൽ സ്ഥാനമില്ല എന്നു പഠിപ്പിച്ച് ആഘോഷിക്കുന്നില്ല. അംഗങ്ങൾ തങ്ങളുടെ വിശ്വാസങ്ങളെ "സത്യം" എന്ന് വിശേഷിപ്പിക്കുകയും, തങ്ങൾ "സത്യത്തിലാണ്" എന്ന് കരുതുകയും ചെയ്യുന്നു.ഈ ലോക ജനത ധാർമ്മിക നിലവാരമില്ലാത്തവരാണെന്നും, സാത്താന്റെ സ്വാധീനത്തിന്റെ കീഴിലാണെന്നും ഇവർ വിശ്വസിക്കുന്നതിനാൽ വിശ്വാസികളല്ലാത്തവരുമായി സാമൂഹികമായി അടുത്ത് സഹവസിക്കുന്നത് നിരുൽസാഹപ്പെടുത്തിയിരിക്കുന്നു.

സ്നാനപ്പെട്ടതിനു ശേഷം ഇവരുടെ സംഘടനയുടെ അടിസ്ഥാനപരമായ തത്ത്വങ്ങൾക്കും, ധാർമ്മിക നിലവാരത്തിനും വിരുദ്ധമായി പോകുന്നവരെ അച്ചടക്ക നടപടികൾക്ക് വിധേയരാക്കുന്നു. കൂടെക്കൂടെ ബുദ്ധിയുപദേശിച്ചിട്ടും ചെയ്ത തെറ്റിനെക്കുറിച്ച് അനുതാപം പ്രകടമാക്കാത്തവരെ സഭയിൽ നിന്ന് നീക്കം ചെയ്തതായി അറിയിക്കപ്പെടുന്നു. നീക്കം ചെയ്തവരുമായി സഹവസിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഇവർ പിന്നീട് അനുതപിക്കുന്നതായി ബോധ്യപ്പെട്ടാൽ തിരിച്ചെടുക്കുന്നു.

രാഷ്ട്രീയമായി നിഷ്പക്ഷരായിരിക്കാനും, ദേശീയപതാകയെ വന്ദിക്കാതിരിക്കാനും, ദേശീയഗാനം പാടാതിരിക്കാനും, സൈനിക സേവനം നടത്താതിരിക്കാനുള്ള വിശ്വാസികളുടെ മനസ്സാക്ഷിപരമായ തീരുമാനം നിമിത്തം പല രാജ്യങ്ങളിലും ഇവരുടെ പ്രവർത്തനം, പ്രത്യേകമായും നിർബന്ധിത സൈനിക സേവനം നിഷ്കർഷിക്കുന്ന രാജ്യങ്ങളിൽ അധികാരികളുമായി നിയമയുദ്ധത്തിനു കാരണമായിട്ടുണ്ട്. തൻനിമിത്തം, പല രാജ്യങ്ങളിൽ ഇവർ നിരന്തര പിഡനങ്ങൾക്ക് വിധേയരാക്കപ്പെടുകയും ഇവരുടെ പ്രവർത്തനം നിരോധിക്കുകയും ചെയ്യപെട്ടിരിക്കുന്നു. ഇവരുടെ ദീർഘകാല നിയമയുദ്ധം, പല രാജ്യങ്ങളുടെയും നിയമനിർമാണത്തിൽ പ്രത്യേകിച്ച് പൗരാവകാശ മേഖലയിൽ പറയത്തക്ക സ്വാധീനം ചെലുത്തിയിട്ടുണ്ട്.