Thursday, April 7, 2011

മരിച്ചവരുടെ പുനരുത്ഥാനം - ഒന്നാം ഭാഗം

"അവൻ അവരോട് യേശുവിനെയും പുനരുത്ഥാനത്തെയും കുറിച്ച് പ്രസംഗിച്ചു". "മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് കേട്ടിട്ട് ചിലർ പരിഹസിച്ചു" [അപ്പോ 17:18-32] മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ... ഞങ്ങളുടെ പ്രസംഗം വ്യർത്ഥം നിങ്ങളുടെ വിശ്വാസവും വ്യർത്ഥം... ക്രിസ്തുവും ഉയർത്തിട്ടില്ല... ഇന്നും നിങ്ങളുടെ പാപങ്ങളിലിരിക്കുന്നു. ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചു പോയി (1കൊരി 15:13-18)

പുനരുത്ഥാനമെന്ന വാക്ക് പുതിയ നിയമത്തിൽ 37 തവണയിൽ കുറയാതെ ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ അതേ അർത്ഥം വരുന്ന മറ്റനേകം പ്രയോഗങ്ങളുമുണ്ട്. ക്രിസ്തുമതത്തിലെ ഗണ്യമായ എല്ലാ വിഭാഗങ്ങളും പുനരുത്ഥാനത്തിലുള്ള വിശ്വാസം പ്രഖ്യാപിച്ചിട്ടുണ്ട്. വേദസിദ്ധാന്തങ്ങളുടെയും നിത്യജീവനെ സംബന്ധിച്ച പ്രത്യാശയുടെയും ഒരു അവിഭാജ്യഘടകമായി പുനരുത്ഥാനത്തെ അവർ കണക്കാക്കുന്നു. ഈ വസ്തുതകളും ദൈവാത്മനിശ്വസ്തമെന്ന്, എല്ലാ ക്രൈസ്തവരും അംഗീകരിക്കുന്നതും മുകളിൽ ഉദ്ധരിച്ചിരിക്കുന്നതുമായ തിരുവെഴുത്തിലെ നിസ്സംശയമായ പ്രസ്താവനകളും പരിഗണിക്കുമ്പോൾ നിങ്ങൾ പുനരുത്ഥാനത്തിൽ വിശ്വസിക്കുന്നുവോ എന്ന് ഏതെങ്കിലും ക്രൈസ്തവ സുഹൃത്തിനോട് ഞങ്ങൾ ചോദിക്കുന്നു എങ്കിൽ അത് വിചിത്രമായി തോന്നും.

എന്നിരുന്നാലും ക്രിസ്ത്യാനികൾക്ക് മരിച്ചവരുടെ പുനരുത്ഥാനത്തിൽ ഗണ്യമായ അളവിൽ വിശ്വാസം ഉണ്ടോ എന്ന് സംശയിക്കുന്നതിനു ഞങ്ങൾക്ക് പ്രബലമായ കാരണം ഉണ്ട്. തിരുവെഴുത്തുകളിലെ ഇതരസിദ്ധാന്തങ്ങളെ സംബന്ധിച്ച് വെളിച്ചം നൽകുന്നതിനു ഉപകരിക്കുന്നതിനാൽ മരിച്ചവരുടെ പുനരുത്ഥാനം എന്ന വിഷയം വളരെ പ്രധാനമാണു. അതു കൊണ്ടാണു ഈ വിഷയത്തിലേയ്ക്ക് ഞങ്ങൾ ശ്രദ്ധ ക്ഷണിക്കുകയും, വസ്തുതകളുടെയും, തിരുവെഴുത്തുകളുടെയും വെളിച്ചത്തിൽ അതിനെ പരിശോധിക്കുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നത്. ഒരു സൂക്ഷ്മ പരിശോധനയ്ക്കു ശേഷം ദൈവജനങ്ങളിൽ ഇനിയും അധികം പേർ പൂർവ്വാപരവിരുദ്ധമല്ലാതെ സയുക്തികവും, വേദാനുസൃതവുമായ നിലയിൽ പുനരുത്ഥാനത്തിൽ വിശ്വസിക്കുവാൻ ഇടവരും എന്നാണു ഞങ്ങളുടെ പ്രതീക്ഷ.

(തുടരും)

ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു