Friday, April 8, 2011

മരിച്ചവരുടെ പുനരുത്ഥാനം - മൂന്നാം ഭാഗം

ശരീരത്തിന്റെ പുനരുത്ഥാനം

പുനരുത്ഥാനം എന്ന് പറയപ്പെടുമ്പോൾ ശരീരത്തിന്റെ പുനരുത്ഥാനം എന്നു മാത്രമാണു ഞങ്ങളുടെ വിവക്ഷ എന്നു നൂറുകണക്കിനു സഭാശുശ്രൂഷകർ പറയാറുണ്ട്.അതായത് മണ്മറഞ്ഞ ഉടലു തന്നെ ശവകുടീരത്തിൽ നിന്ന് പുറത്ത് വരും എന്നും മരണവേളയിൽ വേർപെട്ട ആത്മാവ് ഉയർപ്പിൽ ശരീരത്തിൽ പുനരിധിവാസം ചെയ്യുമെന്നുമാണു വാദത്തിന്റെ സാരം.

കൊള്ളാം! ഉദ്ദേശശുദ്ധിയുള്ളവരും പണ്ഡിതരുമായ വളരെപ്പേർ മാതിരി അബദ്ധോപദേശത്തിൽ കുഴങ്ങുമെന്ന് ആർ കരുതും? സിദ്ധാന്തം അതിൽത്തന്നെ പൊരുത്തമില്ലാത്തതാണു. വിധ പ്രതീക്ഷ വേദവിരുദ്ധമാണെന്ന് തിരുവെഴുത്തിൽ നിന്നു തെളിയിക്കുവാൻ കഴിയും. എന്നാൽ അതിനു മുൻപു തന്നെ വാദത്തിനു അതിൽത്തന്നെയുള്ള പൊരുത്തക്കേട് വ്യക്തമാക്കാം.

"പൊരുത്തം വിലപ്പെട്ട മുത്താണു"

1. ദേഹമാകുന്ന ചങ്ങലയിൽനിന്ന് മോചനം ലഭിച്ചത് കൊണ്ട് പരേതനു മേൽത്തരമായ ഒരവസ്ഥ കൈവരുന്നു എന്നു അവർ പറയുന്നു. മണ്മയമായ ഉടലിന്റെ പ്രതിബന്ധം മാറുന്നതോടെ മൃതന്മാരുടെ ആത്മാക്കൾ ദൈവത്തിങ്കലേയ്ക്ക് പറന്നുയരുമത്രെ. മൃതന്മാർക്കു കൈവരുന്ന സ്വാതന്ത്ര്യം, സൗഭാഗ്യം, മഹത്വം ഇവ ആവേശഭരിതമായി അവർ വർണ്ണിക്കും. ദേഹം വർജ്ജിച്ചതു കൊണ്ട് അവർക്ക് വർദ്ധിച്ചതോതിൽ ജീവനും നൂറുമടങ്ങായി ജ്ഞാനവും അളവറ്റ സൗഭാഗ്യവും വരികയാണത്രെ.

2. ഇതേ ശ്വാസത്തിൽത്തന്നെ ഉയർപ്പിനെ സംബന്ധിച്ച തിരുവെഴുത്തുകൾ ഇവർ ഉദ്ദരിച്ചു കൊണ്ട് കുഴിച്ചിടപ്പെട്ട അതേ ജഡശരീരം തന്നെ ക്രിസ്തുവിന്റെ രണ്ടാം വരവിങ്കൽ എഴുന്നേൽക്കപ്പെടുമെന്ന് വാദിക്കുന്നു. ഡോക്ടർ തല്മേജിന്റെ പുനരുത്ഥാനത്തെ സംബന്ധിച്ച സുപ്രസിദ്ധമായ പ്രഭാഷണത്തിൽ ഉയർപ്പിൻ പുലരിയുടെ ഒരു വർണ്ണന കാണാം. ഭൂമിയുടെ വിഭിന്ന ഭാഗങ്ങളിൽ നിന്നു വരുന്ന മനുഷ്യദേഹാവശിഷ്ടങ്ങൾ മൂലം ആകാശം ഇരുണ്ടു പോകുമത്രെ. അപകടമോ, രോഗമോ, ശസ്ത്രകിയയോ കൊണ്ട് പലയിടത്തായി വേർപെട്ടുകിടക്കുന്ന നഷ്ടപ്പെട്ടു പോയ വിരലോ, പാദമോ, കയ്യോ അവിടെനിന്നെല്ലാം വന്നു ചേർന്ന് ഒരുമിക്കുമത്രെ. മരണത്തിൽ വേർപെട്ട ആത്മാക്കൾ അവസരം തങ്ങളുടെ ശാശ്വത ഭവനമായി അതതു ശരീരങ്ങളിൽ കുടിയേറുമെന്ന് അവർ പറയുന്നു. ഇങ്ങനെയുള്ള ഒന്നാണു പുനരുത്ഥാനം എങ്കിൽ അതിൽ പ്രശംസിക്കാനെന്തിരിക്കുന്നു.? എന്നാൽ പുനരുത്ഥാനത്തെ രക്ഷയുടെ മഹത്വപൂർണ്ണമായ ഫലവും പൂർത്തിയുമായി തിരുവെഴുത്തുകൾ ഘോഷിക്കുന്നതു കൊണ്ട് ഇവരും അതിൽ ആഹ്ലാദം ഭാവിക്കാൻ നിർബന്ധിതരായിത്തീരുന്നു. എന്നിട്ട് പുനരുത്ഥാനം എത്ര മഹത്തരവും ശ്രേഷ്ഠവും എന്നു പറയുന്നു. എന്നാൽ ഇവര്‍ സിദ്ധാന്തിക്കുന്നവിധമുള്ള ഒന്നാണു ഉയർപ്പെങ്കിൽ അത് തെല്ലും സ്വാഗതാർഹമല്ല; അഭികാമ്യമല്ല.

രണ്ട് വാദഗതികളിലുമുള്ള പരസ്പരവൈരുദ്ധ്യം അവർ അവഗണിച്ചു കളയുന്നു. അവരുടെ വിചാരം ശ്രോതാക്കളും തങ്ങൾക്കൊപ്പം യുക്തിശൂന്യരും പൂർവ്വാപരബോധം കെട്ടവരുമാണെന്നാണു. അവരുടെ ശ്രോതാക്കളിൽ ഭൂരിപക്ഷവും പൊരുത്തക്കേടിനെ വിഷമം കൂടാതെ വിഴുങ്ങുന്നു. പോരാ, അവരിൽ അനേകരും തങ്ങളുടെ വിശ്വാസം എത്രമേൽ യുക്തിരഹിതവും പരസ്പരവിരുദ്ധവും ആകുമോ അത്രമേൽ അതിൽ അഭിമാനം കൊള്ളുകയാണു. കാരണം അപ്പോൾ തങ്ങളുടെ വിശ്വാസം ബലവത്താണെന്ന് അവർ കരുതുന്നു. എന്തും എളുപ്പം വിശ്വസിക്കുന്നവരാണു അവർ എന്നതാണു വാസ്തവം. എന്നാൽ തിരുവെഴുത്ത് ഉപദേശിക്കാത്തതും അതിനു വിപരീതവും, യുക്തിശൂന്യവുമായ കാര്യങ്ങൾ വിശ്വസിക്കുന്നതിനു അവർക്ക് പ്രതിഫലമൊന്നും ലഭിക്കുന്നതല്ല.

(തുടരും)

ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു