Monday, April 18, 2011

മരിച്ചവരുടെ പുനരുത്ഥാനം - ഒൻപതാം ഭാഗം

മരണത്തിന്റെ തടവുകാർക്കു മോചനം

ലോകത്തെ അനുഗ്രഹിക്കുക എന്നുവെച്ചാൽ എന്താണു? മരണത്തിന്റെ തടവറ തുറന്ന് ആറായിരം വർഷക്കാലങ്ങളായി അവിടെ ബന്ധിക്കപ്പെട്ടുവരുന്നവരെ മോചിപ്പിക്കുക എന്നു തന്നെ. ഇതു കൊണ്ട് തന്നെയാണു നമ്മുടെ കർത്താവിനെ ജീവദാതാവെന്നു വിളിക്കുന്നത്. കാരണം അവന്റെ മുഖ്യവേല ആദാമിൽ ജീവൻ നഷ്ടപ്പെട്ട മനുഷ്യസമുദായത്തിനു ജീവൻ തിരികെ നൽകുക എന്നതാണു. ജീവൻ തിരികെ നൽകുന്നതോടെ വേദനകളും രോഗങ്ങളും ഇതര വിഷമതകളും ദുരീകൃതമാകും. കാരണം അവയെല്ലാം മനുഷ്യനിൽ കടന്നു കൂടിയ മരണവ്യാപാരത്തോട് ബന്ധപ്പെട്ടതു തന്നെ. ഈ നിലയ്ക്ക് നമ്മുടെ വീണ്ടെടുപ്പുകാരനെ ഒരു മഹാഭിഷഗ്വരനായി പറയുന്നത് യുക്തമാണു. മരണത്തിന്റെ കാരാഗൃഹം തുറന്ന് ബദ്ധന്മാർക്ക് മോചനം നൽകുന്നതിനെ സംബന്ധിക്കുന്ന പ്രവചനം (യെശ 42:6,7) തന്നെ സംബന്ധിക്കുന്നതാണെന്ന് കർത്താവ് നിസ്സംശയം പറഞ്ഞിട്ടുണ്ട്. എന്നാൽ തന്റെ പുനരുത്ഥാനത്തിന്റെ ശേഷം ഉടൻ തന്നെ മരണത്തിന്റെ തടവറ തുറന്ന് മുഴുവൻ ബദ്ധന്മാരെയും അവൻ മോചിപ്പിച്ചില്ല, ഈ വേല എപ്പോൾ നടക്കുമെന്ന് അവൻ പറയുന്നുണ്ട്. "കല്ലറകളിലുള്ളവരെല്ലാവരും അവന്റെ ശബ്ദം കേട്ട് പുറത്ത് വരുന്ന നാഴിക വരുന്നു. (യോഹ 5:25,29) കേൾക്കുന്നവർ (അവന്റെ ശബ്ദം അന്ന് അനുസരിക്കുന്നവർ) ജീവിക്കും. (അപ്പോ.3:22)"

സുവിശേഷത്തിന്റെ മുഖ്യലക്ഷ്യം.

ഈ തിരുവെഴുത്തുകളിൽ സുവിശേഷയുഗമെന്ന അന്തരാളഘട്ടത്തെക്കുറിച്ച് കർത്താവ് മൗനം ഭജിക്കയും തുടർന്നു വരുന്ന യുഗത്തിൽ വിജയലാളിതമാവാനുള്ള മഹാവേലയെ സംബന്ധിച്ച് പറയുകയും ചെയ്തു. കാരണം അങ്ങിനെയായിരുന്നു പിതാവിന്റെ ഇഷ്ടം. "പിതാവ് പുത്രനെ അയച്ചു" യഥാസ്ഥാപനത്തിന്റെയും പുനരുത്ഥാനത്തിന്റെയും കാലം വരികയും മശിഹായുടെ ഭരണം വഴി ലോകാനുഗ്രഹം ആരംഭിക്കുകയും ചെയ്യുന്നതിനു വളരെ മുമ്പുതന്നെ പുത്രൻ വീണ്ടെടുപ്പിൻ വേല നിർവ്വഹിച്ചു. മറ്റൊരു വേല നിർവ്വഹിക്കുന്നതിനു വേണ്ടിയാണു സുവിശേഷയുഗമെന്ന ഈ ഇടക്കാലം ദൈവം തന്റെ നിർണ്ണയത്തിൽ വ്യവസ്ഥ ചെയ്തത്. ആ വേലയാകട്ടെ "ചെറിയ ആട്ടിൻ കൂട്ടം" എന്നറിയപ്പെടുന്ന സഭയുടെ തിരഞ്ഞെടുപ്പാണു. സഹസ്രാബ്ദരാജ്യത്തിലെ വാഴ്ചയിലും ബഹുമതിയിലും അവൾ ക്രിസ്തുവിനോട് കൂടി പങ്കാളിയായിരിക്കും. "രാജകീയപുരോഹിതകുലം" "ഒരു പ്രത്യേകജനം" "ഒരു വിശുദ്ധജാതി" എന്നെല്ലാം അറിയപ്പെടുന്നത് ഈ സഭയാണു. അന്ധകാരത്തിന്റെ പ്രഭുവിനെ ഓടിക്കുക, മരണത്തിന്റെ തടവറകൾ തുറക്കുക, പാപത്തിനും അജ്ഞതക്കും അന്ധവിശ്വാസത്തിനും അടിമകളായ ബദ്ധന്മാരെ മോചിപ്പിക്കുക എന്നീ വിപുലവും മഹത്തരവുമായ വേലയിൽ അവൾക്ക് അവനോട് കൂടെ പങ്കുണ്ടായിരിക്കും. നിന്റെ സന്തതിയിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടുമെന്ന് ദൈവം അബ്രഹാമിനോട് നൽകിയ കൃപയിൻ വാഗ്ദാനങ്ങൾ ഉൾക്കൊള്ളുന്നതെല്ലാം നിർവ്വഹിക്കുന്നതിൽ ന്യായമായി അവൾക്ക് പങ്കുണ്ടായിരിക്കും(ഗലാ 3:8,16,29) സന്തതി എന്നു പറയുന്നത് ക്രിസ്തുവിനെയും തിരഞ്ഞെടുക്കപ്പെട്ട സഭയാകുന്ന അവന്റെ ശരീരത്തെയും കുറിച്ചാണു.

(തുടരും)

ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു